പ്രശസ്ത എഡിറ്ററും ഗ്രന്ഥകാരനുമായിരുന്ന വിനോദ് മേത്ത, തനിക്ക് ഔട്‌ലുക്ക് എഡിറ്റര്‍ പദവി നഷ്ടപ്പെട്ടത് എങ്ങനെയാണെന്ന് ആത്മകഥയായ ‘എഡിറ്റര്‍ അണ്‍പ്ലഗ്്ഗഡ്’ല്‍ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയ, മാധ്യമ രംഗങ്ങളെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നല്ലോ 2008-09 കാലത്തെ നീര റാഡിയ ടേപ്പ് വിവാദം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഔട്‌ലുക്ക് പ്രസിദ്ധപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്.
നീര റാഡിയ എന്ന കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദേശീയ നയങ്ങളെ സ്വാധീനിക്കുന്നതിനായി ഇടപെട്ടതിന്റെ കഥകള്‍ ആ ടേപ്പുകള്‍ ഉണ്ടായിരുന്നു. അതില്‍ ചിലത് ടാറ്റ എന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തിന് നൊന്തു. റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ എഡിറ്റര്‍ വിനോദ് മേത്ത കൂട്ടാക്കിയില്ല.
പ്രതികാരമായി ടാറ്റ ചെയ്തത് വളരെ ‘നിസ്സാര’മായ ഒരു കാര്യം മാത്രമാണ്. ടാറ്റ സ്ഥാപനങ്ങളുടെയൊന്നും പരസ്യം ഔട്‌ലുക്ക് മാഗസീനു കൊടുക്കേണ്ട എന്നു നിശ്ചയിച്ചു. സ്വാഭാവികമായും ഉടമസ്ഥര്‍ വേവലാതിപ്പെട്ടു. എഡിറ്റര്‍ തന്നെ ടാറ്റയുമായി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചു. നടന്നില്ല.
ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു. ഇംഗ്ലീഷ് വാര്‍ത്താ മാഗസിന്‍ രംഗത്തെ അക്കാലത്തെ ഏറ്റവും മികച്ച എഡിറ്റര്‍ ആയിരുന്ന വിനോദ് മേത്തയേക്കാള്‍ വിലയുണ്ട് വര്‍ഷം തോറും നഷ്ടപ്പെടുന്ന അഞ്ചു കോടിരൂപയ്ക്ക് എന്നു ബോദ്ധ്യമുള്ള ഔട്‌ലുക്ക് ഉടമസ്ഥര്‍ വിനോദ് മേത്തയെ എഡിറ്റര്‍ സ്ഥാനത്തു നിന്നു മാറ്റി. മുകളിലേക്കു ചവിട്ടുക എന്നൊരു ശൈലിയുണ്ടല്ലോ ഇംഗ്ലീഷില്‍. എഡിറ്റോറിയല്‍ ചെയര്‍മാന്‍ എന്ന വിചിത്രമായ ഒരു പദവി അദ്ദേഹത്തിനു നല്‍കിയത് ഉടമസ്ഥരുടെ ഔദാര്യം മാത്രമായിരുന്നു.
സമീപകാലത്ത് കേരളത്തില്‍ ഇത്തരമൊരു പരസ്യ ഉപരോധം ഉണ്ടായി. പത്രമേഖലയില്‍ സംഭവിക്കുന്നതൊന്നും പത്ര വാര്‍ത്തയാകാത്തതു കൊണ്ട് പൊതുജനം അറിയാറില്ല. രണ്ടു വര്‍ഷം മുമ്പു സുപ്പര്‍താരം ദിലീപും സംഘവും ഒരു യുവനടിയെ പ്രതികാരം ചെയ്യാന്‍ വേണ്ടി സംഘം ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്ന കേസ്സാണ് സംഭവത്തിന്റെ അടിസ്ഥാനം.
