അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?കൂത്തുപറമ്പ് രക്തസാക്ഷിത്വം ആഘോഷിക്കുക ഒഴിവാക്കാനാകാത്ത ഒരു വാര്‍ഷികപരിപാടിയാണ്. തുടങ്ങിവെച്ച ഒരാഘോഷവും ഉപേക്ഷിച്ചുകൂടാ. കൂട്ടമരണമാണെങ്കില്‍പ്പോലും ദുഃഖം ഒന്നോ രണ്ടോ വര്‍ഷത്തേക്കേ തീവ്രമായി നിലനില്‍ക്കൂ. പിന്നീട് ആഘോഷങ്ങളാകും. കൂത്തുപറമ്പില്‍ ഇത് ഇരുപതാം വര്‍ഷമായിരുന്നു. ഇരുപത്തഞ്ച്, അമ്പത്, എഴുപത്തഞ്ച് തുടങ്ങിയ റൗണ്ട് സംഖ്യകള്‍ക്കാണ് പൊലിമ. ഇരുപതും ഒപ്പിക്കാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇടയ്ക്കൊരു മരണമുണ്ടായി. കുടുംബത്തില്‍ മരണമുണ്ടായാല്‍ പുലയാണ്. ആഘോഷം പാടില്ല. എങ്കിലും നടത്തി.
കുടുംബത്തില്‍ മരണമോ? ആര് എപ്പോള്‍? എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. സംശയിക്കുന്നതില്‍ തെറ്റില്ല. പാര്‍ട്ടിനേതാക്കളാരും അടുത്തെങ്ങും മരിച്ചില്ലല്ലോ. എം.വി. രാഘവന് ഭൂതകാല നേതാവാണ്. തൊഴിലാളിവര്‍ഗ കുടുംബത്തിലൊരാള്‍തന്നെ. ഇടയ്ക്ക്, കുലംകുത്തുക പോലുള്ള ചില്ലറ തെറ്റുകള്‍ ചെയ്തുപോയെന്നേ ഉള്ളൂ. അത് താത്കാലിക വ്യതിയാനങ്ങളാണ്. കനത്ത ശിക്ഷ കൊടുത്തേനെ. കണക്കറ്റ് ശ്രമിച്ചതാണ്. സാധിച്ചില്ല. സാധിച്ചിരുന്നെങ്കില്‍ ഈ പ്രശ്നമൊന്നുമുണ്ടാവുമായിരുന്നില്ല. അതുപോകട്ടെ, എം.വി. രാഘവന് കമ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട ആള്‍തന്നെ. അടുത്ത തിരഞ്ഞെടുപ്പുവരെ നീണ്ടിരുന്നെങ്കില്‍ ഇടതുമുന്നണിയില്‍ത്തന്നെ വന്നുപെട്ടേനെ.
പാര്‍ട്ടിവിരുദ്ധര്‍ കൂത്തുപറമ്പ് ആഘോഷത്തില്‍ വലിയ താത്പര്യമാണല്ലോ പ്രകടിപ്പിച്ചത്. പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ എന്തെല്ലാമായിരുന്നു, പ്രസംഗങ്ങളില്‍ ഏതെല്ലാം പാര്‍ട്ടിശത്രുക്കളെ പേരെടുത്ത് അധിക്ഷേപിച്ചു, നികൃഷ്ടന്‍, കുലംകുത്തി, ശുംഭന്, പരനാറി തുടങ്ങിയ ശ്രേഷ്ഠപദങ്ങള്‍ ഇപയോഗിച്ച് ആരെയെങ്കിലും ആദരിച്ചുവോ?… തുടങ്ങിയ ചോദ്യങ്ങളാണ് സകലരും ചോദിച്ചത്. സ്വാഭാവികമായും എം.വി. രാഘവനെ ആവുമല്ലോ ഇവരെല്ലാം മനസ്സില്‍ കണ്ടത്. ഈ കൂട്ടര്‍ക്കൊന്നും പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്കാരത്തെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാ. ചിലപ്പോള്‍ ചിലരെ കൊല്ലേണ്ടിവന്നേക്കാം. പക്ഷേ, സ്വാഭാവികമരണം നേടാന്‍ ഭാഗ്യമുണ്ടായവരെ പാര്‍ട്ടി ആദരിക്കുകതന്നെ ചെയ്യും. റീത്തുവെക്കും, ഹര്‍ത്താല്‍ ആഹ്വാനംചെയ്യും, ഗദ്ഗദകണ്ഠരായി അനുശോചനപ്രസംഗം നടത്തും. മരിക്കണമെന്നില്ല, അതിനുമുമ്പും പോയി ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇനി ഇയാളെക്കൊണ്ട് ഉപദ്രവമുണ്ടാകില്ല എന്ന് ഉറപ്പായാലും മതി. രക്തസാക്ഷിത്വ ആഘോഷങ്ങളില്‍ ഇവരെക്കുറിച്ച് വിപരീത പ്രതികൂല പരാമര്‍ശങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. എം.വി. രാഘവന് എന്നൊരാള്‍ ജീവിച്ചിരുന്നു എന്നുപോലും ഇത്തവണത്തെ കൂത്തുപറമ്പ് പ്രസംഗങ്ങള്‍ കേട്ടപ്പോള്‍ തോന്നാഞ്ഞതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
അഞ്ചുപേരുടെ രക്തസാക്ഷിത്വത്തിനും ഒരു പ്രവര്‍ത്തകന്റെ അതിലേറെ ദുഃഖകരമായ അതിജീവനത്തിനും കാരണക്കാരനായ ഹീനന്‍ എന്ന ഒന്നാംപ്രതിസ്ഥാനത്തുനിന്ന് എം.വി.ആറിനെ പാര്‍ട്ടി മോചിപ്പിച്ചെന്നത് ശരിയാണ്. റാങ്ക് താഴോട്ട് ഇറക്കിയിട്ടുണ്ട്. എം.വി. രാഘവനൊന്നുമല്ല, ആഗോളവത്കരണമാണ് യഥാര്‍ഥത്തില്‍ കേസ്സിലെ പ്രധാനപ്രതി. സാമ്രാജ്യത്വം, മുതലാളിത്തം തുടങ്ങിയ കൂട്ടുപ്രതികള്‍ വേറെയുമുണ്ട്. ഇവരുമായെല്ലാം ചേര്‍ന്ന് യു.ഡി.എഫുകാര്‍ നടത്തിയ സി.പി.എം. വിരുദ്ധ ഗൂഢാലോചനയില്‍ രാഘവനും ചെന്നുപെട്ടു എന്നേയുള്ളൂ. കണ്ണൂരിലെ സാമ്രാജ്യത്വ ചെരിപ്പുനക്കികളായ കുറേ പോലീസ് ഉദ്യോഗസ്ഥര്‍, വെടിയുതിര്‍ത്ത തോക്ക്, ഉണ്ടകള്‍ തുടങ്ങിയവയാണ് സഖാക്കളുടെ രക്തസാക്ഷിത്വത്തിന് കാരണം. രാഘവനെ മാത്രമങ്ങനെ കുറ്റപ്പെടുത്തേണ്ട. നിസ്സാരനായ മന്ത്രി മാത്രമായിരുന്നല്ലോ എം.വി.ആര്. എന്തായാലും അന്നത്തെ തെറ്റ് രാഘവന് ബോധ്യപ്പെട്ടിരുന്നുവെന്നും തിരുത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും വിശ്വാസയോഗ്യമായ വിവരം പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. അഞ്ചുപേരെ വെടിവെച്ചുകൊല്ലിച്ചു എന്ന പാര്‍ട്ടിക്കോടതിവിധി തിരുത്താന്‍ ഇത് മതിയായ കാരണമാണ്. പ്രതി മരിച്ചതോടെ കേസ് റദ്ദായി… ഓ.കെ. ?
അബദ്ധത്തില്‍ രാഘവന്റെ കൂടെപ്പോയ കുറേ അനുയായികള്‍, അവര്‍ പണിതുയര്‍ത്തിയ സഹകരണ സ്ഥാപനങ്ങള്‍, കോടാനുകോടി രൂപ വിലമതിക്കുന്ന ഓഫീസുകള്‍, സ്മാരകക്കെട്ടിടങ്ങള്‍ എന്നിവ അനാഥമായിപ്പോകുന്നത് കണ്ടുസഹിക്കാന്‍ പാര്‍ട്ടിക്ക് പറ്റില്ല. അവയെല്ലാം ക്രമേണ ഏറ്റെടുത്ത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടുക എന്ന ചുമതലയില്‍നിന്നെങ്ങനെ ഒഴിഞ്ഞുമാറും?
