തെരുവുയോഗങ്ങള്‍ തടയുന്നതോടെ ഇവിടത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം തെരുവാധാരമാകും എന്ന് പാര്‍ട്ടിക്കാര്‍ കരുതുന്ന ലക്ഷണമുണ്ട്. ഇതുവരെ കോടതിയില്‍നിന്നുണ്ടായതില്‍വെച്ചേറ്റവും ജനവിരുദ്ധമായ വിധിയാണ് തെരുവുയോഗക്കാര്യത്തില്‍ ഉണ്ടായതെന്ന് ആരും പറയില്ല. തൊഴിലാളിവര്‍ഗത്തിന്റെയും വിപ്ലവപ്രസ്ഥാനത്തിന്റെയും കഴുത്തില്‍ കത്തിവെക്കാന്‍ മുതലാളിത്ത-സാമ്രാജ്യത്വ-ബൂര്‍ഷ്വാ മൂടുതാങ്ങി സ്ഥാപനമായ ജുഡീഷ്യറി എക്കാലവും ശ്രമിച്ചുപോന്നിട്ടേയുള്ളൂ. ആരെയെല്ലാം ജയിലിലടച്ചിരിക്കുന്നു, ഏതെല്ലാം പുരോഗമനനിയമങ്ങള്‍ ശൂര്‍പ്പണഖയുടെ അവയവങ്ങള്‍ ഛേദിച്ചതുപോലെ വെട്ടിമുറിച്ച് നാനാവിധമാക്കിയിരിക്കുന്നു, സഖാവ് ഇ.എം. ഉള്‍പ്പെടെ ആരുടെയെല്ലാം വായ മൂടിക്കെട്ടാന്‍ ശ്രമിച്ചിരിക്കുന്നു. അങ്ങനെയൊന്നും ബൂര്‍ഷ്വാകോടതി ചെയ്തില്ലെങ്കിലാണ് കമ്യൂണിസ്റ്റുകാര്‍ അത്ഭുതപ്പെടുക. അതുകൊണ്ട് കുറെക്കാലമായി കോടതിയുടെ മേക്കിട്ടു കേറാനൊന്നും സി.പി.എമ്മുകാര്‍ മിനക്കെടാറില്ല. കോടതിക്കു കോടതിയുടെ പണി, നമുക്കു നമ്മുടെ പണി എന്ന മട്ടില്‍ രണ്ടും രണ്ടുവഴിക്കു പോകാറാണ് പതിവ്. സ്വാശ്രയ കോളേജ് നിയമം അറുത്തുമുറിച്ച് അംഗവിഹീനമാക്കിയപ്പോഴും ബന്ദുകള്‍ക്കു മേല്‍ സമ്പൂര്‍ണ നിരോധനമേര്‍പ്പെടുത്തിയപ്പോഴുമൊന്നും കണ്ണൂര്‍ ജയരാജവിജയന്മാരുടെ നാവിന് ഇങ്ങനെ തീപിടിച്ചിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണാതീതമാണ്. ആര്‍ എപ്പോള്‍ ആരുടെ മേക്കിട്ടുകയറും എന്നൊന്നും പറയാനാവില്ല. എന്തും സംഭവിക്കാം. ഹൈക്കോടതി വളയാം, വളഞ്ഞ് ‘റ’ പോലെയാകാം, ജഡ്ജിമാരെ ഘെരാവോ ചെയ്യാം, അവരെ തെരുവില്‍ തടയാം, തരം കിട്ടിയാല്‍ രണ്ടുകൊടുക്കാം, ജഡ്ജി ചേംബറുകള്‍ അടിച്ചുപൊളിക്കാം, ജഡ്ജിമാര്‍ക്കെതിരെ വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ പറഞ്ഞയയ്ക്കാം-എന്തെല്ലാം ഇനി കാണാനിരിക്കുന്നു.
