പ്രകാശിന്റെ പ്രതിസന്ധി

ഇന്ദ്രൻ

ക മ്യൂണിസ്റ്റ്‌ പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക്‌ പൊതുവെ നേരിടേണ്ടിവരാറില്ലാത്ത പ്രശ്‌നമാണ്‌ പ്രകാശ്‌ കാരാട്ട്‌ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‌. വിപ്ലവം നടത്തി ഭരണം പിടിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ അതിനുള്ള ഏര്‍പ്പാടുണ്ടാക്കാം. വിപ്ലവം നടന്നേടത്ത്‌ സ്റ്റാലിന്‍, മാവോ, എറിക്‌ ഹോണേക്കര്‍, ചൗസസ്‌ക്യൂ ലൈനില്‍ സോഷ്യലിസം കെട്ടിപ്പടുത്ത്‌, മുതലാളിത്തംതന്നെയായിരുന്നു ഭേദമെന്നുപറയിച്ചാല്‍ മതി. ഇന്ത്യയിലിപ്പോള്‍ രണ്ടും വയ്യ. മാര്‍ക്‌സിന്റെ കിത്താബിലൊന്നും പറഞ്ഞിട്ടില്ലാത്ത ഇനത്തില്‍പ്പെട്ട പ്രതിസന്ധിയാണ്‌ ഇത്‌.

പൊളിറ്റ്‌ ബ്യൂറോയ്‌ക്ക്‌ ഉണ്ണാനോ ഉറങ്ങാനോ സമയം കൊടുക്കാത്ത ഈ പ്രതിസന്ധി ഉയര്‍ന്നുവന്നിരിക്കുന്നത്‌ വിശാലമായ കേരള പ്രവിശ്യയില്‍നിന്നാണ്‌. ഇന്ത്യന്‍ പാര്‍ട്ടിയുടെ മൂന്നിലൊന്നു വലിപ്പമുള്ള പാര്‍ട്ടിയാണല്ലോ കേരളത്തിലേത്‌. അവഗണിക്കാന്‍ വയ്യ. മാത്രവുമല്ല പാര്‍ട്ടിസെക്രട്ടറിയുടെ സ്വന്തം പ്രവിശ്യയായിട്ടാണ്‌ കേരളം അറിയപ്പെടുന്നത്‌. ഇവിടെ അദ്ദേഹം ഏതെങ്കിലും ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുക പോലും ചെയ്‌തിട്ടില്ലെങ്കിലും മലയാളിയാണെന്ന ദുഷ്‌പേര്‌ മായ്‌ച്ചാലും മായില്ല. അതുകൊണ്ടുതന്നെ പുതിയ പ്രതിസന്ധി ചുറ്റിക കൊണ്ടെന്ന പോലെയാണ്‌ സെക്രട്ടറിയുടെ തലയില്‍വന്നിടിച്ചുകൊണ്ടിരിക്കുന്നത്‌.

