ലയനത്തെപ്പറ്റി ഇനി മിണ്ടരുത്‌

ഇന്ദ്രൻ

സി.പി.ഐ.യെക്കൊണ്ട്‌ മഹാശല്യമായിരിക്കുന്നു. എന്തുകാര്യത്തിനും കുറച്ച്‌ വകതിരിവുവേണ്ടേ? ലയനം, ലയനം എന്നുപറഞ്ഞ്‌ കരച്ചിലും പിഴിച്ചിലുമായി പിറകെ കൂടാന്‍ തുടങ്ങിയിട്ട്‌ കാലം എത്രയായി. നാലാള്‍ കൂടുന്നേടത്തുവെച്ച്‌ പരസ്യമായാണ്‌ ലയനംവേണം എന്ന്‌ വിളിച്ചുപറയുക. വകതിരിവ്‌ ചകിരിപോലെ എന്നു പറയുന്നത്‌ വെറുതെയല്ല. പണ്ട്‌ നമ്മളൊന്നായിരുന്നില്ലേ എന്നാണ്‌ ചോദ്യം. ശരിതന്നെ. അതിനിപ്പോള്‍ എന്തുവേണം? വീണ്ടും ഒന്നാകണമത്രേ! പൂതി മനസ്സില്‍വെച്ചാല്‍മതി. അതൊന്നും നടക്കത്തില്ല ഇന്ദ്രജിത്ത്‌ ഗുപ്തേ, നടക്കത്തില്ല. ഇങ്ങനെ കണ്ടും കേട്ടും തൊട്ടും മുട്ടിയുമൊക്കെയങ്ങ്‌ കഴിഞ്ഞാല്‍മതി. അധികം ശല്യപ്പെടുത്തേണ്ട. വെറുതെ വെറുപ്പിച്ചുകൊണ്ടിരുന്നാല്‍, ഇപ്പോള്‍ ഉള്ള ബന്ധംകൂടി ഞങ്ങള്‍ വേണ്ടെന്നുവെക്കും.

