ഗൌഡയുടെ ധര്‍മസങ്കടം

ഇന്ദ്രൻ

ദേവഗൌഡയുടെ ധര്‍മസങ്കടം അസാധാരണമായ ഒരിനത്തില്‍പ്പെട്ടതാണ്‌. പുത്രന്‍ ഒരു ഭാഗത്തുനിന്നും ആദര്‍ശം മറുഭാഗത്തുനിന്നും വലിച്ചാല്‍ ഉണ്ടാകുന്ന സങ്കടം അനുഭവിച്ചവര്‍ അധികമില്ല. കര്‍ഷക പുത്രന്‍ ഏറെ പ്രതിസന്ധികളില്‍ ഇതിനേക്കാള്‍ വലിയ സര്‍ക്കസ്സുകള്‍ കളിച്ചിട്ടുള്ളതാണ്‌. എന്നാല്‍, ഇത്‌ അപൂര്‍വമായ പ്രതിസന്ധിയാണ്‌. താന്‍ കുഴിച്ച കുഴിയിലാണ്‌ താന്‍ വീണതെന്ന്‌ കര്‍ഷക ശത്രുക്കള്‍ ചുറ്റും നിന്ന്‌ പിറുപിറുക്കുന്നത്‌ ഗൌഡ കേള്‍ക്കുന്നുമുണ്ട്‌.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ പിന്തള്ളിയ കക്ഷിയെ കൂട്ടുപിടിച്ച്‌ അധികാരം പങ്കിടുന്നത്‌ മോശം കാര്യമായി ആദര്‍ശവാദികള്‍ക്കാര്‍ക്കും മുന്‍പും തോന്നിയിട്ടില്ല. രണ്ടാമനും മൂന്നാമനും കൂടിച്ചേര്‍ന്ന്‌ ഒന്നാമനെ പുറത്തു നിര്‍ത്തുന്ന വിദ്യ ദേശീയ രാഷ്ട്രീയത്തിലും പയറ്റിയിട്ടുണ്ട്‌. ഒന്നാമതെത്തിയ രാജീവ്ഗാന്ധിയുടെ പാര്‍ട്ടിയെ മാറ്റിനിര്‍ത്തി, വര്‍ഗീയ മുദ്രയുള്ള ബി.ജെ.പി.യുമായി കൂട്ടുകൂടിയാണ്‌ ആദര്‍ശധീരന്‍ വി.പി.സിങ്ങ്‌ പ്രധാനമന്ത്രിയായത്‌. പിന്നെ ദേവഗൌഡ പ്രധാനമന്ത്രിയായതോ? വര്‍ഗീയ മുദ്രയുള്ള ബി.ജെ.പി.യുടെ ഭരണം ഒഴിവാക്കാന്‍ കേസരിയുടെ കോണ്‍ഗ്രസ്സിന്റെ പിന്തുണ നേടിയാണത്‌ സാധിച്ചത്‌. എന്താണ്‌ ഇതിന്റെ പാഠം? ബി.ജെ.പി.യുടെ വിരുദ്ധപക്ഷത്ത്‌ നില്‍ക്കുന്നതും ആദര്‍ശം തന്നെ, കോണ്‍ഗ്രസ്സിന്റെ വിരുദ്ധപക്ഷത്ത്‌ നില്‍ക്കുന്നതും ആദര്‍ശം തന്നെ. ആദര്‍ശവും ഗണിതവും ഇരട്ടപെറ്റ മക്കളാണ്‌. കേവലഭൂരിപക്ഷത്തിന്റെ ഗണിതം ശരിയാകാന്‍ ആരുടെ കൈവശമാണ്‌ കൃത്യം ജനപ്രതിനിധികള്‍ ഉള്ളത്‌ എന്നതാണ്‌ പ്രശ്നം. അതാണ്‌ ആദര്‍ശവും.