ഇത്രയും കാലം വിഭാഗീയത എന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. അത്‌ പ്രകാശ്‌ കാരാട്ട്‌ വന്നശേഷമുള്ള പ്രശ്‌നമല്ലതാനും. ഇ.എം.എസ്സിന്റെ കണ്‍സള്‍ട്ടന്‍സിയോടെ ഹര്‍കിഷന്‍സിങ്‌ സുര്‍ജിത്‌ വളരെക്കാലം കൈകാര്യം ചെയ്‌തിട്ടുള്ളതാണ്‌. 95 ലെ ചണ്ഡീഗഢ്‌ കോണ്‍ഗ്രസ്സിനിടെ കണ്ണടയെടുത്ത്‌ ഫിറ്റ്‌ചെയ്‌ത്‌ ദൂരദര്‍ശിനിയിലൂടെയെന്നവണ്ണം സൂക്ഷ്‌മനിരീക്ഷണം നടത്തിയപ്പോഴാണ്‌ സഖാവ്‌ ഇ.എമ്മിന്‌ മനസ്സിലായത്‌, കേരളത്തിലെ പാര്‍ട്ടികാര്യങ്ങളുടെ കിടപ്പ്‌ അത്ര സുഖമുള്ളതല്ല എന്ന്‌. മറ്റുസംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കാര്‍ – പാര്‍ട്ടി അധികം സംസ്ഥാനങ്ങളിലൊന്നുമില്ല എന്നത്‌ സമാധാനം – കണ്ടിട്ടേ ഇല്ലാത്ത സീനുകളാണ്‌ ഇവിടെ നിത്യക്കാഴ്‌ച. അതിലേറ്റവും അശ്ലീലമായത്‌ ഗ്രൂപ്പിസമാണ്‌. വ്യക്തിമേധാവിത്വം, ഫെഡറലിസം, പാര്‍ലമെന്ററി വ്യാമോഹം, ഉദ്യോഗസ്ഥമേധാവിത്വം തുടങ്ങിയ ഗുരുതരദുഷ്‌ടുകള്‍ വേറെയുമുണ്ട്‌. അഴിമതിയില്ല എന്നതു മാത്രമായിരുന്നു സമാധാനം. ഉള്ള ദുഷ്‌ടുകള്‍ക്ക്‌ ഓരോന്നിനും തൊഴിലാളിവര്‍ഗവൈദ്യശാസ്‌ത്രപ്രകാരമുള്ള മറുമരുന്നുകള്‍ കൊടുത്തുകൊള്ളാമെന്നും അടുത്ത കോണ്‍ഗ്രസ്സാകുമ്പോഴേക്ക്‌ സകലപ്രശ്‌നവും തീര്‍ത്തുതരാമെന്നും സഖാവ്‌ ഇ.എം.അന്ന്‌ സുര്‍ജിത്തിന്‌ ഉറപ്പുകൊടുത്തതാണ്‌.തിരുമേനിയുടെ മേല്‍നോട്ടത്തിലായിരുന്നു പിന്നെ ചികിത്സ.

പാര്‍ട്ടിയില്‍ ശുദ്ധീകരണപ്രക്രിയ ആരംഭിച്ചുവെന്നൊക്കെ ചില ബൂര്‍ഷ്വാ മാധ്യമക്കാര്‍ അന്നേ എഴുതിവിടുകയുണ്ടായി. ശുദ്ധീകരണവും തെറ്റുതിരുത്തലും തമ്മിലുള്ള വ്യത്യാസമൊന്നും മാധ്യമശിശുക്കള്‍ക്കറിയില്ലല്ലോ. ശുദ്ധീകരണം നടത്തണമെങ്കില്‍ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം വേണം. സ്റ്റാലിനും മാവോയുമൊക്ക, കുട്ടികള്‍ക്ക്‌ കൃമിമരുന്നുകൊടുക്കുന്നതുപോലെ പാര്‍ട്ടിയില്‍ ഇടയ്‌ക്കിടെ ശുദ്ധീകരണം നടത്താറുണ്ട്‌. ഇവിടെയതുനടപ്പില്ല, ആഗ്രഹമില്ലാഞ്ഞിട്ടല്ല. ശുദ്ധീകരണം തുടങ്ങിയാല്‍പ്പിന്നെ ആളുടെ പൊടിപോലും കാണില്ല. ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ചെയ്‌ത്‌ ചിത്രം മായ്‌ക്കുന്നതുപോലെ ആളെ പാര്‍ട്ടിചരിത്രത്തില്‍നിന്നുതന്നെ നീക്കിക്കളയുന്ന തരത്തിലുള്ളതാണ്‌ ശുദ്ധീകരണമെന്നൊക്കെ പറയുന്നത്‌. അതൊന്നും ഇവിടെ വയ്യ. ഇവിടെ ചില്ലറ തെറ്റുതിരുത്തലിനുള്ള മരുന്നേ ഉള്ളൂ. അതുതന്നെ ധാരാളം എന്നാണ്‌ ഇ.എം. പറഞ്ഞിരുന്നത്‌.

അക്കാലത്ത്‌ ഗ്രൂപ്പിസത്തെ ഗ്രൂപ്പിസമെന്നുതന്നെയേ ഇ.എം.എസ്‌. വിളിക്കാറുള്ളൂ. വിഭാഗീയത എന്ന പ്രയോഗം പ്രാബല്യത്തില്‍ വന്നിട്ടുണ്ടായിരുന്നില്ല. കേട്ടാല്‍ തോന്നുക ഗ്രൂപ്പിസത്തിന്റെ ചെറിയ ഒരു ശിശു മാത്രമാണ്‌ വിഭാഗീയത എന്നാണ്‌. മറിച്ചാണ്‌ സത്യം, ഗ്രൂപ്പിസത്തിന്റെ അച്ഛനാണ്‌ വിഭാഗീയത. അവനെപ്പേടിച്ചാരും ആ വഴി നടപ്പീല….

