പിന്‍വാതില്‍ പ്രവേശനങ്ങള്‍

ഇന്ദ്രൻ

ഒരു മുന്നണി വിട്ടുവരുന്ന കക്ഷികളെ ഉടന്‍ തന്നെ എതിര്‍ മുന്നണി നോട്ടുമാലയിട്ട്‌ സ്വീകരിച്ചിരുത്തുക എന്നതാണ്‌ മുന്നണി രാഷ്ട്രീയത്തിലെ അംഗീകൃതമായ കീഴ്‌വഴക്കം. കായല്‍ രാജാക്കന്മാരുടെ പാര്‍ട്ടി എന്നു കേരള കോണ്‍ഗ്രസ്സുകളെയും വര്‍ഗീയ പാര്‍ട്ടിയെന്ന്‌ മുസ്‌ലിം ലീഗിനെയും മുദ്രകുത്താറുണ്ടെങ്കിലും തങ്ങള്‍ക്കൊപ്പം ചേര്‍ന്ന്‌ കൊടിപിടിക്കാന്‍ തയ്യാറായപ്പോഴെല്ലാം ഇത്തരം പേരുദോഷങ്ങള്‍ മറന്ന്‌ സി.പി.എം. അവരെ സ്വീകരിക്കാറുണ്ട്‌. തീര്‍ച്ചയായും കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറുള്ളവന്‍ പിന്തിരിപ്പനോ മൂരാച്ചിയോ ആവില്ല. അതാവുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം നില്‍ക്കുകയുമില്ല. ഇതിന്റെ വൈരുധ്യാത്മക ഭൗതികം പൊതുവെ ആളുകള്‍ക്കു മനസ്സിലാവാറില്ല. മനസ്സിലാവാന്‍, പണ്ട്‌ സഖാവ്‌ നായനാര്‍ പറയാറുള്ളതുപോലെ, ചില്ലറ വിവരം വേണം. വിവരമില്ലാത്തവര്‍ ഇതു കമ്യൂണിസ്റ്റ്‌കാരുടെ അവസരവാദമാണെന്ന്‌ മുദ്രയടിച്ചുകളയും.

പഴയ നയങ്ങളില്‍ മാര്‍ക്സിസ്റ്റുകാര്‍ ആദര്‍ശവും സിദ്ധാന്തവും പറഞ്ഞ്‌ മാറ്റങ്ങള്‍ വരുത്തുന്നത്‌ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബ്ബിനെയും പോലുള്ള ആദര്‍ശവാദികള്‍ക്കു ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. നിരപരാധികളും നിഷ്‌കളങ്കരുമായ രണ്ടു കേരള കോണ്‍ഗ്രസ്സുകളോട്‌ ഉമ്മന്‍ചാണ്ടി കാട്ടിയ ക്രൂരത ഇതിനു മുന്‍പൊരു പാര്‍ട്ടിയോടും ഒരു മുന്നണിയും കാട്ടിയിട്ടില്ലാത്ത ഇനത്തില്‍ പെട്ടതാണ്‌. തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മുന്നണി തോറ്റ്‌തുന്നം പാടുമെന്ന്‌ ബോധോദയം ഉണ്ടാവുക, ചോദിച്ച സീറ്റ്‌ എണ്ണത്തിലും വണ്ണത്തിലും തരാതിരിക്കുക എന്നീ രണ്ടു വിപരീതാവസ്ഥകള്‍ സംഭവിച്ചാലാണ്‌ സാധാരണ കേരള കോണ്‍ഗ്രസ്സുകള്‍ മുന്നണിയുടെ കൊടി വലിച്ചെറിഞ്ഞ്‌ മറുകണ്ടം ചാടാറുള്ളത്‌. യു.ഡി.എഫ്‌. ഏതാണ്ട്‌ തുന്നം പാടിയിട്ടുപോലും മന്ത്രിയായി തുടരാനുള്ള ത്യാഗമനഃസ്ഥിതിയും ഇളകാത്ത കൂറും പ്രകടിപ്പിച്ചിരുന്ന ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബ്ബിനെയും ഉമ്മന്‍ചാണ്ടി യാതൊരു പ്രകോപനവും കൂടാതെയാണ്‌ മന്ത്രിസ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയത്‌. ഇങ്ങനെ മാറ്റി നിര്‍ത്തപ്പെടുന്നവര്‍ എത്രകാലം കോലായയില്‍ തോര്‍ത്തഴിച്ച്‌ അരയില്‍ കെട്ടി താണുവണങ്ങി നില്‍ക്കണമെന്നാണ്‌ ഉമ്മന്‍ചാണ്ടി ആഗ്രഹിക്കുന്നത്‌? ആറുമാസം നില്‍ക്കാന്‍ ഇരുവരും സന്നദ്ധരായിരുന്നു. നില്‍ക്കുകയും ചെയ്തു. യു.ഡി.എഫുകാര്‍ തിരിച്ചു വിളിച്ചില്ലെങ്കില്‍ പോകട്ടെ, എല്‍.ഡി.എഫുകാരെങ്കിലും ഇവരെ വിളിച്ചു കൂട്ടിക്കൊണ്ടുപോയി വേണ്ടവിധം ആദരിച്ച്‌ ഇരുത്തേണ്ടേ? സാധാരണയായി തങ്ങള്‍ ഒരു മുന്നണി വിട്ടാല്‍ ഉടന്‍ പോയി മറ്റേ മുന്നണിയില്‍ മന്ത്രിയാകാറാണ്‌ പതിവ്‌. ഇത്തവണ ഇടതുമുന്നണിക്ക്‌ ഉടനെ മന്ത്രിയാക്കാനൊന്നും കഴിയില്ലെന്ന്‌ സമ്മതിക്കാം. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു മതി മന്ത്രിസ്ഥാനം. അതൊന്ന്‌ ഉറപ്പിച്ചങ്ങട്‌ പറഞ്ഞു കൂടേ? അതും ചെയ്യുന്നില്ല. അതാണ്‌ പറഞ്ഞത്‌, രാഷ്ട്രീയത്തിലിപ്പോള്‍ പഴയ തത്ത്വവും മര്യാദയും മൂല്യവുമൊന്നുമില്ലെന്ന്‌.

