സെന്‍സേഷനിസം രൂപപ്പെടുന്നതെങ്ങനെ ?

എൻ.പി.രാജേന്ദ്രൻ

മനുഷ്യര്‍ക്കിടയിലെ നീതി ബോധത്തില്‍ എത്രത്തോളം വൈവിദ്ധ്യമാര്‍ന്ന സമീപനങ്ങളുണ്ടോ അത്രത്തോളം വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞതാണ് മാധ്യമ ലോകത്തിലെ നീതി ബോധവും  എന്നതാണ് ഈ വിഷയത്തില്‍ നാം ആദ്യം മനസ്സിലാക്കേണ്ടത്. മാധ്യമങ്ങള്‍ എന്ന് പറയുന്നത് ഒരു ഏകശിലാഖണ്ഡമല്ല. മതങ്ങള്‍ എന്ന് പൊതുവായി പറയുമ്പോള്‍ അതില്‍ എത്ര വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ ഘടകങ്ങള്‍ ഉണ്ടോ അതില്‍ ഇരട്ടി ഉണ്ട് മാധ്യമങ്ങളില്‍. സത്യധാരയും ഒരു മാധ്യമമാണല്ലോ. മാധ്യമലോകത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ സത്യധാരയ്ക്ക് കഴിയില്ലെന്നതുപോലെ വേറെ ഒരു മാധ്യമത്തിനും കഴിയില്ല. അതുകൊണ്ടുതന്നെ മാധ്യമനീതി ബോധം സംബന്ധിച്ച് എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായ ഒരു കാഴ്ചപ്പാടും നല്‍കാന്‍ എനിക്ക് കഴിയില്ല.

ഒരു പക്ഷേ മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളെ ഞാന്‍ പ്രതിനിധാനം ചെയ്യുന്നു എന്നതാവാം നിങ്ങളുടെ സങ്കല്‍പ്പം. ഇതുപോലും വൈവിദ്ധ്യങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വലിയ  മാറ്റമൊന്നുമുണ്ടാക്കുന്നില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെയും പ്രസ്ഥാനങ്ങളെയും ഉദ്ദേശ ലക്ഷ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നവയാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോരോന്നും. മുഖ്യധാര എന്ന പ്രയോഗത്തില്‍ പോലും ഇപ്പോള്‍ വലിയ കഴമ്പില്ല. രൂപത്തിലും ഭാവത്തിലും നയങ്ങളിലും നിലപാടുകളിലും എല്ലാം ഇവ ഏതാണ്ട് ഒരേ രീതികളാണ് പുലര്‍ത്തുന്നത്. ടെക്‌നോളജിയിലോ വാര്‍ത്ത സംബന്ധിയായി കാഴ്ചപ്പാടിലോ വാര്‍ത്ത സ്വീകരിക്കുന്ന രീതിയിലോ അതിനുള്ള മൂലധനം സ്വീകരിക്കുന്നതിലോ അതിന്റെ നിലനില്‍പ്പിനായുള്ള പരസ്യങ്ങള്‍ സ്വീകരിക്കുന്നതിലോ വ്യാപാരത്തിന്റെ അനിവാര്യഘടകങ്ങളായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിലോ ചെറിയ വ്യത്യാസങ്ങളേ ഇവകള്‍ തമ്മിലുള്ളൂ. അതുകൊണ്ടുതന്നെ മാധ്യമസംസ്‌കാരത്തിന്റെ നീതിബോധം എന്ന പദ പ്രയോഗത്തില്‍ ഞാന്‍ വലിയ അര്‍ത്ഥമൊന്നും കാണുന്നില്ല.

