രാഹുലിന്റെ വരവ്‌

ഇന്ദ്രൻ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷമായ കീഴ്‌വഴക്കമനുസരിച്ച്‌ ബഹു സോണിയാ പുത്രന്‍ രാഹുല്‍ജി അടുത്ത പ്രധാനമന്ത്രിയാകുന്നതില്‍ നമുക്കൊട്ടും വിരോധം തോന്നേണ്ട കാര്യമില്ല. ഇന്നത്തേക്കാള്‍ പ്രതികൂല സാഹചര്യങ്ങളിലാണ്‌ ഇതേ വംശ പരമ്പരയിലെ രാജീവ്ജി പ്രധാനമന്ത്രിയായത്‌. മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിവുവന്നാല്‍ മൂത്ത കേന്ദ്രമന്ത്രിയെ ആണ്‌ ഇടക്കാല പ്രധാനമന്ത്രിയായി ഡെയ്‌ലി വേജസില്‍ നിയമിക്കാറുള്ളത്‌. പണ്ഡിറ്റ്‌ നെഹ്‌റു മരിച്ചപ്പോഴും ലാല്‍ബഹാദൂര്‍ ശാസ്ത്രി മരിച്ചപ്പോഴും അങ്ങനെയാണ്‌ ചെയ്തിരുന്നത്‌. ഇന്ദിരാജി മരിച്ചപ്പോഴും അങ്ങനെ ചെയ്താല്‍ പോരായിരുന്നോ എന്നു ചോദിച്ചവരുണ്ട്‌. ചരിത്രത്തില്‍ പാസ്‌മാര്‍ക്ക്‌ ഇല്ലാത്തവരാണ്‌ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുക. നെഹ്‌റു മരിച്ചപ്പോള്‍ ഉടനെ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കേണ്ടതായിരുന്നു. അച്ഛന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ കേന്ദ്രമന്ത്രിയായിട്ടുണ്ട്‌ മോള്‍. ആ നിലയ്ക്ക്‌ താല്‍ക്കാലിക പ്രധാനമന്ത്രിയാകുന്നതില്‍ തടസ്സം പറയേണ്ട കാര്യവുമില്ല. അന്നതു ചെയ്തില്ല. ഫലമെന്തായിരുന്നു? പണ്ഡിറ്റ്ജി മരിച്ചപ്പോള്‍ പ്രധാനമന്ത്രിയായത്‌ ശാസ്ത്രി ആണ്‌. ഭാഗ്യത്തിന്‌ അത്‌ അധികം നീണ്ടില്ല എന്നേ ഉള്ളൂ. രണ്ടുവട്ടവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകാതിരിക്കാന്‍ സര്‍വ പിന്തിരിപ്പന്മാരും ഒത്തുപിടിക്കുകയായിരുന്നു. ഒടുവില്‍ മൊറാര്‍ജിയെ ഒരുവിധം നിലം പരിശാക്കിയും കോണ്‍ഗ്രസ്സിനെ രണ്ടായി പിളര്‍ത്തിയും ആണ്‌ ഇന്ദിരാജി സ്ഥാനം ഉറപ്പിച്ചത്‌. ഇതെല്ലാം നല്ലവണ്ണം അറിയുന്നതുകൊണ്ടാണ്‌ ഒരു ദിവസംപോലും കേന്ദ്രമന്ത്രി സ്ഥാനത്ത്‌ ഇരുന്നിട്ടില്ലാത്ത രാജീവ്ഗാന്ധിയെ കൊട്ടാരം ഉപദേശകന്മാര്‍ ഇന്ദിരാജി മരിച്ചപ്പോള്‍ നേരെ പിടിച്ചുകൊണ്ടു പോയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത്‌. അര്‍ജുന്‍സിങ്ങിനോ പ്രണബ്‌ മുഖര്‍ജിക്കോ ആയിരുന്നു താല്‍ക്കാലികനായി ചുമതല കൊടുത്തിരുന്നതെങ്കില്‍ പിന്നെ ഇറക്കിവിടുക എളുപ്പമാകുമായിരുന്നില്ല.

