രണ്ടാം മുണ്ടശ്ശേരിയെന്ന് എം.എ. ബേബിയെ പുകഴ്ത്തുമ്പോള്‍ അതിലൊരു ഗൂഢപരിപാടി ഒളിഞ്ഞിരിപ്പുണ്ടെന്ന സംഗതി പിന്നീടാണ് ചിലരെങ്കിലും ഓര്‍ത്തത്. ഒന്നാം മുണ്ടശ്ശേരിയാണ് വിമോചന സമരത്തിലേക്കെത്തിച്ചത്. അങ്ങേരുടെ വലിയ കേമമെന്ന് പറയുന്ന വിദ്യാഭ്യാസ നിയമം കൊണ്ട് എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ലോകത്തിലെ ആദ്യത്തെ (രണ്ടാമത്തേത് എന്ന് ഇ.എം.എസ്. തിരുത്തിയിട്ടുണ്ട്) കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കഥ തീരുന്നതിന് കാരണക്കാരനായി എന്നല്ലാതെ മുണ്ടശ്ശേരിയെക്കൊണ്ടൊരു നേട്ടവും പാര്‍ട്ടിക്കുണ്ടായിട്ടില്ല. ഒന്നാം മുണ്ടശ്ശേരിയിലൂടെ വന്നത് വിമോചനസമരമാണ്. രണ്ടാം മുണ്ടശ്ശേരിയും അതുതന്നെയാണോ ചെയ്യാന്‍ പോകുന്നത്?
അമ്പത്തേഴില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍ കേറി എന്ന് കേട്ടപ്പോള്‍ തന്നെ പള്ളിക്കാരും പട്ടക്കാരും ഉറപ്പിച്ചതാണ് ഇവരിനി അധികം താമസിയാതെ പള്ളിക്കും പള്ളിക്കൂടത്തിനും നേരെ വാളെടുക്കുമെന്ന്. വിദ്യാഭ്യാസ ബില്ല് കൊണ്ടുവരാന്‍ പോകുന്നുവെന്ന് ജോസഫ് മുണ്ടശ്ശേരി പ്രസ്താവിച്ചപ്പോള്‍ തുടങ്ങി പള്ളിക്കാരുടെ ഉള്ളില്‍ പടപടപ്പും പള്ളികളില്‍ പടയൊരുക്കവും. പള്ളിക്കൂടങ്ങളെല്ലാം സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു കളയുമെന്നായിരുന്നു ഭീതി. ഒന്നും കരിക്കുകയൊന്നുമില്ലെന്ന് ബില്ലിന്റെ ആദിരൂപം കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായതാണ്. അക്കാലത്തെ സ്കൂള്‍ മാനേജര്‍മാരുടെ കഷ്ടപ്പാട് കണ്ട് മനംനൊന്ത മുണ്ടശ്ശേരി അവരെ രക്ഷപ്പെടുത്താനല്ലിയോ ബില്ല് കൊണ്ടുവന്നത്. ഫീസ് പിരിക്കാനും അതുകൊണ്ട് കഷ്ടപ്പെട്ട് സ്കൂള്‍ ഓല മേയാനും മാഷന്മാര്‍ക്ക് മാസത്തില്‍ ശമ്പളം കൊടുക്കാനും എന്ത് പാടാണവര്‍ പെട്ടിരുന്നത്. മുണ്ടശ്ശേരിയുടെ ബില്ല് കൊണ്ട് മാനേജര്‍മാര്‍ക്ക് സമാധാനമായി ഉറങ്ങാനാകുമായിരുന്നു. മാനേജര്‍മാര്‍ യാതൊന്നും അറിയേണ്ട. ഫീസ് പിരിച്ച് ഖജാനയിലടച്ചാല്‍ മതി. സ്കൂള്‍ നടത്തിപ്പിനുള്ള കാശും സര്‍ക്കാര്‍ തരും. മാഷന്മാരുടെ ശമ്പളം സര്‍ക്കാര്‍ തന്നെ കൊടുക്കുകയും ചെയ്യും. മാഷന്മാരെ നിയമിക്കാന്‍ നാടൊട്ടുക്ക് പാഞ്ഞുനടക്കേണ്ട, ആ പണിയും സര്‍ക്കാര്‍ ചെയ്തുകൊള്ളും. പിന്നെയെന്ത് പേടിക്കാന്‍.