ദിലീപിനും ദിലീപിനെ സംരക്ഷിച്ച ചലചിത്ര പ്രവര്‍ത്തകര്‍ക്കും എതിരെ സ്വാഭാവികമായും വലിയ മുറവിളി ഉയര്‍ന്നു. ചാനലുകള്‍ ധാര്‍മികരോഷത്താല്‍ തിളച്ചു. അവതാരകള്‍ ഇടംവലം നോക്കാതെ വാള്‍വീശി. സിനിമാരംഗത്തെ അമാനുഷ വ്യക്തിത്വങ്ങള്‍ക്ക് ഇതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. മാതൃഭൂമി ചാനലായിരുന്നുവത്രെ സുപ്പര്‍ താരത്തെ ഏറ്റവും നിഷ്‌കരുണം കടന്നാക്രമിച്ചത്.
എന്തായാലും നീര റാഡിയ കേസ്സില്‍ ടാറ്റ ചെയ്തത് സിനിമാമുതലാളിമാര്‍ ചെയ്തു. മാത്യുഭൂമി സ്ഥാപനത്തിനു സിനിമാപരസ്യം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. സിനിമാ റിലീസ് നടക്കുന്ന വെള്ളിയാഴ്ചകളിലും തുടര്‍ദിവസങ്ങളിലും വരാറുള്ളത് ചിലപ്പോഴൊക്കെ ഫുള്‍പേജ് കളര്‍ പരസ്യങ്ങളാണ്.
ചിലതെല്ലാം ഒന്നാം പേജില്‍ നിന്നുതിളങ്ങം. എന്തായാലും മറ്റു പത്രങ്ങളെല്ലാം ആര്‍മാദിക്കുമ്പോള്‍ മാതൃഭൂമി ദൈന്യതയിലായിരുന്നു. അഞ്ചു കോടി രൂപയെങ്കിലും നഷ്ടപ്പെട്ടിരിക്കും എന്നാണ് പറയപ്പെടുന്നത്. കൃത്യവിവരം മാനേജ്‌മെന്റിനേ അറിയൂ.
പരസ്യനിരോധ ഉപരോധത്തിനെതിരെ പത്രസ്ഥാപനങ്ങളും സംഘടനകളുമൊന്നും ഒരക്ഷരം മിണ്ടുകയുണ്ടായില്ല. വാര്‍ത്ത കൊടുക്കാനും കൊടുക്കാതിരിക്കാനും പത്രത്തിന് സ്വാതന്ത്ര്യമുള്ളതു പോലെ പരസ്യം കൊടുക്കാനും കൊടുക്കാതിരിക്കാനും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ.
പത്രനയങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിത്തന്നെയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ ചെയ്താലും ഇതിനെതിരെ ഒന്നും ചെയ്യാനാവില്ല. ആര്‍ക്കു പരസ്യം കൊടുക്കണം കൊടുക്കാതിരിക്കണം എന്നതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തങ്ങള്‍ക്കു വഴങ്ങി, തങ്ങള്‍ പറയുന്നതു പോലെ എഴുതണം എന്നു പത്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അധാര്‍മികമല്ലേ എന്ന് സിനിമക്കാരോട് ആരും ചോദിക്കുകയില്ല എന്നുറപ്പാണല്ലോ.
പത്രങ്ങളും ധാര്‍മികതയുമായുള്ള ബന്ധം പോലെയല്ല ചലചിത്രരംഗവും ധാര്‍മികതയുമായുള്ള ബന്ധം. നാട്ടുകാര്‍ പത്രക്കാരോടു ചിലപ്പോഴെങ്കിലും പത്രധര്‍മത്തെക്കുറിച്ച് ചോദിക്കാറുണ്ടല്ലോ. ഒരാളും സിനിമക്കാരോട് ‘ചലച്ചിത്രധര്‍മ’ത്തെക്കുറിച്ച് ചോദിക്കാറില്ല. അങ്ങനെയൊന്നില്ല എന്നതു തന്നെ കാരണം.
