പോയ തെന്നല, വന്ന ചെന്നിത്തല

ഇന്ദ്രൻ

ഗ്രൂപ്പിസം വ്യര്‍ഥമായ ഒരു വ്യായാമമാണെന്ന ബോധ്യം ‘എ’ ഗ്രൂപ്പുകാര്‍ക്ക്‌ മുന്‍പേ ഉണ്ടായിരുന്നതാണ്‌. കെ. കരുണാകരനെ കഷ്ടപ്പെട്ട്‌ താഴെയിറക്കി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയപ്പോഴാണ്‌ അതേറെയും ബോധ്യപ്പെട്ടിരുന്നത്‌. കരുണാകരന്‍ ഉള്ളപ്പോള്‍ പോലീസ്‌ സ്റ്റേഷനിലെങ്കിലും ചില്ലറ ശുപാര്‍ശയുമായി ചെല്ലാമായിരുന്നു. എസ്‌.ഐ.യും സി.ഐ.യും ഒന്നും ഗ്രൂപ്പു ചോദിക്കില്ല. ആന്റണി വന്നതോടെ പോലീസ്‌ സ്റ്റേഷന്റെ മുന്നിലൊന്ന്‌ ചെന്നു നില്‍ക്കാന്‍ തന്നെ പാടില്ലെന്ന നിലയായി. പൊലിഞ്ഞുപോയ പ്രതീക്ഷകള്‍ക്കു ജീവന്‍ വെച്ചത്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്‌. അതിനും വലിയ ആയുസ്സില്ലെന്ന്‌ ഇതാ ഇപ്പോള്‍ മനസ്സിലാവുന്നു.

മുഖ്യമന്ത്രിക്കസേര ശാശ്വതമല്ല. കെ.പി.സി.സി. പ്രസിഡന്റിന്റെ കസേര ശാശ്വതമാണ്‌. ഇനിയൊരു കൊല്ലത്തിനപ്പുറത്തേക്ക്‌ അധികാരക്കസേര കൈവശമുണ്ടാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സുകാര്‍ക്കില്ല. പിന്നെ ബാക്കിയുണ്ടാകുക പാര്‍ട്ടിക്കകത്തെ അധികാരം മാത്രമാണ്‌. അതു വലിയ അധികാരമൊന്നുമല്ലെന്ന്‌ ഇപ്പോള്‍ തോന്നുന്നത്‌ ഭരണം കൈയിലുള്ളതുകൊണ്ടു മാത്രമാണ്‌. അതു പോയാലറിയാം കെ.പി.സി.സി. സ്ഥാനങ്ങളുടെ വില. ഭരണവുമില്ല, കെ.പി.സി.സി.യും ഇല്ലെന്ന കഷ്ടകാലഘട്ടത്തിലേക്കു കടക്കുകയാണ്‌ കേരളത്തിലെ ‘എ’ ഗ്രൂപ്പ്‌ കോണ്‍ഗ്രസ്സുകാര്‍. നീണ്ട ഗ്രൂപ്പുപോരാട്ടത്തില്‍ എതിരാളികളായ ‘ഐ’ ഗ്രൂപ്പുകാരെ അധികാരത്തില്‍നിന്നും പാര്‍ട്ടിയില്‍നിന്നു തന്നെയും പുറന്തള്ളി ഇടതുപക്ഷത്തേക്ക്‌ തള്ളിനീക്കി അവര്‍ക്കും ചീത്തപ്പേരുണ്ടാക്കിയത്‌ വന്‍വിജയമായിരുന്നു. പക്ഷേ, വിജയം ഇത്രയും കൈപ്പേറിയതായിരിക്കുമെന്നൊരിക്കലും ഓര്‍ത്തിരുന്നില്ല.

കെ.പി.സി.സി. പ്രസിഡന്റ്‌ പദവിക്കു കാലപരിധിയില്ല. അതില്ലാത്ത ലോകത്തിലെ അത്യപൂര്‍വം സ്ഥാനങ്ങളിലൊന്നാണത്‌. പി.പി.തങ്കച്ചനെപ്പോലെ ചില നിര്‍ഭാഗ്യവാന്മാര്‍ക്കേ അതു കിട്ടിയതിനേക്കാള്‍ വേഗത്തില്‍ നഷ്ടപ്പെട്ട അനുഭവമുള്ളൂ. എല്ലാം വിധിയുടെ കളിയാണ്‌. തെന്നലയെ നോക്കൂ. മൂന്നുമാസത്തേക്ക്‌ മാത്രം എന്ന്‌ കോണ്‍ഗ്രസ്സുകാരെ മുഴുവന്‍ ആശ്വസിപ്പിച്ചുകൊണ്ടാണ്‌ ഹൈക്കമാന്‍ഡ്‌ അദ്ദേഹത്തെ നിയോഗിച്ചത്‌. പക്ഷേ, മൂന്നുവര്‍ഷമാണദ്ദേഹം തന്റെ കൃശഗാത്രത്തില്‍ ഈ ഭാരം വഹിച്ചത്‌. രണ്ടാംവട്ടം വീണ്ടും പ്രസിഡന്റായപ്പോള്‍ കാലപരിധി സംബന്ധിച്ച മുന്നറിയിപ്പൊന്നുമുണ്ടായിരുന്നില്ല. അതു ജീവപര്യന്തമായേക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടായിരുന്നു. പക്ഷേ, ഒരു വര്‍ഷത്തിലേറെ ത്യാഗം നീണ്ടുപോയില്ല.