പാര്‍ട്ടി കോണ്‍ഗ്രസ്സുകള്‍ പലത്‌ കഴിഞ്ഞപ്പോള്‍ കേരളത്തിലെ പാര്‍ട്ടി മറ്റൊരു കോണ്‍ഗ്രസ്സായി മാറി. ഇത്‌ കോണ്‍ഗ്രസ്സുകാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്‌. മുമ്പാണെങ്കില്‍ ഗ്രൂപ്പിസവാര്‍ത്ത പത്രത്തില്‍ വരാന്‍ എതിര്‍ ഗ്രൂപ്പിനെതിരെ ഒരു പ്രസ്‌താവനയിറക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ കത്തിയെടുത്ത്‌ കുത്തിയാലും കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം രൂക്ഷം എന്നൊരു തലവാചകം പത്രത്തില്‍വരുന്നില്ല. കുറച്ചുകഴിഞ്ഞാല്‍ കൊല്ലേണ്ടിവരും. പത്രക്കാര്‍ മുഴുവന്‍ സി.പി.എമ്മിനുപിറകെ നടന്നാല്‍ ബാക്കിയുള്ളവര്‍ക്കും ജീവിച്ചുപോകണ്ടേ?
വിഭാഗീയത മുമ്പ്‌ വ്യക്തികളുടെ സ്വാര്‍ഥതകളില്‍ ഒതുങ്ങുമായിരുന്നു; ആശയസമരത്തിന്റെ മേമ്പൊടി അല്‌പമുണ്ടാകുമെന്നുമാത്രം. വേറെ വിഷാത്മകവസ്‌തുക്കള്‍ ഉണ്ടാകാറില്ല. അഞ്ചെട്ടുകൊല്ലംമുമ്പാണ്‌ മാറ്റം കണ്ടുതുടങ്ങിയത്‌. സാനമ്രാജ്യത്വം, സി.ഐ.എ, മൂന്നാംലോകം, ഫണ്ടിങ്‌, റിവിഷനിസം, കുഞ്ഞാലിക്കുട്ടി, കവിയൂര്‍ തുടങ്ങിയ വിഷമുള്ള വാക്കുകള്‍ എടുത്തെറിയാന്‍ തുടങ്ങി. മരുന്നിന്റെ ഡോസ്‌ അല്‌പം കൂട്ടിയാല്‍ കൈകാര്യം ചെയ്യാം എന്നാണ്‌ ധരിച്ചത്‌. ഫലമുണ്ടായില്ല.

ഏത്‌ മരുന്നിനും ഒരു കുഴപ്പമുണ്ട്‌. കുറെ ഉപയോഗിച്ചാല്‍ മരുന്നിനെ രോഗാണുവിന്‌ പേടിയില്ലാതാകും. കുറെക്കൂടി കഴിഞ്ഞാല്‍ രോഗാണുവിന്‌ മരുന്നുകിട്ടാതെ കഴിഞ്ഞുകൂടാനേവയ്യ എന്ന നിലയുമെത്തും. പൊളിറ്റ്‌ ബ്യൂറോവിന്റെ ചികിത്സയും അത്തരത്തില്‍തന്നെ. രണ്ടു പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളെ സസ്‌പെന്‍ഡ്‌ ചെയ്‌തതിന്‌ ശേഷം നടന്ന കോട്ടയം സമ്മേളനത്തില്‍ ഗ്രൂപ്പിസം എന്നെന്നേക്കുമായി അവസാനിപ്പിച്ചു എന്ന്‌ പ്രഖ്യാപിച്ച്‌ കുറച്ച്‌ കഴിഞ്ഞപ്പോഴാണ്‌‌ ഗ്രൗണ്ടില്‍ പൊരിഞ്ഞ അടി പരസ്യമായി നടന്നത്‌. അത്‌ ആളുകള്‍ അറിയാതെ പോകരുതല്ലോ, അതിനാണ്‌ ടി.വി. ക്യാമറകള്‍ക്ക്‌ മുന്നില്‍നിന്ന്‌ പാര്‍ട്ടി സെക്രട്ടറി മൈക്കിനുപിടിച്ച്‌ അലറിയത്‌. ജനത്തിന്‌ അന്ന്‌ മനസ്സിലായി രോഗത്തിന്റെ ഗൗരവം. ഇപ്പോള്‍ സി.ബി.ഐ.യോട്‌ മാത്രമല്ല പൊളിറ്റ്‌ ബ്യൂറോയോടും പോ പുല്ലേ എന്നുപറയുന്ന നിലയാണ്‌ ഉണ്ടായിരിക്കുന്നത്‌.

