തിരൂരങ്ങാടിയിലെ വിശേഷങ്ങള്‍

ഇന്ദ്രൻ

തിരൂരങ്ങാടിയില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ എത്തിയതായിരുന്നു മുഖ്യമന്ത്രി എ.കെ.ആന്റണി. പല ഭാഗങ്ങളില്‍ നിന്നെത്തിയ പത്ര റിപ്പോര്‍ട്ടര്‍മാര്‍ ആന്റണിയെ കാണാന്‍ ഗസ്തൗസുകളിലും യു.ഡി.എഫ്‌. ഓഫീസുകളിലുമെല്ലാം കാത്തുനിന്നുവെങ്കിലും ആന്റണി വേഷം മാറിയും തലയില്‍ മുണ്ടിട്ടുമെല്ലാം അവരെ വെട്ടിച്ചു കടന്നുകളഞ്ഞു. ഒടുവില്‍ ഒരു ചെറിയ സംഘം റിപ്പോര്‍ട്ടര്‍മാര്‍ തിരൂരങ്ങാടി അതിര്‍ത്തിയിലൊരിടത്ത്‌ ആന്റണിയുടെ രഹസ്യതാമസസ്ഥലത്ത്‌, അര്‍ധരാത്രി കടന്നുചെന്ന്‌ അദ്ദേഹത്തെ ‘അഭിമുഖ’ത്തിന്‌ ബലം പ്രയോഗിച്ചു വിധേയനാക്കുകയാണ്‌ ഉണ്ടായത്‌.

തിരൂരങ്ങാടിയിലെ ചായക്കടയിലെല്ലാം തൂക്കിയിട്ടതുപോലെ ഒരു ‘ബോര്‍ഡ്‌’ ആന്റണിയുടെ കട്ടിലിന്‌ മുകളിലും ഉണ്ടായിരുന്നു “ഇവിടെ രാഷ്ട്രീയം പറയരുത്‌”.

അഭിമുഖത്തിന്റെ റിപ്പോര്‍ട്ട്‌ ചുവടെ ചേര്‍ക്കുന്നു- ചോദ്യം, ഉത്തരം എന്ന ശൈലിയില്‍, അതാണല്ലോ പത്രപ്രവര്‍ത്തനത്തിലെ ‘ലേറ്റസ്റ്റ്‌ ഫാഷന്‍’. ഇടയ്ക്കിടെ ബ്രാക്കറ്റില്‍ കൊടുത്തത്‌ ആന്റണിയുടെ ആത്മഗതങ്ങളാണ്‌. പുതിയ എക്സ്ട്രാ സെന്‍സറിങ്ങ്‌ ഇലക്ട്രോണിക്‌ യന്ത്രം ഉപയോഗിച്ചാണ്‌ ലേഖകന്‍ ആന്റണിയുടെ ആത്മഗതങ്ങള്‍ വായനക്കാരുടെ സൗകര്യാര്‍ഥം പിടിച്ചെടുത്തത്‌.

ആന്റണി: നമസ്കാരം, വരണം, വരണം. എല്ലാവരുമുണ്ടല്ലോ. വന്നതുമുതല്‍ ഞാന്‍ നിങ്ങളെ അന്വേഷിക്കുകയായിരുന്നു. (ദുഷ്ടന്മാര്‍ ഇവിടെയും എത്തിയിരിക്കുന്നു. രക്ഷപ്പെടാന്‍ എന്താണൊരുമാര്‍ഗം? പിന്‍വാതില്‍ വഴി കടന്നുകളഞ്ഞാലോ?)

ചോദ്യം: അങ്ങ്‌ ഇപ്പോള്‍ ഏത്‌ കോണ്‍ഗ്രസിലാണ്‌? റാവു കോണ്‍ഗ്രസോ തിവാരി കോണ്‍ഗ്രസോ?

ഉത്തരം: രാഷ്ട്രീയം ചോദിക്കരുത്‌. പ്ലീസ്‌. ഞാന്‍ വെറുമൊരു സ്ഥാനാര്‍ത്ഥിയാണ്‌.

