കേരളത്തില്‍ വൈദ്യുതി മന്ത്രിയായി സ്ഥാനമേല്‍ക്കണമെങ്കില്‍ ഗവര്‍ണറുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്താല്‍മാത്രം പോരാ, സത്യപ്രതിജ്ഞചെയ്ത് പത്തുനാള്‍ക്കകം മറ്റൊരു കാര്യംകൂടി ചെയ്യാനുണ്ട്-പരിസ്ഥിതിവാദികളെ ചീത്തവിളിക്കുക. ഇത് ഒരുവട്ടം ചെയ്താല്‍ പോരാ-മന്ത്രിസ്ഥാനത്ത് തുടരുവോളം മാസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ചെയ്യണം.
ബാലന്‍പിള്ളച്ചേട്ടന്‍ മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ചതാണ് ഈ കീഴ്‌വഴക്കം. പരിസ്ഥിതിക്കാരെ ചീത്തപറയാനുള്ള വേദി വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയോ എഞ്ചിനീയര്‍മാരുടെയോ സംഘടനകള്‍ അവരുടെ സ്വന്തം ചെലവില്‍ ഒരുക്കിക്കൊടുക്കും. മന്ത്രി കാശൊന്നും മുടക്കേണ്ട; പ്രസംഗം കാച്ചിക്കൊടുത്താല്‍ മതി. എത്ര മുട്ടന്‍തെറി വിളിക്കുന്നുവോ അത്ര കേമമായിരിക്കും കയ്യടി. ബാലന്‍പിള്ളച്ചേട്ടനെ ഇക്കാര്യത്തില്‍ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. വൈദ്യുതി വകുപ്പുമന്ത്രിയാവാന്‍ മാത്രമല്ല, വൈദ്യുതി ജീവനക്കാരുടെ നേതാവാകാനും ഈ ചീത്തപറയല്‍ ചടങ്ങ് അത്യാവശ്യമാണ്. അതുകൊണ്ടാണ് പാര്‍ട്ടിനയം തന്നെ മാറ്റിവച്ച് ഇ. ബാലാനന്ദന്‍ ശാസ്ത്രസാഹിത്യപരിഷത്തുകാരെ ചീത്തവിളിച്ചത്.
ബാലന്‍പിള്ളച്ചേട്ടനോട് മേറ്റ്ല്ലാ കാര്യങ്ങളിലും വിയോജിപ്പാണെങ്കിലും ശിവദാസമേനോന്‍ ഇക്കാര്യത്തില്‍ മുറ തെറ്റിച്ചില്ല. പത്മരാജന്‍ വക്കീല്‍ അദ്ദേഹത്തെക്കൊണ്ട് ആവുംപോലെ ചെയ്തു. ഇപ്പോള്‍ കാര്‍ത്തികേയന്‍ജി പിള്ളച്ചേട്ടനെത്തന്നെയും തോല്‍പിക്കാന്‍ ഒരുമ്പെടുകയാണ്. വളരെ കൂടുതല്‍ പദപ്രയോഗമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പരിസ്ഥിതിവാദികള്‍ക്ക് ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാര്‍ക്കുള്ള സ്നേഹംപോലും ജനങ്ങളോടില്ല എന്നാണ് അദ്ദേഹം തട്ടിവിട്ടിരിക്കുന്നത്. യുവതിരുത്തല്‍വാദിയായതുകൊണ്ട് അദ്ദേഹം കുറച്ച് കടത്തിപ്പറയും. പക്ഷേ, ആള്‍ ശുദ്ധനാണ്. ഉള്ളില്‍ ഒന്നും വച്ചല്ല അദ്ദേഹം ഇങ്ങനെ കടുപ്പത്തില്‍ പറയുന്നത്. അത് കരുണാകരന് അറിയുംപോലെ മറ്റാര്‍ക്കും അറിയില്ല. കരുണാകരന്‍ ആസ്പത്രിയില്‍ കിടന്ന കാലത്ത്……………. ഒന്നും ഓര്‍മ്മിപ്പിക്കല്ലേ………! എന്തെല്ലാമാണ് അറിയാതെ പറഞ്ഞുപോയത്……… .ആലോചിക്കുമ്പോള്‍ കണ്ണീര് വരുന്നു. ഒന്നും മനസ്സില്‍വച്ചല്ല പറഞ്ഞത്. അതല്ലേ, പിന്നീട് ലീഡര്‍ വിളിച്ചപ്പോള്‍ പാഞ്ഞുചെന്ന് ദണ്ഡനമസ്കാരം ചെയ്തത്. സുഗതകുമാരിച്ചേച്ചി ഒന്നും വിചാരിക്കരുത്. ചമ്പല്‍ക്കൊള്ളക്കാര്‍ എന്നൊന്നും കേട്ട് പേടിക്കേണ്ട. കാര്‍ത്തികേയന്‍ജി ചിലപ്പോള്‍ അങ്ങനെയാണ്. മനസ്സില്‍ ഒന്നുംവച്ചല്ല.