പ്രകാശ്‌ കാരാട്ടിന്റെ പ്രയാസത്തെക്കുറിച്ചാണല്ലോ പറഞ്ഞുതുടങ്ങിയത്‌. രോഗം ഇപ്പോള്‍ മൂര്‍ധന്യത്തിലാണ്‌. പാര്‍ട്ടി സെക്രട്ടറിയും സി.ബി.ഐ.യും ഒരുകേസില്‍ രണ്ടുഭാഗത്ത്‌ നിന്നാല്‍ പാര്‍ട്ടിക്കാര്‍ നില്‍ക്കേണ്ടത്‌ ഏതുപക്ഷത്തെന്ന്‌ പൊളിറ്റ്‌ ബ്യൂറോ പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും ഇവിടെ ഒരാള്‍ തെളിവും രേഖയും മൊഴിയും ഭരണഘടനയും വായിച്ചിരിക്കുകയാണ്‌. ഇതൊന്നും പ്രകാശ്‌ കാരാട്ടിന്റെ കൈയിലില്ലാഞ്ഞിട്ടാണോ? വി.എസ്സിന്റെ കൈയിലുള്ള എല്ലാ രേഖയും നാലുവര്‍ഷമായി കാരാട്ടിന്റെ കൈയിലുമുണ്ട്‌, വി.എസ്സിനേക്കാള്‍ നന്നായി വായിച്ചാല്‍ മനസ്സിലാവുകയും ചെയ്യും. എന്നിട്ടും കേസ്‌ വന്നപ്പോള്‍ നിമിഷനേരം പാഴാക്കാതെ പിണറായിയെ പിന്താങ്ങി പ്രകാശ്‌.
പാര്‍ട്ടിയിലുള്ളവരെല്ലാം മാര്‍ച്ചിലുമുണ്ടെന്ന പിണറായിയുടെ തത്ത്വം തന്നെയാണ്‌ ഇവിടെയും ബാധകം. പാര്‍ട്ടിയിലുള്ളവരെല്ലാം പാര്‍ട്ടിസെക്രട്ടറിയെ പിന്താങ്ങും, അതിന്‌ രേഖയൊന്നും വായിക്കേണ്ട കാര്യമില്ല. രേഖ വായിച്ചാല്‍മാത്രം ശരിയും തെറ്റും മനസ്സിലാകുന്നവര്‍ വക്കീല്‍പ്പണിയെടുക്കട്ടെ, പാര്‍ട്ടിയില്‍ വേണ്ട. സി.ബി.ഐ.കേസ്‌ ഒരു ഗൂഢാലോചനയാണ്‌. അതിനെപ്പറ്റി പ്രകാശിനറിയും പോലെ വേറെ ആര്‍ക്കറിയാം? യു.പി.എ.യെ പിന്താങ്ങിയ കാലത്തെല്ലാം ഈ ലാവലിന്റെ കേസുകെട്ട്‌ പിടിച്ചുവെക്കാന്‍പെട്ട പാട്‌ അദ്ദേഹത്തിനേ അറിയൂ.

