യാത്ര പുറപ്പെട്ടു കഴിഞ്ഞു. കാസര്‍കോട്ട് നിന്നു തന്നെ. ഒരു വിധത്തില്‍ നോക്കിയാല്‍ ഈ രാഷ്ട്രീയ യാത്രകളുടെ പ്രയോജനം വലുതാണ്. തിരുവനന്തപുരം-ന്യൂഡല്‍ഹി നഗരങ്ങള്‍ക്കിടയില്‍ വിമാനത്തില്‍ ഷട്ട്ല് യാത്ര നടത്തിയാണ് നമ്മുടെ നേതാക്കള്‍ കാലയാപനം കഴിക്കുന്നത്. ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ. കരുണാകരന്‍ ആദിയായവര്‍ പഴയ നെ’് യന്ത്രത്തിലെ ഓടം പായുംപോലെയാണ് തിരുവനന്തപുരത്തിനും ഡല്‍ഹിക്കുമിടയില്‍ പായാറുള്ളത്. കാസര്‍കോട് എന്നു പേരായി ഒരിടം കേരളത്തിലുണ്ടെന്ന് ഈ തലസ്ഥാന നേതാക്കളെ ഓര്‍മിപ്പിക്കുന്നു എന്നതാണ്, വടക്കു-തെക്ക് രാഷ്ട്രീയ യാത്രകളുടെ വലിയ പ്രയോജനം. നടക്കട്ടെ, എ.സി. കാറിലാണെങ്കില്‍ എ.സി കാറില്‍.
കെ.പി.സി.സി. സ്ഥാനം പോലുള്ള ചില പദവികള്‍ ഏറ്റെടുത്തുകഴിഞ്ഞാല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒരു അനുഷ്ഠാനമാണ് കാസര്‍കോട്- തിരുവനന്തപുരം യാത്ര. ചെന്നിത്തലയുടെ തലയില്‍ മുന്‍കാല കെ.പി.സി.സി. പ്രസിഡന്റുമാരുടെ തലകളിലൊന്നും ഉദിച്ചിട്ടില്ലാത്ത നവംനവങ്ങളായ പലപല ആശയങ്ങള്‍ ഉദയം ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട്- തിരുവനന്തപുരം യാത്രക്ക് ബദലായ എന്തെങ്കിലും കിണ്ണന്‍ ആശയം ഉണ്ടായേക്കുമെന്ന് പലരും ആശിച്ചതാണ്. അതത്ര എളുപ്പമല്ലെന്നറിയാഞ്ഞിട്ടല്ല. കാസര്‍കോട്- തിരുവനന്തപുരം എന്നത് തിരിച്ചിട്ട് തിരുവനന്തപുരം -കാസര്‍കോട് യാത്ര നടത്തുകയാണ് ഒരാശയം. രണ്ടുവര്‍ഷം മുമ്പാണ് പി.സി.സി. പ്രസിഡന്റ് ആയിരുന്നത് എങ്കില്‍ ചെന്നിത്തല അത് ചെയ്യുമായിരുന്നു എന്നുറപ്പ്. പക്ഷേ, ഇപ്പോഴതിനും ‘നോവല്‍ട്ടി’ നഷ്ടമായിരിക്കുന്നു. 2003-ല്‍ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിക്കളഞ്ഞു. തിരുവനന്തപുരം- കാസര്‍കോട് തെക്ക് വടക്ക് യാത്ര. പി.സി.സി.പ്രസിഡന്റ് സ്ഥാനമോ മുഖ്യമന്ത്രിസ്ഥാനമോ ഒന്നുമില്ലാതെ ഒരു വെറും പി.പി. തങ്കച്ചനായി നടക്കുന്ന കാലത്താണ് ഉമ്മന്‍ചാണ്ടി അതു നടത്തിയതെന്ന് ഓര്‍ക്കണം.
