ഒഴിവുകാല കോണ്‍ഗ്രസ് വിനോദങ്ങള്‍

ഇന്ദ്രൻ

വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനിടയില്‍ ഫലമറിയണം. അതാണ് സ്വാഭാവികമായ രീതി. ഒന്നരമാസം കാത്തിരിക്കേണ്ടിവരുന്നത് തീര്‍ത്തും പ്രകൃതിവിരുദ്ധമാണ്. അത് രാഷ്ട്രീയക്കാരുടെ മാനോവ്യാപാരങ്ങളെയും പെരുമാറ്റത്തെയും മറ്റ് സ്വഭാവവിശേഷങ്ങളെയും എങ്ങനെ ബാധിക്കും എന്ന് കണ്ടെത്താന്‍ വല്ല പഠനവും നടന്നിട്ടുണ്ടോ? നടന്നിട്ടില്ലെങ്കില്‍ നടത്തേണ്ടതാണ്. ആ വോട്ട് കിട്ടിയോ ഈ വോട്ട് കിട്ടിയോ ജയിക്കുമോ തോല്‍ക്കുമോ എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ മനുഷ്യന് എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്താനാവുക, രണ്ടിലൊന്നറിയാതെ ഉറങ്ങുന്നതെങ്ങനെ. ഇരുപതില്‍ ഇരുപത് കിട്ടും നൂറില്‍ നൂറുകിട്ടും എന്നെല്ലാം ഊണിലും ഉറക്കത്തിലും പറഞ്ഞുകൊണ്ടിരിക്കാം കുറച്ചുനാള്‍. തുടര്‍ന്നും അത് പറയാന്‍ തുടങ്ങിയാല്‍ നാട്ടുകാര്‍ പിടിച്ച് മാനസികരോഗാസ്​പത്രിയിലാക്കും. അതുപറ്റില്ല. അലസമനസ്സ് പിശാചിന്റെ പണിശാലയാണ് എന്ന് പറഞ്ഞിട്ടുണ്ട് ജ്ഞാനികള്‍. കോണ്‍ഗ്രസ്സിലാണ് പ്രശ്‌നം രൂക്ഷം. എത്രയെത്ര പിശാചുകളാണ് പ്രാന്തുപിടിച്ച് മാന്തുകയും കടിക്കുകയും ഒക്കെ ചെയ്യുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഇനിയും പത്തിരുപത് ദിവസമുണ്ട്. അടുത്തദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല.

വെറുതെ ഇരിക്കുന്നതാണ് പ്രശ്‌നം, എന്തെങ്കിലും പണിയായിക്കോട്ടെ എന്ന് വിചാരിച്ചതാവും കെ.പി.സി.സി. പ്രസിഡന്റ്. 20 മണ്ഡലങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അദ്ദേഹം ഭാരവാഹികളോട് ആവശ്യപ്പെട്ടത്. അത് വിനയായി. മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് വെടിയും തീയും പോലെ ഫലമറിയാറാണ് പതിവ്. പോസ്റ്റ്‌മോര്‍ട്ടത്തിന് സമയം കിട്ടാറില്ല. ജയിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല. തോറ്റത് എന്തുകൊണ്ട് എന്നല്ലാതെ ജയിച്ചത് എന്തുകൊണ്ട് എന്ന് ആരും അന്വേഷിക്കാറില്ലല്ലോ. തോല്‍വി ഉണ്ടായാല്‍ കെ.പി.സി.സി. പ്രസിഡന്റ് ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം പ്രഖ്യാപിക്കുകയാണ് കീഴ്വഴക്കം. തെന്നല ബാലകൃഷ്ണപ്പിള്ളയെയോ ഉപദ്രവകാരിയല്ലാത്ത മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്തും. അവര്‍ മാന്യന്മാരായതുകൊണ്ട് റിപ്പോര്‍ട്ടില്‍ ആരെയും കുറ്റപ്പെടുത്താറില്ല. ഇനി പെടുത്തിയാലും സാരമില്ല. ഭദ്രമായി കെട്ടിസൂക്ഷിക്കുന്ന റിപ്പോര്‍ട്ടില്‍ എന്തുണ്ടായാലെന്ത് ? മുമ്പെന്നോ നടന്ന തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ ഏതോ മാധ്യമം ചോര്‍ത്തിയതായി പത്രങ്ങളില്‍ കണ്ടിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെപ്പോലും ആ റിപ്പോര്‍ട്ടിന് ചത്തകുഞ്ഞിന്റെ ജാതകത്തിനുള്ള വിലയേ ഉള്ളൂ. എടുത്തുനോക്കിയാല്‍ കുഞ്ഞിന് രാജയോഗവും ഉന്നതസ്ഥാനലബ്ധിയും ഉണ്ടെന്ന് വായിക്കാനായേക്കും. എന്ത് കാര്യം?