ആകപ്പാടെ ഒരു പ്രയാസമേ ഉള്ളൂ. പാര്‍ട്ടി അഴിമതിക്കേസില്‍ തത്ത്വാധിഷ്‌ഠിതനിലപാട്‌ എടുത്തില്ലെന്ന്‌ ആളുകള്‍പറഞ്ഞേക്കും. ആദ്യമായി കേള്‍ക്കുന്നതുകൊണ്ടുള്ള പ്രയാസമാണ്‌. സാരമില്ല, ഇതുപോലെ ഓരോ കേസ്‌ മറ്റേ രണ്ടു സംസ്ഥാനത്തുകൂടിയുണ്ടായാല്‍ പ്രയാസം തീരും. വേണ്ട, ഭരണം പൂര്‍ത്തിയാകുമ്പോഴേക്ക്‌ കേരളത്തില്‍ തന്നെ അഞ്ചുപത്തെണ്ണം ഉണ്ടായേക്കും. നൂറുകേസുമായി നടക്കുന്ന കോണ്‍ഗ്രസ്‌ പ്രസിഡന്റിനും ബി.ജെ.പി. പ്രസിഡന്റിനും ഒരു പ്രയാസവുമുണ്ടായിട്ടില്ലല്ലോ. എന്തും ശീലമായിക്കൊള്ളും കാലക്രമേണ.

** ** ** ** **

പ ഴയ വാക്കിന്‌ പുതിയ കാലത്ത്‌ പുതിയ അര്‍ഥമായിരിക്കും. ഒരു ലക്ഷ്യത്തിലേക്ക്‌ പട്ടാളച്ചിട്ടയിലുള്ള മുന്നേറ്റമായിരുന്നു പണ്ട്‌ മാര്‍ച്ച്‌. ഒമ്പതിനായിരം കിലോമീറ്റര്‍ മാര്‍ച്ച്‌ ചെയ്‌തിട്ടുണ്ട്‌ വിപ്ലവകാലത്ത്‌ ചൈനയില്‍ ചെമ്പട. ചരിത്രത്തിലെ ലോങ്‌ മാര്‍ച്ച്‌ അതാണ്‌‌. ഇപ്പോള്‍ മാര്‍ച്ച്‌ എന്നു പറയുന്നത്‌ എയര്‍കണ്ടീഷന്‍ഡ്‌ കാറിലുള്ള സഞ്ചാരമാണ്‌. അല്ലെങ്കില്‍ ഇക്കാലത്തും പഴയതുപോലെ പറ്റുമോ? പരിപ്പുവടയും കട്ടന്‍ കാപ്പിയും തേഞ്ഞ ചെരിപ്പുമായി നടക്കാന്‍ ആരെ കിട്ടും?.

മാര്‍ച്ച്‌ അങ്ങനെ മാര്‍ച്ച്‌ അല്ലാതാക്കിയതില്‍ പാര്‍ട്ടിഭേദമൊന്നുമില്ല. ഏത്‌ നേതാവാണ്‌ തരംകിട്ടിയാല്‍ ഒരു മാര്‍ച്ച്‌ നടത്താത്തത്‌? ആരെങ്കിലും ഒരു പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റ്‌ ആയാല്‍ ആദ്യം ചെയ്യുന്നത്‌ തിരുവനന്തപുരത്തേക്ക്‌ മാര്‍ച്ച്‌ നടത്തുകയാണ്‌. റോഡൊന്നും പഴയപോലെ അത്ര മോശമല്ല.
മാര്‍ച്ചിന്റെ നേട്ടങ്ങള്‍ ഊഹിക്കാവുന്നതേ ഉള്ളൂ. കുറെ ദിവസത്തേക്ക്‌ പാര്‍ട്ടിക്കാര്‍ക്ക്‌ ഒരു പണിയായി എന്നതുതന്നെ പ്രധാനം. പ്രവര്‍ത്തകര്‍ക്ക്‌ ഇതുപോലെയുള്ള പണികള്‍ എന്തെങ്കിലും കൊടുത്തില്ലെങ്കില്‍ അവന്മാര്‍ ഗ്രൂപ്പിസവും അടിപിടിയുമുണ്ടാക്കിക്കളയും. പണിയില്ലാത്ത മനസ്സ്‌ ചെകുത്താന്റെ പണിശാലയായി മാറുമെന്നത്‌ സത്യം. ഏറ്റവും പ്രധാനം വേറൊന്നാണ്‌. ജാഥാക്യാപ്‌റ്റന്റെ മുഖം സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ മുഖത്തേക്കാള്‍ ജനത്തിന്‌ സുപരിചിതമാകും.

