വി.എസ്സിന്റെ മധുവിധു

ഇന്ദ്രൻ

കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചറിഞ്ഞ വിവരമാണ്‌. ശരിയാണോ എന്നറിയില്ല. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ ബുധനാഴ്ച തോറുമുള്ള കാബിനറ്റ്‌ ബ്രീഫിങ്ങിനെക്കുറിച്ചായിരുന്നു ആ പത്രവാര്‍ത്ത. പാലം കടക്കുവോളം നാരായണ, പാലം കടന്നപ്പോള്‍ കൂരായണ എന്നു പറഞ്ഞതുപോലെ അച്യുതാനന്ദനിപ്പോള്‍ പത്രക്കാരോടൊന്ന്‌ മിണ്ടാനും പറയാനും മനസ്സില്ലാതായിരിക്കുന്നുവത്രെ. സംഭവം സത്യമാണോ എന്നറിയില്ല. പല പത്രങ്ങള്‍ നോക്കി. ഇല്ല, ഒന്നോ രണ്ടോ പത്രത്തിലേ വാര്‍ത്ത കാണാനുള്ളൂ. അതുകൊണ്ട്‌ സംഗതി സത്യമായിരിക്കണം. എല്ലാ പത്രങ്ങളിലും ഒരേ വാര്‍ത്ത വരുന്നുണ്ടെങ്കില്‍ അത്‌ കള്ളമാണെന്നും മാധ്യമ സിന്‍ഡിക്കേറ്റിന്റെ കളിയാണെന്നും ഉറപ്പിക്കണമെന്ന്‌ പാര്‍ട്ടി പ്രത്യേകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഇതങ്ങനെയല്ല. ഏതാനും പത്രങ്ങളിലേ വന്നിട്ടുള്ളൂ. വിശ്വസിക്കാം. അല്ലെങ്കിലും വി.എസ്സിന്‌ അനുകൂലമായ വാര്‍ത്ത മാത്രമാണല്ലോ മാധ്യമ സിന്‍ഡിക്കേറ്റിന്റേത്‌.

ചര്‍ച്ചാവിഷയം ബുധനാഴ്ച തോറും മന്ത്രിസഭായോഗം കഴിഞ്ഞ്‌ നടക്കുന്ന പത്രസമ്മേളനമാണ്‌. കാബിനറ്റ്‌ ബ്രീഫിങ്‌ എന്ന്‌ കേട്ട്‌ ഞെട്ടുകയൊന്നും വേണ്ട. സംഭവം സാദാ പത്രസമ്മേളനം തന്നെ. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ തുടങ്ങിയതാണ്‌. മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളില്‍ കാര്യമായവ ജനങ്ങളെ അറിയിക്കാനുള്ള ഒരു സംവിധാനമാണെന്ന്‌ വിചാരിച്ചാല്‍ മതി. അതിന്‌ ഒരുപത്രക്കുറിപ്പ്‌ ഇറക്കിയാല്‍ പോരെ എന്ന്‌ ചോദിച്ചേക്കാം. മതി പത്രക്കുറിപ്പ്‌ മതി. പക്ഷേ, അതിലാര്‍ക്കുണ്ട്‌ താത്‌പര്യം? വല്ലപ്പോഴുമൊരു തീരുമാനമേ പത്രത്തിന്റെ അറിയിപ്പുകള്‍ പേജിലെങ്കിലും കൊടുക്കാന്‍ വകയുള്ളത്‌ കിട്ടൂ. ഭരണം നടക്കുന്നത്‌ മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമൊന്നുമല്ലല്ലോ. മന്ത്രിസഭായോഗത്തില്‍ നടന്നത്‌ അധികവും പുറത്ത്‌ പറയാവുന്നതാവില്ല. പുറത്ത്‌ പറയുന്നത്‌ അധികവും പത്രത്തില്‍ കൊടുക്കാവുന്നതുമാവില്ല. പിന്നെയെന്തിന്‌ ഈ ബ്രീഫിങ്‌ എന്ന്‌ ചോദിച്ചേക്കാം. ബ്രീഫിങ്ങിലാണ്‌ കാര്യം. യോഗതീരുമാനം പറയാന്‍ രണ്ടു മിനിറ്റ്‌, ലോകകാര്യം പറയാന്‍ ഇരുപതു മിനിറ്റ്‌ എന്നതാണ്‌ അനുപാതം. സൂര്യനു താഴെ ഏത്‌ വിഷയത്തെക്കുറിച്ചും മുഖ്യമന്ത്രിയോട്‌ ചോദിക്കാം. ആരും ചോദിച്ചില്ലെങ്കിലും മുഖ്യമന്ത്രിക്ക്‌ പറയുകയും ചെയ്യാം.

