ഓഹരിവെപ്പ് വിശേഷങ്ങള്‍

ഇന്ദ്രൻ

ചരിത്രം പിടിയില്ലാത്തവര്‍ക്ക്, ആര്‍.എസ്.പി.യില്‍നിന്ന് സി.പി.എം. കൊല്ലം സീറ്റ് എടുത്തുമാറ്റിയത് ഇപ്പോഴത്തെ ഓഹരിവെപ്പിലാണെന്നേ തോന്നൂ. അത്രയ്ക്ക് ദൈന്യമായ വികാരപ്രകടനമായിരുന്നു പ്രേമചന്ദ്രന്റെയും അസീസിന്റെയും. സംഗതി അവരുടെ കൈയില്‍നിന്ന് പോയിട്ട് വര്‍ഷം പതിനഞ്ചായിരുന്നു. 1998ല്‍ പ്രേമചന്ദ്രന്‍ ജയിച്ച സീറ്റാണ് ഒരു വര്‍ഷം കഴിഞ്ഞ് നടന്ന തിരഞ്ഞെടുപ്പില്‍ പ്രകോപനമില്ലാതെ സി.പി.എം. ജന്മി ജപ്തിചെയ്തുകളഞ്ഞത്. ആര്‍.എസ്.പി. അന്ന് മുന്നണിക്കൊട്ടാരത്തിന്റെ അടുക്കളയില്‍ കുത്തിയിരുന്ന് കരയുകയോ പിഴിയുകയോ ഒക്കെ ചെയ്തുകാണണം. പക്ഷേ, അയല്‍വാസികള്‍ ബഹളമൊന്നും കേട്ടതായി ഓര്‍ക്കുന്നില്ല. 2004ലും 2009ലും അനിഷ്ടസംഭവമൊന്നുമില്ലാതെയാണ് വസ്തു തുടര്‍ന്നും സി.പി.എം. കൈവശമാക്കിയത്.
ഇത്തവണ സി.പി.എം. തന്നെ പേടിച്ചുപോയി. എന്തൊരു അലമുറയാണിത് ! മൊഴിചൊല്ലിയെന്ന് കേട്ടപാടെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ ഭാര്യ പതിനഞ്ചുകൊല്ലം കഴിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ചോടി വന്നതുപോലെ. ഇതിനുംവേണ്ടേ ഒരു വ്യവസ്ഥയൊക്കെ ? റവ. സോഷ്യലിസ്റ്റുകള്‍ക്ക് ഇത്രത്തോളം പാര്‍ലമെന്ററി മോഹഭംഗം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. വരാനിരിക്കുന്ന സോഷ്യലിസ്റ്റ് റവല്യൂഷനുവേണ്ടി ഒരു പാര്‍ലമെന്റ് സീറ്റ് ഉപേക്ഷിക്കാന്‍പോലും സന്മനസ്സില്ലാത്തവരെ എങ്ങനെ റവല്യൂഷനറി സോഷ്യലിസ്റ്റുകള്‍ എന്നുവിളിക്കും ?

ഇടതുമുന്നണിയില്‍ ആര്‍ക്കും എത്രസീറ്റ് ചോദിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്‍.സി.പി., ഐ.എന്‍.എല്‍. എന്നിവര്‍ മാത്രമല്ല, മുന്നണിയില്‍പ്പോലും ഇല്ലാത്ത ഫോര്‍വേഡ് ബ്ലോക്കും സീറ്റ് ചോദിച്ചില്ലേ ? എത്ര ഭവ്യതയോടെയാണ് സി.പി.എം. അവര്‍ക്കെല്ലാം ഇല്ല ഇല്ല എന്ന മറുപടി കൊടുത്തത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം പത്തുവര്‍ഷമായി ഭരിക്കുന്ന പാര്‍ട്ടിയാണ് എന്‍.സി.പി. ഇവിടെ ഇടതുപക്ഷത്തിന്റെ കനിവുകൊണ്ട് ഒരുസീറ്റ് ജയിച്ചിട്ടുവേണം പീതാംബരന്‍ ചേട്ടന് രാഹുല്‍ജിയുടെ മന്ത്രിസഭയില്‍ അംഗമായി ഒരേസമയം കോണ്‍ഗ്രസ്സുകാരെയും ഇടതുപക്ഷക്കാരെയും ഞെട്ടിക്കാന്‍. ഇതുമനസ്സിലായിട്ടും സഖാവ് പിണറായി എന്‍.സി.പി.യെ കോളറിനുപിടിച്ച് മുന്നണിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞില്ലല്ലോ. അതാണ് സഹിഷ്ണുത, സഹകക്ഷിബഹുമാനം, ബൂര്‍ഷ്വാജനാധിപത്യം എന്നെല്ലാം പറയുന്നത്.

