ദുഷ്ടന്മാര്‍ കരുതിയിരിക്കുക

ഇന്ദ്രൻ

സഖാവ്‌ ഇ.എം.അപൂര്‍വമായേ മൗസേദോങ്ങിനെ (ആളെ നിങ്ങളറിയും – മാവോ തന്നെ) ഉദ്ധരിക്കാറുള്ളൂ. ചീനയില്‍ സംസ്കാരിക വിപ്ലവവും ഇന്ത്യയില്‍ നക്സലിസവും കൊടികുത്തിയപ്പോഴാണ്‌ സഖാവ്‌ മാവോയെ വെടിഞ്ഞത്‌. അടുത്തയിടെ ഇ.എം. മാവോവിനെ ഉദ്ധരിച്ചു. പാര്‍ട്ടിയില്‍ നടക്കാന്‍ പോകുന്ന തെറ്റുതിരുത്തല്‍ പ്രക്രിയ മാവോ പറഞ്ഞതുപോലെ ‘രോഗിയെ കൊല്ലാനല്ല, രോഗം ഭേദപ്പെടുത്താനാണ്‌’ എന്ന്‌ ഇ.എം. എഴുതി. രോഗികളായ സഖാക്കളെ….നിങ്ങള്‍ ബേജാറാകാന്‍ സമയമായി.

മറ്റേതെങ്കിലും സന്ദര്‍ഭത്തിലാണ്‌ ഇ.എം.എസ്‌. മാവോവിനെ ഉദ്ധരിച്ചതെങ്കില്‍ ഇത്ര ബേജാറാകേണ്ട കാര്യമില്ലായിരുന്നു. ഇപ്പോള്‍ സന്ദര്‍ഭം അത്ര പന്തിയല്ല. ചണ്ഡീഗഢ്‌ കോണ്‍ഗ്രസ്സില്‍ വൈദ്യന്മാര്‍ പാര്‍ട്ടിയുടെ നാഡി പിടിച്ചുനോക്കിയപ്പോഴാണ്‌ സംഗതി മനസ്സിലായത്‌. പാര്‍ട്ടി പത്രത്തില്‍ ഡയറി എഴുതിയപ്പോള്‍ സീനിയര്‍മോസ്റ്റ്‌ വൈദ്യന്‍ രോഗനില വിവരിച്ചു. ചികിത്സയ്ക്കുള്ള കുറിപ്പടിയും അതിലുണ്ട്‌.

പാര്‍ട്ടിയെ പലവിധമാന ‘ദുഷ്ടു’ക്കള്‍ ബാധിച്ചിട്ടുണ്ടത്രെ. കാണുമ്പോള്‍ തടിയും തന്റേടവുമെല്ലാമുണ്ട്‌, ശരിതന്നെ. പക്ഷേ, ആള്‍ രോഗിയാണ്‌. രോഗത്തിന്റെ കാരണവും വൈദ്യരദ്ദേഹം പറഞ്ഞിട്ടുണ്ട്‌. ‘ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യതിയാനം’ രോഗം മാറ്റാന്‍ ചികിത്സ ഉടനെ തുടങ്ങുന്നു. ചില്ലറ ശസ്ത്രക്രിയകള്‍ കൈക്രിയകള്‍ വേണ്ടിവന്നേക്കും. കത്തി കൈയിലെടുത്തിട്ടുണ്ട്‌. പ്രക്രിയ രോഗിയെ കൊല്ലാനല്ല. രോഗം മാറ്റാന്‍.

ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യതിയാനരോഗത്തിന്റെ ഫലമായുണ്ടാകുന്ന ‘ദുഷ്ടു’ക്കള്‍ എന്തെല്ലാമാണെന്ന്‌ കേള്‍ക്കേണ്ടേ. 1) വ്യക്തിമേധാവിത്വം, പാര്‍ട്ടിയെക്കാളുപരി സ്വന്തം വ്യക്തിത്വത്തിന്‌ പ്രാമുഖ്യം കല്‍പിക്കുന്നതാണ്‌ ഈ സൂക്കേട്‌. ഗൗരിയമ്മയുടെ രോഗം ഇതായിരുന്നു. രോഗം ഭേദമാക്കാന്‍ വളരെ ശ്രമിച്ചു. സാധിച്ചില്ല. കൊല്ലേണ്ടി വന്നു 2) ഗ്രൂപ്പിസം. ഏതാനും വ്യക്തികളുള്ള ഗ്രൂപ്പിന്റെ മേധാവിത്വമാണിത്‌. കേരളത്തിലെ പല ജില്ലകളിലും തലസ്ഥാനത്തും ഇത്‌ വ്യാപകമായിട്ടുണ്ട്‌. നായനാര്‍, അച്യുതാനന്ദന്‍ തുടങ്ങിയ അത്യുല്‍പാദനശേഷിയുള്ള ജാനസ്സുകളെയും ബാധിച്ചിട്ടുണ്ട്‌. ബോര്‍ഡോമിശ്രിതം അടിക്കണം. ശരിയായില്ലെങ്കില്‍ തലവെട്ടി താഴെയിട്ട്‌ കരിച്ചുകളയും. അത്രതന്നെ! 3) ഉദ്യോഗസ്ഥമേധാവിത്വം. വിശദീകരണം ആവശ്യമില്ല. ഡി.സി. സെക്രട്ടറിമാര്‍ മുതല്‍ ബ്രാഞ്ച്‌ സെക്രട്ടറിവരെ രോഗികള്‍. കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. 4) ഫെഡറലിസം. സ്വന്തം സംസ്ഥാനത്തിന്റെ രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്യുന്ന പ്രവണത. രോഗം കേരളത്തിലുമുണ്ട്‌. ബംഗാളിലാണ്‌ ശല്യം അധികം. പ്രതിനിധിയുണ്ട്‌. ഇപ്പോള്‍ വെളിപ്പെടുത്തുകയില്ല.

ഒരു സഹകരണസംഘത്തിലെങ്കിലും അധികാരം കിട്ടുമെന്നുവന്നാല്‍ ഈ ജാതിരോഗങ്ങളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ പിടിപെടുന്നുവെന്നാണ്‌ ഇ.എം. പറയുന്നത്‌. എന്തൊരു കഷ്ടമാണ്‌. ചോദിക്കാനും പറയാനും ആളില്ലാതെ മുക്കാല്‍ നൂറ്റാണ്ട്‌ പാര്‍ട്ടി ഭരിച്ച സോവിയറ്റ്‌ യൂണിയനിലൊക്കെ സ്ഥിതിയെന്തായിരിക്കും? അവിടെ ജനം ബാക്കിയായതാണ്‌ അത്ഭുതം. രോഗം മൂര്‍ഛിച്ച്‌ കമ്മ്യൂണിസം തന്നെ ക്ലോസായിപ്പോയി. ഇന്ത്യയില്‍ കേരളത്തിലും ബംഗാളിലും പ്രത്യേകിച്ചും രോഗം ബാധിക്കാനുള്ള ‘വസ്തുനിഷ്ഠ സാഹചര്യ’മുണ്ട്‌ എന്നാണ്‌ താത്വികാചാര്യന്റെ നിഗമനം. വിപ്ലവത്തിനുള്ള ‘വസ്തുനിഷ്ഠസാഹചര്യ’ങ്ങളെക്കുറിച്ചായിരുന്നു. മുമ്പെല്ലാം പറഞ്ഞിരുന്നത്‌. പുരോഗതിയുണ്ട്‌. ഇപ്പോള്‍ മൂല്യച്യുതിക്കത്രെ വസ്തുനിഷ്ഠസാഹചര്യം. പണ്ട്‌ വിപ്ലവം ആസന്നമാണെന്ന തോന്നലുണ്ടായിരുന്നു. അതുകൊണ്ട്‌ ത്യാഗപൂര്‍വം സഖാക്കള്‍ പ്രവര്‍ത്തിച്ചു. (വിപ്ലവം കഴിഞ്ഞിട്ടാവാം മൂല്യച്യുതി എന്ന്‌ ക്ഷമിച്ചു) ഇപ്പോള്‍ താരതമ്യേന സുദീര്‍ഘമായ ഒരു പ്രക്രിയയാണ്‌ വിപ്ലവം എന്ന്‌ നാം കാണുന്നു”. (ഈ ജന്മത്ത്‌ നടക്കില്ലെന്ന്‌ തര്‍ജമ) “അതുകൊണ്ട്‌ ഇന്ന്‌ ത്യാഗപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ സഖാക്കള്‍ തയ്യാറില്ല”.

