സി.പി.എം. മുന്നണി അധികാരമേറി ആഴ്ചകള്‍ പിന്നിട്ടിട്ടും ഭരണമൊന്നും കാര്യമായി നടക്കുന്നില്ലെന്ന ഒരാക്ഷേപം ചിലര്‍ക്കുണ്ട്. അറിയാഞ്ഞിട്ടല്ല. പുറത്തുനില്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പല കാര്യങ്ങളും ഇതിലുണ്ട്. അകത്തിരിക്കുന്നവര്‍ക്ക് തന്നെ മനസ്സിലായിട്ടില്ല. പിന്നെയല്ലേ പുറത്തുള്ളവരുടെ കാര്യം. അകത്തിരിക്കുന്നവരെ ഇതിന്റെ സൈദ്ധാന്തിക വശങ്ങള്‍ ആദ്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കട്ടെ. അതുചെയ്യാതെ ഭരണം തുടങ്ങിയാല്‍ എല്ലാം അലങ്കോലമാവും. പുറത്തുള്ളവര്‍ അല്‍പം ക്ഷമിക്കുകയല്ലാതെ നിവൃത്തിയില്ല.
ഇതിവിടെ ചര്‍ച്ച ചെയ്യേണ്ടിവന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പില്‍ നേടിയ വാന്‍ വിജയത്തിന്റെ കാരണക്കാര്‍ പാര്‍ട്ടിയല്ല, പാര്‍ട്ടിക്കകത്തെ ഒരു വ്യക്തി മാത്രമാണെന്ന് ചിലര്‍ പ്രചാരണം നടത്തുന്നു. ആരെങ്കിലും എന്തെങ്കിലും പ്രചരിപ്പിക്കട്ടെ, നമുക്കെന്ത് കാര്യം എന്ന് കരുതി മിണ്ടാതിരുന്നു കൂടേ എന്ന് ചോദിച്ചേക്കാം. ഇതങ്ങനെ വിട്ടുകളയാവുന്ന നിലയിലല്ല സഖാക്കളെ. പ്രചാരണം കേട്ട് കേട്ട് ഈ വ്യക്തിക്കു തന്നെയും താനാണ് ജയിപ്പിച്ചതെന്ന് തോന്നിത്തുടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം. അത് അപകടമാവും.
വ്യക്തിയെ മാത്രമങ്ങ് കുറ്റം പറയുന്നതിലും കാര്യമില്ല. താനിനി മത്സരിക്കാനൊന്നുമില്ല, കൃഷിയും വീട്ടുകാര്യവുമായി ശിഷ്ടകാലം കഴിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞ് മാറി നിന്ന നേതാവിനെ ഈ കൂട്ടരാണ് മത്സരരംഗത്തേക്ക് ഉന്തിയിറക്കിയത്. ആരുടെയൊക്കെയോ വാക്ക് കേട്ട് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയും ഈ കൂട്ടത്തില്‍ കൂടി. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാനാവശ്യമായ തീരുമാനം എടുക്കുന്നു എന്നു പറഞ്ഞല്ലേ പാര്‍ട്ടി ഈ സഖാവിനെ കൂടി മത്സരത്തിനിറക്കിയത്. പിന്നെ പറഞ്ഞിട്ടെന്ത് കാര്യം.
എല്ലാവരും അറിയേണ്ട ഒരു കാര്യമുണ്ട്. പാര്‍ട്ടി എവിടെ നില്‍ക്കുന്നു, വ്യക്തി എവിടെ നില്‍ക്കുന്നു എന്നത് സംബന്ധിച്ചാണത്. ഒരു വ്യക്തിയും പാര്‍ട്ടിയേക്കാള്‍ വലുതായിക്കൂടാ. ഏതെങ്കിലും വ്യക്തി പാര്‍ട്ടിയെ ജയിപ്പിക്കുകയല്ല, പാര്‍ട്ടി വ്യക്തിയെ ജയിപ്പിക്കുകയാണ് ചെയ്യുന്നത്. ജനങ്ങളാണ് പാര്‍ട്ടിയെ ജയിപ്പിക്കുന്നതെന്ന കാര്യവും മറന്നുകൂടാ. ജനം പാര്‍ട്ടിയെ ജയിപ്പിക്കാറേ ഉള്ളൂ, തോല്‍പ്പിക്കാറില്ല. എന്നെങ്കിലും പാര്‍ട്ടി തോറ്റിട്ടുണ്ടെങ്കില്‍ അത് പിന്തിരിപ്പന്‍മാരുടെ പണിയാണ് എന്ന് വേണം ധരിക്കാന്‍. രാഷ്ട്രീയബോധം കുറഞ്ഞബൂര്‍ഷ്വാകള്‍ മനസ്സിലാക്കാന്‍ ലളിതമായ ഒരു ഉദാഹരണം പറയാം. താജ്‌മഹല്‍ നിര്‍മിച്ചതാര് എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ചരിത്രബോധമില്ലാത്തവര്‍ ഷാജഹാന്‍ എന്നുത്തരം പറയും. ചരിത്രബോധമുള്ളവര്‍ക്ക് അതങ്ങനെ എളുപ്പം പറയാനാവില്ല. കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചതാര്, കല്ല് ചുമന്നതാര്, മണ്ണ് വെട്ടിയതാര് എന്നത് സംബന്ധിച്ച പൂര്‍ണ ലിസ്റ്റ്, സ്ഥലം കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) കമ്മിറ്റി മുഖേന ശേഖരിച്ച് മാത്രമേ മറുപടി പറയാനാവൂ. അതാണ് സൈദ്ധാന്തിക ജ്ഞാനമില്ലാത്ത അരാഷ്ട്രീയക്കാരും പ്രത്യയശാസ്ത്രബോധമുള്ളവരും തമ്മിലുള്ള വ്യത്യാസം.