നീതിക്കുപകരം പക്ഷപാതിത്വത്തിനും സെന്‍സേഷനും മാധ്യമങ്ങള്‍ സമയം ചെലവഴിക്കുന്നുണ്ടോ എന്നതും ഇതുപോലൊരു  കാഴ്ചപ്പാടിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. നീതിയെന്നത് എല്ലാവര്‍ക്കും തുല്യനിലയില്‍ ബാധകമായ, ഏറ്റക്കുറച്ചിലില്ലാത്ത ഒന്നായിക്കാണാന്‍ കഴിയില്ല. നീതി എന്നതുതന്നെ അമൂര്‍ത്തമായ സങ്കല്‍പ്പമാണ്. മനുഷ്യന്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടി കച്ചവടം ചെയ്യുന്നതും ലാഭമുണ്ടാക്കുന്നതും അനീതിയല്ല. മാധ്യമം ഒരു വാണിജ്യസ്ഥാപനം തന്നെയാണ്. അനീതി വരുന്നത് പാലില്‍ വെള്ളം ചേര്‍ത്തുവില്‍ക്കുമ്പോഴാണ്.സത്യമായ വാര്‍ത്ത നല്‍കാം എന്നുള്ളത് ജനങ്ങളുമായുള്ള അലിഖിതമായ കരാറാണ്. ഡോക്റ്ററെ കാണാന്‍ ചെല്ലുന്ന രോഗിക്ക് ശരിയായ മരുന്ന് ശരിയായ ഡോസില്‍ നല്‍കും എന്നുള്ള അലിഖിതകരാര്‍ പോലെയുള്ള ഒന്നാണ് അതും. പക്ഷേ, ഒരേ രോഗത്തിന് രണ്ട് ഡോക്റ്റര്‍മാര്‍ നല്‍കുന്ന മരുന്നില്‍ വ്യത്യാസം ഉണ്ടാകാം.  അതിന്റെ പതി•ടങ്ങ് വ്യത്യാസം മാധ്യമങ്ങള്‍ ഒരേ കാര്യം കൈകാര്യം ചെയ്യുമ്പോഴും ഉണ്ടാകാം. നീതിയെക്കുറിച്ചുള്ള വൈവിദ്ധ്യപൂര്‍ണമായ നിലപാടില്‍നില്‍ക്കുമ്പോള്‍ ഒരാളുടെ അനീതി മറ്റൊരാളുടെ നീതിയാകുക സ്വാഭാവികം മാത്രം. പക്ഷപാതിത്വം മാധ്യമ ത്തൊഴിലില്‍ തെറ്റായ ഒരു കാര്യമല്ല. പത്രങ്ങള്‍ പലതും പല പല പക്ഷങ്ങളെ പ്രതിനിധീകരിച്ചാവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പക്ഷപാതിത്വം ഉണ്ടാകും. എത്രയെല്ലാം വസ്തുനിഷ്ഠത അവകാശപ്പെട്ടാലും മനുഷ്യന്‍ ആത്മനിഷ്ഠമായാണ് മിക്ക  കാര്യങ്ങളും നിര്‍വഹിക്കുക. അതുകൊണ്ടും പക്ഷപാതിത്വം ഉണ്ടാകും. ഈ വൈവിദ്ധ്യത്തില്‍ നിന്നാണ് സെന്‍സേഷനിസം പോലും ഉണ്ടാകുന്നത്. അതും കുറെയെല്ലാം അനുവദനീയമാണ്.

മീഡിയ എത്തിക്‌സ് പോലും മറ്റു പ്രൊഫഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ലിഖിത നിയമവ്യവസ്ഥയായി മാധ്യമ രംഗത്ത് നിലനില്‍ക്കുന്നില്ല. നില നില്‍ക്കാന്‍ സാധ്യവുമല്ല. ഡോക്റ്റര്‍മാരുടെയോ എന്‍ജിനീയര്‍മാരുടെയോ തൊഴില്‍ ധാര്‍മികത ലിഖിതവും  കൃത്യവുമാണ്. ശരിയും തെറ്റും  വേര്‍തിരിച്ചറിയുക എളുപ്പമാണ്. പക്ഷേ, മാധ്യമരംഗത്ത് അതൊട്ടും സാധ്യമല്ല. കാലത്തിന് അനുസരിച്ച്,  ദേശത്തിന് അനുസരിച്ച്, ചിലപ്പോള്‍ സന്ദര്‍ഭത്തിന് അനുസരിച്ചും ശരിയും തെറ്റും മാറിക്കൊണ്ടിരിക്കാം. രീതികള്‍ മാറാം. ഇന്നലെ തെറ്റാണ്  എന്ന് പറഞ്ഞിരുന്ന പലതും ഇന്ന് ശരിയാകും. ഒരു രാജ്യത്തെ തെറ്റ് മറ്റൊരിടത്തെ ശരിയാകും. ഒരേ നാട്ടിലെ  രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ പോലും ഈ വൈവിദ്ധ്യമുണ്ടാകാം. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിക്കകത്ത് വരുന്നതാണ് അതും. തള്ളാനുള്ള പൂര്‍ണസ്വാതന്ത്ര്യം ജനങ്ങള്‍ക്കുണ്ടല്ലോ.

