കേരള മുന്നേറ്റ കഴകം

ഇന്ദ്രൻ

വൈദ്യുതി ഊറ്റിയ ശേഷമുള്ള ഗുണംകെട്ട വെള്ളമാണ് പഞ്ചാബ് സര്‍ക്കാര്‍ ഹരിയാണയിലെ കൃഷിക്കാര്‍ക്ക് വിട്ടുകൊടുക്കുന്നതെന്ന് പണ്ട് ഹരിയാണയിലെ ബഡാ നേതാവായിരുന്ന ദേവിലാല്‍ പ്രസംഗിച്ചതായി കഥയുണ്ട്. കഥയാണോ എന്നുറപ്പില്ല. ജീവന്മരണ പ്രശ്‌നമായതുകൊണ്ട്, വെറും വെള്ളം തലയ്ക്ക് പിടിച്ചാലും ബോധം നഷ്ടപ്പെടും. അതാണിപ്പോള്‍ തമിഴ് നാട്ടില്‍ പരക്കെയും കേരളത്തില്‍ അവിടവിടെ ഒറ്റപ്പെട്ടും സംഭവിക്കുന്നത്.

തമിഴക പാര്‍ട്ടികള്‍ക്ക് മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല. പശ്ചിമഘട്ടത്തിനിപ്പുറം അനുയായികള്‍ ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ടും നോക്കേണ്ട. തങ്ങള്‍ക്കാണ് തീവ്രവാദം കൂടുതലെന്ന് തെളിയിക്കാനുള്ള യജ്ഞത്തിലാണ് പലയിനം മുന്നേറ്റ കഴകങ്ങളും അസംഖ്യം മറ്റുസംഘടനകളും. ദേശീയലേബലുള്ള പാര്‍ട്ടികള്‍ തത്കാലം അത് ഊരി വെച്ചിട്ടുണ്ട്. ഇടുക്കി ജില്ല തമിഴ്‌നാട്ടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത് ഡി.എം. കെ.യോ തീവ്രവാദി വൈകോയോ അല്ല, മന്‍മോഹന്‍സിങ്ങിന്റെയും സോണിയയുടെയും അനുയായികളായ കോണ്‍ഗ്രസ്സുകാരാണ്. തമിഴ്‌നാട്ടില്‍ നാല് സീറ്റ് കിട്ടാന്‍ മന്‍മോഹനും സോണിയയും വിചാരിച്ചാല്‍ കഴിയില്ല, ജയലളിതയോ കരുണാനിധിയോ കനിയണം.

വികാര ലൈന്‍ ദ്രാവിഡ മുന്നേറ്റകഴകം പാര്‍ട്ടികള്‍ക്കേ ആകാവൂ എന്നൊന്നും തൊല്‍ക്കാപ്പിയത്തിലോ തിരുക്കുറലിലോ പറഞ്ഞിട്ടില്ല. പുറത്ത് പറയാറില്ലെങ്കിലും നമ്മളും പൊടി ദ്രാവിഡരല്ലേ? വെള്ളം കിട്ടാതെ മരിക്കേണ്ടിവരും എന്നഭീതി കുത്തിവെച്ചാണ് തീവ്രവാദികള്‍ തമിഴനെ വികാരം കൊള്ളിക്കുന്നതെങ്കില്‍ വെള്ളത്തില്‍ മുങ്ങിച്ചാകേണ്ടിവരും എന്ന ഭീതി പരത്തിയാണ് നമ്മുടെ കളി. നാലുജില്ലകളിലെങ്കിലും ആളുകളുടെ ഉറക്കം കെടുത്താനും വികാരം കൂട്ടാനും അങ്ങനെ കേരള മുന്നേറ്റകഴകം വളര്‍ത്താനും ചിലരെല്ലാം ആഞ്ഞുശ്രമിച്ചിട്ടുണ്ട്.

അണ പൊട്ടി വെള്ളം ഇരമ്പിവന്ന് 45 ലക്ഷമോ 80 ലക്ഷമോ ആളുകള്‍ മരിക്കുന്നതിന്റെ ഗ്രാഫിക് വിവരണം പി.ജെ. ജോസഫ് ചാനലുകളില്‍ നടത്തുന്നത് കണ്ടവര്‍ക്ക് പിന്നെ മറ്റേ ഡാം സിനിമ കാണേണ്ടിവന്നില്ല. അത്ര കലാപരമായിരുന്നു പ്രകടനം. പി.ജെ. ജോസഫിന് വികാരം കുറച്ചുകൂടിപ്പോയെന്നല്ലാതെ വേറെ കുഴപ്പമൊന്നുമില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കൂടുതലുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്. അനാവശ്യഭീതി പടര്‍ത്തി കുട്ടികളുടെ മനോനില തകര്‍ത്തതിന് കേസെടുക്കാന്‍ ഇ.ശി.നി.ത്തില്‍ വകുപ്പില്ലെന്നാണ് തോന്നുന്നത്.

