മാറാട്‌ മറവികള്‍

ഇന്ദ്രൻ

അഭയക്കേസില്‍ സി.ബി.ഐ. അന്വേഷണം അറസ്റ്റിലെത്താന്‍ പതിനാറുവര്‍ഷമെടുത്തത്‌ റെക്കോഡ്‌ ആയെന്ന്‌ കരുതുന്നവര്‍ നോക്കിയിരുന്നോളൂ. മാറാട്‌ ഈ റെക്കോഡ്‌ തകര്‍ക്കും. മാറാട്‌ സംഭവം സി.ബി.ഐ. അന്വേഷിക്കണമോ വേണ്ടയോ എന്ന്‌ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം അഞ്ചായി. ആര്‍ക്കുണ്ട്‌ ധൃതി ? അടുത്ത അഞ്ചുവര്‍ഷം കൂടി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നതിന്‍റ ലക്ഷണം കാണുന്നുണ്ട്‌. 2015 നോടടുത്ത്‌ എപ്പോള്‍ വേണമെങ്കിലും അന്വേഷണം ആരംഭിക്കാവുന്നതാണ്‌.

സി.ബി.ഐ. അന്വേഷണത്തിന്‌ ഇപ്പോള്‍ ആരും എതിരല്ല. ഇന്ന്‌ അനുകൂലിക്കുന്നവര്‍ പണ്ടും അനുകൂലമായിരുന്നില്ലേ ? ഇല്ലയില്ല. എതിരുള്ളവര്‍ കാണുമായിരിക്കും. പക്ഷേ, ആരുമത്‌ തുറന്നുപറഞ്ഞിട്ടില്ല. എന്തുകൊണ്ട്‌ എതിര്‌ എന്നും പറഞ്ഞിട്ടില്ല. അന്വേഷണം മാത്രം ഉണ്ടായില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതില്‍ ഇന്ന്‌ കാണുന്ന ഐക്യത്തെ കവച്ചുവെക്കുന്ന ഐക്യം ഒരു കാര്യത്തില്‍ അന്നു കണ്ടു-മാറാട്‌ അന്വേഷണം സി.ബി.ഐ.യുടെ കൈയില്‍ചെന്നുപെടില്ല എന്ന്‌ ഉറപ്പുവരുത്തുന്ന കാര്യത്തില്‍. അത്യപൂര്‍വമായ വിജയമാണ്‌ ഇക്കാര്യത്തില്‍ നേടാനായത്‌. സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ ഇനി കോടിയേരിക്കല്ല, എന്‍.ഡി.എഫിന്‌ പോലും ധൈര്യമായി ആവശ്യപ്പെടാം. ദൈവംതമ്പുരാന്‍ വിചാരിച്ചാലും സി.ബി.ഐ. ഇക്കാര്യം അന്വേഷിക്കില്ല എന്നുറപ്പാക്കിയിട്ടുണ്ട്‌.