ചോദ്യം: അര്‍ജുന്‍സിംഹിനെ പുറത്താക്കിയതിനെ എതിര്‍ത്ത അങ്ങ്‌ ഇപ്പോഴെന്താണ്‌ മൗനം പാലിക്കുന്നത്‌?

ഉ: ഞാന്‍ പ്രശ്നം പഠിക്കുകയാണ്‌….

ചോ: അര്‍ജുന്‍സിംഹ്‌ താങ്കളുമായി പുതിയസംഭവവികാസങ്ങളെക്കുറിച്ച്‌ സംസാരിച്ചില്ലേ?

ഉ: ഇല്ലല്ലോ. (പല പ്രാവശ്യം വിളിച്ചു. ആള്‍ സ്ഥലത്തില്ലെന്ന്‌ പറയാന്‍ സെക്രട്ടറിയെ ഏല്‍പിച്ചിരുന്നു. ഇവന്മാര്‍ അതറിയേണ്ട).

ചോ: അര്‍ജുന്‍സിംഹിനെ അങ്ങ്‌ ഫോണ്‍ചെയ്ത്‌ പിന്തുണ അറിയിച്ചില്ലെ?

ഉ: അര്‍ജുന്‍സിംഹിന്റെ ഫോണ്‍നമ്പര്‍ മറന്നുപോയി. മാത്രവുമല്ല, ഞാന്‍ എസ്‌.ടി.ഡി. ഉപയോഗിക്കില്ല. ലളിതജീവിതമാണ്‌.

ചോ: മുഖ്യമന്ത്രി സ്ഥാനം കിട്ടിയതോടെ അങ്ങ്‌ കാലുമാറി റാവുപക്ഷം ചേര്‍ന്നുവെന്ന്‌ ആക്ഷേപമുണ്ടല്ലോ.ഉ: പ്ലീസ്‌…. രാഷ്ട്രീയം ചോദിക്കരുത്‌. ഞാന്‍ വെറുമൊരു സ്ഥാനാര്‍ത്ഥിയാണ്‌.

ചോ: നരസിംഹറാവുവിന്‌ ശക്തി പകരാന്‍ അങ്ങേയ്ക്ക്‌ വോട്ടുചെയ്യണമെന്നാണല്ലോ കരുണാകരന്‍ പ്രസംഗിച്ചത്‌. അത്‌ ശരിയാണോ?

ഉ: മൗനം (അത്‌ കരുണാകരന്‍ വെച്ച ഒരു വന്‍ പാരയാണെന്ന്‌ ഇവരോട്‌ പറയാന്‍ പറ്റില്ലല്ലോ)

ചോ: ഇപ്പോഴും ക്യാന്റീനില്‍ നിന്നാണോ ഊണ്‍?

ഉ: മൗനം. പല്ല്‌ കടിച്ചുപിടിച്ച്‌ ചിരിക്കുന്നു.

ചോ: ക്യാന്റീനില്‍ നിന്ന്‌ ഊണുകഴിക്കുന്ന അങ്ങ്‌ സത്യപ്രതിജ്ഞ ചെയ്യാന്‍വേണ്ടി പ്രത്യേക വിമാനത്തില്‍ വന്നവകയില്‍ സര്‍ക്കാരിന്‌ ലക്ഷക്കണക്കിന്‌ രൂപ നഷ്ടമുണ്ടാക്കിയെന്ന്‌ ആക്ഷേപമുണ്ടല്ലോ?

ഉ: ഭയങ്കര ഉഷ്ണം, അല്ലേ? (ഇബിലീസുങ്ങള്‍ ദ്രോഹിക്കാന്‍തന്നെയാണല്ലോ വന്നിരിക്കുന്നത്‌)

ചോ: ഒരു ബിഷപ്പിനേപ്പോലും ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലാത്ത അങ്ങ്‌, കാഞ്ചികാമകോടി പീഠാധിപതിയുടെ മുന്നില്‍ ഒരുമണിക്കൂര്‍ ചമ്രംപടിഞ്ഞിരുന്നത്‌ എന്തിനായിരുന്നു?

