കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാന്‍ ചില ഏജന്‍സികളെ ചുമതല സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ ജോലി അവര്‍ മുടങ്ങാതെ ചെയ്യും. അത്രയും ആര്‍ക്കും മനസ്സിലാക്കാം. ഈ കണക്ക് പുറത്തുവരുമ്പോഴെല്ലാം ഭരണപ്രതിപക്ഷക്കാരെന്തിനാണ് പ്രസംഗവും പ്രസ്‌താവനയുമായി പാഞ്ഞുവരുന്നത് എന്ന കാര്യമാണ് മനസ്സിലാകാത്തത്. അവര്‍ പറയുന്നതുകേട്ടാല്‍ നാട്ടിലെ കുറ്റകൃത്യനടത്തിപ്പിന്റെ മുഴുവന്‍ ചുമതലയും അവര്‍ക്കാണ് എന്നാണ്‌് തോന്നുക. കുറ്റകൃത്യം വര്‍ധിപ്പിക്കുന്നതില്‍ അവര്‍ക്ക്‌് കൈയുണ്ടെന്നത് ശരി. കുറയ്‌ക്കുന്നതിലോ ?
നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോവിന്റെ കണക്കുകള്‍ വായിച്ച്, കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ചുമതല വഹിക്കുന്ന മുഖ്യഭരണകക്ഷി ഗ്രൂപ്പുഭേദമന്യേ രോഷവും പ്രതിഷേധവും പ്രകടിപ്പിക്കുകയുണ്ടായി. ആഭ്യന്തരമന്ത്രി കോടിയേരി വ്യാകുലപ്പെട്ടതു സ്വാഭാവികം മാത്രം. നമ്മുടെ കോടിയേരിയല്ലേ പോലീസ് മന്ത്രി, ഒന്നും പേടിക്കേണ്ട, പോയി ഒരു കുറ്റകൃത്യം ചെയ്‌തേക്കാം എന്ന് പറഞ്ഞ് ആളുകള്‍ പോയി കുറ്റംചെയ്യുന്നുണ്ടെന്നുതോന്നും ഉമ്മന്‍ചാണ്ടി പറയുന്നതുകേട്ടാല്‍. പോലീസിന്റെ കുറ്റകൃത്യനിയന്ത്രണവും ആഭ്യന്തരമന്ത്രിയും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് അറിയാത്ത ആളല്ല ഉമ്മന്‍ചാണ്ടി. മന്ത്രി പറഞ്ഞിട്ടൊന്നുമല്ല പോലീസ് കള്ളനെ പിടിക്കുന്നതും പിടിക്കാതിരിക്കുന്നതും. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിപത്രത്തില്‍ വിസ്‌തരിച്ച് ലേഖനമെഴുതിയത് ആഭ്യന്തരവകുപ്പിന്റെ ഭരണത്തില്‍ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാനാണ്. ആഭ്യന്തരവകുപ്പ് തന്റെ കൈവശമില്ലാത്തതിന്റെ സന്തോഷം മുഴുവന്‍ ലേഖനത്തില്‍ കാണാനുണ്ട്. ഈ പൊല്ലാപ്പ് തന്റെ കൈയില്‍ത്തരാതെ പാര്‍ട്ടി കോടിയേരിയെ ഏല്‌പ്പിച്ചത് കേരളത്തിന്റെ ക്രമസമാധാനനില മെച്ചപ്പെടുത്തണം എന്ന് ഉദ്ദേശ്യത്തോടെയാവണമല്ലോ. നൂറുതിരക്കിനിടയില്‍ മുഖ്യമന്ത്രി ഈ പണികൂടി ചെയ്‌താല്‍ ക്രമം അക്രമമാകാനാണ് സാധ്യത എന്ന് പാര്‍ട്ടിക്കുറപ്പായിരുന്നു. ഇപ്പോള്‍, തിരക്കിനിടയില്‍ സമയം കണ്ടെത്തി ക്രമസമാധാനം മോശമായിട്ടില്ലെന്ന് ലേഖനമെഴുതി സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി.
