ഒരു പാമ്പ് കിടക്കയ്ക്കടിയില്‍നിന്ന് ഇഴഞ്ഞുവന്നു കടിച്ചതിനെ തുടര്‍ന്നാണ് പി.എസ്. ശ്രീധരന്‍പിള്ള ബി.ജെ.പി. പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. സാധാരണ നിലയ്ക്ക് ഒരു ഡോസ് സര്‍പ്പദംശനംകൊണ്ടുതന്നെ മൃതിയടയേണ്ടതാണ്. എന്നാല്‍ വിഷങ്ങള്‍ക്കെതിരെയും പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനുള്ള കഴിവ് മനുഷ്യശരീരത്തിനുണ്ട്. ചെറിയ ഡോസുകളായി കൊടുത്തുകൊണ്ടിരുന്നാല്‍ ഏതു കൊടിയ കാളകൂടത്തെയും നേരിടാം. ബി.ജെ.പി. യുടെ സര്‍പ്പയജ്ഞത്തിന്റെ കൂട്ടില്‍ കുറെ കാലമായി കിടക്കുന്നതുകൊണ്ട് ശ്രീധരന്‍പിള്ളയ്ക്ക് വിഷമേറ്റില്ല.
ഒരാളുടെ വിഷം മറ്റൊരാളുടെ ഉത്തേജകൌഷധമാണ്. ചിലര്‍ക്കതു ലഹരിപദാര്‍ഥവുമാണ്. പാമ്പിനെക്കൊണ്ട് നാവില്‍ കൊത്തിച്ചു വിഷം നുണയുന്ന ലഹരിരോഗികളുള്ളതായി കേട്ടിട്ടുണ്ട്. മൂര്‍ഖന്‍പാമ്പുകളുടെ കടിക്കും ഈ ഗുണമുണ്ടാവണം. കുറെ അനുഭവിച്ചുകൊണ്ടിരുന്നാല്‍ പിന്നെ അതില്ലാതെ ഉറക്കം കിട്ടാതാവും; ഇരിക്കാനും നില്‍ക്കാനും പറ്റാതാവും. രാജിവെച്ച് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ശ്രീധരന്‍പിള്ളയ്ക്ക് പന്തികേട് തോന്നിത്തുടങ്ങിയിരുന്നു. രാജിവെച്ചെങ്കിലും രാജി തീരുമാനമായില്ലെന്നായി വിശദീകരണം. മണിക്കൂറുകള്‍ കഴിയുന്തോറും വീര്യം കുറഞ്ഞുകുറഞ്ഞുവന്നു. സര്‍പ്പദംശനത്തേക്കാള്‍ വലിയ ലഹരിയാണ് പത്രസമ്മേളനം. 8 മണിക്കൂറില്‍ ഒരുതവണ അതു നടത്തിയില്ലെങ്കില്‍ കുഴഞ്ഞുവീഴും. ഇത്തരമൊരു പ്രത്യേക സാഹചര്യത്തിലാണ് ശ്രീധരന്‍പിള്ള പ്രസിഡന്റായി തിരിച്ചുപോകുന്നത്.
