ലോക്കല്‍ സെക്രട്ടറിയും നായനാരും

ഇന്ദ്രൻ

മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഒരു വെറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെപ്പോലെ സംസാരിക്കരുതെന്നാണ്‌ വയലാര്‍ രവി ഉപദേശിച്ചിരിക്കുന്നത്‌. ഈ പ്രസ്താവന തങ്ങള്‍ക്ക്‌ അപകീര്‍ത്തികരമാണെന്ന്‌ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ക്ക്‌ തോന്നിയിരിക്കണം. എങ്കിലും ഒന്നും മിണ്ടാന്‍ പറ്റില്ല. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ മോശക്കാരാണെന്നൊരു ധ്വനി രവിയുടെ പരാമര്‍ശത്തിലുണ്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല. സംശയമുള്ളത്‌ ഇത്‌ ശരിയോ എന്ന കാര്യത്തിലാണ്‌.

അല്ലെന്ന്‌ തന്നെയാണ്‌ ഈയുള്ളവന്റെ എളിയ നിഗമനം. ലോക്കല്‍ സെക്രട്ടറിമാര്‍ ആരെങ്കിലും നായനാരെപോലെ സംസാരിക്കുന്നത്‌ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തി ജനങ്ങള്‍ക്കിടയില്‍ മാന്യമായി ജീവിക്കുന്നവരാണ്‌ അവര്‍. നാളെ ജില്ലാ കമ്മിറ്റിയിലും സ്റ്റേറ്റ്‌ കമ്മിറ്റിയിലും നിയമസഭയിലും മന്ത്രിസഭയിലും ഒക്കെ അംഗമായി ജനങ്ങളെ സേവിക്കണമെന്ന്‌ ആഗ്രഹമുള്ളവരാണ്‌ എല്ലാ ലോക്കല്‍ സെക്രട്ടറിമാരും. ജനത്തെ-ഏറ്റവും ചുരുങ്ങിയത്‌ പാര്‍ട്ടിക്കാരായ ജനത്തെയെങ്കിലും-അല്‍പം ഭയമുള്ളവനാണ്‌ ലോക്കല്‍ സെക്രട്ടറി എന്നര്‍ഥം.

ലോക്കല്‍ സെക്രട്ടറിക്ക്‌ നായനാരെപ്പോലെ സംസാരിക്കാന്‍ പറ്റില്ല. വല്ല സംശയവുമുണ്ടെങ്കില്‍ കേരളത്തിലെ ഏതെങ്കിലും ഒരു ലോക്കല്‍ സെക്രട്ടറിക്ക്‌ ഇത്‌ പരീക്ഷിച്ചുനോക്കാം. നായനാര്‍ മത്സരിക്കുന്ന തലശ്ശേരിയിലെ ലോക്കല്‍സെക്രട്ടറി പരീക്ഷണാര്‍ഥം 24മണിക്കൂര്‍ നായനാരെപോലെ സംസാരിക്കുന്നുവെന്ന്‌ വെക്കുക. ഈ 24 മണിക്കൂറിനകം എന്തെല്ലാമാണ്‌ സംഭവിക്കുകയെന്ന്‌ നോക്കാം.

സഖാവിന്റെ ദിവസമാരംഭിക്കുന്നത്‌ സൂര്യനുദിക്കുന്നതിന്‌ മുമ്പാണ്‌. കൊച്ചുവെളുപ്പാന്‍കാലത്ത്‌ ഇരുകൈകളും, കൂപ്പുകൈ മാതൃകയില്‍ ചേര്‍ത്ത്‌ ശരീരത്തിലെ ചൂടുള്ളപ്രദേശത്ത്‌ സ്ഥാപിച്ച്‌ കൈലി പുതച്ച്‌ ഉറങ്ങുന്ന എല്‍.സി. സെക്രട്ടറിയെ വാതിലിന്‌ തുരുതുരാ ഇടിച്ച്‌ വിളിച്ചുണര്‍ത്തിയത്‌ ബ്രാഞ്ച്‌ സെക്രട്ടറിയായ സഖാവാണ്‌. ബ്രാഞ്ചിന്റെ ദുര്‍മുഖം കണികണ്ടപ്പോള്‍ തന്നെ എല്‍.സി.ക്ക്‌ കലികയറി. നായനാര്‍ ശരീരത്തില്‍ ആവേശിച്ചിരിക്കുകയാണല്ലോ, കലി വരാതിരിക്കില്ല. ‘എന്താടോ, മനുഷ്യനെ കിടന്നുറങ്ങാന്‍ സമ്മതിക്കില്ലേ? നേരം പുലരും മുമ്പെ നിന്നെയെന്തിനാ ഇങ്ങോട്ട്‌ കെട്ടി എടുത്തത്‌?’-എല്‍.സി.യുടെ ചോദ്യം.

