രാഷ്ട്രീയമേ വ്യാപാരമാം…

ഇന്ദ്രൻ

നാട്ടിലെ സകല കുഴപ്പങ്ങള്‍ക്കും കാരണക്കാരെന്ന മുദ്രകുത്തി വഴിയേ പോകുന്ന ആര്‍ക്കും രണ്ടു തല്ലുകൊടുക്കാവുന്ന ഒരു വിഭാഗമേ ഉള്ളൂ- അതു രാഷ്ട്രീയക്കാരാണ്‌. ഏതു പത്രക്കാരനും ധൈര്യമായി എഴുതാവുന്ന ഒരു വാര്‍ത്ത ‘പേപ്പട്ടി ശല്യം രൂക്ഷമാകുന്നു’ എന്നതാണെന്ന്‌ എം.പി. നാരായണപ്പിള്ള പരിഹസിച്ചിട്ടുണ്ട്‌. വാര്‍ത്ത എഴുതിയതിന്റെ പേരില്‍ ഒരു പേപ്പട്ടിയും പത്രക്കാരനെ ഉപദ്രവിക്കില്ല എന്ന്‌ ഉറപ്പ്‌. അതുപോലെ അല്ലെങ്കിലും, രാഷ്ട്രീയക്കാരെക്കുറിച്ചും ആര്‍ക്കും എന്തും പറയാമെന്നായിട്ടുണ്ട്‌. പൊതുവെ ആണ്‌ പറയുന്നതെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരും എന്നെക്കുറിച്ചാവില്ല പറഞ്ഞത്‌ എന്നു സ്വയം വിശ്വസിച്ചു മിണ്ടാതിരിക്കുകയേ ഉള്ളൂ. തെരുവുഗുണ്ടയ്ക്കും എ.പി.ജെ. അബ്ദുല്‍ കലാമിനും ഒരുപോലെ രാഷ്ട്രീയക്കാരെ കുറ്റം പറയാം. രാഷ്ട്രീയക്കാരെ ആശ്രയിച്ചാണ്‌ തെരുവുഗുണ്ടയുടെ നിലനില്‍പ്‌. രാഷ്ട്രപതിയെ സൃഷ്ടിക്കുന്നതും രാഷ്ട്രീയക്കാര്‍ തന്നെ.
തെമ്മാടിയുടെ അവസാനത്തെ അഭയമാണ്‌ രാഷ്ട്രീയം എന്നാരാണു പറഞ്ഞത്‌? ഉദ്ധരണി പുസ്തകം നോക്കണം. ആരാണു പറഞ്ഞത്‌ എന്നറിയാത്ത തെമ്മാടികള്‍ക്കും എന്താണു പറഞ്ഞത്‌ എന്നറിയാം. അതവര്‍ മന്ത്രം ജപിക്കുംപോലെ ഇടയ്ക്ക്‌ ആവര്‍ത്തിക്കാറുമുണ്ട്‌. കേട്ടാല്‍ തോന്നുക, ഈ പറയുന്ന വിദ്വാന്‍ മഹാത്മാഗാന്ധിയുടെ രണ്ടാം ജന്മമാണെന്നാണ്‌. സത്യമായും ഈയിടെയായി രാഷ്ട്രീയക്കാരോടു കുറച്ച്‌ ബഹുമാനം തോന്നിത്തുടങ്ങിയിട്ടുണ്ട്‌.
ബോര്‍ഡില്‍ ഒരു വര വരഞ്ഞിട്ട്‌, ഒട്ടും മായ്ക്കാതെ ഈ വര എങ്ങനെ ചെറുതാക്കാം എന്നു ചോദിക്കുന്ന അധ്യാപകനെ കണ്ടിട്ടുണ്ട്‌. കുട്ടികളുടെ അടുത്ത്‌ പ്രയോഗിക്കാവുന്ന ഒരു ചെറുവിദ്യയാണത്‌. എളുപ്പം. അതിനടുത്ത്‌ കുറച്ചുകൂടി വലിയ ഒരു വര വരയ്ക്കുക. ആദ്യത്തേത്‌ അപ്പോള്‍ ചെറുതാകും. രാഷ്ട്രീയക്കാരെ നന്നാക്കാനും ഇതുതന്നെ നല്ല വഴി. നമ്മള്‍ അവരേക്കാള്‍ മോശക്കാരാകുക. വേറെ മാര്‍ഗമില്ല.
