ചില നീക്കുകളും പോക്കുകളും

ഇന്ദ്രൻ

കെ കരുണാകരനുമായോ അദ്ദേഹത്തിന്റെ പേരുറപ്പാകാത്ത പാര്‍ട്ടിയുമായോ തൊട്ടുകൂടായ്മയൊന്നും ഇല്ലെന്ന്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പ്രസ്താവിച്ചത്‌ ശ്രദ്ധിച്ചിരിക്കുമല്ലൊ. നല്ല വെളിവുള്ള പ്രസ്താവനതന്നെയാണത്‌.

സി.പി.ഐക്ക്‌ അങ്ങനെയൊരു തൊട്ടുകൂടായ്മാനയം ഉണ്ടെന്നാരെങ്കിലും തെറ്റിദ്ധരിച്ചതായി വെളിയത്തിനു തോന്നിയോ? 1980നുശേഷം ജനിച്ചവര്‍ക്ക്‌ അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാകാന്‍ ഇടയുണ്ടെന്നത്‌ ശരിയാണ്‌.പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോകുന്നവരില്‍ ഭൂരിപക്ഷം അവരാണല്ലൊ. എണ്‍പതിനുശേഷമുള്ള സി.പി.ഐ. അതിനു മുമ്പുള്ള സി.പി.ഐ.യുടെ ഒരു നിഴല്‍ മാത്രമാണെന്ന്‌ അന്നത്തെ രാഷ്ട്രീയം കാണാന്‍ ഭാഗ്യമുണ്ടായവര്‍ക്കറിയാം. ആ പ്രായക്കാര്‍ക്ക്‌ സി.പി.ഐ.യെക്കുറിച്ച്‌ ലവലേശം തെറ്റിദ്ധാരണ ഉണ്ടാവില്ല.

തൊട്ടുകൂടായ്മയും തീണ്ടലും തൊടീലും പാടില്ലെന്നു ഭരണഘടന പ്രഖ്യാപിച്ച്‌ അധികം കഴിയും മുമ്പുതന്നെ സി.പി.ഐ. രാഷ്ട്രീയമായ തൊട്ടുകൂടായ്മ സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്തതാണ്‌. കോണ്‍ഗ്രസ്സിനോട്‌ തൊട്ടുകൂടായ്മയൊന്നും വേണ്ട എന്നാണ്‌ അന്നു പാര്‍ട്ടിയെടുത്ത സമീപനം. അതില്‍ യോജിപ്പില്ലാതെയല്ലേ മറ്റേ കൂട്ടര്‍ ഇറങ്ങിപ്പോയി വേറെ പാര്‍ട്ടിയുണ്ടാക്കിയത്‌?

എങ്കിലും 1969വരെ തൊട്ടുകൂടായ്മ പൂര്‍ണമായി ഇല്ലാതാക്കാന്‍ പാര്‍ട്ടിക്ക്‌ അവസരം കിട്ടിയിരുന്നില്ല. മറ്റേ കക്ഷിയും ഒന്നു സഹകരിച്ചാലല്ലേ തൊടാനും പിടിക്കാനും പറ്റൂ. നെഹ്‌റുവിനുശേഷം ദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസ്സിനെ സകലമാന പ്രതിപക്ഷക്കാരെയും കൂട്ടിനു വിളിച്ച്‌ തള്ളിത്താഴെയിട്ടു കളയാമെന്നായിരുന്നു 1967-ല്‍ ഉണ്ടായ ഒരു ഉള്‍വിളി. ഒരുപാട്‌ സംസ്ഥാനങ്ങളില്‍ ആ സംഗതി സാധിച്ചെടുത്തുവെങ്കിലും കേന്ദ്രത്തിലത്‌ സാധിച്ചില്ല. ഒരു കാര്യത്തിന്‌ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ കൈമെയ്‌ മറന്ന്‌ അതു ചെയ്യുകയെന്നതാണ്‌ സി.പി.ഐ.യുടെ രീതി. അതുകൊണ്ട്‌ അന്നു കോണ്‍ഗ്രസ്സിനെ ഇറക്കിവിടാന്‍ ജനസംഘത്തെ കൂട്ടുപിടിക്കുന്നതില്‍പ്പോലും സി.പി.ഐ. തെറ്റുകണ്ടില്ല. തൊട്ടുകൂടായ്മയോ? സി.പി.ഐ.ക്കോ?