മുന്‍പത്തെ മൂന്നു വര്‍ഷത്തേക്കാള്‍ സംഭവബഹുലമായിരുന്നു തെന്നലയുടെ രണ്ടാമൂഴം. ആദ്യ ഊഴത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും വന്‍ വിജയത്തോടെ അധികാരത്തിലേറ്റിയത്‌ തെന്നലയുടെ നേതൃപാടവം കൊണ്ടാണെന്ന്‌ കരുതുന്നവരുണ്ട്‌. എന്തോ, തെന്നലയ്ക്ക്‌ അതു സംബന്ധിച്ച്‌ വലിയ പിടിപാടൊന്നുമില്ല. എന്തായാലും രണ്ടാം തെന്നലപര്‍വത്തിലാണ്‌ കൂടുതല്‍ വലിയ അപകടമുണ്ടായത്‌. ഒരു മുഖ്യമന്ത്രി മാറി മറ്റൊരു മുഖ്യമന്ത്രി ഉണ്ടാവുക എന്നത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി എളുപ്പം അതിജീവിക്കുന്ന പ്രക്രിയയൊന്നുമല്ല. ആന്റണി മാറി കുഞ്ഞൂഞ്ഞ്‌ വന്നപ്പോള്‍ പാര്‍ട്ടി പിളര്‍ന്നൊന്നുമില്ല. എന്തു പ്രയോജനം, വരാനുള്ളത്‌ വഴിയില്‍ തങ്ങിയില്ല. വിശേഷിച്ച്‌ കാരണമൊന്നുമില്ലാതെ പാര്‍ട്ടി പിളര്‍ന്നു. ആദ്യത്തെ വന്‍വിജയത്തിലെന്നപോലെ വിനാശകരമായ പിളര്‍പ്പിലും തെന്നല നിരപരാധിയായിരുന്നു, നിസ്സഹായനും.

കാലപരിധിയില്ലാത്ത പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌, പ്രായപരിധിയുടെ അടുത്തൊന്നുമെത്തിയിട്ടില്ലാത്ത ചെന്നിത്തല സമവായത്തിലൂടെ പ്രതിഷ്ഠിക്കപ്പെട്ടതാണ്‌ ‘എ’ ഗ്രൂപ്പിന്റെ തലക്കേറ്റ വലിയ പ്രഹരം. ‘ഐ’ ഗ്രൂപ്പുകാര്‍ സ്ഥലം വിട്ടതോടെ പാര്‍ട്ടിയില്‍ ‘എ’ യുടെ സര്‍വാധിപത്യമായിരുന്നു. പത്തുപേരില്‍ ഒന്‍പതും ‘എ’ ഗ്രൂപ്പുകാര്‍. നാലും അഞ്ചും ഗ്രൂപ്പുകളൊന്നും പേരിനു പോലുമില്ല. കുറച്ചുള്ളത്‌ എക്സ്‌-‘ഐ’ ഗ്രൂപ്പുകാരാണ്‌.അതിനിടെയാണ്‌ വംശനാശം വന്ന ഒരു ഗ്രൂപ്പിന്റെ പ്രതിനിധി ‘എ’ ഗ്രൂപ്പുകാര്‍ക്കിടയിലൂടെ നൂന്നു കയറി കെ.പി.സി.സി. പ്രസിഡന്റായത്‌. ഭൂരിപക്ഷത്തിന്‌ അവസരവും സ്ഥാനമാനങ്ങളും നല്‍കുന്ന സമ്പ്രദായമാണ്‌ പരമ്പരാഗത ജനാധിപത്യം. സമവായ ജനാധിപത്യമാണ്‌ കോണ്‍ഗ്രസ്സിലേത്‌. ഭൂരിപക്ഷം വേണമെന്നില്ല. ന്യൂനപക്ഷം പോലും ആകണമെന്നില്ല. ഏകനായാലും മതി. ഏകനാവുന്നതാണ്‌ സൗകര്യവും. ഹൈക്കമാന്‍ഡില്‍ ചെന്ന്‌ നൂറുപേരുടെ കാര്യം ശുപാര്‍ശ ചെയ്യേണ്ടല്ലോ. സ്വന്തം കാര്യം പറഞ്ഞാല്‍മതി.