കോടതി കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം അപ്പടി നിരോധിച്ചെന്നു തോന്നും പ്രതിഷേധത്തിന്റെ രൂക്ഷത കണ്ടാല്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ചാല്‍ ഇത്രയും ഒച്ചപ്പാട് ഉണ്ടായെന്നു വരില്ല. രാഷ്ട്രീയപ്രവര്‍ത്തകരുടെ സ്ഥായിയായ വാസസ്ഥലം തെരുവാണ്. അവിടെയാണല്ലോ ജനത്തെ കാണുക. പ്രകടനങ്ങളും യോഗങ്ങളും മാത്രമല്ല എല്ലാ തെരുവോരസര്‍ക്കസ്സുകളും അവിടെയാണ് അരങ്ങേറുക. കോടതിയുടെ താമസം ദന്തഗോപുരങ്ങളിലാണ്. ജനത്തെ അധികം കണ്ടുകൂടാ. താഴെ കിടക്കുന്നവര്‍ക്ക് മേലോട്ടും മേലെ കിടക്കുന്നവര്‍ക്കു താഴോട്ടും നോക്കാന്‍ കഴിയാറില്ല. തെരുവില്‍ കിടക്കുക മോശം കാര്യമല്ല. പക്ഷേ, സൂക്ഷിച്ചു സൈഡില്‍ കിടക്കണം. ഇല്ലെങ്കില്‍ വണ്ടികയറി മരിക്കും. തെരുവില്‍ അതിജീവിക്കുക പ്രയാസമായതുകൊണ്ട് പലരുടെയും പെരുമാറ്റത്തിനും സംസാരത്തിനും സംസ്‌കാരത്തിനുതന്നെയും പിച്ചാത്തിയുടെ മാര്‍ദവമായിരിക്കാം. ദന്തഗോപുരത്തിലുള്ളവര്‍ക്ക് അതുമായി ഒത്തുപോകാനാവില്ല. കണ്ടാലും കേട്ടാലും അവര്‍ ഞെട്ടും. ആ നിലവാരത്തിലേക്കു വരാന്‍ അവര്‍ക്കു കഴിയില്ല.
ഇതിനകം എത്രയെത്ര അസ്വീകാര്യകോടതിവിധികള്‍ വന്നിരിക്കുന്നു. പ്രകടനം നടത്തിയും തെറിവിളിച്ചുമല്ല പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയെ കൈകാര്യം ചെയ്യാറുള്ളത്. ഒരു കോടതിക്കു മേലെ എത്രയോ കോടതികള്‍ നില്‍ക്കുന്നു. സര്‍ക്കാറിന് ഒരു അപ്പീല്‍ സമര്‍പ്പിച്ച് വാദിച്ചുജയിക്കാവുന്ന കേസേ ഉള്ളൂ തെരുവുയോഗപ്രശ്‌നത്തില്‍. ഹൈക്കോടതിയില്‍ കേസ് വന്നപ്പോള്‍ വാദിക്കാന്‍ പോലും ശ്രമിച്ചില്ലെന്നത് സാരമില്ല. അപ്പീലോ റിവിഷന്‍ പെറ്റീഷനോ എന്താണെന്നു വെച്ചാല്‍ അതു ഫയല്‍ ചെയ്യാം, രാഷ്ട്രീയകക്ഷികള്‍ക്കു കേസില്‍ കക്ഷിചേരാം. ലാവലിന്‍ കേസിലൊക്കെ ചെയ്തതുപോലെ കിടിലന്‍ വക്കീലന്മാരെ കൊണ്ടുവന്ന് വാദിക്കാം. ഇനി അതൊന്നും നടന്നില്ലെങ്കിലും സാരമില്ല, നിയമസഭയ്ക്ക് കോടതിവിധിയെ മറികടക്കുന്ന തരത്തില്‍ നിയമം ഉണ്ടാക്കാവുന്നതുമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗമോ പ്രകടനമോ നടത്തുമ്പോള്‍ അതുവഴി വെറുതെ നടക്കുന്നതും കാറോടിക്കുന്നതും കുറ്റകരവും ജനാധിപത്യവിരുദ്ധവുമാണ് എന്നു വകുപ്പെഴുതിച്ചേര്‍ക്കാം. എത്രയെത്ര വിധികളെ അങ്ങനെ മറികടന്നിരിക്കുന്നു. അല്ലാതെ പ്രക്ഷോഭം നടത്തി പെട്രോള്‍വില കുറയ്ക്കാന്‍ പോലും കഴിയുന്നില്ല, പിന്നെയല്ലേ കോടതിവിധി തിരുത്തിക്കുന്നത്. ലോകത്തെങ്ങും അങ്ങനെ വിധി മാറ്റിയതായി ചരിത്രമില്ല. പിന്നെയെന്തിനാണ് നാട്ടിലെങ്ങും ഈ പെരുമഴയത്ത് കോടതിയെ തെറിവിളിച്ച് ജാഥയും പ്രസംഗവും നടത്തുന്നത് !