കര്‍ണാടകത്തില്‍ ഗൌഡയുടെ സൌകര്യം രണ്ടുകൂട്ടരുടെ കൂടെ കൂടിയാലും ഭരണം കിട്ടും എന്നതായിരുന്നു. തീര്‍ച്ചയായും ദേവഗൌഡയ്ക്ക്‌ ബി.ജെ.പി.വിരുദ്ധ വേഷം കെട്ടിയേ പറ്റൂ. കാരണം അദ്ദേഹം പ്രസിഡന്റായ ദേശീയ പാര്‍ട്ടിയുടെ ബ്രാക്കറ്റില്‍ നിര്‍ണായകമായ ഒരു വിശുദ്ധപദം ഉണ്ട്‌- ‘സെക്യുലര്‍’. മതേതരത്വം ലംഘിച്ച്‌ ഗൌഡാജിക്ക്‌ ഒരിഞ്ച്‌ നീങ്ങാന്‍ പറ്റില്ല. പാര്‍ട്ടി പണ്ടേ സെക്യുലര്‍ ആയിരുന്നു എന്ന്‌ ജാതകം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും. പിണറായി വിജയന്റെ പാര്‍ട്ടി പോലും അതു നോക്കി ശരിവെച്ചിട്ടുള്ളതാണ്‌. പക്ഷേ, ഇടക്കാലത്ത്‌ കേന്ദ്രത്തില്‍ ബി.ജെ.പി.യുടെ ഭരണം വരും, വരില്ല എന്ന ഘട്ടം വന്നപ്പോള്‍ ജനതാദള്‍ നേതാക്കളില്‍ പലര്‍ക്കും പരമ്പരാഗതമായി പതിവുള്ള വീണ്ടുവിചാരം ഉണ്ടായി. തങ്ങളുടെ സെക്യുലര്‍ കടുംപിടിത്തത്തില്‍ ഒട്ടും കുറവുവരുത്തില്ല, പണ്ടത്തേക്കാള്‍ സെക്യുലര്‍ തന്നെ. ബി.ജെ.പി. പണ്ടത്തെ അത്ര വര്‍ഗീയം അല്ല എന്നാണ്‌ ബോധോദയം ഉണ്ടാകാറുള്ളത്‌. ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്‌ ആണ്‌ പ്രതീക്ഷിച്ചതു പോലെ അത്‌ ആദ്യം ഉണ്ടായത്‌. 1977-ലെ ജനതാപാര്‍ട്ടി ഗവണ്‍മെന്റിനെ സെക്യുലര്‍ ബോധോദയം വന്നു പൊളിച്ച്‌ താഴെയിട്ടതിന്റെ പ്രായശ്ചിത്തമായി അദ്ദേഹം ബി.ജെ.പി.യുടെ മുറ്റത്ത്‌ നൂറ്റൊന്ന്‌ ഏത്തമിടുകയും ശയനപ്രദക്ഷിണം നടത്തുകയും ചെയ്തു. അത്യുഗ്ര സോഷ്യലിസ്റ്റുകളായ രാംവിലാസ്‌ പാസ്വാന്‍, നിതീഷ്‌കുമാര്‍, ശരദ്‌യാദവാദികള്‍ ഒന്നൊന്നായി വാജ്‌പേയി-അദ്വാനി സമക്ഷത്തിങ്കല്‍ കൃത്യം ആവര്‍ത്തിച്ച്‌ എന്‍.ഡി.എ.യുടെ മന്ത്രിമാരായി വാണരുളി. ഈ സാഹചര്യത്തിലാണ്‌ ജനതാദളിലെ കറകളഞ്ഞ മതേതരവാദികള്‍ ദേവഗൌഡയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ബോര്‍ഡിന്‍മേല്‍ ‘സെക്യുലര്‍’ എന്ന്‌ ലേബലൊട്ടിച്ചത്‌. അങ്ങനെ ചെയ്താലെങ്കിലും ബി.ജെ.പി.യുമായി അവിഹിതം കൂടാനുള്ള ദുശ്ചിന്ത ദളുകാര്‍ക്ക്‌ ഉണ്ടാവില്ല എന്നായിരുന്നു പ്രതീക്ഷ. എന്തു പ്രയോജനം, സല്‍പുത്രനു തന്നെ അതുണ്ടായി. പിന്നെ ബാക്കിയുള്ളവരെ കുറ്റപ്പെടുത്തിയിട്ട്‌ എന്തുകാര്യം. ആഗോളീകരണത്തിന്റെ ഇക്കാലത്ത്‌ ലേബലുകള്‍ക്ക്‌ അമിത പ്രാധാന്യം കല്‍പിക്കുന്നതു പഴയ ആദര്‍ശ സോഷ്യലിസ്റ്റ്‌ ഹാങ്ങോവറിന്റെ ഒരു ദൂഷ്യം മാത്രമാണ്‌. ലേബലെന്തായാലും സാധനം വിറ്റഴിഞ്ഞാല്‍ മതി എന്നതാണ്‌ വിപണിയിലെ പുതിയ ആദര്‍ശം. ഫെര്‍ണാണ്ടസിനും നിതീഷിനും പാസ്വാനും നവീന്‍ പഠ്‌നായിക്കിനും ശരദ്‌യാദവിനും മോശമെന്നു തോന്നാത്ത സംഗതി കുമാരസ്വാമിക്ക്‌ മോശമായി തോന്നണമെന്ന്‌ ശഠിക്കുന്നതാണ്‌ മോശം. പറയുന്നതു പിതാവായാലും പുത്രനെ സമ്മതിപ്പിക്കണമെങ്കില്‍ ന്യായം വേണം. മുഖ്യമന്ത്രിയാകുന്നതിലും വലിയ ആദര്‍ശം ലോകത്തുണ്ട്‌ എന്നു ദേവഗൌഡ ഇക്കാലംവരെ മകനെ പഠിപ്പിച്ചിട്ടില്ല. മകന്‍ മുഖ്യമന്ത്രിയാകുന്നതു തടയുവാന്‍ മാത്രം വലുതാണോ ആദര്‍ശം എന്നു ഗൌഡാജിക്ക്‌ സ്വയം ബോധ്യപ്പെടുത്താനും കഴിയുന്നില്ല.
ദൈവമേ… എന്തൊരു ധര്‍മസങ്കടം… ഒരു പിതാവിനെയും അങ്ങ്‌ ഇങ്ങനെ പരീക്ഷിക്കരുതേ….