കാസര്‍കോട് നിന്നുള്ള ജാഥ തലസ്ഥാനത്തെത്തുമ്പോഴേക്ക് കേരളത്തില്‍ ചിലതെല്ലാം സംഭവിക്കുമെന്നാണ് ചെന്നിത്തലയുടെ പ്രവചനം. അല്ലെങ്കില്‍, അതാണ് മോഹം. ഇത് ഇത്തരം ജാഥകളുടെ അനിവാര്യമായ മാനസികാവസ്ഥയാണ്. മുന്‍കാലങ്ങളില്‍ യാത്ര നടത്തിയവര്‍ക്കെല്ലാം ഇത് ബാധിച്ചിട്ടുണ്ട്. ഈ കര്‍ക്കടകത്തില്‍ വല്ല വൈദ്യശാലയിലും ചെന്ന് സുഖചികിത്സയെടുക്കുകയാണ് പൊതുവേ തീവ്ര ഇടതുനേതാക്കള്‍ പോലും ചെയ്യുന്നത്. അതുചെയ്യാതെ വടക്കു തെക്ക് സഞ്ചരിക്കാന്‍ മെനക്കെട്ടാല്‍ ഇങ്ങനെയുള്ള തോന്നലുകള്‍ ഉണ്ടാവും. മുമ്പ് ഉമ്മന്‍ ചാണ്ടിക്കും ഇതുണ്ടായി. പണ്ടെല്ലാം പദയാത്രയായാണ് നേതാക്കള്‍ കാസര്‍കോട് ടു തിരുവനന്തോരം വയ എര്‍ണാകുളം സഞ്ചരിക്കാറുള്ളത്. അതുകൊണ്ട് അന്നതിനെ ‘പദയാത്ര സിന്‍ഡ്രോം’ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴിത് ‘ക്വാലിസ് സിന്‍ഡ്രോം’ എന്നും അറിയപ്പെടുന്നു. പേരില്‍ കാര്യമില്ല, കാര്യം മനസ്സിലായാല്‍ മതിയല്ലോ. ഇപ്പോള്‍ പദയാത്രകള്‍ ഇല്ലാതായിട്ടുണ്ട്. കര്‍ക്കടകത്തില്‍ നാഷണല്‍ ഹൈവേക്ക് രൂപമാറ്റം സംഭവിച്ചതിനാല്‍ പദയാത്രക്കാര്‍ കുണ്ടിലോ കുഴിയിലോ വീണു അപ്രത്യക്ഷരായേക്കുമെന്ന ഭയമല്ല പദയാത്ര ഇല്ലാതാകാന്‍ കാരണം. പാദത്തിനു ശേഷി ഇല്ലാതായതുമല്ല. വഴിനീളെ അണി നിരക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ കയ്യുയര്‍ത്തി കയ്യുയര്‍ത്തി, രാത്രി മുറിയിലെത്തിയാലും കൈ താഴ്ത്താന്‍ കഴിയാത്ത അവസ്ഥയില്‍ നേതാക്കള്‍ പോസ്റ്ററിലെ ഫോട്ടോപോലെയാകാറുണ്ട്. ജാഥ സമാപിച്ചാലും കൈ പൂര്‍വസ്ഥിതിയിലാക്കാന്‍ വലിയ പാടാണ്. അതുകൊണ്ടു മാത്രമാണിപ്പോള്‍ പദയാത്ര നടത്താതിരിക്കുന്നത്. അല്ലാതെ ത്യാഗമനോഭാവം കുറഞ്ഞുപോയതുകൊണ്ടൊന്നുമല്ല.
ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തെത്തുമ്പോഴേക്ക് കൊടുങ്കാറ്റുണ്ടാകുമെന്ന് ജാഥ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറയുന്നുണ്ട്. ‘സിന്‍ഡ്രോം’ ഇപ്പോഴും ഉച്ചസ്ഥായിയില്‍ തന്നയാണെന്നര്‍ഥം. ജാഥ തലസ്ഥാനത്തെത്തുമ്പോഴേക്ക് കര്‍ക്കടകം പിന്നിടുമെന്നതുകൊണ്ട് വലിയ കൊടുങ്കാറ്റിനും കാലവര്‍ഷത്തിനും സാധ്യത കുറവാണ്. ജാഥയുടെ കൊടിയും ബോര്‍ഡുമെല്ലാം അഴിച്ചുമാറ്റിയാല്‍ ഒന്നുരണ്ടു നാള്‍ക്കകം തീരുന്നതാണ് ഈ അസുഖം. ആശങ്കയ്ക്ക് അവകാശമില്ല. തുടര്‍ന്നും ചെന്നിത്തല ദിവസം ഒന്ന് എന്ന നിരക്കില്‍ പത്രസമ്മേളനങ്ങള്‍ നടത്തുകയും സൂര്യന്‍ കിഴക്കുദിക്കുകയും ഉമ്മന്‍ചാണ്ടി പരക്കം പാച്ചില്‍ തുടരുകയും ചെയ്തുകൊണ്ടേയിരിക്കും. വേറൊന്നും സംഭവിക്കില്ല.
