അഴീക്കോടന്‍ മുതല്‍ അടിയന്തരാവസ്ഥവരെ

ഇന്ദ്രൻ

തീര്‍ത്തും അപ്രസക്തവും ഇന്നത്തെ സാഹചര്യത്തില്‍ അപകടകരവും ആയ ഒരു വിഷയം വെറുതെ എടുത്തുപുറത്തിട്ട്‌ ആകെ അലങ്കോലമാക്കുകയാണ്‌ പാര്‍ട്ടിയുടെ സ്വന്തം ചാനല്‍ ചെയ്തതെന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്‌. ഗുണം ചെയ്തില്ലെങ്കിലും സാരമില്ല, ദ്രോഹമെങ്കിലും ചെയ്യാതിരുന്നുകൂടേ എന്നവര്‍ വേറിട്ട ചാനലിനോട്‌ മറ്റു പല കാരണങ്ങള്‍കൊണ്ടും ചോദിക്കാനിരിക്കെയാണ്‌ ഇടിത്തീപോലെ ‘അടിയന്തരാവസ്ഥ’ തലയിലെടുത്തിട്ടത്‌.

ഗ്രാമപഞ്ചായത്തിലേക്ക്‌ ആര്‍ക്ക്‌ വോട്ടുചെയ്യണമെന്ന കാര്യം സാധാരണ വോട്ടര്‍ക്ക്‌ വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുക. ഒന്നിനും കൊള്ളാത്തവനെങ്കിലും അയല്‍വാസിയായ സ്ഥാനാര്‍ഥിയെ എങ്ങനെ ഉപേക്ഷിക്കും? യോഗ്യനെങ്കിലും എതിര്‍കക്ഷിക്കാരനായ ആള്‍ക്കെങ്ങനെ വോട്ടുചെയ്യും? പല പല ധര്‍മസങ്കടങ്ങളാണ്‌. പഞ്ചായത്തിലേക്ക്‌ ആളുകളെ തിരഞ്ഞെടുക്കുന്നത്‌ രാജ്യത്ത്‌ സോഷ്യലിസം നടപ്പാക്കാനല്ലല്ലോ. മൊത്തത്തില്‍തിരഞ്ഞെടുപ്പ്‌ കാലത്ത്‌ കടുത്ത വിഷയദാരിദ്ര്യം ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ ചാനല്‍ ബുദ്ധിജീവികള്‍ കെ. കരുണാകരനെ അഭിമുഖത്തിന്‌ വിളിച്ചുവരുത്തിയത്‌.