ബി.സി. സഖാവിന്‌ ഈ ആമുഖചോദ്യം കേട്ടപ്പോള്‍ത്തന്നെ കാലിനടിയില്‍നിന്ന്‌ പെരുത്തുകയറി. പക്ഷേ, ക്ഷമിച്ചു. കാര്യം പറഞ്ഞു വേഗം പോകേണ്ടതുണ്ട്‌. കാര്യമിതാണ്‌-മഹിളാ അസോ. പ്രവര്‍ത്തകയായ ഒരു സഖാവിയെ മദ്യപാനിയായ ഭര്‍ത്താവ്‌ സഖാവ്‌ അടിച്ച്‌ തലമണ്ട പൊട്ടിച്ചിരിക്കുന്നു. ആശുപത്രിയിലാക്കണം, സാമ്പത്തിക സഹായം ചെയ്യണം-ഇതാണാവശ്യം.

എല്‍.സി.സഖാവിന്‌ ഉടനെ ചാടിയെണീറ്റ്‌ സംഭവസ്ഥലത്തേക്ക്‌ ഓടിച്ചെല്ലണമെന്നാണ്‌ ആദ്യം തോന്നിയത്‌. അത്‌ പാടില്ലല്ലോ, നായനാരാണല്ലോ താന്‍. ‘അതിപ്പം എന്താടോ ഇത്ര വലിയ കാര്യംവല്ലതുമാണോ? ഭാര്യയെ ഭര്‍ത്താവ്‌ അടിച്ച്‌ തല പൊട്ടിക്കുന്നതെന്താ പുതിയ സംഗതിയാണോടോ? പണ്ടേയില്ലേ? കള്ളുകുടിച്ചാല്‍ ഭാര്യയെ തല്ലാണ്ടിരിക്കാന്‍ പറ്റ്വോടോ? തല പൊട്ടീട്ടുണ്ടെങ്കില്‍ ആസ്പത്രീല്‍ കൊണ്ടോണം. അല്ലാണ്ട്‌ ഇങ്ങോട്ട്‌ പാഞ്ഞ്‌വര്‍വല്ല വേണ്ടത്‌. മനസ്സിലായാ…പോടോ….

ഇതും പറഞ്ഞ്‌ എല്‍.സി. സഖാവ്‌ വീണ്ടും കൈലി തലവഴി വലിച്ചിട്ട്‌ നിദ്രയിലേക്ക്‌ പുനഃപ്രവേശിച്ചു. ഇന്നലെവരെ ഒരു തകരാറും ഇല്ലാത്ത ആളായിരുന്നല്ലോ എല്‍.സി. സഖാവ്‌ എന്ന്‌ ബി.സി. സഖാവ്‌ ഓര്‍ത്തു. പലപല സംശയങ്ങളും മനസ്സിലുദിച്ചെങ്കിലും കമ എന്ന്‌ രണ്ടക്ഷരം മിണ്ടാതെ ബി.സി. പോയി. വൈകുന്നേരം പാര്‍ട്ടി ഓഫീസില്‍വെച്ച്‌ ആവാം ഇതിനുള്ള മറുപടിയെന്ന്‌ മനസ്സില്‍ വിചാരിച്ചാണ്‌ സഖാവ്‌ സ്ഥലം കാലിയാക്കിയത്‌.

അടുത്ത രംഗം അരങ്ങേറിയത്‌ സഖാവ്‌ തോളില്‍ ചുവന്ന ഡയറിയും ചുണ്ടില്‍ ബീഡിയുമായി രാവിലെ എല്‍.സി. ഓഫീസിലേക്ക്‌ പുറപ്പെട്ടപ്പോഴാണ്‌. വഴിക്കൊരു വീട്ടിന്റെ കോലായിലും മുറ്റത്തും ജനക്കൂട്ടം. വീട്ടില്‍ അലമുറ. അന്വേഷിച്ചപ്പോള്‍, ഒരു മരണം നടന്നുവെന്നറിഞ്ഞു. വയസ്സനൊരു കോണ്‍ഗ്രസ്സുകാരനാണ്‌ മരിച്ചത്‌. കയറണമോ വേണ്ടയോ എന്നൊരു നിമിഷം ശങ്കിച്ചു. മരിച്ച ആളുടെ ഒരു മകന്‍ പാര്‍ട്ടിക്ക്‌ വോട്ടുചെയ്യാനിടയുണ്ടെന്നൊരു സംശയമുണ്ട്‌. അതുകൊണ്ട്‌ ഒന്നു കയറിക്കളയാം എന്ന്‌ തീരുമാനിച്ചു. അകത്ത്‌ ചെന്നപ്പോള്‍ മരിച്ച ആളുടെ മക്കളുണ്ട്‌ നിലവിളിച്ചു നില്‍ക്കുന്നു. അനുശോചിക്കണമോ എന്നൊരു നിമിഷം ശങ്കിച്ചു. വേണ്ട, ജാഡകളില്ലാത്ത ജനനായകനാണല്ലോ താന്‍. എ.കെ.ആന്റണിയെപ്പോലെ ‘പോളിഷ്ഡ്‌’ വര്‍ത്തമാനമൊന്നും പറയാന്‍ പാടില്ല. ഉള്ളില്‍ തോന്നുന്നത്‌ അതേപടി വിളിച്ചുപറയണം. നിലവിളിക്കുന്ന മക്കളെ അടുത്തുവിളിച്ച്‌, സഖാവിന്റെ ‘സാന്ത്വന’ വാക്കുകള്‍….’എന്തിനാടോ കിടന്നു മോങ്ങുന്നത്‌. അച്ഛന്‌ വയസ്സ്‌ തൊണ്ണൂറോ നൂറോ മറ്റോ ആയില്ലേ? എന്നിട്ടും ചാകാന്‍ പാടില്ല എന്നാണോടോ നിന്റെ വിചാരം. ജനിച്ചാല്‍ പിന്നെ ചാകാണ്ടിരിക്കാന്‍ പറ്റ്വോ? ആദ്യായിട്ടാണോടോ ഭൂമീല്‌ ഒരാള്‌ ചാകുന്നത്‌? പണ്ടേ ഇല്ലേ ചാവ്‌? രക്ഷപ്പെട്ടൂന്ന്‌ വിചാരിക്കെടോ..ഇനി കെളവനെ നോക്കേണ്ടല്ലോ… പോരാത്തതിന്‌ ചത്ത അച്ഛന്‍ കോണ്‍ഗ്രസ്സുകാരനല്ലേടോ…’

മരിച്ചയാളുടെ ബന്ധുക്കള്‍ അക്രമാസക്തരാകാനുള്ള സാധ്യത മനസ്സിലാക്കിയ ഒരു പാര്‍ട്ടി അനുഭാവി എല്‍.സി.യെ ഒരുവിധം വീട്ടില്‍നിന്ന്‌ തള്ളി പുറത്താക്കി തടി രക്ഷപ്പെടുത്തി.