ആകപ്പാടെ ഇതൊരു ലാഭക്കച്ചവടമാണെന്നു പറയാതെ വയ്യ. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്ന കക്ഷിയും സ്ഥാനാര്‍ഥിയുമാണ് വോട്ടെണ്ണിക്കഴിഞ്ഞാല്‍ ഒരാഴ്ചയെങ്കിലും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുക. പന്ന്യന്റെ വിജയം അത്യുജ്ജ്വലമായിരുന്നിട്ടും വാര്‍ത്തയില്‍ കത്തിനിന്നത് കെട്ടിവെച്ചതു പോയ പാര്‍ട്ടിയാണ്. ഫലപ്രഖ്യാപനം നടക്കും മുന്‍പ്, കെട്ടിവെച്ചതു നഷ്ടപ്പെടാന്‍ പോകുന്ന സ്ഥാനാര്‍ഥിയെ തിരഞ്ഞ് ടെലിവിഷന്‍ ക്യാമറക്കാര്‍ പരക്കംപാഞ്ഞ സന്ദര്‍ഭം മുന്‍പെന്നെങ്കിലുമുണ്ടായിട്ടുണ്ടോ? സി.കെ. പത്മനാഭന് മാധ്യമലേഖകരെ ഭയന്ന് ഒരു ദിവസം ഒളിവില്‍ പോകേണ്ടിവന്നു. പത്മനാഭന്‍ അധികം തിളങ്ങുന്നതു കണ്ട് അസൂയ മൂത്താണോ ശ്രീധരന്‍പിള്ള രാജിവെച്ചതെന്നു സംശയിക്കുന്നവര്‍ പോലുമുണ്ട്. എന്തായാലും രാജിയോടെ ലേഖകര്‍ പിള്ളയുടെ പിറകെയായി. ചെന്നൈയില്‍നിന്ന് വന്നിറങ്ങിയാല്‍ ആരും തിരിഞ്ഞുനോക്കാത്ത ഗണേശനു പോലും ഡിമാന്‍ഡ് ഏറി. യു.ഡി.എഫിനോട് ഒപ്പത്തിനൊപ്പം വോട്ട് പിടിച്ചപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാലിനു ലഭിച്ചിട്ടില്ല ഇന്നത്തെ പേരും പെരുമയുമൊന്നും. ചരിത്രത്തില്‍ ആര്‍ക്കെല്ലാം കെട്ടിവെച്ചത് പോയിരിക്കുന്നു. കെട്ടിവെച്ചത് പോകുന്നെങ്കില്‍ ഇങ്ങനെ പോകണം. ലക്ഷത്തിന്റെ മതിപ്പാണ് ഈ പോക്കിന്.
സി.കെ. പത്മനാഭന്‍ മത്സരത്തില്‍നിന്ന് പിന്‍വാങ്ങിയതായി പത്രത്തിനു വിവരം നല്‍കിയത് പാര്‍ട്ടി നേതാവ് തന്നെയായിരുന്നു എന്ന് ശ്രീധരന്‍പിള്ളയ്ക്ക് പത്രത്തില്‍നിന്നുതന്നെ വിവരം ലഭിച്ചുവത്രെ. വോട്ട് മറിക്കാന്‍ ചെലവഴിച്ചതില്‍ കൂടുതല്‍ വേണം, സ്ഥാനാര്‍ഥി പിന്‍വലിച്ചെന്ന വ്യാജവാര്‍ത്ത കൊടുപ്പിക്കാന്‍. സ്ഥാനാര്‍ഥിയോടോ പാര്‍ട്ടി പ്രസിഡന്റിനോടോ ചോദിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പത്രത്തിനു തുക വേറെ കൊടുക്കണം. തോല്‍വികൊണ്ട് കിട്ടിയ പ്രസിദ്ധിതന്നെ ലാഭം. കെട്ടിവെച്ച തുകയുടെ പലമടങ്ങ് വോട്ട് മറിക്കാന്‍ കിട്ടും. അതിനു രസീത് ഒപ്പിട്ടുകൊടുക്കുകയും വേണ്ട.
ശ്രീധരന്‍പിള്ളയെ കടിച്ചതിനേക്കാള്‍ കൊടിയ വിഷമുള്ള ഇനങ്ങള്‍ കൂട്ടിനകത്ത് നിരവധിയുണ്ടെന്ന് ഒ. രാജഗോപാല്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഭരണംകൊണ്ട് പത്തു കോടി സമ്പാദിച്ചവര്‍, മുപ്പതു ലക്ഷത്തിന്റെ വീടുണ്ടാക്കിയ നിര്‍ധനനിസ്വാര്‍ഥര്‍, ഇടത്തും വലത്തും വോട്ടു വിറ്റ് കാശുണ്ടാക്കിയവര്‍, പെട്രോള്‍ ബങ്ക് അനുവദിപ്പിക്കാന്‍ കോഴവാങ്ങി കോടീശ്വരന്മാരായവര്‍, ദാവൂദ് ഇബ്രാഹിമിന്റെ സഹചാരികള്‍, മാറാട് കേസില്‍ സി.