വലിയേട്ടന്റെ ജീവിതപ്രയാസങ്ങളെക്കുറിച്ച് ആര്‍ക്കും ഒരു പരിഗണനയുമില്ല. ഇരിപ്പ് പ്രതിപക്ഷത്തും കിടപ്പ് സദാ തെരുവോരത്തും ആണെങ്കിലും നിയമസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് അതെന്ന ചിന്ത ആര്‍ക്കുമില്ല. 44 സീറ്റുള്ള സി.പി.എമ്മിന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഘടകകക്ഷികള്‍ അനുവദിച്ചുകൊടുത്തത് വെറും 15 സീറ്റ്. 40 സീറ്റ് മാത്രമുള്ള കോണ്‍ഗ്രസ്സിനും കിട്ടിയില്ലേ 15 ? കോണ്‍ഗ്രസ്സുകാര്‍ക്ക് ആ പതിനഞ്ചും അപ്ന അപ്ന പോക്കറ്റിലാക്കാം. സി.പി.എമ്മിന് അതുപറ്റുമോ ? 1957ല്‍ ആദ്യതിരഞ്ഞെടുപ്പ് മുതല്‍ ഉള്ളതാണ് പാര്‍ട്ടിക്ക് സ്വതന്ത്രരോടുള്ള സ്‌നേഹവായ്പ്. അന്നും അഞ്ചുസ്വതന്ത്രരെ പിന്താങ്ങി.

