എണ്ണവിലയുയര്‍ത്തിയ ഭരണക്കാരെയും ആഗോള എണ്ണക്കുത്തകകളേയും വിറപ്പിക്കുവാന്‍ കേരളത്തിലെ വിനീത ജനനേതാക്കള്‍ക്കല്ലാതെ ലോകത്താര്‍ക്കും കഴിഞ്ഞ മട്ടില്ല. രണ്ട് ദിവസം ഒരു മില്ലിലിററര്‍ എണ്ണ ഇവിടെ ആരും ചെലവാക്കിയില്ല.ഒരില ഇളകിയില്ല. ബഹുരാഷ്ട്രക്കമ്പനികള്‍ക്ക് കാര്യത്തിന്റെ ഗൌരവം പിടികിട്ടിക്കാണണം. മേലില്‍ വില കയറ്റും മുമ്പ് രണ്ടു വട്ടം ആലോചിക്കാതിരിക്കില്ല.
സര്‍ക്കാര്‍ വിലവര്‍ദ്ധന പ്രഖ്യാപിച്ചപ്പോള്‍ ഒരു നിമിഷം വൈകിക്കാതെ ബി.ജെ.പി. സമരം പ്രഖ്യാപിക്കുകയുണ്ടായി. ബി.ജെ.പി.ക്ക് ഈ വിഷയത്തില്‍ നല്ല മുന്‍പരിചയമുള്ളതാണല്ലോ. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ ആറു തവണയെങ്കിലും എണ്ണവില കയറ്റിയ കൂട്ടരായതുകൊണ്ട് അവരെ തൊടുന്യായങ്ങള്‍ പറഞ്ഞുപറ്റിക്കാനൊന്നും നോക്കേണ്ട. എണ്ണയുടെ അകവും പുറവും ബി.ജെ.പി.ക്കറിയാം.എന്‍.ഡി.എ അധികാരത്തില്‍ വരുമ്പോള്‍ ലിറ്ററിന് 23.99 ആയിരുന്ന പെട്രോള്‍വില പാര്‍ട്ടി ഇറങ്ങുമ്പോള്‍ എത്രയായിരുന്നു? വിലവര്‍ദ്ധന തടഞ്ഞുനിര്‍ത്തുന്നതിന് ഉപകരിച്ചിരുന്ന ഓയില്‍ പൂള്‍ അക്കൌണ്ട് സര്‍ക്കാര്‍ സൂക്ഷിക്കേണ്ട എന്നു തീരുമാനിച്ചത് എന്‍.ഡി.എ സര്‍ക്കാര്‍ അല്ലേ? അതിനുമൊരടി കൂടിക്കടന്നുള്ള പരിപാടിയാണ് മന്‍മോഹന്‍ജി ചെയ്യാന്‍ പോകുന്നത്. എണ്ണവില ഇനി എണ്ണക്കമ്പനികള്‍ തന്നെ തീരുമാനിക്കും. ആവശ്യമില്ലാത്ത കാര്യത്തിലെന്തിന് സര്‍ക്കാര്‍ ഇടപെടണം? സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ടേ ഇരുന്നാല്‍ പോരെ? ബസ് ചാര്‍ജ് അതത് ദിവസം ബസ്സുടമ തീരുമാനിക്കും എന്നതാണ് ഇതിന്റെ മൂന്നാം ഘട്ടം.അതിനിനി വലിയ കാലതാമസമുണ്ടാകില്ല.