സമവായം കൊണ്ട്‌ കെ.പി.സി.സി. പ്രസിഡന്റാകാം. ആ വിജയത്തിന്റെ വലിയ ചിരിയും ചിരിക്കാം. പക്ഷേ, സമവായം കൊണ്ട്‌ പഞ്ചായത്ത്‌ മെമ്പറുപോലുമാകില്ല. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ പത്തു സീറ്റ്‌ നേടിയെടുക്കാന്‍ ഹൈക്കമാന്‍ഡും സമവായവും ഒന്നും തുണയ്ക്കില്ല. 1967-ലെ കെ.സി.അബ്രഹാമിന്റെ റെക്കോഡിനേക്കാള്‍ മോശമാവരുതെന്നേ ചെന്നിത്തലയ്ക്ക്‌ പ്രാര്‍ഥിക്കാനാകൂ. അടുത്ത നിയമസഭാതിരഞ്ഞെടുപ്പിന്‌ അപ്പുറം എന്ത്‌? തെന്നലയ്ക്കുപോലും പ്രതീക്ഷ നിലനിര്‍ത്താന്‍ അവസരം നല്‍കുന്നതാണു കോണ്‍ഗ്രസ്‌ രാഷ്ട്രീയം. ഒന്നും പ്രവചിക്കാനാവില്ല.

കേരളത്തിലെ ബി.ജെ.പി.യുടെ മഹത്ത്വം ഒന്നു വേറെ തന്നെയാണ്‌. സംസ്ഥാനഭരണം ഉള്ള ബി.ജെ.പി.ഘടകങ്ങള്‍പോലും നിരവധിയുണ്ട്‌. ആ ഘടകങ്ങളുടെ നേതാക്കള്‍ക്ക്‌ കേരള ഘടകത്തോട്‌ പുച്ഛമായിരിക്കും. നിയമസഭയിലൊരു സീറ്റ്‌ നേടാന്‍, ജനിച്ചനാള്‍ തൊട്ട്‌ ശ്രമിച്ചിട്ടും വിജയിക്കാത്തവരല്ലേ എന്ന പുച്ഛം. പക്ഷേ, ഒരു കാര്യം അവര്‍ വിസ്മരിക്കുന്നു. രാജ്യത്തെമ്പാടും പെട്രോളിയം വില വര്‍ധിച്ചപ്പോള്‍ അതിനെതിരെ ബന്ദ്‌ അഥവാ ഹര്‍ത്താല്‍ നടത്തിയ ഏക ബി.ജെ.പി.ഘടകം കേരളത്തിലേതാണ്‌. ഭരണമുള്ള ഗുജറാത്തിലും രാജസ്ഥാനിലുമൊന്നും നേരാം വണ്ണമൊരു റെയില്‍ രോകോ സമരം പോലും നടന്നിട്ടില്ല.

നീണ്ട കാലത്തെ വാജ്‌പേയി ഭരണകാലത്തിനിടയില്‍ എത്ര തവണ പെട്രോളിയം വില വര്‍ധിപ്പിച്ചിട്ടുണ്ടെന്ന്‌ ചോദിക്കരുത്‌. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു വര്‍ധന. അന്നു പക്ഷേ, ഹര്‍ത്താല്‍ നടത്താന്‍ ബി.ജെ.പി.ക്കു പറ്റുമായിരുന്നില്ല. അതിനു കോണ്‍ഗ്രസ്സുകാരും ഇടതുപക്ഷക്കാരുമുണ്ടായിരുന്നല്ലോ. മന്‍മോഹന്‍സിങ്‌ വില ഉയര്‍ത്തുമ്പോള്‍ ബി.ജെ.പി. വേണം ഹര്‍ത്താല്‍ നടത്താന്‍. കേരള ബി.ജെ.പി. ആ ചുമതലയാണ്‌ ഏറ്റെടുത്തത്‌. ദേശീയ നേതൃത്വം ഒളിച്ചോടിയതും ആ ചുമതലയില്‍നിന്നുതന്നെ.