ഇപ്പോള്‍ ഈ പഴങ്കഥയൊക്കെ ഓര്‍ക്കേണ്ടിവന്നത്‌ രാഹുല്‍ജി ചില വിവാദ പ്രസ്താവനകള്‍ നടത്തി എന്നു കേട്ടതുകൊണ്ടാണ്‌. വേണമായിരുന്നെങ്കില്‍ ഇരുപത്തഞ്ചാം വയസ്സില്‍ തനിക്ക്‌ പ്രധാനമന്ത്രിയാകാമായിരുന്നു എന്നാണ്‌ രാഹുലിന്റെ വാചകമായി തെഹല്‍ക മാഗസിന്‍ കൊടുത്തിരിക്കുന്നത്‌. തെഹല്‍കയാണു സാധനം. എന്‍.ഡി.എ.യുടെ ഭരണകാലത്ത്‌ ബി.ജെ.പി.യെയും ഫെര്‍ണാണ്ടസിനെയുമൊക്കെ അടിക്കാന്‍ തെഹല്‍കയുടെ വടി കുറെ കിട്ടിയിരുന്നതാണ്‌. അന്നത്‌ ഇന്റര്‍നെറ്റിന്റെ ഏര്‍പ്പാടായിരുന്നു. ഇന്ന്‌ അച്ചടിയാണ്‌ എന്നവ്യത്യാസമേ ഉള്ളൂ. നാലു കോപ്പി വില്‍ക്കാന്‍ എന്തും ചെയ്യുന്ന കൂട്ടരാണ്‌. എങ്കിലും രാഹുലിന്റെ പേരില്‍ വന്ന ഈ പ്രസ്താവന വ്യാജമാവാന്‍ ഇടയില്ല എന്നാണ്‌ തോന്നുന്നത്‌. കാരണം അതില്‍ വിവാദമാവേണ്ട കാര്യമൊന്നുമില്ല. ആകെ ഉള്ളതു കുറച്ച്‌ പൊങ്ങച്ചമാണ്‌. നാളെ പ്രധാനമന്ത്രിയാകേണ്ട ആള്‍ക്ക്‌ കുറച്ചു പൊങ്ങച്ചം പറയാനും സ്വാതന്ത്ര്യമില്ലെന്നു വരുന്നതു മോശമാണ്‌. യുവാവിന്‌ ഇപ്പോഴും വയസ്സ്‌ മുപ്പത്തഞ്ചേ ആയിട്ടുള്ളൂ. ഇരുപത്തഞ്ചു വയസ്സായിരുന്നപ്പോഴത്തെ രാഷ്ട്രീയത്തെക്കുറിച്ചൊന്നും വലിയ പിടിപാട്‌ കാണാനിടയില്ല. കാരണം മാതാജി കോണ്‍ഗ്രസ്സില്‍ മെമ്പര്‍ഷിപ്പ്‌ എടുക്കുന്നതുതന്നെ 1997-ല്‍ മാത്രമാണ്‌. അന്നത്‌ ദേശീയോത്സവമായി കോണ്‍ഗ്രസ്‌ ആഘോഷിച്ചിരുന്നതുമാണ്‌. രാഹുലിന്റെ ഇരുപത്തഞ്ചാം വയസ്സില്‍ സോണിയാജി രാഷ്ട്രീയത്തില്‍ത്തന്നെയില്ല; പിന്നെയെങ്ങനെ രാഹുല്‍ പ്രധാനമന്ത്രിയാകും? സോണിയാജിയെ രാഷ്ട്രീയത്തിലിറക്കാനല്ലാതെ രാഹുലിനെ ഇറക്കാനാരും നടന്നതായി കേട്ടിട്ടില്ല. ഇനി സോണിയാജി ഇറങ്ങുന്നില്ലെന്ന്‌ ഉറപ്പായാല്‍ പിന്നെ ഇറക്കാന്‍ നടക്കേണ്ടത്‌ രാഹുലിനെയല്ല, പ്രിയങ്കയെ ആണെന്നും കോണ്‍ഗ്രസ്സുകാര്‍ക്ക്‌ നന്നായി അറിയാം. അതുകൊണ്ട്‌, ഇരുപത്തഞ്ചാം വയസ്സില്‍ പ്രധാനമന്ത്രിയാകാന്‍ രാഹുലിന്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ മുഖ്യമന്ത്രിയായതുപോലെ ഷാജി കൈലാസിന്റെ ഹിന്ദി എഡിഷനായ ആരെയെങ്കിലും സമീപിക്കുക. രാഹുലിന്റെ 25-ാ‍ം വയസ്സുകാലത്ത്‌ ഇന്ത്യയില്‍ തിരഞ്ഞെടുപ്പൊന്നും നടന്നിട്ടില്ല. നടന്നത്‌ ഒരു വര്‍ഷം കഴിഞ്ഞാണ്‌. അന്ന്‌ പ്രധാനമന്ത്രിയായത്‌ ഭൂരിപക്ഷമില്ലാത്ത വാജ്‌പേയിയാണ്‌. 13 ദിവസം കഴിഞ്ഞ്‌ ഇറങ്ങിയപ്പോള്‍ പ്രധാനമന്ത്രിയായത്‌ ദേവഗൗഡയാണ്‌. ജനതാദളിന്റെ പ്രധാനമന്ത്രി നോമിനിയാകുക എന്നത്‌ രണ്ടുജന്മം വിചാരിച്ചാലും രാഹുലിനു കഴിയുന്ന കാര്യവുമല്ല.

