രണ്ടാം മുണ്ടശ്ശേരി

ഇന്ദ്രൻ

രണ്ടാം മുണ്ടശ്ശേരിയാണ്‌ എം.എ.ബേബിയെന്ന്‌ ആഘോഷിച്ചവരുണ്ട്‌. എന്താണ്‌ കാരണമെന്നറിയില്ല. കേരള ചരിത്രത്തിലെ ആദ്യ കമ്യൂണിസ്റ്റ്‌ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരിയും രണ്ടാമത്തേത്‌ ബേബിയും ആണ്‌ എന്നാണ്‌ ഊഹമെങ്കില്‍ സംഗതിയില്‍ ചില്ലറ പിശകുണ്ട്‌. മുണ്ടശ്ശേരി കമ്യൂണിസ്റ്റ്‌ മന്ത്രിസഭയിലായിരുന്നു എന്നത്‌ സത്യംതന്നെ. പക്ഷേ, ആള്‍ വെറും സ്വതന്ത്രനായിരുന്നു. അതുകൊണ്ട്‌ ആദ്യ കമ്യൂണിസ്റ്റ്‌ വിദ്യാഭ്യാസ മന്ത്രി എന്ന ബഹുമതി ബേബിസാറിന്‌ തന്നെ കൊടുക്കണം. കമ്യൂണിസത്തിന്റെ അകവും പുറവും അറിയുന്ന ഒരു വിദ്യാഭ്യാസമന്ത്രിയേ കേരളത്തിലുണ്ടായിട്ടുള്ളൂ. അത്‌ സഖാവ്‌ ബേബിയാണ്‌. രണ്ടാം മുണ്ടശ്ശേരിയെന്ന്‌ വിളിച്ച്‌ ബേബിയെ വെറും ബേബിയാക്കിക്കളയരുത്‌.

അങ്ങനെ പറഞ്ഞുവരുമ്പോഴാണ്‌ അനാവശ്യമായ ഒരു ചോദ്യം നാവിന്‍തുമ്പത്ത്‌ വരുന്നത്‌. എന്തേ ഇതിന്‌ മുമ്പൊരിക്കലും നമ്മുടെ പാര്‍ട്ടി വിദ്യാഭ്യാസവകുപ്പ്‌ കൈയില്‍ വെച്ചില്ല? മാഷന്‍മാര്‍ ചുമ്മാ ക്ഷോഭിച്ചിട്ട്‌ കാര്യമില്ല. ഓരോന്നിനും അതിന്റേതായ മുന്‍ഗണനാക്രമമുണ്ട്‌. പാര്‍ട്ടി പങ്കാളിത്തം വഹിച്ച മന്ത്രിസഭകളിലെല്ലാം പാര്‍ട്ടിക്ക്‌ തന്നെയായിരുന്നു നേതൃത്വം. അതങ്ങനെയേ പറ്റൂ. പാര്‍ട്ടി പരിപാടിയില്‍ അങ്ങനെ കൃത്യമായി പറഞ്ഞിട്ടുമുണ്ടായിരുന്നു. ആര്‌ ഏത്‌ വകുപ്പ്‌ എടുക്കണമെന്നൊക്കെ പാര്‍ട്ടിതന്നെയാണ്‌ തീരുമാനിച്ചിരുന്നത്‌. വേണ്ടന്ന്‌ വെച്ചതുകൊണ്ട്‌ തന്നെയാണ്‌ വിദ്യാഭ്യാസം എടുക്കാതിരുന്നത്‌ എന്നര്‍ഥം. പോലീസ്‌ വകുപ്പും എക്സൈസ്‌ വകുപ്പും ഒന്നും ഇതുവരെ എടുക്കാതിരുന്നിട്ടില്ലല്ലോ. അതാണ്‌ പറഞ്ഞത്‌. പാര്‍ട്ടിക്കറിയാം ഏതെടുക്കണം ഏത്‌ വേണ്ടാ എന്ന്‌. മാഷന്‍മാര്‍ ഇടപെടേണ്ട.