സ്വതന്ത്രരോടുള്ള ബഹുമാനം മുമ്പത്തേക്കാള്‍ ഏറിയിട്ടേ ഉള്ളൂ. അഞ്ചെണ്ണം അവര്‍ക്ക് കൊടുത്തു. സ്വതന്ത്രരില്‍ ചിലര്‍ വേറെ ചിലരുടെ ബിനാമിയാണെന്നും രണ്ടുപേര്‍ കോണ്‍ഗ്രസ് മണം മാറിയിട്ടില്ലാത്ത ഖദര്‍കാരാണെന്നും മറ്റുമുള്ള ആക്ഷേപവും കേള്‍ക്കണം വലിയേട്ടന്‍. ഇവര്‍ ശരിക്കും സ്വതന്ത്രരാണ്. മുന്നണിയുമായി പുലബന്ധമില്ല. ജയിച്ചാലും തോറ്റാലും അവര്‍ അവരുടെ പാട്ടിനുപോകും. മുന്‍കാലങ്ങളിലും ഇത്തരം ഊരുംപേരും തിരിയാത്ത സര്‍വതന്ത്ര സ്വതന്ത്രരെ ജയിപ്പിക്കുകതന്നെ ചെയ്തിട്ടുണ്ട്. സ്വാര്‍ഥ കോണ്‍ഗ്രസ്സുകാര്‍ക്ക് പറയാന്‍ 2004ലെ എഡ്വേഡ് എഴേടത്തേ ഉള്ളൂ. ഇക്കുറി കിട്ടിയ പതിനഞ്ചും പാര്‍ട്ടിക്കാര്‍ ഓഹരിവെച്ചെടുത്തു. തങ്ങള്‍ മോശക്കാരാകരുതല്ലോ എന്നോര്‍ത്ത് സി.പി.ഐ. പോലും ഇറക്കി ഒരു അരാഷ്ട്രീയ സ്വതന്ത്രനെ, പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍.
വലിയേട്ടന്റെ ഈ വക ജീവിതയാതനകള്‍ അറിയാതെയാണ് ആര്‍.എസ്.പി. സീറ്റ് കിട്ടിയില്ലെന്നുപറഞ്ഞ് മറുകണ്ടം ചാടിയത്. എന്തൊരു സ്​പീഡിലായിരുന്ന ആ ചാട്ടം ! പിളര്‍പ്പ്, മുന്നണിമാറ്റം തുടങ്ങിയ നിരവധികാര്യങ്ങളില്‍ ആഗോള റെക്കോഡുള്ള സോഷ്യലിസ്റ്റ് ജനുസ്സില്‍പെട്ട ജനതാദള്‍പോലും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിവിട്ട് അടുത്തശ്വാസത്തിന് മറ്റേ മുന്നണിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റുവാങ്ങിയിട്ടില്ല. ചില ആദര്‍ശ ഹാങ്ങോവറുള്ളതാവാം കാരണം. റവ. സോഷ്യലിസക്കാര്‍ക്ക് അത് പ്രശ്‌നമല്ല. കഴിഞ്ഞയാഴ്ച വരെയുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ മനോഹരമായ ആദര്‍ശപ്രഭാഷണങ്ങള്‍ കേട്ടാല്‍ തല്ലിക്കൊന്നാലും ഇദ്ദേഹം ഈ ജന്മത്തിലല്ല അടുത്ത ജന്മത്തില്‍പ്പോലും കോണ്‍ഗ്രസ് പക്ഷത്ത് ചേരില്ലാാാാ എന്നേ അരിയാഹാരം കഴിക്കുന്ന ആരും പറയുമായിരുന്നുള്ളൂ. ആ സഖാവാണ് മിന്നല്‍പ്പിണറായിയുടെ വേഗത്തില്‍ മറുകണ്ടം ചാടിയത്. ചരിത്രത്തിലെ ഏറ്റവും വേഗം കൂടിയ മുന്നണിമാറ്റത്തിനുള്ള പ്രത്യേക ബഹുമതി ആര്‍.എസ്.പി.ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനേക്കാള്‍ വേഗത്തില്‍ ഏതെങ്കിലും കക്ഷി എന്നെങ്കിലും മുന്നണി മാറിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കുക.