കാര്യമിതാണ്. കണക്കുകളില്‍ പലതും കാണും. അതൊന്നും വിശ്വസിക്കേണ്ട. കാര്യക്ഷമതയുടെ കുറവൊന്നും പോലീസിനില്ല. മറിച്ച്, പോലീസിന്റെ കാര്യക്ഷമത കുടുതലായതുകൊണ്ടാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നത്. എങ്ങനെയെന്നോ, കേരളത്തില്‍ രണ്ടാള്‍ വഴിയില്‍ കണ്ടുമുട്ടി ഓരോന്ന് കൊടുക്കുകയും വാങ്ങുകയും ചെയ്‌തെന്നിരിക്കട്ടെ. രണ്ടുപേരും പോലീസ് സ്റ്റേഷനില്‍ പാഞ്ഞുചെന്ന് പരാതി കടലാസ്സിലാക്കും. ഗുജറാത്തിലാകട്ടെ, ഹരിയാനയിലാകട്ടെ തല്ലിയാലല്ല, വീടിന് തീയിട്ടാലും ഒരുത്തനും പോലീസ് സ്റ്റേഷനില്‍ക്കേറില്ല. ഗുണ്ട തന്നെയാണ് പോലീസിനേക്കാള്‍ ഭേദമെന്ന് അവനറിയാം. പോലീസില്‍ വിശ്വാസമുള്ളതുകൊണ്ടാണ് കേരളത്തില്‍ കേസ്സുകളുടെ എണ്ണം കൂടുന്നത്. അപ്പോള്‍ സംഗതിയുടെ കിടപ്പ് മനസ്സിലായല്ലോ, പോലീസിന്റെ വിശ്വാസ്യത വര്‍ധിക്കുന്നതിന്റെ അനുപാതത്തില്‍ കേസ്സിന്റെ എണ്ണവും കൂടും. കോടിയേരി ബാലകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായതോടെ ജനത്തിന്റെ വിശ്വാസത്തില്‍ കുതിച്ചുചാട്ടമുണ്ടായി. കേസ്സും കൂടി. ദൈവത്തിലുള്ള വിശ്വാസം കഴിഞ്ഞാല്‍ ജനത്തിന് ഏറ്റവും വിശ്വാസമുള്ള വസ്‌തു നമ്മുടെ പാര്‍ട്ടിയാണ്. നമ്മുടെ മന്ത്രിസഭ വന്നതുമുതല്‍ മൂന്നാം റാങ്ക് പോലീസിന്. പണ്ടില്ല, നാളെയുണ്ടാകണമെന്നുമില്ല.
ആകപ്പാടെ ഒരു അയുക്തി ഇതിലുള്ളത് തുറന്നുപറയട്ടെ. ക്രൈം റിക്കോഡ്‌സ് ബ്യൂറോവിന്റെ കണക്കുകള്‍ മുന്‍കാലത്ത് പ്രസിദ്ധപ്പെടുത്തിയപ്പോഴെല്ലാം അന്നത്തെ ആഭ്യന്തരമന്ത്രിമാരെ അടിക്കാനുള്ള വടിയായി പാര്‍ട്ടി അതുപയോഗിച്ചുപോന്നിട്ടുണ്ട്. ചില പരമ്പരാഗത രീതികള്‍ പിന്‍തുടര്‍ന്നുപോയതുകൊണ്ടുണ്ടായ പിശകാണ്. എ.കെ.ആന്റണി മുഖ്യമന്ത്രിയായി ഒരു വര്‍ഷത്തിനകം കുറ്റകൃത്യനിരക്കെത്ര കൂടിയെന്ന് നിയമസഭയില്‍ ചോദിച്ചത് നാല് എം.എല്‍.എ.മാരാണ്. നാലില്‍ മൂന്നും സി.പി.എം.കാര്‍. ഇഛിച്ച മറുപടി തന്നെ കിട്ടി- കുറ്റകൃത്യനിരക്ക് വര്‍ധിച്ചിരിക്കുന്നു. ആ കണക്കുകള്‍ ഉപയോഗിച്ച് പാര്‍ട്ടിയും പാര്‍ട്ടിപ്പത്രവും പൊതിരെ പൂശിയിട്ടുണ്ട് ആ ഭരണത്തെ. സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അന്നത്തെ പത്രങ്ങളെടുത്ത് നിലത്തുവിരിച്ച് അതിന്റെ മേലെ പുലര്‍ച്ചെ യോഗാഭ്യാസം നടത്തണം.
