പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്കൊക്കെ ഇന്ത്യയിലും വരാറുണ്ട് എന്നുവേണം കരുതാന്‍. മാധ്യമങ്ങളിലെ കവറേജ് കണ്ടാല്‍ തോന്നുക അദ്ദേഹം സദാസമയം വിദേശപര്യടനത്തിലാണ് എന്നാണ്. യാത്രകളെല്ലാം ബഡാ ആഘോഷങ്ങളാണ്. ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങളില്ലാത്തതുകൊണ്ട് സത്കാരങ്ങള്‍ക്കൊന്നും പഞ്ഞമില്ല. ഓരോ യാത്രയും വലിയ ന്യൂസ് ഇവന്റുകളാക്കുന്ന വിദ്യ മോദിക്കറിയാം. ചിലപ്പോഴത് പേര് ആയിരംവട്ടം എഴുതിയ കോട്ടിട്ടിട്ടാവും ചിലപ്പോള്‍ ദേശീയപതാകയില്‍ ഒപ്പിട്ടാവും. മുമ്പത്തെ പ്രധാനമന്ത്രിമാരൊക്കെ മാധ്യമക്കാരെയും കൂട്ടിയാണ് വിമാനം കേറാറുള്ളത്. ഇപ്പോള്‍ പത്രക്കാരില്ലാതെത്തന്നെ ഇതാണ് അവസ്ഥ. പത്രക്കാര് കൂടെ ഉണ്ടായാലത്തെ അവസ്ഥ ആലോചിക്കാന്‍ വയ്യ.
ആദ്യവര്‍ഷം അഞ്ച് ഭൂഖണ്ഡങ്ങളിലെ പതിനെട്ട് രാജ്യങ്ങളില്‍ 54 ദിവസം സഞ്ചരിച്ചു എന്നാണ് കണക്ക്. ആഴ്ചയില്‍ ഒരു ദിവസം എന്നും പറയാം. അത് വളരെ കൂടുതലാണോ സുഹൃത്തേ? ഈ 54ല്‍ എത്രനാള്‍ ഔദ്യോഗികാവശ്യത്തിന് ചെലവാക്കി, എത്രനാള്‍ ചെണ്ടകൊട്ടിയും വിരുന്നുണ്ടും നാട്ടുകാരോട് പ്രസംഗിച്ചും നടന്നു എന്നൊന്നും രേഖകളില്‍ കാണില്ല. വര്‍ഷമൊന്ന് കഴിഞ്ഞിട്ടും ഓട്ടം ഫുള്‍ സ്പീഡില്‍ത്തന്നെയാണ്. വരുന്ന നവംബറിലെ കണക്കുനോക്കിയാല്‍ ഞെട്ടും. തുര്‍ക്കി, ഇംഗഌ്, ഇസ്രായേല്‍, പലസ്തീന്, മലേഷ്യ, സിംഗപ്പൂര്‍ യാത്രകള്‍ ഡയറിയില്‍ എഴുതിക്കഴിഞ്ഞു. വേറെ വല്ലതും ഇടയില്‍ കേറിവരുമോ എന്നറിയില്ല.
