ഭരണപക്ഷം അമ്പരന്നുപോയതില്‍ അത്ഭുതമില്ല. ഭരണപക്ഷം ചെയ്യുന്ന എല്ലാറ്റിനെയും മുന്നൂറ്ററുപത്തഞ്ചു ദിവസവും എതിര്‍ക്കുകയാണ് പ്രതിപക്ഷധര്‍മമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. അതിനിടെയാണ് രാജ്യസഭയിലേക്ക് മത്സരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ എ.കെ. ആന്റണിയെ എല്‍.ഡി.എഫ്. എതിര്‍ക്കാതെ വിട്ടുകളഞ്ഞത്. കെ. കരുണാകരനെയോ, കെ. മുരളീധരനെയോപോലെ പുരോഗമന-മതേതരത്വ-ജനാധിപത്യ ഭാവിവാഗ്ദാനത്തെയാണ് എതിര്‍ക്കാതെ വിട്ടുകളഞ്ഞിരുന്നതെങ്കില്‍ അതിനു സൈദ്ധാന്തിക-അടവുതന്ത്ര ന്യായീകരണങ്ങള്‍ ധാരാളം നിരത്തിവെക്കാമായിരുന്നു. എതിര്‍ക്കാതെവിട്ടത് എ.കെ. ആന്റണിയെയാണ്. പ്രഖ്യാപിത ഇടതുപക്ഷ വിരുദ്ധന്‍, വ്യാജ ആദര്‍ശവാദി, ജനവിരുദ്ധന്‍, പിന്തിരിപ്പന്‍ തുടങ്ങിയ ഒരു ഡസനോളം ബഹുമതികള്‍ ഇടതുപക്ഷം കനിഞ്ഞുനല്‍കിയ നേതാവിനെയാണ്, ഒരു വെടിപോലും ഉതിര്‍ക്കാതെ രാജ്യസഭയിലേക്ക് കടത്തിവിട്ടത്. യു.ഡി.എഫ്. അതിന്റെ അമ്പരപ്പിലാണ്. ആന്റണിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്താഞ്ഞതില്‍ എല്‍.ഡി.എഫുകാരേക്കാള്‍ പരിഭവം യു.ഡി.എഫിനാണ്. ആന്റണിയോട് എല്‍.ഡി.എഫ്. എന്തോ കൊടിയ അപരാധം ചെയ്തുവെന്ന മട്ടിലാണ് കോണ്‍ഗ്രസ്സുകാരുടെ പ്രതികരണം. സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം ഒരാള്‍ അപ്രതീക്ഷിതമായി ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണിതെന്നാണ് ‘രാഷ്ട്രീയ മനഃശാസ്ത്രജ്ഞര്‍’ പറയുന്നത്. എല്ലാ ദിവസവും രാത്രി കള്ളുകുടിച്ചുവന്നു മര്‍ദിക്കുന്ന ഭര്‍ത്താവ് ഒരു ദിവസം രാത്രി സത്‌സ്വഭാവിയായി വന്ന് മിണ്ടാതെ കിടന്നപ്പോള്‍ ഭാര്യ വേവലാതിപ്പെട്ടതായി കേട്ടിട്ടുണ്ട്. ചേട്ടനെന്ത് പറ്റി ദൈവമേ എന്നലമുറയിട്ടുവത്രെ. കിടന്നേടത്തുനിന്ന് എഴുന്നേറ്റുവന്ന് രണ്ടു കൊടുത്തപ്പോള്‍ സമാധാനമായി ഉറങ്ങിയെന്നും കേള്‍ക്കുന്നു. സ്ത്രീവിരുദ്ധന്മാരുടെ പ്രചാരണമായിരിക്കാം. എന്തായാലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വലിയ മനോവിഷമമുണ്ടെന്ന സത്യം അവശേഷിക്കുന്നു.