മാറാട്ടെന്തിന്‌ ഈ ആള്‍മാറാട്ടം എന്ന്‌ ചോദിച്ചുപോകും ബഹുമാന്യനേതാക്കളുടെ വാക്കുകളുടെ പോക്ക്‌ കണ്ടാല്‍. ആഭ്യന്തരമന്ത്രി കോടിയേരി വിദേശത്തു വിനോദസഞ്ചാരം വികസിപ്പിച്ച്‌ തിരിച്ചുവന്നപ്പോഴാണ്‌ മാറാട്‌ കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ബോധോദയം വീണ്ടും പെട്ടെന്നുണ്ടായത്‌്‌. മാറാട്‌ കമ്മീഷന്‍െറ ശുപാര്‍ശപ്രകാരം ഇതേ ആവശ്യം നേരത്തേ ഉന്നയിച്ചിരുന്നതാണ്‌. ഇനിയിത്‌ നടപ്പില്ലെന്ന്‌ പറഞ്ഞ്‌ സി.ബി.ഐ. ഫയല്‍ ക്ലോസാക്കിയതുമാണ്‌. എന്നിട്ടും കോടിയേരി പ്രതീക്ഷ വിടുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രന്‌ മനഃപരിവര്‍ത്തനം ഉണ്ടായേക്കാം. നമ്മളാവശ്യപ്പെട്ടില്ലെന്നുവേണ്ട.
എന്തായാലും ഈ കോടിയേരി പഴയ കോടിയേരിയല്ല എന്നുറപ്പ്‌. ഓരോ കാലത്ത്‌ ഓരോന്നിനാകും പ്രാധാന്യം. മാറാട്ടെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ അനേകം മാസങ്ങള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അഭയാര്‍ഥിക്യാമ്പില്‍ നരകിച്ചു. അന്ന്‌്‌ സി.ബി.ഐ. അന്വേഷണം ഏര്‍പ്പെടുത്തി സംഘപരിവാറുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന്‌ മുസ്‌ലിം സംഘടനകള്‍തന്നെ പറഞ്ഞിട്ടും കോടിയേരിയും കോടിയേരിയുടെ പാര്‍ട്ടിയും വഴങ്ങുകയുണ്ടായില്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനമാണോ പ്രധാനം കുറെ അഭയാര്‍ഥികളുടെ ദുരിതമോ? ഫെഡറല്‍ സംവിധാനമാണോ പ്രധാനം മാറാട്‌ ലഹളയ്‌ക്ക്‌ ഭീകരബന്ധം ഉണ്ടോ എന്ന്‌ കണ്ടെത്തലോ ? ഫെഡറല്‍സംവിധാനം തന്നെ പ്രധാനം. നാട്ടിലൊരു കേസുണ്ടായാല്‍ അന്വേഷണം സ്റ്റേറ്റ്‌ പോലീസ്‌ നടത്തണം. അത്‌ കേന്ദ്ര ഏജന്‍സിയെ ഏല്‌പിച്ചാല്‍ ഫെഡറലിസം നശിച്ച്‌ നാറാണക്കല്ല്‌ തോണ്ടും. വഴങ്ങുന്ന പ്രശ്‌നമില്ല. അതുതന്നെ ആപേക്ഷികമാണ്‌. മാറാട്‌ പോലെയുള്ള പ്രശ്‌നങ്ങള്‍ സി.ബി.ഐ.യെ ഏല്‌പിച്ചാലേ ഫെഡറല്‍ സംവിധാനം കുലുങ്ങിവീഴൂ. പാവപ്പെട്ട ആദിവാസിയെ വെടിവെച്ചുതുലച്ച മുത്തങ്ങയിലെ അന്വേഷണം സി.ബി.ഐ.യെ ഏല്‌പിക്കുന്നതുകൊണ്ട്‌ ഫെഡറലിസത്തിന്‍െറ രോമത്തിന്‌ കേടുവരില്ല. മാറാട്ട്‌ സി.ബി.ഐ.യെ വിളിച്ചാല്‍ ആന്‍റണിയുടെ മുഖ്യമന്ത്രിക്കസേര തെറിക്കുമായിരുന്നു. യു.ഡി.എഫ്‌. മുത്തങ്ങയില്‍ അതുപ്രഖ്യാപിച്ചു, എല്‍.ഡി.എഫ്‌.മൗനം പാലിച്ചു.

സംഭവം നടന്ന്‌ ആറുമാസത്തിന്‌ ശേഷമാണ്‌ മാറാട്‌ പ്രശ്‌നത്തില്‍ അവസാന ഒത്തുതീര്‍പ്പുണ്ടായത്‌. കലാപത്തെക്കുറിച്ച്‌ ഭാഗിക സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടാം എന്നത്‌ ഒത്തുതീര്‍പ്പിലെ വ്യവസ്ഥ. സി.ബി.ഐ.യോ സി.ഐ.എ.യോ എന്തോ ആകട്ടെ മാറാട്ടെ പാവങ്ങള്‍ക്ക്‌ വീടുകളില്‍ പോയി ഉറങ്ങാമല്ലോ എന്നാണ്‌ നാട്ടുകാര്‍ക്ക്‌ തോന്നിയത്‌. അത്തരം ലോലവികാരങ്ങളൊന്നും വിപ്ലവപാര്‍ട്ടിക്ക്‌ പറഞ്ഞിട്ടുള്ളതല്ല. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ ചോദ്യംചെയ്യുന്ന തരത്തില്‍ സര്‍ക്കാര്‍ സംഘപരിവാറിന്‌ കീഴടങ്ങിയെന്നും അതംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും തലസ്ഥാനത്തെ പ്രസ്‌ ക്ലബ്ബില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവിച്ചത്‌ ഒക്ടോബര്‍ ഏഴിന്‌ പത്രങ്ങളില്‍ വെണ്ടക്കയും പടവലങ്ങയുമൊക്കെയായി വന്നതാണ്‌. പ്രതിപക്ഷനേതാവ്‌ വി.എസ്‌. പറഞ്ഞതും മറ്റൊന്നല്ല.