ഇത്തരമൊരു പ്രത്യേക സാഹചര്യത്തിലാണ്‌ ജനതാദള്‍സെക്യുലര്‍ പ്രസിഡന്റ്‌ വീരേന്ദ്രകുമാറുമായി പിള്ളയ്ക്ക്‌ ചര്‍ച്ച നടത്തേണ്ടിവന്നത്‌. പഴയ കാലത്താണെങ്കില്‍ ഇടതുമുന്നണി കണ്‍വീനറെ ആളയച്ചു വിളിച്ചുവരുത്തിയാണ്‌ ചര്‍ച്ച നടത്തിയിരുന്നത്‌. അതു തറവാട്ടില്‍ ആനയുണ്ടായിരുന്ന കാലം. സാരമില്ല, ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലല്ലോ! വീരേന്ദ്രകുമാര്‍ തന്നെ വന്നല്ലോ ചര്‍ച്ച നടത്താന്‍. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലെ ചിഹ്നത്തിന്റെ പ്രശ്നമാണ്‌ ചര്‍ച്ച ചെയ്തത്‌. ഭംഗിക്കുവേണ്ടി പറഞ്ഞെന്നേയൂള്ളൂ. കേട്ടാല്‍ തോന്നുക പിള്ളയുടെ പാര്‍ട്ടി മത്സരിക്കാനൊരു ചിഹ്നമില്ലാത്തതുകൊണ്ട്‌ ജനതാദളിനോട്‌ ചിഹ്നം കടംചോദിച്ചുവെന്നാണ്‌. പിള്ളയെ പഞ്ചായത്ത്‌ കളി ആരും പഠിപ്പിക്കേണ്ട. പാര്‍ട്ടിയുടെ ആഗോളപ്രസിഡന്റ്‌ സ്ഥാനത്തിനൊപ്പം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനവും വഹിച്ച ആളാണ്‌ പിള്ള. പെരുമാട്ടിയിലല്ലാതെ ജനതാദളിന്‌ പഞ്ചായത്ത്‌ പ്രസിഡന്റുണ്ടോ വേറെ? പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ എന്തിനുവേണ്ടിയാണ്‌ ദള്‍-പിള്ള ഐക്യമുണ്ടാക്കേണ്ടത്‌? പിള്ളയ്ക്കു വോട്ടുള്ളയിടത്ത്‌ ദളിനു വോട്ടിന്റെ പൊടിയില്ല. ദളിനുവോട്ടുള്ളേടത്ത്‌ (!?) പിള്ളയുമില്ല. രണ്ടിടത്തും സി.പി.എമ്മിനു വോട്ടുണ്ടെന്നത്‌ മാത്രമാണ്‌ സമാധാനം.