* * * * * * * * *
കെ. മുരളീധരനും പിതാവും നേതൃത്വം നല്‍കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് മറുമരുന്നായാണ് രമേശ് ചെന്നിത്തല ചൈതന്യയാത്രയുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്ന് അറിയാത്തവരില്ല. എങ്കിലും, മുരളിയുടെ എതിര്‍ദിശയില്‍ സഞ്ചരിക്കാനൊന്നും ചെന്നിത്തലക്ക് കഴിയുമെന്നു തോന്നുന്നില്ല. എങ്ങനെ കഴിയാനാണ്? രണ്ടുപേരും യാത്ര പുറപ്പെട്ടതുതന്നെ ഒരേ ദിശയില്‍ നിന്നല്ലേ? ഒരാള്‍ ലീഡറുടെ പുത്രനായി, മറ്റേയാള്‍ ലീഡറുടെ മാനസപുത്രനായി.
രണ്ടു വര്‍ഷം മുമ്പ് കെ.പി.സി.സി. പ്രസിഡന്റായപ്പോള്‍ കെ. മുരളീധരന്‍ നയിച്ചതും വടക്കു-തെക്കു യാത്രതന്നെയാണ്. വ്യത്യാസമില്ലെന്നു പറഞ്ഞുകൂടാ. മുരളീധരന്റേത് മേടച്ചൂടിലെ ഉള്‍വിളിയായിരുന്നു. രമേശിന്റേത് കര്‍ക്കടകത്തിലും അടങ്ങാത്ത ഒരിനമാണ്. അതൊന്നും വലിയ വ്യത്യാസമല്ല. മുരളീധരന്റേത് ചേതനാ യാത്രയായിരുന്നു. രമേശിന്റേത് ചൈതന്യയാത്രയാണ്. ചേതനയും ചൈതന്യവും തമ്മിലെന്താണ് വ്യത്യാസം-മാര്‍ജാരനും പൂച്ചയും തമ്മിലുള്ള വ്യത്യാസം തന്നെ. ഓരോരുത്തര്‍ക്കും ഓരോന്നിനോടല്ലേ കമ്പം. കെ. മുരളീധരന് ചേതനയോട് ബഹുകമ്പമാണ്. നാഷണല്‍ കോണ്‍ഗ്രസ് മുഖപത്രമായി രൂപാന്തരപ്പെടുത്തി എടുത്തത് തലശ്ശേരിയിലെ ‘ചേതന’ പത്രമാണ്. ചേതനയും യാചനയും തമ്മിലുള്ള ബന്ധമാണിത് കാണിക്കുന്നതെന്നൊരു വാദവുമുണ്ട്.
ചേതനയുണ്ടാക്കേണ്ടത് എങ്ങനെയെന്ന് കെ. മുരളീധരന് അറിയാമായിരുന്നു. തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത് വാര്‍ഡുകമ്മിറ്റികള്‍ക്കു വരെ നോട്ടുമാലയുടെ ക്വോട്ട നിശ്ചയിച്ചുകൊണ്ടാണ്. എന്തെല്ലാം മോഹനസുന്ദരപരിപാടികളായിരുന്നു അനുദിനം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. രമേശ് ചെന്നിത്തലയ്ക്കും പഴയ പത്രങ്ങള്‍ എടുത്തുനോക്കി അവ എന്തെല്ലാമായിരുന്നു എന്നു കണ്ടുപിടിക്കാവുന്നതാണ്. എന്തായാലും കെ.പി.സി.സി.ക്ക് രാഷ്ട്രീയസ്കൂള്‍ തുടങ്ങുക എന്നത് ചെന്നിത്തലയുടെ മാത്രം ആശയമാണ്. ബുദ്ധി ഉള്ളവരുടെ തലയില്‍ വരിക സ്വാശ്രയ കോളേജ് ആരംഭിക്കുകയെന്ന ചിന്തയാണ്. അതാണ് കാതലായ വ്യത്യാസം.
