അകത്തുമല്ല, പുറത്തുമല്ല

ഇന്ദ്രൻ

ഇന്ദിരാകോണ്‍ഗ്രസ്സിനെ കേരളത്തിലെ ഇടതുജനാധിപത്യമുന്നണിയുടെ അകത്ത്‌ പ്രവേശിപ്പിക്കുമോ അതോ മുറ്റത്ത്‌ വെയിലിലും മഴയിലും തുടര്‍ന്നും നിര്‍ത്തുമോ എന്ന കാര്യത്തില്‍ ബേജാറുള്ളത്‌ ദൂരെ റോഡിലെ തെക്കുവടക്കു നടക്കുന്നവര്‍ക്ക്‌ മാത്രമാണ്‌. ഇന്ദിരാകോണ്‍ഗ്രസ്സിനോ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മിനോ ഇക്കാര്യത്തില്‍ ലവലേശം വിഷമമില്ല. കേരളത്തിലെ ബൂര്‍ഷ്വാമാധ്യമങ്ങളില്‍-അച്ചടിയും മറ്റേതും-കുറെ നാളായി ചര്‍ച്ച ഇതിനെക്കുറിച്ചായിരുന്നു. കൊല്‍ക്കത്തയില്‍ ചേരുന്ന പൊളിറ്റ്ബ്യൂറോ ഇന്ദിരാകോണ്‍ഗ്രസ്സിനെ മുന്നണിയില്‍ എടുക്കുമോ? എടുക്കുമെന്ന്‌ ചിലര്‍, ഇല്ലെന്ന്‌ പലര്‍. പൊളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞപ്പോള്‍ ബൂര്‍ഷ്വാമാധ്യമങ്ങള്‍ ഇതാ ഏകകണ്ഠമായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു- ഇന്ദിരാ കോണ്‍ഗ്രസ്സിനെ മുന്നണിയിലെടുക്കേണ്ട എന്ന്‌ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചിരിക്കുന്നു.

മാധ്യമമാഫിയയുടെ മറ്റൊരു തട്ടിപ്പാണിതെന്ന്‌ സംശയിക്കാന്‍ മതിയായ കാരണങ്ങളും തെളിവുകളുമുണ്ട്‌. സി.പി.എം. പൊളിറ്റ്‌ ബ്യൂറോവിന്റെ സുപ്രധാനമെന്നോ ചരിത്രപ്രധാനമെന്നുപോലുമോ വിശേഷിപ്പിക്കാവുന്ന തീരുമാനത്തെക്കുറിച്ച്‌ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ യാതൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. “കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ നിര്‍ണായകമായ വിജയം ഉറപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തിരഞ്ഞെടുപ്പുനയം സംബന്ധിച്ച്‌ സംസ്ഥാന ഘടകവുമായി ആലോചിച്ച്‌ അന്തിമ തീരുമാനത്തിലെത്തുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു”- തീര്‍ന്നു. ഇന്ദിരാകോണ്‍ഗ്രസ്‌ എന്ന പേരുപോലും പൊളിറ്റ്ബ്യൂറോപ്പിറ്റേന്നത്തെ പാര്‍ട്ടി പത്രത്തിലെ റിപ്പോര്‍ട്ടിലില്ല. ‘നേരറിയാനും നേരത്തെ അറിയാനും’ പാര്‍ട്ടിയംഗങ്ങള്‍ വേറെ ബൂര്‍ഷ്വാ പത്രം കാശുകൊടുത്ത്‌ വാങ്ങിക്കോട്ടെ എന്നൊന്നും പാര്‍ട്ടി തീരുമാനിക്കില്ലെന്ന്‌ തീര്‍ച്ച. അതുകൊണ്ട്‌ ഇന്ദിരാകോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയിലെടുക്കേണ്ട എന്ന്‌ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചുവെന്ന്‌ വിശ്വസിക്കാനേ പറ്റില്ല. അക്കാര്യം ചര്‍ച്ച ചെയ്തിട്ടുതന്നെയില്ല.