എന്നാല്‍ 59 വര്‍ഷക്കാലമായി എല്ലാ എണ്ണവില വര്‍ദ്ധനയിലും പ്രതിഷേധിക്കാനുള്ള അവസരവും ഭാഗ്യവും ഉണ്ടായ ഏകപാര്‍ട്ടി സി.പി.എം. ആണെന്നതില്‍ കേരളീയര്‍ അഭിമാനം കൊള്ളേണ്ടതാണ്. കഴിഞ്ഞ തവണ പെട്രോള്‍വില കൂട്ടിയപ്പോള്‍ ഹര്‍ത്താല്‍ പ്രോമ്പ്റ്റായി നടത്തിയ ഇടതുമുന്നണി ഇത്തവണ ഭരണം കൈയിലുള്ളതു കൊണ്ട് അങ്ങനെ ചെയ്യില്ലെന്ന് ധരിച്ചുപോയ ചില മൂഢന്‍മാരുണ്ട്. അന്ന് ചെയ്തതൊക്കെ പാര്‍ട്ടി ഭരണത്തില്‍ ഉണ്ടെങ്കിലും ചെയ്യും.സമരവും ഭരണവും ഒന്നിച്ച് എന്ന് പാര്‍ട്ടി പണ്ടേ പറഞ്ഞിട്ടുണ്ട് താനും. അന്ന് ചെയ്തതൊക്കെ ഇന്നും ചെയ്തു എന്നു പറഞ്ഞതില്‍ ഒരു ചെറിയ തിരുത്തുണ്ട്. വിലവര്‍ദ്ധന പാവപ്പെട്ടവരില്‍ ഉണ്ടാക്കുന്ന അതിഭാരത്തില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാന്‍, കേരളസര്‍ക്കാര്‍ എണ്ണയുടെ മേലുള്ള നികുതി കുറയ്ക്കണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ അങ്ങനെ ആവശ്യപ്പെടുകയുണ്ടായില്ലണമ്മള് തന്നെയല്ലേ അത് ചെയ്യേണ്ടത് ? നമ്മള് തന്നെ കുറയ്ക്കാന്‍ പറയുകയും നമ്മള് തന്നെ കുറക്കുകയും ചെയ്യുന്നത് രണ്ടാംതരം ഏര്‍പ്പാടായിപ്പോകുമായിരുന്നു. അതു കൊണ്ട് നമ്മള്‍ ആവശ്യപ്പെട്ടുമില്ല,നികുതി കുറച്ചുമില്ല. കുറയ്ക്കാനൊട്ട് ഉദ്ദേശവുമില്ലെന്ന് വെച്ചോളൂ. ഉമ്മന്‍ചാണ്ടി ചെയ്തതെല്ലാം അതേപടി ചെയ്യാന്‍ ആളെ വേറെ നോക്കണം.
ആഗോള എണ്ണ വില കൂടുമ്പോള്‍ ഇന്ത്യയില്‍ വില കൂടാതെ നോക്കണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ധനമന്ത്രി ചിദംബരത്തിന് ഇടതുപക്ഷം പറഞ്ഞുകൊടുത്തിട്ടുണ്ട്. വളരെ സിമ്പിള്‍ കാര്യം. എണ്ണയുടെ മേല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കണം , അല്ലാതെന്ത്. ലിറ്ററിന് 15 രൂപ കൊടുത്ത് ഇറക്കുമതി ചെയ്യുന്ന സാധനമാണല്ലോ 50 രൂപയ്ക്ക് ഇവിടെ വില്‍ക്കുന്നത്. എണ്ണക്കമ്പനികളുടെ കൊള്ളലാഭവും സര്‍ക്കാര്‍ നികുതിയുമാണ് ബാക്കി 35രുപയും. ലോകവിപണിയില്‍ എണ്ണ വില കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഇവിടെ അത് കൂടുകയാണ് പതിവ്. പെട്രോള്‍, സിഗരറ്റ് തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ അവയുടെ നികുതിയും അതുവഴി വിലയും കൂട്ടിക്കൊണ്ടേയിരിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ നയം. കുവൈറ്റ് യുദ്ധകാലത്ത് മഹാനായ ജനനായകന്‍ വി.പി.സിങ്ങ് പെട്രോളിന് മേല്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നാളെ പ്രകാശ് കാരാട്ട് പ്രധാനമന്ത്രിയായാലും പിന്‍വലിക്കാനിടയില്ല. 1991 മുതല്‍ കേന്ദ്രസര്‍ക്കാര്‍ അരിയുല്‍പാദിപ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത് കാര്‍ ഉല്‍പ്പാദനത്തിലാണ്. കാര്‍വില്‍പ്പന കൂട്ടുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന വിചിത്രസാമ്പത്തികശാസ്ത്രമാണ് ഇപ്പോള്‍ സര്‍ക്കാറുകള്‍ പിന്തുടരുന്നത്. നൂലിന്റെ വില കുറയണം, തോര്‍ത്തിന്റെ വില കൂടണം എന്ന്‌പഴയ നെ’ുകാരന്‍ പറഞ്ഞതു പോലെ .ഇന്ത്യക്കാരന്റേയും ചൈനക്കാരന്റേയും അത്യാര്‍ത്തി കാരണമാണ് ലോകവിപണിയില്‍ എണ്ണവില കൂടുന്നതെന്നാണ് അമേരിക്ക പറയുന്നത്.അമേരിക്കക്കാരന്റെ നാലിലൊന്ന് സമ്പത്ത് ഇന്ത്യയിലും ചൈനയിലും
ഉണ്ടായാല്‍ ലോകത്തിന്റെ സ്കൂള് പൂട്ടിപ്പോകുന്ന ലക്ഷണമാണ് കാണുന്നത്.