സഖാവ്‌ പ്രയാണം തുടര്‍ന്നു. തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ ഇലക്ഷന്‍ ‘കവര്‍’ ചെയ്യാന്‍ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നും വന്ന പത്ര-ടി.വി. ലേഖകന്മാരെയാണ്‌ കണ്ടത്‌. അവര്‍ക്ക്‌ പല വിവരങ്ങളും അറിയണം. പ്രചാരണത്തെക്കുറിച്ച്‌, സ്ഥാനാര്‍ഥിയുടെ പര്യടനത്തെക്കുറിച്ച്‌, നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച്‌, വോട്ട്‌ കണക്കുകളെക്കുറിച്ച്‌…പലതും. ഒന്നുരണ്ട്‌ ചോദ്യങ്ങള്‍ക്ക്‌ അല്‍പം ക്ഷമയോടെ മറുപടി പറഞ്ഞു. മൂന്നാമത്തേത്‌ അല്‍പം പ്രയാസമുള്ള ചോദ്യമായിരുന്നു. ഉത്തരം പെട്ടെന്ന്‌ കിട്ടിയില്ല. ഉടന്‍ സഖാവ്‌ വിദ്യ പുറത്തെടുത്തു. ‘നീ ഏതാടോ പത്രം? ങേ….ഞൊണ്ണന്‍ കടലാസല്ലെടോ അത്‌. നീയൊക്കെ ജനിക്കും മുമ്പ്‌ ഞാന്‍ ജേര്‍ണലിസ്റ്റാണെടോ…നേരം വെളുക്കുംമുമ്പ്‌ നൂറ്‌ വീട്ടില്‍ ഞാന്‍ പത്രം എത്തിക്കുമായിരുന്നെടോ. നിനക്കൊക്കെ കഴിയുമോടോ അത്‌? എന്റെയത്ര വിവരം ഉണ്ടൊടോ നിങ്ങള്‍ക്ക്‌ ഒരുത്തനെങ്കിലും? എന്റെ സെവന്ത്‌ സ്റ്റാന്റേര്‍ഡ്‌ ഇംഗ്ലീഷിന്റെ അടുത്തെത്തുമോ നിന്റെയൊക്കെ എം.എ. പിഎച്ച്‌.ഡി. ഇംഗ്ലീഷ്‌?…..റിപ്പോര്‍ട്ടര്‍മാര്‍ പിന്നെ അവിടെ നിന്നില്ല. ആള്‌ മാറിയതാവും എന്നവര്‍ക്ക്‌ ഉറപ്പായിരുന്നു. ലോക്കല്‍ സെക്രട്ടറിയൊന്നും ഇങ്ങനെ അബദ്ധം പറയില്ലല്ലോ.

ഈ മട്ടിലുള്ള പ്രതികരണങ്ങളുമായി അന്നു വൈകുന്നേരംവരെ എല്‍.സി. സഖാവ്‌ കഴിച്ചുകൂട്ടി. സ്ഥലം എസ്‌.ഐ., നാലഞ്ച്‌ ഘടകകക്ഷി ഭാരവാഹികള്‍, മൂന്ന്‌ ബഹുജനസംഘടനാ പ്രാദേശിക നേതാക്കള്‍, ഏതാനും ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ എന്നിവരുമായി അന്നേ ദിവസം സഖാവിന്‌ ഇടപെടേണ്ടതായി വന്നു. അവയെല്ലാം അതിജീവിക്കാന്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. ശരീരത്തിന്‌ ഒരു പോറലും ഏറ്റില്ല. പക്ഷേ, വൈകുന്നേരത്തോടെയാണ്‌ ക്ലൈമാക്സ്‌ എത്തിയത്‌. വിവാഹവാഗ്ദാനം ചെയ്ത്‌ കൂട്ടിക്കൊണ്ടുപോയി ചതിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി വന്നപ്പോള്‍ ചില സിദ്ധാന്തങ്ങള്‍ സഖാവ്‌ പറഞ്ഞതായാണ്‌ കേള്‍ക്കുന്നത്‌. ‘പെണ്ണുങ്ങളെ കേറിപ്പിടിക്കുന്നത്‌ പണ്ടേ….’ എന്ന്‌ തുടങ്ങുന്ന ചരിത്രപ്രസിദ്ധ വാചകമായിരുന്നുവത്രെ അത്‌. സംഭവത്തിന്റെ സാര്‍വത്രികതയും സര്‍വസാധാരണത്വവും സൂചിപ്പിക്കുകയായിരുന്നു സഖാവ്‌. ‘പെട്ടെന്നാണത്‌ സംഭവിച്ചത്‌. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഒപ്പം വന്ന പാര്‍ട്ടി പ്രവര്‍ത്തകരും നിയമം കയ്യിലെടുത്തു. സഖാവ്‌ ജീവനും കയ്യിലെടുത്തോടി. പിന്നീടാരും സഖാവിനെ കണ്ടിട്ടില്ല. കാണാത്തതു നന്നായി. എല്‍.സി. സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിക്കൊണ്ടുള്ള കടലാസ്‌ ഡി.സി.യില്‍ തയ്യാറാക്കിക്കഴിഞ്ഞിരുന്നു.