* * * * * * * * *
നാണയമിട്ടാല്‍ ഗര്‍ഭനിരോധന ഉറ കിട്ടുന്ന യന്ത്രങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ആരോഗ്യമന്ത്രിതന്നെ വൈഡ്‌സ്ക്രീന്‍ ചിരിയുമായി വന്നത് ചില യാഥാസ്ഥിതിക സദാചാരവാദികള്‍ക്ക് ഒട്ടും രസിച്ചിട്ടില്ല. എയ്ഡ്‌സ് ഇല്ലാതാക്കാനുള്ള ഒറ്റമൂലി ഉറയാണ് എന്ന് അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക് മന്ത്രിക്ക് ഇതു ചെയ്യാന്‍ മടി തോന്നേണ്ട കാര്യമൊന്നുമില്ലല്ലോ.
ലോകമെങ്ങും ഉറ കിട്ടുന്ന നാണയപ്പെട്ടികളുണ്ട്. ഒരിടത്തും അത് ഉദ്ഘാടനം ചെയ്യാന്‍ ആരോഗ്യമന്ത്രിതന്നെ വെള്ളക്കുപ്പായമിട്ട് വന്നിട്ടുണ്ടാവില്ല എന്നു മാത്രമേയുള്ളൂ. കടയില്‍ ചെന്നു വാങ്ങാന്‍ മടിയുള്ളവന് പെട്ടിയില്‍ നാണയമിട്ട് എടുക്കാന്‍ സൗകര്യപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. അക്കാലത്ത് അത് ഗര്‍ഭനിരോധന ഉറയായിരുന്നു. ഇന്നത് എയ്ഡ്‌സ് നിരോധന ഉറയാണ്. ഗര്‍ഭനിരോധന ഉറ വാങ്ങാനേ നാണം വേണ്ടൂ. മറ്റേതിന് നാണവും മാനവും വേണ്ട.
സദാചാരസങ്കല്‍പവും മാറ്റത്തിനു വിധേയമാണ്. ഇക്കാലത്ത് എവിടെയും വേശ്യകളില്ല. ഉള്ളത് ലൈംഗിക തൊഴിലാളികളാണ്. അന്തസ്സായി ജോലിചെയ്ത് ജീവിക്കുന്ന തൊഴിലാളികള്‍. ഇന്‍ക്വിലാബ് സിന്ദാബാദ്. നിയമം ഇതൊന്ന് അംഗീകരിച്ചുകൊടുക്കേണ്ട കാര്യമേയുള്ളൂ. വര്‍ണശബള ഫ്ലക്സി ബോര്‍ഡുകള്‍ വെച്ച് കട തുടങ്ങാന്‍ പിന്നെ കാലതാമസമുണ്ടാകില്ല. തൊഴിലാളി യൂണിയനുകളായിക്കഴിഞ്ഞു. അഫിലിയേഷന് സി.ഐ.ടി.യു.വിനെയോ ഐ.എന്‍.ടി.യു.സി.യെയോ സമീപിച്ചുകൂടെന്നില്ല.
“വായകൊണ്ടും കൈകൊണ്ടും തലകൊണ്ടും അധ്വാനിക്കുന്നതു പോലെയേ ഉള്ളൂ” തങ്ങളുടെ തൊഴിലെന്നു വാദിക്കുന്ന തത്ത്വജ്ഞാനികള്‍ ലൈംഗികതൊഴിലാളികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്. ‘ഏറ്റവും പഴക്കം ചെന്ന തൊഴിലി’ന് ഏറ്റവും പുതിയ ഈ സിദ്ധാന്തങ്ങള്‍ ചെറിയ ബഹുമാന്യതയൊന്നുമല്ല നേടിക്കൊടുത്തിട്ടുള്ളത്. വീടുകളില്‍ ഭാര്യമാര്‍ അനുഭവിക്കുന്നതിലേറെ സ്വാതന്ത്ര്യവും സന്തോഷവും സംതൃപ്തിയും തങ്ങള്‍ അനുഭവിക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ ആത്മകഥയും പുറത്തിറങ്ങിയിട്ടുണ്ട്. ‘സ്വാതന്ത്ര്യവും സംതൃപ്തിയും’ കിട്ടുന്ന തൊഴിലിലേക്ക് കുറെ സ്ത്രീജനങ്ങള്‍ നീങ്ങിയാല്‍ കുറ്റപ്പെടുത്താനാവില്ല. പുതിയ സാഹചര്യം മനസ്സിലാക്കി ദീര്‍ഘവീക്ഷണത്തോടെ നാണയപ്പെട്ടികള്‍ സ്ഥാപിച്ച ആരോഗ്യമന്ത്രിയെ പ്രശംസിക്കുകയല്ലേ വേണ്ടത് സാര്‍?