*******************************
ഗള്‍ഫ് രാജ്യക്കാരുടെ ലാഭക്കൊതി കൊണ്ട് അവര്‍ ഇടക്കിടെ എണ്ണവില കൂട്ടുകയാണെന്ന് ധരിച്ചവരുണ്ട്.എണ്ണ ശൈഖുമാരേക്കാള്‍ കൊടിയ ലാഭക്കൊതിയാണ് ലോകമെങ്ങുമുള്ള സര്‍ക്കാരുകള്‍ക്ക്. ഇക്കാര്യത്തില്‍ ഇന്ത്യാഗവണ്‍മെന്റ് ഒറ്റക്കല്ല. രണ്ട് ഡോളറിന്റെ പെട്രോളിന്‍മേല്‍ അമേരിക്ക ഒരു ഡോളറാണ് നികുതി ചുമത്തുന്നതെങ്കില്‍ ജപ്പാന്‍ രണ്ട് ഡോളറും ഫ്രാന്‍സ് അഞ്ച് ഡോളറും ബ്രിട്ടണ്‍ ആറ് ഡോളറുമാണ് നികുതി ചുമത്തുന്നത്.കാരക്കാസില്‍ 0.12 ഡോളറിനും കുവൈത്തില്‍ 0.78 ഡോളറിനും ബെയ്ജിങ്ങില്‍ 2.40 ഡോളറിനും കിട്ടുന്ന സാധനം തന്നെയാണ് ഭാരതീയ പൌരന്‍ 4.13 ഡോളറിന് വാങ്ങുന്നത്.
രസമുള്ള വേറെ ഒരു കണക്കിതാ. ഗാലന്‍ എണ്ണ കൊണ്ട് 35 മൈലോടുന്നതാണ് നിങ്ങളുടെ കാര്‍ എങ്കില്‍ 20ഡോളറിന് എണ്ണയടിച്ചാല്‍ ജര്‍മനിയില്‍127 ഉം ജപ്പാനില്‍ 147ഉം ചൈനയില്‍ 385ഉം സൌദിയില്‍ 771ഉം വെനസ്വേലയില്‍ 4624 ഉം മെയില്‍ സഞ്ചരിക്കാനാകും. എന്ത് ചെയ്യാം അത്യാര്‍ത്തിയുടെ കാര്യത്തിലേ ആഗോളീകരണമുള്ളൂ, നീതിയുടെ കാര്യത്തിലില്ല.
***********************************
അബ്ദുള്‍ നാസ്സര്‍ മദനിയുടെ വീട്ടിലേക്കെന്തിനാണ് സി.പി.എം. മന്ത്രിമാര്‍ തീര്‍ത്ഥയാത്ര നടത്തിക്കൊണ്ടിരിക്കുന്നതെന്ന സംശയം ചില കുബുദ്ധികള്‍ ദുരുദ്ദേശപൂര്‍വം ഉന്നയിക്കുന്നത് കേള്‍ക്കുകയുണ്ടായി.അഞ്ച് വര്‍ഷം മുമ്പ് യു.ഡി.എഫ് നേതാക്കളാണ് കോയമ്പത്തൂര്‍ ജയിലിലേക്ക് തലയില്‍ മുണ്ടിട്ട് പോയിരുന്നത്. കുറ്റം പറയരുതല്ലോ .വോട്ട് പെട്ടിയിലായി എന്ന് ഉറപ്പായതിന് ശേഷം അവര്‍ ആ വഴിക്കൊന്നും പോയിട്ടേയില്ല. എങ്ങനെ പോകും, അസ്സല്‍ മതേതരപാര്‍ട്ടിയല്ലേ കോണ്‍ഗ്രസ്. സി.പി.എമ്മിന് ആ വക യാതൊരു മര്യാദയുമില്ല.സത്യപ്രതിജ്ഞ കഴിഞ്ഞപ്പോള്‍ മന്ത്രിമാര്‍ തന്നെ അങ്ങോട്ട് വണ്ടി കയറുന്നു.വീട്ടുകാരുടെ മുന്നില്‍ ക്യു നില്‍ക്കുന്നു.
