കുമ്പസാരം പശ്ചാത്താപം…

ഇന്ദ്രൻ

ലീഡര്‍ പോയി  അഞ്ചുവര്‍ഷമായപ്പോഴിതാ ചിലര്‍ക്ക് കണ്ണീരടക്കാന്‍ കഴിയുന്നില്ല. നെഞ്ചത്തടിയും നിലവിളിയും ഒഴികെ ബാക്കിയെല്ലാം ഉണ്ട്. മുമ്പൊന്നും വാഴ്ത്തിയിട്ടില്ലാത്ത അപദാനങ്ങള്‍ ഇപ്പോള്‍ എണ്ണിയെണ്ണി വാഴ്ത്തുകയായി അവര്‍. എന്താണ് പ്രകോപനം എന്ന് വ്യക്തമല്ല. വളരെ അടുത്തവര്‍ക്ക് ദു:ഖമുണ്ടാകുന്നത് സ്വാഭാവികംമാത്രം. ഇത് പക്ഷേ ആ ടൈപ്പല്ല.

ഒരു കൂട്ടര്‍, തങ്ങള്‍ ലീഡറോട് ചെയ്ത ഉപദ്രവങ്ങള്‍ ഓരോന്ന് കുമ്പസാരക്കൂട്ടില്‍ കയറി പറഞ്ഞുകരയുകയാണ്. ചെറിയാന്‍ ഫിലിപ്പാണ് ഇതില്‍പ്രധാനി. ചെറിയാന് പക്ഷേ ലീഡറോട് പ്രത്യേകവിരോധമൊന്നുമുണ്ടായിരുന്നില്ല. എ ഗ്രൂപ്പിന്റെ താത്വികാചാര്യനായിരുന്നതുകൊണ്ട് കൈയ്യില്‍ കിട്ടിയത് എടുത്ത് ലീഡറെ എറിയുമായിരുന്നു എന്നേയുള്ളൂ. വേറെ ദ്രോഹമൊന്നുമില്ല. അത് ലീഡര്‍ക്കും  അറിയാം. ആന്റണിയുടെ വിശ്വസ്താനുയായി ആയിരുന്നതുകൊണ്ട് അങ്ങനെ ചെയ്തല്ലേ പറ്റൂ. തന്റെ എ ഗ്രൂപ്പ് ജീവിതം തീര്‍ത്തും വൃഥാവ്യായാമമായിരുന്നു എന്ന് ബോധ്യപ്പെട്ടത് കൂറെ വൈകിയാണ്. അതിന് മുമ്പേ കുറ്റബോധം തുടങ്ങിയിരുന്നു എന്നാണ് ചെറിയാന്‍ പറയുന്നത്. അക്കാലത്ത് അതിന് വേറെ പ്രതിവിധിയില്ല. ഇപ്പോള്‍ കുറ്റബോധം, വിരോധം, പ്രതിഷേധം തുടങ്ങി എന്തുണ്ടായാലും ഉടനെ ഫെയ്‌സ്ബുക്കില്‍ എഴുതണം. ഇടക്കിടെ എഴുതി വിവാദമോ ചുരുങ്ങിയത്് പത്രവാര്‍ത്തയോ ആക്കിയില്ലെങ്കില്‍ ഉറക്കംവരില്ല ചെറിയാന്. മുമ്പ് ആന്റണിക്ക് വേണ്ടി പത്രവാര്‍ത്തയും ലേഖനവും എഴുതി,  ഇപ്പോള്‍ തനിക്കുവേണ്ടിത്തന്നെ എഴുതുന്നു എന്ന വ്യത്യാസമേ ഉളളൂ. ആകെ മുങ്ങിയാല്‍ ശീതം ഒന്നായതുകൊണ്ട് ഇടക്കെല്ലാം ഓരോ അബദ്ധക്കുളത്തില്‍ വീഴുന്നതിലും വിരോധമില്ല. ചെറിയാന്റെ ടൈപ്പുകാര്‍ തുലോം വിരളമാണ്.