കേരളത്തില്‍ പല നല്ല കാര്യങ്ങളും തുടങ്ങിവെക്കുന്നത്‌ നമ്മുടെ പാര്‍ട്ടിയാണെന്ന സംഗതി ചരിത്രം പഠിച്ചവര്‍ക്കറിയാമല്ലോ. അതില്‍പ്പെട്ട ഒന്നാണ്‌ വിദ്യാഭ്യാസരംഗത്ത്‌ പാട്ടവ്യവസ്ഥ ഏര്‍പ്പെടുത്തിയത്‌. വിദ്യാഭ്യാസ വകുപ്പ്‌ ആദ്യമായി മുസ്‌ലിം ലീഗിന്‌ പാട്ടത്തിന്‌ കൊടുത്തത്‌ നമ്മളല്ലേ. കൈനീട്ടം കൊടുക്കുന്നത്‌ നല്ല ആഭിജാത്യം ഉള്ളവരാണെങ്കില്‍ അതിന്റെ ഗുണം പിന്നീട്‌ കാണാനുണ്ടാകും. അറുപത്തേഴിന്‌ ശേഷം സത്യപ്രതിജ്ഞ ചെയ്ത പതിനെട്ട്‌ വിദ്യാഭ്യാസ മന്ത്രിമാരില്‍ പന്ത്രണ്ടും മുസ്‌ലിം ലീഗുകാരായിരുന്നല്ലോ. ബാക്കി മിക്കതും കേരള കോണ്‍ഗ്രസ്സും. ഒന്നുകില്‍ ലീഗ്‌ അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ്‌, ഒന്നിനൊന്ന്‌ മെച്ചം.

ഇനിയിത്‌ പാടില്ലെന്നും ദേശീയ വീക്ഷണവും സാര്‍വലൌകിക വീക്ഷണവും വിശാലഹൃദയവും ഉള്ള ദേശീയ അന്തര്‍ദേശീയ കക്ഷികള്‍ (ങേ.. അങ്ങനത്തെ കക്ഷികളുണ്ടോ?) ഏതെങ്കിലും തന്നെ ഈ പണി ചെയ്യണമെന്നും ബുദ്ധിജീവികള്‍ അലമുറയിടുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പ്‌ പാര്‍ട്ടി ഏറ്റെടുത്തിട്ട്‌ വേണം വിദ്യാഭ്യാസ വിപ്ലവം പൂര്‍ത്തിയാക്കാനെന്ന അഭിപ്രായം പാര്‍ട്ടിയിലുമുണ്ടായി. ഓരോരോ വകുപ്പായല്ലേ വിപ്ലവം പൂര്‍ത്തിയാക്കാനാവൂ. എക്സൈസിലും പോലീസിലുമൊക്കെ അതു പൂര്‍ത്തിയായ നിലക്ക്‌ വിദ്യാഭ്യാസ വിപ്ലവം ഇനി വൈകിച്ചുകൂടാ. ആന്റണി- ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളുടെ കാലത്ത്‌ വിദ്യാര്‍ഥികള്‍ ചില്ലറ അടിയൊന്നുമല്ല വാങ്ങിക്കൂട്ടിയത്‌. ഇത്തവണയും പി.ജെ. ജോസഫിന്റെ ഇനത്തില്‍പ്പെട്ട ആരേയെങ്കിലുമാണ്‌ വകുപ്പേല്‍പ്പിക്കുന്നതെങ്കില്‍ വിദ്യാര്‍ഥികള്‍ ഇങ്ങോട്ടായിരിക്കും അടി തരുന്നത്‌. വിദ്യാഭ്യാസവകുപ്പ്‌ പാര്‍ട്ടി ഏറ്റെടുക്കുകയാണെങ്കില്‍ പിന്നെ കേരള ചെഗുവേരയില്‍ കുറഞ്ഞ യാതൊന്നു കൊണ്ടും വിദ്യാര്‍ഥികള്‍ അടങ്ങില്ലെന്നുറപ്പല്ലേ? അതുകൊണ്ടാണ്‌ വകുപ്പ്‌ ബേബി ഏറ്റെടുത്തത്‌. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലല്ലോ.