സി.പി.ഐ.ക്ക്‌ വലിയ ബുദ്ധിയാണെന്നല്ലേ വെപ്പ്‌. ഞങ്ങള്‌ പാവങ്ങളുടെ പാര്‍ട്ടിയാ. ബുദ്ധി ശകലം കുറഞ്ഞാലും കുഴപ്പമില്ല. വലിയ ബുദ്ധിയും കൊണ്ട്‌ പണ്ട്‌ ഇറങ്ങിപ്പോയതാണല്ലോ. കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നല്ലോ പിന്നെ പൊറുതി. കോണ്‍ഗ്രസ്‌ തല്ലിപ്പുറത്താക്കിയപ്പോള്‍ ഗതികിട്ടാപ്രേതംപോലെ അലഞ്ഞുനടക്കുകയായിരുന്നു. അയ്യോപാവം വിചാരിച്ച്‌ അന്ന്‌ കൂടെ കൂട്ടിയതാ. അതൊന്നും മറക്കണ്ട. എന്തെങ്കിലും ഒരു അടിയന്തരത്തിന്‌ ക്ഷണിക്കാന്‍കൂടി വയ്യാതായിരിക്കുന്നു. പഴയത്‌ പലതും ഓര്‍ത്തു ക്ഷണിക്കുകയാ. വന്നാല്‍ ഉടന്‍ തുടങ്ങും പഴയ പല്ലവി…..”ലയനം…..ലയനം”. അടുത്തിടെയാണ്‌ ഹൈദരാബാദില്‍ സംയുക്ത കര്‍ഷക സമ്മേളനം നടത്തിയത്‌. പാവം കൃഷിക്കാര്‍…..പലര്‍ക്കും സ്വന്തമായൊരു കോണകംതന്നെയേ ഇപ്പോഴും ഉള്ളൂ. പഴയ ‘തെലുങ്കാന’യുടെയൊക്കെ ‘നൊസ്റ്റാള്‍ജിയ’യുമായി വന്നതായിരുന്നു അവര്‍. അപ്പോഴുണ്ട്‌ ഇന്ദ്രജിത്തന്‍ വിവരക്കേട്‌ എഴുന്നെള്ളിക്കുന്നു…..ലയനം വേണമന്ന്‌. ലയനക്കാര്യം പറയേണ്ട സ്ഥലമതാണോ കൂട്ടരെ? അന്ന്‌ ഞങ്ങള്‌ തീരുമാനിച്ചതാണ്‌. വെറുതെ വിട്ടുകൂടെന്ന്‌. പ്രകാശന്‍ കാരാട്ടെ, സീതാരാമന്‍യച്ചൂരി തുടങ്ങിയ മൂരിക്കുട്ടന്മാര്‍ നമ്മുടെ കൂട്ടത്തിലുണ്ട്‌. അവന്മാരെ കയറൂരിയങ്ങ്‌ വിട്ടു. മൂരിക്കുട്ടന്‍ പിഞ്ഞാണക്കടയില്‍ എന്ന്‌ സി.പി.ഐ.ക്കാര്‍ കേട്ടിട്ടേ ഉള്ളൂ…. അന്നാണ്‌ അനുഭവിച്ചത്‌. ഇന്ദ്രജിത്തന്‌ നല്ല മുട്ടന്‍ തെറി കണക്കിനുകൊടുത്തു. പിന്നെ കുറേ നാളത്തേക്ക്‌ ഇന്ദ്രജിത്തന്റെ ഒച്ചയും ഓശയും ഒന്നും കേട്ടിട്ടില്ല. ചണ്ഡിഗഡില്‍ ഞങ്ങള്‍ മാമാങ്കം കൂടുമ്പോള്‍ഒത്തിരിയെങ്കിലും കമ്യൂണിസം കുപ്പിയില്‍ശേഷിയുള്ള പാര്‍ട്ടികളെയെല്ലാം വിളിച്ചു. എല്ലാവര്‍ക്കും കൊക്കൊക്കോളയും കൊടുത്തു. കൂട്ടത്തില്‍ അവന്മാരേയും വിളിച്ചു. ഇന്റര്‍നാഷണലുകള്‍ മുഴുവനും നിരന്നിരിക്കുമ്പോള്‍ പഴയ വിവരക്കേട്‌ ഇന്ദ്രജിത്തന്‍ ആവര്‍ത്തിക്കാതിരിക്കാനാണ്‌, ക്ഷണം അയച്ച ഉടനെത്തന്നെ പാര്‍ട്ടി താത്ത്വിക പ്രസിദ്ധീകരണത്തില്‍ അസ്സല്‍ ഒരു ഡോസ്‌ സ്ട്രോങ്ങായിത്തന്നെ കൊടുത്തത്‌. ലയനത്തെക്കുറിച്ച്‌ ഇനി മിണ്ടിപ്പോകരുത്‌ എന്ന്‌ തുറന്നങ്ങ്‌ പറഞ്ഞു. ഇന്ദ്രജിത്തന്‌ സംഗതികളുടെ കിടപ്പു മനസ്സിലായെന്ന്‌ തോന്നുന്നു. ലയനത്തെക്കുറിച്ച്‌ ചണ്ഡിഗഢില്‍ കമാന്നോ കിമാന്നോ രണ്ടക്ഷരം മിണ്ടിയില്ല. മിണ്ടിയാല്‍ ഇന്ദ്രന്‍ വിവരമറിയുമായിരുന്നു.

ലയിക്കുന്നതിന്‌ ഞങ്ങള്‍ക്ക്‌ പേടിയാണെന്നാണ്‌ അവന്മാര്‍ പറഞ്ഞുനടക്കുന്നത്‌. നിങ്ങള്‍ പറയിന്‍….ഞങ്ങള്‍ ഇനി എന്തുപേടിക്കാനാണ്‌? എന്ത്‌ സംഭവിച്ചാലും ഇനി ഇത്രയേ ഉള്ളൂ എന്നില്ലേ? ഇനിയുള്ള ചുരുങ്ങിയകാലത്ത്‌ ഇങ്ങനെയൊക്കെയങ്ങ്‌ പോയാല്‍മതി. ലയനവും കിയനവുമൊക്കെ ഞങ്ങളുടെ കാലശേഷംമാത്രം. ആലോചിച്ചാല്‍മതി. ഉള്ള മനഃസമാധാനവും നഷ്ടപ്പെടുത്തല്ലേ.

