അന്ന് അരുണ്‍ ഷൗരി, ഇന്നു റവീഷ് കുമാര്‍

എൻ.പി.രാജേന്ദ്രൻ

ഏഷ്യന്‍ നോബല്‍ സമ്മാനം എന്നു വിശേഷിപ്പിക്കപ്പെടാറുള്ള മാഗ്‌സാസെ അവര്‍ഡിന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് എന്‍.ഡി.ടി.വി യുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ റവീഷ് കുമാറാണ്. ഈ തിരഞ്ഞെടുപ്പ് അടിയന്തരാവസ്ഥക്കാലത്തെ പമേഗ്‌സാസെ അവാര്‍ഡിനെ ഓര്‍മിപ്പിക്കുന്നു. അന്നു രാജ്യം പ്രഖ്യാപിത ഏകാധിപത്യത്തിന്‍ കീഴില്‍ ഞെരുങ്ങുകയായിരുന്നു. അതിനെതിരെയും തുടര്‍ന്നും ശബ്ദിക്കാന്‍ ശ്രമിച്ചതിനുള്ള അംഗീകാരമായി ബഹുമതി 1982-ല്‍ അരുണ്‍ ഷൗരിയെ തേടിച്ചെന്നു. ഇന്ന് രാജ്യം അപ്രഖ്യാപിത ഏകാധിപത്യത്തിലാണ്. ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് ഇതിനെതിരെ ഉയരുന്ന ഒരു ശബ്ദം റവീഷ് കുമാറിന്റേതാണെന്ന് ഒരു മഗ്‌സാസെ പുരസ്‌കാരസമിതി തിരിച്ചറിയുന്നു.

അരുണ്‍ ഷൗരിയുടെ മാധ്യമസേവനങ്ങള്‍ വിവരിക്കുന്ന പുരസ്‌കാര സമിതിയുടെ പ്രഖ്യാപനത്തില്‍ 575 വാക്കുകളാണ് ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ ജേണലിസം റവ്യൂ റിപ്പോര്‍ട്ട് ഓര്‍ക്കുന്നു. ഇന്ന് റവീഷ് കുമാര്‍ പൊരുതേണ്ടിവരുന്ന രാഷ്ട്രീയ വെല്ലുവിളികള്‍ വിവരിക്കാന്‍ പുരസ്‌കാരസമിതിക്ക് 878 വാക്കുകള്‍ ഉപയോഗിക്കേ്ണ്ടിവന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എത്ര വലിയ ഭീഷണിയെ ആണ് നേരിടുന്നതെന്ന് ഇതു വ്യക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

റവീഷ് കുമാര്‍

പ്രണോയ് റോയ് സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും സ്വതന്ത്ര ദൃശ്യമാധ്യമമായ എന്‍.ഡി.ടി.വി ക്കെതിരെ കടുത്ത ഭീഷണികളാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുള്ളതെന്ന് ഈ പുരസ്‌കാരം ഓര്‍മിപ്പിക്കുന്നു. ആരോ ഉന്നയിച്ച ഒരു ആരോപണത്തിന്റെ പേരില്‍ അറസ്റ്റ് പോലും ഇല്ലാതെ തന്നെ റോയിയുടെ വിദേശയാത്ര തടസ്സപ്പെടുത്തിയത് പ്രതികാരത്തിന്റെ തോതു വെളിവാക്കുന്നു.

റവീഷ് കുമാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്ത്വങ്ങള്‍ എത്രമാത്രം പ്രസക്തമാണ് എന്നു പുരസ്‌കാരരേഖയില്‍ വിശദീകരിക്കുന്നുണ്ട്. പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്ന കര്‍ഷകരുടെയും തകര്‍ന്നു കൊണ്ടിരിക്കുന്ന സാമൂഹ്യസേവന സംരംഭങ്ങളുടെയും ഭാഗത്തുനിന്നുകൊണ്ടുള്ള റവീഷിന്റെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. റിക്ഷവലിക്കുന്നരുടെയും തോട്ടികളുടെയും കാര്യം പറയാന്‍ ഇന്ത്യയില്‍ ഇന്നു മറ്റധികം ദേശീയ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇന്ന് സമയവും സന്മനസ്സും ഇല്ലല്ലോ.  എന്‍.ഡി.ടി.വി ന്യൂസ് റൂമിനെ അദ്ദേഹം ജനങ്ങളുടെ ന്യൂസ് റൂം എന്നാണ് വിശേഷിപ്പിക്കാറുള്ളതും.

അരുണ്‍ ഷൗരിക്കു പുറമെ ഈ ബഹുമതി ലഭിച്ച പത്രപ്രവര്‍ത്തകര്‍, അമിതാഭ ചൗധരി(1961), ബി.ജി.വര്‍ഗീസ്(1975),ആര്‍.കെ ലക്ഷ്മണ്‍(1984-കാര്‍ട്ടൂണിസ്റ്റ്), പി.സായ്‌നാഥ്(2007) എന്നിവരാണ്.

ഇന്ത്യയിലെ പ്രമുഖ വാര്‍ത്താമാധ്യമങ്ങള്‍ ഒന്നും തന്നെ ഈ ബഹുമതിയെ  വിലമതിച്ചില്ല.  റവീഷിനെ അവര്‍ എത്രമാത്രം അവജ്ഞയോടെയാണ് കാണുന്നത് എന്നു ഇതു വ്യക്തമാക്കുന്നു. ഈ മാധ്യമങ്ങളെല്ലാം രാജ്യം ഭരിക്കുന്ന ‘വലിയേട്ട’നെ ഭയപ്പെട്ടാണോ ഇങ്ങനെ പെരുമാറുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജി. വര്‍ഗീസും അ ഇതിലൊരു കൗതുകകരമായ യാദൃച്ഛികത കൂടിയുണ്ട്. വലിയേട്ടന്‍- ബിഗ് ബ്രദര്‍-  എന്ന പദപ്രയോഗം ജോര്‍ജ് ഓര്‍വലിന്റേതാണ്. ബിഗ് ബ്രദര്‍ ഈസ് വാച്ചിങ് യു എന്ന് അദ്ദേഹം എഴുതിയത് എക്കാലത്തേക്കും പ്രസക്തമായി നിലനില്‍ക്കുന്നു.  ഇന്നും ലോകം കൂടുതല്‍ കൂടുതല്‍ ബഹുമാനത്തോടെ ഓര്‍ക്കുന്ന ഓര്‍വല്‍ ജനിച്ചത് ഇന്ത്യയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍. റവീഷ് കൂമാര്‍  ജനിച്ചതും മോത്തിഹാരിയില്‍ തന്നെ!

Leave a Reply

Your email address will not be published. Required fields are marked *

Go Top