ആന്റണിയുടെ പോലീസ് ഭരണകാലത്ത് യോഗ്യനായ ഒരു ഡി.ജി.പി ഉണ്ടായിരുന്നു. കോടിയേരിയുടെ നിര്‍ഭാഗ്യമെന്നല്ലാതെന്തുപറയാന്‍, അദ്ദേഹം റിട്ടയേഡ് ആയിപ്പോയി. ക്രമസമാധാനം തകര്‍ന്നെന്നും മറ്റും സി.പി.എം കാര്‍ അലമുറയിടുമ്പോള്‍ ഡി.ജി.പി.എന്താണ് പറഞ്ഞതെന്നോ ? കേരളമെമ്പാടും തോക്കും കത്തിയും എസ്‌കോര്‍ട്ടുമൊന്നുമില്ലാതെ ഞാന്‍ നടക്കുന്നു, എന്നെയാരും നുള്ളുകയും മാന്തുകയും ഒന്നും ചെയ്‌തില്ലല്ലോ. സമാധാനം ക്രമത്തിലാണെന്നതിന് അതുതന്നെ തെളിവ്. ഇത്രയും സമാധാനം കേരളചരിത്രത്തില്‍ ഒരിക്കലുണ്ടായിട്ടില്ലെന്നുവരെ അദ്ദേഹം തറപ്പിച്ചുപറഞ്ഞു. അതിന്റെ പേരില്‍ അധിക്ഷേപമെത്ര കേട്ടിരിക്കുന്നു ജോസഫ്. ഇപ്പോള്‍ കോടിയേരിയും വി.എസ്സും പറഞ്ഞ ഒരു ന്യായം പോലും അന്ന് ഡി.ജി.പി. ജോസഫിനെ സഹായിക്കാന്‍ വേണ്ടി എ.കെ.ആന്റണി പറഞ്ഞില്ല, ഒരു ലേഖനം ‘ വീക്ഷണ ‘ത്തില്‍പ്പോലും എഴുതിയില്ല.
ആകപ്പാടെ ഇലക്‌ഷനിലെ വോട്ടിങ്ങ് കണക്കുകള്‍ പോലെയാണ് കുറ്റകൃത്യക്കണക്കുകളും. ആര്‍ക്കുംതരംപോലെ വ്യാഖ്യാനിക്കാം. സീറ്റിന്റെ എണ്ണം നോക്കിയാല്‍ എ കക്‌ഷിക്ക് വന്‍ജയം, വോട്ടിന്റെ എണ്ണം നോക്കിയാല്‍ ജയം ബി കക്‌ഷിക്ക്, വോട്ടിന്റെ ശതമാനം നോക്കിയാല്‍ ജയം മൂന്നാമത്തെ സി കക്‌ഷിക്ക്… ഇങ്ങനെപോകും വോട്ട് സ്ഥിതിവിവരക്കണക്ക്. ജയം ആര്‍ക്കും അവകാശപ്പെടാം. കൃറ്റകൃത്യവും തഥൈവ. കേസ് കൂടുതല്‍ കേരളത്തില്‍, ക്രമസമാധാനം ഏറ്റവും നല്ലത് കേരളത്തില്‍, കൊല കൂടുതല്‍ കണ്ണൂരില്‍, കലാപം കൂടുതല്‍ കണ്ണൂരില്‍, വാഹനാപകടക്കേസ്സുകള്‍ കൂടുതല്‍ കേരളത്തില്‍, ആത്മഹത്യ കൂടുതല്‍ കേരളത്തില്‍, മനോരോഗംകൂടുതല്‍ കേരളത്തില്‍, സ്‌ത്രീകള്‍ക്കെതിരെ അക്രമം കൂടുതല്‍ കേരളത്തില്‍, ദൈവത്തിന്റെ സ്വന്തം നാടോ ? അതും കേരളം തന്നെ.
ഒന്നു സമ്മതിച്ചേ തീരൂ. എണ്ണം കൊണ്ടും തോതുകൊണ്ടും കൊലകുറവ് കേരളത്തില്‍തന്നെയാണ്. ആര്‍.എസ്.എസ്സും സി.പി.എമ്മും കിണഞ്ഞു ശ്രമിച്ചിട്ടും കോണ്‍ഗ്രസ്സ് ഭരിക്കുന്ന മഹാരാഷ്ട്രയുടെ നിലവാരത്തില്‍ പോലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. പതിനാറുകോടിയാളുകളുള്ള യു.പി യും മൂന്നുകോടിയാളുള്ള കേരളവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ വെറുംകണക്കുമാത്രം പോര. കാല്‍ലക്ഷം പേര്‍ക്ക് ഒരു കൊലയെന്നതാണ് അവിടത്തെ അനുപാതം. നമുക്കത് മുക്കാല്‍ ലക്ഷത്തിനേ ഒന്നുള്ളൂ. ഇതും കണക്കിന്റെ മാത്രം കളിയല്ല. വിദ്യാഭ്യാസവും സാക്ഷരതയും സംസ്‌കാരവും സാമൂഹ്യവികാസവും ജാതിയും മതവും സാമ്പത്തികബന്ധങ്ങളും എല്ലാം ചേര്‍ന്നുള്ള കളിയാണ്. യു.പി.യില്‍ കൊല കൂടിയത് മായാവതിയുടെ കുഴപ്പംകൊണ്ടുമല്ല, കേരളത്തില്‍ കുറഞ്ഞത് കോടിയേരിയുടെ യോഗ്യതയുമല്ല. ആന്റണിഭരിക്കുമ്പോഴും കോടിയേരി ഭരിക്കുമ്പോഴും ഇതിലൊരു വ്യത്യാസവുമില്ല.