ബി.ഐ. അന്വേഷണം മുടക്കിയവര്‍, ചേകന്നൂര്‍ മൌലവി വധക്കേസ് അന്വേഷണത്തില്‍ ഇടപെട്ടവര്‍, മുസ്‌ലിം തീവ്രവാദി ബന്ധമുള്ളവര്‍… ബിന്‍ലാദനുമായി ബന്ധമുണ്ടെന്നു മാത്രമേ ഇനി കേള്‍ക്കാന്‍ ബാക്കിയുള്ളൂ-വിശേഷപ്പെട്ട ജാനസ്സുകളില്‍പ്പെട്ട സര്‍പ്പങ്ങള്‍ നിരവധിയാണ്. വര്‍ഗീയതയുടെ വിഷം മാത്രമേ ഈ ആര്‍ഷഭാരത സര്‍പ്പത്തിനു പണ്ടുണ്ടായിരുന്നുള്ളൂ. മറ്റു കാര്യങ്ങളില്‍ തത്ത്വവും ആദര്‍ശവും ആവശ്യത്തിലേറെ ഉണ്ടായിരുന്നുതാനും. അഞ്ചാറുവര്‍ഷം ഭരണം കിട്ടിയപ്പോഴേക്ക് ആദര്‍ശമെല്ലാം ചോര്‍ന്നുപോയിരിക്കുന്നു. വിഷം മാത്രമുണ്ട് ബാക്കി. പഴയ ചേരകള്‍ക്കും നീര്‍ക്കോലികള്‍ക്കും കൂടി വിഷം വെച്ചിട്ടുണ്ട്. അന്യോന്യം കടിച്ചും മാന്തിയും അവര്‍ കഴിഞ്ഞുകൂടട്ടെ, പുറത്തുള്ളവരെ വെറുതെവിട്ടാല്‍ മതിയായിരുന്നു.
********************
പോലീസിനെ ബോംബെറിഞ്ഞ വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ടു. കൂടെ ജാഥ നടത്തിയവരും പാഞ്ഞുപോയി. തല്ലിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തല്ലുക എന്നത് പതിവു പോലീസ് ന്യായം. എം.ജി. കോളേജില്‍ പാഞ്ഞുചെന്ന പോലീസുകാര്‍ വളഞ്ഞുനിന്നു പേപ്പട്ടിയെ തല്ലുംപോലെ തല്ലിയത്, ഒന്നുമറിയാതെ ക്ലാസ് മുറിയില്‍ ഇരുന്ന നിരപരാധികളെയാണ്. അതു ലൈവായി ടി.വി.യില്‍ കണ്ടവരുടെ ഹൃദയം പിടഞ്ഞിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന് അബദ്ധവശാല്‍ ഹൃദയമുണ്ടായിപ്പോയി. ഭ്രാന്തുപിടിച്ചതു പോലെ കുട്ടികളെ തല്ലുന്നവനോട് നിര്‍ത്ത് നിര്‍ത്ത് എന്നാജ്ഞാപിച്ചിട്ടും നിര്‍ത്തുന്നില്ലെങ്കില്‍ ഐ.ജി. സെന്‍കുമാര്‍ എന്തുചെയ്യണം?
പല മാര്‍ഗങ്ങളുണ്ട്. ഒന്നും കണ്ടില്ലെന്നു നടിച്ച് സെന്‍കുമാറിനു മടങ്ങാം. അടി അനന്തമായി തുടരട്ടെ. കുട്ടികളാരെങ്കിലും തലപൊട്ടിച്ചാകുകയോ രണ്ടാം നിലയില്‍നിന്നു ചാടിച്ചാകുകയോ ചെയ്തേക്കാം. ചാകട്ടെ. വേറെയൊരു നിയമപരമായ വഴിയുണ്ട്. ആജ്ഞ അനുസരിക്കാത്ത പോലീസുകാരന്റെ നമ്പര്‍ ഡയറിയില്‍ കുറിക്കാം. ഓഫീസില്‍ തിരിച്ചുപോയി വിശദീകരണം ചോദിക്കാന്‍ കമ്മീഷണറോട് ആവശ്യപ്പെടാം. കേസ് വിചാരണയ്ക്കു വെക്കാം. തല്ലുകിട്ടിയവനെ വിളിച്ചുവരുത്തി വിസ്താരവും ക്രോസ് വിസ്താരവും നടത്താം. ബഹളത്തിനിടയില്‍ ഐ.ജി.യുടെ ആജ്ഞ താന്‍ കേട്ടതേ ഇല്ലെന്ന പോലീസുകാരന്റെ വിശദീകരണം സ്വീകരിച്ച് എല്ലാം അവസാനിപ്പിക്കാം.
അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ അക്രമം കൊണ്ടുതന്നെയാണ് പോലീസ് നേരിടുക. അക്രമാസക്തമായ പോലീസ് കൂട്ടത്തെ എങ്ങനെ നേരിടണമെന്ന് പോലീസ് മാന്വലില്‍ പറയുന്നില്ല. വലിയ അക്രമത്തെ ചെറിയ അക്രമം കൊണ്ട് അവസാനിപ്പിക്കാം എന്നു ധരിച്ച സെന്‍കുമാറിനു തെറ്റി. നൂറു കുട്ടികളുടെ തലമണ്ട പൊട്ടിയാലും അതു വലിയ വാര്‍ത്തയാകില്ല. ഐ.ജി. കോണ്‍സ്റ്റബിളിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചാല്‍ അതു വലിയ സംഭവമാണ്. പ്രതിഷേധവുമായി ഇറങ്ങിയില്ലെങ്കില്‍ പോലീസ് അസോസിയേഷന്റെ കഥ കഴിയും. മേലുദ്യോഗസ്ഥന്റെ ആജ്ഞ അനുസരിച്ചു വെടിവെച്ചതിന്റെ പേരില്‍ കൂത്തുപറമ്പിലെ പോലീസുകാര്‍ കൊലക്കേസില്‍ പ്രതികളായപ്പോള്‍ അസോസിയേഷന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഷര്‍ട്ടില്‍ പിടിച്ചാലെങ്കിലും എന്തെങ്കിലും ചെയ്യാതെ പറ്റില്ലല്ലോ.
വിദ്യാര്‍ഥിസമരം വിദ്യാര്‍ഥിപരിഷത്തിന്റേതും സെന്‍കുമാറിനെ ന്യായീകരിച്ചത് കോണ്‍. മുഖ്യമന്ത്രിയും ആയതുകൊണ്ട് പ്രതിപക്ഷത്തിനും അടങ്ങിയിരിക്കാനാവില്ല. അവരും ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്സിന്റെ വോട്ട് വാങ്ങിയതുകൊണ്ട് അതിന്റെ പ്രതിഫലമായി പരിഷത്തുകാരെ സഹായിക്കാനാണ് ഐ.ജി. സെന്‍കുമാര്‍ പ്രത്യേക താത്‌പര്യമെടുത്ത് അങ്ങോട്ടോടിച്ചെന്നത് എന്നുവരെ സി.പി.എം. മുഖപത്രമെഴുതി. ഇതിലപ്പുറം ഇനി ഒന്നുമെഴുതാനില്ല സഖാവേ. വെല്‍ഡണ്‍. ഇനി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയയ്ക്കാന്‍ വല്‍പ വകുപ്പും ഉണ്ടോ എന്നുകൂടി കണ്ടെത്തിയാല്‍ എല്ലാം പൂര്‍ത്തിയാകും.
*****************
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നുകണ്ടപ്പോള്‍ എന്താണ് സംഭവിച്ചിട്ടുണ്ടാവുക? പരീക്ഷയില്‍ പൂജ്യം കിട്ടിയ കുട്ടി പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പുവാങ്ങുവാന്‍ അച്ഛന്റെ മുന്നില്‍ പോയി നില്‍ക്കുമ്പോള്‍ എന്ന പോലെ കൈയും കാലും വിറച്ചിരിക്കുമോ? പൊതിരെ തല്ലാനൊന്നും പറ്റില്ലെന്നതുകൊണ്ട് സോണിയാജി പൊതിരെ ശകാരിച്ച് ഓടിച്ചുവിട്ടിട്ടുണ്ടാകുമോ?