പത്രങ്ങളൊന്നുമല്ല, ചലച്ചിത്രങ്ങളാണ് യഥാര്‍ത്ഥ ഫോര്‍ത്ത് എസ്റ്റേറ്റ്് മുമ്പൊരിക്കല്‍ പ്രമുഖ രാഷ്ട്രീയനേതാവായ എം.എ ജോണ്‍ പറയുകയുണ്ടായി. സിനിമകള്‍, മാധ്യമങ്ങളേക്കാള്‍ ഫലപ്രദമായ ധാര്‍മിക-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുന്നു എന്നതാണ് അദ്ദേഹം അതിനു പറഞ്ഞ കാരണം.
ശരിയാണ്, ധാര്‍മികതയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പോരാട്ടങ്ങളാണ് പല സിനിമകളും. പക്ഷേ, എല്ലാം അഭിനയമാണെന്നും നാട്ടുകാരുടെ പോക്കറ്റിലുള്ള പണം സ്വന്തം പോക്കറ്റിലാക്കുകയാണ് ഈ അഭിനയങ്ങളുടെയെല്ലാം ഉദ്ദേശ്യമെന്നും ഇന്നെല്ലാവര്‍ക്കും അറിയാം. ഏറ്റവും നിന്ദ്യമായ ഒരു പീഡനക്കേസ്സില്‍ പെട്ട ആളെ സംരക്ഷിക്കാന്‍ തങ്ങളെക്കൊണ്ടാവും പോലെ പൊരുതിയിട്ടുണ്ട്് ഇവരും ഇവരുടെ സംഘടനകളുമെല്ലാം.
രാജ്യസഭയിലും ലോക്‌സഭയിലുമെല്ലാം ജനപ്രതിനിധികളായി പ്രവര്‍ത്തിക്കുന്ന നിരവധി സിനിമാതാരങ്ങളെ നമുക്കറിയാം. ചലച്ചിത്രത്തിലെ ധാര്‍മികാഭിനയം കൊണ്ട് അങ്ങനെയൊരു നേട്ടമുണ്ട്. ഇവരുടെ തട്ടുപൊളിപ്പന്‍ ധാര്‍മികപ്രഭാഷണങ്ങള്‍ മറ്റാരോ എഴുതിക്കൊടുക്കുന്നതാണെന്നു പോലും അറിയാത്തവര്‍ അയല്‍സംസ്ഥാനങ്ങളില്‍ മാത്രമല്ല കേരളത്തിലും കാണും. എന്തായാലും പരസ്യം നിഷേധിച്ച് പത്രത്തെ വരുതിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച ചലച്ചിത്രനേതാക്കളില്‍ ഇടതുപക്ഷക്കാരുമുണ്ട്, വലതുപക്ഷക്കാരുമുണ്ട്.
മലയാളമാധ്യമങ്ങളില്‍ ഇപ്പോള്‍ ചലച്ചിത്രനിരൂപണമോ വിമര്‍ശനമോ ഇല്ല എന്ന യാഥാര്‍ത്ഥ്യം എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നറിയില്ല. പരസ്യപ്പണത്തിന്റെ ശക്തിയാണ് ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത്. മാതൃഭൂമി പത്രത്തില്‍ മുമ്പ് ആഴ്ച തോറും ഉണ്ടായിരുന്ന ചലച്ചിത്ര ഫീച്ചറില്‍ സിനിമരംഗത്തെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകളും വിമര്‍ശനങ്ങളുമുണ്ടാകാറുണ്ട്.