വാസ്തവത്തില്‍ പരിസ്ഥിതിവാദികള്‍ എന്നൊരു കൂട്ടര്‍ ജീവിച്ചിരിപ്പുണ്ടെന്നുതന്നെ നമ്മള്‍ ഓര്‍ക്കുന്നത് വിദ്യുച്ഛക്തി വകുപ്പുമന്ത്രിമാര്‍ ഇങ്ങനെ പ്രസംഗിക്കുമ്പോള്‍ മാത്രമാണ്. ഭേദപ്പെട്ട ഒരു പരിസ്ഥിതിവാദിയും കേരളത്തിലില്ല; ഉള്ളത് കുറച്ച് പ്രകൃതിസ്നേഹികള്‍ മാത്രം. പത്തുപേര്‍ക്ക് പതിനൊന്ന് സംഘടനയും പന്ത്രണ്ട് അഭിപ്രായവുമുള്ള ഇവര്‍ കൂട്ടിയാല്‍ ഒന്നും കൂടില്ല. കേരളത്തിന്റെ വികസനം തടയുന്നു എന്നൊരു വമ്പന്‍ കുറ്റമാണ് വൈദ്യുതിമന്ത്രിമാര്‍ ഈ പാവങ്ങളുടെ തലയില്‍വച്ചുകെട്ടിയിരിക്കുന്നത്. വികസനം തടയുന്നത്‌പോകട്ടെ. എന്തെങ്കിലും ആവശ്യത്തിന് ഒരു റോഡ് തടയാന്‍ പോലും ഈ ‘സഞ്ചി’ മൃഗങ്ങള്‍ക്ക് കെല്‍പില്ല. ഒരു പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ പോലും ശേഷിയില്ലാത്തവര്‍ എങ്ങനെയാണ് വികസനം തടയുക? ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണയെ വെറും അണ്ടര്‍വെയറോടെ പിടികൂടി ബലം പ്രയോഗിച്ചു വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെ ആശുപത്രിയില്‍ കൊണ്ടുവന്നിട്ടു. അദ്ദേഹം ആസ്പത്രിയിലും ഉപവാസം തുടരുന്നു. മരണത്തെ മുഖാമുഖം കാണുന്നു. വല്ല രാഷ്ട്രീയ നേതാവിനോടുമായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ ഒരു ഭാരത് ബന്ദ്പ്രഖ്യാപിക്കുമായിരുന്നില്ലേ? ഒരു പ്രതിഷേധ പ്രമേയം പോലും ഇവിടെയാരും പാസാക്കിയിട്ടില്ല. അത്ര ശക്തമാണ് പരിസ്ഥിതി പ്രസ്ഥാനം!