എന്തായാലും പിള്ളയുമായി ചര്‍ച്ച നടത്താന്‍ ജനതാദള്‍ തയ്യാറായത്‌ നന്നായി. ദളിനെ പിള്ളയ്ക്കും പിള്ളയെ ദളിനും നന്നായി അറിയാം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയിലില്‍ ഒപ്പം കഴിഞ്ഞ കൂട്ടരാണവര്‍. പിള്ള ജയിലില്‍നിന്ന്‌ നേരെ ജയില്‍ മന്ത്രിയായി പ്രമോഷന്‍ നേടിയത്‌ വേറെ കാര്യം. മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നപ്പോഴും പിള്ള ജനതയെ മറന്നില്ല. കേരള കോണ്‍ഗ്രസ്സുകളല്ലാത്ത ഒരു പാര്‍ട്ടിയില്‍ പിള്ള ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു ജനതയില്‍ മാത്രമാണ്‌. എപ്പോഴാണത്‌ സംഭവിച്ചത്‌, എന്തിനു ചേര്‍ന്നു, എന്തിനു വിട്ടു എന്നൊന്നും ചോദിക്കരുത്‌. പിള്ളയ്ക്കും ഓര്‍മ കാണില്ല.

ഇടതുമുന്നണിയില്‍ ഇപ്പോള്‍ പുതിയ കക്ഷികളെയൊന്നും നേരിട്ട്‌ റിക്രൂട്ട്‌ ചെയ്യുന്നില്ല. പുതിയ നയമാണ്‌. ജനതാദളിലോ കേരള കോണ്‍ഗ്രസ്‌ -ജെ.യിലോ എന്‍.സി.പി.യിലോ ആണ്‌ ചേര്‍ക്കുക. അവിടെ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മുന്നണിയിലെടുക്കും. മനസ്സിലായില്ലെന്നോ? പറയാം. ബാലകൃഷ്ണപിള്ളയ്ക്ക്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനു ശേഷം ജനതാദളില്‍ ചേരാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദളിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ തന്നെ മത്സരിക്കാം. ഇടമലയാര്‍ എന്നോ കല്ലടയെന്നോ കുറ്റ്യാടിയെന്നോ കാരപ്പാറയെന്നോ പേരുള്ളതോ ഇല്ലാത്തതോ ആയ ഒരു പദ്ധതിയുമായും പിള്ളയ്ക്ക്‌ ഒരു ബന്ധവും ഈ ജന്മത്തിലോ കഴിഞ്ഞ ജന്മത്തിലോ ഉണ്ടായിരുന്നില്ലെന്ന്‌ പിണറായി വിജയനും വെളിയം ഭാര്‍ഗവനും എം.പി. വീരേന്ദ്രകുമാറും കൊട്ടാരക്കരയില്‍ വന്ന്‌ പ്രസംഗിക്കും. അതൊന്നും കൊട്ടാരക്കരക്കാരെ വിഷമിപ്പിക്കില്ല. ബാലകൃഷ്ണപിള്ള ജീവിതത്തിലൊരു അഴിമതിപോലും ചെയ്തിട്ടില്ലെന്നു പറഞ്ഞാലും കൊട്ടാരക്കരക്കാര്‍ പിള്ളയെ ജയിപ്പിക്കും. ഇനി അഴിമതി നടത്തില്ലെന്നു പറഞ്ഞാലേ അവര്‍ മുഷിയൂ. തുടര്‍ന്ന്‌ ഇടതുമുന്നണി മന്ത്രിസഭയില്‍ ജനതാദളിന്റെ മന്ത്രി ആരാവണം എന്ന ചോദ്യമുയരും. രണ്ടുത്തരമുണ്ടാവില്ല. അതു ബാലകൃഷ്ണപിള്ള തന്നെ.

മന്ത്രിയായി ആറുമാസത്തിനോ ഒരു വര്‍ഷത്തിനോ ശേഷം പിള്ളയ്ക്ക്‌ സൗകര്യം പോലെ കേരള കോണ്‍ഗ്രസ്‌ (ബി) പുനരുജ്ജീവിപ്പിക്കാവുന്നതേ ഉള്ളൂ. അങ്ങനെ പുനര്‍ജനിക്കുന്ന കേരള കോണ്‍(ബി)ക്ക്‌ ഇടതുമുന്നണി ഘടകകക്ഷിയാവുകയും ചെയ്യാം. ഇതാണ്‌ പുതിയ റിക്രൂട്ട്‌മെന്റ്‌ നയം. അപ്പോള്‍ ജനതാദളിനു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നോ? ദുഃഖിക്കുകയൊന്നും വേണ്ട. ബാലകൃഷ്ണപിള്ളയെ ഇടതുമുന്നണിയിലെത്തിക്കുകയെന്ന സത്‌കര്‍മം നിര്‍വഹിച്ചതിന്റെ പുണ്യം പോരേ ജനതാദളിന്‌? മന്ത്രിസ്ഥാനമെന്തിന്‌?