പുറമെ കാണുന്നതിലും വിഷമുള്ളതെന്തോ ബില്ലില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് കണ്ടാങ്ക്രസ്സായ മുണ്ടശ്ശേരിയും കമ്യൂണിസ്റ്റുകാരുമെന്നാണ് പള്ളിക്കാര്‍ ഭയന്നത്. ന്യൂനപക്ഷാവകാശം ഇല്ലാതാക്കുകയാണെന്നാരോ വിളിച്ചു പറഞ്ഞപ്പോഴാണ് പരിഭ്രാന്തി പരന്നത്. അതുവിട്ടു കളിയില്ലല്ലോ. സ്കൂള്‍ നടത്തുക എന്നതല്ല ഇഷ്ടപ്പടി നടത്തുക എന്നതാണ് കാര്യം. അതില്‍ ഇടങ്കോലിടുന്നത് ന്യൂനപക്ഷാവകാശധ്വംസനമാകും. വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. പ്രാര്‍ത്ഥനാദിനമായി, പ്രതിഷേധമായി, പ്രകടനമായി, പൊല്ലാപ്പായി …
നിയമസഭ നിയമം പാസ്സാക്കുക തന്നെ ചെയ്തു. പാസ്സാക്കിയ ബില്ലുമായി ചെന്നാല്‍ അപ്പോള്‍ തന്നെ ഒപ്പിട്ടയയ്ക്കുന്ന ഗവര്‍ണര്‍മാരല്ല അന്നൊന്നും ഉണ്ടായിരുന്നത് എന്നറിയാമല്ലോ. ബില്ല് മടക്കണം എന്ന ആവശ്യവുമായി ബിഷപ്പുമാര്‍ ഒന്നടങ്കം ഗവര്‍ണറെ കണ്ട് നിവേദിക്കുകയും ചെയ്തു. അതിസമര്‍ത്ഥനല്ലേ ഗവര്‍ണര്‍. ബില്ല് ഒപ്പിട്ടുമില്ല. മടക്കിയുമില്ല. നേരെ രാഷ്ട്രപതിക്കയച്ചു. രാഷ്ട്രപതിക്ക് കണ്ടപ്പോള്‍ തന്നെ പേടിയായി. കൈകൊണ്ട് പോലും തൊടാതെയത് സുപ്രീംകോടതിയിലേക്ക് തട്ടി. തലങ്ങും വിലങ്ങും വാദവും എതിര്‍വാദവും വിവാദവും കേട്ട കോടതിക്ക് ഒരു കാര്യം മനസ്സിലായി. പറഞ്ഞുകേട്ടതു പോലുള്ള വിഷമൊന്നും ഈ സംഗതിയിലില്ല. ഏതാണ്ട് മുഴുവന്‍ രൂപത്തില്‍ തന്നെ ബില്ല് അംഗീകരിക്കുകയും ചെയ്തതാണ്. സ്കൂള്‍ ഏറ്റെടുക്കുന്ന ഏര്‍പ്പാട് വേണ്ട എന്ന് മാത്രമാണ് കോടതി പറഞ്ഞ കാര്യമായ ഒരു സംഗതി. ഭരണഘടന തരുന്ന അവകാശവും സ്വാതന്ത്ര്യവുമെല്ലാം സര്‍ക്കാരിന് വേണമെങ്കില്‍ ചെത്തുകയും മിനുക്കുകയും മുറിക്കുകയും ചെയ്യാം എന്നും കോടതി പറഞ്ഞു കൊടുക്കുകയും ചെയ്തു. ന്യൂനപക്ഷാവകാശത്തിനും അതു ബാധകം.