ജയസാധ്യത തീരെ ഇല്ലാതിരുന്നതുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്ന പിണറായി വിജയന്റെ വിശദീകരണം വി.എസ്. അച്യുതാനന്ദനുപോലും സ്വീകാര്യമായില്ല. ജയിക്കില്ലെന്ന് ഉറപ്പുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍പ്പോലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം.എന്ന് അച്യുതാനന്ദന് ഓര്‍മവന്നിരിക്കാം. ഇപ്പോഴത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിനെ ബി.ജെ.പി. നേതൃത്വത്തിലുള്ള ഭരണമുന്നണി മാത്രമല്ല, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും പിന്താങ്ങിയപ്പോഴാണ്, പ്രായാധിക്യത്തിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന ലക്ഷ്മി സെഗാളിനെ സി.പി.എം. ഉന്തിത്തള്ളിയിറക്കി സ്ഥാനാര്‍ഥിയാക്കി നാടുനീളെ നടത്തിച്ച് പരവശയാക്കിയത്. ജയിക്കുമെന്നു പിണറായിക്ക് നല്ല ഉറപ്പായിരുന്നു. പോളിറ്റ്ബ്യൂറോവിന്റെ കാര്യത്തില്‍ അത്ര ഉറപ്പില്ല. എന്തുചെയ്യാം, രാജ്യത്തെ എം.പി.മാരും എം.എല്‍.എ.മാരും കലാമിനെ കണ്ണുമടച്ച് പിന്താങ്ങിക്കളഞ്ഞു. 1987ലും ഇതുപോലെ സംഭവിച്ചു. കോണ്‍ഗ്രസ്സുകാര്‍ക്ക് വന്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഘട്ടത്തിലാണ് രാഷ്ട്രപതിയായി അവര്‍ ആര്‍.വെങ്കട്ടരാമനെ നിര്‍ദേശിച്ചത്. ആ പിന്തിരിപ്പന്‍ സ്വാമി വേണ്ട, ഞങ്ങളുടെ കൈയില്‍ നല്ല ഒന്നാന്തരം ഇടതുപക്ഷ സ്വാമി വേറെയുണ്ട് എന്നു പറഞ്ഞാണ് വി.ആര്‍.കൃഷ്ണയ്യരെ നിര്‍ത്തിയത്. ദുഷ്ടന്മാരായ ഭൂരിപക്ഷം ജനപ്രതിനിധികള്‍ പിന്താങ്ങാഞ്ഞതിനാല്‍ ഇടതുസ്വാമി തോറ്റെന്നേ ഉള്ളു. ഉറപ്പിന് അന്നും കുറവുണ്ടായിരുന്നില്ല.
ജയസാധ്യത ഉള്ള തിരഞ്ഞെടുപ്പുകളിലേ മത്സരിക്കൂ എന്നു സി.പി.എം. ഒരു നയമംഗീകരിച്ചാല്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടമെത്രയെന്നു ഇതുവരെയാരും കണക്കുകൂട്ടിയി ട്ടില്ല. സി.പി.എമ്മിന്റെ ലാഭവും മോശമായിരിക്കില്ല. രാജ്യസഭാതിരഞ്ഞെടുപ്പിലെ നയം ഒരു പൊതു നയമായി എല്ലാ പാര്‍ട്ടികളും സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സമാധാനത്തോടെ കിടന്നുറങ്ങാനുമാകും. അച്യുതാനന്ദന്‍ ഓര്‍ത്തിരിക്കാനിടയില്ലാത്ത മറ്റൊരു സംഗതികൂടി ഇതിനിടയില്‍ നടന്നിട്ടുണ്ട്. വാജ്‌പേയിയുടെ ഭരണത്തിനിടയിലുണ്ടാക്കിയ ഒരു നിയമഭേദഗതിയുടെ ഫലമായി രാജ്യസഭയിലേക്ക് ഇനി വോട്ടെടുപ്പേ നടത്തേണ്ടതില്ല എന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. പരസ്യമായി വേണം എം.എല്‍.എ.മാര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍. പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ ആറു കൊല്ലത്തേക്ക് നിയമസഭയുടെ മുന്നിലൂടെ നടക്കാന്‍പോലും അനുവദിക്കില്ല. സഭയിലെ കക്ഷിനിലയും ഏത് കക്ഷി ആരെ പിന്താങ്ങുന്നു എന്നും നോക്കി ഒരു കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് കൂട്ടിനോക്കിയാല്‍ ആരു ജയിച്ചു എന്നു പ്രഖ്യാപിക്കാനാവും. ആ നിലയ്ക്ക് ജയിക്കുന്നവര്‍ മാത്രം മത്സരിച്ചാല്‍ മതിയാകുമല്ലോ. എന്തിന് എതിര്‍സ്ഥാനാര്‍ഥി, എന്തിനു വോട്ടെടുപ്പ്.