സംസ്ഥാനത്ത്‌ അരഡസന്‍ കേരള കോണ്‍ഗ്രസ്സുകള്‍ ഉള്ളതില്‍ ഐ.എഫ്‌.ഡി.പി. എന്ന പരിഷ്കരിച്ച പേരുള്ള ഒരു കേരള കോണ്‍ഗ്രസ്സാണ്‌ പി.സി.തോമസിന്റേത്‌. ചെറിയ കക്ഷിയൊന്നുമായിരുന്നില്ല ഇത്‌ കഴിഞ്ഞ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുവരെ. ഒറ്റയാനായി നടന്നിട്ടും കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം ഒപ്പിച്ചെടുത്തു. രണ്ടു മുന്നണികളെയും തോല്‍പിച്ച്‌ ഒറ്റയാന്‍ ലോക്‌സഭയിലേക്ക്‌ ജയിക്കുകയും ചെയ്തു. കേരളത്തിലെ അത്യപൂര്‍വ സംഭവം. നിര്‍ഭാഗ്യത്തിന്‌ കേന്ദ്രത്തില്‍ എന്‍.ഡി.എ. തോറ്റുപോയി. ജയിച്ചിരുന്നെങ്കില്‍ ഇ.അഹ്‌മദിനു പകരം വിദേശങ്ങളില്‍ കറങ്ങുന്നത്‌ പി.സി.തോമസ്സാകുമായിരുന്നു.

ഇതൊന്നുമല്ല കാര്യം. ബി.ജെ.പി.യുടെ ഈ ഇഷ്ടപുത്രന്‍ ഇതാ കേരള കോണ്‍ഗ്രസ്സു(ജൊ‍മായി ലയനചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു. പത്രത്തില്‍ ചെറിയ അക്ഷരങ്ങളില്‍ കണ്ട വാര്‍ത്ത മറ്റൊരു പിന്‍വാതില്‍ പ്രവേശനശ്രമത്തിന്റെ കഥയാണ്‌ പറയുന്നത്‌. എന്‍.ഡി.എ. ഘടകകക്ഷി ജോസഫ്‌ വഴി ഇടതുമുന്നണിയിലേക്ക്‌. ആശയവും സിദ്ധാന്തവുമൊക്കെ അവിടെ നില്‍ക്കട്ടെ. മധ്യതിരുവിതാംകൂറില്‍ ഇടതിനും ലാഭം, തോമസിനും ലാഭം. വോട്ടുചെയ്ത ജനം നക്ഷത്രമെണ്ണട്ടെ.

സി.പി.എമ്മുമായി പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും പിന്നെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ധാരണയ്ക്കോ മുന്നണിക്കോ നീക്കുപോക്കിനോ അടവുനയത്തിനോ എന്തിനുവേണമെങ്കിലും തയ്യാറാണെന്നു നാഷണല്‍ കോണ്‍ഗ്രസ്‌ (ഐ) പ്രഖ്യാപിച്ചിട്ടുണ്ട്‌. അറക്കലെ ബീവിയെ കെട്ടാന്‍ മ്മക്ക്‌ സമ്മതം തന്നെ. ബീവി പക്ഷേ, ചില്ലറ ഒടക്കുകള്‍ പറയുന്നുണ്ട്‌. മുന്നണിയും ധാരണയും വേണ്ട. അടവുനയം മതിയത്രെ. ആയിക്കോട്ടെ, കാര്യം നടക്കണമെന്നല്ലേ ഉള്ളൂ. മ്മള്‌ തയ്യാര്‍.

ഇനി അതൊന്നും നടന്നില്ലെന്നിരിക്കട്ടെ. ബേജാറാവേണ്ട.ബാലകൃഷ്ണപിള്ളയുടെയും പി.സി.തോമസിന്റെയും വഴി എന്‍.സി.ഐ.ക്കും സ്വീകരിക്കാവുന്നതേ ഉള്ളൂ. മുണ്ട്‌ തലയിലിട്ടുള്ള പിന്‍വാതില്‍ പ്രവേശനം മാന്യന്മാര്‍ക്കും തറവാടികള്‍ക്കും പറ്റിയതല്ലെന്നു തോന്നാം. കാര്യം നടക്കണമെങ്കില്‍ അല്‍പം വഴങ്ങുകയേ നിവൃത്തിയുള്ളൂ. ശരത്‌പവാറിന്റെ എന്‍.സി.പി. പോലുള്ള തറവാടി പാര്‍ട്ടികളുണ്ടല്ലോ. ഒരു ലയനം ഒപ്പിച്ചെടുക്കാന്‍ അധികസമയമൊന്നും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top