മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്ക് ഏതെന്നു ചോദിച്ചാല്‍ സംശയം ലേശവുമില്ലാതെ മറുപടി നല്‍കാന്‍ കഴിയും- ‘സുതാര്യത’ ആണ് ആ വാക്ക്. എത്ര മനോഹരമായ വാക്ക്. മനോഹാരിത മാത്രമല്ല സുതാര്യതയ്ക്കുള്ളത്. ഭാഗ്യമാണ് അതിലേറെയുള്ളത്. കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി സ്വയം പതിച്ചുകിട്ടിയതിനുശേഷം കിട്ടിയ രണ്ടാമത്തെ വലിയ വിശേഷണമാണ് സുതാര്യ കേരളം എന്നത്. ആ പേരില്‍ വെബ്‌സൈറ്റ് തന്നെ തുടങ്ങിയിട്ടുണ്ട് മുഖ്യമന്ത്രി. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ പേരിനകത്ത് കയറിക്കൂടാന്‍ ഭാഗ്യം സിദ്ധിച്ച മലയാള വാക്കേതുണ്ട് സുതാര്യതയല്ലാതെ വേറെ.
പുറത്തുനിന്ന് നോക്കിയാല്‍ അകം കാണുന്ന ഏര്‍പ്പാടിനാണല്ലോ സുതാര്യത എന്നു പറയാറുള്ളത്. കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനാദര്‍ശം തന്നെ അതാണ്. ഒന്നിനും മറവും തടയും പാടില്ല. ഖദര്‍കുപ്പായം തന്നെ സുതാര്യതയുടെ പ്രതീകമാണ്. മുന്തിയ ഖദറാണെങ്കില്‍ പറയുകയും വേണ്ട. അകത്തുള്ളതെല്ലാം പുറത്തുനിന്നു കാണാം. സുതാര്യത പല ഡിഗ്രികളിലുണ്ട്. എ.കെ. ആന്റണിക്കും കരുണാകരനുമൊക്കെ മുന്തിയ ഖദറിന്റെ സുതാര്യതയേ ഉള്ളൂ. ഉമ്മന്‍ചാണ്ടിക്ക് അതുപോര. ഖദര്‍ഷര്‍ട്ട് അവിടെയും ഇവിടെയും കീറുകയും വേണം. സുതാര്യത അത്രയും കൂടട്ടെ.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയ ഉടനെതന്നെ സുതാര്യവല്‍ക്കരണത്തിന്റെ ഒന്നാംഘട്ടം വിജയകരമായി നടപ്പാക്കിയത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. പത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ മുറിയുടെ ജനലുകള്‍, വാതിലുകള്‍ തുടങ്ങിയവ നീക്കം ചെയ്യുകയായിരുന്നു ആദ്യനടപടി. സ്റ്റാച്യു വഴി പോകുന്ന ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലൊന്നു കയറി ഒരു നിവേദനം കൊടുത്തിട്ടു പോകാന്‍ സൗകര്യമൊരുക്കുകയായിരുന്നു ഉദ്ദേശ്യം. നിവേദനം കൊടുക്കാന്‍ ആളുകള്‍ തിരുവനന്തപുരത്ത് വരേണ്ടി വരുന്നത് ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ജില്ലതോറും നിവേദനം വാങ്ങാന്‍ അങ്ങോട്ട് ചെന്നത്. ഏതാണ്ട് മൂന്നുകോടി കേരളീയരില്‍നിന്നും ഓരോ നിവേദനം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി വിശ്രമിക്കാവുന്നതേയുള്ളൂ. പക്ഷേ, വിശ്രമം എന്നത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമുള്ള വാക്കല്ല. വെറുക്കുന്ന വാക്കുതന്നെ. തുടര്‍ന്നാണ് അദ്ദേഹം സുതാര്യ കേരളം പോലുള്ള പരിപാടികളും സുതാര്യം ഡോട്ട് കോം പോലെ വെബ്‌സൈറ്റുകളും തുടങ്ങിയത്.