ഇക്കാര്യത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും അനുകരണീയമായ മാതൃക സൃഷ്ടിച്ച കേരളത്തിലെ വ്യാപാരിവ്യവസായികളെ അഭിനന്ദിക്കാതെ നിവൃത്തിയില്ല. രാഷ്ട്രീയക്കാരാണ്‌ അഭിനന്ദിക്കാന്‍ പാഞ്ഞുചെല്ലേണ്ടത്‌. കാരണം രാഷ്ട്രീയക്കാരില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണല്ലോ അതേ വഴിയേ കച്ചവടക്കാരും നീങ്ങിത്തുടങ്ങിയത്‌. പ്രചോദനം ഉള്‍ക്കൊള്ളുക എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ പ്രസംഗ സ്റ്റെയിലില്‍ ഭംഗിക്കുവേണ്ടി ഇണക്കിച്ചേര്‍ക്കുന്നതാണ്‌. സത്യം അതല്ല. രാഷ്ട്രീയക്കാരുടെ നിരന്തര ശല്യം സഹിക്കാനാവാതെ, അട്ടിമറി ട്രേഡ്‌ യൂണിയന്‍കാരുടെ കവര്‍ച്ചയേക്കാള്‍ നിലവാരം കുറഞ്ഞ കൂലി പിടിച്ചുപറിക്കല്‍ സഹിക്കാനാവാതെ കൊടിപിടിച്ചിറങ്ങിയവരാണ്‌ കച്ചവടക്കാര്‍. പല കാര്യങ്ങളിലും അവര്‍ രാഷ്ട്രീയക്കാരേക്കാള്‍ ഏറെ മുന്നിലാണ്‌. രാഷ്ട്രീയക്കാരന്‌ രാഷ്ട്രീയം കച്ചവടമാക്കണമെങ്കില്‍ ട്രിക്കുകള്‍ ഓരോന്നായി പഠിച്ചെടുക്കണം. കച്ചവടക്കാര്‍ക്ക്‌ അതുവേണ്ട. ഊണിലും ഉറക്കിലും അവര്‍ കച്ചവടമാണ്‌ ചെയ്യുന്നത്‌. മുന്‍പ്‌ കച്ചവടക്കാര്‍ക്കു രാഷ്ട്രീയം അറിയില്ല, രാഷ്ട്രീയക്കാര്‍ക്കു കച്ചവടമറിയില്ല. രാഷ്ട്രം മഹാത്മജി വിഭാവനം ചെയ്ത വഴിയിലൂടെ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞുവല്ലോ.
പരസ്പരം കൊണ്ടും കൊടുത്തും പഠിച്ചും പഠിപ്പിച്ചും ഇരു വിഭാഗവും ഏറെ മുന്നേറിയിട്ടുണ്ട്‌. കച്ചവടക്കാരേക്കാള്‍ കച്ചവടം രാഷ്ട്രീയക്കാര്‍ക്കറിയാം. രാഷ്ട്രീയക്കാരേക്കാള്‍ രാഷ്ട്രീയം തങ്ങള്‍ക്കറിയാമെന്നു തെളിയിക്കാന്‍ ശ്രമിക്കുകയാണ്‌ കച്ചവടക്കാര്‍. രാഷ്ട്രീയത്തിന്റെ, കച്ചവടത്തിന്റെ വഴിയെ പോവുകയാണ്‌ മറ്റു മേഖലകളും. മുന്‍പേ ഗമിച്ചീടിന ഗോവിനെ അനുഗമിക്കുകയാണ്‌ മറ്റു ബഹുഗോക്കളും. വിദ്യാഭ്യാസം കച്ചവടമായി, ആതുരശുശ്രൂഷ കച്ചവടമായി, മാധ്യമം വ്യവസായമായി, സേവനം വ്യവസായമായി എന്നെല്ലാം കേള്‍ക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുകയാണ്‌ ടി. നസിറുദ്ദീനും കൂട്ടുകച്ചവടക്കാരും. വ്യാപാരി സംഘടന തടിക്കട്ടെ. അംഗങ്ങളുടെ എണ്ണം കൂടട്ടങ്ങനെ കൂടട്ടെ. ഷോപ്പിങ്‌ കോംപ്ലക്സുകളും സ്വത്തുക്കളും പെരുകട്ടെ. സ്വത്തുകാര്യത്തില്‍ വ്യാപാരി സംഘടനയ്ക്ക്‌ വെല്ലുവിളി സി.പി.എം. മാത്രമാണ്‌. നില്‍ക്കട്ടെ, ഏതാനും വര്‍ഷം കൊണ്ട്‌ സി.പി.എമ്മിനെയും പിന്തള്ളാനാകും. ഇപ്പോള്‍ത്തന്നെ പിന്തള്ളിക്കഴിഞ്ഞോ എന്നും അറിഞ്ഞുകൂടാ. അതിന്റെ കണക്കൊന്നും ആരും അന്വേഷിക്കാറില്ല.