ഒരു വിധത്തില്‍ നോക്കിയാല്‍ രണ്ടാം മുണ്ടശ്ശേരി എന്നു വിളിക്കുന്നതില്‍ തെറ്റ്‌ പറഞ്ഞുകൂടാ. പള്ളിയച്ചന്‍മാരേയും ജാതിമേലാളന്‍മാരേയും കൂച്ചുവിലങ്ങിട്ട്‌ വിദ്യാഭ്യാസത്തെ മോചിപ്പിക്കുക എന്ന മഹാവിപ്ലവത്തിനിടയില്‍ സ്വയം രാഷ്ട്രീയ ചാവേറാവുകയും മന്ത്രിസഭയുടെ രക്തസാക്ഷിത്വം ഉറപ്പുവരുത്തുകയും ചെയ്തതാണല്ലോ സഖാവ്‌ മുണ്ടശ്ശേരി. പഴയ വിലങ്ങ്‌പൊട്ടിച്ച്‌ പുറത്തുചാടി വിദ്യാഭ്യാസ വേദിയില്‍ താണ്ഡവനൃത്തമാടുന്ന മാനേജ്‌മെന്റുകളെ വീണ്ടും ആവാഹിച്ചുകൊണ്ടുവന്ന്‌ കുപ്പിയിലടക്കുക എന്ന സാഹസകൃത്യമാണ്‌ സഖാവ്‌ ബേബി ഏറ്റെടുത്തിരിക്കുന്നത്‌.

എല്ലാറ്റിനുമെന്നപോലെ വിപ്ലവത്തിനും വേണം കാലാനുസൃതമായ മാറ്റം. ട്രാക്റ്ററിനും കമ്പ്യൂട്ടറിനും എതിരെ പണ്ട്‌ സമരം ചെയ്തിട്ടുണ്ടെന്ന്‌ കരുതി ഇന്നാരെങ്കിലും അതിന്‌ ഇറങ്ങിത്തിരിക്കുമോ? മുണ്ടശ്ശേരി ചെയ്തത്‌ ആവര്‍ത്തിക്കാനല്ലല്ലോ ബേബി മന്ത്രിയായിരിക്കുന്നത്‌. പ്രൊഫഷണല്‍
വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമേഖലയേ വേണ്ട എന്ന്‌ ബലം പിടിച്ചായിരുന്നു അടുത്തകാലം വരെ എസ്‌.എഫ്‌.ഐ.ക്കാരുടെ നില്‍പ്പ്‌. സോഷ്യലിസത്തിന്റെ സുവര്‍ണ്ണ കാലത്ത്‌ കെ.എസ്‌.യു.ക്കാര്‍ വരെ ബിഷപ്പുമാരുടെ മുന്നില്‍ പോയി മീശ പിരിച്ചു നില്‍ക്കുമായിരുന്നു. 1972 കാലത്ത്‌ വിദ്യാഭ്യാസ സമരമെന്ന്‌ പേരിട്ട്‌ നടത്തിയ മഹാവിപ്ലവത്തില്‍ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നത്‌ വിദ്യാഭ്യാസ കച്ചവടത്തിന്റെ കഥ അതോടെ കഴിക്കുമെന്നായിരുന്നു. വിദ്യാഭ്യാസ സ്ഥാപനനടത്തിപ്പില്‍ ന്യൂനപക്ഷാവകാശമേ പരിഗണിക്കേണ്ട എന്ന നിലപാടായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്സിന്‌ പോലും. എന്നിട്ടെന്തായി? 1995ലെ യു.ഡി.എഫ്‌. ഭരണകാലത്ത്‌ സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നതിനെതിരെ എസ്‌.എഫ്‌.ഐ. നടത്തിയ സമരത്തെ കുറിച്ച്‌ ഇന്ന്‌ ഓര്‍മിപ്പിച്ചിട്ടെന്ത്‌ കാര്യം. ഓരോ കാലത്തും സമരം ചെയ്യാനും രക്തസാക്ഷികള്‍ ഉണ്ടാകാനും ഓരോരോ കാരണങ്ങള്‍ താനേ ഉണ്ടാകുകയാണുചെയ്യുന്നത്‌. വിദ്യാഭ്യാസ കച്ചവടവും അതിനെതിരായ സമരവും ഒന്നും ഇല്ലായിരുന്നെങ്കില്‍ ആന്റണി മുതല്‍ ബേബി വരെയുള്ള നേതാക്കളെ കേരളത്തിന്‌ കിട്ടുകയേ ഇല്ലായിരുന്നു. എന്തൊരു നഷ്ടമാകുമായിരുന്നു അത്‌. എന്ത്‌വില കൊടുത്തും നാം വിദ്യാഭ്യാസക്കച്ചവടം നിലനിറുത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ നമുക്ക്‌ നേതാക്കളില്ലാതായിപ്പോകും.