*****
പ്രസംഗിക്കാമെന്ന് ഏല്‌ക്കുന്നതിന് മുമ്പ് മറ്റുപ്രസംഗകര്‍ ആരെല്ലാമാണെന്ന് അന്വേഷിക്കുന്നതാണ് ബുദ്ധി. തന്റെ നിലവാരത്തിന് യോജിക്കുന്നവര്‍തന്നെയാണോ സ്‌റ്റേജിലുണ്ടാവുക എന്നുറപ്പുവരുത്തണം. സി.പി.എം ജില്ലാസമ്മേളനമാണ് വേദിയെന്ന് അറിഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് സുകുമാര്‍ അഴീക്കോടും ടി.പത്മനാഭനും കണ്ണൂരില്‍ പ്രസംഗിക്കാമെന്ന് ഏറ്റതെന്ന് തീര്‍ച്ച.
കണ്ണൂരിലെ ജനത്തെ കണ്ണൂരുകാരന്‍ ടി.പത്മനാഭന്‍ ഇതിലേറെ നിരാശപ്പെടുത്തിയ സന്ദര്‍ഭം വേറെയില്ല. നാട്ടിലെ ചില പാര്‍ട്ടികളുടെ നിലവാരമനുസരിച്ച് വര്‍ത്തമാനം നിറുത്തി കൈകള്‍ കൊണ്ടുസംസാരിക്കേണ്ട ഘട്ടത്തിലേക്ക് ഉയര്‍ന്ന ഉജ്വല-നാടകീയ രംഗങ്ങളാണ് അവര്‍ നേരില്‍ കണ്ടത്. ചാനല്‍ സീരിയലുകളിലോ സുരേഷ്‌ഗോപി സിനിമകളിലോ ഉണ്ടായിട്ടില്ല ഇത്രയും വികാരതീവ്ര രംഗങ്ങള്‍. പത്മനാഭന് നേരെ വിരല്‍ ചൂണ്ടി, മറ്റേ കണ്ണൂരുകാരന്‍ എണ്ണിയെണ്ണിപ്പറഞ്ഞതിന് പത്മനാഭന്‍ കണക്കിന് മറുപടി പറയുമെന്നും അതിന്റെ രണ്ടാംഘട്ടത്തില്‍ കളി മാറി അസ്സല്‍ സ്റ്റണ്ടുണ്ടാകുമെന്നുമെല്ലാം പാവം കണ്ണൂരുകാര്‍ വെറുതെ മോഹിച്ചുപോയി. ഒന്നും സംഭവിച്ചില്ല, പത്മനാഭന്റെ പ്രസംഗത്തിനിടയില്‍ സുകുമാര്‍ എഴുനേറ്റ് അദ്ദേഹത്തിന്റെ പാട്ടിന് പോയി. പത്മനാഭന്റെ പ്രസംഗം അതിന്റെ പാട്ടിനും പോയി. മലപോലെ വന്നത് എലി പോലെയായി എന്നുകേട്ടിട്ടേയുള്ളൂ. ഇപ്പോഴാണ് കണ്ടത്.
നേര്‍ക്ക്‌ുനേരെ ഏറ്റുമുട്ടുന്ന സമ്പ്രദായം ഇപ്പോള്‍ കണ്ണൂരിലില്ല, കേരളത്തില്‍ എങ്ങുമില്ല. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവനെയും സ്‌കൂളില്‍ പഠിപ്പിക്കുന്നവനെയും ഭാര്യയോടൊപ്പം വഴിയേ പോകുന്നവനെയുമെല്ലാമാണ് ധീരരായ ആളുകള്‍ വെട്ടിക്കൊല്ലുക. പത്തിരുപതുകൊല്ലത്തിനിടയില്‍ ഒരാള്‍പ്പോലും കണ്ണൂരില്‍ പരസ്‌പരം ആയുധങ്ങളുമായി ഏറ്റുമുട്ടി മരിച്ചിട്ടില്ല. നിരായുധനെ ആക്രമിച്ചുകൊന്നിട്ടേയുള്ളൂ. നേര്‍ക്കുനേരെ എത്തിപ്പെട്ടാല്‍ നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മുദ്രാവാക്യം വിളിച്ച് തടിയൂരും.ആ രീതിയനുസരിച്ച് പത്മനാഭന്‍ ചെയ്‌തത് തന്നെയാണ് ശരി, സുകുമാര്‍ ചെയ്‌തതല്ല. നേര്‍ക്കുനേരെ കണ്ടുമുട്ടിയാല്‍ ചിരിച്ചുകൈകൊടുക്കുകയാണ് വേണ്ടത്. മറുപടി പറയാന്‍ എതിരാളി മുമ്പിലില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം നാക്കുപുറത്തെടുക്കുക. വെട്ടിനിരപ്പാക്കുക.