എന്തായാലും കേരള മുന്നേറ്റകഴകങ്ങളുടെ ഒന്നൊന്നര മാസത്തെ വികാരമുണര്‍ത്തലിന്റെ ഫലം തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ഏറ്റുവാങ്ങുന്നുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ അണ വേണ്ട എന്നുപറഞ്ഞ് പ്രകടനം നടത്തേണ്ടിവന്നിരിക്കുന്നു അവര്‍ക്ക് ജീവനും സ്വത്തും നിലനിര്‍ത്താന്‍. എന്നിട്ടും അവര്‍ക്കെതിരെ കൊലവെറി നടക്കുന്നു. രണ്ട് അണക്കെട്ടുണ്ടാക്കാന്‍ വേണ്ടതിലേറെ വലിയ തുകയുടെ നഷ്ടം തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് ഉണ്ടായിക്കഴിഞ്ഞു. എങ്കിലെന്ത്, അവരുടെ നഷ്ടമല്ലേ നമ്മുടെ രാഷ്ട്രീയലാഭം. ഇനി കേരളത്തിലേക്ക് പച്ചക്കറി അയയ്ക്കില്ലെന്നാണ് തമിഴ് സംഘടനകള്‍ പറയുന്നത്. നല്ല ഐഡിയ. കേരളത്തിന് പച്ചക്കറി നല്‍കാനാണ് ഇത്രയേറെ സ്ഥലത്ത് അവര്‍ കൃഷി ചെയ്യുന്നത്. അതില്ലെങ്കില്‍ കൃഷി വേണ്ട, കൃഷി വേണ്ടെങ്കില്‍ പിന്നെ മുല്ലപ്പെരിയാറില്‍ അണയും വേണ്ട. അണക്കെട്ട് പ്രശ്‌നം അങ്ങനെ തീര്‍ക്കാം.

ഒന്നൊന്നര മാസമായി നമ്മള്‍ കേരളീയര്‍ വളരെ വിഷമിച്ച് ഒന്നിച്ചുനില്‍ക്കുകയായിരുന്നു. അണക്കെട്ട് എന്ന് കേട്ടാല്‍ ഞെട്ടുന്നവര്‍വരെ പുതിയ അണക്കെട്ട് വേണം എന്നാവശ്യപ്പെട്ട് സമരിക്കാന്‍ ചെന്നു. അണക്കെട്ടിന് അനുമതി കിട്ടിയിട്ടുവേണം, പരിസ്ഥിതി നാശം ഉണ്ടാക്കുന്ന അണക്കെട്ടിനെതിരെ സമരം ചെയ്യാന്‍. അയ്യോ രക്ഷിക്കണേ എന്ന് ലോകത്തോട് മുഴുവന്‍ കേഴുകയായിരുന്നു കേരളം. കോടതിയെങ്കിലും ഇതുകേട്ട് കനിയുമെന്നാണ് കരുതിയത്. കോടതി കനിഞ്ഞേയില്ല. എന്തിനാണ് ഈ നെഞ്ചത്തടിയും നിലവിളിയും, കുറച്ച് മഴയേറെ പെയ്‌തെന്നല്ലാതെ വേറെ യാതൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. അതോടെ കേരളത്തിലെ വികാരത്തിന്റെ ജലനിരപ്പ് 120 അടിയായി കുറഞ്ഞിട്ടുണ്ട്. അതിനെതിരെ കോടതി വളയല്‍ സമരമൊന്നും കണ്ടില്ല. 45 ലക്ഷം ജീവന്‍ നഷ്ടപ്പെടുന്നതിന്റെ കണക്കൊന്നും പിന്നെ കേട്ടതുമില്ല.

വികാരത്തിന്റെ ഡോസ് കുറയ്ക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. കേട്ടപാടെ കോണ്‍ഗ്രസ് സമരങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞു. സി.പി.എമ്മിനുപോലും തടിയൂരണമെന്നുണ്ട്. മെല്ലെയേ ഊരാന്‍ കഴിയൂ. കേരള മുന്നേറ്റ കഴകങ്ങള്‍ക്ക് പക്ഷേ, അങ്ങനെ മാറാന്‍ കഴിയില്ല. ഈ നാല് ജില്ലകളാണ് അവരുടെ കാച്‌മെന്റ് ഏരിയ. അണ ഉടന്‍ പൊട്ടും എന്ന് മറ്റുള്ളവരെ പേടിപ്പിക്കാന്‍ പറഞ്ഞുപറഞ്ഞ് ഒടുവില്‍ അവരും അതുവിശ്വസിച്ചുപോയിരുന്നു. ഇപ്പോള്‍ അല്പം വെളിവ് വന്ന ലക്ഷണമുണ്ട്. ഒരു മൂച്ചിന് കിണറ്റില്‍ ചാടിയതാണ്, കേറിവരിക അത്ര എളുപ്പമല്ല.