കോടതി അംഗീകരിച്ച കോലത്തിലുള്ള ബില്ലാണ് പിന്നെ നിയമസഭ അംഗീകരിച്ചതും ഗവര്‍ണര്‍ ഒപ്പിട്ടതും. കോടതി അംഗീകരിച്ചെന്ന് വെച്ച് മിണ്ടാതിരിക്കാന്‍ അസ്സല്‍ ജനാധിപത്യവാദികള്‍ക്കൊന്നും പറ്റുകയില്ലല്ലോ. കോടതി അംഗീകരിക്കും വരെ ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് വാദിക്കും. കോടതി അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ നിയമം ജനവിരുദ്ധമാണെന്ന് വാദിക്കും. അത് തെളിയിക്കാന്‍ ജനത്തെ പരക്കെ സമരത്തിനിറക്കണം. പള്ളി വിചാരിച്ചാല്‍ അതിനുണ്ടോ പാട്. അതിനാണ് വിമോചനസമരം എന്ന് പേരിട്ടത്. എന്‍.എസ്.എസ്സിന് ഇന്നത്തെ സ്വഭാവം അന്നും ഉണ്ടായിരുന്നുവെന്ന് വെച്ചോളൂ. ബില്ലിനും പള്ളിക്കാര്‍ക്കുമിടയില്‍ ആദ്യം സമദൂരം പാലിച്ച മന്നത്ത് പത്മനാഭന് ബില്ല് കോടതി അംഗീകരിച്ച ശേഷമേ സംഗതി മോശമാണെന്ന് ബോധ്യപ്പെട്ടുള്ളൂ. പാലക്കാട്ട് എഞ്ചിനിയറിങ് കോളേജ് അനുവദിക്കാത്തത് കൊണ്ടാണ് മന്നം തിരിഞ്ഞതെന്ന് പറയുന്നവരുണ്ട്. കാര്യമാക്കേണ്ട. പിന്നെ വിമോചനസമരം നയിച്ചത് മന്നം തന്നെയായിരുന്നു എന്ന് ചരിത്രം.
കമ്യൂണിസ്റ്റുകാരെ കുറിച്ച് അന്നത്തെ പേടിയൊന്നും ഇന്ന് പള്ളിക്കും മാനേജ്‌മെന്റിനുമില്ല. വിചാരിച്ചത് പോലെ മോശക്കാരല്ല അവരെന്ന് കുറച്ചുകാലം കൊണ്ട് തെളിയുകയും ചെയ്തതാണ്. അന്ന് മുണ്ടശ്ശേരി ചെയ്തുതന്ന സേവനത്തിന്റെ ഗുണം കൊണ്ടാണ് മാനേജ്‌മെന്റുകള്‍ ഇത്രയും പച്ചപിടിച്ചതെന്ന് ആരും ഓര്‍ക്കാറില്ല. വിദ്യാലയം ഇഷ്ടപ്പടി നടത്താന്‍ കഴിഞ്ഞില്ലെങ്കിലെന്ത്, അധ്യാപകരെ ഇഷ്ടപ്പടി നിയമിക്കാന്‍ കഴിഞ്ഞാല്‍ പോരേ? 57ലെ നിയമം കൊണ്ടല്ലേ അധ്യാപകപോസ്റ്റിന്റെ റേറ്റ് ലക്ഷം ലക്ഷമായി കുതിച്ചുയര്‍ന്നത്? ശരിയാണ്. എയ്ഡഡ് സ്കൂളിലെ അധ്യാപകനിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാനാണ് മുണ്ടശ്ശേരിയുടെ ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്. കോടതി അതു ശരിവെക്കുകയും ചെയ്തതാണ്. പിന്നെ വന്ന പട്ടംതാണുപിള്ള സര്‍ക്കാരാണ് ഒരു ഭേദഗതിയിലൂടെ മാനേജ്‌മെന്റുകളുടെ ജീവിതം എക്കാലത്തേക്കും സുരക്ഷിതമാക്കിക്കൊടുത്തത്. അധ്യാപകരെ മാനേജര്‍മാര്‍ക്ക് ഇഷ്ടപ്പടി കോഴ വാങ്ങി നിയമിക്കാം. ശമ്പളം സര്‍ക്കാര്‍ കൊടുത്തുകൊള്ളും. ലോകത്തൊരു രാജ്യത്തും കാണില്ല ഇത്രയും മനോഹരമായ ഒരു വ്യവസ്ഥ. പട്ടം ഉണ്ടാക്കിയ വ്യവസ്ഥ 67ല്‍ വന്ന രണ്ടാം ഇ.എം.