വിപ്ലവ ബോധോദയങ്ങള്‍

ഇന്ദ്രൻ

ഇവിടെയും ഒരു ഭീകരശത്രു ഉയിര്‍ത്തെഴുന്നേറ്റ് വന്നാല്‍ ആര്‍.എസ്.പി.ക്കും സി.പി.എമ്മിനും
കോണ്‍ഗ്രസ്സിനുമെല്ലാം തോളോടുതോള്‍ ചേര്‍ത്ത് ഒരു മുന്നണിയായി
നില്‍ക്കാം. കോണ്‍ഗ്രസ്സും അപ്പോള്‍ ഇടതാവും. അങ്ങനെയൊരു അവസരമുണ്ടാകാന്‍
ബി.ജെ.പി.ക്കാര്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍വരെ പ്രാര്‍ഥിക്കുന്നുണ്ട്

പിണറായി വിജയനോട് വിപ്ലവസോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്നും നന്ദിയുള്ളവരായിരിക്കും. ഇടതുമുന്നണിയില്‍നിന്ന് പുറത്തുകടക്കാന്‍മാത്രം സീരിയസ്സായ ഒരു കാരണം ഉണ്ടാക്കിയെടുത്തതിന് വേറെ ആരോട് നന്ദിപറയാനാണ്. ആ സത്കര്‍മംമൂലം ആര്‍.എസ്.പി.ക്കും കേരളസമൂഹത്തിനും മതേതരത്വത്തിനും ഉണ്ടായ നേട്ടങ്ങള്‍ ചില്ലറയൊന്നുമല്ല എന്നാണ് വിപ്ലവ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായ ചന്ദ്രചൂഡന്‍ ദിവസവും ചൂടായി പറഞ്ഞുകൊണ്ടിരിക്കുന്നത്. കൊല്ലത്ത് ചൂട് മൂര്‍ധന്യത്തിലായിട്ടുണ്ട്. കര്‍ക്കടകമാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. മഴയും തണുപ്പും ഒട്ടുമില്ല.ആര് എന്തൊക്കെ പറഞ്ഞാലും അന്തസ്സുള്ള ഒരു പാര്‍ട്ടിയാണ് ആര്‍.എസ്.പി. ഇടതുപക്ഷ ഐക്യം, സോഷ്യലിസ്റ്റ് കൂട്ടായ്മ, വിപ്ലവശക്തികളുടെ ദേശീയ ഐക്യം തുടങ്ങിയ ഇടപാടുകളേക്കാള്‍ അന്തസ്സിന് പാര്‍ട്ടി പരമപ്രാധാന്യം നല്‍കുന്നു. പാര്‍ട്ടിയുടെ അന്തസ്സിനേക്കാള്‍ വലുതായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ വേണമെങ്കില്‍ കൊല്ലം പാര്‍ലമെന്ററി സീറ്റ് ഉണ്ട് എന്നുപറയാം. വേറൊന്നുമില്ല. ഭാഗ്യത്തിന് ഇപ്പോള്‍ കൊല്ലം സീറ്റുമുണ്ട്, അന്തസ്സുമുണ്ട്. സി.പി.എമ്മിനാകട്ടെ രണ്ടുമില്ല. ആര്‍.എസ്.പി. മുന്നണിവിട്ടതോടെയാണ് സി.പി.എമ്മിന് രണ്ടും പോയത്.