ഉ: മൗനം. (ബിഷപ്പിനെ ചെന്നുകാണാന്‍ തിരൂരങ്ങാടിയില്‍ ക്രിസ്ത്യ‍ന്‍വോട്ടര്‍മാരുണ്ടോ മണ്ടശിരോമണി?)

ചോ: വോട്ടെടുപ്പിന്‌ തൊട്ടുമുമ്പ്‌ 42 പുതിയ ന്യൂനപക്ഷവിദ്യാലയങ്ങള്‍ അനുവദിച്ചത്‌ അഴിമതിയല്ലേ?

ഉ: നയപരമായ ഒന്നും പറയില്ല. ഞാന്‍ വെറുമൊരു സ്ഥാനാര്‍ത്ഥിയാണ്‌.

ചോ: കോട്ടയം വി.സി.അടിയോടിയെ, വെറും അഞ്ചുനാള്‍കൊണ്ട്‌ എടുത്തെറിഞ്ഞത്‌ മുസ്ലീംലീഗിന്‌ വഴങ്ങിയല്ലേ?

ഉ: വിവാദപരമായി ഒന്നും പറയില്ല. ഞാന്‍ വെറുമൊരു സ്ഥാനാര്‍ത്ഥിയാണ്‌.

ചോ: ഏക സിവില്‍കോഡ്‌ വേണമെന്ന്‌ മുമ്പ്‌ ലേഖനമെഴുതിയ താങ്കള്‍ ഇപ്പോള്‍ അഭിപ്രായം മാറ്റിയത്‌ പത്ത്‌ വോട്ട്‌ നഷ്ടമാകുമെന്ന്‌ ഭയന്നല്ലേ?

ഉ: ദാഹിക്കുന്നു. നിങ്ങള്‍ക്കെല്ലാം ചായയും കൊഴുക്കട്ടയും തരട്ടെയോ?

ചോ: പണ്ട്‌ എ.ഐ.സി.സി.യില്‍ ചെന്ന്‌ അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ ധൈര്യം കാട്ടിയ അങ്ങ്‌ ഇപ്പോള്‍ ഒരക്ഷരം ഉരിയാടാന്‍പോലും ഭയപ്പെടുന്നത്‌ ദയനീയമല്ലേ?

ഉ: ഞാന്‍ പ്രശ്നം പഠിച്ചുകൊണ്ടിരിക്കുകയാണ്‌.

ചോ: അങ്ങ്‌ ഇപ്പോള്‍ ഏത്‌ ഗ്രൂപ്പിലാണ്‌?

ആന്റണി ഗ്രൂപ്പിലോ? കരുണാകരന്‍ ഗ്രൂപ്പിലോ?

ഉ: അപമാനിക്കാതെ സഹോദരാ…. ഞാനിപ്പോഴും എ.കെ.ആന്റണി തന്നെയാണ്‌.

ചോ: സി.എം.സ്റ്റീഫന്‍ സ്മാരക പ്രസംഗത്തില്‍ പറഞ്ഞ അഭിപ്രായം ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ ധൈര്യമുണ്ടോ?

ഉ: ചിരി. (എന്നിട്ടുവേണം ഉള്ള വോട്ടും പോകാന്‍! വേല കൈയിലിരിക്കട്ടെ).

ചോ: ഒരു ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നുവെച്ച്‌ മൗലിക കാര്യങ്ങളില്‍പോലും പ്രതികരിക്കാതെ മൗനം പാലിക്കുന്നത്‌ തികഞ്ഞ ഭീരുത്വമല്ലേ?

ഉ: മൗനം. (നിങ്ങള്‍ക്കെന്തും പറയാം. വോട്ടുവേണ്ടത്‌ നിങ്ങള്‍ക്കല്ലല്ലോ.)

