ഇടതേത്‌ ? വലതേത്‌ ?

ഇന്ദ്രൻ

സി.പി.ഐ.ക്ക്‌ ഒരു പേരുദോഷമുണ്ട്‌. വലതന്‍മാര്‍ എന്നാണ്‌ അവരെ പണ്ടേ വിളിക്കാറുള്ളത്‌. പണ്ടേ എന്നു പറഞ്ഞാല്‍ നാലു പതിറ്റാണ്ടിനു മുന്‍പ്‌ എന്നേ ഉദ്ദേശിച്ചുള്ളൂ. അതുവരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒന്നല്ലേ ഉള്ളൂ. ഇടതും വലതുമില്ല. പിളര്‍പ്പിനു ശേഷമാണ്‌ പേരുദോഷം തുടങ്ങിയത്‌. പേരു മാറ്റിയത്‌ യഥാര്‍ഥത്തില്‍ മറ്റേ കൂട്ടരാണ്‌. ഇടതുകാര്‍. അവരാണ്‌ ബ്രാക്കറ്റില്‍ ‘മാര്‍ക്സിസ്റ്റ്‌’ എന്ന്‌ ചേര്‍ത്തത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നെഴുതിയിട്ട്‌ ബ്രാക്കറ്റില്‍ ‘മാര്‍ക്സിസ്റ്റ്‌’ എന്നെഴുതുന്നത്‌ പ്രസവാസ്പത്രി എന്ന്‌ എഴുതിയിട്ട്‌ ബ്രാക്കറ്റില്‍ ‘സ്ത്രീകളുടേത്‌’ എന്നെഴുതും പോലെയാണെന്ന്‌ ഒരു നേതാവ്‌ പണ്ട്‌ പരിഹസിച്ചിട്ടുണ്ട്‌. സി.പി.ഐ. എന്ന പേര്‌ അവിഭക്തകാലത്തേ ഉള്ളതാണ്‌. എണ്‍പതു കൊല്ലം മുന്‍പ്‌ സ്ഥാപിച്ചതെന്ന്‌ സി.പി.ഐ.ക്കാരും 85 കൊല്ലം മുന്‍പെ സ്ഥാപിച്ചതെന്ന്‌ വി.എസ്‌.അച്യുതാനന്ദനും അവകാശപ്പെടുന്ന പാര്‍ട്ടി. ഈ ‘ഡെയ്റ്റ്‌ ഓഫ്‌ ബര്‍ത്ത്‌’ തര്‍ക്കം ഏറ്റവും ഒടുവില്‍ ഉണ്ടായതാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഐക്യം, പുനരേകീകരണം തുടങ്ങിയ പ്രക്രിയകളുടെ പുരോഗതിയില്‍ ഉണ്ടായ ഒടുവിലത്തെ ഘട്ടമാണ്‌ ഇത്‌.

സഹ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു വാചകം പറയുന്നുണ്ടെങ്കില്‍ അതിനകത്ത്‌ നാലു പ്രാവശ്യം ‘വലതന്‍മാര്‍’ എന്ന പൂജകബഹുവചനം ചേര്‍ക്കണം എന്നതായിരുന്നു പിളര്‍പ്പ്‌ മുതല്‍ 1980 വരെയുള്ള സി.പി.എം. നയം. ഇടയ്ക്ക്‌ 1967 മുതല്‍ രണ്ടു രണ്ടര വര്‍ഷം മാത്രമേ ആ അഭിസംബോധന നിര്‍ത്തിവെച്ചിരുന്നുള്ളൂ. തീവ്രവലതുപക്ഷ പാര്‍ട്ടിക്കാര്‍ പോലും സി.പി.ഐ.ക്കെതിരെ ‘വലതന്‍’ എന്ന്‌ പ്രയോഗിച്ചുപോന്നു. ഇന്ന്‌ ആഗോളീകരണക്കാര്‍ പറയുന്നപോലുള്ള സ്വതന്ത്ര മുതലാളിത്തത്തിനുവേണ്ടി അറുപതുകളില്‍ത്തന്നെ രംഗത്തു വന്നിരുന്ന തീവ്രവലതുപക്ഷമായ സ്വതന്ത്രാ പാര്‍ട്ടിയെപ്പോലും ‘വലതന്‍മാര്‍’ എന്നാരും വിളിക്കാറില്ല; സി.പി.ഐ.യെ സ്വതന്ത്ര പാര്‍ട്ടിക്കാര്‍ പോലും വലതു കമ്യൂണിസ്റ്റ്‌ പാര്‍ട്ടി എന്നു വിളിക്കുകയും ചെയ്യുമായിരുന്നു. എന്തൊരു ദുര്യോഗം. കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റും ഇതിന്റെ താത്ത്വിക പ്രശ്നങ്ങളെപ്പറ്റി പിടിപാടൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ ഇടതന്‍മാര്‍ എന്നു പറയുന്ന അതേ സ്പിരിട്ടിലാണ്‌ വലതന്‍മാര്‍ എന്നും പറയാറുള്ളത്‌. അവര്‍ക്ക്‌ രണ്ടും തുല്യശക്തിയുള്ള ശകാരപദങ്ങളായിരുന്നു. ഇടതുകാര്‍ ഒരിക്കലും ഈ അഭിസംബോധന ശകാരമായി എടുക്കാറില്ലെന്നു കോണ്‍ഗ്രസ്സുകാര്‍ അറിയണമെന്നില്ലല്ലോ.