ഓര്‍ക്കണേ അഞ്ച് കൊല്ലം മുമ്പ് സഖാക്കളൊന്നും കോയമ്പത്തുര്‍ ജയിലിലല്ലെന്നല്ല കോയമ്പത്തുര്‍ റെയില്‍വേ സ്റ്റേഷനില്‍ പോലും പോകാറുണ്ടായിരുന്നില്ല. അഞ്ച് കൊല്ലം കൊണ്ട് എന്താണ് മദനിക്കുണ്ടായ മാറ്റം? അന്ന് മദനി ‘ഭീകരതയുടെ കോ-ഓഡിനേറ്റര്‍ ‘ആയിരുന്നു പാര്‍ട്ടി പത്രത്തിന്. ഐ.എസ്.ഐ. ഏജന്റും ആയിരുന്നു.അദ്ദേഹം മതേതരനായോ? ജയിലില്‍ പോയി സംസാരിക്കാത്തത് കൊണ്ട് നമുക്കതറിയാന്‍ വഴിയില്ല. ടി.കെഃഅംസയോടോ കെ.ടി.ജലീലിനോടോ ചോദിച്ചാല്‍ കൃത്യമായ വിവരം കിട്ടിയേക്കും.പലരും മതേതരരായി കൊണ്ടിരിക്കുന്ന കാലമാണ്. ഐ.എന്‍.എല്‍. വര്‍ഗീയമാണെന്ന് കുറ്റം കണ്ടുപിടിച്ചല്ലേ ആ പാര്‍ട്ടിയുമായി സീറ്റ് ധാരണയുണ്ടാക്കിയ സംസ്ഥാനകമ്മിറ്റിയെ പണ്ടത്തെ തിരഞ്ഞെടുപ്പ് കാലത്ത് പൊളിറ്റ് ബ്യൂറോ ശാസിച്ചത് ? എന്നിട്ട് ഇത്തവണ പരസ്യമായി ഐ.എന്‍.എല്ലുമായി ധാരണയുണ്ടാക്കിയതിന് പൊളിറ്റ്ബ്യൂറോ സംസ്ഥാനക്കമ്മിറ്റിയെ ശാസിക്കുകയോ ബെഞ്ചില്‍ കയറ്റി നിര്‍ത്തുകയോ മറ്റോ ചെയ്‌തോ? ഒന്നുമുണ്ടായില്ല.അഞ്ചു കൊല്ലം കൊണ്ട ് ഐ.എന്‍.എല്‍. മതേതരരായി എന്നതു തന്നെ കാരണം.അതല്ലാതെ, മുമ്പ് യു.ഡി.എഫിന് വോട്ട് ചെയ്തത് കൊണ്ട് മദനിയെ കാണാന്‍ പോയില്ല, ഇപ്പോള്‍ എല്‍.ഡി.എഫിന് ചെയ്തത് കൊണ്ട് പോയി കണ്ടു എന്നൊന്നും സി.പി.എമ്മുകാരെ കൂറിച്ച് അപവാദം പറയരുതാരും.ആ ടൈപ്പല്ല സി.പി.എം. നാല് വോട്ടിന് വേണ്ടി എന്ത് ചെറ്റത്തരവും ചെയ്യാന്‍ വേറെ ആളെ നോക്കണമെന്ന് സഖാവ് പിണറായി നേരത്തേ പറഞ്ഞിരുന്നതാണ്.