ഇത്രയും സമയം മിനക്കെട്ടിട്ടും ഒരുവരി വാര്‍ത്തപോലും കിട്ടാത്തതില്‍ നിരാശരായി, ക്ഷമയുടെ നെല്ലിപ്പടിയില്‍ എത്തിയ റിപ്പോര്‍ട്ടര്‍മാര്‍ പേനകള്‍ കുത്തിപ്പൊട്ടിക്കുകയും ടേപ്പ്‌റിക്കാര്‍ഡറുകള്‍ നിലത്തെറിഞ്ഞ്‌ പൊളിക്കുകയും പാഡുകള്‍ വലിച്ചുകീറുകയും സ്വന്തം നെഞ്ചില്‍ ആഞ്ഞടിക്കുകയും ചെയ്തുകൊണ്ട്‌ കൂട്ടത്തോടെ ഇറങ്ങിപ്പോയി.

അപ്പോഴും ആന്റണി ഒന്നും പ്രതികരിച്ചില്ല.

*** *** ***

തിരൂരങ്ങാടിയില്‍ മതേതരത്വത്തെ ആറടി മണ്ണില്‍ കുഴിച്ചിട്ടതിന്റെ സന്തോഷത്തിലാണ്‌ എല്ലാവരും. ഇത്ര ‘നീറ്റ്‌’ ആയി ഒരു പണി തങ്ങള്‍ ഇതിനു മുമ്പ്‌ ചെയ്തിട്ടില്ല എന്നാണ്‌ ഇടതുപക്ഷം പറയുന്നത്‌.

മതം വേറെ രാഷ്ട്രീയം വേറെ എന്നതാണല്ലോ മതേതരത്വത്തിന്റെ കാതല്‍. തിരൂരങ്ങാടിയില്‍ മതം തന്നെ രാഷ്ട്രീയം എന്നു തെളിയിക്കാന്‍ ഉറക്കത്തിലും മതേതരത്വം പറയുന്ന ഇടതുമുന്നണി, മുസ്ലീംലീഗുമായി മത്സരിച്ചു; പി.ഡി.പിയുമായും ഐ.എന്‍.എല്ലുമായും മത്സരിച്ചു. ഇടതിന്റെ ‘പെര്‍ഫോമന്‍സ്‌’ പി.ഡി.പി യേക്കാള്‍ ഒട്ടും മോശമായില്ല, ഭേഷ്‌.

തിരൂരങ്ങാടിയില്‍ മത്സരിക്കാന്‍ മുസ്ലീം സ്വതന്ത്രനെ തേടി നടന്നപ്പോള്‍ തന്നെ മതേതരത്വത്തോടുള്ള ഇടതിന്റെ പ്രേമം തിരൂരങ്ങാടിക്കാര്‍ക്ക്‌ ബോധ്യമായി. മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ക്കേ വോട്ടു ചെയ്യൂ, അല്ലെങ്കില്‍ അങ്ങനെയേ ചെയ്യാവൂ എന്നാണല്ലോ അതിന്റെ അര്‍ഥം. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായ മുഖ്യമന്ത്രി എ.കെ. ആന്റണി ക്രിസ്ത്യ‍ാനിയല്ലേ? ഞങ്ങള്‍ ഇതാ നിങ്ങള്‍ക്ക്‌ മനഃസാക്ഷിക്കുത്തില്ലാതെ വോട്ട്‌ ചെയ്യാന്‍ ഒരു മുസ്ലീമിനെ തന്നെ നിര്‍ത്തിയിരിക്കുന്നു. ഞങ്ങളുടെ ചിഹ്നം അരിവാളും ചുറ്റികയോ, അരിവാളും കതിരോ ആണെന്നതില്‍ പ്രയാസമുണ്ടോ? ഒട്ടും പ്രയാസപ്പെടേണ്ട. ഞങ്ങള്‍ ചിഹ്നം മാറ്റാം. നല്ല തുടുത്ത ആപ്പിള്‍ ആയാല്‍ എങ്ങനെയിരിക്കും? ആപ്പിളില്‍ വോട്ട്‌ കുത്താന്‍ വിഷമമുണ്ടാവില്ലല്ലോ. കൊടി മാറ്റണമോ? അതിനും വിരോധമില്ല. നിങ്ങള്‍ ഒരു വാക്ക്‌ പറഞ്ഞാല്‍ മതി.