എണ്‍പതിനുശേഷം ഇരു കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും തമ്മില്‍ കാതലായ ആശയഭിന്നതകളൊന്നും ഇല്ലെന്ന്‌ സ്ഥാപിക്കാനായിരുന്നു സി.പി.ഐ.ക്ക്‌ വ്യഗ്രത. പിളരുന്ന കാലത്തെ ഭിന്നതയൊന്നും ഇപ്പോഴില്ലെന്ന്‌ തരം കിട്ടിയപ്പോഴൊക്കെ അവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്‌. സഖാവ്‌ ഇ.എം.എസ്‌. 80-നു ശേഷമുള്ള ജീവിതം ഉഴിഞ്ഞുവെച്ചത്‌ സി.പി.ഐ.യുമായുള്ള ഭിന്നതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാണ്‌. മുഴുവനും വായിച്ചുകേട്ടാല്‍, കോണ്‍ഗ്രസ്സുമായുള്ളതിലേറെ ഭിന്നത സി.പി.ഐ.യുമായാണ്‌ സി.പി.എമ്മിനുള്ളത്‌ എന്നു തോന്നിപ്പോകുമായിരുന്നു. ഇ.എം.എസ്സിന്റെ ഒരു മറുപടി കേട്ടാല്‍ ഒന്നുരണ്ട്‌ കൊല്ലത്തേക്കൊന്നും സി.പി.ഐ.ക്കാര്‍ പിന്നെ പുനരേകീകരണം എന്ന വാക്ക്‌ ഉച്ചരിക്കാറില്ല. വീണ്ടും അതുന്നയിക്കും. മറുപടി ചെകിടടപ്പനായി കിട്ടും. പിന്നെ മിണ്ടില്ല. അങ്ങനെ പോയി അക്കാലം.

ഇന്ദ്രജിത്‌ ഗുപ്ത-പി.കെ.വി. തുടങ്ങിയ ഗാന്ധിയന്‍മാരുടെ കാലം അല്ല ഇത്‌. ഇത്‌ വെളിയം-ബര്‍ദന്‍ കാലമാണ്‌. സി.പി.ഐ.ക്ക്‌ സി.പി.എമ്മുമായി ഒരു വ്യത്യാസവും ഇല്ലെന്ന്‌ വരുത്തലായിരുന്നു പഴയ തത്ത്വം. സി.പി.ഐ.ക്ക്‌ സി.പി.എമ്മുമായി വ്യത്യാസമേ ഉള്ളൂ എന്നു സ്ഥാപിക്കലാണ്‌ ഇപ്പോഴത്തെ പരിപാടി. ഡി.ഐ.സി.യെ മുന്നണിയിലെടുക്കുന്ന പ്രശ്നമാകട്ടെ, എ.ഡി.ബി. വായ്പയാകട്ടെ, എക്സ്പ്രസ്‌ വേ ആകട്ടെ, ഞങ്ങളുടെ ലൈന്‍ വേറെയാണ്‌. ഇതാണ്‌ യഥാര്‍ഥ വിപ്ലവ പാര്‍ട്ടി.