അതു വേറെ വിഷയം. വാറ്റു കാര്യത്തിലേക്കു വരാം. വാറ്റിനെതിരെയുള്ള കച്ചവട വര്‍ഗസമരത്തിന്റെ മട്ടും മര്യാദയും മേറ്റ്ല്ലാവിഭാഗങ്ങള്‍ക്കും അനുകരിക്കാവും വിധം ശ്രേഷ്ഠമാണ്‌. രാഷ്ട്രീയക്കാര്‍ വെറും പന്ത്രണ്ടു മണിക്കൂര്‍ കടയടപ്പിക്കുന്നതിനെതിരെ എന്തൊരു ധാര്‍മിക രോഷമായിരുന്നു ഏകോപനസമിതിക്കാര്‍ക്ക്‌. ജനങ്ങളുടെ അവകാശം ലംഘിക്കുകയും നീതി നിഷേധിക്കുകയുമെല്ലാം ചെയ്യുന്നുവെന്ന്‌ പറഞ്ഞുപറഞ്ഞു ജനവികാരം തെങ്ങിന്‍തലപ്പോളമുയര്‍ത്തിയപ്പോള്‍ രാഷ്ട്രീയക്കാര്‍ ഈയിടെയായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ മടിക്കുകയാണ്‌. കച്ചവടക്കാരുടെ ജനസ്നേഹം കണ്ടിട്ട്‌ ജനത്തിനു വിശ്വസിക്കാന്‍ പ്രയാസമായി തോന്നിയിരുന്നു. വാറ്റുവിരുദ്ധ ത്രിദിന ഹര്‍ത്താല്‍ വന്നപ്പോഴാണ്‌ ജനത്തിനു കാര്യം മനസ്സിലായത്‌. ജനങ്ങളെ കഷ്ടപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ക്കെന്തവകാശം? ഞങ്ങള്‍ക്കല്ലേ അതിനുള്ള അധികാരം പരമ്പരാഗതമായിത്തന്നെ ലഭിച്ചിട്ടുള്ളത്‌. മൂന്നു ദിവസം പീടിക പൂട്ടി പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുക, പീടികത്തൊഴിലാളികളെയും നഗരങ്ങളിലെ ഹോട്ടല്‍ ആശ്രിത ജനത്തെയും പട്ടിണി കിടത്തുക, പീടിക തുറന്നവനെ അടിച്ചുപൂട്ടിക്കുക, നിത്യോപയോഗ സാധനങ്ങള്‍ കൊണ്ടുവരുന്നത്‌ അതിര്‍ത്തിയില്‍ തടയുക, നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ലെങ്കിലും ശരി മരുന്നു പീടിക പോലും തുറക്കരുതെന്ന്‌ വാശിപിടിക്കുക, ജാഥ നടത്തി ഗതാഗതം സ്തംഭിപ്പിക്കുക, വഴിയാത്രക്കാരെ ഉപദ്രവിക്കുക, വനിതകളെ അപമാനിക്കുക, പത്രക്കാരെ മര്‍ദിക്കുക തുടങ്ങിയ കാര്യങ്ങള്‍ സംഘടിതമായി ചെയ്ത്‌ രാഷ്ട്രീയക്കാരെയും നാണിപ്പിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. രാഷ്ട്രീയക്കാര്‍ ഇതു പലതും ചെയ്യാറുള്ളതു ജനത്തിനു വേണ്ടിയായിരുന്നല്ലോ. ഞങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ചെയ്യുന്നതാണ്‌.