ഇതാവണം സി.പി.എം. നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാധീനിച്ച ഘടകം. അല്ലാതെ നാഷണല്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ സഹായിക്കാന്‍ വേണ്ടി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതൊന്നും ആവില്ല. പാര്‍ട്ടി ജന്മമെടുക്കുന്ന സ്ഥലത്തേക്ക് പോകാതെ അത് രാമനിലയത്തിലിരുന്ന് ടിവിയില്‍ കണ്ട് കൈയടിച്ചവരാണ് ഈ എംഎല്‍എമാര്‍. അവര്‍ ആന്റണിക്ക് വോട്ട്ചെയ്യാന്‍ എന്തിനു മടിക്കണം? രണ്ട് സല്‍കൃത്യവും ഒരേ ഉദ്ദേശ്യത്തോടെയാണ്. ഗ്രൂപ്പ് ഐ ആയാലും എംഎല്‍എ സ്ഥാനം പോകരുത്. അതിലെന്തിനു ലജ്ജിക്കണം. ആത്യന്തികമായി ഈ കളിയെല്ലാം അതിനുവേണ്ടിത്തന്നെയല്ലേ?
*****
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെന്ന ന്യായത്തിന്റെ ചുവട് പിടിച്ച് കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന ബി.ജെ.പി.യുടെ നിലപാട് വളരെ മോശമായി. ജയ സാധ്യത കുറവെന്ന് തോന്നിയാല്‍ ചിലപ്പോള്‍ സി.പി.എം. മത്സരിക്കില്ല. ഈ ന്യായത്തിന്റെ പാറ്റന്റ് സി.പി.എമ്മിനുള്ളതാണ്. അത് തട്ടിയെടുത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താതിരിക്കാനൊന്നും ബി.ജെ.പി.ക്ക് അവകാശമില്ല.
രണ്ടിടത്തും ബി.ജെ.പി. അംഗങ്ങളും അനുഭാവികളും മനഃസാക്ഷിയനുസരിച്ച് വോട്ടുചെയ്യുമെന്ന നേതൃത്വത്തിന്റെ പ്രഖ്യാപനം അംഗങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. മനഃസാക്ഷിയില്ലെന്നതല്ല അവരുടെ പ്രശ്നം. അതുണ്ടായാല്‍ ത്തന്നെ, എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയിലെങ്ങനെ മനഃസാക്ഷി പ്രയോഗിക്കും? ഇരു മുന്നണികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍ മാത്രമാണ് ഇവരെന്നും പാര്‍ട്ടി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച നിലയ്ക്ക് മനഃസാക്ഷി പ്രയോഗം നന്നെ വിഷമമാകാനാണ് ഇട.
സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാകില്ലായിരുന്നു. ഒരു ചെറിയ വിഭാഗം മനഃസാക്ഷിയനുസരിച്ച് പാര്‍ട്ടിസ്ഥാനാര്‍ഥിക്കുതന്നെ വോട്ടുചെയ്യും. മറ്റൊരു വിഭാഗം മനഃസാക്ഷിയോടെ സ്വന്തം സ്ഥാനാര്‍ഥിയെ കാലുവാരി യു.ഡി.എഫിനു വോട്ടുചെയ്യും. മൂന്നാമതൊരു വിഭാഗം ആ സാക്ഷിയനുസരിച്ചുതന്നെ എല്‍.ഡി.എഫി.നു വോട്ടുചെയ്യും. മനഃസാക്ഷിക്കുത്ത് പരിധിക്കപ്പുറമുള്ളവര്‍ ചില്വാനം വാങ്ങിയിട്ടേ വോട്ടുകൊടുക്കാറുള്ളൂ എന്നത് മറ്റൊരു കാര്യം. സ്ഥാനാര്‍ഥിയുണ്ടെങ്കിലേ ഇതിനെല്ലാം ന്യായം പറഞ്ഞുനില്‍ക്കാനാവൂ എന്ന് നേതൃത്വം അറിയേണ്ടതായിരുന്നു.