ഹര്‍ത്താല്‍ നടത്തിയാലും നടത്തിയില്ലെങ്കിലും ശരി, ആര്‌ വിലകൂട്ടിയാലും അതിനെതിരെ പ്രസ്താവന ഇറക്കാന്‍ ഇടതുപക്ഷം മുന്‍പന്തിയിലുണ്ടാകും. കഴിഞ്ഞ വര്‍ഷം വീപ്പയ്ക്ക്‌ മുപ്പതു ഡോളറായിരുന്ന ക്രൂഡ്‌ വില ഇപ്പോള്‍ 60 ഡോളറായതിന്റെ കണക്ക്‌ യു.പി.എ. യോഗത്തില്‍ മന്‍മോഹനും അയ്യരും വിശദീകരിച്ചിരുന്നു. സോണിയാഗാന്ധിയോ മന്‍മോഹന്‍സിങ്ങോ വിചാരിച്ചാല്‍ അന്താരാഷ്ട്ര വില കുറയില്ല. എന്നാല്‍, കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയാല്‍ വില കുറഞ്ഞുകൂടെന്നില്ലല്ലോ.

ഇറക്കുമതി വിലയ്ക്കൊത്ത്‌ എണ്ണവില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക്‌ അധികാരം നല്‍കിക്കൊണ്ട്‌, പഴയകാലത്തെ വിലനിയന്ത്രണ സംവിധാനം എടുത്തുമാറ്റിയത്‌, ആഗോളീകരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരായ ജനതാദള്‍-സി.പി.ഐ-സമാജ്‌വാദി മൂന്നാം മുന്നണിക്കാരുടെ ഭരണകാലത്താണെന്നും ചരിത്രത്തില്‍ രേഖയുണ്ട്‌. ദേവഗൗഡാ ഭരണത്തിന്റെ ക്രഡിറ്റില്‍ അങ്ങനെയൊരു നേട്ടമുണ്ട്‌. ഇതൊന്നും ഹര്‍ത്താല്‍-പ്രസ്താവനാ സമരങ്ങള്‍ക്കു തടസ്സമാവേണ്ട കാര്യമല്ലെന്ന്‌ സമ്മതിച്ചേ പറ്റൂ.

എല്‍.കെ. അദ്വാനിയുടെ ജിന്നാ സ്തുതിയാണോ സുദര്‍ശന്റെ ഇന്ദിരാസ്തുതിയാണോ കേമം എന്നതു സംബന്ധിച്ച്‌ തര്‍ക്കമുണ്ട്‌. മതത്തിന്റെ പേരില്‍ രാജ്യം വിഭജിപ്പിച്ച ആളെ മതേതരത്വ വിശ്വാസിയെന്നു വിളിക്കുന്നതിന്റെ നര്‍മം അദ്വാനിയില്‍നിന്നു മാത്രമേ പ്രതീക്ഷിക്കാനാവൂ. ഇവിടത്തെ ഇടതു-മതേതര പ്രസ്ഥാനങ്ങളിലുള്ളവരെ ഒന്നും അദ്വാനി ഇക്കാലം വരെ ‘മതേതരത്വവാദി’ എന്നു വിളിച്ചിട്ടില്ല. വിളിക്കാറുള്ളത്‌ ‘വ്യാജമതേതരക്കാര്‍’ എന്നാണ്‌. ജിന്ന വ്യാജ മതേതരക്കാരനല്ല, അസ്സല്‍ മതേതരക്കാരന്‍ തന്നെയാണ്‌ എന്നാണ്‌ അദ്വാനി പാകിസ്താനില്‍ പറഞ്ഞതിന്റെ അര്‍ഥം. ജിന്ന നീണാള്‍ വാഴട്ടെ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യം ഇല്ലാതാക്കുകയും ആര്‍.എസ്‌.എസ്സിനെ നിരോധിക്കുകയും കുടുംബവാഴ്ച സ്ഥാപിക്കുകയും രാഷ്ട്രീയ മൂല്യങ്ങള്‍ ഇല്ലാതാക്കുകയും വര്‍ഗീയവാദം വളര്‍ത്തുകയും സോവിയറ്റ്‌ കമ്യൂണിസ്റ്റുകാര്‍ക്ക്‌ രാജ്യം തീരെഴുതുകയും എല്ലാം ചെയ്ത രാജ്യദ്രോഹിയായിരുന്നു മുന്‍പ്‌ ഇന്ദിരാഗാന്ധി. മരണാനന്തരം മനുഷ്യന്‌ എന്തെല്ലാം മാറ്റങ്ങളാണ്‌ സംഭവിക്കുന്നത്‌. സ്റ്റാലിന്‍ ജനാധിപത്യവാദിയായിരുന്നു, ഹിറ്റ്‌ലര്‍ ജൂതന്മാരുടെ അഭ്യുദയകാംക്ഷിയായിരുന്നു എന്നും മറ്റുമുള്ള ബോധോദയങ്ങള്‍ ഇനി ഉണ്ടാകാനിടയുണ്ട്‌. കാത്തിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Go Top