എന്നിട്ടും നിങ്ങള്‍ക്കെന്താണ്‌, ഒട്ടും വിശ്വാസം വരാത്തതുപോലെ? കരിംക്കയെപ്പറ്റി ചില അപഖ്യാതികള്‍ പ്രചരിപ്പിച്ചത്‌ നിങ്ങളും വിശ്വസിച്ചുകളഞ്ഞോ? അദ്ദേഹമതിന്‌ മറുപടി പറഞ്ഞല്ലോ. ജന്മം കൊണ്ടും കര്‍മ്മംകൊണ്ടും വിശ്വാസംകൊണ്ടുമെല്ലാം ഞാന്‍ മുസ്ലീം ആണെന്ന്‌ അദ്ദേഹം പരസ്യമായി ആണയിട്ട്‌ പറഞ്ഞിട്ടും നിങ്ങള്‍ക്ക്‌ വിശ്വാസമില്ലേ? അച്ഛന്‍ പത്തായത്തിലൊന്നും ഇല്ലെന്ന്‌ പറഞ്ഞതുപോലെയാണ്‌ ആ പ്രഖ്യാപനമെന്നോ? ഒരിക്കലുമില്ല. പോരാത്തതിന്‌ അദ്ദേഹം മമ്പുറം പള്ളിയില്‍ ചെന്നാണ്‌ പ്രചരണം ആരംഭിക്കുകയും ചെയ്തത്‌. ഞാന്‍ ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും വിശ്വാസം കൊണ്ടും ഹിന്ദുവാണ്‌ എന്ന്‌ ബി.ജെ.പി സ്ഥാനാര്‍ത്ഥിപോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ പറഞ്ഞു. അതില്‍പ്പരം എന്ത്‌ മതേതരത്വമാണ്‌ ഹേ ഞങ്ങള്‍ കാണിക്കേണ്ടത്‌?

ദേശീയ സുരക്ഷിതത്വം, ഗാട്ട്‌ കരാര്‍, സ്വകാര്യവത്ക്കരണം, സോഷ്യലിസം, സ്ഥിതിസമത്വം, അഴിമതി തുടങ്ങിയ മതേതര പ്രശ്നങ്ങളൊന്നും ഞങ്ങള്‍ മിണ്ടിയിട്ടില്ല. നിങ്ങളെ ബോറടിപ്പിച്ച്‌ വോട്ട്‌ നഷ്ടപ്പെടുത്തേണ്ട എന്ന്‌ വിചാരിച്ചാണ്‌ മിണ്ടാത്തത്‌. ബാബ്‌റിമസ്ജിദ്‌, ടാഡ, ഛ്‌റാര്‍ ഇ-ഷെറീഫ്‌, ഇതേ ഞങ്ങളും പ്രസംഗിച്ചിട്ടുള്ളു. നരസിംഹറാവുവും ആന്റണിയും കൂടി ബാബ്‌റി മസ്ജിദ്‌ പൊളിച്ചു. രണ്ടാളും ചേര്‍ന്ന്‌ ഛ്‌റാര്‍ ഇ-ഷെറീഫ്‌ കത്തിച്ചു എന്നും ഞങ്ങള്‍ തൊണ്ടകീറി അലറി. ശരിഅത്തിനെക്കുറിച്ചോ സിവില്‍കോഡിനെക്കുറിച്ചോ ഒരക്ഷരം ഞങ്ങള്‍ പറഞ്ഞില്ല. സിവില്‍കോഡ്‌ ഇപ്പോള്‍ ഒരു വിഷയമേ അല്ലെന്നാണ്‌ ഞങ്ങള്‍ ഉറപ്പിച്ച്‌ പറഞ്ഞത്‌.