സുതാര്യവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്‌ക്യാമറ ഘടിപ്പിക്കുക എന്നതാണ് രണ്ടാംഘട്ട സാഹസകൃത്യം. ഓഫീസില്‍ ആരുവരുന്നു, ആരെയെല്ലാം കൂടെക്കൊണ്ടുവരുന്നു എന്ന് ജനങ്ങള്‍ക്ക് അപ്പോഴപ്പോള്‍ കാണാം. കാണാന്‍ വരുന്നവരുടെ എണ്ണം കുറയ്ക്കുവാനുള്ള തന്ത്രമാണിതെന്ന ദുര്‍വ്യാഖ്യാനം ശത്രുക്കള്‍ നടത്തുന്നുണ്ട്. തലയില്‍ മുണ്ടിട്ടുവരുന്നവര്‍ക്കല്ലേ വെബ് ക്യാമറയെ പേടിക്കേണ്ടതുള്ളൂ. അത്തരക്കാര്‍ക്ക് വേറെയെവിടെയെല്ലാം ചെന്നു മുഖ്യമന്ത്രിയെ കാണാം.
വെബ്‌സൈറ്റ് വഴിയുള്ള സുതാര്യവല്‍ക്കരണത്തിന് ചില പരിമിതികളുണ്ട്. ജനം അതിനായി ഇന്റര്‍നെറ്റ് കഫെയിലും മറ്റും ചെന്ന് കാശു മുടക്കി ഇതു കണ്ടുകൊണ്ടിരിക്കണം. അത്രയൊന്നും ആസ്വാദ്യതയുള്ള കലാപരിപാടിയല്ലല്ലോ നിവേദനം സ്വീകരിക്കുകയെന്നത്. കാണാന്‍ അധികം പേരെയൊന്നും കിട്ടാനിടയില്ല. ഇന്റര്‍നെറ്റ് നോക്കാന്‍ കാശു മുടക്കുന്നവന്‍ കാണാന്‍ എന്തെല്ലാം കിടക്കുന്നു. കോടിക്കണക്കിനു വെബ്‌സൈറ്റ് വേറെ കിടക്കുമ്പോള്‍ അതൊന്നും നോക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസു നോക്കിയിരിക്കണമെങ്കില്‍ ആ ആള്‍ക്ക് കാര്യമായ അസുഖം വല്ലതും ഉണ്ടാകണം. അതുകൊണ്ട് വെബ് ക്യാമറ അവിടെനിന്നോട്ടെ. പിന്നീട് വല്ല പ്രയോജനവും ഉണ്ടായേക്കാം. സുതാര്യവല്‍ക്കരണം മുന്നോട്ടു കൊണ്ടുപോകാന്‍ വേറെ വഴി നോക്കണം.
മൂന്നാംഘട്ടമായി ടെലിവിഷന്‍ ക്യാമറതന്നെ ഏര്‍പ്പെടുത്താം എന്ന് അഭിപ്രായമുള്ളവരുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവരോട് എന്തിനു വന്നു എന്താണു ആവശ്യം, ആവശ്യം നടന്നില്ലെങ്കില്‍ എന്താണു ചെയ്യാന്‍ ഉദ്ദേശിക്കുന്നത്… തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കാം. ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ലൈവ് ആയി തന്നെ വന്നോട്ടെ. ഫയലുകളുമായി വരുന്ന ഉദ്യോഗസ്ഥന്‍ അതിന്റെ ഉള്ളടക്കം ക്യാമറയ്ക്ക് മുന്നില്‍ വിവരിക്കട്ടെ. ഫയലിലെ ഉദ്യോഗസ്ഥ കുറിപ്പുകള്‍ വലുതായി ടിവിയില്‍ കാണിക്കുകയും വേണം. മുഖ്യമന്ത്രി ഫയല്‍ നോക്കുന്നതിനും ഒപ്പുവെക്കുന്നതിനും അകമ്പടിയായി നല്ല സംഗീതം നല്‍കാം. ഫയല്‍ നോക്കുമ്പോള്‍ സസ്പെന്‍സ് സയലന്‍സ്, ഒപ്പിടുകയാണെങ്കില്‍ ഡുടുഡും… എന്നിങ്ങനെ അതിശബ്ദത്തില്‍ വാദ്യമേളം, ഒപ്പിടാതെ ഫയല്‍ മടക്കുകയാണെങ്കില്‍ വിഷാദരാഗം എന്നിങ്ങനെ മ്യൂസിക് നല്‍കാന്‍ നല്ല സംഗീത സംവിധായകരെ ഏര്‍പ്പാടു ചെയ്യാം. ഇടവേളകളില്‍ ‘ലജ്ജാവതിയേ…’ എന്നു തുടങ്ങിയ ഗാനരംഗങ്ങള്‍ വേണം. ഇഷ്ടംപോലെ പരസ്യം കിട്ടും. ബജറ്റ് കമ്മി കുറച്ചൊന്നു കുറയ്ക്കുകയെങ്കിലും ചെയ്യാം.