********
പി. ചിദംബരം തമിഴ്പക്ഷ നേതാവാകാന്‍ പാടില്ല, നിഷ്പക്ഷ ദേശീയനേതാവായിത്തന്നെ നിലകൊള്ളണം. മുല്ലപ്പെരിയാര്‍ എന്ന് ഉച്ചരിക്കാന്‍ പാടില്ല. അതിന് വേണ്ടി സമരം ചെയ്യുന്നവരെ അഭിവാദ്യം ചെയ്യുകയോ തമിഴ്‌നാട്ടിന് അനുകൂലമായി പറയുകയോ ചെയ്യരുത്. ചെയ്താല്‍ പ്രധാനമന്ത്രി ചിദംബരത്തെ പുറത്താക്കണം.

എ.കെ. ആന്റണിയോ? ആന്റണിക്ക് ഇതൊന്നും ബാധകമല്ല. ആന്റണി അങ്ങനെ ദേശീയ നേതാവ് ചമഞ്ഞ് നിഷ്പക്ഷനാവുകയൊന്നും വേണ്ട. കേരളത്തിനുവേണ്ടി പടപൊരുതാന്‍ ഇതിനകം മന്ത്രിപ്പണി കളയുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. കേരളത്തിന്റെ വികാരത്തിനൊപ്പം നില്‍ക്കാത്ത ആന്റണി അയോഗ്യന്‍, തമിഴ് വികാരത്തിനൊപ്പം നിന്ന് ചിദംബരവും അയോഗ്യന്‍. <br><br>
സി.പി.എം. പൊളിറ്റ് ബ്യൂറോവിന് ഇതുരണ്ടും ബാധകമല്ല. ദേശീയ പാര്‍ട്ടിയായതുകൊണ്ട് നിഷ്പക്ഷത പാലിക്കാം. ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടെതെന്നും ഉള്ള പഴയ സ്റ്റൈലില്‍ കാര്യം പറയാം. തമിഴ്‌നാട് സി.പി.എം. പാര്‍ലമെന്റംഗത്തിന് ഡി.എം.കെ.യ്ക്ക് ഒപ്പം ധര്‍ണ നടത്താം, കേരള സി. പി.എമ്മിന് മനുഷ്യമതില്‍ പണിയാം. മറ്റുപാര്‍ട്ടികള്‍ക്കും ഇതേ നിലപാട് പിന്തുടരാം. തമിഴ്‌നാട്ടിലെ ഘടകം ഒരു പക്ഷത്ത്, കേരളഘടകം എതിര്‍പക്ഷത്ത്, ദേശീയനേതൃത്വം മിണ്ടാപ്പൂതം.

വോട്ടാണ് ആത്യന്തികമായ സത്യം. അതിനപ്പുറം ഒരു ന്യായവുമില്ല, തത്ത്വവുമില്ല, തത്ത്വശാസ്ത്രവുമില്ല.
********
ഭരണകക്ഷികളില്‍ നടപ്പാക്കിവരുന്ന ഒരു തത്ത്വമുണ്ട്. ഒരാള്‍ക്ക് ഒരു സ്ഥാനം, എല്ലാവര്‍ക്കും സ്ഥാനം. ഇതിനായി ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ എണ്ണം ആകാവുന്നത്ര വര്‍ധിപ്പിക്കുന്നുണ്ട്. എല്ലാവര്‍ക്കും സ്ഥാനം കിട്ടിക്കാണില്ലെന്നത് ശരി. എന്നാല്‍, മിനിമം യോഗ്യതയെങ്കിലുമുള്ള ഏതാണ്ടെല്ലാ നേതാക്കള്‍ക്കും സ്ഥാനംനല്‍കാന്‍ മിക്ക പാര്‍ട്ടികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

യോഗ്യന്മാര്‍ക്ക് കടുത്ത ക്ഷാമമുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ് എന്ന് ആ പാര്‍ട്ടിയുടെ കോര്‍പ്പറേഷന്‍-ബോര്‍ഡ് ചെയര്‍മാന്‍ ലിസ്റ്റ് കണ്ടാല്‍ തോന്നിപ്പോകും. സ്ഥാനം ലഭിച്ചവരില്‍ ഏറെയും എം.എല്‍.എ. പദവിയോ പാര്‍ട്ടിപദവിയോ വഹിക്കുന്നവരാണ്. ഒരു സ്ഥാനവുമില്ലാത്ത അനേകം നേതാക്കള്‍ അക്ഷമരായി കാത്തിരിക്കുമ്പോഴാണ് ഈ കടുംകൈ. ഇതോടെ, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വര്‍ഗസമരം നടക്കുകയാണ് പാര്‍ട്ടിയില്‍. ഉണ്ടവന് പായ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. മന്ത്രിസ്ഥാനം കിട്ടാതെ പോയ എം.എല്‍.എ. മാരുടെ കണ്ണീരാണോ അതല്ല, എം.എല്‍.എ. സ്ഥാനം പോലും കിട്ടാത്തവരുടെ കണ്ണീരാണോ തുടയ്‌ക്കേണ്ടത് എന്നത് ഒരു പ്രതിസന്ധി തന്നെയാണ്. ഉണ്ണാത്തവന് ഇല പിന്നെയും കൊടുക്കാമല്ലോ, ഉണ്ടവന് പായ കൊടുക്കലുതന്നെ പ്രധാനം.

Leave a Reply

Your email address will not be published. Required fields are marked *

Go Top