നാനാതരം പ്രീണനങ്ങള്‍

ഇന്ദ്രൻ

ഹിന്ദുവോട്ട് കിട്ടാന്‍വേണ്ടി സി.പി.എം. കളംമാറ്റിച്ചവിട്ടുകയാണത്രെ. മൃദുഹിന്ദുത്വലൈനിലേക്ക് നീങ്ങാനാണത്രെ പാര്‍ട്ടി ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയുമൊക്ക കണക്കറ്റ് അധിക്ഷേപിക്കുന്നത്. കോണ്‍ഗ്രസ്സുകാരും ജനതാദള്‍ എസ്സുകാരുമൊക്കെ പറയുന്നതിനേക്കാള്‍ ഉച്ചത്തില്‍ ന്യൂനപക്ഷസംഘടനക്കാരും അതുതന്നെ പറയുന്നു. സി.പി.എം. എന്തിന് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നുവെന്നു ചോദിച്ചാല്‍ മറുപടി ഉടനടി കിട്ടും. വീണ്ടും അധികാരത്തില്‍ വരാന്‍; അല്ലാതെന്തിന്!

അതുശരി, അപ്പോള്‍ അധികാരത്തില്‍ വരാന്‍ ആരെയെങ്കിലും പ്രീണിപ്പിക്കണം അല്ലേ? ഇടതുമുന്നണി അധികാരത്തില്‍ വന്നത് ആരെ പ്രീണിപ്പിച്ചിട്ടാണ്? ഹിന്ദുത്വത്തെയോ അതല്ല, ന്യൂനപക്ഷത്തെയോ? രണ്ടിനം പ്രീണനങ്ങളെക്കുറിച്ചേ ഇവിടെ ചര്‍ച്ചയുള്ളൂ. ഒന്നുകില്‍ ന്യൂനപക്ഷപ്രീണനം അല്ലെങ്കില്‍, ഭൂരിപക്ഷപ്രീണനം. രാഷ്ട്രീയപ്രവര്‍ത്തനം ആകെ മൊത്തം വ്യത്യസ്തവിഭാഗങ്ങളെ പ്രീണിപ്പിക്കലാണെന്നത് മറന്നുപോകുന്നു. ഇടതുമുന്നണി കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചു എന്നാരും ആക്ഷേപിച്ചതായി കേട്ടിട്ടില്ല. അപ്പോള്‍ ആരെയാവും പ്രീണിപ്പിച്ചിരിക്കുക? ന്യൂനപക്ഷത്തെത്തന്നെ. അതില്‍ ന്യൂനപക്ഷക്കാര്‍ക്കുമില്ല ആക്ഷേപം. പ്രീണനം ഒരിക്കലും പീഡനമല്ല. അതൊരു സുഖാനുഭവമാണ്. അതുകൊണ്ടുതന്നെ പ്രീണനത്തിനു വിധേയരാകുന്നവര്‍ ഒരിക്കലും ”എന്നെയിതാ ഈ ദുഷ്ടന്മാര്‍ പ്രീണിപ്പിക്കുന്നേ” എന്നു നിലവിളിക്കാറില്ല.

ജനാധിപത്യത്തിന്റെ അടിസ്ഥാനംതന്നെ ഭൂരിപക്ഷത്തെ കൈയിലെടുക്കുക എന്നതാണ്. അതു സാധിക്കാനാണ് സാഹസമെല്ലാം. അതുകൊണ്ടുതന്നെ ആരും ഭൂരിപക്ഷത്തെ പിണക്കാറില്ല. ന്യൂനപക്ഷങ്ങളെ ഓരോന്നായി പോക്കറ്റിലാക്കുന്നത് ഭൂരിപക്ഷത്തിലെത്താനാണ്. മഹത്തായത് ഭൂരിപക്ഷമാണ്, അതിനെയാണ് മഹാഭൂരിപക്ഷം എന്നുവിളിക്കുന്നത്. മഹാന്യൂനപക്ഷം എന്നൊന്നില്ല. കഷ്ണം കഷ്ണമായി കിടക്കുന്ന പലയിനം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചടുപ്പിക്കുന്നതില്‍ വിജയിച്ചാല്‍ പേടിക്കേണ്ട, അതു ഭൂരിപക്ഷമായിത്തീരും. ഇതെല്ലാം കഠിനമായ ഗണിതശാസ്ത്ര ഫോര്‍മുലകള്‍ പ്രയോഗിക്കാന്‍ പഠിച്ച വിദഗ്ധര്‍ക്കേ മനസ്സിലാകൂ; സാധാരണക്കാര്‍ക്ക് പിടികിട്ടില്ല.