പൊളിറ്റ്ബ്യൂറോ തീരുമാനം സംബന്ധിച്ച വാര്‍ത്തകള്‍ കേട്ടിട്ടും ഇന്ദിരാകോണ്‍ഗ്രസ്സില്‍ യാതൊരു ഭാവഭേദവും ഉണ്ടായില്ലെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. അഞ്ചെട്ടുമാസമായി മുറ്റത്തു തന്നെ നില്‍ക്കുന്നതുകൊണ്ട്‌ അതൊരു ശീലമായതാവാം കാരണം. ശീലിച്ചാല്‍ കയ്പും മധുരമായി വരും. മുറ്റത്ത്‌ ഇന്ദിരാകോണ്‍ഗ്രസ്‌ തനിച്ചൊന്നുമല്ല താനും. ഐ.എന്‍.എല്‍. എത്രകാലമായി അവിടെ നില്‍ക്കുന്നു. അവര്‍ കുറെയായി ഒരു കുടില്‍ മറച്ചുകെട്ടിയാണ്‌ പാര്‍ക്കുന്നതത്രെ. തിരിച്ചറിയാന്‍ പറ്റാത്ത വേറെ ചില കക്ഷികളെയും മുറ്റത്ത്‌ അവിടെയിവിടെയായി കാണാനുണ്ട്‌. അതുകൊണ്ട്‌ ഏകാന്തതയുടെ പ്രശ്നമില്ല ആര്‍ക്കും.

പാര്‍ട്ടിയെ ഉടനെ മുന്നണിയിലെടുക്കുമെന്നൊന്നും തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ ലീഡര്‍ കെ. കരുണാകരന്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. അംഗത്വം അനുവദിച്ചുകിട്ടുന്നതിന്‌ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ അത്‌ റിജക്ട്‌ ചെയ്യപ്പെട്ടോ അതല്ല പെന്‍ഡിങ്ങില്‍ വെച്ചിരിക്കുകയാണോ എന്നൊന്നും വ്യക്തമാക്കിയതുമില്ല. അതല്ല കാര്യം. ഇന്ദിരാകോണ്‍ഗ്രസ്സിന്‌ ഉടനെ ചെന്ന്‌ ഇടതുമുന്നണി ഘടകകക്ഷിയാകാമെന്നോ അടുത്ത മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ്‌ നേടിയെടുത്ത്‌ ഉമ്മന്‍ കോണ്‍ഗ്രസ്സുകാരെ മുഴുവന്‍ അടിച്ച്‌ ആസ്പത്രിയിലാക്കാമെന്നോ ഉള്ള മോഹമൊന്നുമില്ല. സ്വാര്‍ഥത പണ്ടേ ഇല്ലല്ലോ. ഇന്ദിരാ കോണ്‍ഗ്രസ്‌ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നതിന്റെ തത്ത്വവും കാരണവും സിദ്ധാന്തവുമൊക്കെ ലീഡര്‍ ‘ദേശാഭിമാനി’ പത്രത്തില്‍ കഴിഞ്ഞ നവംബറില്‍ വ്യക്തമായി എഴുതിയതാണ്‌. 50 വര്‍ഷം പിന്നിട്ടെങ്കിലും കേരളത്തില്‍ ഭരണസ്ഥിരതയില്ല. അച്യുതമേനോനേ അഞ്ചു വര്‍ഷത്തിലേറെ തുടര്‍ച്ചയായി ഭരിക്കാന്‍തന്നെ കഴിഞ്ഞിട്ടുള്ളൂ. പുരോഗതിയും വികസനവും ഇല്ലാതാകാന്‍ കാരണം ഇതുതന്നെ. ഭരണസ്ഥിരത ഉണ്ടാകാനാണ്‌ ഇന്ദിരാകോണ്‍ഗ്രസ്‌ കഷ്ടപ്പെട്ട്‌ യു.ഡി.എഫ്‌. വിട്ടിറങ്ങിയത്‌. ഇടതുമുന്നണി ഭരിക്കണം. സ്ഥിരമായി തന്നെ. അതു മാത്രമാണ്‌ പുരോഗതിക്കുള്ള വഴി-ഇതാണ്‌ ലീഡര്‍ എഴുതിയ ലേഖനത്തിലെ കാതലായ കാര്യം. മനസ്സിലായല്ലോ, അംഗത്വവും ധാരണയും നീക്കുപോക്കും മുന്നണിയുമൊന്നുമല്ല കാര്യം; ഭരണസ്ഥിരതയാണ്‌ കാര്യം.