വര്‍ഗീയതയുമായി വിട്ടുവീഴ്ചചെയ്തതോടെയാണ് സി.പി.എം. തകര്‍ന്നുതുടങ്ങിയതെന്ന ഒരു ബോധോദയം ഇപ്പോള്‍ ആര്‍.എസ്.പി.ക്ക് ഉണ്ടായിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും ഓരോ വര്‍ഗീയപ്പാര്‍ട്ടിയെ സി.പി.എം. സോഫയിട്ടിരുത്തും. ആരോടും ചിരിക്കാത്ത പിണറായി വിജയന്‍ മഅദനിയുടെ വീല്‍ചെയറിന് അടുത്തുപോയി വെളുക്കെ ചിരിച്ചു. ഇതൊന്നും എന്തേ ആര്‍.എസ്.പി. അന്ന് പറഞ്ഞില്ല എന്നുചോദിക്കരുത്. എന്തും ഒരു ബോധോദയത്തിനുശേഷമേ ബോധ്യപ്പെടൂ. അത് കൊല്ലം സീറ്റ് പിടിച്ചുപറിച്ചപ്പോഴേ ഉണ്ടായുള്ളൂ. സി.പി.ഐ.യാണ് ലവലേശം അന്തസ്സില്ലാത്ത പാര്‍ട്ടി. സീറ്റ് പിടിച്ചെടുത്തിട്ടും ബോധോദയം ഉണ്ടായില്ല. മഅദനിയെ പ്രീണിപ്പിക്കുന്നതിന് പിണറായി പൊന്നാനിസീറ്റ് എടുത്ത് ‘ഒരു അത്താണി’ക്ക് കൊടുത്തു. പ്രൊഫസര്‍ ചന്ദ്രചൂഡന്‍ വസ്തുതാപരമായ തെറ്റുവരുത്തരുത്. ഒരു അത്താണിക്കല്ല, ‘രണ്ടത്താണി’ക്കാണ് കൊടുത്തത്. പൊന്നാനിസീറ്റ് കൊല്ലംപോലെയല്ല. മത്സരിക്കാന്‍ സി.പി.എം. ചിലപ്പോള്‍ സി.പി.ഐ.ക്ക് കൈമടക്ക് അങ്ങോട്ട് കൊടുക്കുന്നുണ്ടാവണം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റുപോലും ഇല്ലാത്തതാണ് സി.പി.ഐ.യുടെ ഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ എന്നേ അതും പോയേനെ, അന്തസ്സും പോയേനെ.

കോണ്‍ഗ്രസ്സിനെ വേരോടെ പിഴുതെറിയാന്‍ നടക്കുന്നുവെന്ന് പറയുന്ന സി.പി.എമ്മിന് ആ പാര്‍ട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു എന്നും ചന്ദ്രചൂഡന്‍ സാര്‍ കണ്ടെത്തിയിട്ടുണ്ട്. ഡാങ്കെയും സുര്‍ജിത്തും ഈ അവിഹിതത്തിന്റെ ആശാന്മാരായിരുന്നു. അന്ന് ആര്‍.എസ്.പി.യും ഉണ്ടായിരുന്നില്ലേ ഇടതുപക്ഷത്ത് എന്നുചോദിക്കരുത്. ആര്‍.എസ്.പി.യെ ഒരിക്കലും സി.പി.എമ്മുകാര്‍ അകത്തോട്ട് കയറാന്‍ സമ്മതിക്കാറില്ല. അതുകൊണ്ട് വിഹിതവും അവിഹിതവും ഒന്നും മനസ്സിലായിരുന്നില്ല. കേരളത്തില്‍ പക്ഷേ, കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു ആര്‍.എസ്.പി.യുടെ വാസം 1969 മുതല്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം. അതില്‍ പക്ഷേ, രഹസ്യമൊന്നുമില്ലല്ലോ.

എന്തായാലും ആര്‍.എസ്.പി.ക്ക് ഇപ്പോഴും ഒളിച്ചും പാര്‍ത്തുമുള്ള ഏര്‍പ്പാടൊന്നുമില്ല. കേരളത്തില്‍ ആര്‍.എസ്.പി. കോണ്‍ഗ്രസ്സിനൊപ്പമാണ്. കേന്ദ്രത്തില്‍ ഇടതിന് ഒപ്പമാണ്. കേരളത്തിലെ ഇടത് ശരിയല്ല, പുറത്ത് കുഴപ്പമില്ല. പണ്ട് കോണ്‍ഗ്രസ്സുകാര്‍ മുസ്‌ലിംലീഗിനെക്കുറിച്ച് പറയാറുള്ളത് കേരളത്തിലെ ലീഗ് വര്‍ഗീയമല്ല എന്നാണ്. കേരളത്തിനുപുറത്ത് ലീഗില്ല. പിന്നെ എന്തായാലെന്താണ് ചേതം ? സി.പി.എമ്മിന്റെ സ്ഥിതിയും ഇപ്പോള്‍ ഏതാണ്ട് അങ്ങനെയാണ്. പ്രശ്‌നം വേഗം തീരുമെന്ന പ്രതീക്ഷയാണ് ആര്‍.എസ്.പി.ക്കുള്ളത്. ഇവിടെയും ഒരു ഭീകരശത്രു ഉയര്‍ത്തെഴുന്നേറ്റ് വന്നാല്‍ ആര്‍.എസ്.പി.ക്കും സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമെല്ലാം തോളോടുതോള്‍ ചേര്‍ത്ത് ഒരു മുന്നണിയായി നില്‍ക്കാം. കോണ്‍ഗ്രസ്സും അപ്പോള്‍ ഇടതാവും. അങ്ങനെയൊരു അവസരമുണ്ടാകാന്‍ ബി.ജെ.പി.ക്കാര്‍ മുതല്‍ വെള്ളാപ്പള്ളി നടേശന്‍വരെ പ്രാര്‍ഥിക്കുന്നുണ്ട്. പ്രതീക്ഷ വെടിയരുത് ചന്ദ്രചൂഡന്‍ സാറേ…