കേരളത്തില്‍ ഭൂരിപക്ഷസമുദായമില്ല. ഓരോന്നെടുത്താല്‍ എല്ലാവരും ന്യൂനപക്ഷമാണ്. നായന്മാരും ഈഴവരും നമ്പൂതിരിമാരുമെല്ലാം ന്യൂനപക്ഷംതന്നെ. എല്ലാറ്റിനെയും കൂട്ടിച്ചേര്‍ത്ത് ഒരു ഹിന്ദുഭൂരിപക്ഷമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുപോന്നത്. ശ്രമം തുടങ്ങിയിട്ട് കാലം കുറെയായി. അവരും നായര്‍, ഈഴവ, ബ്രാഹ്മണ ന്യൂനപക്ഷങ്ങളെ ഒന്നൊന്നായി പ്രീണിപ്പിച്ചുനോക്കി. ഒന്നും നടക്കുന്നില്ല. നായര്‍ വികാരത്തെയും ഈഴവ വികാരത്തെയും മറികടക്കുന്ന ഹിന്ദു വികാരമുണ്ടാക്കാന്‍ പറ്റിയ സംഗതികള്‍ കണ്ടെത്തി പൊലിപ്പിക്കാന്‍ ശ്രമിച്ചിട്ടും കാര്യമായൊന്നും വിജയിക്കുന്നില്ല. എന്തുചെയ്യും, എത്ര പറഞ്ഞാലും പോളിങ് ബൂത്തിലെത്തുമ്പോള്‍ അവര്‍ സ്വത്വവാദികളാകും. നായരും ഈഴവനുമൊക്കെയായി തനിസ്വരൂപം കാട്ടും. അതിന് ഇണങ്ങുന്ന രീതിയിലാണ് ജാതിവിരുദ്ധ പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാറുള്ളത്. ഇതാണ് നമ്മുടെ ഒറിജിനല്‍ സ്വത്വരാഷ്ട്രീയം.

ഹിന്ദു എന്നൊരു വാക്കുപോലും പറയാതെ ഹിന്ദുവോട്ട് സംഘടിപ്പിച്ചെടുത്ത് ഭുരിപക്ഷം കരസ്ഥമാക്കുന്ന വിദ്യ കേരളത്തില്‍ പ്രയോഗിച്ചത് മണ്‍മറഞ്ഞ ആചാര്യന്‍ ഇ.എം.എസ്. ആയിരുന്നല്ലോ. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ്സും ഒപ്പം ഇല്ലാതെ ഇവിടെയാര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്ന അവകാശവാദത്തെ സഖാവ് പൊളിച്ചടുക്കി. ശരീയത്ത് വിവാദം, നാലു കെട്ടല്‍, തീവ്രമതേതരത്വ അതിഭാഷണം, അഖിലേന്ത്യാ ലീഗിനെ മുന്നണിയില്‍നിന്ന് പുറന്തള്ളല്‍ തുടങ്ങിയ വിദ്യകള്‍ പ്രയോഗിച്ചപ്പോള്‍ ഹിന്ദുക്കള്‍ ജാതിസ്വത്വംമറന്ന് വോട്ട് ചെയ്തു. ഇതുകണ്ട് മറ്റിനം സ്വത്വജീവികള്‍ അത്ഭുതം കൂറി. ഇത്തരം ഇന്ദ്രജാലങ്ങള്‍ ആവര്‍ത്തിക്കാനാവില്ല. പിന്നീടൊരു ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ പതിന്നാലില്‍ പതിമ്മൂന്നുജില്ലയും ആചാര്യന്‍ മുന്നണിക്കു നേടിക്കൊടുത്തത് നിരുപദ്രവമായ സദ്ദാം ഹുസൈന്‍ അനുകൂല മുസ്‌ലിം വികാരമുണര്‍ത്തിക്കൊണ്ടാണ്. അയ്യയ്യോ, ഇതൊന്നും വര്‍ഗീയപ്രീണനമല്ല കേട്ടോ; അടവുതന്ത്രങ്ങള്‍ മാത്രമാണ്.

സി.പി.എം. ഒരുകാലത്തും വര്‍ഗീയ പാര്‍ട്ടിക്കാരുമായി കൂട്ടുകൂടിയിട്ടില്ല. ആ നിലപാടില്‍ വിട്ടുവീഴ്ചയേയില്ല. ഒരു പാര്‍ട്ടി വര്‍ഗീയമാണോ മതേതരമാണോ എന്നതുസംബന്ധിച്ച നിലപാട് മാത്രമാണ് സി.പി.എം. മാറ്റാറുള്ളത്. ലീഗ് വര്‍ഗീയമായ കാലമുണ്ട്. അല്ലാതായ കാലവുമുണ്ട്. പഴയ ജനസംഘക്കാര്‍പോലും വര്‍ഗീയമല്ലാതായ കാലമുണ്ട്. പി.ഡി.പി.യും ഐ.എന്‍.എല്ലുമെല്ലാം ഇങ്ങനെ രൂപാന്തരപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ വര്‍ഗീയവിരുദ്ധത്തിനു മാത്രം മാറ്റമില്ല.