മാധ്യമം ഒരു വ്യവസായം ആണ് എന്ന് പറഞ്ഞല്ലോ. ലാഭത്തിലൂടെ നിലനില്‍ക്കുന്ന വ്യവസായമാണ് അത്. അതുകൊണ്ടുതന്നെ അതിന്റെ ധാര്‍മികതകള്‍ ആ രീതിയിലാണ് രൂപപ്പെടുന്നത്. ജനങ്ങള്‍ സാധാരണ വ്യവസായങ്ങളെ കാണുംപോലെ മാധ്യമവ്യവസായത്തെ കാണാന്‍ തയ്യാറല്ല.  സാധാരണ വ്യവസായമല്ല തന്നെ മാധ്യമം. ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുകയും ശബ്ദമുയര്‍ത്തുകയും പ്രവര്‍ത്തിക്കുകയും  ചെയ്യുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് ആണ് ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍. യഥാര്‍ത്ഥത്തില്‍ ഇതില്‍ എന്താണ് മാധ്യമത്തിന്റെ അവസ്ഥ ?  മാധ്യമം ഇതുരണ്ടുമാണ്.  മൂലധനം നിക്ഷേപിച്ച് ലാഭമുണ്ടാക്കി മാത്രം പ്രവര്‍ത്തിക്കാനും  നിലനില്‍ക്കാനും കഴിയുന്ന വ്യവസായമാണത്. ജനങ്ങള്‍ നീതി പൂര്‍വകമായ ജുഡീഷ്യറി നിലനില്‍ക്കാന്‍ നികുതി നല്‍കുന്നുണ്ട്. നീതിപൂര്‍വകമായ മാധ്യമം ഉ്ണ്ടാകാനുള്ള നികുതി നല്‍കുന്നുമില്ല. അതേ സമയം,  ഫോര്‍ത്ത് എസ്റ്റേറ്റ് ധര്‍മം നിര്‍വഹിക്കുന്നില്ലെങ്കില്‍ മാധ്യമത്തിന് ജനങ്ങളും പൊതുസമൂഹവും ഭരണകൂടവും നല്‍കുന്ന എല്ലാ പരിഗണനകളും നഷ്ടപ്പെടും. ജനങ്ങള്‍ക്ക് എവിടെയെല്ലാം നീതി നിഷേധിക്കപ്പെടുന്നുവോ അവിടെയെല്ലാം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ജനങ്ങള്‍ മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്ന നീതി.  അത്തരം  സന്ദര്‍ഭങ്ങളില്‍ സാമ്പത്തിക  നേട്ടമോ ഭരണകൂടത്തിന്റെ അംഗീകാരമാ പ്രതിഫലമോ പ്രതിപത്തിയോ പ്രതീക്ഷിച്ച് അനീതിയുടെ പക്ഷത്താണ് ഒരു സ്ഥാപനം  നില്‍ക്കുന്നതെങ്കില്‍ അവര്‍ അര്‍ഹിക്കുന്നത് തിരിച്ചടി, ശിക്ഷ അവര്‍ക്ക്  നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകണം. നിങ്ങളുടെ പിന്നില്‍ ഞങ്ങളില്ല എന്ന് അവരോട് പറയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അഞ്ച് വര്‍ഷത്തിലൊരിക്കലേ തന്റെ ജനപ്രതിനിധിയോട് അത് പറയാന്‍ ജനങ്ങള്‍ക്ക് കഴിയൂ. വര്‍ഷത്തില്‍ 350 ദിവസമെങ്കിലും മാധ്യമത്തോട് അത് പറയാന്‍ കഴിയും.   അങ്ങനെയേ അവരുടെ തെറ്റ് തിരുത്തിക്കാന്‍ കഴിയൂ. ജനങ്ങളുടെ ബോധത്തില്‍ നീതി ജീവത്തായി നില നില്‍ക്കുന്നുണ്ടെങ്കിലേ ഇങ്ങനെ സംഭവിക്കൂ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യബോധമുള്ളവര്‍ നടത്തേണ്ടത്.

(സത്യധാര ദൈ്വവാരിക 2015 ഫിബ്രുവരി 1-28 ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. )

Leave a Reply

Your email address will not be published. Required fields are marked *

Go Top