രാഷ്ട്രീയക്കാരാവുമ്പോള്‍ ഇത്ര വിനയം പാടില്ല. വികസനം തടയാന്‍ നിങ്ങള്‍ക്കുള്ള കഴിവിന്റെ നൂറിലൊരംശം പരിസ്ഥിതിക്കാര്‍ക്കില്ല. സെയിലന്റ്‌വാലി പദ്ധതി മുടങ്ങിയതുകൊണ്ടാണ് കേരളം അന്ധകാരത്തിലായതെന്നല്ലേ വൈദ്യുതി മന്ത്രിമാരുടെ ഭാഷ്യം. സെയിലന്റുവാലിക്ക് മുമ്പു തുടങ്ങിയ അണക്കെട്ടുപണികള്‍ പോലും ഇതുവരെ തീര്‍ന്നിട്ടില്ല. സെയിലന്റ്‌വാലി പദ്ധതിക്കെതിരെ പരിസ്ഥിതിവാദികള്‍ ബഹളംകൂട്ടിയത് ശരിതന്നെ. പക്ഷേ, ആ ബഹളം കേട്ട് മുട്ടുവിറച്ചിട്ടല്ല ഇന്ദിരാഗാന്ധി പദ്ധതി നിര്‍ത്താന്‍ ഉത്തരവിട്ടത്. വിശ്വസ്തരായ വിദഗ്ദ്ധന്മാരെ അയച്ചന്വേഷിപ്പിച്ച്, അവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണത് ചെയ്തത്. അതവിടെ നില്‍ക്കട്ടെ. സെയിലന്റ്‌വാലിക്കു പകരം ഒരു താപനിലയം ഇന്ദിരാഗാന്ധി വാഗ്ദാനം ചെയ്തിരുന്നുവല്ലോ. കാല്‍ നൂറ്റാണ്ടാവാറായിട്ടും അത് കേരളത്തിന് കിട്ടാതെ പോയത് പരിസ്ഥിതിവാദികളുടെ കുറ്റമാണോ, രാഷ്ട്രീയ നേതാക്കളുടെ കുറ്റമാണോ? മറ്റൊരു സംസ്ഥാനക്കാര്‍ക്കും വേണ്ടാത്ത ലോഹവ്യവസായങ്ങള്‍ മുഴുവന്‍ ഇവിടെ കൊണ്ടുവന്ന്, കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും ചെലവാക്കുന്നത് പരിസ്ഥിതിവാദികളുടെ കുഴപ്പം കൊണ്ടാണോ?
പരിസ്ഥിതിവാദികള്‍ ഒച്ചയിട്ടതുകൊണ്ടാണ് പൂയംകുട്ടി വരാത്തതെന്നും കായംകുളം വൈകിയതെന്നും ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? പരിസ്ഥിതിവാദികളൊന്നുമല്ല ഈ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങള്‍ അനുസരിച്ചാണ് ഇതുചെയ്യുന്നത്. ഈ നിയമങ്ങളേറേയും ഉണ്ടാക്കിയത് ആരാണ്? സുന്ദര്‍ലാല്‍ ബഹുഗുണയല്ല; രാജീവ്ഗാന്ധിയാണ്!
ഇതൊന്നും വൈദ്യുതി മന്ത്രിമാര്‍ക്ക് അറിയാഞ്ഞിട്ടല്ല. എന്തുചെയ്യും? വൈദ്യുതിക്ഷാമത്തിന് ഏതെങ്കിലും ബലിയാടിനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ ജനം വെറുതെ വിടുമോ? കേരളത്തില്‍ വൈദ്യുതികൊണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ പരക്കെ നടന്നുവില്‍ക്കുകയും വൈദ്യുതിക്ഷാമം വരുമെന്ന് മുന്നറിയിപ്പുനല്‍കിയവരെ പുച്ഛിച്ചുനടക്കുകയും ചെയ്ത ക്രാന്തദര്‍ശികള്‍ പരിസ്ഥിതിക്കാരല്ല; കാര്‍ത്തികേയന്‍ജിയുടെ സഹപ്രവര്‍ത്തകര്‍ തന്നെ. അതൊക്കെ എന്തോ ആകട്ടെ. ചമ്പല്‍ക്കാട്ടിലെ കൊള്ളക്കാര്‍ക്ക് ഒരുനിലയും വിലയുമൊക്കെയുണ്ട്. അശുക്കളായ പരിസ്ഥിതിക്കാരുമായി താരതമ്യപ്പെടുത്തി അവരെ ഇന്‍സള്‍ട്ട് ചെയ്യരുത്, പ്ലീസ്!