അതിനെക്കുറിച്ചൊന്നും ഇനി പറഞ്ഞിട്ട്‌ കാര്യമില്ല. ലോക്‌സഭാംഗമായ രാഹുല്‍ ഒരു വര്‍ഷത്തിനിടയില്‍ സഭയില്‍ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നതും കാര്യമാക്കേണ്ട. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ വികസനം തന്റെ മണ്ഡലത്തില്‍ ഉണ്ടാക്കുന്ന പണിയിലായിരുന്നു അദ്ദേഹം. ഓരോ കേന്ദ്രമന്ത്രിയെയും വിളിച്ച്‌ ഓരോ പദ്ധതിവീതം അമേത്തിക്ക്‌ അനുവദിപ്പിക്കുക എന്നതാണ്‌ പരിപാടി. 2009 ആവുമ്പോഴേക്ക്‌ അമേത്തിയില്‍ തൊഴിലില്ലാത്തവര്‍ ആരുമുണ്ടാവില്ല. ഇപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനൊപ്പം പല വിദേശ സന്ദര്‍ശന സംഘങ്ങളിലും രാഹുല്‍ അംഗമാകുന്നുണ്ട്‌. അടുത്തമാസം രാഹുല്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാകും എന്നാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. അത്‌ ചെന്നിത്തലയോ ടോംവടക്കനോ സെക്രട്ടറിയാകുന്നതുപോലെ ആയിരിക്കില്ല. രാജീവ്ഗാന്ധിയും ആദ്യം ഇരുന്നത്‌ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ്‌. അവിടെനിന്നാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ എടുത്തുയര്‍ത്തപ്പെട്ടത്‌. രാഹുലിനെയും ഏതു നിമിഷവും അങ്ങനെ ചെയ്യാവുന്നതേയുള്ളൂ. മന്‍മോഹന്‍ജിയോട്‌ ഒരു കൈയാംഗ്യം കാട്ടിയാല്‍ മതിയാകും. ആള്‍ സ്ഥലംവിടും. ആകെയൊരു പ്രശ്നമുള്ളത്‌ കോണ്‍ഗ്രസ്സിനു തനിച്ച്‌ ഭൂരിപക്ഷമില്ല എന്നതാണ്‌. അതിനെക്കുറിച്ചും വേവലാതിപ്പെടേണ്ട കാര്യമില്ല. കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററിപാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുന്നത്‌ അവരുടെ ആഭ്യന്തര കാര്യമാണെന്നു മനസ്സിലാക്കാനുള്ള ജനാധിപത്യബോധമൊക്കെ സി.പി.എമ്മിനും സി.പി.ഐ.ക്കും ഉണ്ട്‌. ഇനി നിര്‍ബന്ധമാണെങ്കില്‍ പെട്രോള്‍ വിലവര്‍ധന, ഓഹരിവില്‍പന തുടങ്ങിയ കാര്യങ്ങളിലെന്നപോലെ വംശാധിപത്യത്തിനെതിരെയും വേണമെങ്കില്‍ ഒരു പ്രമേയം പൊളിറ്റ്ബ്യൂറോവില്‍ പാസ്സാക്കാവുന്നതേ ഉള്ളൂ. 2009-ലെ പൊതുതിരഞ്ഞെടുപ്പിനു മുന്‍പ്‌ അനിവാര്യമായത്‌ സംഭവിക്കുന്നതിന്‌ ഒരു തടസ്സവുമില്ല എന്നര്‍ഥം.