ഈ വിധത്തിലെല്ലാമുള്ള ‘ദുഷ്ടു’കള്‍ മാറ്റാനാണ്‌ സഖാവ്‌ ഇ.എം. തിരുത്തല്‍ പ്രക്രിയ തുടങ്ങുന്നത്‌. തിരുത്തലിന്റെ ചട്ടവട്ടങ്ങള്‍ ‘ശുദ്ധി’കലശത്തിന്റെ വട്ടങ്ങളില്‍ നിന്ന്‌ വ്യത്യസ്തമാണ്‌. ‘ശുദ്ധി’ കലശത്തില്‍ ആളുകള്‍ ‘സിദ്ധികൂടും’ തിരുത്തലില്‍ അതില്ല. കൊല്ലലല്ല, രോഗം മാറ്റലാണ്‌ ഈ നമ്പറിന്റെ പ്രത്യേകത.

ഇവിടെയാണ്‌ ‘മൗസേദോങ്ങ്‌’ കടന്നുവരുന്നത്‌. അങ്ങേര്‌ പണ്ട്‌ ഇതേവിധ കൈക്രിയകള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായിരുന്നു. വിപ്ലവം നടത്തി ഭരണം പിടിച്ച്‌ രണ്ട്‌ പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും മുതലാളിത്തപാതക്കാരുടെ ശല്യം അതിരൂക്ഷം. സാംസ്കാരിക വിപ്ലവമായിരുന്നു. മാവോ വൈദ്യരുടെ ചികിത്സ. ഒരുവിധപ്പെട്ട പാര്‍ട്ടിക്കാരൊക്കെ ചികിത്സയുടെ ഫലമായി കാലപുരി പൂകി. ലിയു ഷാവോചി എന്നൊരു വൈദ്യനുണ്ടായിരുന്നു. മാവോവിനോളം മുന്തിയ വൈദ്യന്‍. അറുപതുകളുടെ തുടക്കത്തില്‍ ചീനയുടെ പ്രസിഡണ്ടായിരുന്നു. എങ്ങനെ, ‘നല്ല കമ്മ്യൂണിസ്റ്റുകാരനാകാം’ എന്ന പേരില്‍ ‘അഷ്ടാംഗഹൃദയ’ത്തേക്കാള്‍ മുന്തിയ വൈദ്യഗ്രന്ഥമെഴുതിയ ആള്‍. സാംസ്കാരിക വിപ്ലവത്തില്‍ തീരുമാനിക്കപ്പെട്ടത്‌ ഇയാള്‍ വളരെ ചീത്ത കമ്മ്യൂണിസ്റ്റാണ്‌ എന്നായിരുന്നു. ആളെ പിന്നെ ബാക്കിവെച്ചില്ല. പാര്‍ട്ടി സെക്രട്ടറി ഡെങ്ങിനെ തെറ്റുതിരുത്തിക്കാന്‍ ട്രാക്ടര്‍ ഫാക്ടറിയിലേക്കാണ്‌ പണിക്കാരനായി അയച്ചത്‌. 17 അംഗ പോളിറ്റ്ബ്യൂറോവില്‍ ഒടുവില്‍ അവശേഷിച്ചത്‌ മാവോ മാത്രം. ചൈന ഏതാണ്ട്‌ കുട്ടിച്ചോറാക്കാന്‍ മാവോവിന്‌ കഴിഞ്ഞു.

ഇ.എം.എസ്‌. ഇപ്പോള്‍ മാവോവിനെ ഉദ്ധരിച്ചാല്‍ ഭയപ്പൊതെ വയ്യ. ഒരു സാംസ്കാരിക വിപ്ലവത്തിനുള്ള ആഹ്വാനം തന്നെയാണോ ഇത്‌.