മരിച്ചുപോകുന്ന ഒന്നല്ല ചരിത്രം എന്നും വ്യക്തി മരിച്ചാല്‍ ചരിത്രം മരിക്കില്ല എന്നും ഒരു സ്വാഭാവിക മരണം ആരേയും വിശുദ്ധനാക്കില്ല എന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സഖാവ് എം. സ്വരാജ് പാര്‍ട്ടിപത്രത്തില്‍ എഴുതിയിട്ടുണ്ട്. ചരിത്രം അറിയേണ്ടവര്‍ പഴയ പത്രം നോക്കിയാല്‍ മതി. എപ്പോഴും അത് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ചിലരെ കരിങ്കാലികളായും കൊലയാളികളായും വര്‍ഗവഞ്ചകരായും മുദ്രകുത്തിയെന്നുവരും. കൊലയാളി, കരിങ്കാലി ലേബലുകാരെത്തന്നെ പില്ക്കാലത്ത് വിശുദ്ധന്മാരായി പ്രഖ്യാപിക്കുകയും ചെയ്തേക്കാം. വിപ്ലവം വരുന്നതുവരെ വോട്ടുതന്നെ പ്രധാനം. നാണംകെട്ടും വോട്ടുനേടിയാല്‍ നാണക്കേടത് തീര്‍ത്തുകൊള്ളും എന്നതാണ് ജനാധിപത്യകാലത്തെ പ്രമാണം. അതുകൊണ്ട് ആ കേസ് ക്ലോസ്സാക്കി, വേറെ പ്രശ്നമൊന്നുമില്ല.
****
മദ്യവില്‍പ്പനക്കാരുടെ വോട്ടുവേണ്ട, നോട്ടും വേണ്ട എന്ന പ്രഖ്യാപനം കേട്ടല്ലോ. ഇത്രയും സുധീരമായ ഒരു പ്രഖ്യാപനം സാര്‍വത്രിക വോട്ടവകാശം നടപ്പായശേഷം ലോകത്തൊരു രാജ്യത്തും ആരും നടത്തിയിട്ടില്ല എന്നാണ് കാര്യവിവരമുള്ളവര്‍ പറയുന്നത്. വി.എം. സുധീരന് ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാവും അങ്ങനെ പറഞ്ഞതെന്നൊരു ഭേദഗതി വി.ഡി. സതീശന് വക ഉണ്ടായി. പോട്ടെ മോനെ സതീശാ… മത്സരിക്കാതിരിക്കാനല്ല, മത്സരിക്കാന്‍ തന്നെയാണ് ഈ പാടെല്ലാം പെടുന്നത്.
ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും നികൃഷ്ടരായ കൂട്ടര് മദ്യവില്‍പ്പനക്കാരാണ്. വ്യാജമദ്യം വിറ്റ് കാശുണ്ടാക്കിയവര്‍, വിഷമദ്യം വിറ്റ് കൂട്ടക്കൊല നടത്തിയവര്‍, വില്‍ക്കപ്പെടുന്ന വിഷത്തിന് ഉപഭോക്താവിന്റെ കഴുത്തറത്ത് നൂറിരട്ടി നികുതി പിരിക്കുന്ന സര്‍ക്കാര്‍, അതിന്റെ തലപ്പത്ത് കേറിയിരുന്ന് ധൂര്‍ത്തടിച്ച് തിമിര്‍ക്കുന്ന മന്ത്രിഉദ്യോഗസ്ഥ പ്രമാണികള്‍ എന്നിവരില്‍ നികൃഷ്ടര്‍ സര്‍ക്കാര്‍ ലൈസന്‍സോടെ നിയമവിധേയമായി പണം മുടക്കി ബാര്‍ നടത്തുന്നവര്‍ മാത്രം. സംസ്ഥാനത്തെ ഏറ്റവും വലിയ മദ്യവില്‍പ്പനക്കാര്‍ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്‍ഇതില്‍പ്പെടുമോ? ഇല്ല, പെടില്ല. ബിവറേജസ് കോര്പ്പറേഷന് വോട്ടില്ല.