സിന്‍ഡിക്കേറ്റും ഇന്‍ഡിക്കേറ്റും ആയി കോണ്‍ഗ്രസ്‌ പിളര്‍ന്ന കാലം. സി.പി.എമ്മും സി.പി.ഐ.യും ഇതിലേത്‌ ഗ്രൂപ്പിനൊപ്പമാണെന്ന്‌ തര്‍ക്കവും ഊഹവും നടക്കുന്നു. ഇന്ദിരാഗാന്ധിയുടെ ഭരണത്തെ കുറച്ചുകാലം പിന്തുണ നല്‍കി നിലനിര്‍ത്തിയത്‌ ഇവരാണ്‌. എങ്കിലും കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പു വന്നപ്പോള്‍ ചിത്രം മാറി. സപ്തമുന്നണിയില്‍നിന്നു കുറുമുന്നണിയായി പിണങ്ങിയിറങ്ങിയ സി.പി.ഐ, ലീഗ്‌, ആര്‍.എസ്‌.പി. പക്ഷത്തിനൊപ്പമായി ഇന്ദിരാ കോണ്‍ഗ്രസ്‌. എങ്കില്‍ മറ്റേ കോണ്‍ഗ്രസ്‌ സി.പി.എമ്മുമായി കൂട്ടുകൂടുമോ എന്നായി സ്വാഭാവികമായ ചോദ്യം. ധാരണ, നീക്കുപോക്ക്‌ തുടങ്ങിയ രഹസ്യ ഏര്‍പ്പാടുകള്‍ക്ക്‌ നേതൃത്വം വട്ടംകൂട്ടിയെങ്കിലും സാധാരണ സഖാക്കള്‍ക്ക്‌ അത്‌ ആലോചിക്കാന്‍ പോലും പറ്റുന്ന കാര്യമായിരുന്നില്ല. കോഴിക്കോട്ടെ ഒരു നേതാവ്‌ ഈ താത്ത്വിക പ്രശ്നത്തെ പാര്‍ട്ടിയണികള്‍ക്ക്‌ മനസ്സിലാകാന്‍ പാകത്തില്‍ അവതരിപ്പിച്ചത്‌ ഗ്രാമ്യമായ ഉപമാലങ്കാരങ്ങള്‍ ഉപയോഗിച്ചായിരുന്നു.