കോടതിയെയും ജഡ്ജിയെയും സംസ്‌കൃതത്തില്‍ അധിക്ഷേപിക്കുന്നതില്‍ ന്യൂസ് വാല്യു കുറച്ചേറെയുണ്ട്. പ്രതിപക്ഷത്തായ കാലത്ത് സ്ഥലം എസ്.ഐ.മാരെ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ ശുംഭന്‍, ഉണ്ണാമന്‍, കൊഞ്ഞാണ്ണന്‍ തുടങ്ങിയ മധുരമനോഹര പദാവലികള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യാറുള്ളതാണ്. അതിനൊന്നും മാധ്യമക്കാര്‍ ഒരു പ്രാധാന്യവും കൊടുക്കാറില്ലല്ലോ. ജഡ്ജിമാരെ ആ നിലവാരത്തിലേക്ക് ഉയര്‍ത്താറില്ല. മുമ്പ് ചെയ്യാത്തതെന്തെല്ലാം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. കളി കൈവിട്ടാല്‍ ഫൗളുണ്ടായെന്നുവരും; ഉന്തും തള്ളും മാത്രമല്ല ചവിട്ടും കുത്തുമുണ്ടായെന്നുവരും. കോടതി മഞ്ഞക്കാര്‍ഡ് കാട്ടി പേടിപ്പിക്കാനൊന്നും നോക്കേണ്ട. ഭരണത്തിന്റെ കളി തീര്‍ക്കുന്ന ലാസ്റ്റ് വിസിലിനു സമയമായിത്തുടങ്ങുന്നു. അണികളെ തിളപ്പിച്ചു നിര്‍ത്തണമെങ്കില്‍ ഇങ്ങനെ വല്ലതും കണ്ടെത്തിയല്ലേ പറ്റൂ. ഇങ്ങോട്ടു കടിക്കാത്ത എന്തിനെയെങ്കിലും അങ്ങോട്ടു ചെന്ന് കടിക്കണം. ജഡ്ജിമാര്‍ക്കു പത്രസമ്മേളനം വിളിച്ച് രാഷ്ട്രീയം പറയാനാവില്ല. വിമര്‍ശനം വണ്‍വേ ട്രാഫിക്കാകുമ്പോള്‍ കണ്ണടച്ചു വണ്ടിവിടാം, ഇങ്ങോട്ടുവന്നിടിക്കില്ല. കോടതിയലക്ഷ്യത്തിനു കേസെടുക്കുക മാത്രമാണ് കോടതിക്കു ചെയ്യാനാവുക. അതും നല്ല പബ്ലിസിറ്റിയാണ്. ഇനി കുറച്ചുദിവസം ജയിലിലിട്ടാലും കുഴപ്പമില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിറയെ സഖാക്കളാണ്. തെരുവാണോ എന്നൊന്നും നോക്കാതെ നിന്നു പ്രസംഗിക്കാം. ബാക്കിസമയം വിശ്രമിക്കാം. ജയിലില്‍ പോയാലല്ലാതെ നേതാക്കള്‍ക്കു വിശ്രമിക്കാന്‍ സമയം കിട്ടാറില്ലല്ലോ.
ഇതെല്ലാമാണെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകരുടെ രോഷത്തില്‍ കാര്യമില്ലാതില്ല. ഭരണഘടനയുണ്ടാക്കിയവര്‍ നിയമമുണ്ടാക്കുന്ന പണി ഏല്പിച്ചിരിക്കുന്നത് കോടതിയെ അല്ല, ജനപ്രതിനിധികളെയാണ്. അപ്പണി കുറേശ്ശെക്കുറേശ്ശെയായി കോടതികള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാമിങ്ങനെ കോടതിയേറ്റെടുത്താല്‍ ജനപ്രതിനിധികള്‍ തൊഴില്‍രഹിതരാകും; തെരുവാധാരവുമാകും. ജനാധിപത്യം ജഡ്ജാധിപത്യമാകും. നീതിക്കും പൊതുതാത്പര്യത്തിനും ഭരണഘടനാതത്ത്വങ്ങള്‍ക്കുമിടയിലുള്ള ശൂന്യതകള്‍ നികത്താന്‍ കോടതിക്കു ബാധ്യതയുണ്ട്. പക്ഷേ, നിയമം നടപ്പാക്കാനുള്ള സംവിധാനമില്ലാതെ കോടതി നിയമമുണ്ടാക്കിയാല്‍ ബന്ദ് നിരോധിച്ചതുപോലിരിക്കും. റോഡിലെ പുകവലി നിരോധിച്ചതുപോലിരിക്കും റോഡിലെ പൊതുയോഗനിരോധനവും. നിയമസഭാംഗങ്ങള്‍ ജഡ്ജിക്കസേരയില്‍ കേറിയിരുന്ന് വിധിപ്രസ്താവനകള്‍ നടത്തുംപോലെ ഭരണഘടനാവിരുദ്ധമാകും ജുബ്ബയും മുണ്ടുംധരിച്ച് ജഡ്ജിമാര്‍ നിയമനിര്‍മാതാക്കളായി മാറുന്നതും.