‘ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം’ നല്‍കാന്‍ നിയമമുണ്ടാക്കുമ്പോഴും പ്രതിരോധ രഹസ്യാന്വേഷണ വകുപ്പുകളെ ഒഴിവാക്കാന്‍ കേന്ദ്രം വ്യവസ്ഥചെയ്തിട്ടുണ്ട്. ഇവിടെ പോലീസും പ്രകടനവും ലാത്തിച്ചാര്‍ജുമെല്ലാം മുഖ്യമന്ത്രിയുടെ മുറിയില്‍ നടന്നാലും ഒന്നും ഒഴിവാക്കേണ്ടതില്ല. എന്നാല്‍ കേരളത്തെ അതിവേഗം ബഹുദൂരം പിന്നോട്ടു കൊണ്ടുപോയിടാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് സിറ്റി, കരിമണല്‍ ഖാനനം, കോണ്‍ഗ്രസ് ഗ്രൂപ്പിസം, ഫണ്ട് പിരിവ് തുടങ്ങിയവ ഒരു കാരണവശാലും ‘സുതാര്യം ടിവി’ ചാനലുകളില്‍ ചിത്രീകരിക്കുവാന്‍ അനുവദിക്കുന്നതല്ല. സുതാര്യത്തിനും വേണമല്ലോ ഒരു കൈയും കണക്കുമൊക്കെ.
** ** ** ** **
ദുഷിച്ചുനാറിയ ഈ മുതലാളിത്ത സാമൂഹ്യവ്യവസ്ഥിതിയില്‍ ആദര്‍ശത്തിനും തത്ത്വത്തിനും അനുസരിച്ച് ജീവിക്കുക പ്രയാസമാണ്. തൊഴിലാളിയുടെ അധ്വാനത്തിനു മുഴുവന്‍ പ്രതിഫലം നല്‍കാതെ മുതലാളി പോക്കറ്റിലാക്കുന്ന മിച്ചമൂല്യമാണ് ലാഭം. എന്നുവെച്ച് പാര്‍ട്ടി നടത്തുന്ന സ്ഥാപനങ്ങള്‍ക്കൊന്നും ലാഭം വേണ്ട എന്നു വെക്കാനാവില്ല. ഇതാണ് തത്ത്വം വേറെ, പ്രയോഗം വേറെ എന്നു പറയുന്നതിന്റെ അര്‍ഥം.
ഫെഡറല്‍ രാഷ്ട്രീയ വ്യവസ്ഥയില്‍ രാജ്യസഭ എന്നു പറയുന്നത് സംസ്ഥാനങ്ങളുടെ പ്രതിനിധിസഭയാണ്. ഒരു സംസ്ഥാനത്ത് താമസിക്കുന്നവര്‍ വേണം ആ സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍. അങ്ങനെയല്ലാതെ കുറെ ഫെഡറല്‍ വിരുദ്ധന്മാര്‍ ഓരോ സംസ്ഥാനത്ത് താമസിക്കുന്നതായി വ്യാജ മേല്‍വിലാസം കൊടുത്ത് അവിടെനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന നാണംകെട്ട സമ്പ്രദായത്തെ പാര്‍ട്ടി എക്കാലവും എതിര്‍ത്തുപോന്നിട്ടുണ്ട്. ഇന്നത്തെ പ്രധാനമന്ത്രി മുമ്പൊരിക്കല്‍ അസം മുഖ്യമന്ത്രിയുടെ ഭാര്യയുടെ കീയറോഫില്‍ മേല്‍വിലാസം നല്‍കിയാണു രാജ്യസഭയിലെത്തിയത്. വലിയ ബുദ്ധിമുട്ടാണല്ലോ. അതൊഴിവാക്കാന്‍ ബൂര്‍ഷ്വാകള്‍ എല്ലാം ചേര്‍ന്ന് നിയമം ഭേദഗതി ചെയ്യാനൊരുമ്പെട്ടു. ഞങ്ങളുടെ പാര്‍ട്ടി പല്ലും നഖവും അരിവാളും ഉപയോഗിച്ച് അതിനെ എതിര്‍ത്തിട്ടുണ്ട്.