എന്നാല്‍ കേട്ടോളൂ. ഇതൊന്നുമല്ല സംഭവിച്ചത്. ഉമ്മന്‍ചാണ്ടി സംഗതികള്‍ സവിസ്തരം വിശദീകരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റു. എങ്കിലെന്ത്? കോണ്‍ഗ്രസ്സുകാര്‍ ഒറ്റക്കെട്ടായി ഒരു കരളായി ആഞ്ഞുപൊരുതിയാണ് തോറ്റത്. കരുണാകരനും കൂട്ടരും വിട്ടുപോയിട്ടും കോണ്‍ഗ്രസ്സിനു വോട്ടുകൂടി. സോണിയാഗാന്ധിയോട് കഠിന വിദ്വേഷമുള്ളതുകൊണ്ട് ബി.ജെ.പി.ക്കാര്‍ ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. പോരാത്തതിന് ഇടതു സ്ഥാനാര്‍ഥി മുടി നീട്ടിവളര്‍ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം കൊണ്ടാണ് യു.ഡി.എഫ്. തോറ്റത്. സംഗതികള്‍ വിസ്തരിച്ചുകേട്ട സോണിയാജി ഉമ്മന്‍ചാണ്ടിയുടെ ചുമലില്‍ തട്ടി അഭിനന്ദിക്കുകയും അതീവ സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി പ്രസിഡന്റാണെങ്കില്‍ ഇങ്ങനെ വേണം. ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമായിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു ചെന്നാലും ഇങ്ങനെയൊക്കെത്തന്നെയല്ലേ സംഭവിക്കൂ. എങ്ങനെ തോല്‍ക്കുന്നു എന്നതല്ല, തോല്‍വിയെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം എന്നേതോ മഹാന്‍ പറഞ്ഞിട്ടില്ലേ?
*********************
വടക്കന്‍ കേരളത്തില്‍ ഒരമ്മ ആത്മഹത്യ ചെയ്തു. നഴ്‌സിങ് കോളേജില്‍ പഠിക്കുന്ന മകള്‍ക്ക് ഫീസൊടുക്കാന്‍ കഴിയാഞ്ഞതിലുള്ള മനോവിഷമം കൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന് പത്രവാര്‍ത്ത കാണുന്നു. സി.പി.എം. നേതൃത്വത്തിലുള്ള സഹകരണ സ്വാശ്രയ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു മകള്‍. അതുകൊണ്ട് ആത്മഹത്യയ്ക്ക് ഉത്തരവാദി സി.പി.എം. ആണെന്ന അലമുറയുമായി കെ.എസ്.യു.വും കോണ്‍ഗ്രസ്സും രംഗത്തുവന്നിട്ടുണ്ട്.
കോണ്‍ഗ്രസ്സുകാര്‍ക്കും മറ്റു ബൂര്‍ഷ്വാകള്‍ക്കും ഇതിന്റെ വൈരുദ്ധ്യാധിഷ്ഠിത ഭൌതികം മനസ്സിലാകാഞ്ഞിട്ടാണ്. കോളേജ് പാര്‍ട്ടിയുടേതാണോ എന്നതല്ല പ്രശ്നം. ഈ ചീഞ്ഞ മുതലാളിത്ത വ്യവസ്ഥയിലായതുകൊണ്ടാണ് പാര്‍ട്ടിക്ക് മുതലാളിത്ത നിയമങ്ങള്‍ പാലിക്കേണ്ടിവരുന്നത്. ലാഭമുണ്ടാക്കാനല്ല, സോഷ്യലിസ്റ്റ് നഴ്‌സുമാരെ വാര്‍ത്തെടുക്കാനാണ് സഹകരണ മേഖലയില്‍ പാര്‍ട്ടി സ്വാശ്രയ കോളേജ് ഉണ്ടാക്കുന്നത്. വിദ്യാഭ്യാസ വായ്പ കൊടുത്ത് വിദ്യാര്‍ഥികളെ കടക്കെണിയില്‍ പെടുത്തേണ്ടത് ബൂര്‍ഷ്വാ ബാങ്കുകളുടെ ചുമതലയാണ്. സഹകരണ പ്രസ്ഥാനത്തിനു തൊഴിലാളിവര്‍ഗത്തെ കടക്കെണിയില്‍ പ്പെടുത്തുകയെന്ന ചുമതലയാണുള്ളത്. ആയിരക്കണക്കിനു കോടി രൂപ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ളതിന്റെ അസൂയയാണ് കോണ്‍ഗ്രസ്സുകാര്‍ക്ക്. നന്നാവില്ല അവന്മാര്‍.