ഇന്ദിരാകോണ്‍ഗ്രസ്സുമായുള്ള സി.പി.എമ്മിന്റെ ബന്ധത്തെ പൊളിറ്റ്‌ ബ്യൂറോ തിരസ്കരിക്കില്ലെന്ന കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനു മുന്‍പേ ഉറപ്പാണ്‌. കാരണം ബന്ധം ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു എന്നതുതന്നെ. ഡി.ഐ.സി. ബന്ധത്തിനു വലിയ
സ്വീകാര്യത ലഭിച്ചുകഴിഞ്ഞുവെന്ന പിണറായിയുടെ പ്രസ്താവന പാര്‍ട്ടി പത്രത്തില്‍ വലിയ തലവാചകത്തില്‍ത്തന്നെ വന്നതാണ്‌. ജനങ്ങള്‍ സ്വീകരിച്ചത്‌ പൊളിറ്റ്‌ ബ്യൂറോ തിരസ്കരിക്കുകയോ? ഇല്ലില്ല. ഇതൊരു ജനാധിപത്യ പാര്‍ട്ടിയാണ്‌.

അതുകൊണ്ട്‌ ഇന്ദിരാകോണ്‍ഗ്രസ്‌ ഇന്ദിരാകോണ്‍ഗ്രസ്സായും എല്‍.ഡി.എഫ്‌. അതായും തുടരും. ഇവ തമ്മിലുള്ള ബന്ധത്തിന്റെ നാനാവശങ്ങളെക്കുറിച്ച്‌ ചര്‍ച്ച തുടരുകയും ചെയ്യാം. പൊളിറ്റ്‌ ബ്യൂറോവിനും ഇന്ദിരാ കോണ്‍ഗ്രസ്സിനും തൃപ്തികരമായ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിക്കറിയാം. പോരെങ്കില്‍ സഹായിക്കുന്നതിനു സീതാറാം യെച്ചൂരി വരുന്നുമുണ്ട്‌. ആര്‍ക്കും വേവലാതി വേണ്ട.

**************************

എന്ത്‌? സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ശേഷിയെക്കുറിച്ച്‌ സംശയമുണ്ടെന്നോ? സംശയമുള്ളവര്‍ ഒരു കാര്യം ചെയ്യണം. കഴിഞ്ഞ വ്യാഴാഴ്ച ദേശാഭിമാനി പത്രത്തില്‍ എഴുതിയ മുഖപ്രസംഗം വായിച്ചുനോക്കണം. ‘ഇരുത്തം വന്ന രാഷ്ട്രീയനേതൃത്വം’ എന്ന തലവാചകം തന്നെ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുള്ളതാണ്‌. സംസ്ഥാന നേതൃത്വം അച്ചടിച്ചിറക്കുന്ന പത്രത്തില്‍ സംസ്ഥാന നേതൃത്വത്തെക്കുറിച്ചല്ലാതെ പിന്നെ പൊളിറ്റ്‌ ബ്യൂറോവിനെക്കുറിച്ചാണോ പ്രശംസാവചനമെഴുതേണ്ടത്‌? ഇതു നല്ല കഥ.

സി.പി.ഐ. നേതാവ്‌ വെളിയം ഭാര്‍ഗവന്‍ വെളിവില്ലാതെ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക്‌ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ മറുപടിയുടെ ഗരിമ കണ്ട്‌ ആവേശഭരിതനായാണ്‌ മുഖപ്രസംഗകാരന്‍ നിര്‍ലോഭമായ പ്രശംസ പിണറായിയുടെ മേല്‍ പകര്‍ന്നത്‌. ‘രാഷ്ട്രിയനേതൃത്വങ്ങള്‍ എങ്ങനെ പെരുമാറണമെന്നതിനുള്ള ഉത്തമോദാഹരണമായിരുന്നു പിണറായിയുടെ പത്രസമ്മേളനം’ എന്ന കാര്യത്തില്‍ പിണറായിക്കും മുഖപ്രസംഗകാരനും പത്രാധിപര്‍ക്കും സംശയമുണ്ടാകില്ല എന്നല്ല അവകാശവാദം. ‘നിഷ്‌പക്ഷമതികള്‍ക്കും സി.പി.എമ്മിന്റെ കടുത്ത ശത്രുക്കള്‍ക്കും’പോലും സംശയമുണ്ടാകില്ലത്രെ. ഇത്രയും പറയാന്‍ മാത്രം പിണറായി എന്ത്‌ സാഹസമാവും ചെയ്തിട്ടുണ്ടാവുക പടച്ചവനേ… ‘തികഞ്ഞ സംയമനത്തോടും ബഹുമാനത്തോടും’ വെളിയത്തിനു മറുപടി പറഞ്ഞത്രെ പിണറായി. തീര്‍ന്നില്ല, വെളിയം ഭാര്‍ഗവനോട്‌ മറുപടി പറയാന്‍ പറ്റിയ കടുത്ത പ്രയോഗങ്ങള്‍ അറിയുന്ന ആളായിരുന്നിട്ടും പിണറായി അതൊന്നും പ്രയോഗിച്ചില്ലത്രെ. ഇരുത്തം വന്ന നേതൃത്വം ആണെന്നതിനു വേറെ തെളിവെന്തിന്‌?