മന്ത്രിസഭായോഗം കഴിഞ്ഞാല്‍ ഒന്നും ഒന്നരയും മണിക്കൂര്‍ മാധ്യമലേഖകന്മാര്‍ ബ്രീഫിങ്ങും കാത്തിരിക്കുന്നത്‌ എന്തിനാണെന്ന്‌ മനസ്സിലായല്ലോ. ഈ ലേഖകരുടെ മുന്നിലേക്കാണ്‌ മുഖ്യമന്ത്രി പാഞ്ഞു വന്ന്‌ പോക്കറ്റില്‍ നിന്ന്‌ ഒരു കടദാസ്‌കഷ്ണം എടുത്ത്‌ നാലു വാചകം വായിച്ചു കേള്‍പ്പിച്ച്‌ ശരം വിട്ടതുപോലെ പുറത്തോട്ട്‌ ഗമിക്കുന്നത്‌. എല്ലാറ്റിനും കൂടി ആകെ ചെലവാക്കുന്നത്‌ അഞ്ചുമിനിറ്റില്‍ കുറഞ്ഞ സമയം മാത്രം. മുന്നില്‍ മാധ്യമലേഖകര്‍ കുത്തിവെക്കുന്ന മൈക്കിനെ, മുഖ്യമന്ത്രിയാകുന്നതിനു മുന്‍പത്തെ കാലത്ത്‌ വി.എസ്‌. തൊടുകയും തലോടുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യാറുണ്ടായിരുന്നുവത്രെ. ഇപ്പോള്‍ മൈക്ക്‌ കണ്ടാല്‍ ട്രിഗറില്‍ വിരലുള്ള കൈത്തോക്ക്‌ പോലെ ഭയപ്പെടുന്നതായി തോന്നുന്നത്രെ. ആവോ….