അല്ലെങ്കിലും നമ്മള്‍ തമ്മില്‍ വമ്പന്‍ അഭിപ്രായവ്യത്യാസമില്ലേ. സി.പി.ഐ.ക്കാരേ? ഞങ്ങളുടെ ലക്ഷ്യം ജനകീയ ജനാധിപത്യമല്ലേ? നിങ്ങളുടേത്‌ ദേശീയ ജനാധിപത്യം. അമ്പോ കടലും കടലാടിയും തമ്മിലുള്ള വ്യാത്യാസം! നിങ്ങള്‍ പറയുന്നത്‌ കോണ്‍ഗ്രസ്‌ ദേശീയ ബൂര്‍ഷ്വാസിയാണ്‌ എന്നല്ലേ? ഞങ്ങളുപറയുന്നത്‌ വേറെയാ…. വന്‍കിട ബൂര്‍ഷ്വാസി നേതൃത്വം നല്‍കുന്ന ബൂര്‍ഷ്വാ ഭൂവുടമവര്‍ഗമാണ്‌ കോണ്‍ഗ്രസ്‌…..മനസ്സിലായോ….അങ്ങനെ ഒരു ഡസന്‍ അഭിപ്രായഭിന്നതകളാണ്‌….നമ്മള്‍ തമ്മിലുള്ളത്‌. എന്ത്‌….ജ്യോതിബസുവും സുര്‍ജിതും തമ്മില്‍ ഇതിലേറെ അഭിപ്രായഭിന്നതകളുണ്ടാവുമെന്നോ? അത്‌ ഞങ്ങളുടെ പാര്‍ട്ടിക്കകത്തെ കാര്യം. നിങ്ങള്‍ അതില്‍ തലയിടേണ്ട.

ഞങ്ങളുടെ പാര്‍ട്ടിക്ക്‌ എപ്പോഴും ഒരു മുഖ്യശത്രു വേണം; വെറും ശത്രുപോരാ. മുഖ്യശത്രുതന്നെ വേണം. അത്‌ ഞങ്ങളുടെ ഒരു ‘വീക്‌നസ്‌’ ആണ്‌. കോണ്‍ഗ്രസ്സിനോ ബി.ജെ.പി. ക്കോ ജനതാദളിനോ ഈ മുഖ്യശത്രു ഏര്‍പ്പാട്‌ ഉണ്ടോ? ഇല്ല.

മുഖ്യശത്രു വേണമെന്ന്‌ നിര്‍ബന്ധമായതുകൊണ്ട്‌ ഇടയ്ക്കിടെ ഞങ്ങള്‍ ലേശം കണ്‍ഫ്യൂഷനിലാവും. രണ്ടു ശത്രു രണ്ടുവശത്തുനിന്നു ചാടുമ്പോഴാണ്‌ ഞങ്ങള്‍ കെണിയുക. ഏതെങ്കിലും ഒന്നിന്റെ തോളില്‍ കൈയിട്ട്‌ മറ്റവനെ നേരിടും. ഒടുവില്‍ നോക്കുമ്പോള്‍ ഇവനോ മറ്റവനോ ശത്രു എന്നു തിരിച്ചറിയാതാവും. അതുകൊണ്ടാണ്‌ മുഖ്യശത്രു, ശത്രു എന്നിങ്ങനെ രണ്ടു ലേബിള്‍ ആദ്യമേ അച്ചടിപ്പിച്ച്‌ എതിരന്മാരുടെ നെറ്റിയില്‍ ഒട്ടിച്ചുവെക്കുന്നത്‌.

കോണ്‍ഗ്രസ്സോ ബി.ജെ.പി. യോ മുഖ്യശത്രു എന്നു ശ്ശി സംശയം ഉണ്ടായിരുന്നു. ചണ്ഡിഗഢില്‍ കവിടിവെച്ചപ്പോള്‍ മനസ്സിലായി രണ്ടാമനുതന്നെ ഊക്ക്‌ കൂടുതലെന്ന്‌. ടിയാനെ നേരിടാന്‍ അടവുമാറ്റണം. ഇതുവരെ വിചാരിച്ചതുപോലെയല്ല സംഭവം. രാജീവന്റെ കാലത്ത്‌ ലവനായിരുന്നു മുഖ്യശത്രു. വി.പി. സിംഹനെ പിന്താങ്ങാന്‍ അദ്വാനിയുടെ കൂടെയായിരുന്നു രാവിലത്തെ ചായകുടി. നരസിംഹം വന്നതോടെ കടിപിടിയുടെ സ്വഭാവം മാറി. ഇനി വേണ്ടിവന്നാല്‍ നരസിംഹത്തോടൊപ്പവും ചായകുടി ആവാം. സിംഹം കടിക്കുമോ ആവോ. എന്തായാലും ചണ്ഡിഗഢില്‍ അടവുമാറ്റിയിട്ടുണ്ട്‌. ഇനി പേടിക്കേണ്ട.