കോണ്‍ഗ്രസ്സിനെ അദ്ദേഹം ഒരു വിസര്‍ജ്യവസ്തു- സംസ്‌കൃതമോ സൂപ്പര്‍സ്റ്റാറുകളുടെ ഇഷ്ട ഇംഗ്ലീഷ്‌പദമോ അല്ല, നല്ല നാടന്‍ വാക്ക്‌ തന്നെയാണ്‌ അദ്ദേഹം പൊതുവേദികളില്‍ ഉപയോഗിക്കാറുള്ളത്‌- ആയാണ്‌ താരതമ്യപ്പെടുത്തിയത്‌. സഖാക്കളേ… ആ വസ്തു ഒരു കോലു കൊണ്ട്‌ രണ്ടായി മുറിച്ചാല്‍ അതില്‍ ഒരു കഷണം നല്ലതും മറ്റേത്‌ ചീത്തയും ആകുമോ? നാട്ടുകാര്‍ മറുപടി പറയട്ടെ എന്ന്‌ അദ്ദേഹം ഉറക്കെ ആവശ്യപ്പെടും. അലങ്കാരത്തിന്റെ നിലവാരത്തെക്കുറിച്ച്‌ അന്നു കോണ്‍ഗ്രസ്സുകാര്‍ക്കും ഇന്നു വായനക്കാര്‍ക്കും എതിരഭിപ്രായം കാണുമായിരിക്കും. എന്നാല്‍, നാട്ടുകാര്‍ക്കു പാര്‍ട്ടിനയം എളുപ്പം മനസ്സിലായിരുന്നു. പാര്‍ട്ടിക്ക്‌ രണ്ടും തുല്യം എന്നര്‍ഥം.

പിന്നീടധികകാലം ജീവിക്കാതിരുന്നതു സഖാവിന്റെ ഭാഗ്യമെന്നേ പറയാനൊക്കൂ. പത്തു വര്‍ഷം കഴിയും മുന്‍പ്‌ കോണ്‍ഗ്രസ്സില്‍നിന്ന്‌ പിളര്‍ന്നിറങ്ങിയ ആന്റണി പക്ഷത്തെ സി.പി.എം. മുന്നണിയില്‍ ചേര്‍ത്തു. ആ കഷണം ശ്രേഷ്ഠമാണെന്ന്‌ സ്റ്റേറ്റ്‌ കമ്മിറ്റി കൂടി തീരുമാനമെടുത്തു. അത്‌ അബദ്ധമായെന്ന്‌ തെളിയാന്‍ രണ്ടരവര്‍ഷം പോലും വേണ്ടിവന്നില്ല. പിന്നീടിപ്പോള്‍ കാല്‍നൂറ്റാണ്ട്‌ കഴിഞ്ഞപ്പോള്‍ സ്റ്റേറ്റ്‌ കമ്മിറ്റിയില്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്കു വരികയാണ്‌. കോണ്‍ഗ്രസ്സിന്റെ മറ്റേ കഷണം മുന്നണിയില്‍ ചേര്‍ക്കാന്‍ യോഗ്യതയുള്ള കഷണമാണോ? നീക്കുപോക്കിനുള്ള യോഗ്യതയേ ഉള്ളൂ എന്നുണ്ടോ?

അവിഭക്ത വിശിഷ്ട വസ്തുവിനെ നീണ്ടകാലം- 1970 മുതല്‍ 1980 വരെ- കൊണ്ടുനടന്ന സി.പി.ഐ.ക്ക്‌ അറിയാം അതിന്റെ രാപ്പനിയും കൂര്‍ക്കംവലിയും ചവിട്ടും കുത്തുമൊക്കെ. ഇത്തരം കാര്യങ്ങളില്‍ അനുഭവസ്ഥര്‍ പറയുന്നത്‌ കേള്‍ക്കാനുള്ള വിവേകം സി.പി.എം. നേതൃത്വത്തിന്‌ ഇല്ലാത്തതില്‍ ബര്‍ദന്‍, വെളിയം, പന്ന്യന്‍ സഖാക്കള്‍ക്ക്‌ മനഃപ്രയാസമുണ്ട്‌. മുന്നണിയില്‍ പുതുതായി ഒരു കക്ഷിയെ ചേര്‍ക്കുമ്പോള്‍ കാല്‍നൂറ്റാണ്ടായി മുന്നണിയിലുള്ള കക്ഷികള്‍ ഒന്നിച്ചു വേണ്ടേ അതുചെയ്യാന്‍ എന്നാണ്‌ അവരുടെ ചോദ്യം. മുന്നണിയൊന്നുമല്ല, മുന്നണിയെ നയിക്കുന്ന വല്യേട്ടന്‍ തീരുമാനിക്കുന്നതാണ്‌ ശരി എന്നു ലീഡറും പുത്രനും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്‌. കാലത്തിന്റെ മാറ്റത്തെക്കുറിച്ച്‌ സി.പി.ഐ. ക്കാര്‍ക്ക്‌ എന്തെങ്കിലും ധാരണ ഉള്ളതായി തോന്നുന്നില്ല.