ചക്രവര്‍ത്തിമാര്‍ വെറും വ്യക്തികളാണ്. കെട്ടിടം നിര്‍മിക്കുന്നതവരല്ല, ചരിത്രം നിര്‍മിക്കുന്നതും അവരല്ല. ലോകം അനിവാര്യമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ് ചെയ്യുന്നത്. ചരിത്രപരമായ മാറ്റം എന്ന് കേട്ടിട്ടില്ലേ? അതന്നെ. ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്ന് പണ്ടുള്ളോര് പറയാറില്ലേ? ഏതാണ്ട് അതുപോലൊക്കെ തന്നെ. സമയമാവുമ്പോള്‍ ചെയ്യേണ്ട കാര്യം ജനം അറിഞ്ഞുചെയ്തുകൊള്ളും. വിപ്ലവം നടക്കുന്നത് പോലും അങ്ങനെയാണ്. ആത്മനിഷ്ഠവും വസ്തുനിഷ്ഠവും ഒത്തുവന്നാല്‍ പിന്നെ പിടിച്ചാല്‍ നില്‍ക്കില്ല. ലെനിനാണ് റഷ്യയില്‍ വിപ്ലവം നടത്തിയതെന്ന് കരുതിയ ചിലരുണ്ട്. ലെനിന്‍ ഇല്ലായിരുന്നുവെങ്കിലും വിപ്ലവം നടക്കുമായിരുന്നു എന്നതാണ് കാര്യം.
ഇത് ഭരണത്തിനും ബാധകമായ തത്ത്വമാണ്. വ്യക്തിയല്ല, പാര്‍ട്ടിയാണ് ഭരിക്കുന്നത്. പാര്‍ട്ടി തീരുമാനിക്കും വ്യക്തി നടപ്പാക്കും എന്നതാണ് രീതി. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ വ്യക്തി ഭരിക്കും പാര്‍ട്ടി നോക്കിനില്‍ക്കും എന്ന രീതിയാണ്. മുഖ്യമന്ത്രി ഏത് വകുപ്പ് കൈകാര്യം ചെയ്യണം എന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയാണ്. ഇന്ന് ഏത് ഫയല്‍ നോക്കണം എന്ത് തീരുമാനം എഴുതണം എന്നെല്ലാം പാര്‍ട്ടി തീരുമാനിക്കും. ഇതില്‍ അസാധാരണമായി യാതൊന്നും ഇല്ല. സിനിമയില്‍ മോഹന്‍ലാലും
മമ്മൂട്ടിയുമൊക്കെ പറയുന്ന നെടുങ്കന്‍ ഡയലോഗുകള്‍ അവര്‍ക്ക് വായില്‍ തോന്നിയത് പറയുന്നതാണോ? വേറെ ആരോ തയ്യാറാക്കിയ ഡയലോഗാണ് അവര്‍ പറയുന്നത്. എന്നുവെച്ച് ആരെങ്കിലും അവര്‍ മോശക്കാരാണ് എന്ന് പറയാറുണ്ടോ?
അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയാര്, ആഭ്യന്തരമന്ത്രിയാര്, വിജിലന്‍സ് മന്ത്രിയാര് എന്നത് പ്രശ്നമല്ല എന്ന് സഖാവ് വി.എസ്. അച്യുതാനന്ദനും ബോധ്യമാകും. പാര്‍ട്ടി പ്രവര്‍ത്തകനേക്കാള്‍ അച്ചടക്കം വേണം മുഖ്യമന്ത്രിക്ക്. പരിഷ്കരണവാദികളും ‘സി.ഐ.എ. ചാരന്‍ഫ്രാങ്കി’യുടെ കൂട്ടെഴുത്തുകാരും മന്ത്രിസഭയിലുണ്ടാകാം. പക്ഷേ, ഭരിക്കുന്നത് പാര്‍ട്ടിയാണെന്ന ബോധമുണ്ടെങ്കില്‍ ഒരിറ്റ് കുറ്റബോധമില്ലാതെ അഞ്ചുകൊല്ലം കസേരയിലിരിക്കാന്‍ പ്രയാസമുണ്ടാവില്ല. അതിനുള്ള ഒരു ട്രെയ്‌നിങ്ങിന്റെ ചെറിയ കാലതാമസമേ ഉള്ളൂ. അക്ഷമ ആര്‍ക്കും വേണ്ട.
* * * * * * *
‘ചിന്ത’വാരികയില്‍ സൈദ്ധാന്തിക കാര്യങ്ങള്‍ സംബന്ധിച്ച് വകതിരിവില്ലാത്തവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയെന്ന ബാധ്യതയില്‍നിന്ന് സഖാവ് വി.എസ്സിനെ ഈയിടെ ഒഴിവാക്കുകയുണ്ടായല്ലോ. ഇതിനെ ചൊല്ലി പാര്‍ട്ടികാര്യങ്ങളെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ചിലര്‍ വിവാദങ്ങളുണ്ടാക്കിയതായി കേള്‍ക്കുന്നുണ്ട്. മുഖ്യമന്ത്രിയായിക്കഴിഞ്ഞ സാഹചര്യത്തില്‍ വി.എസ്സിന്റെ ഭാരം കുറയ്ക്കുകയെന്ന സദുദ്ദേശ്യത്തോടെയാണിത് ചെയ്തത് എന്ന് എല്ലാ സഖാക്കളും വിശ്വസിച്ചുകൊള്ളണം എന്ന് പാര്‍ട്ടി ഉത്തരവായിട്ടുണ്ട്. വി.എസ്. കഷ്ടപ്പെട്ട് കുത്തിയിരുന്നാണ് ഇക്കണ്ട ചോദ്യങ്ങള്‍ക്കൊക്കെ മറുപടി എഴുതുന്നത്‌എന്നാണ് ഇതു കേട്ടാല്‍തോന്നുക. ഉത്തരമെഴുത്ത് പണി മുഖ്യമന്ത്രിപ്പണി പോലെ തന്നെയാണ്. നമ്മള്‍ അവിടെ ഇരുന്നുകൊടുത്താല്‍ മതിയാകും. ഉത്തരങ്ങളെല്ലാം വേറെ ‘ആണുങ്ങള്‍’ എഴുതിക്കൊള്ളും. കുറച്ചുമാസംമുമ്പ് ഇതേ വാരികയില്‍ പങ്കാളിത്തജനാധിപത്യത്തെക്കുറിച്ചു വന്ന ഒരു ചോദ്യത്തിന്റെ മറുപടി താനെഴുതിയതോ അറിഞ്ഞതോ അല്ലെന്നായിരുന്നു വി.എസ്. പിന്നീട് പറഞ്ഞത്. വി.എസ്. അറിയേണ്ട കാര്യമില്ല. പാര്‍ട്ടി തയ്യാറാക്കിയ മറുപടിയെ തള്ളിപ്പറയുന്ന ആളുടെ പേര് എങ്ങനെ വിശ്വസിച്ച് മറുപടിയുടെ അടിയില്‍ കൊടുക്കും? സ്വന്തമായിട്ട് തന്നെ എഴുതണമെന്നുണ്ടെങ്കില്‍ സഖാവ് നായനാര്‍ ചെയ്തിരുന്നതുപോലെ വല്ല ബൂര്‍ഷ്വാപത്രത്തിലോ ചാനലിലോ ഒരു കൈ നോക്കുകയായിരിക്കും നല്ലത്.
* * * * * *
മുസ്‌ലിം ലീഗിന് തകര്‍ച്ച സംഭവിച്ചത് അഹന്ത കൊണ്ടാണെന്ന് സി.എം.പി. നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ആളുകള്‍ക്കത് ശരിക്കും മനസ്സിലായിക്കാണണം. മനസ്സിലാകാത്തത് മറ്റൊരു സംഗതിയാണ്. ലവലേശം അഹന്ത ഇല്ലാഞ്ഞിട്ടും സി.എം.പി.ക്ക് എങ്ങനെയാണപ്പാ ഈ തകര്‍ച്ച സംഭവിച്ചത്. മഹാകഷ്ടമായിപ്പോയി.