******

ഡോ. തോമസ് ഐസക്ക് ഗാന്ധിയനാവാന്‍ ജുബ്ബ തയ്പിക്കുന്നുണ്ടോ എന്നൊരു സംശയം. മാധ്യമലോകത്തെ വര്‍ഗശത്രുക്കളെയും സി.ഐ.എ. ചാരന്മാരെയും സൈബര്‍ ലോകത്ത് മാതൃകാപരമായി കൈകാര്യംചെയ്യുന്ന ഇേപ്പാഴത്തെ വിപ്ലവസമ്പ്രദായം അങ്ങേര്‍ക്ക് ഒട്ടും പിടിക്കുന്നില്ല. ഫെയ്‌സ് ബുക്കില്‍ത്തന്നെ അദ്ദേഹമിട്ട ഉപദേശിപോസ്റ്റില്‍ ഇത് പറയുന്നുണ്ട്. സൈബര്‍ പോസ്റ്റിന്മേല്‍ കയറി ഇപ്പോള്‍ ആര്‍ക്കും എന്തും ഇടാം. കാല്‍ക്കാശിന്റെ ചെലവില്ല. ഐ.ടി. ആക്ടില്‍ ഉണ്ടായിരുന്ന ജനാധിപത്യവിരുദ്ധഅഭിപ്രായ സ്വാതന്ത്ര്യഹനന വകുപ്പ് പോയതോടെ ഏത് ഭീരുവിനും എന്തും ഇടാം. വിപ്ലവത്തിന് തടസ്സം നില്‍ക്കുന്ന ഹീനന്മാരെ വേറെ എങ്ങനെ നേരിടും സഖാവേ?

ഈ ലോകത്ത് എതിരാളികളെ നേരിടുന്നതിന് തുടര്‍ന്നുപോന്ന രീതികള്‍ ഇലോകത്തും തുടരണമെന്ന് സഖാവ് ദയവായി പറയരുത്. വളരെ ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ് അതെല്ലാം. തലശ്ശേരിയില്‍പ്പോലും അതുമായി മുന്നോട്ടുപോകാന്‍ കഴിയാതായിരിക്കുന്നു. കാശെത്ര വേണമെന്നാണ് ചേട്ടന്‍ വിചാരിക്കുന്നത്? ബുദ്ധിജീവികളെയൊന്നും അങ്ങനെ കൈകാര്യംചെയ്തിട്ടില്ല ഇതുവരെ. സക്കറിയ ചേട്ടനും അത്യാവശ്യം വേറെചിലര്‍ക്കും ഓരോന്ന് കൊടുത്തിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, അതൊന്നും ഒരു ശീലമാക്കിയിട്ടില്ല. ഇനി പത്രത്തിലെഴുതുന്നവരെ അങ്ങനെ നേരിടാന്‍ തുടങ്ങണമോ? പത്രത്തിലെഴുതുന്നവരെ നമ്മുടെ പത്രത്തിലൂടെ കൈകാര്യംചെയ്യാറായിരുന്നു പതിവ്. എം.എന്‍. വിജയന്‍മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് വരെയുള്ള കക്ഷികളെയല്ലേ അങ്ങനെ ചെയ്യാന്‍പറ്റുള്ളൂ. അതിനും വേണ്ടേ കുറേ ന്യൂസ് പ്രിന്റ്? ചില്ലറക്കാര്‍ക്കുവേണ്ടി വെറുതേ കാശുമുടക്കണമോ? സൈബര്‍ ഗുണ്ടായിസം പ്രയോജനപ്രദവും എളുപ്പവുമാണ്. സാര്‍ ഒരു സാമ്പത്തികശാസ്ത്രജ്ഞനല്ലേ? എത്ര ലാഭകരമാണ് ഇതെന്ന് പറയേണ്ട കാര്യമുണ്ടോ? ബംഗ്‌ളാദേശില്‍ ഇപ്പോള്‍ ബ്ലോഗിലെഴുതി ജനങ്ങളെ വഴിതെറ്റിക്കുന്നവരെ സമാധാനം എന്ന അര്‍ഥമുള്ള മതത്തില്‍ വിശ്വസിക്കുന്നവര്‍ സമാധാനപരമായി നരകത്തിലേക്ക് അയക്കുന്ന സമ്പ്രദായം നിലവില്‍വന്നിട്ടുണ്ട്. നമ്മള്‍ അത്രത്തോളം പോകാന്‍ ഉദ്ദേശിക്കുന്നില്ലല്ലോ, ഉണ്ടോ ?

