ഇറ്റലിക്കാര്‍ക്ക് വരാനും വെടിവെക്കാനും കണ്ട സമയം കേമം തന്നെ. കുഞ്ഞുങ്ങള്‍ക്ക് കിണറ്റില്‍ വീഴാന്‍ കണ്ടൊരു നേരമേ എന്ന് പണ്ട് നമ്പൂര്യച്ചന്‍ പറഞ്ഞതാണ് ഓര്‍മവരുന്നത്. പിറവത്ത് ജീവന്മരണ പോരാട്ടം നടക്കുന്ന വിവരമൊന്നും ഇറ്റലിക്കാര്‍ അറിഞ്ഞിരുന്നില്യേ ആവോ. വേറെ ഏതെങ്കിലും ഇനം സായിപ്പ് ആയിരുന്നു നമ്മുടെ കടലില്‍ വന്ന് ഈ വിധം അക്രമം കാട്ടിയിരുന്നതെങ്കില്‍ അതില്‍ ഗൂഢ സാമ്രാജ്യത്വ അജന്‍ഡ ഉണ്ടെന്നെങ്കിലും പറഞ്ഞുനില്‍ക്കാമായിരുന്നു. ഇറ്റലിക്കെന്ത് അജന്‍ഡ. യൂറോപ്പിലെ ദരിദ്രവാസി രാജ്യം എന്നൊക്കെ ഇറ്റലിയെ വിശേഷിപ്പിക്കാറുണ്ട്. മാഫിയകള്‍ക്ക് മാത്രമേ അവിടെ പഞ്ഞമില്ലാതുള്ളൂ. കേരളത്തിലെപ്പോലെ ദരിദ്രവാസി മാഫിയകള്‍ അല്ല, കിടിലന്‍ ഒറിജിനല്‍ മാഫിയകളാണ്. എന്തായാലും, നമുക്ക് ഇറ്റലിയെ തള്ളാന്‍ പറ്റില്ല, കൊള്ളാനും. വലിയ പൊല്ലാപ്പുതന്നെ.
സോണിയാജി ഇറ്റലിക്കാരിയാണ്. അതുകൊണ്ടാണ് സംസ്ഥാനമോ കേന്ദ്രമോ കടല്‍ക്കൊല പ്രശ്‌നത്തില്‍ യാതൊന്നും ചെയ്യാത്തതത്രെ. തടി കേടാക്കുന്ന പ്രചാരണമാണിത്. പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ കടുകട്ടിയായ ഉപതിരഞ്ഞെടുപ്പാണ് പിറവത്ത് നടക്കുന്നത്. ചരിത്രത്തില്‍ത്തന്നെ ഇങ്ങനെയൊരു ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടാവില്ല. രണ്ട് സീറ്റിന്റെ മേല്‍ക്കോയ്മ ഉണ്ടായിട്ടും കഴിഞ്ഞ ബജറ്റ് കാലത്ത് വീണു വീണില്ല എന്ന മട്ടില്‍ തലനാരിഴയ്ക്കാണ് മന്ത്രിസഭ അതിജീവിച്ചത്. ആരോ അങ്ങാടിയില്‍ പോയ നേരത്ത് നടന്ന വോട്ടെടുപ്പില്‍ മന്ത്രിസഭ മൂക്കുകുത്തി വീഴാന്‍ പോയതാണ്. പിറവം ജയിച്ചാല്‍പ്പോലും ദുര്‍ബലയും ഗര്‍ഭിണിയുമായ മന്ത്രിസഭയുടെ നില മാറില്ല. തോറ്റാല്‍ പിന്നെയുണ്ടാവുക ഏകാംഗഭൂരിപക്ഷമാണ്. നിയമസഭ ചിലപ്പോഴെങ്കിലും പഴയ കാസ്റ്റിങ് വോട്ട് കാലഘട്ടത്തിലേക്ക് കടക്കും. ഓരോ ഭരണകക്ഷി എം.എല്‍.എ.യിലും ഒരു പൊട്ടന്‍ഷ്യല്‍ ലോനപ്പന്‍ നമ്പാടന്‍ ഉണ്ടെന്നിരിക്കേ മന്ത്രിസഭയുടെ പോക്ക് നടുക്കടലിലെ ചോരുന്ന കപ്പല്‍പോലെയാകും.