പി.ഡി.പി.യുടെ പ്രസിഡന്റായതു കൊണ്ടൊന്നുമല്ല മദനിയെ ജയിലിലിട്ടത്. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസ്സില്‍ പ്രതിയായതു കൊണ്ടാണ്. കൊയമ്പത്തൂര്‍ സ്‌ഫോടനം കീഴരിയൂര്‍ ബോംബ് കേസ്സ് പോലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമൊന്നുമല്ല. നൂറുകണക്കിന് നിരപരാധികളെ കൊല്ലാന്‍ നടത്തിയ കൊടും ഭീകരപ്രവര്‍ത്തനമാണ്.മദനിക്ക് അതില്‍ പങ്കുണ്ടോ എന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് സഹതാപം അറിയിച്ച നേതാക്കള്‍ക്ക് വല്ല നിശ്ചയവുമുണ്ടോ ആവോ ? കോടതിക്ക് തന്നെ ഇക്കാര്യം ബോധ്യപ്പെടാനിരിക്കുന്നേ ഉള്ളൂ.അല്ല ,അത് ബോധ്യമുണ്ടായിരുന്നെങ്കില്‍ നായനാര്‍ സര്‍ക്കാര്‍ അന്ന് മദനിയെ പിടിച്ച് തമിഴ്‌നാട് പോലീസ്സിനെ ഏല്‍പ്പിക്കില്ലായിരുന്നുവല്ലോ.
കോയമ്പത്തൂര്‍ കേസ്സില്‍ പ്രതിയാക്കപ്പെട്ട് എട്ട് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഏക മലയാളിയല്ല മദനി. വേറെയും അരഡസന്‍ മലയാളികള്‍ കിടപ്പുണ്ടവിടെ.മന്ത്രിമാര്‍ക്ക് നേരമുണ്ടാവില്ല പോകട്ടെ, പഞ്ചായത്ത് പ്രസിഡന്റുമാരെയെങ്കിലും അവരെ കാണാന്‍ ആരും അയക്കാത്തതെന്ത് എന്നാലോചിച്ചാരും തല പുകക്കേണ്ട. അവര്‍ക്കൊന്നും നാല് വോട്ടില്ലെന്നേ.
ഇവരെ ജയിലിലാക്കിയിട്ട് വര്‍ഷം കുറെയായി.വിചാരണ നീണ്ടുപോകുന്നത് പ്രതിയുടെ കുറ്റമല്ല.കോടതിക്കോ പോലീസ്സിനോ കേസ്സ് തീര്‍ക്കാന്‍ നേരമില്ലെന്ന്
വെച്ച് പ്രതി അനന്തകാലം ജയിലില്‍ കിടക്കേണ്ട കാര്യവുമില്ല.കേസ്സ് തീര്‍ന്നാലും ഇല്ലെങ്കിലും ഒരു നിശ്ചിതകാലം കഴിഞ്ഞാല്‍ പ്രതിയെ ജയില്‍മോചിതനാക്കാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയില്ലേ ? ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജയിലിലിട്ട് ചോരയും നീരും ഊറ്റിയ ശേഷം ആള് പച്ചപ്പാവവും നിരപരാധിയുമായിരുന്നു എന്ന് പതിനഞ്ചു കൊല്ലം കഴിഞ്ഞ് വിധി പറഞ്ഞിട്ട് എന്ത് കാര്യം. ഒരു മനുഷ്യന് നഷ്ടപ്പെട്ടത് നേടിക്കൊടുക്കാന്‍ പത്ത് കോടതി വിചാരിച്ചാലും കഴിയില്ല.ഏറിയാല്‍ ഇത്ര കാലമേ ഒരു വിചാരണത്തടവുകാരനെ തടവില്‍ ഇടാവൂ എന്ന് കര്‍ശനവ്യവസ്ഥയുണ്ടാക്കാന്‍ ഇന്നോ മുമ്പോ മദനിയെ കാണാന്‍ ക്യൂ നിന്ന മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമൊന്നും ശ്രമിച്ചിട്ടില്ല.