എന്നുവെച്ച് സീതാറാം യെച്ചൂരിക്കും വൃന്ദാകാരാട്ടിനും ബംഗാളില്‍ പോയി മത്സരിക്കാന്‍ പാടില്ല എന്നു പറയരുത്. വിപ്ലവം മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ അവിടെ ചെന്നേ പറ്റൂ. തത്ത്വവും സിദ്ധാന്തവും പറഞ്ഞിരുന്നാല്‍ കാര്യം നടക്കുകയില്ല. നാടോടുമ്പോള്‍ നടുവെ ഓടി. ബംഗാളില്‍ ചെന്ന് മത്സരിക്കണം. അതാണു പ്രായോഗിക രാഷ്ട്രീയം. കാലം മാറിയില്ലേ സഖാവേ? കട്ടന്‍ കാപ്പിയും ബീഡിയുമായി ബെഞ്ചില്‍ കിടന്നാല്‍ മതിയോ?
** ** ** ** **
ഹര്‍ത്താല്‍ ബന്ദ് ആകുന്ന പ്രതിഭാസം കണ്ട് ഉണ്ടായ കോരിത്തരിപ്പ് ഇതുവരെ അടങ്ങിയിട്ടുണ്ടായിരുന്നില്ല. അതു അവിടെ അവസാനിക്കുമെന്ന് ധരിച്ചവര്‍ക്കു തെറ്റി. പൊതു പണിമുടക്ക് കൊടും ബന്ദാകുന്ന അത്ഭുതം കണ്ട് രോമാഞ്ചമണിയുകയാണ് പ്രബുദ്ധ കേരളമിപ്പോള്‍. നമുക്ക് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. വാക്കുകളുടെ അര്‍ഥപരിമിതികളെ അതിലംഘിച്ചു വിപ്ലവം മുന്നോട്ടു കുതിക്കണം. അടുത്ത ഘട്ടത്തില്‍ ‘വിദ്യാഭ്യാസ ബന്ദ്’ എല്ലാ മനുഷ്യജീവികള്‍ക്കും ബാധകമാക്കണം. മനുഷ്യന്‍ മരണംവരെ വിദ്യാര്‍ത്ഥിയാണെന്ന് ഏതോ ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. സ്കൂള് പൂട്ടിച്ചാല്‍ പോര, കുട്ടികളെ സ്കൂളിലയയ്ക്കുന്ന അച്ഛനമ്മമാരുടെ സ്കൂളും പൂട്ടിക്കണം. ‘തിങ്കളാഴ്ച പ്രതിഷേധദിനം’ എന്നു പറഞ്ഞാല്‍ തിങ്കളാഴ്ച ബന്ദ് ആചരിക്കുന്നതാവണം അടുത്തഘട്ടം. പിന്നെ ഒരു ഘട്ടമേ ഉള്ളൂ. ബഹു നേതാക്കള്‍ക്ക് ആഹ്വാനം ചെയ്യാനുള്ള ബുദ്ധിമുട്ടൊഴിവാക്കിക്കൊടുക്കണം. നേതാവ് മനസ്സില്‍ വിചാരിക്കുമ്പോഴേക്ക് നമ്മള്‍ കടയടച്ച് വീട്ടിലെത്തിയിരിക്കണം. (പിന്നെ തുറക്കണമെന്നുമില്ല.)