ദുഃസ്വപ്നങ്ങള്‍ യു.ഡി.എഫിന്റെ ഉറക്കം കെടുത്തുന്നതിനിടയിലാണ് വെടിപൊട്ടിയത്. പിന്നെ വിവാദങ്ങളുടെ അലകടലിളകി. സോണിയാഗാന്ധി, ലാറ്റിന്‍ ക്രിസ്ത്യാനി, വത്തിക്കാന്‍, മാര്‍പാപ്പ, കര്‍ദിനാള്‍ തുടങ്ങി ഇനിയാരുടെയും പേരും ചര്‍ച്ച ചെയ്യാന്‍ ബാക്കിയില്ല. എവിടെ വിവാദം ഉണ്ടോ അവിടെ കെ.വി.തോമസും ഉണ്ട്. കര്‍ദിനാളിന്റെ സ്ഥാനാരോഹണത്തിന് ചെന്ന തോമസിന് കടലിലെ വെടിയിലൊന്നും ഇടപെടേണ്ട കാര്യമില്ല. എന്നിട്ടും ചെന്നുപെട്ടു. കര്‍ദിനാള്‍ താന്‍തന്നെ ഇടപെടുമ്പോള്‍ തോമസ് എങ്ങനെ ഒഴിഞ്ഞുമാറാനാണ്. രണ്ടുപേര്‍ക്കും നോ പറഞ്ഞുശീലമില്ല. വെടിവെച്ച ഇറ്റലിക്കാര്‍ക്കുവേണ്ടിയും ഇടപെടാം, വെടിയേറ്റ മലയാളികള്‍ക്കു വേണ്ടിയും ഇടപെടാം. ധര്‍മസങ്കടം മനസ്സിലാക്കാവുന്നതേ ഉള്ളൂ, അതും നമ്മുടെ ആളുകള്‍, ഇതും നമ്മുടെ ആളുകള്‍. വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയും നമ്മുടെ മീഡിയ സിന്‍ഡിക്കേറ്റുകാരെപ്പോലെ പ്രസ്താവന വളച്ചൊടിക്കുമെന്ന് ആരെങ്കിലും ഓര്‍ത്തോ. അതുംസംഭവിച്ചു.
ഇറ്റലിക്കാരെക്കൊണ്ട് ഇത്രയും വലിയ ഉപദ്രവം ഉണ്ടാകുമെന്ന് ആരും ധരിച്ചിരുന്നില്ല. രണ്ട് നാവികര്‍ കൊലക്കേസില്‍ കുടുങ്ങി എന്ന നിസ്സാര സംഭവമേ നടന്നിട്ടുള്ളൂ. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നൊരു പ്രസ്താവനയിറിക്കി മിണ്ടാതിരുന്നാല്‍ പോരേ അവരുടെ മന്ത്രിമാര്‍ക്ക്. നമ്മുടെ എത്ര പൗരന്മാര്‍ ഏതെല്ലാം രാജ്യങ്ങളില്‍ എന്തെല്ലാം കേസില്‍ പ്രതികളായി ജയിലില്‍ കിടക്കുന്നു. എത്ര നിരപരാധികള്‍ ജയിലിലാകുന്നു. ആരെല്ലാം കൊല്ലപ്പെടുന്നു. നമ്മളുണ്ടോ ഇങ്ങനെ താടിക്ക് തീപിടിച്ചതുപോലെ വിരണ്ടോടുന്നു. രണ്ടുകൊലക്കേസ് പ്രതികള്‍ക്കു വേണ്ടി വാദിക്കാന്‍ ഇറ്റലിയില്‍ നിന്ന് ആരെല്ലാമാണ് വന്നത്. വിദേശകാര്യമന്ത്രി പോലും വരുന്നു. ഇനി പ്രധാനമന്ത്രി വന്നാലും അത്ഭുതപ്പെടേണ്ട. ആര്‍ക്കറിയാം, അവിടെയും പിറവം പോലെ വല്ല ഉപതിരഞ്ഞെടുപ്പുമുണ്ടോ എന്തോ…. ഞങ്ങളല്ല വെടിവെച്ചത്, വെച്ചിട്ടുണ്ടെങ്കില്‍ത്തന്നെ തോക്കുകൊണ്ടല്ല വെടിവെച്ചത്, തോക്കുകൊണ്ടാണെങ്കില്‍ ത്തന്നെ വെടികൊണ്ടത് ഇന്ത്യക്കാര്‍ക്കല്ല, കൊള്ളക്കാര്‍ക്കാണ്, ഇനി വെടികൊണ്ടത് ഇന്ത്യക്കാര്‍ക്കാണെങ്കില്‍ത്തന്നെ ഇന്ത്യന്‍ അതിര്‍ത്തിയിലല്ല, അന്താരാഷ്ട്ര കടലിലാണ് സംഭവം നടന്നത്, വെടിവെച്ചത് തോക്കുകൊണ്ടാണെങ്കില്‍ത്തന്നെ അത് അദൃശ്യതോക്കാണ്…എന്തെല്ലാം വാദങ്ങളാണ് ഉയരുന്നത്! നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും കരുതുന്ന കടലിലാണ് സംഭവം നടന്നതെന്ന് പ്രസ്താവനയിറിക്കി മിണ്ടാതിരുന്നാല്‍ പോരേ അവര്‍ക്ക് ?