സി.പി.എമ്മിനെ എതിര്‍ക്കുന്നവര്‍ ഒന്നിച്ചുനില്‍ക്കണം എന്നു സി.എം.സ്റ്റീഫന്‍ അനുസ്മരണച്ചടങ്ങില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി ആഹ്വാനം ചെയ്തിട്ടുണ്ട്‌. ദേശീയ നേതാവാണെങ്കിലും ആന്റണിയുടെ ആഹ്വാനം ദേശീയമല്ല. സംഗതി കേരളത്തിനും പ.ബംഗാളിനും മാത്രമേ ബാധകമാവൂ. ദേശീയ ആഹ്വാനം വേറെയാണ്‌. കോണ്‍ഗ്രസ്സിന്റെ സര്‍ക്കാറിനെ സി.പി.എം. പുറത്തുനിന്നു പിന്താങ്ങി ക്ഷീണിക്കരുതെന്നും അകത്തു കടന്ന്‌ അധികാരത്തില്‍ പങ്കാളികളാക്കി സ്നേഹിച്ച്‌ കഴിയാമെന്നും ആണ്‌ ആ ആഹ്വാനം. ഇത്‌ ദേശീയാഹ്വാനം, മറ്റേത്‌ പ്രാദേശികാഹ്വാനം.

ഇനി സി.പി.എമ്മിനെ എതിര്‍ക്കുന്നവര്‍ മുഴുവന്‍ ഒന്നിച്ചുനില്‍ക്കണമെന്ന്‌ പറഞ്ഞതു ഗൌരവത്തിലാണോ? അല്ലേയല്ല. ബി.ജെ.പി.ക്കാര്‍ അങ്ങനെ ഒന്നിച്ചുനില്‍ക്കാന്‍ പാഞ്ഞുവരികയൊന്നും വേണ്ട. അവര്‍ പിന്നില്‍ ആരും കാണാത്തിടത്ത്‌ നിന്നാല്‍ മതി. പറ്റുമെങ്കില്‍ 140 ഇടത്തും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ആരും സ്വന്തം സ്ഥാനാര്‍ഥിക്ക്‌ വോട്ടു ചെയ്യാതിരിക്കുകയും ചെയ്യട്ടെ. കെട്ടിവെച്ച തുകയെക്കുറിച്ചൊന്നും വേവലാതിപ്പെടേണ്ട. ട്രഷറി രസീതുമായി വന്നാല്‍ കോണ്‍ഗ്രസ്‌ ഓഫീസില്‍ നിന്നുമത്‌ ‘റീ ഇംബേഴ്‌സ്‌’ ചെയ്തുകൊടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തല പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബി.ജെ.പി.ക്കാര്‍
ദൈവത്തെ ഓര്‍ത്ത്‌, ഒരു കാര്യം മാത്രം ചെയ്യരുത്‌. യു.ഡി.എഫുമായി ധാരണയ്ക്ക്‌ തയ്യാര്‍, തയ്യാര്‍ എന്നും പറഞ്ഞു നടക്കരുത്‌. കിട്ടാനിടയുള്ള വോട്ട്‌ കിട്ടാതാക്കരുത്‌. കേന്ദ്രത്തില്‍ യു.പി.എ.യും കേരളത്തില്‍ യു.ഡി.എഫും ആണ്‌ മുഖ്യശത്രു എന്നു പറഞ്ഞുനടക്കണം. വോട്ടു മാത്രം ഇങ്ങോട്ട്‌ പോരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top