കോടിയേരിയുടെയും പിണറായിയുടെയും മറവി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മറവിയുമായി ഒത്തുനോക്കുമ്പോള്‍ നിസ്സാരമാണ്‌. സി.ബി.ഐ. അന്വേഷണം എന്നത്‌ ബി.ജെ.പി.യുടെ ആവശ്യമായതുകൊണ്ടാണ്‌ തങ്ങള്‍ അന്നെതിര്‍ത്തതെന്നാണ്‌ കുഞ്ഞാലിക്കുട്ടി പ്രസ്‌താവിച്ചിരിക്കുന്നത്‌. വോട്ട്‌ ഒഴികെ ബി.ജെ.പി.യുടെ യാതൊരു സാധനവും കുഞ്ഞാലിക്കുട്ടി കൈകൊണ്ട്‌ തൊടില്ല. പ്രസ്‌താവനയില്‍ ഒരു പിശക്‌ മാത്രമേ ഉള്ളൂ. കുഞ്ഞാലിക്കുട്ടിയോ മുസ്‌ലിം ലീഗോ സി.ബി.ഐ. അന്വേഷണത്തെ അന്ന്‌ എതിര്‍ത്തിട്ടില്ല. ആവശ്യമെങ്കില്‍ അതാവാം എന്നാണ്‌ പാര്‍ട്ടി സംസ്ഥാനസമിതി കോഴിക്കോട്ട്‌ ബിരിയാണികഴിച്ച്‌ പത്രക്കാരോട്‌ പറഞ്ഞത്‌. സി.പി.എമ്മിനെപ്പോലെ ഫെഡറലിസത്തിന്‍െറ അസുഖമുള്ള പാര്‍ട്ടിയല്ലല്ലോ മുസ്‌ലിം ലീഗ്‌‌. അന്വേഷണം നടക്കില്ലെന്ന്‌്‌ ഉറപ്പുവരുത്തുന്നതിനുള്ള പാരവെപ്പുകള്‍ രാവും പകലും നടത്തുകയും അതില്‍ ജയിക്കുകയും ചെയെ്‌തന്നത്‌ നാട്ടുകാര്‍ അറിയേണ്ടതില്ല. അന്ന്‌ എതിര്‍ത്തുവെന്ന്‌ ഇന്ന്‌ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്‌. അന്നും ഇന്നും എതിര്‍പ്പില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത്‌.

ഒക്ടോബറില്‍ മാറാട്ട്‌ ഒത്തുതീര്‍പ്പുണ്ടാക്കിയ സര്‍ക്കാര്‍ ഡിസംബറില്‍ സി.ബി.ഐ. അന്വേഷണം ബുദ്ധിമുട്ടാണ്‌ എന്ന്‌ അഡ്വക്കേറ്റ്‌ ജനറലിന്‍െറ കുറിപ്പ്‌ എഴുതിവാങ്ങി ഫയല്‍ ക്ലോസ്സാക്കി. സംഘപരിവാര്‍ മിണ്ടാതിരുന്നുവെന്ന്‌ പറഞ്ഞാല്‍ സത്യമാവില്ല. ജാഥയും മാര്‍ച്ചുമൊക്കെ കുറച്ച്‌ നടത്തി. പിന്നെ മിണ്ടാതിരുന്നു. മരിച്ച ഓരോരുത്തരുടെയും കുടുംബത്തിന്‌ പത്തു ലക്ഷം രൂപയും ഉദ്യോഗവും തരുമ്പോള്‍ ആരാണ്‌ വീണുപോകാത്തത്‌ ? മുമ്പ്‌ നഷ്‌ടപരിഹാരമായി വാങ്ങിയ ഓരോലക്ഷം രൂപ ജാഥയായി ചെന്നാണ്‌ സര്‍ക്കാറില്‍ തിരിച്ചേല്‍പ്പിച്ചത്‌. സി.ബി.ഐ. അന്വേഷണത്തിന്‌ സര്‍ക്കാര്‍ വഴങ്ങാത്തതുതന്നെ കാരണം. അതുപോലെ പത്തുലക്ഷം മടക്കാന്‍ പറ്റില്ല. ഒരു ലക്ഷമല്ല പത്തുലക്ഷം.