ഇപ്പോള്‍ ഗ്രൂപ്പ് ഇടപാടുകളെല്ലാം പരമാവധി വികേന്ദ്രീകരിച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഒരേ ഗ്രൂപ്പുകള്‍ എന്നത് കാലഹരണപ്പെട്ട സമ്പ്രദായമാണ്. അപ്പോഴപ്പോള്‍ ആവശ്യത്തിന് രൂപം കൊള്ളുകയും പിരിഞ്ഞുപോകുകയും ചെയ്യുക എന്നതാണ് ഗ്രൂപ്പുകളെ സംബന്ധിച്ച പുതിയ കാഴ്ചപ്പാട്. ആലപ്പുഴ ഉദാഹരണമായി എടുത്തോളൂ. ഷാനിമോള്‍, വേണുഗോപാലിന് എതിരെ, ഷുക്കൂര്‍ ഷാനിമോള്‍ക്ക് എതിരെ, സുഗതന്‍ ഷുക്കൂറിനെതിരെ… ഉണ്ടുറങ്ങി സമയം കളയുമ്പോഴാണ് പെട്ടെന്ന് ഓരോ ബോധോദയങ്ങളുണ്ടാവുക. ഷാനിമോള്‍ വോട്ടുമറിച്ചു! കോണ്‍ഗ്രസ്സുകാരെക്കുറിച്ചും ബി.ജെ.പി.ക്കാരെക്കുറിച്ചും കേള്‍ക്കുന്ന ആരോപണമാണ് ഇത്. സ്വയം നാല് വോട്ട് പിടിക്കാന്‍ ശേഷിയില്ലാത്തവരെക്കുറിച്ചാണ് ഈ ആരോപണമുണ്ടാവുക. അവര്‍ക്കും അതൊരു അന്തസ്സാണല്ലോ. ഇക്കുറി ആരോപണങ്ങളുടെ തോതുനോക്കുമ്പോള്‍ യു.ഡി.എഫില്‍ വോട്ട് പിടിച്ചവരേക്കാള്‍ കൂടുതല്‍ വോട്ട് മറിച്ചവരാണ് ഉള്ളത് എന്ന് തോന്നിപ്പോകും. മെയ് 16നേ നിജസ്ഥിതി അറിയൂ.

വാര്‍ത്താക്ഷാമവും വിവാദദാരിദ്ര്യവും ചാനലുകളുടെ കച്ചവടം പൂട്ടിക്കുന്ന നിലയിലെത്താന്‍ പാടില്ലല്ലോ.

വാര്‍ത്തയില്ലാത്ത കാലത്ത് ഗ്രൂപ്പിസത്തില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതും തെറ്റല്ല. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുധാകരനെതിരെ മുഖ്യ പ്രചാരകരിലൊരാളായിരുന്ന പി. രാമകൃഷ്ണന്‍ കിടിലന്‍ പരാമര്‍ശങ്ങള്‍ നടത്തിയത്, രഹസ്യ ടേപ്പ്‌റെക്കോഡറിലൂടെ നാട്ടില്‍ പാട്ടാവുമെന്ന് അറിയാതെയായിരുന്നുവത്രെ. ഉള്ളത് ഉള്ളതുപോലെ പറഞ്ഞില്ലെങ്കില്‍ ഉറക്കംവരാത്ത ആളെന്ന ചീത്തപ്പേര് രാമകൃഷ്ണനുണ്ടല്ലോ. ഏറിയും കുറഞ്ഞും എല്ലാ ജില്ലകളിലും അരങ്ങേറുന്നുണ്ട് ഈ ഇനം അടിപിടികള്‍, കോമഡികള്‍, കാലുവാരലുകള്‍, ചവിട്ടുനാടകങ്ങള്‍, വടിപ്പയറ്റുകള്‍…

ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ സ്ഥാനാര്‍ഥിക്കെതിരെ കെ.പി.സി.സി. യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രസിഡന്റിന് രസിച്ചില്ല. കെ.പി.സി.സി.യിലല്ലാതെ താനിതെല്ലാം എവിടെയാണ് പറയുക എന്ന് ഷാനിമോള്‍ ചോദിച്ചത് ന്യായം. പാര്‍ട്ടിവേദികളില്‍ മാത്രമേ പാര്‍ട്ടി വിമര്‍ശനങ്ങള്‍ പാടുള്ളൂ എന്ന് നിലപാടുള്ള ആളാണ് പ്രസിഡന്റ്. മുമ്പ് അങ്ങനെയൊരു വകഭേദം അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ കോണ്‍ഗ്രസ്സുകാര്‍, പാര്‍ട്ടിവേദി എന്ന ആശയംതന്നെ ഉപേക്ഷിക്കേണ്ടതാണ്. എന്തും എവിടെയും പറയാം എന്ന ആശയമാണ് ശരി. ഷാനിമോള്‍ ആലപ്പുഴ അങ്ങാടിയില്‍ മൈക്ക് കെട്ടി വേണുഗോപാലിനെക്കുറിച്ച് എന്ത്് അപരാധം പറഞ്ഞാലും അത് അമ്പതോ അറുപതോ പ്രവര്‍ത്തകരേ കേള്‍ക്കൂ. പക്ഷേ, കെ.പി.സി.സി. യോഗത്തിലാണ് അത് പറയുന്നതെങ്കില്‍ മാധ്യമങ്ങളിലൂടെ ജനമറിയും. അതുകൊണ്ട് അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ ആരോപണങ്ങളും രഹസ്യങ്ങളും അങ്ങാടിയില്‍ പറയണം.