ഞങ്ങള്‍ ഇത്രയും കൊടിയ മതേതരത്വം ചീറ്റിയ സ്ഥിതിക്ക്‌ ആ മഅ്ദനിക്കും സേഠുവിനുമെല്ലാം ഞങ്ങളെ പിന്താങ്ങിക്കൂടേ. അവരോട്‌ ഞങ്ങള്‍ പരസ്യമായി അഭ്യര്‍ഥിക്കുകയും ചെയ്തു. ശുദ്ധ മതേതര പാര്‍ട്ടികളാണല്ലോ പി.ഡി.പി.യും ഐ.എന്‍.എല്ലും. അതുകൊണ്ട്‌ അവരുടെ വോട്ടിന്‌ ഒട്ടും അയിത്തമില്ല. വര്‍ഗീയത പ്രസംഗിച്ചതിന്‌ പതിനാല്‌ കേസ്‌ ഉള്ളതും മഅ്ദനിയുടെ പേരിലാണല്ലോ. മതേതരത്വത്തിന്‌ അതിലേറെ തെളിവ്‌ വേറെ വേണോ? ഒരൊറ്റ ബി.ജെ.പി.ക്കാരന്റെ പേരിലുണ്ടോ ഒരു കേസ്സെങ്കിലും? അതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ബി.ജെ.പി.ക്കാരന്റെ വോട്ട്‌ വേണ്ട. പി.ഡി.പി.യുടെയും ഐ.എന്‍.എല്ലിന്റെയും വോട്ട്‌ മതി.

“ഈറ്റെടുക്കാന്‍ ചെന്നവള്‍ ഇരട്ടപെറ്റു” എന്ന്‌ പറഞ്ഞതുപോലെയാണ്‌ ഞങ്ങളുടെ സ്ഥിതി എന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. മുസ്ലിം ജനതയെ മതേതരത്വ രാഷ്ട്രീയത്തിന്റെ കൊടിക്കീഴില്‍ കൊണ്ടുവരാന്‍ പുറപ്പെട്ട ഞങ്ങള്‍ ഇപ്പോള്‍ മതരാഷ്ട്രീയത്തിന്റെ ചളിക്കുണ്ടില്‍ തലകുത്തനെ വീണിരിക്കുകയാണത്രെ. ആയിക്കോട്ടെ. മതേതരത്വ രാഷ്ട്രീയത്തേയും ഞങ്ങള്‍ ഈ ചളിക്കുഴിയില്‍ ആഴത്തില്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ട്‌. അതവിടെകിടന്ന്‌ ചീഞ്ഞുനാറട്ടെ.

*** *** ***

സഖാവ്‌ ഇ.എം.എസ്സിന്‌ ‘തിരൂരങ്ങാടി’ തലയില്‍ കയറിയതിന്റെ അപകീര്‍ത്തി മുഴുവന്‍ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്‌ പരേതനായ സഖാവ്‌ ഇമ്പിച്ചിബാവയ്ക്കാണ്‌. ആറ്‌ പതിറ്റാണ്ടോളം മതേതരത്വ രാഷ്ട്രീയത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇമ്പിച്ചിബാവയുടെ മേല്‍ ഇ.എം.എസ്‌. ഒട്ടിച്ച ലേബല്‍ കണ്ടുവോ? “കമ്മ്യൂണിസ്റ്റ്‌ മുസ്ലിം തറവാട്ടിലെ കാരണവര്‍” (ദേശാഭിമാനി വാരിക മെയ്‌ 21).

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇങ്ങനെ മുസ്ലിം തറവാടും ഹിന്ദുതറവാടും ക്രിസ്ത്യ‍ന്‍ തറവാടും ഉള്ള വിവരം ഞങ്ങളറിഞ്ഞിരുന്നില്ല സഖാവേ. അറിയിച്ചതിന്‌ നന്ദി. അപ്പോള്‍ ഒരു സംശയം സഖാവ്‌ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ്‌ നായര്‍ തറവാട്ടിലെ കാരണവരും എ.കെ.ജി. കമ്മ്യൂണിസ്റ്റ്‌ നമ്പ്യാര്‍ തറവാട്ടിലെ കാരണവരും ആയിരിക്കണമല്ലോ. കമ്മ്യൂണിസ്റ്റ്‌ ക്രിസ്ത്യ‍ന്‍ തറവാട്ടിലെ കാരണവര്‍ ഇപ്പോള്‍ ആരാണ്‌ സഖാവേ? എം.എം. ലോറന്‍സോ?

Leave a Reply

Your email address will not be published. Required fields are marked *

Go Top