എസ്. സര്‍ക്കാരിന് റദ്ദാക്കിക്കൂടായിരുന്നോ എന്ന് ചിന്തിക്കുന്ന ശുദ്ധാത്മാക്കളുണ്ട്. എങ്ങനെ റദ്ദാക്കും? രണ്ടാം ഇ.എം.എസ്. മന്ത്രിസഭ ആയപ്പോഴേക്ക് വിദ്യാഭ്യാസ വകുപ്പ് മൊത്തമായി ഏല്‍പിച്ചുകൊടുത്തത് വിദ്യാഭ്യാസക്കച്ചവടക്കാരുടെ മാനസപുത്രന്മാര്‍ക്കല്ലേ. എം.എ. ബേബിയല്ല കാറല്‍മാര്‍ക്സ് തന്നെ വന്ന് വിദ്യാഭ്യാസമന്ത്രിയായാലും ആ വകുപ്പ് ഇനിയൊരു കാലത്തും വിദ്യാഭ്യാസനിയമത്തില്‍ തിരിച്ച്‌വരില്ലെന്നുറപ്പ്.
കമ്യൂണിസ്റ്റുകാര്‍ക്ക് പള്ളിക്കാരെയും ഇല്ല പണ്ടത്തെപ്പോലെ പേടി. വിമോചന സമരമെന്നൊക്കെ ഒന്നോര്‍മിപ്പിക്കുമെന്നേ ഉള്ളൂ. ദ്രോഹമൊന്നും ചെയ്യുകയില്ല. സ്വാശ്രയനിയമത്തില്‍ അവിടെയും ഇവിടെയും അല്‍പം വെള്ളം ചേര്‍ത്തുകൊടുത്താല്‍ തീരുന്ന പ്രശ്നമേ ഇതിലും ഉള്ളൂ. ആത്യന്തികമായി ഇതെല്ലാം കച്ചവടങ്ങളാണ്. ഉത്‌പന്നങ്ങള്‍-പ്രോഡക്ട്‌സ് എന്നേ പറയാവൂ-മാറുന്നുവെന്നേ ഉള്ളൂ. ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക എന്ന തത്ത്വം ഇരുവരും അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട്, വിമോചനസമരം വരുമെന്ന് മോഹിച്ച് ചെന്നിത്തലയും കൂട്ടരും കാത്തിരിക്കേണ്ട. ചരിത്രം അങ്ങനെയൊന്നും ആവര്‍ത്തിക്കുകയില്ല, ആവര്‍ത്തിച്ചാല്‍ പ്രഹസനമായേ ആവര്‍ത്തിക്കൂ എന്ന് മഹാന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.
**********************************************
സ്വാശ്രയനിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമുണ്ട് സംവരണം. എന്താണ് ഇതിന്റെ മാനദണ്ഡമെന്നല്ലേ. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് മാത്രം. ഒരാള്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് സമീപിച്ചാല്‍ അതനുവദിക്കുന്നതിന്റെ പ്രോസെജ്യര്‍ എന്തായിരിക്കണമെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ല. പ്രോസെജ്യര്‍ സ്വന്തമായി തന്നെ തീരുമാനിക്കേണ്ടതാണ്. കാരണം സംഗതിക്ക് ഗൗരവം കുറച്ചേറെയുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞതിനേക്കാളേറെ വരുമാനം കക്ഷിക്കുണ്ട് എന്ന് പിന്നീടെപ്പോഴെങ്കിലും കണ്ടെത്തിയാല്‍ കുടുങ്ങാന്‍ പോകുന്നത് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ത്ഥിയല്ല, സര്‍ട്ടിഫിക്കറ്റ് കൊടുത്ത വില്ലേജ് ഓഫീസറാണ്. അരക്കോടി രൂപ പിഴയും മൂന്ന് കൊല്ലം തടവുമാണ് ശിക്ഷ കിട്ടുക.