*****
അഴിമതിയില്‍ ഒന്നാം റാങ്ക് റവന്യൂവകുപ്പിനാണെന്ന വിജിലന്‍സ് ഡയരക്ടറുടെ പ്രഖ്യാപനം മുഖ്യമന്ത്രിയെ രോഷം കൊള്ളിച്ചതില്‍ അത്ഭുതപ്പെടേണ്ട. ഇത്രയധികം വകുപ്പും മന്ത്രിമാരും ഇക്കാര്യത്തില്‍ മത്സരിക്കുന്നതിനിടയില്‍ ഒരു വകുപ്പിന് മാത്രം ഒന്നാംറാങ്ക് പ്രഖ്യാപിക്കരുതായിരുന്നു. ഒരു വകുപ്പിലാണ് കൂടുതല്‍ കേസുള്ളത്‌എന്നതുകൊണ്ട് ആ വകുപ്പിലാണ് അഴിമതി കൂടുതലെന്ന നിഗമനത്തില്‍ എത്തുന്നതെങ്ങനെ? അങ്ങനെ നോക്കിയാല്‍ വിജിലന്‍സ് വകുപ്പിലാണ് അഴിമതി ലവലേശം ഇല്ലാത്തത് എന്നു പറയേണ്ടിവരും. വിജിലന്‍സിന്റെ അഴിമതിക്കെതിരെ ആരും വിജിലന്‍സില്‍ പരാതികൊടുക്കുകയില്ലല്ലോ!
ഗ്രേഡിങ്ങിന്റെ കാലമാണിത്. ഏതാനും മാര്‍ക്ക് വ്യത്യാസത്തിന്റെ പേരില്‍ റാങ്ക് കൊടുക്കുന്നതിലും കൊടുക്കാതിരിക്കുന്നതിലും അനീതിയുണ്ടെന്ന തത്ത്വമാണ് പൊതുവെ അംഗീകരിച്ചിട്ടുള്ളത്. ആ തത്ത്വം ഇവിടെയും ബാധകമാണ്. സംസ്ഥാനത്തെ ഭരണവകുപ്പുകളെല്ലാം അഴിമതിക്കാര്യത്തില്‍ ‘എ പ്ലസ്’ ഗ്രേഡിലാണെന്നു വിജിലന്‍സ് ഡയരക്ടര്‍ സമ്മതിച്ചേ പറ്റൂ. ചുമ്മാ റവന്യൂവകുപ്പിന് ഒന്നാം റാങ്ക് എന്നും മറ്റും പറഞ്ഞ് മറ്റുള്ളവരെ പ്രകോപിപ്പിക്കരുത്.
*****
ഒളിമ്പ്യനായിരുന്ന റഹ്‌മാന്റെ പേരാണോ ജനനായകനായിരുന്ന ഇ.എം.എസ്സിന്റെ പേരാണോ സ്റ്റേഡിയത്തിനിടേണ്ടത്? കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണ സമിതിക്ക് സംശയമൊന്നുമുണ്ടായില്ല. സ്റ്റേഡിയത്തിനിടേണ്ടത് ഇ.എം.എസ്സിന്റെ പേരുതന്നെ. ഇ.എം.എസ്.വലിയ ഫുട്ബോള്‍ കളിക്കാരനായിരുന്നോ എന്നും മറ്റും പുറത്തുള്ളവര്‍ക്ക് ചോദിക്കാം. അവര്‍ക്കൊന്നും നഷ്ടപ്പെടാനില്ലല്ലോ. സഖാവിന്റെ പേര് തള്ളി ഏതോ ഫുട്ബോള്‍ കളിക്കാരന്റെ പേര് സ്റ്റേഡിയത്തിനിട്ടാല്‍ അതിന്റെ ഫലമനുഭവിക്കേണ്ടിവരിക കോര്‍പ്പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷ കൗണ്‍സിലര്‍മാരാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കുന്നത് ഫുട്ബോള്‍ അസോസിയേഷനല്ല, പാര്‍ട്ടിയാണ്. അത് മറക്കേണ്ട.