ചലച്ചിത്രമുതലാളിമാരെ മാത്രമല്ല, സുപ്പര്‍ താരങ്ങളെയും ഡയറക്റ്റര്‍മാരെയും ചലച്ചിത്ര ബുദ്ധിജീവികളെപ്പോലും അത് അലോസരപ്പെടുത്തി. പരസ്യനിഷേധം എന്ന ഭീഷണിയാണ് അന്നും ഉയര്‍ന്നുവന്നത്. ‘ഞാന്‍ പത്രസ്വാതന്ത്ര്യത്തിലോ പത്രാധിപരുടെ അധികാരത്തിലോ കൈകടത്തുകയില്ല. പക്ഷേ, ഇന്നത്തെപ്പോലെ തുടര്‍ന്നാല്‍ വര്‍ഷം ഇത്ര കോടി രൂപയുടെ നഷ്ടമുണ്ടാകും. അതിനെന്തു പരിഹാരം?- പരസ്യവിഭാഗം തലവന്‍ കമ്പനി തലവനോടു ചോദിച്ചുകാണണം. തീരുമാനം ഉടനുണ്ടായി.
1991 നു ശേഷം ചലച്ചിത്രനിരൂപണവും വിമര്‍ശവും പത്രത്തില്‍ തലപൊക്കിയിട്ടില്ല. ഒരു പത്രത്തില്‍ അതില്ല എന്നല്ല, ഒരു പത്രത്തിലും അതില്ല എന്നറിയുക. വാര്‍ത്തകളും ലേഖനങ്ങളുമെല്ലാം പുകഴ്ത്തലുകളും അഭിനന്ദനങ്ങളും മാത്രമായി. ഒരര്‍ത്ഥത്തില്‍ പെയ്ഡ് ന്യൂസുകള്‍ തന്നെ.
ദിലീപ് വിഷയത്തിലെ പരസ്യഉപരോധത്തെ മാതൃഭൂമി ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നു എന്നതു സത്യമാണ്. ഏറെക്കാലമായി പെട്ടിയില്‍ പൂട്ടിയിട്ടിരുന്ന നിരൂപണവും വിമര്‍ശനവുമെല്ലാം പുറത്തെടുത്തു. പലപ്പോഴും അതു അതിരുകടന്ന വിമര്‍ശവും അധിക്ഷേപവുമായി. പക തീര്‍ക്കുന്നതിനു വേണ്ടി എന്നു ബോധ്യപ്പെടുന്ന വിധം താഴ്ന്ന നിലവാരത്തിലായി ചില സിനിമാ അവലോകനങ്ങള്‍. ഒരു സിനിമയുടെ സസ്‌പെന്‍സ് പരിണാമം വെളിപ്പെടുത്തിയത് സിനിമാപ്രേമികളുടെ എതിര്‍പ്പ് വാങ്ങുകയും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം വിളിച്ചുവരുത്തകയും ചെയ്തു.
ഒടുവിലിതാ, പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പല മധ്യവര്‍ത്തികളുടെയും ചലച്ചിത്ര രംഗത്തുതന്നെയുള്ള പല പ്രമുഖരുടെയും ശ്രമഫലമായാണ് സംഗതി സബൂറായത്. മെയ് മാസത്തോടെ മാതൃഭൂമിയില്‍ സിനിമാപരസ്യങ്ങള്‍ തിരിച്ചുവന്നു. മോഹന്‍ലാലിന്റെ ‘ലുസിഫര്‍’ ഫുള്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു.
ജുലായി ഏഴിനു, വിവാദ സുപ്പര്‍സ്റ്റാര്‍ ദിലീപ് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഒരു അഭിമുഖത്തിലൂടെ വായനക്കാരെ നോക്കി വിജയഭാവത്തോടെ ചിരിച്ചു. വിവാദങ്ങളില്ല, യുവനടിയില്ല, പീഡനവും ഇല്ല. അവസാന രംഗത്തില്‍ വില്ലന്‍ മാധ്യമം തോറ്റു. മാന്യപ്രേക്ഷകര്‍ എല്ലാം മറക്കുക, പൊറുക്കുക.
(പാഠഭേദം ആഗസ്ത് 2019)