ദേ കൊന്നു… ദാ പോയി…

ഇന്ദ്രൻ

കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ വിമാനംകയറി സ്ഥലംവിട്ടുകഴിഞ്ഞു. തീര്‍ച്ചയായും ക്രിസ്മസ് ആഘോഷിക്കുക എന്നത് ഒഴിവാക്കാന്‍ പറ്റാത്ത സംഗതിയാണ്. കേസാണ്, കൊലക്കേസാണ് എന്നൊക്കെപ്പറഞ്ഞ് ആഘോഷം കുളമാക്കുന്നത് മര്യാദയല്ല. നമ്മുടെ ജയിലുകളിലാണെങ്കില്‍ ഇറ്റാലിയന്‍ സ്‌റ്റൈലില്‍ ക്രിസ്മസ് ആഘോഷിക്കാനുള്ള സൗകര്യമൊട്ടില്ലതാനും. അവനവന്റെ കുടുംബത്തോടൊപ്പമല്ലാതെ പാവപ്പെട്ട നാവികര്‍ ക്രിസ്മസ് കഴിച്ചുകൂട്ടുന്നത് ദൈവം പൊറുക്കില്ല. അപ്പോള്‍ അരസികര്‍ ചോദിച്ചേക്കും കേരളത്തിലെ ജയിലുകളിലുള്ള നൂറുകണക്കിന് മറ്റ് ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നത് കുടുംബത്തോടൊപ്പമാണോ എന്ന്. ഹിന്ദുതടവുകാര്‍ ഓണമോ മുസ്‌ലിം തടവുകാര്‍ പെരുന്നാളോ ആഘോഷിക്കുന്നത് അവരെ ജാമ്യത്തില്‍വിട്ട് രാത്രിക്കുരാത്രി വീട്ടിലെത്തിച്ചുകൊണ്ടാണോ എന്നും അവര്‍ ചോദിച്ചേക്കാം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല. എങ്കിലും പറയാം. എല്ലാ കൊലയും ഒരു പോലെയല്ല. ചിലവ ഗൗരവത്തിലെടുക്കേണ്ടതില്ല.

വിദേശിയെ നമ്മള്‍ കൊന്നാല്‍ അത് കൊടുംകൊലയാണ്. മറിച്ചായാല്‍ അതിന്റെ ഗ്രാവിറ്റി കുറയും. ഐ.പി.സി.യിലൊന്നും ഈ വകുപ്പ് കാണില്ല, പക്ഷേ, അതങ്ങനെയാണ്. എല്ലാ കൊലക്കേസ്?പ്രതികളും തുല്യരല്ല, ചിലര്‍ അതുല്യരാണ്. ഇന്ത്യന്‍ പ്രതികളെപ്പോലെയല്ല ഫോറിന്‍ പ്രതികള്‍. അവര്‍ ഡീസന്റ് പാര്‍ട്ടീസാണ്. ഇപ്പോള്‍ത്തന്നെ നോക്കൂ, നമ്മുടെ നാട്ടിലെ പ്രതികള്‍ കോടതിയില്‍ തലകറങ്ങി വീണതായി അഭിനയിച്ചോ തള്ളവിരലിന്റെ അറ്റത്ത് വേദനയുണ്ടെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടോ ഒക്കെയാണ് പുറത്തിറങ്ങാന്‍ അനുമതി ചോദിക്കാറുള്ളത്. ഇറ്റലിക്കാര്‍ക്ക് അത്തരം കള്ളവും ചതിയുമൊന്നുമില്ല. ക്രിസ്മസ് ആഘോഷിക്കണം എന്നങ്ങ് നേരേചൊവ്വേ പറഞ്ഞു. ന്യായംതന്നെ എന്ന് നമുക്കും തോന്നിയില്ലേ?