ദുഷ്‌കര്‍മങ്ങളിലേര്‍പ്പെടുന്നവര്‍ക്കും ഏര്‍പ്പെട്ടേക്കുമെന്ന് സംശയിക്കുന്നവര്‍ക്കും എതിരെ കെ.പി.സി.സി. പ്രസിഡന്റ് കര്‍ശനനടപടിയെടുക്കും.

ആദ്യപടിയായി എല്ലാവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസയയ്ക്കും. നടപടിയെടുക്കാതിരിക്കാനുള്ള കാരണമാണ് കാണിക്കേണ്ടത്. മിക്കവാറും അതിനുള്ള കാരണമൊന്നും കാണില്ല. നോട്ടീസ് തീര്‍ന്നുപോകരുതല്ലോ. അതുകൊണ്ട് എത്ര പാര്‍ട്ടി മെമ്പര്‍മാര്‍ ഉണ്ടോ അത്ര നോട്ടീസ് എന്നാണ് തീരുമാനിച്ചിട്ടുള്ളത്. നോക്കാമല്ലോ.

***

മദ്യം വിഷമാണ്, പക്ഷേ, അത് നല്ലനിലവാരമുള്ള ഇടത്തേ കൊടുക്കാവൂ എന്നതാണ് നയം. സംസ്ഥാനത്ത് അഞ്ഞൂറോളം ബാറുകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താതെയാണത്രെ വിഷം കൊടുത്തുകൊണ്ടിരുന്നത്. ഉന്നതതലത്തില്‍ അന്വേഷണമോ കോടതി ഇടപെടലോ എന്തെല്ലാമോ നടന്നശേഷമാണ്, രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന

നിര്‍ണായക ഘട്ടമായിരുന്നിട്ടും ബാറുകള്‍ പൂട്ടിയത് കടന്ന കൈയായിപ്പോയി. വോട്ടെടുപ്പ് കഴിഞ്ഞോട്ടെ എന്നാരും പറഞ്ഞില്ല.

വിഷവില്പനകേന്ദ്രങ്ങളുടെ നിലവാരം നിര്‍ണയിക്കുന്നതിന്റെ മാനദണ്ഡമെന്ത്്, എന്തെല്ലാം സൗകര്യങ്ങളാണ് മദ്യ ഉപഭോക്താക്കളുടെ സുഖസൗകര്യത്തിന് അവിടെ ഏര്‍പ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളൊന്നും ആരും വിശദീകരിച്ചുകണ്ടില്ല. നിലവാരം ഉണ്ടാക്കുന്നത് നിശ്ചിതസമയത്തിനകം ചെയ്താല്‍ മതി, തത്കാലം കച്ചവടം മുടങ്ങേണ്ട എന്നാണ് ചിലരെല്ലാം പറയുന്നത്. മദ്യലോബിയാവും അത്.

കെ.പി.സി.സി. പ്രസിഡന്റ് ഉള്‍പ്പെടുന്ന മദ്യവിരുദ്ധലോബിയാവട്ടെ നിലവാരമുയര്‍ത്തല്‍ പിന്നീടുപോരാ, ഇപ്പോള്‍തന്നെ വേണം എന്ന് വാശിപിടിക്കുകയാണ്. ഹാവൂ, മദ്യപര്‍ക്കില്ല മദ്യപരോട് ഇത്ര സ്‌നേഹം. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയോ എന്ന് നോക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ പോയിനോക്കണം എന്നും പറയുന്നുണ്ട് ചില കൂട്ടര്‍. ഹൈക്കോടതി ജഡ്ജിമാരുടെ ഒരു സംഘം ആയാല്‍ മുഷിയുമോ എന്തോ…

എന്തുകൊണ്ടാണ് എന്നറിയില്ല, ബാറില്‍ ചെന്നിരുന്ന് കുടിക്കുന്നവരോട് മാത്രമേ മദ്യവിരുദ്ധ ആദര്‍ശവാദികള്‍ക്കും സര്‍ക്കാറിനും താത്പര്യമുള്ളൂ. അവിടെ എ.സി. വേണം, ശുദ്ധവെള്ളം വേണം, അതുവേണം, ഇതുവേണം. നാട്ടിലെ ഭൂരിപക്ഷം മദ്യ ഉപഭോക്താക്കള്‍ മദ്യം വാങ്ങുന്നത് ബിവറേജസ് കോര്‍പ്പറേഷന്റെ സ്റ്റാളുകളില്‍ ക്യൂനിന്നിട്ടാണ്. അവിടത്തെ പൊരിവെയിലിന്റെ നിലവാരമെന്താണ്? വില്പനവസ്തു ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍ കൊടുക്കാത്ത ഏക കച്ചവടസ്ഥാപനം ഇതാവും. സ്വര്‍ഗത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ മഹാന്മാര്‍ ഇത്ര ക്ഷമയോടെ നിന്നുകാണില്ല. എന്തേ ഇവിടെയൊന്നും നിലവാരം വേണ്ടേ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top