ഇതിനെല്ലാമിടയിലാണ് ആര്യാടന്റെ വെടി. അനൂപിനെ പിറവത്തുകാര്‍ ജയിപ്പിക്കുകയാണെങ്കില്‍ മന്ത്രിയാക്കുന്ന കാര്യം ആര്യാടന്‍ ഏറ്റുപോലും. ജേക്കബിന്റെ ഒഴിവില്‍ ജേക്കബിന്റെ പാര്‍ട്ടിയില്‍ ഒരാളെ എടുക്കുമെന്ന് പറയാന്‍ ആര്യാടന്‍ വേണ്ട. തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിയാക്കാന്‍ പുറപ്പെട്ടതാണ് പാര്‍ട്ടി. പിറവത്തുകാര്‍ക്കും അറിയാമത്. കിടക്കട്ടെ എന്റെ വകയും ഒരുവെടി. ഇനി വല്ല തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനക്കേസോ മറ്റോ വരുന്നുണ്ടെങ്കില്‍ അതും വരട്ടെ.
********
തീവണ്ടിയില്‍ നടക്കുന്ന സകലമാന ഉപദ്രവങ്ങളും പരിഹരിക്കുന്നതിനുള്ള ഒറ്റമൂലി റെയില്‍വേ പോലീസ് കണ്ടെത്തിയിരിക്കുന്നു. ട്രെയിനില്‍ ഇനി സമ്പൂര്‍ണ മദ്യനിരോധനമാണ്. മോഷണം, കൊള്ള, സ്ത്രീപീഡനം, കള്ളവണ്ടി കയറ്റം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇതോടെ അവസാനിക്കും. ട്രെയിനുകള്‍ വൈകിയോടുന്നതും പാളം തെറ്റുന്നതും കൂടി അവസാനിക്കുമോ എന്നറിയില്ല.
ഹനുമാന്‍ പണ്ട് പറന്നുചെന്ന് പിഴുതെടുത്തുകൊണ്ടുവന്ന ഋഷഭാദ്രി മലയുടെ കഷണം സതേണ്‍ റെയില്‍വേ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വീണത്. അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് ഒറ്റമൂലി കണ്ടെടുത്തത്. വിവരം ബ്രെയ്ക്കിങ് ന്യൂസ് കഴിഞ്ഞ ദിവസമേ പുറത്തുവന്നുള്ളൂ എന്നുമാത്രം. മദ്യത്തിന്റെ മണമെങ്കിലും ശ്വാസത്തിലുണ്ടെങ്കില്‍ ആള്‍ ജയിലിലാവും. ആറുമാസം പിന്നെ മദ്യപാനമില്ലെന്ന് മാത്രമല്ല, അമ്മയെ കൊന്നവന്റെയും മോളെ ബലാത്സംഗം ചെയ്തവന്റെയുമൊപ്പം കിടക്കുകയും വേണം. സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യം, മണിക്കൂറുകള്‍ ക്യു നിന്ന്, കേട്ടാല്‍ ഞെട്ടുന്ന വില കൊടുത്തുവാങ്ങുന്നവര്‍ ഇതിനേക്കാള്‍ വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നത് സത്യം.
