ആരെങ്കിലും കേറി ലീഡറെ അധിക്ഷേപിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് സഹിക്കില്ല. പുത്രനേക്കാള്‍ സ്നേഹം തുളുമ്പിവരും ചിലപ്പോള്‍ മാനസപുത്രന്. അതങ്ങനെയാണ്. പിതാവിന് ദാഹിച്ചാല്‍ ഒരു തുള്ളി വെള്ളം കൊടുക്കാത്തവനും അങ്ങാടിയില്‍വെച്ചാരെങ്കിലും തന്തയെ പറഞ്ഞാല്‍ സഹിക്കില്ല.
സി.പി.എം. ലീഡറോട് കാട്ടിയ ക്രൂരത രമേശിനും സഹിക്കാനായില്ല. ലീഡറും സി.പി.എം. മുന്നണിയും ഒത്തൊരുമയോടെ മത്സരിക്കുന്നതും യു.ഡി.എഫിനെ നിലംപരിശാക്കുന്നതും കാണാന്‍ വലിയ പൂതിയായിരുന്നു രമേശിനെന്നു തോന്നിപ്പോകും രോഷം കണ്ടാല്‍. നേരത്തെ വി.എസ്സും വെളിയവും ലീഡറെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചപ്പോഴും പി.സി.സി. പ്രസിഡന്റ് രോഷം കൊള്ളുന്നുണ്ടായിരുന്നു. വഴിയില്‍ കെട്ടിത്തൂക്കിയ ചെണ്ടപോലെ ആര്‍ക്കും തട്ടാനും മുട്ടാനും ഉള്ളതോ ലീഡര്‍ എന്നായിരുന്നു ചോദ്യം.
ഇപ്പോള്‍ ആ പ്രശ്നമില്ല. വി.എസ്സും നിര്‍ത്തി, വെളിയവും നിര്‍ത്തി. ഡി.ഐ.സി.യുമായി തിരഞ്ഞെടുപ്പില്‍ ഒരു നീക്കുപോക്കും ഇല്ലെന്ന് സി.പി.എം. തീരുമാനിച്ചതോടെ എന്തിനു വെറുതെ ലീഡറെ ആക്രമിക്കണം? വഴിയോരത്തുണ്ടായിരുന്ന ചെണ്ടയിപ്പോള്‍ കെ.പി.സി.സി. ഓഫീസിന്റെ മുറ്റത്തെ മാവിന്‍ കൊമ്പത്താണു കെട്ടിത്തൂക്കിയിട്ടുള്ളത്. രാവിലെ ചെന്നിത്തല ഉറക്കമുണര്‍ന്ന ഉടനെ ചെന്നൊരു കൊട്ടുകൊടുക്കും-“ഡി.ഐ.സി. കൊള്ളാം കൊള്ളാം പക്ഷേ, ഘടകകക്ഷിയാക്കാനൊന്നും കൊള്ളില്ല-ടും. അതുകഴിഞ്ഞ് പോയി പത്രം വായിച്ചുവന്നശേഷം ഒന്നുകൂടി കൊട്ടും-ഡി.ഐ.സി.യുമായി ചര്‍ച്ചയൊന്നുമില്ല. ഇല്ലില്ല ചര്‍ച്ചയില്ല-ടും ടും” പിന്നെ പോയി ചായ കുടിച്ചുവന്ന് വീണ്ടും കൊട്ടും. “ഡി.ഐ.സി.യുമായി ചര്‍ച്ചയ്ക്ക് ആരേയും നിയോഗിച്ചിട്ടില്ല. ഒരു നീക്കുമില്ല, പോക്കുമില്ല-ടും ടും ടും….” ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വന്ന് ബഹുവേഗം രണ്ട് കൊട്ടും. “സോണിയയുടെനേതൃത്വം അംഗീകരിക്കണം. മുട്ടുകുത്തിനിന്നു മാപ്പും പറയണം.” പിന്നെ തീവ്രവാദികള്‍ ഓരോന്നായി ഗേറ്റു തുറന്നും മതില്‍ ചാടിയുമെല്ലാം വരികയായി. “കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം. കോണ്‍ഗ്രസ്സ് കൊടിപിടിച്ച് മുന്നില്‍ നടക്കണം. ഘടകകക്ഷികളോട് മിണ്ടരുത്. സോണിയായ നമഃ എന്നു മൂന്നു നേരം ജപിക്കണം….” തുടങ്ങിയ നിബന്ധനകളുമായാണു ഓരോരുത്തരുടെയും വരവ്. തട്ടിനും കൊട്ടിനുമേ നേരമുള്ളു. ഇടവേള പോലുമില്ല. ഡി.ഐ.സി. പിരിച്ചുവിട്ട് ലീഡറും മുരളിയും ബദരിനാഥില്‍ പോയി തപസ്സിരിക്കണം എന്നു കൂടിയേ ഇനി പറയാന്‍ ബാക്കിയുള്ളു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന അവസാന തിയ്യതിക്ക് മുമ്പ് അതും കേള്‍ക്കും. അതിനുമുമ്പ് ചെണ്ടയുടെ തുകല്‍ പൊളിഞ്ഞുതൂങ്ങിപ്പോകുമോ എന്നേ നോക്കേണ്ടതുള്ളു. തട്ടും മുട്ടും തുടരട്ടെ.