ആത്മകഥയെഴുതിയപ്പോള്‍പോലും ലീഡര്‍ സത്യം പറഞ്ഞില്ലെന്ന്‌ ആക്ഷേപിച്ചകൂട്ടരുണ്ട്‌. ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമേ ലീഡര്‍ വാ തുറക്കാറുള്ളൂ എന്നു നിയമസഭയില്‍ തന്നെ പറഞ്ഞവരുണ്ട്‌. അങ്ങനെയുള്ള ലീഡറെക്കൊണ്ട്‌ രാജന്റെ മരണത്തെക്കുറിച്ച്‌ സത്യം പറയിപ്പിച്ച്‌ തിരഞ്ഞെടുപ്പ്‌ കാലത്തൊരു നല്ല ചര്‍ച്ചാവിഷയം സൃഷ്ടിച്ചുകളയാമെന്നാണ്‌ ചാനല്‍ ആലോചിച്ചത്‌. അതിനൊത്ത വിധമാണ്‌ പ്രതിയെ ചോദ്യം ചെയ്തത്‌. ഒന്നുരുട്ടിയൊക്കെ നോക്കിയെങ്കിലും കാര്യമായൊന്നും കിട്ടിയില്ല. കിട്ടിയതുതന്നെ ലാഭം. ആരെങ്കിലും ചാനല്‍ കാണാതെ പോയിട്ടുണ്ടെങ്കില്‍ അവരും അറിഞ്ഞോട്ടെ എന്ന സദുദ്ദേശ്യത്തോടെ അഭിമുഖവാര്‍ത്ത പത്രക്കുറിപ്പായി ഇറക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സിലായിരുന്നപ്പോഴത്തെ ലീഡര്‍ അല്ലല്ലോ ഇപ്പോഴത്തെ ലീഡര്‍. അന്ന്‌ ‘ക’യില്‍ തുടങ്ങുന്ന പല വിശേഷണങ്ങള്‍ക്കും അര്‍ഹനായിരുന്നു. ഇന്ന്‌ ആള്‌ അപ്പാടെ മാറിയില്ലേ? ജനാധിപത്യവാദിയും മനുഷ്യസ്നേഹിയും തൊഴിലാളി വര്‍ഗത്തിന്റെ സന്തത സഹചാരിയും ഇടതുപക്ഷ വിശ്വാസിയും അസ്സല്‍ മതേതരവാദിയുമൊക്കെയായ തങ്കപ്പെട്ട മനുഷ്യനല്ലേ? രാജന്‍ സംഭവത്തില്‍ പറ്റിയ കൈപ്പിഴ നമ്മളെല്ലാം അറിഞ്ഞ്‌ മാപ്പ്‌ കൊടുക്കേണ്ടതുണ്ട്‌. ഒന്നും കരുണാകരന്റെ കുറ്റമല്ല. കോണ്‍ഗ്രസ്സിന്റേതാണ്‌ കുറ്റം. കോണ്‍ഗ്രസ്സായിപ്പോയെന്നതു മാത്രമാണ്‌ കരുണാകരന്റെ കുറ്റം. ആ കുറ്റത്തില്‍നിന്നദ്ദേഹം മോചിതനായില്ലേ? അദ്ദേഹം പറഞ്ഞതിനെയെല്ലാം ആ വിധം കണ്ടാല്‍പോരേ? ഇതു മാത്രമായിരുന്നു അഭിമുഖത്തിന്റെ ഉദ്ദേശ്യം.

അടിയന്തരാവസ്ഥയില്‍ ലീഡര്‍വഹിച്ച പങ്ക്‌ ആരെങ്കിലും മറന്നിട്ടുണ്ടെങ്കില്‍ ഓര്‍മിപ്പിക്കാം എന്നോ ഈതരം പഹയന്മാരുമായിട്ടാണല്ലോ നമ്മുടെ പാര്‍ട്ടിയിപ്പോള്‍ നാല്‌ നക്കാപിച്ച വോട്ടിനുവേണ്ടി കൂട്ടുകൂടിയിരിക്കുന്നത്‌ എന്ന ചിന്ത പാര്‍ട്ടി അണികളില്‍ ഉണ്ടാക്കാം എന്നോ ഉദ്ദേശിച്ചിട്ടില്ല. അതിന്‌ നമ്മള്‍ അച്യുതാനന്ദന്‍ ഗ്രൂപ്പുകാരൊന്നുമല്ലല്ലോ. ഇടതുപക്ഷമെന്നൊക്കെ പറഞ്ഞ്‌ ഒപ്പം നടക്കുന്ന സി.പി.ഐ.ക്കാരുടെ പഴയ വേഷം എന്തായിരുന്നു എന്ന്‌ അറിയാത്തവരെ അറിയിക്കാനും ആഗ്രഹിച്ചിട്ടില്ല. ആ ചുമതലയൊക്കെ പഴയ കെ.ജി.ബി. ആശാന്മാര്‍ നിര്‍വഹിച്ചു തുടങ്ങിയിട്ടുണ്ട്‌. നമ്മളൊന്നും ചെയ്യേണ്ടതില്ല.