രാഷ്ട്രീയോപജീവികള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ പലവിധ വിഭ്രാന്തികള്‍ ഉണ്ടാകാറുണ്ട്‌. മാന്ദ്യകാലത്ത്‌ പല രാജ്യത്തും ബാങ്കുകളെ വിശ്വസിച്ച്‌ പണമേല്‍പ്പിക്കാന്‍ വയ്യെന്ന നില വന്നിട്ടുണ്ട്‌. ഭീകരത വന്നതോടെ വോട്ട്‌ ബാങ്കുകളെയും വിശ്വസിക്കാന്‍ വയ്യെന്നായിട്ടുണ്ട്‌. ന്യൂനപക്ഷവോട്ട്‌ ബാങ്കിലാണോ നിക്ഷേപിക്കേണ്ടത്‌ അതല്ല ഭൂരിപക്ഷ വോട്ട്‌ ബാങ്കിലോ എന്ന്‌ കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്നില്ല. പിന്നീട്‌ ദുഃഖിച്ചിട്ട്‌ കാര്യമില്ല. രണ്ടുബാങ്കിലും കിടക്കട്ടെ തുക, തുല്യമായി.
******
ഇത്രയും കാലം ഇസ്‌ലാമികതീവ്രവാദികളെക്കുറിച്ച്‌ മാധ്യമങ്ങള്‍ എഴുതിപ്പോന്ന കാര്യങ്ങളില്‍ എന്തെങ്കിലും പിശകുള്ളതായി എല്‍.കെ.അഡ്വാണിജിക്കും മറ്റുഹിന്ദുത്വസംരക്ഷകര്‍ക്കും ഒരിക്കലും തോന്നിയിരുന്നില്ല. ലോഹ്‌ പുരുഷ്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും അതായിരുന്നു സ്ഥിതി. എന്തെല്ലാം കാര്യങ്ങളാണ്‌ രഹസ്യാന്വേഷണക്കാരും അവരുടെ വക്താക്കളും മാധ്യമങ്ങള്‍ക്ക്‌ നല്‍കിപ്പോന്നിരുന്നത്‌. അതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ, നേരില്‍ കണ്ടതുപോലെ അവര്‍ അച്ചടിച്ചും അല്ലാതെയും ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്‌. പാര്‍ലമെന്‍റ്‌ ആക്രമണത്തിനിടയില്‍ പോലീസിന്‍െറ വെടിയേറ്റുമരിച്ചവര്‍ പാകിസ്‌താനിലെ ഇന്നയിന്ന പ്രദേശക്കാരാണെന്ന്‌ പോലീസ്‌ പറഞ്ഞപ്പോള്‍ ഒരു ചോദ്യംപോലും ചോദിക്കാതെ മാധ്യമങ്ങള്‍ വെള്ളം കൂട്ടാതെ വിഴുങ്ങിയിട്ടുണ്ട്‌. ചില മനുഷ്യാവകാശക്കാരും ബുദ്ധിജീവികളും പതിവുമട്ടില്‍ സംശയങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ആളുകള്‍ അത്‌ ചിരിച്ചുതള്ളുകയാണ്‌ ചെയ്‌തത്‌.

മാലേഗാവിലെ സാധ്വിയെയും സംഘത്തെയും പിടിച്ചപ്പോളാണ്‌ ലോഹ്‌ പുരുഷ്‌ വെണ്ണ പോലെ ഉരുകിയത്‌. പോലീസ്‌ പറയിക്കുകയും മാധ്യമങ്ങള്‍ പറയുകയും ചെയ്യുന്നതെല്ലാം സത്യമാവണമെന്നില്ലെന്ന ബോധോദയം ഉണ്ടാവുകയും ചെയ്‌തു. എന്തെല്ലാം കള്ളങ്ങളാണ്‌ അവര്‍ നിര്‍മലയും പവിത്രയും എല്ലാമായ സംന്യാസിനിയെക്കുറിച്ച്‌ പ്രചരിപ്പിക്കുന്നത്‌. ഇതള്‍ പോലെ മൃദുവായ സംന്യാസിനി രാജ്യസ്‌നേഹത്തിന്‍െറ പര്യായമായ സൈനികരുമായി കൂട്ടുചേര്‍ന്ന്‌ ബോംബ്‌ വെച്ചത്രെ. ആരുവിശ്വസിക്കുമത്‌. ആരുവിശ്വസിച്ചാലും സംഘപരിവാറുകാര്‍ വിശ്വസിക്കില്ല.

പോലീസ്‌ പീഡിപ്പിച്ചതായി സംന്യാസിനി പറഞ്ഞതിനെക്കുറിച്ച്‌്‌ ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ അദ്വാനിതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്‌. സംന്യാസിനി കള്ളംപറയാനിടയില്ല. അതുപോലെയല്ല ജാമിയ മില്ലിയ കേസ്‌. ബട്‌ലാഹൗസില്‍ രണ്ടുകോളേജ്‌ കുട്ടികളെ പോലീസുകാര്‍ വെറുതെ വെടിവെച്ചുകൊന്നതാണെന്ന്‌ ആ നാട്ടുകാര്‍ മുഴുവന്‍ പറഞ്ഞത്‌ ശരിയാവാനിടയില്ല. നാട്ടുകാര്‍ സംന്യാസിനിമാരല്ലല്ലോ. അവര്‍ ഒന്നടങ്കം തീവ്രവാദികളുടെ പക്ഷം ചേര്‍ന്നതാകാനേ തരമുള്ളൂ. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യംതന്നെ രാജ്യദ്രോഹമാണെന്ന്‌ നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്‌.