എന്തായാലും ഇറ്റലിയില്‍ ആഘോഷം പൊടിപൊടിക്കുമെന്ന് ഉറപ്പുവരുത്താന്‍ നമ്മളെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇതില്‍ കോടതി, പോലീസ്, കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ ഭേദമില്ല. അശരണരുടെ കാര്യംവന്നാല്‍ നമ്മള്‍ അങ്ങനെയാണ്. കോടതി പ്രതികള്‍ക്ക് ക്രിസ്മസ് ആഘോഷജാമ്യം നല്‍കിയതോടെ മിന്നല്‍വേഗത്തില്‍ കടലാസ് നീങ്ങി. എന്തൊരു സ്?പീഡ് എന്ന് നാട്ടുകാര്‍ അന്തംവിട്ടുപോയി. ഒടുവില്‍ പുലര്‍ച്ചെയാണ് നാവികരെയും വഹിച്ചുകൊണ്ടുള്ള വിമാനം പൊങ്ങിയത്. നാവികര്‍ ശ്വാസംനേരേ വിടുന്ന ശബ്ദം ഇങ്ങ് താഴെ ഭൂമിയില്‍ കേള്‍ക്കാമായിരുന്നു. പുലരുംമുമ്പേയാണ് പോലീസ് ചെന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് നാടുകടത്തിയത്. ഇവിടെ പൊതുവേ ജയിലിലടയ്ക്കാനാണ് പുലരുംമുമ്പേ പോലീസ് ചെല്ലാറുള്ളത്. നാവികരെ എന്തേ നേരം പുലരുംമുമ്പ് ഇങ്ങനെ നാടുകടത്തിയത് എന്നസംശയം ഉയര്‍ന്നേക്കാം. പകലാവുമ്പോള്‍ സ്ഥിതി മാറിയേക്കുമെന്നതുതന്നെ കാരണം. വിശ്വസിക്കാന്‍ പറ്റില്ല. ഈ ഡിഫി പോലുള്ള സംഘടനകളിലെ വകതിരിവില്ലാത്ത ആരെങ്കിലും വിമാനം തടയാന്‍ ശ്രമിച്ചുകൂടെന്നില്ല. അല്ലെങ്കില്‍, നേരം പുലരുമ്പോഴേക്ക് വി.എസ്. അച്യുതാനന്ദനെപ്പോലെ ആരെങ്കിലും ഏതെങ്കിലും കോടതിയില്‍ച്ചെന്ന് ജാമ്യവിധി സ്‌റ്റേ ചെയ്യിച്ചുകൂടെന്നില്ല. പൊല്ലാപ്പാവും. രാജ്യത്തിന്റെ അന്താരാഷ്ട്രബന്ധങ്ങള്‍ തകരാറിലാകും. ഇറ്റലി നയതന്ത്രബന്ധം വിച്ഛേദിച്ചാലോ ? ലോകശക്തിയല്ലേ ഇറ്റലി, നമ്മുടെ കഞ്ഞി മുട്ടില്ലേ ?

വിമാനം കേറിപ്പോയവരുടെ പൊടി, ഇനി കേരളത്തിലെന്നല്ല, അറബിക്കടലിലൊരിടത്തും കാണില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അതിന് പ്രത്യേക ബുദ്ധിയൊന്നും വേണ്ട. വിദേശകോടതിയില്‍ കേസില്‍ പ്രതിയാണെന്നുവെച്ച് നമ്മളാരും ജയിലിലേക്ക് വിമാനം കേറിച്ചെന്ന് ‘എന്നാല്‍ ഞാനിവിടെ കിടന്നോട്ടെ’ എന്ന് ചോദിക്കാറില്ല. പോലീസ് അറസ്റ്റുചെയ്ത് നാടുകടത്തുമെങ്കിലേ നമ്മള്‍ പോകൂ. അതുതന്നെയേ വിദേശികളും ചെയ്യൂ. ഇറ്റലിക്കോടതിയില്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ കൊന്നതിന് കേസുണ്ട്. നാട്ടില്‍ച്ചെന്നാല്‍ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടാവും. കോടതി ജാമ്യംകൊടുക്കും, കോടതി അനുമതിയില്ലാതെ ഇറ്റലി വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍. പിന്നെയെങ്ങനെയാണ് ഇന്ത്യയില്‍ വരിക? ജാമ്യംവെച്ച ആറുകോടി രൂപ നമ്മുടെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടാന്‍ കഴിഞ്ഞില്ലെന്നുപോലും വരാം. അതുവേറെ കേസ്.