ശത്രുക്കള്‍ പലതും പറയും. വിശ്വസിക്കരുത്‌. ലാവ്‌ലിന്‍ അഴിമതിയാരോപണത്തില്‍നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ അടിയന്തരാവസ്ഥാവിവാദം എടുത്തിട്ടത്‌ എന്ന്‌ ആക്ഷേപിച്ചവരുണ്ട്‌. അത്തരം കാര്യങ്ങളില്‍ ചെന്നിത്തലയോളം വൈദഗ്ദ്ധ്യം നമുക്കില്ല. ജനകീയാസൂത്രണം സി.ഐ.എ.യുടെ ചാരപ്പണിയാണെന്ന ചില സി.പി.എമ്മുകാരുടെതന്നെ ആരോപണം ചര്‍ച്ചചെയ്യപ്പെടാതിരിക്കുകയാണ്‌ തന്ത്രമെന്ന ആക്ഷേപവും കേട്ടു. നമ്മുടെ ബുദ്ധിശക്തിയെക്കുറിച്ച്‌ എന്തെല്ലാം അതിശയോക്തിപരമായ ധാരണകളാണ്‌ ആളുകള്‍ വെച്ചുപുലര്‍ത്തുന്നത്‌. ഒന്നും ശരിയല്ല. ചെറിയ മനുഷ്യരാണ്‌ ഞങ്ങള്‍. ചാനലില്‍ ശമ്പളം മോശമാണെന്നു യൂണിയന്‍ യോഗത്തില്‍ പറഞ്ഞ ജീവനക്കാരിയെ സസ്പെന്‍ഡ്ചെയ്യുക, പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ച ആളെ പാര്‍ട്ടിപത്രത്തില്‍നിന്ന്‌ പിരിച്ചുവിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന ശരാശരി മനുഷ്യരാണ്‌.പതിനെട്ടാം നൂറ്റാണ്ടിലെ ചില്ലറ മുതലാളിമാര്‍ ചെയ്തിരുന്ന കാര്യങ്ങള്‍മാത്രം. ഞങ്ങളെക്കുറിച്ച്‌ തെറ്റിദ്ധാരണകളൊന്നും വെച്ചുപുലര്‍ത്തരുതേ…

രാജന്‍ സംഭവത്തിലെന്നപോലെ കര്‍ശന നടപടികള്‍ എടുത്തതുകൊണ്ടാണ്‌ കേരളത്തില്‍ നക്സലൈറ്റ്‌ പ്രസ്ഥാനത്തെ തനിക്ക്‌ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതെന്നും അതുകൊണ്ടാണ്‌ കഴുത്തിനുമേല്‍ തലയുമായി ആളുകള്‍ക്ക്‌ റോഡിലിറങ്ങാന്‍ കഴിയുന്നതെന്നും കെ. കരുണാകരന്‍ അവകാശപ്പെടുന്നുണ്ട്‌.

അവകാശവാദമൊക്ക ശരി. പക്ഷേ, ഒന്നുണ്ട്‌. ചെകുത്താനുള്ളത്‌ ചെകുത്താനുകൊടുക്കണമെന്നു പറഞ്ഞതുപോലെ നക്സലൈറ്റുകള്‍ക്കുള്ളത്‌ നക്സലൈറ്റുകള്‍ക്കുതന്നെ കൊടുക്കണം. ഇവിടെ നക്സലൈറ്റ്‌ പ്രസ്ഥാനം ഊക്കനൊരു കൊടുങ്കാറ്റായി ഉയര്‍ന്നത്‌ തലശ്ശേരി സ്റ്റേഷനാക്രമണകാലത്തോ അടിയന്തരാവസ്ഥക്കാലത്തോ അല്ല. അടിയന്തരാവസ്ഥയില്‍ പ്രസ്ഥാനം ഉന്മൂലനം ചെയ്യപ്പെട്ടുമില്ല. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാലഞ്ചു വര്‍ഷത്തിനിടയിലാണ്‌ കേരളത്തിലെ മുടിനീട്ടിയ ചെറുപ്പക്കാരെല്ലാം നക്സലൈറ്റോ മിനിമം ജനകീയ സാംസ്കാരികവേദിക്കാരോ ആയി മാറിയത്‌.