എന്തൊരു ക്രൂരവും അര്‍ത്ഥശൂന്യവുമായ വ്യവസ്ഥ. എങ്ങനെ സര്‍ട്ടിഫിക്കറ്റ് കൊടുക്കും. അരക്കോടി രൂപ പിഴയടയ്ക്കാന്‍ എഡ്യുക്കേഷന്‍ ലോണ്‍ പോലെ വല്ല സംവിധാനവും ഏര്‍പ്പെടുത്തുമോ തുടങ്ങിയ ചോദ്യങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ചോദിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും ബുദ്ധിമാന്മാരില്‍ ഒരാളെന്ന് ചിലരെങ്കിലും കരുതുന്ന വിദ്യാഭ്യാസമന്ത്രിയും മന്ത്രിയേക്കാള്‍ ബുദ്ധിയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഐ.എ.എസ്സുകാരും ചേര്‍ന്നുണ്ടാക്കി രണ്ടു കൂട്ടരേക്കാള്‍ ബുദ്ധിയുള്ളവരെന്ന് നമുക്കുറപ്പുള്ള എം.എല്‍.എ.മാര്‍ ഏകകണ്ഠമായി പാസ്സാക്കിയ ബില്ലില്‍ നോട്ടപ്പിഴകള്‍ വരാം; മണ്ടത്തരങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. അതുകൊണ്ട് ഈ ലേഖകന്‍ ബില്ലിലെ ഒരു വ്യവസ്ഥയേയും ചോദ്യംചെയ്യാന്‍ സന്നദ്ധനല്ല. കേരളത്തിലെ വില്ലേജ് ഓഫീസര്‍മാര്‍ മുഴുവന്‍ ജയിലിലാകുകയും അവരുടെ കുടുംബം ഒന്നടങ്കം വഴിയാധാരമാകുകയും ചെയ്യട്ടെ. ഒരു വിരോധവുമില്ല. ഒരു നിയമംകൂടി ബഹുമാനപ്പെട്ട ജനപ്രതിനിധികള്‍ പാസ്സാക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും ഇതുപോലെ വരുമാനം വെളിപ്പെടുത്തുന്നുണ്ട്. തെറ്റായ വരുമാനം വെളിപ്പെടുത്തിയവരെ കണ്ടെത്താന്‍ ഇപ്പോഴൊരു വ്യവസ്ഥയുമില്ല. ആ ചുമതല വില്ലേജ് ഓഫീസര്‍മാരെ ഏല്‍പിക്കണം. തെറ്റ് കണ്ടുപിടിച്ചാല്‍ മറ്റേ കേസില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന അതേ പിഴയും തടവും സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കണം. നിയമത്തിന്റെ ഗുണം നിയമനിര്‍മാതാക്കളും അറിയുന്നത് നന്നായിരിക്കും.
**********************************************
ഏത് നായയുടെയും കഴുത്തേല്‍ തൂക്കിയിടാവുന്ന പേരാണോ ഐ.എ.എസ്. എന്ന് മന്ത്രി സുധാകരന്‍ ചോദിച്ചിരിക്കുന്നു. ഇല്ല സാര്‍ ഇല്ല. ഏത് നായയുടെയും കഴുത്തേല്‍ എഴുതിത്തൂക്കാവുന്ന ഒരു പേരുമില്ല. മന്ത്രി എന്ന് പോലും അങ്ങനെ എഴുതിത്തൂക്കിക്കൂടാ.