********************************
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിതി വളരെ ഭേദമാണെന്നു തന്നെയാണ് ലീഡര്‍ക്ക് തോന്നുന്നത്. അന്നു സീറ്റ് ചര്‍ച്ചയ്ക്കും ധാരണ – നീക്കുപോക്കാദികള്‍ക്കുമായി ഒരു ഘടകകക്ഷി നേതാവും ലീഡറെ തിരഞ്ഞുവരികയുണ്ടായില്ലല്ലോ. കുഞ്ഞാലിക്കുട്ടിയോ ബഷീറോ അന്ന് ഈ വഴിക്കുവന്നോ? ലീഡര്‍ 2001 മാര്‍ച്ചില്‍ ഡല്‍ഹിയിലേക്കും തിരിച്ചും എത്ര വട്ടമാ ഷട്ട്ല്‍ സര്‍വ്വീസ് നടത്തിയത്. സാവിത്രി ലക്ഷ്മണനെ മാറ്റി മകള്‍ പത്മജയെ സ്ഥാനാര്‍ഥിയാക്കാനാണ് ഈ പാച്ചില്‍ എന്നാണ് അസൂയാലുക്കള്‍ പറഞ്ഞുപരത്തിയത്. ഒടുക്കം ചെന്നപ്പോള്‍ സോണിയാജി കാണാന്‍ കൂട്ടാക്കിയില്ലെന്നും വാതില്‍ അടച്ചുകളഞ്ഞെന്നുംവരെ ആജന്‍മശത്രുക്കളായ എ ഗ്രൂപ്പുകാരും മൂന്നാം ഗ്രൂപ്പ് മുതല്‍ എട്ടാം ഗ്രൂപ്പുവരെയുള്ളവന്‍മാരും പറഞ്ഞു നടന്നു. അതുസഹിക്കാതെയാണ് ലീഡര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവി രാജിവെച്ചത്. പ്രത്യേകം ക്ഷണിച്ചാല്‍ പോകേണ്ട എന്നു വെക്കുമെന്നല്ലാതെ അതിനു മുമ്പാരും ആ സ്ഥാനം രാജിവെച്ച ചരിത്രമില്ല. എന്തിനേറെ പറയുന്നു- ഒടുവില്‍ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് പ്രചാരണം മുന്നേറിയ ഘട്ടത്തിലാണ് മൂന്ന് സ്ഥാനാര്‍ഥികളെ മാറ്റി ഐ ഗ്രൂപ്പിന് സീറ്റ് കൊടുത്തത്. അന്ന് ഐ ഗ്രൂപ്പ് മത്സരിച്ചത് 37 സീറ്റില്‍. ഇത്തവണയും ധാരണയാകട്ടെ മുന്നണിയാകട്ടെ നീക്കോ പോക്കോ ആകട്ടെ 37 ല്‍ ഒരു സീറ്റ് കുറഞ്ഞുള്ള ഒരേര്‍പ്പാടിനുമില്ല ഡി.ഐ.