മുഖ്യശത്രുവിന്റെ ഏര്‍പ്പാട്‌ നിങ്ങള്‍ വിചാരിക്കുംപോലെ അത്ര എളുപ്പമല്ല. മറ്റു പാര്‍ട്ടിക്കാരെപ്പോലെയല്ല ഞങ്ങളുടെ കാര്യം. പല താത്ത്വിക പ്രശ്നങ്ങളുമുണ്ട്‌. മര്‍മമറിയാത്തവന്‌ എങ്ങനെയും പശുവിനെ തല്ലാം. ഞങ്ങള്‍ക്കങ്ങനെ സാധിക്കൂല്ല.

42-ലെ സംഭവം കേള്‍ക്കണം. ബ്രിട്ടന്‍ ഇടതുഭാഗത്ത്‌, ജര്‍മനി വലതുഭാഗത്ത്‌. ആരാണ്‌ മുഖ്യശത്രു? ഗ്രന്ഥം നോക്കിയപ്പോഴും കവിടിവെച്ചപ്പോഴുമെല്ലാം സംഗതി ക്ലിയര്‍… ജര്‍മനിതന്നെ മുഖ്യശത്രു. ഓന്‍ ഫാസിസ്റ്റല്ലേ? ഞങ്ങള്‍ ബ്രിട്ടന്റെ തോളില്‍ കൈയിട്ടു. കോണ്‍ഗ്രസ്സുകാരും മറ്റും ഇപ്പോഴും പറയുന്നത്‌ അത്‌ വലിയ തെറ്റായിപ്പോയെന്നാണ്‌. ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നില്ല. എന്താണതിലൊരു തെറ്റ്‌? ഞങ്ങള്‍ക്ക്‌ അത്രയെളുപ്പമൊന്നും തെറ്റുപറ്റില്ല. സി.പി.ഐ. ക്കാരെപ്പോലെയൊന്നുമല്ല. 1971-77 കാലം ഓര്‍മയില്ലേ? അവര്‍ ദിമിത്രോവിന്റെ കിത്താബ്‌ നോക്കി പറഞ്ഞത്‌ ജെ.പി.യും കൂട്ടരുമെല്ലാം മഹാഫാസിസ്റ്റ്‌ ആണ്‌ എന്നാണ്‌. ഞങ്ങള്‍ പറഞ്ഞു ഇന്ദിരയാണ്‌ ഫാസിസ്റ്റ്‌ എന്ന്‌. ഒടുവിലെന്തായി? ചണ്ഡിഗഢില്‍ മുഖ്യശത്രുവിനെ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ സംഗതി കുഴയുമായിരുന്നു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിന്‌ മുമ്പുതന്നെ സാക്ഷാല്‍ കോണ്‍ഗ്രസ്‌ മയ്യത്തായിപ്പോകാതിരിക്കണമെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച്‌ അവര്‍ക്ക്‌ പ്രതീക്ഷ നല്‍കണം. തിരഞ്ഞെടുപ്പിലോ അതിനുശേഷം മന്ത്രിസഭാ രൂപീകരണത്തിലോ ഒരു കൈ സഹായം വേണ്ടിവന്നാല്‍ അപ്പോള്‍ പാര്‍ട്ടിനയം ഒരു തടസ്സമാവരുതല്ലോ. അതിനാണ്‌ നയം ഇപ്പോള്‍ ശകലമൊന്നു കണ്‍ഫ്യൂഷനില്‍ നിര്‍ത്തിയത്‌. നാളെ കോണ്‍ഗ്രസ്‌ പിളരുകയാണെങ്കില്‍ സംഗതി സുഖമായി. ഒരു കഷണത്തെ കൂടെക്കൂട്ടാം. മുഖ്യശത്രുവിനെതിരെ ഏതു ചെകുത്താനേയും കൂട്ടുപിടിക്കാം.