ഒരു കാര്യം പറഞ്ഞ്‌ മറ്റൊന്നു ചെയ്യുക, തത്ത്വവും ആദര്‍ശവുമൊക്കെ സ്വന്തം കാര്യം വന്നാല്‍ റോഡില്‍ വലിച്ചെറിയുക തുടങ്ങിയവ ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ക്ക്‌ കുത്തകാവകാശമൊന്നും അനുവദിക്കാനാവില്ല. അക്കാര്യത്തിലും വ്യാപാരികള്‍തന്നെ നില്‍ക്കട്ടെ മുന്നില്‍.
****
വാറ്റ്‌ നിയമം നടപ്പാക്കുമ്പോള്‍ വില്‍പന നികുതി കുറയുകയാണ്‌ ചെയ്യുകയെന്ന ധനമന്ത്രിയുടെ അവകാശവാദം അടുത്ത കാലത്തു കേട്ട വലിയ തമാശകളിലൊന്നായിരുന്നു. നികുതിവരുമാനം കുറയ്ക്കാന്‍ വേണ്ടി ഒരു സര്‍ക്കാര്‍ ഇത്രയും കഷ്ടപ്പെട്ട്‌ പരിഷ്കാരം നടപ്പാക്കുന്നത്‌ ഒരുപക്ഷേ, ചരിത്രത്തിലാദ്യമായിട്ടായിരിക്കും. വ്യാപാരി വ്യവസായികള്‍ ഒന്നടങ്കം എതിര്‍ത്തിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്നത്‌, സര്‍ക്കാറിനു ജനങ്ങളോടുള്ള സ്നേഹം കൊണ്ടു മാത്രമാകാനാണ്‌ സാധ്യത.
കടുത്ത ജനസ്നേഹം കൊണ്ടാണ്‌ വ്യാപാരികള്‍ സമരം നടത്തുന്നതെന്ന സത്യവും നിലനില്‍ക്കുന്നുണ്ട്‌. രണ്ടു സ്നേഹത്തിനും ഇടയില്‍പ്പെട്ട്‌ ജനങ്ങള്‍ ഞെരുങ്ങിച്ചത്തുപോകുമോ എന്ന ആശങ്ക ഇല്ലാതില്ല. വാറ്റായാലും വാറ്റാത്തതായാലും വില്‍പനനികുതി മുഴുവന്‍ അടയ്ക്കുന്നത്‌ പൊതുജനമാണ്‌. ഒരു പൈസ വ്യാപാരി അടയ്ക്കുന്നില്ല. ജനങ്ങളില്‍നിന്നു പിരിക്കുന്ന നികുതി സര്‍ക്കാറിലടയ്ക്കുന്ന പണിയാണ്‌ വ്യാപാരികളുടേത്‌. പിരിക്കുന്നതു മുഴുവന്‍ അടയ്ക്കുന്നുണ്ടോ എന്നു പോലും ജനമറിയേണ്ട കാര്യമില്ല.
വാറ്റ്‌ ഗുണമായാലും ദോഷമായാലും അനുഭവിക്കേണ്ടതു പൊതുജനമാണ്‌. പക്ഷേ, പൊതുജനത്തിന്റെ താത്‌പര്യം നോക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മിണ്ടാട്ടമില്ല. ഗുണമോ ദോഷമോ എന്നുപോലും ആരും പറയുന്നില്ല. ഉപഭോക്താവിന്റെ വോട്ടും വേണം വ്യാപാരികളുടെ പിന്തുണയും വേണം. രണ്ടും പോകാതിരിക്കാന്‍ മിണ്ടാതിരിക്കുകയാണ്‌ നല്ലത്‌. വാറ്റ്‌ മഹാത്ഭുതം, നമുക്കും കിട്ടണം വോട്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top