*** *** ***
മുഖ്യമന്ത്രി ആന്റണി ഇനിമുതല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചായകൊടുക്കില്ല. പകരം എന്തുകൊടുക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചെലവുചുരുക്കലാണ് പരിപാടി. ചുക്കുവെള്ളമോ വെറും വെള്ളമോ കൊടുക്കണം. പലതുള്ളി പെരുവെള്ളം എന്നാണല്ലോ ചൊല്ല്. ആന്റണി ഇങ്ങനെ ലുബ്ധിച്ച്, പിശുക്കിച്ച് നാണയത്തുട്ടുകള്‍ ശേഖരിച്ചുവയ്ക്കാന്‍ നിര്‍ബന്ധിതനാണ്. എങ്കിലല്ലേ നമ്മുടെ മന്ത്രിമാര്‍ക്ക് ഇവിടെ വ്യവസായവും മറ്റും കൊണ്ടുവരാന്‍ വിദേശത്തേക്ക് പോകാന്‍ പറ്റൂ. മന്ത്രിമാര്‍ നേരിട്ടുചെന്ന് വിളിച്ചില്ലെങ്കില്‍ വ്യവസായം വരുമോ? മന്ത്രിമാര്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെപ്പോലെ തനിച്ചുപോകാന്‍ പറ്റില്ല. ഭാര്യയെയും മക്കളെയും കൊണ്ടുപോകണം. പലരും ധരിച്ചിരിക്കുന്നത് മന്ത്രിമാര്‍ക്ക് ഭാര്യമാരോടുള്ള സ്നേഹംകൊണ്ടാണ് അവരെയും വിദേശത്ത് കൊണ്ടുപോകുന്നതെന്നാണ്. അബദ്ധം. നിവൃത്തിയുണ്ടെങ്കില്‍ യൂറോപ്പിലും മറ്റും ആരും തനിച്ചേപോകൂ. പക്ഷേ, ഭാര്യമാര്‍ സമ്മതിക്കില്ല. നമ്മുടെ സ്വഭാവഗുണം ഭാര്യമാര്‍ക്കാണല്ലോ ശരിക്കറിയുക. തനിച്ചുപോകാന്‍ അവര്‍ സമ്മതിക്കില്ല. ഇല്ലില്ല………. കേരളത്തിലെ മന്ത്രിമാരെപ്പറ്റിയേ അല്ല ഇതൊന്നും പറഞ്ഞത്.
യൂറോപ്പിലെ വ്യവസായികള്‍ക്കിപ്പോള്‍ കഷ്ടകാലമാണ്. ഇന്ത്യയിലെ പത്തിരുപത്തിനാലു സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിക്കൂട്ടങ്ങള്‍ വന്ന് അവരെ ഓടിച്ചിട്ടുപിടിക്കുകയാണ്. ഇന്ത്യ ഇപ്പോഴും ഒരൊറ്റ രാജ്യമാണോ അതല്ല, പഴയ സോവിയറ്റ് യൂനിയന്‍ പോലെ പല രാജ്യമായോ എന്നാണവരുടെ സംശയം. ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് മന്ത്രിമാര്‍ വരുന്നു. വ്യവസായികള്‍ അന്തംവിട്ടിരിപ്പാണ്. “സാര്‍, ഒരു ഇന്ത്യന്‍ മന്ത്രി വന്ന് പുറത്തു നില്‍ക്കുന്നു” എന്ന് പ്യൂണ്‍ ബ്രിട്ടീഷ് വ്യവസായിയോടു പറയുന്നു എന്നു വെക്കുക. “ഇന്ത്യന്‍ മന്ത്രിയോ? അപ്പോള്‍ ഇന്നലെ വന്നതോ?” എന്ന് വ്യവസായിയുടെ മറുചോദ്യം. “പുറത്തുനില്‍ക്കുന്നത് കേരള മന്ത്രിയാണ് സാര്‍. ഇന്നലെ വന്നത് തമിഴ്‌നാട് മന്ത്രി” എന്നു മറുപടി. “അപ്പോള്‍ മിനിഞ്ഞാന്ന് വന്നതോ?” – “അത് കര്‍ണാടക മന്ത്രി”. “അതിന്റെ തലേന്നുവന്നതോ?”. “അത് ആന്ധ്രാ മന്ത്രി”. “ഇനി ഇതുപോലെ വേറെ കുറേയെണ്ണമുണ്ടോ?” – “ഉണ്ട് സാര്‍. 26 സംസ്ഥാനങ്ങളും കുറെ കേന്ദ്രഭരണപ്രദേശങ്ങളും എല്ലാറ്റിനും മുകളില്‍ ഒരു കേന്ദ്രനുമുണ്ട് സാര്‍”. ഇത്രയും കേട്ടപ്പോള്‍ വ്യവസായി തലകറങ്ങി നിലംപതിച്ചെന്നാണ് റിപ്പോര്‍ട്ട്.