*** *** ***

നിയമസഭയില്‍ അടിപിടിയുണ്ടായാല്‍ മന്ത്രിസഭ പിരിച്ചുവിടണം എന്നൊരു വകുപ്പ്‌ ഭരണഘടനയിലുണ്ടോ? ഇതുവരെ കൃതി വായിച്ചവരൊന്നും അങ്ങനെയൊരു വകുപ്പ്‌ കണ്ടിട്ടില്ല. പക്ഷേ, ദേവഗൗഡരും ഇന്ദ്രജിത്തനും വായിച്ച ഭരണഘടനയില്‍ അതുണ്ട്‌. അതനുസരിച്ചാണ്‌ ഗുജറാത്തില്‍ അറ്റകൈപ്രയോഗം നടത്തിയത്‌. സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാന്‍ കേന്ദ്രത്തിന്‌ അധികാരം തന്നെ ഉണ്ടാവരുതെന്ന്‌ നൂറു ദിവസം മുമ്പ്‌ അവര്‍ പറഞ്ഞിരുന്നത്‌ ശരിതന്നെ. പക്ഷേ, അപ്പോഴൊന്നും ഗുജറാത്തില്‍ ഇങ്ങനെയൊരു ചാന്‍സ്‌ കിട്ടുമെന്നറിഞ്ഞിരുന്നില്ലല്ലോ.

പുതിയ ഫെഡറല്‍ വ്യവസ്ഥയിലങ്ങനെയാണ്‌. മന്ത്രിസഭയ്ക്ക്‌ ഭൂരിപക്ഷമുണ്ടായാലും ശരി, പിരിച്ചുവിടും. പിരിച്ചുവിടില്ല, ഇടപെടില്ല എന്ന്‌ ആണയിട്ട്‌ പറഞ്ഞ ഉടന്‍തന്നെ പിരിച്ചുവിടാന്‍ കടലാസ്‌ അയയ്ക്കും. സുരേഷ്‌മേത്തയ്ക്ക്‌ ഭൂരിപക്ഷമില്ല എന്ന്‌ കേന്ദ്രത്തിനും അഭിപ്രായമില്ല. പക്ഷേ, അടിപിടി നടന്നതുകൊണ്ട്‌ പിരിച്ചുവിട്ടു. ഇത്‌ ചരിത്രത്തിലാദ്യം. ഭൂരിപക്ഷം ഉണ്ടാക്കിയതിന്റെ പിന്നിലെ കഥകള്‍ പുറത്തുപറയാന്‍ കൊള്ളില്ല. അതു വേറെ കാര്യം. അങ്ങനെ നോക്കിയാല്‍ ദേവഗൗഡര്‍ക്ക്‌ പ്രധാനമന്ത്രിയായിരിക്കാന്‍ പറ്റില്ല. ഫെഡറലിസം പറഞ്ഞവര്‍ക്കും കേന്ദ്രത്തിലെ കസേരയിലിരുന്നാല്‍ സ്വഭാവം മാറും. രാജീവ്ഗാന്ധിയുടെ പിരിച്ചുവിടല്‍ ഖഡ്ഗത്തിനിരയായവരാണ്‌ ബൊമ്മെയും ഗൗഡരും ആന്ധ്രയിലെ തെലുഗുദേശക്കാരും. അന്നതിന്റെ പേരിലുണ്ടായ ബഹളം എന്തായിരുന്നു! രണ്ടുവട്ടം പിരിച്ചുവിടപ്പെട്ടവരാണ്‌ ഡി.എം.കെ.ക്കാര്‍. മുലായവും ഇതനുഭവിച്ചിട്ടുണ്ട്‌. കമ്യൂണിസ്റ്റുകാരുടെ കാര്യം പറയാനുമില്ല. ജന്മനാ പിരിച്ചുവിടലിന്‌ എതിരാണവര്‍.

356-ാ‍ം വകുപ്പ്‌ എടുത്തുകളയണമെന്ന്‌ ഐക്യമുന്നണി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ അയ്യോ, പാടില്ല എന്ന്‌ തടുത്തവരാണ്‌ ബി.ജെ.പി.ക്കാര്‍. അവരുടെ തലയ്ക്കുതന്നെയാവട്ടെ ആദ്യത്തെ അടി എന്ന്‌ തീരുമാനിച്ച ദേവഗൗഡരുടെ ഔചിത്യബോധം പ്രശംസാര്‍ഹംതന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top