******

ഇനിയും നിലവിളക്ക് കൊളുത്തില്ല എന്ന് അബ്ദുറബ്ബ് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൊളുത്തുന്ന പാപികള്‍ നരകത്തില്‍ പോകട്ടെ. നാടമുറിക്കുക എന്ന സമ്പ്രദായത്തില്‍ പിശകുണ്ടോ എന്ന് ഇതുവരെ ഫത്‌വയൊന്നും വരാത്തതുകൊണ്ട് നമുക്ക് അത് തുടരാവുന്നതാണ്. ഇനി പോയിപ്പോയി ഏതെങ്കിലും മതമൗലികവാദികള്‍ കിത്താബുകളെല്ലാം പരതി ഉദ്ഘാടനം എന്ന സമ്പ്രദായംതന്നെ മതവിരുദ്ധമാണെന്ന് കണ്ടുപിടിക്കാതിരുന്നാല്‍ മതിയായിരുന്നു. അങ്ങനെയോ മറ്റോ സംഭവിച്ചാല്‍ പിന്നെ മന്ത്രിയായിരുന്നിട്ട് പ്രയോജനമില്ല. നാടമുറിക്കലായാലും വിളക്കുകൊളുത്തലായാലും കാര്യക്ഷമതയോടെ നടക്കുന്ന ഒരേയൊരു സംഗതി അതാണ്. അതില്ലാണ്ടാക്കല്ലേ പടച്ചോനേ…

2ഹിന്ദുക്കള്‍ ആരാധനയ്ക്കിടയില്‍ നിലവിളക്ക് കൊളുത്തുന്നു എന്നതുകൊണ്ട് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്തുന്നതും ആരാധനയാണെന്നാണ് മതമൗലിക യുക്തിവാദികള്‍ പറയുന്നത്. നിലവിളക്കില്‍ വെളിച്ചെണ്ണ ഒഴിക്കുന്നതുകൊണ്ട് അത് നമ്മളെടുക്കരുത് എന്ന് നാളെ പറയുമോ എന്തോ. പഴയ മുസ്‌ലിം തറവാടുകളിലും പള്ളികളിലും കയറി ഇനി ഇവര്‍ നിലവിളക്കുകള്‍ കണ്ടുകെട്ടുമോ എന്നറിയില്ല. ക്രിസ്ത്യാനികള്‍ മെഴുകുതിരി കത്തിക്കുന്നത് ആരാധനയ്ക്കായതുകൊണ്ട് ഇനി വൈദ്യുതിനിലയ്ക്കുമ്പോള്‍ മെഴുകുതിരി കത്തിക്കുംമുമ്പ് രണ്ടുവട്ടം ആലോചിക്കുന്നത് നന്ന്.

ചിലകൂട്ടര്‍ യുക്തിനിരത്തി നിലവിളക്ക് കൊളുത്തലിനെ ന്യായീകരിക്കുന്നുണ്ട്. കാര്യമില്ല. യുക്തിക്ക് നിരക്കുന്ന യാതൊന്നും ചെയ്തുകൂടാ. അങ്ങനെ ചെയ്തുതുടങ്ങിയാല്‍ മതേതരത്വത്തെവരെ ന്യായീകരിക്കേണ്ടിവരും. പാടില്ല. എപ്പോഴും നമുക്ക് ഗുണംകിട്ടുന്നത് ചെയ്യുക എന്നതാണ് ഏറ്റവും സ്വീകാര്യമായ യുക്തി. അപ്പോഴപ്പോള്‍ അതിനുള്ള ന്യായങ്ങള്‍ നിരത്തിയാല്‍മതി. ഒരു അറ്റത്തുനില്‍ക്കുന്ന എ തീവ്രവാദികള്‍ മറ്റേ അറ്റത്തുള്ള സെഡ് തീവ്രവാദികള്‍ക്കും അവര്‍ ചെയ്യുന്നത് ഇവര്‍ക്കും പ്രയോജനം ചെയ്യും. അങ്ങനെ രണ്ടും തഴച്ചുവളരട്ടെ. സംസ്‌കാരം, സമാധാനം, സാഹോദര്യം എന്നും മറ്റും ഒരു യുക്തിയുമില്ലാതെ പറയുന്ന മറ്റുള്ളവര്‍ പോയി കടലില്‍ ചാടട്ടെ.

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top