*** *** ***

കെ. കരുണാകരന്റെ മനസ്സില്‍ എന്തെല്ലാം ആഗ്രഹങ്ങളാണുള്ളതെന്ന്‌ മുരളീധരനുപോലും നിശ്ചയമുണ്ടാകില്ല. എങ്കിലും ഒരു കാര്യം ഉറപ്പ്‌. അദ്ദേഹമൊരിക്കലും തമിഴ്‌നാട്ടിലെ ഡോ. മുത്തുവേല്‍ കരുണാനിധി, ഡോ. കുമാരി ജയലളിത എന്നിവരെപ്പോലെ ഡോക്ടര്‍ കണ്ണോത്ത്‌ കരുണാകരന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ചിട്ടുണ്ടാവുകയില്ല. പിന്നെയെന്തിനാണ്‌ ഗാന്ധിജി യൂണിവേഴ്‌സിറ്റിക്കാര്‍ അദ്ദേഹത്തോട്‌ ഈ കടുപ്പം കാട്ടിയത്‌? തനിക്ക്‌ ഒരു ഡോക്ടറേറ്റ്‌ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞു കൊടുത്തയയ്ക്കണമെന്ന്‌ ലീഡര്‍ജി എം.ജി. യൂനി. വൈസ്‌ ചാന്‍സലറോട്‌ പറഞ്ഞുവോ? ഒരിക്കലുമില്ല. പിന്നെയെന്തിനാണ്‌ ഗാന്ധി യൂനി. സിണ്ടിക്കേറ്റ്‌ കരുണാകരന്‌ ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചത്‌? ലീഡര്‍ അതിന്റെ പേരില്‍ ഇനി പഴിയും പരിഹാസവുമൊന്നും കേള്‍ക്കാന്‍ ബാക്കിയില്ല. എന്നിട്ട്‌ ഡോക്ടറേറ്റ്‌ കിട്ടിയോ? അതൊട്ടില്ലതാനും. കൊല്ലം ഒന്നു കഴിഞ്ഞുവല്ലോ സിണ്ടിക്കേറ്റ്‌ തീരുമാനമെടുത്തിട്ട്‌. മിസ്റ്റര്‍ സുകുമാരന്‍നായര്‍, നിങ്ങള്‍ ഒന്നുകില്‍ ഡോക്ടറേറ്റ്‌ കരുണാകരനു നല്‍കണം. അല്ലെങ്കില്‍ ഞങ്ങള്‍ കാംബ്രിഡ്ജില്‍നിന്നോ ഓക്സ്‌ഫോര്‍ഡില്‍നിന്നോ നിങ്ങളുടേതിനെക്കാള്‍ മുന്തിയത്‌ ഒരെണ്ണം വാങ്ങി അദ്ദേഹത്തിനു നല്‍കും. അപ്പോള്‍ പരിഭവിച്ചിട്ടു കാര്യമുണ്ടാവില്ല. തീരുമാനം ഉടനെ വേണം. കേന്ദ്രമന്ത്രി ആയിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന്‌ ഇത്‌ വാങ്ങാനൊന്നും സമയം കിട്ടിയെന്നുവരില്ല.

*** *** ***

കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരുടെ കാലാവധി കഴിഞ്ഞിട്ട്‌ മാസം രണ്ടാകാന്‍പോകുന്നു. പ്രധാനമന്ത്രിക്ക്‌ വലിയ തിരക്കാണെന്ന്‌ അറിയാഞ്ഞിട്ടല്ല. എന്നാലും തിരക്കിനിടയില്‍ അല്‍പനേരം രാജ്യം ഭരിക്കാന്‍ ചെലവഴിക്കുന്നതില്‍ വിരോധമുണ്ടാകുമോ? ആവോ. ഗവര്‍ണര്‍മാര്‍ ‘ഡെയ്‌ലി വെയ്ജസ്സി’ല്‍ തുടരുന്നത്‌ അത്ര സുഖമുള്ള കാര്യമല്ല. മാത്രവുമല്ല ഞങ്ങള്‍ പലരും ഗവര്‍ണരുടെ ജുബാ തയ്പിച്ച്‌ പെട്ടിയില്‍വെച്ചിട്ടുണ്ട്‌. സംഭവം നടക്കുമോ എന്നറിഞ്ഞിട്ടുവേണം വേറെ പ്ലാന്‍ നോക്കാന്‍….

Leave a Reply

Your email address will not be published. Required fields are marked *

Go Top