കുമ്പസാര-പശ്ചാത്താപ പ്രകടനങ്ങള്‍ കോണ്‍ഗ്രസ്സിനകത്താണ് അധികം നടക്കുന്നത്. പ്രിയം കൂടുതലുള്ളവര്‍ മരിച്ചാല്‍ ഉടനെ തോന്നാത്ത ദു:ഖമൊക്കെ ചിലര്‍ക്ക്  കുറെ കഴിഞ്ഞാലാണ് ഇരമ്പി വരിക എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഭയങ്കര പ്രിയമായിരുന്നു കെ.കരുണാകരനോട് എന്ന് പറയുമ്പോള്‍, ആ തീയ്യതി കൂടി ബ്രാക്കറ്റില്‍ എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കണ്‍ഫ്യൂഷനാകും. 2002 ല്‍ ശതാഭിഷിക്തനാകുമ്പോള്‍ ലീഡറുടെ സ്ഥിതി വളരെ മോശമായിരുന്നു. പാര്‍ട്ടിയിലുണ്ട്, പാര്‍ട്ടി ഭരണത്തിലുണ്ട്. കരുണാകരന്‍ പക്ഷേ പ്രതിപക്ഷത്താണ് എന്ന അവസ്ഥ. മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് അന്ന് രണ്ട് പ്രതിപക്ഷ നേതാക്കളെ നേരിടേണ്ട അവസ്ഥയായിരുന്നു. വി.എസ്. അച്യുതാനന്ദനാണ് ഔദ്യോഗിക പ്രതിപക്ഷനേതാവ്. ശൗര്യം കൂടതല്‍ കരുണാകരനാണ് എന്നാണ് നാട്ടുകാര്‍ പറയാറുള്ളത്. പിന്നെ സ്ഥിതി തീര്‍ത്തും മോശമായി. പോര് പാരമ്യത്തിലായി. ലീഡര്‍ ലക്ഷ്മണരേഖക്കപ്പുറം കടന്ന് വെട്ടുതുടങ്ങിയപ്പോള്‍ ആകെ അപകടത്തിലായി. പാര്‍ട്ടിക്ക്് പുറത്തായി.
ലീഡര്‍ കോണ്‍ഗ്രസ്സല്ലാതായി. കോണ്‍ഗ്രസ്സാവും എന്നാല്‍ എന്നെങ്കിലും കുറച്ചുകാലം കോണ്‍ഗ്രസ്സല്ലാതാകും എന്ന് ജാതകത്തിലുള്ളവരേ കോണ്‍ഗ്രസ്സില്‍ ചേരാറുള്ളൂ. നെഹ്‌റു കുടുംബത്തിനേ ഇത് ബാധകമല്ലാതുള്ളൂ. ലീഡറും അങ്ങനെയായി. അത് സഹിക്കാം. ലീഡര്‍ ഇടതുപക്ഷം ആയി… ആയില്ല… എന്ന സ്ഥിതിയില്‍ വരെ എത്തി. അത് ലീഡര്‍ക്ക് വരെ സഹിച്ചില്ല. ഡി.ഐ.സി, എന്‍.സി.പി. തുടങ്ങിയ കക്ഷികളില്‍ പയറ്റിനോക്കി. ഒന്നും ഏശിയില്ല. പിന്നെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ തിരിച്ച് പോവുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും പലതും സംഭവിച്ചുകഴിഞ്ഞിരുന്നു.