ഇ.എം.എസ്സിനു ശേഷം ഭൂരിപക്ഷത്തിന്റെ വികാരമുണര്‍ത്താന്‍ എളുപ്പം സാധിച്ചത് പിണറായി വിജയനു മാത്രമാണ്. ഒരു വ്യത്യാസമേയുള്ളൂ. ഇ.എം.എസ്. എതിര്‍പോസ്റ്റിലാണ് ഗോളടിച്ചതെങ്കില്‍ സഖാവ് പിണറായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അതു നിര്‍വഹിച്ചത് സെല്‍ഫ് ഗോള്‍ അടിച്ചുകൊണ്ടായിരുന്നു എന്നുമാത്രം. എന്തായാലും ഗോള്‍ സ്റ്റൈലനായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. മുസ്‌ലിം ലീഗും ക്രിസ്ത്യന്‍ കേരള കോണ്‍ഗ്രസ്സുമുള്ള പക്ഷത്തേക്ക് ഹിന്ദുവികാരം മാറ്റിയെടുക്കുക നിസ്സാര സംഗതിയൊന്നുമല്ലെന്ന് അറിയാമല്ലോ.

ഇടതുമുന്നണി ’87 മോഡലില്‍ അസല്‍ വര്‍ഗീയവിരുദ്ധ മതേതരമുന്നണിയാകാന്‍ ശ്രമിക്കുന്നതിനിടയിലാണ് വി.എസ്സിന്റെ രംഗപ്രവേശം. മുസ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീയതകള്‍ ശക്തിപ്രാപിക്കുന്നു എന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വലിയൊരു കുറ്റകൃത്യം തന്നെയാണ്. വര്‍ഗീയത ശക്തി പ്രാപിക്കുന്നു എന്ന് ജനറലായേ മതേതരമൗലികവാദികള്‍ പറയാന്‍ പാടുള്ളൂ. പേരെടുത്ത് പറയുന്നുണ്ടെങ്കില്‍ ഹിന്ദുത്വവര്‍ഗീയവാദികളെ പേരെടുത്തുപറയാം. അതില്‍ അവര്‍ക്കും വിരോധം കാണില്ല. അല്ലാതെ ക്രിസ്ത്യന്‍, മുസ്‌ലിം വര്‍ഗീയവാദം എന്നു പറയാന്‍ പാടില്ല. അങ്ങനെയൊരു സംഗതി ഉള്ളതായി ആരെയും ധരിപ്പിക്കാനും പാടില്ല. പകല്‍വെളിച്ചത്തില്‍ കണ്ടാലും കണ്ടില്ലെന്നു നടിച്ച് സൈഡിലൂടെ നടന്നുകൊള്ളണം. അങ്ങനെ നടക്കാത്തവര്‍ സവര്‍ണ ഹിന്ദുത്വഫാസിസ്റ്റുകളാണ്. മാപ്പില്ല.

ന്യൂനപക്ഷവര്‍ഗീയതയ്‌ക്കെതിരെ ആഞ്ഞടിക്കുന്നത് റിസ്‌കുള്ള കളിയാണ്. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തെന്നു വെച്ച് എല്ലായേ്പാഴും അതു സംഭവിക്കില്ലെന്ന് ആര്‍ക്കാണറിയാത്തത്. മുയല്‍ ചാവുമെന്നു വിചാരിച്ച് ചക്കയുന്തിയിട്ടപ്പോള്‍ അതു തലയില്‍ വീണ അനുഭവം എ.കെ. ആന്റണിയോട് ചോദിച്ചാല്‍ പറഞ്ഞുതരും. മാറാട് ഉള്‍പ്പെടെയുള്ള സംഗതികള്‍ ഹിന്ദുക്കളില്‍ വികാരമുണ്ടാക്കിയിട്ടുണ്ടാകും എന്ന ധാരണയിലാണ് അദ്ദേഹമന്ന് ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ചത്. എന്ത് ഫലം? ന്യൂനപക്ഷത്തിന്റെ വോട്ട് നഷ്ടപ്പെട്ടു; ഭൂരിപക്ഷത്തിന്റേത് കിട്ടിയതുമില്ല. ഇതൊന്നും അച്യുതാനന്ദനോട് നമ്മളാരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ജയിപ്പിച്ച് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ ഇപ്പോഴേ തന്ത്രം പയറ്റുകയാണ് വി.എസ്. എന്ന് കരുതുന്നവര്‍ക്ക് വി.എസ്സിനെ ഇപ്പോഴും മനസ്സിലായിട്ടില്ല എന്നേ പറയാനൊക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Go Top