അന്നു വളര്‍ന്നുവന്ന പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്തതിന്റെ ക്രെഡിറ്റ്‌ കരുണാകരന്‍ തട്ടിയെടുക്കരുത്‌. അത്‌ നക്സലൈറ്റുകളുടെ നേതൃത്വത്തിനുതന്നെ കൊടുക്കണം. വയനാട്ടിലെ മഠത്തില്‍ മത്തായിയുടെ ഉന്മൂലനത്തിലൂടെ നക്സലൈറ്റ്‌ നേതൃത്വം ജനകീയ വേദിയെതന്നെ ഉന്മൂലനം ചെയ്യുകയായിരുന്നു. നെരൂദയെയും ബര്‍ടോള്‍ഡ്‌ ബ്രഹ്‌തിനെയും പേറുന്ന തലയില്‍ പ്രാകൃത കൊലക്കത്തികള്‍ പേറുന്നതെങ്ങനെ? നക്സലിസത്തെ ഉന്മൂലനം ചെയ്തതിനുള്ള പുരസ്കാരം നക്സലൈറ്റുകള്‍ക്ക്‌ തന്നെ കൊടുത്തേക്ക്‌.

തിരഞ്ഞെടുപ്പാണോ എങ്കില്‍ ഫലം പ്രവചിക്കാതിരിക്കാന്‍ പറ്റില്ല നേതാക്കള്‍ക്ക്‌. ജയിക്കുമെന്ന്‌ നൂറുവട്ടം ഉറപ്പില്ലാത്ത ഒരു പാര്‍ട്ടിയുമില്ല മത്സരരംഗത്ത്‌. പുറത്തിറങ്ങി ജനങ്ങളോട്‌ പറഞ്ഞു പറഞ്ഞ്‌ ഒടുവില്‍ സ്വയമങ്ങ്‌ വിശ്വസിക്കുകയും ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. തൂത്തുവാരുമെന്നല്ലേ ആന്റണ്‍ജി, കരുണ്‍ജി മുതല്‍ ചേട്ടനും കൊച്ചനുജത്തിയും വരെ വിശ്വസിച്ചിരുന്നത്‌? എന്നിട്ടെന്തായി. തൂത്തുവാരിപ്പോയില്ലേ?

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്‌ കഴിഞ്ഞപ്പോഴും എല്‍.ഡി.എഫിന്‌ ഉറപ്പായിരുന്നു എണ്‍പത്‌ സീറ്റോടെ പാര്‍ട്ടി ഭരണത്തില്‍ തിരിച്ചെത്തുമെന്ന്‌.സി.പി.എം. സെക്രട്ടേറിയറ്റ്‌ യോഗം കൂടിത്തന്നെ അങ്ങനെ വിലയിരുത്തി. സെക്രട്ടേറിയറ്റ്‌ വിലയിരുത്തിയാല്‍ പിന്നെ ദൈവം തമ്പുരാനുപോലുമത്‌ തിരുത്താന്‍ പറ്റില്ല. മെയ്‌ 13-ന്‌ തിരഞ്ഞെടുപ്പുഫലം വരുന്നതിന്‌ മുന്‍പ്‌ മുഖപ്രസംഗമെഴുതേണ്ടിവന്ന ചിന്ത പത്രാധിപര്‍ എന്തു ചെയ്യും. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ബുദ്ധിശക്തിയിലും അപ്രമാദിത്തത്തിലും ഉറച്ചുവിശ്വസിക്കുകതന്നെ…..” വോട്ടര്‍മാര്‍ വിവേകത്തോടെ നടത്തിയ വിധിയെഴുത്തിലൂടെ തിളക്കമാര്‍ന്ന, വിജയം എല്‍.ഡി.എഫിനു നല്‍കിയതില്‍…..” “കേരള ജനതയ്ക്ക്‌ അഭിവാദ്യങ്ങള്‍” അര്‍പ്പിച്ചു. ഫലംവന്നപ്പോള്‍ യു.ഡി.എഫിന്‌ നൂറു സീറ്റ്‌ കിട്ടിയെന്നു മാത്രം. ‘ചിന്ത’ പത്രാധിപര്‍ അന്നും ഇന്നും വി.എസ്‌. അച്യുതാനന്ദന്‍ തന്നെ. ഇതുകൊണ്ടൊന്നും വി.എസ്സിന്റെ പ്രവചനശേഷിയെ ആരും ചോദ്യം ചെയ്യേണ്ട. അഴീക്കോടന്‍, അടിയന്തരാവസ്ഥ എന്നൊക്കെ ആരെല്ലാം പ്രചരിപ്പിച്ചാലും വോട്ട്‌ എങ്ങനെ ചെയ്യണം എന്ന്‌ ജനങ്ങള്‍ക്കറിയാം എന്നേ വി.എസ്‌. പറഞ്ഞിട്ടുള്ളൂ.