സാരമില്ല, ചെന്നൈയിലിപ്പോള്‍ കരുണാവാരിധിയായ കരുണാനിധിയാണ് ഭരണത്തില്‍. വഴങ്ങാതിരിക്കില്ല.മറ്റേ ജയില്‍ലളിതയായിരുന്നു ഭരണത്തിലെങ്കില്‍ ആരെയെങ്കിലും ജയിലില്‍ നിന്ന് വിടണമെന്ന് നേരിട്ട് ചെന്നല്ല, ഫോണ്‍ വിളിച്ചുപറയാന്‍ പോലും ഇടതുപക്ഷക്കാര്‍ക്ക് കഴിയുമായിരുന്നില്ല. അത്രയും ഭാഗ്യം.
***************************************
ഓരോ കാലത്ത് ഓരോ അമിതാദര്‍ശപ്രാന്തന്‍മാര്‍ ചില അബദ്ധസിദ്ധാന്തങ്ങള്‍ പടച്ചുവിടും. അതിലൊന്നാണ്, നിയമസഭയിലേക്ക് മത്സരിച്ച് തോറ്റവര്‍ പിന്നെ എത്രയോ കാലത്തേക്ക് വേറെ മുന്തിയ സഭകളുടെയൊന്നും അകത്തേക്ക് കടന്നുചെല്ലാന്‍ പാടില്ല എന്നത്. പല പ്രഗത്ഭനേതാക്കള്‍ക്കും ഇങ്ങനെ നിശ്ചിതകാലം ഗതികിട്ടാപ്രേതം പോലെ അലഞ്ഞുതിരിയേണ്ടതായി വന്നിട്ടുണ്ട്. ജനങ്ങള്‍ വോട്ടെടുപ്പില്‍ തിരസ്കരിച്ച ഒരാള്‍ പിന്‍വാതിലില്‍കൂടി മറ്റേതെങ്കിലും സഭയില്‍ കേറുന്നത് ജനാധിപത്യവിരുദ്ധമാവും എന്നതായിരുന്നു സങ്കല്‍പ്പം.
ബന്ധുക്കളാരെങ്കിലും മരിച്ചാല്‍ പുലയാകും, അമ്പലത്തില്‍ കയറാന്‍ പാടില്ല എന്ന് പറയും പോലൊരു അന്ധവിശ്വാസം മാത്രമാണിത് സഖാക്കളേ. പ്രത്യേകിച്ച് സി.പി.ഐ.യെ പോലൊരു അഖില ലോകവിപ്‌ളവ പാര്‍ട്ടി ഇത്തരം പഴഞ്ചന്‍ കീഴ്‌വഴക്കങ്ങളില്‍ ചെന്ന് പെടാന്‍ പാടില്ല. ജനങ്ങളൊന്നുമല്ല കെ.ഇ.ഇസ്മയിലിനെ പട്ടാമ്പിയില്‍ തോല്‍പ്പിച്ചത്, പിന്തിരിപ്പന്‍മാരാണ്.യു.ഡി.എഫ് . തോറ്റാലാണ് ജനങ്ങള്‍ തോല്‌പ്പിച്ചു എന്ന് പറയേണ്ടത്. എല്‍.ഡി.എഫ് തോറ്റാല്‍ ജനങ്ങളെ പിന്തിരിപ്പന്‍മാര്‍ തോല്‍പ്പിച്ചതായി വേണം കണക്കാക്കാന്‍.
കോണ്‍ഗ്രസ് പി.ജെ. കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലിയും ഉണ്ട് ആദര്‍ശപ്രാന്തന്‍മാര്‍ക്ക് ചില സംശയങ്ങള്‍. സുധീരനും മുല്ലപ്പള്ളിക്കുമൊക്കെ നാളെയെങ്കിലും ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിച്ച് പിഴച്ചുപോകാം.കുര്യന്‍ സാറിന്റെ കാര്യം അതുപോലാണോ? കുഞ്ഞാലിക്കുട്ടിയെ വരെ തോല്‍പ്പിച്ച ടൈപ്പല്ലേ ജനം. എങ്ങനെ വിശ്വസിക്കും? സത്യമായും തലയില്‍ മുണ്ടിടാതെ റോഡിലിറങ്ങാന്‍ കഴിയാത്തവര്‍ക്ക് പൂര്‍ണമായി സംവരണം ചെയ്യേണ്ടതാണ് രാജ്യസഭ.