ഭരണം കിട്ടിയാലുടനെ സ്വാശ്രയകോളേജ്‌ നിരോധിക്കാന്‍ ഇടതുമുന്നണി ഓര്‍ഡിനന്‍സ്‌ കൊണ്ടുവരുമെന്ന്‌ ആരെങ്കിലും മോഹിച്ചിട്ടുണ്ടാകുമോ? വാഗ്ദാനം പാലിച്ചില്ലെന്ന്‌ ഇനിയാരും പറയരുത്‌. ബില്ല്‌ ഞങ്ങള്‌ പപ്പടം കാച്ചുമ്പോലെ പാസ്സാക്കിയെടുത്തിട്ടുണ്ട്‌. വിദ്യാഭ്യാസക്കച്ചവടം ഇല്ലാതാക്കുകയല്ല കച്ചവടം നിയമാനുസൃതമാക്കുകയാണ്‌ നമുക്ക്‌ ചെയ്യാവുന്നത്‌. ബേബിസാര്‍ തിരക്കിട്ടു ചെയ്തു തീര്‍ത്തതും അതുതന്നെ. ഇനി കോടതിയായി, കോടതിയുടെ പാടായി, കുട്ടികളുടെ പങ്കപ്പാടായി.

*****************************************

പതിനഞ്ചു വര്‍ഷമെങ്കിലും പിറകിലാണ്‌ കമ്യൂണിക്കേഷന്‍ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നില്‍ക്കുന്നതെന്ന്‌ ഫാക്സ്‌ വിവാദത്തില്‍ നിന്ന്‌ മനസ്സിലാക്കാം. ഏത്‌ ഫാക്സ്‌ വിവാദം? കന്നട നടി മാപ്പ്‌ അപേക്ഷിക്കാന്‍ ശബരിമല അയ്യപ്പസ്വാമിക്ക്‌ ഫാക്സ്‌ അയച്ചതിനെ കുറിച്ചുള്ള വിവാദമല്ല. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്‌ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച്‌ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‌ അയച്ചതായി പറയുന്ന ഫാക്സാണ്‌ വിഷയം. അടിയന്തരമായി എത്തിക്കേണ്ട വിവരമാണെങ്കില്‍ പണ്ടൊക്കെ കമ്പിസനേ്ദശമയക്കുകയാണ്‌ ചെയ്തിരുന്നത്‌. കമ്പിയാണെങ്കില്‍ കിട്ടുന്നവനൊന്ന്‌ ഞെട്ടുകയെങ്കിലും ചെയ്യുമായിരുന്നു. ഇപ്പോള്‍ കമ്പിക്ക്‌ ഗമ പോര. ഫാക്സാണ്‌ മുന്തിയ ടെക്‌നോളജി. അയയ്ക്കാന്‍ കഴിയുമെന്ന്‌ ഒരു ഉറപ്പുമില്ല, അയച്ചാല്‍ കിട്ടുമെന്ന്‌ ഒരു ഉറപ്പുമില്ല, കിട്ടിയാല്‍ വായിക്കാന്‍ കഴിയുമെന്ന കാര്യത്തിലുമില്ല ഉറപ്പ്‌- ഇതിനാണ്‌ ഫാക്സ്‌ എന്ന്‌ പറയുന്നത്‌.

കേരളസര്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ്‌ ഏര്‍പ്പെടുത്താന്‍ പോവുകയാണെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. ആളുകള്‍ക്ക്‌ പരാതി ഇ-മെയിലില്‍ അയക്കാം. ഇടിയും ഇ-മെയിലില്‍ തന്നെ. പോലീസ്സ്റ്റേഷനിലും ഇന്റര്‍നെറ്റ്‌ ഉള്ള ഈ നാട്ടില്‍ ദല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിക്ക്‌ അങ്ങനെയൊന്നില്ലേ? അയച്ചാല്‍ അഞ്ചുമിനിറ്റിനകം കിട്ടുമെന്ന്‌ ഉറപ്പുള്ള സംവിധാനം എന്തുകൊണ്ട്‌ ഉപയോഗിച്ചില്ല? ഒരുപക്ഷെ കിട്ടുമെന്ന്‌ ഉറപ്പുള്ളതു കൊണ്ടുതന്നെയാവും അങ്ങനെ ചെയ്യാതിരുന്നത്‌. വിദ്യാഭ്യാസത്തിലെ പുതിയ അഭ്യാസങ്ങളെന്തെല്ലാമെന്ന്‌ ആര്‍ക്കറിയാം.