ഇതൊന്നും പക്ഷേ,  ദു:ഖപ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ പറയാന്‍ പാടില്ല. ഇപ്പോള്‍ പ്രസക്തിയുള്ള കാര്യങ്ങളേ അവര്‍ പറയൂ. ലീഡര്‍ മഹാനായിരുന്നു എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടി മഹാനല്ല എന്നാണ്. ലീഡര്‍ മലയാളമാസം ഒന്നാം തിയ്യതി കൃത്യമായി ഗുരുവായൂരില്‍ പോകുമായിരുന്നു എന്നതിന് അര്‍ത്ഥം ഇംഗ്ലീഷ് ഒന്നാം തിയ്യതി പോലും ഉമ്മന്‍ ചാണ്ടി പോകുന്നില്ല എന്നാണ്. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ്സിനെ പെരുവഴിയിലെ മരത്തില്‍ കെട്ടിത്തൂക്കിയ ചെണ്ട പോലെ കൊട്ടാന്‍ ആര്‍ക്കും ലീഡര്‍ അവസരം കൊടുത്തിരുന്നില്ല എന്ന് പറഞ്ഞാല്‍ അര്‍ത്ഥം ഉമ്മന്‍  ചാണ്ടിയുടെ കാലത്ത് മുന്നണി ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിനെ സദാ കൊട്ടുകയാണ് എന്നാണ്. ഈ സമ്പ്രദായത്തിന് വ്യാഖ്യാനാത്മക ചരമ അനുസ്മരണം എന്ന് പറയും. ഈ നല്ല സമ്പ്രദായം ലീഡറുടെ കാലത്ത് ഇല്ല. അക്കാലത്ത് ലീഡറോട് പറയാനുള്ളത് ലീഡറോട് പറയുമായിരുന്നു. ഇന്നിപ്പോള്‍ മുഖത്ത് നോക്കി സ്തുതി ഗീതങ്ങള്‍ പാടുകയും എതിര്‍പ്പുകള്‍ വ്യംഗ്യം, സൂചന, ആംഗ്യം, ആത്മഗതം, ജല്പനം തുടങ്ങിയവ വഴി പ്രകടിപ്പിക്കുകയുമാണ് ചെയ്തുവരുന്നത്. അതാണ് ബുദ്ധി.
****
ലീഡര്‍ കാലഘട്ടത്തിലെ പാര്‍ട്ടി നന്മകള്‍ വാഴ്ത്തിയവരൊന്നും അക്കാലത്തെ ഡി.സി.സി.കള്‍ക്ക് എത്ര സിക്രട്ടറിമാര്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞുകേട്ടില്ല. ഒരു ജനറല്‍ സിക്രട്ടറിയും രണ്ടോ മൂന്നോ ജോയന്റ് സിക്രട്ടറിമാരുമേ കുറച്ചുകാലം മുമ്പ് വരെ ഉണ്ടായിരുന്നുള്ളൂ. ഗ്രൂപ്പുപോരിന്റെ മൂര്‍ദ്ധന്യകാലത്തും മൂന്നു ജനറല്‍ സിക്രട്ടറിമാരില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ സിക്രട്ടറിമാരുടെ എണ്ണം പലേടത്തും നൂറു കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. ആദര്‍ശധീരനായ വി.എം.സുധീരന്റെ കാലത്തുതന്നെ ഇങ്ങനെ സംഭവിച്ചല്ലോ എന്ന് ചിലര്‍ ദു:ഖിക്കുന്നത് കണ്ടു.പാര്‍ട്ടിക്ക് ഇത്ര സിക്രട്ടറിമാരേ പാടുള്ളൂ എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടില്ല. പിന്നെന്തേ പ്രശ്‌നം ? എണ്ണത്തില്‍ ആദര്‍ശപ്രശ്‌നമില്ല.

അഖിലേന്ത്യോ കോണ്‍ഗ്രസ് കമ്മിറ്റി പത്ത് ജന.സിക്രട്ടറിമാരും 37 സിക്രട്ടറിമാരുമേ ഉള്ളൂ എന്നത് താഴെ എണ്ണം കുറയ്ക്കുന്നതിനുള്ള ന്യായമല്ല. എണ്ണം  കാലോചിതമായി പരിഷ്‌കരിക്കണം. സി.പി.എമ്മിനെപ്പോലുള്ള പോലുള്ള പഴഞ്ചന്‍ പാര്‍ട്ടികള്‍ കാലത്തിനൊത്ത് വളരുന്നില്ല. ഇപ്പോഴും  ആ പാര്‍ട്ടിക്ക് ഒരു ജനറല്‍ സിക്രട്ടറിയേ ഉള്ളൂ. ഒരു അസിസ്റ്റന്റ് സിക്രട്ടറി പോലുമില്ല എന്നത് എത്ര ദയനീയം. കോണ്‍ഗ്രസ്സിന്റെ ഭരണഘടന ഉണ്ടാക്കിയവര്‍ ദീര്‍ഘവീക്ഷണമുള്ളവരായതുകൊണ്ട് പരമാവധി ഇത്ര ഭാരവാഹികളേ പാടുള്ളൂ എന്ന് നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ഇനിയും ആവാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിക്രട്ടറിമാരുടെ ഒരു പാര്‍ട്ടി കമ്മിറ്റി നമ്മുടെ ജില്ലയിലാണെന്ന് വരുന്നത് നമുക്ക് അഭിമാനകരമല്ലേ ? ഗിന്നസ് ബുക്കുകാര്‍ വിവരമറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top