********
ആഭ്യന്തരമന്ത്രി ആന്റണിയാകട്ടെ, കോടിയേരിയാകട്ടെ. പോലീസ് നയം തീരുമാനിക്കുന്നത് പോലീസാണ്. മറിച്ചുളള അഭിനയങ്ങളും അവകാശവാദങ്ങളെല്ലാം ശുദ്ധഭോഷ്‌ക്. പോലീസ് നല്‍കുന്ന കടലാസ്സില്‍ ഒപ്പുവെക്കുകയാണ് ആഭ്യന്തരമന്ത്രിയുടെ ചുമതല. മന്ത്രി പോലീസിനെ ഭരിക്കുകയാണെന്ന് നടിക്കണം. അതാണ് ഭരണഘടനാവ്യവസ്ഥ. ഭരിക്കുന്നത് പക്ഷേ പോലീസ് തന്നെയാണ്. ഇടയ്‌ക്കൊന്നു സ്ഥലംമാറ്റുകയോ നിസ്സാരന്മാരെ ആരെയെങ്കിലും സസ്‌പെന്റ് ചെയ്യുകയോ ആവാം. നാട്ടുകാര്‍ക്കിടയില്‍ നിലയും വിലയും ഇല്ലാതായിപ്പോകരുതല്ലോ.
പോലീസിന്റെ ഭയം ആണ് ആഭ്യന്തരവകുപ്പിന്റെ നയം. മുമ്പും അതെ ഇപ്പോഴും അതെ. അബ്ദുള്‍ നാസര്‍ മദനി പുറത്തിറങ്ങിയാല്‍ നാട്ടില്‍ കലാപമുണ്ടാകുമെന്ന് പോലീസ് ഭയന്നു. ശരി എങ്കില്‍ കാല്‍നൂറ്റാണ്ടായാലും അവിടെ കിടന്നോട്ടെ എന്നായി അന്നത്തെ ആഭ്യന്തരമന്ത്രി. മാറാട് കേസ് പ്രതികളെ വിട്ടാല്‍ കുഴപ്പമാകും എന്നുപോലീസ്. എങ്കിലവരും കിടക്കട്ടെ എന്നു മന്ത്രി. എല്ലാവരെയും ജയിലില്‍ പാര്‍പ്പിച്ച് കലാപമില്ലാതാക്കാനാണെങ്കില്‍ പിന്നെ പോലീസ് എന്തിന് എന്നാരും ചോദിച്ചതായിക്കേട്ടില്ല.
ഒന്നുണ്ട്. എല്ലാം മന്ത്രി പോലീസിന് വിടുന്നു എന്ന് തെറ്റിദ്ധരിക്കരുത്. മന്ത്രിയെക്കൊണ്ടാവുന്നത് മന്ത്രിയും ചെയ്യുന്നുണ്ട്. നന്ദിഗ്രാമിന്റെ വിരോധം തീര്‍ക്കാന്‍ ഇവിടെയുള്ളവരെ ജയിലിലിടുന്നു. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന അന്യനാട്ടുകാരികളെയും കൊച്ചുകുട്ടികളെയും വരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നു. വിപ്ലവപുസ്‌തകം വില്‍ക്കലും വാങ്ങലും ഐ.പി.സി.യില്‍ കുറ്റകൃത്യമാണെന്ന് ഐ.പി.സി.യില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പീപ്പ്‌ള്‍സ് മാര്‍ച്ചിന്റെ പത്രാധിപര്‍ ഗോവിന്ദന്‍കുട്ടി മറ്റൊരു കുറ്റവും ചെയ്‌തതായി പോലീസിന് പറയാനില്ല. കുറ്റം ചെയ്‌തേക്കാന്‍ സാധ്യതയുണ്ടത്രെ. അതാണ് ജയിലിലിടാന്‍ കാരണം. ഇതാണ് ന്യായമെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തകരില്‍ അധികം പേരൊന്നും ജയിലിന് പുറത്തുണ്ടാകില്ല. പോലീസുകാരും ഉണ്ടാകില്ല തീര്‍ച്ച.