സി. അഞ്ച് കൊല്ലം മുമ്പ് വെറുമൊരു ഐ ഗ്രൂപ്പ് ആയിരുന്ന പുല്‍ക്കൊടി ഇപ്പോള്‍ സ്വന്തം കൊടിയും വടിയുമെല്ലാമുള്ള പനയോളം വലിയ പാര്‍ട്ടിയായില്ലേ? 37 സീറ്റില്‍ കുറയരുത്. ആകപ്പാടെ ഒരു പ്രശ്നമുള്ളത് രാജിവെക്കാന്‍ പറ്റിയ ‘പ്രത്യേക ക്ഷണിതാവ്’ പോലൊരു സ്ഥാനമില്ലെന്നതു
മാത്രമാണ്. സോണിയാജിയെ ഒന്ന് ഞെട്ടിക്കാന്‍ പറ്റിയ ഉണ്ടയൊന്നും കൈയിലില്ല. സാരമില്ല ഉണ്ടയില്ലൊതെയും വെടിവെക്കാമല്ലോ
**********************************
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിമാനമൊക്കെ ഏര്‍പ്പെടുത്താന്‍ പാങ്ങുള്ള കക്ഷിയാണ് സി.പി.എം. എന്ന ധാരണയില്‍ പറയുകയാണ്. ഇനി അതില്ലെങ്കില്‍ ക്ഷമിക്കിന്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേ സമയമാണ് വോട്ടെടുപ്പ്. പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ക്ക് ഹര്‍കിഷന്‍ സുര്‍ജിത്തിന്റെയോ ജ്യോതിബസുവിന്റെയോ പ്രായമൊന്നുമില്ലെങ്കിലും തിരക്കിനിടയില്‍ അബദ്ധവും ഓര്‍മപ്പിശകും ആര്‍ക്കും പറ്റാം. പാലക്കാട്ടൊരു പൊതുയോഗത്തില്‍ പ്രസംഗിച്ച് തൃശ്ശൂരിലേക്ക് പോകും മുമ്പ് കോയമ്പത്തൂരിലൊരു പ്രസംഗം തീരുമാനിച്ചിട്ടുണ്ടെങ്കിലോ? പാലക്കാട് പ്രസംഗത്തിന്റെ കുറിപ്പ് വെച്ച് കോയമ്പത്തൂരില്‍ ചെന്നു സോണിയാഗാന്ധിക്കും കോണ്‍ഗ്രസ്സിനും എതിരെ അടിച്ചുവീശിയാലോ? മുസ്‌ലിം ലീഗ് മുഴുത്ത വര്‍ഗീയ കൊഴക്കട്ടയാണെന്ന് പറഞ്ഞുപോയാലോ? ആകെ അപകടമായിപ്പോകും. മുല്ലപ്പെരിയാറിലെ വെള്ളം തടഞ്ഞുവെച്ചു തട്ടിയെടുത്ത് രാവും പകലും മുക്കിമുക്കിക്കുടിച്ച് വീര്‍ത്തുവരുന്ന തമിഴന്റെ പള്ളയ്ക്ക് ഓരോന്നു കൊടുക്കണമെന്നോ മറ്റോ പറഞ്ഞുപോയാലോ?