തെരുവുയോഗനിരോധനം ഈ പരിധിയിലൊന്നും വരില്ല കേട്ടോ. തെരുവില്‍ ഗതാഗതം മുടക്കി യോഗം നടത്താന്‍ അനുവദിക്കുന്ന ഒരു നിയമവും നാട്ടിലില്ല. ഗതാഗതം മുടക്കുന്നവര്‍ക്കെതിരെ കേസെടുക്കാം. ജനത്തിന്റെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ വലുതല്ല മറ്റൊരു സ്വാതന്ത്ര്യവും. പിന്നെ, കോടതി പറഞ്ഞാലും രാഷ്ട്രീയക്കാരെയേ പിടികൂടൂ. മതാചാരങ്ങളെ തൊടാന്‍ ആര്‍ക്കും ധൈര്യമില്ല. റോഡില്‍ അടുപ്പുകൂട്ടി കഞ്ഞിവെച്ചു നഗരത്തെ നിശ്ചലമാക്കുന്നതുപോലുള്ള ആരാധനാക്രമങ്ങള്‍ തടയാനാര്‍ക്കുകഴിയും?
*** *** ***
ഒരു കുറ്റത്തിന് രണ്ടുശിക്ഷ പാടില്ല എന്നൊരു തത്ത്വം പറഞ്ഞുകേള്‍ക്കാറുണ്ട്. കുറ്റവാളികള്‍ക്കൊക്കെയേ അതു ബാധകമാവൂ എന്നാണ് തോന്നുന്നത്. പൊതുജനത്തിനു ബാധകമല്ല. രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പ്രശ്‌നത്തില്‍ ഒരു സംസ്ഥാനത്തിലെ ജനംമാത്രം രണ്ടു ബന്ദര്‍ത്താല്‍ അനുഭവിക്കുവാന്‍ എന്തു കുറ്റമാണ് ചെയ്തതെന്ന് ആരും പറഞ്ഞുതരുന്നില്ല. ഇടതുപക്ഷത്തെ മുഖ്യശക്തിയായി നിലനിര്‍ത്തുന്നതാണ് കേരളീയര്‍ ചെയ്ത അപരാധമെന്ന് പറഞ്ഞുപരത്തുന്നുണ്ട് യു.ഡി.എഫുകാര്‍. അതില്‍ കഴമ്പില്ല. കേരളത്തേക്കാള്‍ വലിയ ഇടതുകോട്ടകളായ പ.ബംഗാളിലും ത്രിപുരയിലും ഹര്‍ത്താല്‍ ഒന്നേ ഉള്ളൂ. കേരളീയരായി ജനിച്ചുപോയതുതന്നെയാവും നമ്മുടെ കുറ്റം.
കോണ്‍ഗ്രസ്സുകാര്‍ക്ക് ഇടതുപക്ഷക്കാരോടുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണ്. കൊടുംപാതകമാണ് പെട്രോള്‍ വിലവര്‍ധനയിലൂടെ കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍ ജനത്തോട് ചെയ്തത്. ആ രോഷത്തിന്റെ നല്ലൊരു പങ്ക് പിറ്റേന്ന് പൊടുന്നനെ ഉണ്ടായ ഹര്‍ത്താലോടെ ഒലിച്ചുപോയി. പിന്നെ ഹര്‍ത്താലുകാരോടായി ജനരോഷം. ഇനിയും രോഷം ബാക്കിയുണ്ടെങ്കില്‍ അതു തിങ്കളാഴ്ചയോടെ ഇല്ലാതായ്‌ക്കൊള്ളും. ഒരാഴ്ച ഇടവിട്ട് ഓരോ ഹര്‍ത്താല്‍ നടത്തുന്നതിനു പകരം മാവോവാദികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളും ചെയ്യുംപോലെ തുടര്‍ച്ചയായി രണ്ടും മൂന്നും ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാവും നല്ലത്. പിന്നെ ജനം പെട്രോള്‍ എന്നൊരു വാക്ക് മിണ്ടില്ല.