ഇ.എം. ഒന്ന്‌ വിരലനക്കിയാല്‍ മതി. ഡി.വൈ.എഫ്‌. ഐ. സഖാക്കള്‍ പന്തത്തിന്‌ തീകൊളുത്താന്‍ പിന്നെ സമയമധികം വേണ്ട. ‘ആദ്യം നശിപ്പിക്കുക, നിര്‍മിക്കുന്നത്‌ പിന്നീടാവാം’ എന്നും മാവോ പറഞ്ഞിട്ടുണ്ട്‌. രാഘവനെ തടഞ്ഞ്‌ ആകെ ബോറടിച്ച്‌ നില്‍ക്കുകയാണ്‌ ഡിഫി സഖാക്കള്‍. ‘ദുഷ്ടു’ക്കള്‍ക്കെതിരായ പോരാട്ടം ഇതാ തുടങ്ങിക്കഴിഞ്ഞു. ജ്യോതിബസു മുതല്‍ അച്യുതാനന്ദന്‍വരെയുള്ള ‘ദുഷ്ടന്മാര്‍’ ജാഗ്രതൈ.

*** *** ***

ടി.എന്‍. ശേഷനുള്ളതുപോലുള്ള അനന്തിരവന്മാര്‍ ഉണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗമാകുമെന്നുറപ്പ്‌. ആറുലക്ഷം രൂപ വിലയുള്ള വജ്രമോതിരമാണ്‌ അനന്തിരവന്‍ അമ്മാവന്‌ കൊടുത്തത്‌. അല്ല, അസൂയകൊണ്ട്‌ അപഖ്യാതി ഉണ്ടാക്കുകയല്ല. രാജീവ്‌ വധം അന്വേഷിക്കുന്ന ജയിന്‍ കമ്മീഷന്‍ മുമ്പാകെ ശേഷന്‍ജി തന്നെ പറഞ്ഞതാണ്‌. കമ്മീഷന്‍ അത്‌ റിക്കാര്‍ഡാക്കിയിട്ടുണ്ട്‌. ജ്യോത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ മോതിരം ധരിക്കുന്നത്‌. ഇത്രയും വില കൂടിയ സാധനങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ സമ്മാനമായി വാങ്ങിയാല്‍ കേന്ദ്ര സര്‍ക്കാരിനെ വിവരമറിയിക്കണമല്ലോ. അത്‌ അങ്ങ്‌ ചെയ്തിട്ടുണ്ടോ? എന്ന്‌ ജസ്റ്റിസ്‌ ജയന്‍ ചോദിച്ചു. ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല എന്ന്‌ ശേഷന്‍ജിയുടെ മറുപടി. ഇലക്ഷന്‍ കമ്മീഷന്‌ മുകളില്‍ ദൈവം മാത്രമേ ഉള്ളൂ എന്ന്‌ ജയിന്‍ ഉണ്ടോ അറിയുന്നു. ഇപ്പോള്‍ ഒരു കാര്യം ഉറപ്പ്‌. രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളയുമെന്ന ശേഷന്‍ജിയുടെ ഭീഷണി വെറും വീമ്പുപറച്ചിലല്ല. ശേഷന്‍ജീ….അങ്ങേയ്ക്ക്‌ പറ്റിയ ‘സേവന’രംഗം രാഷ്ട്രീയംതന്നെ. അങ്ങ്‌ അവസാനത്തെയല്ല, ആദ്യത്തെ അഭയകേന്ദ്രം തന്നെ രാഷ്ട്രീയമാക്കേണ്ടതായിരുന്നു. ഇനി ഒട്ടും വൈകിക്കേണ്ട.