ലണ്ടനിലും മറ്റും പഠിച്ച അത്യുഗ്രന്‍ ബുദ്ധിശാലികളാണ് സഖാക്കള്‍. വിഡ്ഢിത്തം ഒന്നും പറയില്ല. തമിഴ്‌നാട്ടിലെ മുസ്‌ലിം ലീഗ് വര്‍ഗീയമോ അവിടത്തെ കോണ്‍ഗ്രസ് മൂരാച്ചി പിന്തിരിപ്പനോ അല്ല എന്നവര്‍ക്ക് നന്നായി അറിയാം. കേരളത്തിലേ കോണ്‍ഗ്രസ്സിനും ലീഗിനും ഈ വിധ ദോഷങ്ങളുള്ളൂ. പണ്ട്, കോണ്‍ഗ്രസ്-ലീഗ് സഖ്യം തുടങ്ങിയ കാലത്ത് കേരളത്തിലെ ലീഗ് വര്‍ഗീയമല്ല എന്നു കോണ്‍ഗ്രസ് നേതാക്കള്‍ ന്യായം പറയാറുണ്ടായിരുന്നല്ലോ. തമിഴ്‌നാട്ടിലെ ലീഗും വര്‍ഗീയമല്ല. അവിടെ കോണ്‍ഗ്രസ്സും ലീഗും സി.പി.ഐ.യും സി.പി.എമ്മുമെല്ലാം ഒറ്റ മുന്നണിയിലാണ്. അതുപോലെ, മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന് കേരളത്തില്‍ മാത്രമേ പ്രസംഗിക്കാന്‍ പാടുള്ളൂ. ജലനിരപ്പ് ആകാശത്തോളം ഉയര്‍ത്താം എന്നാണ് തമിഴ്‌നാട്ടില്‍ പറയേണ്ടത്. അബദ്ധം പറ്റരുതല്ലോ. സി.പി.എമ്മിലെ മാത്രമല്ല, എല്ലാ പാര്‍ട്ടികളിലെയും ദേശീയ നേതാക്കള്‍ മുല്ലപ്പെരിയാര്‍ തത്ത്വം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഉയര്‍ത്തരുതെന്ന് കേരളത്തില്‍, ഉയര്‍ത്താമെന്ന് തമിഴ്‌നാട്ടില്‍. പറയുന്നത് തിരിച്ചായിപ്പോകരുതേ…
*******************************
എന്തിനും വേണം ഒരു പരിധിയൊക്കെ. ഒരു രാഷ്ട്രീയപാര്‍ട്ടി വര്‍ഗീയമാണോ മതേതരമാണോ എന്ന് കണ്ടുപിടിക്കാന്‍ എത്രകാലം വേണം? ഒരു കിലോമീറ്റര്‍ ദൂരെനിന്ന് ഒറ്റ നോട്ടം നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയുന്ന ദീര്‍ഘദൃക്കുകളുണ്ടായിരുന്ന പാര്‍ട്ടിയാണു സി.പി.എം. ഐ.എന്‍.എല്‍. വര്‍ഗീയമാണോ അല്ലയോ എന്ന് കണ്ടെത്താന്‍ സി.പി.എമ്മിന് ഇനിയും എത്രകാലം വേണം? വര്‍ഷം പന്ത്രണ്ടായില്ലേ നിങ്ങള്‍ ഈ സൂക്ഷ്മ പരിശോധന തുടങ്ങിയിട്ട്?
ഐ.എന്‍.എല്‍. വര്‍ഗീയമല്ലെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി നായനാര്‍ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞതാണ്. വി.എസ്സിനു മറിച്ചായിരുന്നു അഭിപ്രായം. “എന്റെയഭിപ്രായം വര്‍ഗീയമല്ലെന്നാണ്. മറ്റേത് മറ്റേയാളോട് ചോയിക്ക്” എന്നാണന്ന് നായനാര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്. വര്‍ഗീയ വോട്ടിന്റെ കോഴിയിറച്ചി കൂട്ടുകയും വേണം, വര്‍ഗീയ കോഴിപ്പനി പിടിപെട്ട് മയ്യത്താവുകയും ചെയ്യരുത്. നന്നായി വേവിച്ചാല്‍ മതിയെന്ന നീക്കുപോക്ക് മാത്രമായിരുന്നു പരിഹാരം. പോരാത്തതിന് നന്നായി ചവച്ചിറക്കുകയും ചെയ്തു. അതുകൊണ്ട് ഐ.എന്‍.എല്ലിനു വല്ലതും കിട്ടിയോ? അതില്ലതാനും. ഇത്തവണയും ഐ.എന്‍.എല്ലിനെ കഷ്ടപ്പെടുത്തരുത്. ഡി.ഐ.സി.യോട് കാട്ടിയ ക്രൂരതയുടെ ശാപംതന്നെ ഇടിത്തീയായി സി.പി.എമ്മിന്റെ തലയില്‍ വീഴാനിരിക്കുകയാണ്. ഐ.എന്‍.എല്ലിന്റേത് കൂടിച്ചേര്‍ന്നാല്‍ പൊടികാണൂല്ല കേട്ടോ കരുതിക്കോളൂ.