’69 കഴിഞ്ഞപ്പോഴേ കോണ്‍ഗ്രസ്‌ വഴിക്കുവന്നുള്ളൂ. നാലയലത്തു വന്നാലല്ലേ തൊടാന്‍ പറ്റൂ. പാര്‍ട്ടിയിലെ പിന്തിരിപ്പന്മാരെല്ലാം പിളര്‍ന്ന്‌ മാറി ജനസംഘം, സ്വതന്ത്രപാര്‍ട്ടി തുടങ്ങിയ മുഷ്കരന്മാരുമായി കൂട്ടുചേര്‍ന്ന്‌ നിഷ്‌കളങ്കയും നിരാലംബയുമായ ഐ കോണ്‍ഗ്രസ്സിനെ പീഡിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ ചാടിവീണ്‌ രക്ഷിച്ചത്‌ സി.പി.ഐ.യാണ്‌. ഇന്നത്തെ സി.പി.ഐ. അല്ല അന്നത്തെ സി.പി.ഐ. എന്നു പറഞ്ഞില്ലേ. ലോകത്ത്‌ അന്നു രണ്ടു വന്‍ശക്തികളാണുണ്ടായിരുന്നത്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും. സോവിയറ്റ്‌ വന്‍ശക്തിയുടെ ഒന്നാംകാര്യസ്ഥനായിരുന്നു സി.പി.ഐ. അതിന്റെ പവറൊന്ന്‌ സങ്കല്‍പിച്ചുനോക്കിയേ. ഇന്ദിരാഗാന്ധിക്കും അത്‌ അറിയാമായിരുന്നു. സി.പി.ഐ.യെ മുറുക്കിപ്പിടിച്ചതുകൊണ്ടാണ്‌ ഇന്ദിരാ കോണ്‍ഗ്രസ്‌ അന്നു രക്ഷപ്പെട്ടത്‌. പിന്നെ നീണ്ട ആറേഴു വര്‍ഷം കുശാലായ മധുവിധുതന്നെയായിരുന്നു.

അക്കാലത്ത്‌ ഇന്ത്യയില്‍വന്ന സോവിയറ്റ്‌ പ്രസിഡന്റിനു ഇന്ത്യയിലെന്തിനാണ്‌ ഒരു പ്രതിപക്ഷം എന്നു തോന്നിപ്പോയിരുന്നു. അങ്ങേരത്‌ ഉച്ചത്തില്‍ ചോദിക്കുകയും ചെയ്തു. അത്ര കെങ്കേമമായിരുന്നു ഇന്ദിരയുടെ സല്‍ഭരണം. ഭരണകക്ഷിയാണോ പ്രതിപക്ഷമാണോ എന്നു തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ സി.പി.ഐ. ഒട്ടിച്ചേര്‍ന്ന്‌ കൂടെ തന്നെയുണ്ടായിരുന്നു. സോവിയറ്റ്‌ ഉപദേശം കേട്ട്‌ പ്രതിപക്ഷത്തിന്റെ കഥ കഴിക്കാന്‍ തന്നെയാണ്‌ അടിയന്തരാവസ്ഥ ഉണ്ടാക്കിയത്‌. സി.പി.ഐ.യുടെ മുഖ്യമന്ത്രിയാണ്‌ അന്നു കേരളം ഭരിച്ചത്‌, കെ. കരുണാകരനോടൊപ്പം. എന്തൊരു സുവര്‍ണകാലമായിരുന്നു അത്‌. അതിന്റെ ഓര്‍മ രോമാഞ്ചമുണ്ടാക്കുന്നു. ചാന്‍സ്‌ കിട്ടിയാല്‍ അതൊന്നു പുനരനുഭവിക്കുക തന്നെ ചെയ്യും. ഇന്ദിരാഗാന്ധിയില്ലെങ്കിലും പാര്‍ട്ടിയുടെ പേരില്‍ ഇന്ദിരയുണ്ട്‌. ഇന്ദിരാഗാന്ധിയുടെ പ്രിയശിഷ്യന്‍ കെ. കരുണാകരനുണ്ട്‌. പിന്നെന്തു തടസ്സം. അമ്പതു വര്‍ഷം മുമ്പ്‌ സിനിമയില്‍ മരംചുറ്റിപ്രേമമഭിനയിച്ച നായികയും നായകനും എഴുപതാം വയസ്സില്‍ അതൊന്നു പുനരവതരിപ്പിച്ചാല്‍ എത്ര മനോഹരമായിരിക്കും. അത്ര മനോഹരമായിരിക്കും വെളിയം – ലീഡര്‍ യുഗ്മഗാനം. തൊട്ടുകൂടായ്മ ഒട്ടും വേണ്ട.