മാലേഗാവിലെ പോലീസ്‌ പറഞ്ഞത്‌ മുഴുവന്‍ സത്യവും ജാമിയ മില്ലിയയിലെയും കശ്‌മീരിലെയും അസംഗഢിലെയും ഹൈദരാബാദിലെയും കണ്ണൂരിലെയുമെല്ലാം ഉദ്യോഗസ്ഥര്‍ പറഞ്ഞത്‌ പച്ചക്കള്ളവും ആണെന്ന്‌ ന്യൂനപക്ഷസംരക്ഷകര്‍ക്ക്‌ പൊതുവെ ബോധ്യപ്പെട്ടിട്ടുണ്ട്‌. മാലേഗാവിലൊഴികെ മറ്റെല്ലായിടത്തെയും പോലീസ്‌ കഥകള്‍, മറിച്ച്‌ തെളിയിക്കപ്പെടുന്നതുവരെ, സംഘപരിവാര്‍-പോലീസ്‌-മാധ്യമ മാഫിയ കൂട്ടുകെട്ടിന്‍െറ സൃഷ്‌ടികളാണ്‌. മറിച്ചുതെളിയിക്കപ്പെടുന്നതുവരെ മാലേഗാവിലെ പോലീസ്‌ പറഞ്ഞതുമാത്രം സത്യമാണെന്നും എല്ലാവരും വിശ്വസിക്കേണ്ടതാണ്‌.

വല്ലാത്ത ലോകംതന്നെയിത്‌. പോലീസ്‌ രഹസ്യമായും അല്ലാതെയും നല്‍കുന്ന വിവരങ്ങള്‍ തന്നെയാണ്‌ പത്രക്കാരെല്ലാം പൊലിപ്പിച്ചും അല്ലാതെയും കൊടുക്കുന്നത്‌. കശ്‌മീരായാലും കേരളമായാലും അക്കാര്യത്തില്‍ വ്യത്യാസമില്ല. അങ്ങനെ കൊടുക്കുന്നതേറെയും അസംബന്ധങ്ങളാണെന്നാണ്‌ കേരളത്തിന്‍െറ പോലീസ്‌ മന്ത്രി പറഞ്ഞിരിക്കുന്നത്‌. സംബന്ധങ്ങളും അസംബന്ധങ്ങളും തിരിച്ചറിയാന്‍ മന്ത്രിക്ക്‌ സംവിധാനം കാണും. അതുപക്ഷേ പത്രക്കാരുടെ കൈവശവുമില്ല, നാട്ടുകാരുടെ കൈവശവുമില്ല. സ്ഥിതി ഇനി കാര്യമായി മെച്ചപ്പെടാനിടയുണ്ട്‌. കേസന്വേഷണം തീരും മുമ്പ്‌ മാധ്യമങ്ങളോട്‌ ഒരക്ഷരം മിണ്ടിപ്പോകരുതെന്ന്‌ കേന്ദ്രആഭ്യന്തരന്‍ പോലീസിന്‌ കല്‌പന കൊടുത്തുകഴിഞ്ഞു. തത്തുല്യ കല്‌പന കേരള ആഭ്യന്തരനും ഇറക്കുമെന്ന്‌ തീര്‍ച്ച. ഒരാഴ്‌ച മുമ്പ്‌ ഈ ബുദ്ധിതോന്നിയിരുന്നെങ്കില്‍ കോട്ടയത്ത്‌ അഭയക്കേസില്‍ അകത്തായ അച്ചന്മാര്‍ക്കുകൂടി പ്രയോജനപ്പെടുമായിരുന്നു. ഭാഗ്യം വേണം അച്ചനായാലും മനുഷ്യരായാലും.
****
കേരളാകോണ്‍ഗ്രസ്സുകള്‍ ഒറ്റപ്പാര്‍ട്ടിയാകാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു.
അടുത്ത തിരഞ്ഞെടുപ്പിലെ സീറ്റ്‌ വിഭജനവും സ്ഥാനാര്‍ഥിനിര്‍ണയവും വരെ എന്നുകൂടി വെളിപ്പെടുത്താമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top