സി.പി.ഐ. നയവും നിലപാടുകളും ഓരോന്നായി വെളിയം വെളിവാക്കുമ്പോള്‍ നാം കുറ്റബോധത്തോടെ സ്വയം ചോദിച്ചുപോകുന്നു. ഈ പാര്‍ട്ടിയെയാണോ നമ്മള്‍ ഇത്രയും കാലം ഒരു കാരണവും കൂടാതെ വലതന്‍മാര്‍ എന്നു വിളിച്ച്‌ ആക്ഷേപിച്ചിരുന്നത്‌? ഇതല്ലേ ശുദ്ധ ഇടതുപാര്‍ട്ടി? എ.ഡി.ബി.യുടെ വായ്പ വാങ്ങുന്നതാണോ ഇടതുസ്വഭാവം അതേ ാ‍ സാമ്രാജ്യത്വ വായ്പ വേണ്ട എന്ന്‌ ശഠിക്കുന്നതോ? അടിയന്തരാവസ്ഥയില്‍ ആലുവാ മണപ്പുറത്ത്‌ കണ്ട പരിചയംപോലും നടിക്കാതെ കെ.കരുണാകരനെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നതോ വലതുസ്വഭാവം അതോ നാലു സീറ്റ്‌ കിട്ടുമെന്ന മോഹത്തില്‍ എല്ലാം മറന്ന്‌ അവരുടെ ചുമലില്‍ കൈവെക്കുന്നതോ? പറയണം നിങ്ങള്‍…

കാലത്തിന്റെ
മാറ്റം എന്നല്ലാതെ എന്തു പറയാന്‍! കാലാന്തരേ ഇടതു വലതാകില്ലെന്നുണ്ടോ? വലത്‌ ഇടതാകില്ലെന്നുണ്ടോ? മാറ്റമുണ്ടാകും എന്ന കാര്യത്തിനേ മാറ്റമില്ലാതുള്ളൂ എന്ന്‌ ആചാര്യന്‍ പറഞ്ഞതുതന്നെ കാര്യം.

ഇടതുപക്ഷം എന്ന രാഷ്ട്രീയ പദത്തിന്റെ അര്‍ഥംപോലും തുടങ്ങിയേടത്തൊന്നുമല്ല നില്‍ക്കുന്നത്‌ എന്ന്‌ വിവരമുള്ളവര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. എവിടെ നിന്നാണ്‌ ‘ഇടത്‌’ ഒരു വിശേഷണമായി ആവിര്‍ഭവിച്ചത്‌? ഫ്രഞ്ച്‌ വിപ്ലവകാലത്തെ പാര്‍ലമെന്റില്‍ അധ്യക്ഷവേദിയുടെ ഇടതുഭാഗത്ത്‌ ഇരുന്ന അംഗങ്ങള്‍ ഒരേ തീവ്രനിലപാട്‌ പിന്തുടര്‍ന്നപ്പോഴത്രെ ‘ഇടതു’ പക്ഷം ഉണ്ടായത്‌.

ആ ഇടതുപക്ഷം വിപ്ലവകാരികളും സ്വകാര്യ സ്വത്ത്‌ ഇല്ലാതാക്കുന്നവരും മുതലുടമവര്‍ഗത്തെ ഉന്‍മൂലനം ചെയ്യുന്നവരും സ്ഥിതിസമത്വം ഉണ്ടാക്കുന്നവരും ആയിരുന്നോ? അല്ലേ അല്ല. ഫ്രഞ്ച്‌ വിപ്ലവകാലത്തെ വലതുപക്ഷം ബൂര്‍ഷ്വാകളും സ്വതന്ത്രവ്യാപാരത്തിന്റെ (ലെസെയ്‌ഫെയ്ര്) വക്താക്കളും ആയിരുന്നുവത്രെ. അന്നത്തെ ഇടതുപക്ഷം ഇന്നത്തെ തീവ്രവലതുപക്ഷം പോലായിരുന്നു. തൊഴിലാളി വര്‍ഗമെന്നോ സോഷ്യലിസമെന്നോ അവര്‍ ഉറക്കത്തില്‍ അറിയാതെ പോലും ഉച്ചരിച്ചിട്ടില്ല. കാലം എന്തിനെയാണ്‌ മാറ്റിമറിച്ചിട്ടില്ലാത്തത്‌?

എക്സ്പ്രസ്‌ വേയെക്കുറിച്ച്‌ മുന്‍പുണ്ടായിരുന്ന സി.പി.എം. നിലപാട്‌ മാറുകയാണെന്ന്‌ സൂചനകളുണ്ട്‌. എക്സ്പ്രസ്‌ വേ വേണം എന്നു വടക്കുള്ള ഏതാനും സി.പി.എം. ജനപ്രതിനിധികള്‍ പ്രസംഗിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കേരളാ മാര്‍ച്ച്‌ വടക്കുനിന്നു പുറപ്പെട്ട്‌ തലസ്ഥാനത്തേക്ക്‌ നീങ്ങുന്നതുപോലെ ഇത്തരം നിലപാടുമാറ്റങ്ങളും വടക്കുനിന്നാണ്‌ പുറപ്പെടുക. വടക്കാണു നമ്മുടെ തലസ്ഥാനം. എക്സ്പ്രസ്‌ വേ എന്ന പേരിന്റെ കാര്യത്തില്‍ ശ്രീമതി ടീച്ചര്‍ക്കും ജയരാജന്‍മാര്‍ക്കും നിര്‍ബന്ധമൊന്നുമില്ല കേട്ടോ. അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. റോഡിലല്ലേ കാര്യം?

കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ റോഡില്‍ സഞ്ചരിക്കുന്നതുകൊണ്ട്‌ പല പ്രയോജനങ്ങളുമുണ്ട്‌. രാത്രി തീവണ്ടി എ.സി.കോച്ചില്‍ കിടന്നുറങ്ങി സഞ്ചരിച്ചു ശീലിച്ചവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും റോഡ്‌ മാര്‍ഗം സഞ്ചരിക്കണം. കാല്‍നട വേണമെന്നില്ല, എ.സി. കാറിലായാലും മതി. അപ്പഴേ റോഡിന്റെ സ്ഥിതി അറിയൂ. വടക്കുള്ളവര്‍ എക്സ്പ്രസ്‌ പാത ആവശ്യപ്പെട്ടാല്‍ അവരെ കുറ്റം പറയാനാവില്ല. മാഹിയിലൂടെയും തലശ്ശേരിയിലൂടെയും സഞ്ചരിക്കുന്നവര്‍ എക്സ്പ്രസ്‌ പാത ഉണ്ടാകാന്‍ ഏത്‌ നരകപാത താണ്ടാനും തയ്യാറാകും. അന്‍പതുകൊല്ലം മാറിമാറി ആസൂത്രണം നടത്തിയിട്ടും നല്ലൊരു നാഷണല്‍ ഹൈവേ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ എക്സ്പ്രസ്‌ പാത കൊണ്ടുവരുമെന്ന്‌ നാം വിശ്വസിക്കണമെന്നാവും. പ്രയാസമാണ്‌.

സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാരോഗമെന്താണ്‌? അഴിമതിയോ അക്രമമോ സ്ത്രീപീഡനമോ? ഒന്നുമല്ല. വ്യക്തിഹത്യ. കേരള വികസനംപോലും തടയപ്പെട്ടത്‌ വ്യക്തിഹത്യ കാരണമാണ്‌. ഇതു തിരിച്ചറിഞ്ഞ കുറെ മനുഷ്യസ്നേഹികള്‍-എം.എം. ഹസ്സന്‍, ഒ. അബ്ദുല്ല, കെ.എം. റോയ്‌, സമദാനി എം.പി, എം.ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍-കോഴിക്കോട്ട്‌ ഒരു മഹാപ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്‌. വിഷമിക്കേണ്ട, തെക്കോട്ടും വരും.

സൂര്യനെല്ലി മുതല്‍ ഐസ്ക്രീം വരെയുള്ള കേസുകള്‍, സന്‍മാര്‍ഗികളായ എത്രപേരെയാണ്‌ നശിപ്പിച്ചിരിക്കുന്നത്‌. അവരില്‍ ‘പ്രവാചകതുല്യ’രായവര്‍ പോലുമുണ്ട്‌. ഐസ്ക്രീമും കാഡ്ബറീസും കഴിച്ച്‌ സുഖിച്ചു കഴിയുന്ന പെമ്പിള്ളര്‍ സ്വപ്നത്തിലോ മറ്റോ കണ്ടത്‌ പറഞ്ഞത്‌ കേട്ടല്ലേ പോലീസ്‌ കേസില്‍ കുടുക്കി മാന്യവ്യക്തികളെയെല്ലാം വഴിയാധാരമാക്കിയത്‌. കേസില്‍ പ്രതിപോലും ആകാത്തവരുടെ ഹത്യ മാധ്യമങ്ങളും വേറെ ചിലരും ഏറ്റെടുക്കുന്നു. മഹാകഷ്ടം.

തെളിവില്ലാതെയാണ്‌ ഈ പരാതികള്‍ വന്നത്‌ എന്ന്‌ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. കുറ്റവാളികള്‍ എഴുതി ഒപ്പുവെച്ച കുറ്റസമ്മതപത്രമോ രഹസ്യ വീഡിയോ ചിത്രീകരണമെങ്കിലുമോ ഇല്ലാതെ ഇനി കേസെടുത്തുകൂടാ എന്നു വെക്കണം. കേസെടുത്താലും പത്രത്തില്‍ കൊടുക്കരുതെന്നു നിയമം വേണം. രഹസ്യ വിചാരണ ആവാമെങ്കില്‍ രഹസ്യ എഫ്‌.ഐ.ആറും ആവാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top