അടിയന്തരാവസ്ഥയുടെ കാര്യം പറയാതെ ഇക്കാലത്ത്‌ ഒന്നും പറഞ്ഞുകൂടാ എന്നാണല്ലോ വ്യവസ്ഥ. അടിയന്തരാവസ്ഥയിലും ഉണ്ടായി പ്രവചനം. ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്നാണ്‌ കേന്ദ്രന്റെ രഹസ്യാന്വേഷണവകുപ്പ്‌ ഉറപ്പിച്ചുപറഞ്ഞത്‌. ലീഡര്‍ ഉള്‍പ്പെടെയുള്ള ഉപദേശകരും അതുതന്നെ പറഞ്ഞു. അന്ന്‌ അങ്ങനെ പറഞ്ഞതുകൊണ്ട്‌ ഇന്ദിരാഗാന്ധി തോല്‍ക്കുകയും രാജ്യം അടിയന്തരാവസ്ഥയില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ നോക്കിയാല്‍ ലീഡറാണ്‌ അടിയന്തരാവസ്ഥയ്ക്ക്‌ അറുതിവരുത്തിയതെന്നൊരു വ്യാഖ്യാനത്തിനു സ്കോപ്പ്‌ കാണുന്നുണ്ട്‌. പ്രയോഗിച്ചുനോക്കാവുന്നതാണ്‌.

അടിയന്തരാവസ്ഥയുടെ അസ്ഥികൂടം അനവസരത്തിലെടുത്ത്‌ പുറത്തിട്ടത്‌ സ്വന്തം ചാനല്‍ തന്നെയാണെന്നു കുറ്റപ്പെടുത്താം. പക്ഷേ, അഴീക്കോടന്‍ രാഘവന്റെ കാര്യം ആരാണ്‌ അനവസരത്തില്‍ ഓര്‍മിപ്പിച്ചത്‌? അഴീക്കോടന്‍ കൊലപാതകം ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ അറിഞ്ഞുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന്‌ ഇ.എം.എസ്‌. തന്നെ നിയമസഭയില്‍ ആരോപിച്ചിട്ടുണ്ട്‌. അതിനെതിരെ ഒരു പത്രമുത്തശ്ശി മുഖപ്രസംഗവും എഴുതിയിട്ടുണ്ട്‌. എല്ലാം ശരി. ഇതൊന്നും അനവസരത്തില്‍ എണ്ണിപ്പറഞ്ഞുകൂടാ. ഇതുപോലെ തന്നെയാണ്‌, മുന്‍പ്‌ ആന്റണി കോണ്‍ഗ്രസ്സുമായി മുന്നണി ഉണ്ടാക്കിയപ്പോള്‍ കരുണാകരന്റെ പക്ഷക്കാര്‍ മുന്‍ എം.എല്‍.എ. കുഞ്ഞാലിയുടെ കൊലപാതകം അനവസരത്തില്‍ എടുത്തുപുറത്തിട്ടത്‌. ഇതുകൊണ്ടൊന്നും ഇളകുന്ന അണി അല്ല നമ്മുടെ പാര്‍ട്ടിയുടേത്‌. ഇത്തവണ പക്ഷേ, മറ്റൊരു പൊല്ലാപ്പും ഉണ്ടായി. അഴീക്കോടന്റെ ചരമദിനവും അനവസരത്തില്‍ വന്നു പെട്ടു. തിരഞ്ഞെടുപ്പ്‌ നടത്താന്‍ ഈ സമയം തന്നെ നിശ്ചയിച്ചത്‌ ഗൂഢാലോചനയല്ലെന്ന്‌ ആരു കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

Go Top