നവകേരള മാര്‍ച്ച്‌ ഒരു ഉദാഹരണമായി എടുക്കുക. ഒരു ചതുരശ്രകിലോമീറ്ററില്‍ ആയിരം പോസ്റ്റര്‍ എന്ന തോതില്‍ എടുത്താല്‍ കേരളമാകെ മിനിമം മുപ്പതുലക്ഷം ഇടത്ത്‌ വിപ്ലവത്തിന്റെ വിഗ്രഹമായ ജാഥാക്യാപ്‌ടന്റെ മുഖം പ്രത്യക്ഷപ്പെടും. ക്യാപ്‌ടന്റെ ഫോട്ടോ ഇല്ലാത്ത ഒരു പോസ്റ്റര്‍പോലും പാടില്ലെന്ന്‌ പാര്‍ട്ടിപരിപാടിയില്‍ പറഞ്ഞുകാണണം. ഇത്‌ ആള്‍ദൈവനിര്‍മാണമാണെന്ന്‌ മറ്റേ ഗ്രൂപ്പില്‍പ്പെട്ട കുരങ്ങന്മാര്‍ വ്യാഖ്യാനിക്കില്ലെന്നാരു കണ്ടു. അഖിലേന്ത്യാസെക്രട്ടറി, മുഖ്യമന്ത്രി തുടങ്ങിയ നിസ്സാരന്മാരുടെ ഫോട്ടോ ഉള്ള ബോര്‍ഡുകള്‍ ഒരു ജില്ലയില്‍ ഒന്നോ രണ്ടോ എന്ന തോതില്‍വെച്ചിട്ടുണ്ട്‌.
സാമ്പിള്‍ സര്‍വേ തത്ത്വപ്രകാരം പാര്‍ട്ടി നേതാക്കള്‍ക്ക്‌ സംസ്ഥാനത്ത്‌ ഒട്ടാകെ കിട്ടുന്ന മുഖപ്രചാരണത്തിന്റെ തോത്‌ ഇനി പറയുംപോലെയായിരിക്കും.ഗണിതത്തില്‍ പിശകുണ്ടെങ്കില്‍ പറയണം
പിണറായി വിജയന്‍ – മുപ്പതുലക്ഷം
വി.എസ്‌.അച്യുതാനന്ദന്‍- ഇരുപത്തഞ്ച്‌
പ്രകാശ്‌ കാരാട്ട്‌ – പതിനഞ്ച്‌
മറ്റ്‌ കേന്ദ്രകമ്മിറ്റിഅംഗങ്ങള്‍ -പൂജ്യം
ജില്ലാ സെക്രട്ടറിമാര്‍- പൂജ്യം
(കോണ്‍ഗ്രസ്സുകാരുടെ കേരളമാര്‍ച്ച്‌ തിങ്കളാഴ്‌ച തുടങ്ങുന്നുണ്ട്‌. അവരുടെ മാര്‍ച്ചിന്റെ സ്വീകരണത്തിന്‌ വരുന്നതിലേറെ ആളുകള്‍ സ്റ്റേജിലുണ്ടാകും. ചെന്നിത്തലയുടെ തല മുതല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവരുടെ തല വരെ പോസ്റ്ററില്‍ നല്ല കളറില്‍ ചേര്‍ത്തിരിക്കും)

നവകേരള മാര്‍ച്ച്‌ പ്രയാണത്തിന്‌ ബൂര്‍ഷ്വാപത്രം, ചാനല്‍ എന്നിവയില്‍ കിട്ടുന്ന പ്രസിദ്ധീകരണത്തിന്റെ കണക്കെടുത്തിട്ടില്ല. സെക്രട്ടറിസഖാവ്‌ എല്ലാദിവസവും രാവിലെ പത്രസമ്മേളനം നടത്തുന്നത്‌ മാധ്യമങ്ങളെ ഓരോന്നിനെയായി വെട്ടിവീഴ്‌ത്തുന്നതിനാണ്‌. അല്ലാതെ പബ്ലിസിറ്റിക്ക്‌ വേണ്ടിയല്ല. അവറ്റകള്‍ ദിവസവും രാവിലെ ഇന്നത്തേക്കുള്ള വഹ തരിന്‍ എന്നുപറഞ്ഞ്‌ പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത്‌ നിന്ന്‌ കരയാന്‍ തുടങ്ങിയാല്‍ കൊടുക്കാതിരിക്കുന്നതെങ്ങനെ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top