തുടര്‍ച്ചയായ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഓരോരോ കക്ഷികളെ മറുകണ്ടം ചാടിക്കുക എന്ന റെക്കോഡിന് ഉടമയാണ് സി.പി.എം. അടുത്ത തിരഞ്ഞെടുപ്പിലും ഒരു കക്ഷിയെ പുറത്തുചാടിച്ച് ഹാട്രിക്ക് അടിക്കാനും പരിപാടിയുണ്ട്. അതോടെ സി.പി.ഐ.സി.പി.എം. കക്ഷികളേ മുന്നണിയില്‍ അവശേഷിക്കൂ. അത് എന്തായാലും അഞ്ചുവര്‍ഷം കഴിഞ്ഞേ ഉള്ളൂ. അപ്പോഴാലോചിക്കാം. ഒരേ തിരഞ്ഞെടുപ്പില്‍ രണ്ടുപാര്‍ട്ടികള്‍ പോകുന്നത് നന്നല്ല. അതുകൊണ്ടാണ് ജനതാദള്‍ ചോദിച്ച ഒരു സീറ്റ് അവര്‍ക്ക് കൊടുത്തത്. സീറ്റ് ഓര്‍ക്കാപ്പുറത്ത് കിട്ടുമ്പോഴാണ് അതിനേക്കാള്‍ വലിയ പ്രശ്‌നം. പറ്റിയ സ്ഥാനാര്‍ഥിയില്ല. അതും സി.പി.എം. കൊടുക്കണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്.മറുകണ്ടം ചാടിയത് കേന്ദ്രനേതൃത്വത്തോട് ചോദിക്കാതെയാണെന്നും വിപ്ലവസോഷ്യലിസ്റ്റ് ദേശീയനേതൃത്വത്തിന് അതൊട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കേന്ദ്രത്തോട് ചോദിക്കുന്ന പതിവ് ആ പാര്‍ട്ടിയില്‍ പണ്ടുമില്ല. 6970 കാലത്ത് ഇ.എം.എസ്സിന്റെ സപ്തകക്ഷി മുന്നണിയെ കോണ്‍ഗ്രസ്സിനൊപ്പം കൂടി തകര്‍ത്തത് കേന്ദ്രനോട് ചോദിച്ചിട്ടല്ല. കേന്ദ്രന്‍ പിണങ്ങുമ്പോള്‍ പാര്‍ട്ടിപ്പേരിന് മുന്നില്‍ കേരള എന്നുചേര്‍ത്താല്‍ പ്രശ്‌നം തീരും കേരള ആര്‍.എസ്.പി. ശ്രീകണ്ഠന്‍നായര്‍ ചേട്ടന്റെ കാലത്ത് അങ്ങനെയാണ് ചെയ്തത്. പിന്നെ, പ്രേമചന്ദ്രനാണോ അത് നിഷിദ്ധം. മാത്രവുമല്ല, കോണ്‍ഗ്രസ്സിനോട് അത്രയ്ക്ക് അയിത്തമൊന്നുമില്ല കേട്ടോ ആര്‍.എസ്.പി.ക്ക്. വിമോചനസമരത്തില്‍ കോണ്‍ഗ്രസ് പക്ഷത്തായിരുന്നു, അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിനൊപ്പം കേരളം ഭരിക്കുകയായിരുന്നു, യു.ഡി.എഫിന്റെ സര്‍വകാല മധ്യസ്ഥനായിരുന്നു കേരള കിസ്സിഞ്ചര്‍ പാര്‍ട്ടിനേതാവ് ബേബിജോണ്‍… അങ്ങനെയുള്ള മഹദ്പാരമ്പര്യം ഈ പാര്‍ട്ടിക്കുണ്ട്. മുന്നണിമാറ്റം ഇത് അവസാനത്തേതല്ലെന്ന് ഓര്‍ത്താല്‍മതി.
ആകപ്പാടെ ഒരു സങ്കടമേ ഉള്ളൂ. പ്രേമചന്ദ്രന്റെ മുന്നണിമാറ്റം കാരണം ഗൗരിയമ്മയുടെ മുന്നണിമാറ്റം ആരും ശ്രദ്ധിച്ചുപോലുമില്ല. ഒരു ന്യൂസ് അവര്‍ ചര്‍ച്ചയുമുണ്ടായില്ല. ഒരു ചരിത്രകഥാപാത്രത്തോട് മാധ്യമങ്ങള്‍ ഇത് ചെയ്യരുതായിരുന്നു.

****

ആദര്‍ശവാദികള്‍ ചേര്‍ന്ന് നടത്തിയ ഓഹരിവെപ്പായതുകൊണ്ട് കോണ്‍ഗ്രസ്സില്‍ ഒരു ആദര്‍ശവാദിക്ക് സീറ്റേ ഇല്ലാതായി. ഇനിയെങ്കിലും പഠിക്കുക വോട്ട് വേണോ ആദര്‍ശം വേണോ എന്ന് ചോദിച്ചാല്‍ വോട്ട് മതി എന്നേ പറയാവൂ. വോട്ട് കളഞ്ഞുള്ള ആദര്‍ശം വേണ്ട. പി.ടി. തോമസ്സിന് പകരംവന്ന സ്ഥാനാര്‍ഥിക്ക് തിരുമേനിയില്‍നിന്ന് കണക്കിന് കിട്ടി. കാരണവും പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ ധാര്‍ഷ്ട്യം കാട്ടുന്നു. ഇനിയെങ്കിലും മനസ്സിലാക്കുക. ധാര്‍ഷ്ട്യം കാട്ടാനുള്ള ദൈവനിയോഗം മത ജാതിനേതാക്കന്മാര്‍ക്കാണ്. കോണ്‍ഗ്രസ്സുകാര്‍ അവരെ കടത്തിവെട്ടാന്‍ നോക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top