മുഖ്യമന്ത്രിമാര്‍ക്കാവട്ടെ പ്രധാനമന്ത്രിമാര്‍ക്കാവട്ടെ അധികാരത്തിന്റെ ആദ്യനാളുകള്‍ മാധ്യമങ്ങളുമായുള്ള മധുവിധുവിന്റെ നാളുകളാണ്‌. പത്രക്കാരെ കാണാതെ ഈ കാലത്ത്‌ മുഖ്യമന്ത്രിക്ക്‌ ഉറക്കം വരില്ല. പത്രസമ്മേളനത്തിനൊക്കെ വന്നാല്‍ പത്രക്കാര്‍ ചോദ്യങ്ങളൊക്കെ ചോദിച്ച്‌ സ്റ്റോക്ക്‌ തീര്‍ന്നാലും മുഖ്യമന്ത്രി എഴുന്നേറ്റ്‌ പോകില്ല. ഈ പഹയനെന്താ പോകാത്തത്‌ എന്ന്‌ പത്രക്കാര്‍ക്ക്‌ അക്ഷമ തോന്നും. പ്രൈവറ്റ്‌ സെക്രട്ടറിമാര്‍ ആരെങ്കിലും വന്ന്‌ വല്ല മീറ്റിങ്ങിനും രണ്ടു മണിക്കൂര്‍ മുന്‍പ്‌ ചെല്ലാമെന്ന്‌ ഏറ്റിരുന്നുവല്ലോ എന്ന്‌ ഓര്‍മിപ്പിച്ചാലേ മുഖ്യമന്ത്രി മനസ്സില്ലാമനസ്സോടെ എഴുന്നേല്‍ക്കൂ. ഈ കാലപരിധിക്കകത്ത്‌ എന്തു ചെയ്താലും ആരും മുഖ്യമന്ത്രിയെയും കുറ്റം പറയില്ല. മുഖ്യമന്ത്രിയുടെ ഗുണഗണങ്ങള്‍ എല്ലാ ദിവസവും പത്രത്തില്‍ വായിച്ച്‌ മുഖ്യമന്ത്രിക്കു തന്നെ മടുത്താലും പത്രക്കാര്‍ക്ക്‌ മടുക്കില്ല. കുറച്ചു കഴിഞ്ഞാല്‍ കളിമാറും. ഇതുതന്നെയാണ്‌ മധുവിധുവിന്റെയും നടപടിക്രമം. സയാമീസ്‌ ഇരട്ടയാണെന്ന്‌ തോന്നിപ്പോകും കാണുന്നവര്‍ക്ക്‌ ആദ്യമൊക്കെ. കുറച്ചു കഴിഞ്ഞാല്‍ ആസ്പത്രിയില്‍ പോകുമ്പോഴും ഒരു കി.മീ. വരും രണ്ടുപേരും നടക്കുന്ന അകലം.

വി.എസ്‌. മുഖ്യമന്ത്രിയായിട്ട്‌ എന്തേ മാധ്യമങ്ങളുമായി മധുവിധു ഇല്ലാത്തത്‌ എന്ന ചോദ്യം ഉയരാം. അതിനും മറ്റേ മധുവിധു തന്നെയാണ്‌ മാതൃക. കുറെക്കാലം കൂടെ നടന്നും കൂടെക്കിടന്നും കാലം കഴിച്ച്‌ വയസ്സുകാലത്ത്‌ മിന്ന്‌ കെട്ടിയവര്‍ക്ക്‌ എന്ത്‌ മധു എന്ത്‌ വിധു? കല്യാണപ്പിറ്റേന്ന്‌ തുടങ്ങും കലഹം. വി.എസ്സിനെ മുഖ്യമന്ത്രിയാക്കിയത്‌ തന്നെ മാധ്യമങ്ങളാണെന്നാണ്‌ ചില മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ അവകാശപ്പെടുന്നത്‌. മധുവിധുവൊക്കെ മുന്‍പേ കഴിഞ്ഞുപോയി. ഇനി പത്രക്കാരുടെ സേവനമൊന്നും അധികം വേണ്ട. വേണ്ടാത്ത ഓരോന്ന്‌ ചോദിക്കാന്‍ ഇങ്ങോട്ട്‌ വരാതിരുന്നാല്‍ തന്നെ വലിയ ഉപകാരമാവും. പോട്ടെ ലാല്‍സലാം.

** ** **

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന ഗുണ്ടാനിയമം കോടിയേരിയും വി.എസ്സും ചേര്‍ന്ന്‌ വലിച്ചെറിഞ്ഞ്‌ കളഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്ക്‌ മാത്രമേ സങ്കടമുള്ളൂ എന്നാരും ധരിക്കേണ്ട. ഗുണ്ടകള്‍ക്ക്‌ ഇക്കാര്യത്തില്‍ വലിയ പ്രയാസമുണ്ട്‌. നിയമമില്ലാതായത്‌ കേരളത്തിലെ ക്രമസമാധാനനിലയെ ബാധിക്കുമെന്ന അഭിപ്രായമാണ്‌ യു.ഡി.എഫ്‌. നേതാക്കള്‍ക്കുള്ളത്‌. കേരളത്തില്‍ ഇത്രയും മാതൃകാപരമായ വേറൊരു നിയമം ചൂണ്ടിക്കാട്ടാനാവില്ല. ഗാന്ധിയന്‍ നിയമം എന്നൊക്കെ വിളിക്കേണ്ടത്‌ ഗുണ്ടാനിയമം പോലുള്ള നിയമങ്ങളെയാണ്‌.