ഇ.എം.എസ്‌, ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍, വി.എസ്‌. അച്യുതാനന്ദന്‍ തുടങ്ങി ആരെല്ലാം പാര്‍ട്ടി സെക്രട്ടറിമാരായിരിക്കുന്നു, ആരെല്ലാം പത്രസമ്മേളനം നടത്തിയിരിക്കുന്നു, ആരെല്ലാം സി.പി.ഐ.ക്ക്‌ മറുപടി പറഞ്ഞിരിക്കുന്നു… അന്നൊന്നും പാര്‍ട്ടി മുഖപത്രത്തിന്‌ ഈവിധം പ്രശംസകള്‍ ഒന്നും പ്രയോഗിക്കേണ്ടിവന്നിട്ടില്ല. എന്തുകൊണ്ടെന്നോ? പിണറായി വിജയനോളം ഇരുത്തം വന്നവരായിരുന്നില്ല അവരൊന്നും… അതുതന്നെ കാരണം.

****************************

അവിഹിതമായി സമ്പാദിച്ച സ്വത്ത്‌ കണ്ടുകെട്ടുന്നതിനുള്ള നിയമം പരിഗണനയിലുണ്ടെന്നാണ്‌ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്‌. പരിഗണിച്ചുകൊണ്ടിരിക്കാന്‍ ഇനി മൂന്നു മാസം കൂടിയേ സമയമുള്ളൂ. ഇന്ത്യന്‍ ലോ കമ്മീഷനും സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷനും ശുപാര്‍ശ ചെയ്തതനുസരിച്ച്‌, എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തയ്യാറാക്കിയ നിയമം നടപ്പാക്കുന്ന കാര്യം പരിഗണിച്ചുതുടങ്ങിയിട്ടുതന്നെ വര്‍ഷം ഒന്ന്‌ പിന്നിട്ടിരിക്കുന്നു. തന്റെ കൈകൊണ്ട്‌ ഈവിധ പാപങ്ങളൊന്നും ചെയ്യുകയേ വേണ്ട എന്ന്‌ മുഖ്യമന്ത്രി നിശ്ചയിച്ച മട്ട്‌ കാണാനുണ്ട്‌.

എല്ലാ മുഖ്യമന്ത്രിമാരും ഇങ്ങനെ സന്‍മനസ്സുള്ളവരായിരിക്കണമെന്നില്ലല്ലോ. ജമ്മുകശ്മീരില്‍ ഉണ്ടൊരു മുഖ്യന്‍-മുന്‍പ്‌ നിരീക്ഷകനായി കേരളത്തിലായിരുന്നു സ്ഥിരതാമസം-ലവലേശം മൃദുഭാവമില്ലാത്ത ഒരു ഭീകരന്‍. അദ്ദേഹം നടപ്പാക്കിയ പുതിയ നിയമമനുസരിച്ച്‌ അവിഹിതസ്വത്തെന്ന്‌ കണ്ട്‌ റെയിഡ്‌ നടത്തിയാല്‍ മതി സംഗതി സര്‍ക്കാറിന്റെ കൈയിലാവും. പിന്നെ കോടതി ഇടപെടണം സ്വത്ത്‌ വിട്ടുകിട്ടാന്‍. ഇത്തരം ഭീകരനിയമങ്ങളൊന്നും നമുക്കു വേണ്ട കേട്ടോ. പൊതുപ്രവര്‍ത്തനം തന്നെ ഇല്ലാതാക്കുന്നതാണ്‌ ഈവക നിയമങ്ങള്‍. മാത്രവുമല്ല, ഇനി മറ്റവന്‍മാരെങ്ങാന്‍ അധികാരത്തില്‍ കയറിപ്പറ്റിയാലോ!

Leave a Reply

Your email address will not be published. Required fields are marked *

Go Top