*** *** ***

അരലക്ഷം രൂപയുടെ വിലാസിനി ചന്തുമേനോന്‍ അവാര്‍ഡിനെക്കുറിച്ചും വിവാദം. സാഹിത്യ അക്കാദമി സാഹിത്യകാരന്മാര്‍ക്ക്‌ എടുത്താല്‍ പൊന്താത്ത ഒരൂക്കന്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിക്കളയാമെന്ന്‌ വിചാരിച്ചതും കുറ്റമായിപ്പോയി. അവാര്‍ഡിന്റെ പേര്‌ ഒരു വിധമായിപ്പോയി എന്നൊരു കൂട്ടര്‍, അക്കാദമി എന്തുചെയ്യും. വിലാസിനിയുടെയും ചന്തുമേനോന്റെയും പേര്‌ ഇനി മാറ്റാന്‍ പറ്റുമോ? അവാര്‍ഡിന്‌ പരിഗണിക്കുന്ന ഗ്രന്ഥം ഇത്ര സൈസില്‍ ഇത്ര പേജുള്ളതായിരിക്കണമെന്ന്‌ വെച്ചത്‌ ദുരുദ്ദേശത്തോടെയാണത്രെ. പണ്ടാരോ ഒരു ഉദ്യോഗപരസ്യത്തില്‍ ‘ഇടത്തേ കൈമുട്ടില്‍ കറുത്ത മറുകുള്ളവര്‍ക്ക്‌ മുന്‍ഗണന’ എന്ന്‌ ചേര്‍ത്തത്‌ സ്വന്തം മകളുടെ ഭര്‍ത്താവിനെ ഉദ്ദേശിച്ചാണെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. അതുപോലെ അസംബന്ധമായിപ്പോയി ഈ ആക്ഷേപം. സാഹിത്യഅക്കാദമിക്ക്‌ അങ്ങനെ യാതൊരു ദുരുദ്ദേശവുമില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഗ്രന്ഥകര്‍ത്താവിന്‌ വെളുത്ത നിറവും കൃതാവും ഉണ്ടായിരിക്കണമെന്നും സദാ ജുബ്ബ ധരിക്കുന്ന ആളായിരിക്കണമെന്നും നിബന്ധന വെക്കുമായിരുന്നില്ലേ? അക്കാദമിക്ക്‌ ദുരുദ്ദേശ്യമില്ലെന്നറിയാന്‍ ഇനിയും തെളിവ്‌ വേണോ?

അക്കാദമി ഉന്നതന്‍ അവാര്‍ഡ്‌ ആഗ്രഹിച്ചു എന്നിരിക്കട്ടെ. അതൊരു വലിയ കുറ്റമാണോ കൂട്ടരെ? അരലക്ഷം രൂപ ബാലചന്ദ്രന്‍ വടക്കേടത്തിനെപ്പോലുള്ള മഹാ നിരൂപകന്മാര്‍ക്ക്‌ നിസ്സാര സംഖ്യയായിരിക്കാം. ഞങ്ങള്‍ പാവങ്ങള്‍ക്ക്‌ വലിയ തുകയാണേ…. അരലക്ഷം രൂപ അവാര്‍ഡ്‌ നഷ്ടപ്പെടാതിരിക്കാന്‍ പഴയകാല വിപ്ലവ കവി സിനിമ അവാര്‍ഡ്‌ കമ്മിറ്റി പദവി രാജിവെച്ചില്ലേ? വിപ്ലവകവിയാണെങ്കിലെന്ത്‌, അദ്ദേഹത്തിന്‌ വിവരമുണ്ട്‌. നിങ്ങള്‍ വിമര്‍ശകര്‍ക്ക്‌ അതില്ല അതുതന്നെ കാര്യം.

*** *** ***

“അധികാരത്തിലെത്തുന്ന നേതാക്കള്‍ക്ക്‌ തൊഴിലാളിവര്‍ഗ്ഗ സ്വഭാവം നഷ്ടപ്പെടുന്നു. ഇത്‌ പാര്‍ട്ടിയെ വിപ്ലവ ബഹുജനപാര്‍ട്ടിയെന്ന പദവിയില്‍ നിന്ന്‌ മാറി വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ആയി മാറ്റാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു”-ഇ.എം.എസ്‌.

ഇ.എം. ശ്ശി വൈകിയോ എന്നൊരു ശങ്ക. പാര്‍ട്ടി അസ്സല്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയായി കഴിഞ്ഞുവെന്നാണ്‌ നൃപന്‍ പറയുന്നത്‌. ഇപ്പോള്‍ ചികിത്സയില്ലെങ്കിലും നൃപന്‍ ഇ.എമ്മിനെക്കാള്‍ മൂത്ത വൈദ്യരല്ലേ? വിശ്വസിക്കാതെ തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top