നിയമമുപയോഗിച്ച്‌ ആറു മാസക്കാലത്തിനിടെ ഒരു ഗുണ്ടയെപോലും അറസ്റ്റ്‌ ചെയ്യാത്ത യു.ഡി.എഫിന്‌ നിയമമില്ലാതായതില്‍ എന്തിനിത്ര സങ്കടം എന്ന്‌ ചിലരെല്ലാം ചോദിക്കുന്നത്‌ കേട്ടു. അതാണ്‌ ഈ നിയമത്തിന്റെ ഗുണം. വീട്ടില്‍ അച്ഛന്‍ നല്ല മുട്ടന്‍ ചൂരല്‍ ഒരെണ്ണം വാങ്ങി മക്കള്‍ കാണത്തക്ക നിലയില്‍ വെക്കാറുണ്ട്‌. ഇടക്കൊക്കെ എടുത്തൊന്ന്‌ വളച്ചും വീശിയും കാണിച്ചാല്‍ തന്നെ നല്ല ഫലം കിട്ടും. മക്കള്‍ അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളും. അതാണ്‌ ഉമ്മന്‍ചാണ്ടിയും ചെയ്തിരുന്നത്‌. ഒറ്റ ഗുണ്ടയെയും അറസ്റ്റ്‌ ചെയ്യാതെയല്ലേ ക്രമസമാധാന നില മണിമണിയായി കൊണ്ടുനടന്നിരുന്നത്‌. നിയമം പ്രയോഗിച്ച്‌ അതിത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞാല്‍ ക്രമസമാധാനം പിന്നെ തവിടുപൊടിയായിപ്പോകുകയേ ഉള്ളൂ. അതുകൊണ്ടാണത്‌ പ്രയോഗിക്കാതിരുന്നത്‌.

നിയമം ഇല്ലാതായെന്നുവെച്ച്‌ ഗുണ്ടകള്‍ക്ക്‌ എന്തുമാകാം എന്ന ധാരണയൊന്നും വേണ്ട. ഇടതുമുന്നണി സര്‍ക്കാര്‍ അസ്സല്‍ ഗുണ്ടാനിയമം വേറെ കൊണ്ടുവരുന്നുണ്ട്‌. സ്വാശ്രയനിയമം ഒരു മാസം കൊണ്ട്‌ ചുട്ടെടുത്തത്‌ പോലെ പറ്റില്ലല്ലോ ഈ നിയമം. അത്‌ വേണ്ടുംവണ്ണം ആലോചിച്ച്‌ തന്നെയേ കൊണ്ടുവരാനൊക്കൂ. സാദാഗുണ്ട, കോണ്‍ഗ്രസ്‌ ഗുണ്ട, ആര്‍.എസ്‌.എസ്‌. ഗുണ്ട, ലീഗ്‌ ഗുണ്ട, വാടക ഗുണ്ട എന്നിങ്ങനെ എന്തെല്ലാം വകഭേദങ്ങളുണ്ടെന്നോ. യു.ഡി.എഫ്‌. സാദാ അരാഷ്ട്രീയ ഗുണ്ടയെ മാത്രമേ ഗുണ്ടയായി കാണുന്നുള്ളൂ. അത്‌ ശരിയായ ഒരു കാഴ്ചപ്പാടല്ല. നമ്മുടെ നിയമം വരട്ടെ കാട്ടിത്തരാം.