സോണിയാഗാന്ധി ഇറ്റലിക്കാരിയായതുകൊണ്ടാണ് ഇങ്ങനെ ഇറ്റലിക്കാരെ രാജ്യംകടക്കാന്‍ അനുവദിച്ചതെന്ന് ചിലര്‍ കരുതുന്നുണ്ട്. അതത്ര ശരിയല്ല. നമുക്ക് പൊതുവേ അത്തരം വിവേചനങ്ങളൊന്നുമില്ല. ബോഫോഴ്‌സ് കേസിലാണ് ഇതിനുമുമ്പൊരു ക്വത്‌റോച്ചി ഉള്‍പ്പെട്ടത്. ജാമ്യംകൊടുത്ത് നാട്ടിലേക്ക് അയച്ചു എന്നൊരു പരാതി അദ്ദേഹത്തിന്റെ കാര്യത്തിലുണ്ടായില്ല. അറസ്റ്റുചെയ്യുംമുമ്പ് നാടുകടക്കാനനുവദിക്കുകയാണ് ചെയ്തത്. ആയിരങ്ങളെ കാലപ്പുരിക്കയച്ച യൂണിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാന്‍ ധൈര്യമായി ഇന്ത്യയില്‍വന്നു, ജാമ്യം നേടി സ്ഥലംവിട്ടു. പിന്നെ ഈ വഴിക്ക് വന്നില്ല.ഫ്രഞ്ച് ചാരക്കേസിലെ വിദേശികളായ പ്രതികള്‍ രാജ്യംവിട്ട് സ്വദേശത്ത് സുഖിച്ചുജീവിക്കുകയാണ്, പ്രശ്‌നമില്ല. ഈ കേസില്‍ നമ്മുടെ നാട്ടുകാരനായ ഒരാള്‍ അവര്‍ക്കുകൂടി വേണ്ടിയാണെന്ന് തോന്നുന്നു ഇപ്പോഴും വിചാരണ നേരിടുന്നുണ്ട്. ഇനി വേണമെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട ശിക്ഷയും ഈ കക്ഷിയെക്കൊണ്ട് അനുഭവിപ്പിച്ചാല്‍ മതിയാകും. വിദേശികളാണെങ്കില്‍ നമ്മള്‍ പ്രത്യേക പരിഗണനനല്‍കും. ഇറ്റലിയാണെങ്കില്‍ സഹായത്തിന്റെ സ്?പീഡ് ഒന്നുകൂടുമെന്നേ ഉള്ളൂ.

ഇന്ത്യയില്‍ ജയിലിലായ ഇറ്റലിക്കാരെ സഹായിക്കാന്‍ അവിടത്തെ മന്ത്രിമാരും പ്രധാനമന്ത്രിതന്നെയും രംഗത്തിറങ്ങുമ്പോള്‍ വിദേശജയിലില്‍ കിടക്കുന്ന ഇന്ത്യന്‍പൗരന്‍മാരുടെ രക്ഷയ്ക്കുവേണ്ടി നമ്മളെന്താണ് ചെയ്യാറുള്ളത് എന്നചോദ്യവും കേള്‍ക്കാറുണ്ട്. വലിയ കഴമ്പൊന്നുമില്ല. വിദേശജയിലുകളില്‍ എത്ര ഇറ്റലിക്കാരുണ്ടാകും? അറിയില്ല. ചിലപ്പോള്‍ ഈ രണ്ട് നാവികര്‍തന്നെയേ ഇക്കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടാവൂ. അതാണോ ഇന്ത്യക്കാരുടെ സ്ഥിതി? ഗള്‍ഫ് രാജ്യങ്ങളിലെ ജയിലില്‍ ഏതെങ്കിലും ജര്‍മന്‍കാരനോ ഫ്രാന്‍സുകാരനോ ചെന്നുപെട്ടാല്‍ അവരെ പുറത്തിറക്കുന്നതുവരെ ആ രാജ്യത്തെ സര്‍ക്കാറിനെ പാശ്ചാത്യരാജ്യങ്ങള്‍ കിടത്തിപ്പൊറുപ്പിക്കില്ല എന്ന് കേട്ടിട്ടുണ്ട്. ഇന്ത്യാസര്‍ക്കാറിനെക്കൊണ്ട് അങ്ങനെയൊരു ഉപദ്രവം ഉണ്ടാവാറില്ലത്രെ. ഇന്ത്യയിലെ ജയിലുകളില്‍ എത്ര നിരപരാധികള്‍ കിടക്കുന്നു. ഇന്ത്യന്‍ ജയിലുകളേക്കാള്‍ മോശമാവില്ലല്ലോ വിദേശജയിലുകളിലെ ജീവിതം. അറേബ്യന്‍വെസ്‌റ്റേണ്‍ ടേസ്റ്റ് ആസ്വദിച്ച് അവിടെ കിടക്കുന്നവരെ എന്തിന് വിഷമിച്ച് മോചിപ്പിച്ച് കഷ്ടപ്പെടുത്തണം?

Leave a Reply

Your email address will not be published. Required fields are marked *

Go Top