*** *** ***
അര മന്ത്രിയോ അരവ്യവസായ വകുപ്പോ എന്തുമാകട്ടെ. കരുണാകരന്‍ കേന്ദ്രമന്ത്രിയായി. അസൂയാലുക്കളുടെ നാവ് ഇനിയെങ്കിലും അടങ്ങുമല്ലോ. അതുമതി. കരുണാകരന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈകിയപ്പോള്‍ എന്തൊക്കെയായിരുന്നു ഓരോരുത്തരുടെ കുശുകുശുപ്പ്. റാവുജി കരുണാകരനെ ഒതുക്കിയെന്നോ മൂലക്കിരുത്തിയെന്നോ എന്തെല്ലാം കഥകള്‍! സത്യമെന്താണ്? പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉണ്ടെങ്കിലേ സത്യപ്രതിജ്ഞ നടക്കൂ. രണ്ടുപേരും ഒരുമിച്ച് ഡല്‍ഹിയിലുണ്ടാകേണ്ടേ? രാഷ്ട്രപതി തിരിച്ചുവരുമ്പോള്‍ പ്രധാനമന്ത്രി വിദേശത്തേക്കുപോകും. പ്രധാനമന്ത്രി തിരിച്ചെത്തിയാല്‍ രാഷ്ട്രപതി പോകും. അവരെ കുറ്റം പറയാനൊക്കില്ല. ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താതെ പറ്റുമോ? ലോകത്ത് അഞ്ചും പത്തും രാജ്യമൊന്നുമല്ലല്ലോ. 178 എണ്ണം യു.എന്നില്‍ തന്നെയുണ്ടത്രെ. ഒരു തവണയെങ്കിലും എല്ലായിടത്തും എത്തേണ്ടേ? ഇല്ലെങ്കില്‍ അവര്‍ പരിഭവിക്കും. വലിയ ചെലവാണ് ഈ വിദേശയാത്രയ്ക്ക്. വി.വി.ഐ.പി. സംഘത്തിന്റെ ഒരു വിദേശയാത്രയ്ക്ക് പത്തുകോടി രൂപ ചെലവുവരുമെന്ന് മുന്‍ രാഷ്ട്രപതി വെങ്കട്ടരാമന്‍ ജീവചരിത്രകൃതിയില്‍ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ, വിദേശത്തുപോകാതെ രാജ്യം ഭരിക്കാനൊക്കില്ല. ആന്റണിയെപ്പോലെ മുഖ്യമന്ത്രിമാര്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചായയ്ക്കുപകരം ചുക്കുവെള്ളം കൊടുത്തും മറ്റും കാശു ലാഭിക്കുന്നതുകൊണ്ട് കേന്ദ്രനും കീഴെയുള്ളവരുമെല്ലാം അല്ലലില്ലാതെ കഴിഞ്ഞുകൂടുന്നു. വിദേശയാത്രച്ചെലവു കുറയ്ക്കാന്‍ കേന്ദ്രന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഒരേ സമയത്ത് ഏറ്റവും കൂടിയാല്‍ നാല്‍പതു കേന്ദ്രമന്ത്രിമാരേ വിദേശത്തു പോകാവൂ എന്നു നിശ്ചയിച്ചിട്ടുണ്ട്. ഇങ്ങനെ ചില നിയന്ത്രണങ്ങള്‍ ഇല്ലാതെ പറ്റില്ലല്ലോ.
*** *** ***
വിമത കോണ്‍ഗ്രസുകാര്‍ക്കു പറ്റിയ അക്കിടിയോര്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്ന് അറിയുന്നില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസ്- ഐ എന്നൊരു പാര്‍ട്ടി ഉണ്ട് എന്ന ധാരണയിലാണ് അവര്‍ ആ പാര്‍ട്ടിയെ ഒന്നു പിളര്‍ത്തിക്കളയാമെന്നു തീരുമാനിച്ചത്. ഇപ്പോള്‍ പറയുന്നു, ഇന്ത്യയില്‍ അങ്ങനെ ഒരു പാര്‍ട്ടിയില്ലെന്ന്!