കള്ളന്മാര്, അഴിമതിക്കാര്‍, കള്ളപ്പണക്കാര്‍, വ്യഭിചാരികള്‍, ബലാത്സംഗക്കാര്‍, കൊള്ളസംഘക്കാര്‍, കൊലയാളികള്‍, വര്‍ഗീയവാദികള്‍, മതഭ്രാന്തന്മാര്, ശിശുപീഡകര്‍… ഇങ്ങനെ എന്തെല്ലാംതരം അധമര്‍ നാട്ടിലുണ്ട്. അവരുടെ വോട്ടുവേണ്ട എന്നിതുവരെ ഒരു പാര്‍ട്ടിയും പ്രഖ്യാപിച്ചിട്ടില്ല. അവരെയൊന്നും മതത്തില്‍വേണ്ട എന്നൊരു മതവും പ്രഖ്യാപിച്ചിട്ടില്ല. ഇവരുടെയൊക്കെ മേലേത്തട്ടിലാണല്ലോ മദ്യവില്‍പ്പനക്കാരുടെ കിടപ്പ്. ഇവരുടെ വോട്ടവകാശം മാത്രമല്ല, തരംകിട്ടിയാല്‍ മറ്റ് പൗരാവകാശങ്ങളും റദ്ദാക്കേണ്ടതാണ്.
മൂക്കറ്റം മദ്യപിച്ചാലുള്ള ലഹരിപോലും മൂക്കറ്റം മദ്യവിരുദ്ധ ലഹരിക്കടലില്‍ വീണാലുള്ള ലഹരിയുടെ നാലയലത്ത് വരില്ല. മഹാത്മാഗാന്ധി മുതല്‍ ജി. കുമരപ്പിള്ളസാര്‍ വരെയുള്ള മദ്യവിരുദ്ധര്‍ ലജ്ജിക്കട്ടെ. ഇപ്പം കുടിച്ചതാണ് ശരിയായ കള്ള്!
****
ബി.ആര്. അംബേദ്കര്‍ മുതലുള്ള അതികായന്മാര് രണ്ടുവര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം കുത്തിയിരുന്ന് തലയിട്ടടിച്ച് 80,000 വാക്കുവരുന്ന ഭരണഘടന എഴുതിക്കൂട്ടിയിട്ടുണ്ട്. എന്തുപ്രയോജനം? സുപ്രധാനമായ കാര്യം അവര്‍ ഒഴിവാക്കിക്കളഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സകലരും വിനിയോഗിക്കണം, ഇല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നെഴുതിവെച്ചില്ല. എന്തൊരു അബദ്ധം. നരേന്ദ്രമോദിജിയുടെ ഗുജറാത്ത്മഹാത്മാഗാന്ധിയുടേതല്ലഅഞ്ചുവര്‍ഷം മുമ്പ് വോട്ടവകാശം നിര്‍ബന്ധമാക്കുന്ന നിയമമുണ്ടാക്കിയതാണ്. ഒരു യൂസ്ലസ് ഗവര്‍ണര്‍ ഒപ്പിടാതെ അത് കെട്ടിപ്പൂട്ടിവെച്ചു. ഇപ്പോള്‍ മോദിജി നിയോഗിച്ച ഗവര്‍ണര്‍ വന്നത് ഒപ്പുചാര്‍ത്തി നിയമമാക്കി. സൂക്ഷിച്ചോ, ഇനിയിത് കേന്ദ്രത്തിലും നിയമമാക്കും. കേരളീയരെയും വെറുതെ വിടില്ല…
ഇരുന്നൂറിനടുത്ത് രാജ്യങ്ങളുണ്ട് ലോകത്തില്‍. 22 ഇടത്തേ വോട്ടിങ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. 11 ഇടത്തേ ഇത് നടപ്പാക്കിയിട്ടുള്ളൂ. അതില്‍ത്തന്നെ ചിലേടത്ത് വോട്ട് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ശിക്ഷയില്ല, ചിലേടത്ത് രാവിലെ തലവേദനയായിരുന്നു എന്ന് പറഞ്ഞാലും മതി, ശിക്ഷയില്ല. അനേകകോടി വോട്ടര്‍മാരുള്ള ഈ നാട്ടില്‍ തിരഞ്ഞെടുപ്പ് നടത്തുകതന്നെ പ്രയാസം. പോരാഞ്ഞിട്ടാണ് വോട്ട് ചെയ്തോ ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന് നോക്കേണ്ടതും ശിക്ഷിക്കേണ്ടതുമെല്ലാം. നടപ്പുള്ള കാര്യംതന്നെ. വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന്റെ അര്‍ഥം വോട്ട് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അര്‍ഥം അഭിപ്രായം പറയാത്തവനെ ശിക്ഷിക്കും എന്നല്ല. മതസ്വാതന്ത്ര്യത്തിന്റെ അര്‍ഥം മതമില്ലെന്ന് പറയാനുള്ള സ്വാതന്ത്ര്യം കൂടിയാണ്.
ആരോട് പറയാന്‍! ഇനി ഇവിടെ എന്തെല്ലാം കാണാനിരിക്കുന്നു !