അടിയന്തരാവസ്ഥക്കാലത്ത്‌ കേരളത്തില്‍ നടന്നതിനെല്ലാം കെ. കരുണാകരന്‍തന്നെയാണ്‌ ഉത്തരവാദിയെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ മുതല്‍ എസ്‌.എഫ്‌.ഐ.ക്കാര്‍ വരെ പറയുന്നത്‌ മനസ്സിലാക്കാം. വെളിയം ഭാര്‍ഗവന്‍ ഇതു പറയുന്നത്‌ കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ ചെറിയ പ്രയാസമുണ്ട്‌. സാരമില്ല. വെളിയവും പറഞ്ഞുകൊള്ളട്ടെ, അതാണല്ലോ നടപ്പുഫാഷന്‍. ഇതെല്ലാം കേട്ടാല്‍ തോന്നുക കേരളത്തില്‍ നടന്നതിനൊന്നും താനുത്തരവാദിയല്ലെന്നു കെ. കരുണാകരന്‍ പറഞ്ഞു എന്നാണ്‌. ലീഡര്‍ അങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.

രാഷ്ട്രീയസഖ്യം, മുന്നണി, ധാരണ, നീക്കുപോക്ക്‌ തുടങ്ങിയവ ഉണ്ടാക്കുന്നത്‌ അക്കാലംവരെ നടന്ന കാര്യങ്ങളെല്ലാം ഫ്രീസറിലേക്ക്‌ മാറ്റിവെച്ചുകൊണ്ടാണ്‌.അടിയന്തരാവസ്ഥയ്ക്കും 1947 മുതല്‍ നടന്ന എല്ലാ കാര്യത്തിനും കോണ്‍ഗ്രസ്സിനെ രാവും പകലും വിമര്‍ശിച്ചുവന്ന സി.പി.എം.തന്നെയാണ്‌ കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി മന്ത്രിസഭയെ നിലനിര്‍ത്തുന്നത്‌. അതിനപ്പുറമൊന്നുമല്ല പഞ്ചായത്ത്‌ വോട്ടിന്‌ ഇന്ദിരാകോണ്‍ഗ്രസ്സുമായി ഉണ്ടാക്കുന്ന ചില്ലറ നീക്കുപോക്ക്‌. പിണറായിയില്‍ പാര്‍ട്ടി രൂപവത്‌കരിച്ചതു മുതലുള്ള സര്‍വവും മറന്നാണ്‌ ലീഡര്‍ സഖാവ്‌ പിണറായിയെ തുണയ്ക്കുന്നത്‌. സി.പി.എമ്മിനു മറക്കാനുള്ളത്‌ നാലോ അഞ്ചോ കൊലകളും പത്തോ നൂറോ കുത്തുമുറികളും ഇരുനൂറോ മുന്നൂറോ അഴിമതികളുമൊക്കെയല്ലേ ഉള്ളൂ. അതൊന്നും അത്ര സാരമാക്കാനില്ല.

ഒന്‍പതു ഡി.സി.സി. പ്രസിഡന്റുമാര്‍ ബി.ജെ.പി. വോട്ടിനുവേണ്ടി പി.എസ്‌. ശ്രീധരന്‍പിള്ളയെ സമീപിച്ചത്രെ. വിശ്വസിക്കാന്‍ കഴിയുന്നില്ല. ബി.ജെ.പി.യെപ്പോലെ ആര്‍ഷഭാരതസംസ്കാരമുള്ള ആദര്‍ശാധിഷ്ഠിത പാര്‍ട്ടിയെ വേണ്ടാത്ത കാര്യത്തിനു ഡി.സി.സി. പ്രസിഡന്റുമാര്‍ സമീപിക്കുക! പിന്നീടെന്തു സംഭവിച്ചുവെന്നു ശ്രീധരന്‍പിള്ള പറയുന്നില്ല. നമുക്ക്‌ ഊഹിക്കാവുന്നതേ ഉള്ളൂ. ശ്രീധരന്‍പിള്ള ചൂല്‌ എടുത്ത്‌ അടികൊടുക്കുകയും വാതില്‍ കൊട്ടിയടയ്ക്കുകയും കട്ടിലില്‍ പോയിക്കിടന്നു രാമനാമം ജപിച്ചുറങ്ങുകയും ചെയ്തിട്ടുണ്ടാവണം. സത്യമായും ഈ ഡി.സി.സി. പ്രസിഡന്റുമാര്‍ക്കെതിരെ പീഡനം, മാനഭംഗം, മാനഹാനി തുടങ്ങിയ ഇ.ശി.നി.യിലെ ലഭ്യമായ എല്ലാ വകുപ്പുകളിലും കേസെടുക്കേണ്ടതാണ്‌. രാഷ്ട്രീയത്തിലെ മൂല്യച്യുതിയുടെയൊക്കെ ഒരു അവസ്ഥ നോക്കണേ. ശിവ ശിവ….കലികാലം……

Leave a Reply

Your email address will not be published. Required fields are marked *

Go Top