ട്രെയിനില്‍ ആ ദുഷ്ടന്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി കൊച്ചുപെണ്‍കുട്ടിയെ കൊന്നത് മദ്യലഹരിയിലാവണം. എന്തോ നമ്മുടെ പത്രങ്ങളൊന്നും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകണ്ടില്ല. ഇനി അത്തരം സംഭവങ്ങളൊന്നും ഉണ്ടാവില്ലല്ലോ. സമാധാനപ്രിയരും മദ്യവിരുദ്ധരുമായ ബഹൂഭൂരിപക്ഷം ജനങ്ങള്‍ (ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ വോട്ടെടുപ്പ് നടത്തിനോക്കാം) ആഗ്രഹിക്കുന്നത് സമ്പൂര്‍ണമദ്യനിരോധനം ട്രെയിനില്‍മാത്രം പോര എന്നാണ്. മദ്യപിച്ച ആള്‍ ട്രെയിനില്‍ കയറുന്നത് ഹാനികരമാണെങ്കില്‍ മദ്യപിച്ച് ബസ്സില്‍ കയറുന്നതും അങ്ങനെത്തന്നെ. അതും തടയണം. നിരോധനം ബസ്സിലുംബാധകമാക്കണം. കാറോടിക്കുന്നവരെ മാത്രമല്ല, ബസ് യാത്രക്കാരെയും ഊതിപ്പിച്ചുനോക്കണം. മദ്യപാനികള്‍ നടന്നുപോയിക്കൊള്ളട്ടെ എന്നുവെക്കാമോ? പറ്റില്ല. പ്ലാറ്റ്‌ഫോമില്‍ ദ്രോഹം ചെയ്യുന്നവന്‍ റോഡിലും ദ്രോഹം ചെയ്യും. വഴിയില്‍ കാണുന്ന സര്‍വ മദ്യപരെയും പിടിച്ചു ജയിലിലിടണം. എങ്കില്‍ വാങ്ങി വീട്ടില്‍പോയികുടിച്ചോട്ടെ എന്നാണോ? അതൊട്ടും അനുവദിച്ചുകൂടാ. കുടിയന്റെ ഉപദ്രവം അനിയന്ത്രിതമായ സ്ഥലം വീടാണ്. ഭാര്യമാരെയും കുട്ടികളെയും സംരക്ഷിക്കാന്‍ ദൃക്‌സാക്ഷികള്‍ പോലും കാണില്ല. ചുരുക്കിപ്പറഞ്ഞാല്‍, മദ്യപിച്ചവനെ നാട്ടിലൊരിടത്തും നില്‍ക്കാന്‍ സമ്മതിച്ചുകൂടാ. സമ്പൂര്‍ണ മദ്യനിരോധം തന്നെ വരട്ടെ. എന്തേ….?
റെയില്‍വേയെ ഹാര്‍ദമായി അഭിനന്ദിക്കുക. അതിനിടെ ആരോ പറയുന്നതുകേട്ടു. രാജസ്ഥാനിലോ മറ്റോ ഏതോ ട്രെയിനില്‍ വിനോദസഞ്ചാരികള്‍ക്ക് റെയില്‍വേ തന്നെ മദ്യം വില്‍ക്കുന്നുണ്ടത്രെ. സത്യമാവില്ല, ദുഷ്ടന്മാരുടെ അപവാദപ്രചാരണമായിരിക്കണം. ഇനി ഒരു ചെറുകാര്യം കൂടി. റെയില്‍വേയിലെ സമ്പൂര്‍ണ മദ്യനിരോധനത്തിന് ആധാരമായ നിയമം റെയില്‍വേ ആക്ടില്‍ പണ്ടേ ഉള്ളതാണ്. അതനുസരിച്ച് മദ്യപിച്ചു എന്ന കുറ്റത്തിന് ആരെയും പിടികൂടാന്‍ പറ്റില്ല, ശിക്ഷിക്കാനും പറ്റില്ല. ലക്കുകെട്ടവരെയാണ്, മദ്യപിച്ച് ശല്യം ചെയ്യുന്നവരെയാണ് നിയമം ലക്ഷ്യം വെക്കുന്നത്. ഈ വകുപ്പ് റോഡില്‍ നടക്കുന്നവര്‍ക്കും ബാധകം തന്നെ. റെയില്‍വേ പോലീസിന് വേറെ ദുരുദ്ദേശ്യമൊന്നുമില്ല. പത്രക്കാര്‍ വാര്‍ത്ത വളച്ചൊടിക്കുംപോലെ ആവശ്യത്തിനൊത്ത് പോലീസിന് നിയമം വളച്ചൊടിക്കാം. എങ്കിലേ ദിവസവും അവര്‍ക്ക് ഇര കിട്ടൂ.
മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിച്ചപ്പോള്‍ പണ്ടൊരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത്രെ. ‘ഐ ഹാവ് ഡ്രങ്ക്, ബട് ഐ ആം നോട്ട് ഡ്രങ്ക്’ പോലീസിന് മനസ്സിലായില്ല. പക്ഷേ, ഒന്നുമനസ്സിലായി, പുള്ളി ചില്ലറക്കാരനല്ലെന്ന്. ഉടനെ വിട്ടു.