ഒന്നാംവര്‍ഷം 18 രാജ്യങ്ങളിലേ പോകാന്‍ കഴിഞ്ഞുള്ളൂ. അടുത്ത നാലുവര്‍ഷം ഇതേ സ്പീഡില്‍ വിട്ടാലും ലോകത്തിന്റെ മൂന്നിലൊന്നേ കവര്‍ചെയ്യാന്‍ പറ്റൂ. രാജ്യങ്ങളും അവയുടെ ആശ്രിതഭൂപ്രദേശങ്ങളും ചേര്‍ന്നാല്‍ ഇരുന്നൂറ്റമ്പതോളം വരുമത്രെ. നമ്മുടെ ഒരു ജില്ലാസമ്മേളന സമാപനറാലിയില്‍ ഉള്ളത്രയേ വരൂ ചില രാജ്യങ്ങളുടെ ജനസംഖ്യ. പലാവു, ടുവാലു, നൗറു, ടൊകഌവു, കിരിബാടി എന്നും മറ്റും വിചിത്രപേരുകളുള്ള രാജ്യങ്ങളുണ്ട്. അങ്ങോട്ടൊന്നും പോകേണ്ടെന്നുവെക്കാം. പക്ഷേ, ഈയിടെയായി മോദിജി പോകേണ്ട രാജ്യങ്ങളുടെ പേര് തീരുമാനിക്കുമ്പോള്‍ ഇതുവരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ തീരേ പോയിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് പ്രയോറിറ്റി കൊടുക്കുന്നതായി കാണുന്നുണ്ട്. അങ്ങനെവരുമ്പോള്‍ മേലെ പറഞ്ഞ നാനോ രാജ്യങ്ങളിലും പോകേണ്ടിവരും. പതിനെട്ട് വിദേശരാജ്യങ്ങളില്പ്പോയ അതേ കാലയളവില്‍ മോദിജി പതിനേഴ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേ സഞ്ചരിച്ചുള്ളൂ എന്നൊരു കണക്കും ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതൊരു മാന്യമായ വിമര്‍ശനമാണോ കൂട്ടരേ?
തന്റെ തീവ്രയജ്ഞ ഉലകംചുറ്റല്‍ ഇഷ്ടപ്പെടാത്ത അസൂയാലുക്കള്‍ പല കുശുമ്പുകള്‍ പ്രചരിപ്പിക്കുന്നകാര്യം മോദിജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം അതിന് മറുപടിയും പറഞ്ഞു. കൂടുതല്‍ സഞ്ചരിക്കുന്നു എന്നതിന്റെ അര്‍ഥം കൂടുതല്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. കൂടുതല്‍ പ്രവര്‍ത്തിക്കുന്നതാണോ തന്റെ കുറ്റം? മോദിജിയുടെ ചോദ്യത്തിന് മറുപടിപറയാന്‍ ലേശം ബുദ്ധിമുട്ടുണ്ട്. മോദിജി വിദേശത്ത് യാത്രചെയ്ത അത്രതന്നെ ദിവസം യു.പി.എ. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ആദ്യവര്‍ഷം വിദേശത്ത് യാത്രചെയ്തിട്ടുണ്ട് എന്നായിരുന്നല്ലോ കോണ്‍ഗ്രസ് വിമര്‍ശനത്തിന് മോദി പി.ആര്.ഒ.മാര്‍ നല്കിയ മറുപടി. മോദിയോളം പ്രവര്‍ത്തിച്ചിട്ടുണ്ട് മന്മോഹന് സിങ്ങും എന്നാണോ അതിന് അര്‍ഥം? ചോദിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കും പറ്റില്ല, മറുപടിപറയാന്‍ ബി.ജെ.പി.ക്കാര്‍ക്കും പറ്റില്ല.
മന്‍മോഹന്‍സിങ് തന്റെ ആദ്യത്തെ വര്‍ഷം 30 ദിവസമാണ് വിദേശയാത്ര ചെയ്തത്. മോദി 54 ദിവസവും. മന്‍മോഹന്‍സിങ് മോദിയല്ല. മുഖ്യമന്ത്രിയായശേഷം ആദ്യമായി വിദേശത്തുപോയ ആളല്ല മന്മോഹന്ജി. 24ാം വയസ്സില്‍ കേംബ്രിജ് കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ തുടങ്ങിയതാണ് യാത്ര. പ്രധാനമന്ത്രിയായശേഷം യാത്ര കുറഞ്ഞിരിക്കാനാണ് സാധ്യത. പാവം മോദിജിക്ക് അതിനൊന്നും ഭാഗ്യമുണ്ടായിട്ടില്ലല്ലോ. ഇനിയിപ്പോള്‍ കുറച്ചേറെ വിദേശത്ത് കറങ്ങിയെങ്കില്‍ പോട്ടെ, ഓരോ ആഗ്രഹമല്ലേ എന്ന് വിചാരിച്ചുകൂടേ പ്രതിപക്ഷക്കാര്‍ക്ക്?
രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് വിദേശത്തോ പാര്‍ലമെന്റിലോ എന്ന് ചോദിക്കരുത്. മോദിജിയുടെ വിദേശസാന്നിധ്യം കൂടുന്ന അനുപാതത്തില്‍ പാര്‍ലമെന്റിലെ സാന്നിധ്യം കുറയുകയാണ് എന്നൊരു ആക്ഷേപവും ഉണ്ട്. മന്ത്രിമാര്‍ സഭയില്‍ വരുന്നതിന് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടേണ്ട. പക്ഷേ, പ്രധാനമന്ത്രി വരുന്നില്ലെങ്കില്‍ അംഗങ്ങള്‍ ശ്രദ്ധിക്കും. മോദിജി സഭയില്‍ വരുന്നില്ലെന്നേയുള്ളൂ, സഭയില്‍ നടക്കുന്നതെല്ലാം ടെലിവിഷനില്‍ കാണുന്നുണ്ടത്രെ. അതാണ് സൗകര്യം. ആരെങ്കിലും അതുമിതും ചോദിക്കുന്നതിനൊന്നും സമാധാനം പറയേണ്ട. നമുക്ക് വല്ലതും പറയണമെങ്കില്‍ മാത്രം അങ്ങോട്ടുപോയാല്‍ മതി. വെറുതെ ടൈം വേസ്റ്റാക്കേണ്ടല്ലോ. ടെലിവിഷനില്‍ കാണാനും കേള്ക്കാനുമുള്ളതേ നടക്കുന്നുള്ളൂ പാര്‍ലമെന്റില്‍. അതുപോലെയാണോ വിദേശം?
****
കോണ്ഗ്രസ്സുകാര് ഈയിടെയായി മോദിജിയുടെ വിദേശയാത്രകളെക്കുറിച്ച് അധികം മിണ്ടാറില്ല. എങ്ങനെ മിണ്ടും? നമ്മുടെ പുത്രന് വര്‍ഷത്തിലെത്ര ദിവസമാണ് വിദേശത്ത് എന്ന് ചോദിച്ചാല്‍ പാര്‍ട്ടി വക്താക്കള്‍ തലതിരിച്ചുകളയും. എണ്ണം കൂടിയിട്ടല്ല, എണ്ണം അറിയാഞ്ഞിട്ടാണ് തലതിരിക്കുന്നത്. മോദിജി വിദേശത്ത് പോയാല്‍ എല്ലാവരും അറിയും എവിടെയാണ് പോയത്, എന്തിനാണ് പോയത്, എപ്പോഴാണ് പോയത്, എപ്പോഴാണ് വരുന്നത് എന്നൊക്കെ. നമ്മുടെ നേതാവിന്റെ കാര്യം അതല്ല. ഇപ്പോള്‍ ഇന്ത്യയിലാണോ വിദേശത്താണോ ഉള്ളത് എന്ന് ചോദിച്ചാല്‍ മറുപടിപറയാന്‍ പറ്റില്ല. ഇന്ത്യയിലില്ലെങ്കില്‍ എവിടെയാണ് ഉള്ളത് എന്ന് പറയാന്‍ പറ്റില്ല. പോയിട്ടുണ്ടെങ്കില്‍ എപ്പോള്‍ വരും എന്ന് പറയാന്‍ പറ്റില്ല. ഇപ്പോ രാത്രിയോ പകലോ എന്ന് ചോദിച്ചാല്‍ അറിയില്ല. കൂടുതല്‍ സംസാരിക്കുന്നവരെയല്ല, കൂടുതല്‍ മൗനം പാലിക്കുന്നവരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വക്താക്കളായി നിയമിക്കുന്നത്.