തി രഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന തിരക്കിലാണ്‌ എല്ലാവരും. എല്‍.ഡി.എഫിനാണ്‌ തന്ത്രത്തിന്റെ ആവശ്യമിപ്പോള്‍ കൂടുതലെന്നു തോന്നിപ്പോകും എല്‍.ഡി.എഫ്‌. സംസ്ഥാന സമിതി തീരുമാനം വായിച്ചാല്‍. അതി ഭയങ്കര ശക്തിയോടെ യു.ഡി.എഫ്‌. സഖ്യം നിലയുറപ്പിച്ചിരിക്കുകയാണെന്നും അവരെ തോല്‍പിക്കാന്‍ ത്രികോണ മത്സരം ഒഴിവാക്കുകയാണ്‌ ആദ്യം ചെയ്യേണ്ടതെന്നും പാലോളി മുഹമ്മദ്‌കുട്ടിയുടെ വിശദീകരണങ്ങള്‍ കേട്ടാല്‍ മനസ്സിലാക്കാനാകും.

യു.ഡി.എഫ്‌. സഖ്യവുമായി നേര്‍ക്കുനേരൊരു മത്സരമുണ്ടായാല്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ സീറ്റേ എല്‍.ഡി.എഫിനു ത്രികോണമത്സരമുണ്ടായാല്‍ കിട്ടൂ എന്നു സംശയിക്കണം. അത്ര വലിയ ആപത്താണു ത്രികോണ മത്സരം. യു.ഡി.എഫുമായി നേര്‍ക്കു നേരെ മത്സരമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍. അതിന്റെ ഫലം നമ്മള്‍ കണ്ടതാണ്‌. ആ യു.ഡി.എഫില്‍ ഒരു വിഭാഗം പുറത്തു കടന്നു വേറെ മത്സരിച്ചാല്‍ യു.ഡി.എഫിനു വോട്ടും സീറ്റും കൂടുമോ?

അറിയില്ല. സി.പി.എമ്മിലെയും എല്‍.ഡി.എഫിലെയും ചാണക്യന്മാര്‍ക്കും കണക്കപ്പിള്ളമാര്‍ക്കും അറിയുന്നേടത്തോളം നമുക്കറിയുകയില്ലല്ലോ. ത്രികോണത്തിന്റെ ദുരന്തം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ്‌ കേട്ടോ എല്‍.ഡി.എഫ്‌. കെ. കരുണാകരന്റെ പാര്‍ട്ടിയുമായി ധാരണ, നീക്കുപോക്ക്‌ തുടങ്ങിയ സംഗതികളിലേര്‍പ്പെടുന്നത്‌. അല്ലാതെ കെ. കരുണാകരനോടോ മുരളീധരനോടോ എന്തെങ്കിലും അടുപ്പമോ അനുഭാവമോ ഉള്ളതുകൊണ്ടല്ല. ആരും തെറ്റിദ്ധരിക്കരുതേ… കരുണാകരന്‍ പഴയ… കരുണാകരന്‍ തന്നെയാണേ….

നീക്കുപോക്ക്‌ എന്നത്‌ കേരള രാഷ്ട്രീയത്തിലെ ഒരു പുതിയ പ്രയോഗമാണെന്ന്‌ ചിലര്‍ തെറ്റിദ്ധരിച്ചതായി തോന്നുന്നു. നേരത്തെ പറഞ്ഞതുപോലെ ചില തിയ്യതികള്‍ക്കുശേഷം ജനിച്ചവര്‍ക്കേ ഈ ധാരണാപ്പിശക്‌ ഉണ്ടാകാനിടയുള്ളൂ. നീക്കുപോക്ക്‌ നമ്മുടെ നാട്ടില്‍ മുന്നണി രാഷ്ട്രീയം വന്ന കാലം മുതല്‍ തന്നെയുണ്ട്‌. രാഷ്ട്രീയത്തിലെ അനിവാര്യഘടകമാണ്‌ നീക്കുപോക്ക്‌ എന്ന്‌ മനസ്സിലാക്കാത്തവരുടെ കാര്യം പോക്കാണ്‌.

ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെട്ട നീക്കുപോക്ക്‌ 1970-ലേതാണ്‌. സി.പി.ഐക്കാര്‍ കോണ്‍ഗ്രസ്സുമൊത്തുള്ള സഹശയനം ആരംഭിച്ച ആദ്യ തിരഞ്ഞെടുപ്പാണല്ലൊ 1970ലേത്‌. കോണ്‍ഗ്രസ്സിന്റെ പിന്തിരിപ്പത്തത്തിന്റെ സത്തു മുഴുവന്‍ സിന്‍ഡിക്കേറ്റ്‌ വിഭാഗത്തിലാണുള്ളതെന്ന കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നില്ല. അതുകൊണ്ടാണ്‌ ഇരുകൂട്ടരും ചേര്‍ന്ന്‌ കേന്ദ്രത്തിലെ ഇന്ദിരാകോണ്‍ഗ്രസ്‌ മന്ത്രിസഭയെ പൊട്ടാതെ പൊളിയാതെ സംരക്ഷിച്ചിരുന്നത്‌. അതിനിടയില്‍ കേരളത്തില്‍ സി.പി.ഐക്കാരും ഇന്ദിരാപക്ഷക്കാരും കൂട്ടുകൂടി മുന്നണിയായി. പിന്നെ സി.പി.എം. എന്താണ്‌ ചെയ്യുക? ഇ.എം.എസ്‌. ഉള്ള കാലമായിരുന്നതുകൊണ്ട്‌ സംശയമൊന്നുമുണ്ടായില്ല. അങ്ങനെയാണ്‍ഏറ്റവും മുന്തിയ ആ നീക്കുപോക്ക്‌ രൂപംകൊണ്ടത്‌. കൊടും പിന്തിരിപ്പന്‍ കക്ഷിയെന്ന്‌ സി.പി.എം. വിലയിരുത്തിയ സിന്‍ഡിക്കേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ഏതാനും സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രന്മാരായി നിര്‍ത്തി സി.പി.എം. മുന്നണി പിന്തുണയ്ക്കുകയാണ്‌ ചെയ്തത്‌. കണ്ണൂരിലും കോഴിക്കോട്‌ രണ്ടിലും മട്ടാഞ്ചേരിയിലും സിന്‍ഡിക്കേറ്റ്‌ സ്ഥാനാര്‍ത്ഥികളായ എന്‍.കെ. കുമാരനും കല്‍പള്ളി മാധവമേനോനും കെ.ജെ. ഹര്‍ഷലിന്നും സി.പി.എം. വോട്ടുചെയ്തു. സിന്‍ഡിക്കേറ്റ്‌ കോണ്‍ഗ്രസ്സുകാര്‍ മാന്യന്മാരായിരുന്നതുകൊണ്ട്‌ മറ്റിടങ്ങളില്‍ അവര്‍ സി.പി.എം. മുന്നണിക്ക്‌ വോട്ട്‌ ചെയ്തിട്ടുണ്ടാകുമെന്നാണ്‌ വിശ്വാസം.

ഈ നീക്കുപോക്കിനെ അവസരവാദമെന്നും ആദര്‍ശവിരുദ്ധമെന്നുമെല്ലാം വിശേഷിപ്പിക്കാം. പക്ഷേ, കുറച്ച്‌ മാന്യതയും മര്യാദയും ഉണ്ടെങ്കിലേ നീക്കുപോക്ക്‌ വിജയിക്കൂ. സി.പി.എമ്മിന്റെ വഴിപിന്തുടര്‍ന്ന്‌ ബേപ്പൂരിലും വടകരയിലും ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കിയ യു.ഡി.എഫിന്റെ ഗതിയെന്തായിരുന്നു? കോണ്‍ഗ്രസ്സുകാര്‍ തന്നെ എല്ലാവരും ഡോ. മാധവന്‍കുട്ടിക്കും അഡ്വ. രത്നസിങ്ങിനും വോട്ടുചെയ്തില്ല. ഐ.എന്‍.എല്ലുമായി ഇടതുമുന്നണി ഉണ്ടാക്കിയ നീക്കുപോക്കുകളുടെ ഫലമെന്തായിരുന്നു? ഐ.എന്‍.എല്ലിന്റെ വോട്ട്‌ സി.പി.എമ്മിന്‌ കിട്ടിയിരിക്കാം. പകരം ഐ.എന്‍.എല്ലിന്‌ സീറ്റൊന്നും കിട്ടിയില്ല. കരുണാകരന്‍ പാര്‍ട്ടിയുമായുള്ള ഇടതുമുന്നണിയുടെ നീക്കുപോക്കില്‍ എന്തുണ്ടാകുമെന്ന്‌ കണ്ടറിയാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top