** ** **

സ്വാശ്രയനിയമം ഭരണഘടനയുടെ ഒന്‍പതാം പട്ടികയിലാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്‌. എന്താണ്‌ നിയമം പട്ടികയിലാക്കുന്നത്‌ കൊണ്ടുള്ള പ്രയോജനമെന്നല്ലേ? പട്ടികയില്‍ പെടുത്തിയാല്‍ പിന്നെ ആ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റില്ല. ഹാ! ഹാ! അങ്ങനെയൊരു സൗകര്യമുണ്ടെങ്കില്‍ എല്ലാ നിയമവുമങ്ങ്‌ പട്ടികയിലിട്ടു കൂടേ എന്ന്‌ ചോദിച്ചേക്കാം. യു.ഡി.എഫുകാര്‍ തിരുമണ്ടന്മാര്‍ തന്നെ. ഈ ഐഡിയ അവര്‍ക്കു തോന്നിയിരുന്നുവെങ്കില്‍ ഇക്കണ്ട നിയമമൊക്കെ മാനേജ്‌മെന്റുകാര്‍ കോടതിയില്‍ ചോദ്യം ചെയ്തു നാനാവിധമാക്കുമായിരുന്നോ. പോകട്ടെ, ആന്റണിക്കോ അതിനുള്ള ബുദ്ധിയുദിച്ചില്ല. ഇടതുമുന്നണിക്കാര്‍ക്കെങ്കിലും ഈ വിദ്യ പറഞ്ഞുകൊടുത്തുകൂടായിരുന്നോ? കുട്ടികളെങ്കിലും രക്ഷപ്പെടുമായിരുന്നല്ലോ.

നിയമവും വകുപ്പുമൊക്കെ നോക്കുമ്പോഴേ കാര്യം പിടികിട്ടുന്നുള്ളൂ. മന്‍മോഹന്‍സിങ്ങോ നിയമമന്ത്രി ഭരദ്വാജോ വിചാരിച്ചാല്‍ ഒരു ഓര്‍ഡറിറക്കി നിയമം ഒമ്പതാം പട്ടികയിലാക്കാനൊന്നും പറ്റില്ല. സംഗതി നടത്താന്‍ ഭരണഘടനാഭേദഗതി തന്നെ വേണം. മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം കിട്ടണം. അതിന്‌ വര്‍ഗീയ ഫാസിസ്റ്റ്‌ ബി.ജെ.പി.യുടെ സഹായവും വേണം. എന്ത്‌ ചെയ്യും?

ഇതെല്ലാം സംഘടിപ്പിച്ചു എന്നു തന്നെ വെക്കുക. ഏറ്റവും താഴെക്കിടയിലുള്ള ജനവിഭാഗവുമായി പരോക്ഷബന്ധം മാത്രമുള്ള ഒരു നിയമത്തെ ജുഡീഷ്യല്‍ സ്ക്രൂട്ടിനിയില്‍നിന്ന്‌ വിടുവിക്കാന്‍ ഉപയോഗിക്കാനുള്ളതാണോ ഈ വ്യവസ്ഥ? ഇക്കാലത്തിനിടയില്‍ ആകെ 284 നിയമങ്ങളെയാണ്‌ സര്‍ക്കാര്‍ ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്‌. ഇതില്‍ ഒറ്റ വിദ്യാഭ്യാസനിയമവുമില്ല. 284-ല്‍ 275 എണ്ണവും ഭൂനിയമ പരിഷ്കാരങ്ങളാണ്‌. എം.ആര്‍.ടി.പി. നിയമം, കോഫെപോസെ, അവശ്യവസ്തുനിയമംപോലെ അപൂര്‍വം ചിലവ വേറെയും കാണാം എന്നേ ഉള്ളൂ. കോടതിയില്‍ തോല്‍ക്കുമെന്ന്‌ പേടിയുള്ള നിയമത്തിനെല്ലാം കേറി രക്ഷപ്പെടാനുള്ള മരക്കൊമ്പാണോ ഒമ്പതാം പട്ടിക?

Leave a Reply

Your email address will not be published. Required fields are marked *

Go Top