കോണ്‍ഗ്രസ്-ഐ എന്നൊരു പാര്‍ട്ടി ഇന്ത്യയില്‍ ഇല്ലെന്നു പറഞ്ഞത് ഏതെങ്കിലും സംസ്ഥാനത്തെ വോട്ടര്‍മാരൊന്നുമല്ല. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനാണ്. കോണ്‍ഗ്രസ്-ഐ യുടെ ചിഹ്നവും പതാകയും റാവുവിനു കൊടുക്കരുത്, തങ്ങള്‍ക്കു തരണം എന്ന് തിവാരികോണ്‍ഗ്രസ് സെക്രട്ടറി ശേഷന്‍ജിക്ക് എഴുതിയപ്പോഴാണ് അങ്ങനെയൊരു പാര്‍ട്ടിയേ ഇല്ല എന്ന ഞെട്ടിപ്പിക്കുന്ന മറുപടി കിട്ടിയത്. സീരിയസ് കാര്യത്തിനിടയ്ക്ക് ശേഷന്‍ജി തമാശ പറയാറില്ല എന്നെല്ലാവര്‍ക്കും അറിയാം. വിമതന്മാര്‍ ആലോചിച്ചിട്ട് ഒരന്തവും കിട്ടിയില്ല. സ്വന്തം പാര്‍ട്ടിയുടെ പേരുതന്നെ നിശ്ചയമില്ലാത്ത അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ.
എ.ഒ. ഹ്യൂം രൂപീകരിച്ചപ്പോഴും പിന്നീട് പണ്ഡിറ്റ്ജി ഇലക്ഷന്‍ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തപ്പോഴും വസ്തുവിന്റെ പേര് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് എന്നു മാത്രമായിരുന്നു. പിന്നീടാണല്ലോ ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര എന്ന നില സംജാതമായത്. ഒന്നുരണ്ടു പിളര്‍പ്പും പിളര്‍ന്നു. അപ്പോഴൊക്കെ ആളുകള്‍ ഈ പാര്‍ട്ടിയെ ഇന്ദിരാകോണ്‍ഗ്രസ് എന്നാണ് വിളിച്ചുപോന്നത്. അപ്പോള്‍ പേരും അതുതന്നെയെന്ന് തിവാരി കോണ്‍ഗ്രസുകാര്‍ ധരിച്ചതില്‍ തെറ്റില്ല.
വിമത കോണ്‍ഗ്രസ് സെക്രട്ടറി വീണ്ടും ശേഷന്‍ജിക്ക് എഴുതി- “ക്ഷമിക്കണം, പേരിന്റെയൊപ്പം പണ്ട് ‘ഐ’ ഉണ്ടായിരുന്നു. അത് വഴിയിലെവിടെയോ വീണുപോയിട്ടുണ്ട്. ജന്തര്‍മന്തറിലോ ഇലക്ഷന്‍ കമ്മീഷന്റെ വരാന്തയിലോ കിടപ്പുണ്ടോ എന്ന് ദയവായി നോക്കി അറിയിക്കണം”. ശേഷന്‍ജി ഇതിനൊരു പത്രക്കുറിപ്പാണ് ഇറക്കിയത്. തിവാരി കോണ്‍ഗ്രസ് സെക്രട്ടറിയുടെ കത്തിന് “മറുപടി അയയ്ക്കേണ്ടതുണ്ടെന്ന് ശേഷന്‍ കരുതുന്നില്ല” എന്ന് അതില്‍ പറഞ്ഞു. കത്ത് ചവറ്റുകൊട്ടയിലിട്ടിട്ടുണ്ട് എന്നര്‍ത്ഥം. ഇതിലും ഭേദം ഇറങ്ങിച്ചെന്ന് പിടലിക്കൊന്നു പൂശുകയായിരുന്നു ശേഷന്‍ജി. ഇനി തിവാരികോണ്‍ഗ്രസ് എന്തു ചെയ്യും? കോണ്‍ഗ്രസ്-ഐ. എവിടെയെന്ന് ദയവായി ആരെങ്കിലും കണ്ടുപിടിച്ചുതരാമോ?