*****************************************

കേരളത്തില്‍ എക്സ്പ്രസ്‌ ഹൈവേ ഉണ്ടാക്കുന്നുണ്ടോ? സര്‍ക്കാറിന്‌ ഒരു നിശ്ചയവുമില്ല ഒന്നിനും വരുമോരോ ഹൈവേ വന്നപോലെ പോം എന്ന മട്ട്‌. എക്സ്പ്രസ്‌ ഹൈവേ സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്‌ എന്ന്‌ ഒരുത്തരം നിയമസഭയില്‍ വായിച്ചത്‌ അംഗങ്ങളെല്ലാം കേട്ടതും പത്രങ്ങളിലെല്ലാം വന്നതുമാണ്‌. പിന്നീടാണ്‌ വൈയാകരണന്‍മാര്‍ ഇടപെട്ടത്‌. പരിഗണനയിലുണ്ട്‌ എന്നതല്ല ശരിയായ ഭാഷ, ഉണ്ടായിരുന്നു എന്നാണ്‌. ഇപ്പോള്‍ പരിഗണനയിലില്ല എന്നര്‍ഥം. പരിഗണനയില്‍ ഇല്ലേ എന്ന്‌ ഉറപ്പിച്ചു ചോദിച്ചാല്‍ പിന്നെയും ഭാഷ മാറിയെന്നിരിക്കും. ഉണ്ടായിരുന്നുണ്ടില്ലായിരുന്നുണ്ട്‌ എന്നാവും. ഭാഷാജ്ഞാനമുള്ളവര്‍ക്ക്‌ തിരിയും. അല്ലാത്തവര്‍ നട്ടംതിരിയും.

വകുപ്പുമന്ത്രി എഴുന്നേറ്റ്‌ നിയമസഭയില്‍ ഒരു കാര്യം പറഞ്ഞാല്‍ അതുതന്നെയാണ്‌ മന്ത്രിസഭയുടെ നിലപാട്‌ എന്നുറപ്പിക്കാനാവില്ല. എം.എല്‍.എ. ഫണ്ട്‌ കാര്യത്തില്‍
സംഭവിച്ചതുപോലെ അതൊന്നുമല്ല നയം, ഇതാണ്‌ നയം എന്ന്‌ മുഖ്യമന്ത്രി എഴുന്നേറ്റ്‌ പറയുകയില്ലെന്ന്‌ എന്താണ്‌ ഉറപ്പ്‌? ഒരുറപ്പുമില്ല. മന്ത്രിസഭാ കൂട്ടുത്തരവാദിത്തമെവിടെ, പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ചുക്കെവിടെ, ചുണ്ണാമ്പെവിടെ എന്നും മറ്റും ചോദിക്കാന്‍ ആളു കാണും. സംഗതി ശരിയാണ്‌. ആശയക്കുഴപ്പം മോശംതന്നെ. ഒരു പരിഹാരമേയുള്ളൂ. മന്ത്രി എഴുന്നേറ്റു നിന്ന്‌ ഉത്തരം പറഞ്ഞാല്‍ സ്പീക്കര്‍ ഉടനെ മുഖ്യമന്ത്രിയുടെ നേരെ നോക്കണം. ഉത്തരം ശരിയെങ്കില്‍ സ്കൂള്‍ മാസ്റ്റര്‍മാര്‍ പറയുന്നതുപോലെ ‘റൈറ്റ്‌’ എന്ന്‌ മുഖ്യമന്ത്രി പറയണം. അപ്പോഴേ ഉത്തരം സഭാരേഖയില്‍ പെടുത്താന്‍ പാടുള്ളൂ. മന്ത്രിയുടെ ഉത്തരം തെറ്റിയാല്‍ ഇംപോസിഷന്‍ എഴുതിക്കുകയോ ബെഞ്ചില്‍ കയറ്റിനിര്‍ത്തുകയോ ചെയ്യാം. നിയമസഭയുടെ അന്തസ്സ്‌ കാത്തുസൂക്ഷിക്കണമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Go Top