മോദിജി ഭരണം തുടങ്ങിയ ഘട്ടത്തില്‍ ‘ചെറുബാല്യക്കാരന്‍’ ഒരു പോക്കുപോയതിന്റെ പൊടിപടലങ്ങള്‍ അടങ്ങിവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഊര്‍ജം സംഭരിക്കാന്‍ ഏതോ അജ്ഞാതകേന്ദ്രത്തിലേക്ക് പോയി എന്നായിരുന്നു വിശദീകരണം. സത്യം പറയണമല്ലോ, ഊര്‍ജം അല്പം കൂടുതലുണ്ടായിരുന്നു തിരിച്ചുവന്നപ്പോള്‍. ആറേഴുമാസംകൊണ്ട് അതിന്റെ വീര്യം പോയോ, ഒരു ഡോസ് കൂടി അടിക്കാനാണോ പോയത് എന്നൊന്നും അറിയില്ല.
രാഹുല്‍ജി പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ ലോകരാജ്യങ്ങള്‍ക്ക് പാടാവുമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാനില്ല എന്നും പറഞ്ഞ് ലോകരാജ്യങ്ങളെല്ലാം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് തിരച്ചില്‍ സംഘങ്ങളെ അയയ്ക്കേണ്ടിവന്നാല്‍ ആകെ പൊല്ലാപ്പാവില്ലേ? ഇതിനൊക്കെ എന്തെങ്കിലും പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയേ പറ്റൂ. കോളറിന് പിടിപ്പിക്കാവുന്ന എന്തെങ്കിലും ഡിജിറ്റല്‍ കുന്ത്രാണ്ടം. ആളെവിടെ ഉണ്ട് എന്നറിഞ്ഞാല്‍ ഇന്ത്യയിലുള്ളവര്‍ക്ക് സമാധാനമായി ഉറങ്ങാമല്ലോ.
എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ഒരുപാട് ഉള്ളതുകൊണ്ടാവണം രാഹുല്‍ജിയുടെ ലോക്സഭയിലെ ഹാജര്‍നിലയും വളരെ മോശമാണ്. സ്കൂളിലോ കോളേജിലോ ആണെങ്കില്‍ പരീക്ഷയെഴുതാന്‍ പറ്റില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.
****
വൈസ് ചാന്‍സലര്‍മാരുടെ യോഗ്യത യു.ജി.സി. നിശ്ചയിച്ചിട്ടുണ്ടത്രെ. അത് ഇന്ത്യയൊട്ടാകെ ബാധകമാണത്രെ. അതുകൊണ്ട് നമ്മളും അത് പാലിക്കണമത്രെ. എന്തൊരു അക്രമമാണിത്!
ജനാധിപത്യം അതിന്റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ നിയമം, ചട്ടം, വ്യവസ്ഥ, യോഗ്യത തുടങ്ങിയ എല്ലാ തടസ്സങ്ങളും ഒന്നൊന്നായി ഇല്ലാതാക്കണം. അധികാരത്തിലുള്ള പാര്‍ട്ടിക്ക് ഏറ്റവും യോഗ്യനായിത്തോന്നുന്നതുതന്നെ ഏറ്റവും വലിയ യോഗ്യത.
ചില അയല്‍സംസ്ഥാനങ്ങളില്‍ യോഗ്യരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട് ലേലം സമ്പ്രദായത്തിലൂടെയാണത്രെ നിയമനം. അഞ്ചോ പത്തോ കോടി കൊടുത്താല്‍ വി.സി.യാകാം. കേരളം ഇപ്പോഴും അത്ര പുരോഗമിച്ചുവോ… എന്തോ. അതും പരീക്ഷിക്കാവുന്നതാണ്.