അംശം അധികാരി നാട്ടിലെ എല്ലാറ്റിന്റെയും അധികാരിയായിരുന്ന കാലമുണ്ടായിരുന്നു. പ്രധാനമായും ഭൂമിയുടമസ്ഥതയിന്‍മേലാണ് അധികാരത്തിന്റെ കളിനടക്കുന്നത്. മൂന്നുകോടിയില്‍ ചില്വാനം ആളുകളാണ് നാട്ടിലുള്ളത്. അത് കൂടിക്കൂടി വരികയേയുള്ളൂ. കേരളമുണ്ടായ കാലത്ത് ആള്‍ക്കൂട്ടം ഇതിന്റെ മൂന്നിലൊന്നോ മറ്റോ മാത്രമാണുണ്ടായിരുന്നത്. കേരളത്തെക്കുറിച്ച് ഇ.എം.എസ് മുമ്പെഴുതിയ പുസ്‌തകത്തിന്റെ പേര് /ഒന്നേകാല്‍കോടി മലയാളികള്‍/ എന്നായിരുന്നല്ലോ. നിര്‍ഭാഗ്യവശാല്‍ മനുഷ്യരുടെ എണ്ണം കൂട്ടാനുള്ള കഴിവേ മനുഷ്യന് പടച്ചോന്‍ തന്നിട്ടുള്ളൂ. ഭൂമിയുടെ അളവുകൂട്ടാന്‍ ആരാലും വയ്യ. പിന്നെ ചെയ്യാന്‍കഴിയുന്നത് കാടോ കടലോ കയ്യേറുക മാത്രമാണ്. മനുഷ്യരാശിയുടെ ചരിത്രം വര്‍ഗസമരത്തിന്റെ ചരിത്രമാണ് എന്ന് പറയുമെങ്കിലും കേരളത്തിന്റെ ചരിത്രം ഭൂമിപിടിത്തത്തിന്റെ ചരിത്രമാണ്. അതില്‍ ന്യായമായ ഭൂമിപിടിത്തവുമുണ്ട്, അന്യായമായതുമുണ്ട്.
അധികാരിമാരുടെ വകുപ്പാണ് റവന്യു വകുപ്പ്. അമ്പത്തേഴില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതല്‍ ധാരാളം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വകുപ്പുമാണിത്. പണ്ടൊക്കെ പാവപ്പെട്ടവന് കുടികിടപ്പവകാശം നല്‍കുക, ഭൂനിയമപരിഷ്‌കരണം നടത്തുക, മിച്ചഭൂമിവിതരണം ചെയ്യുക തുടങ്ങിയ സല്‍കൃത്യങ്ങള്‍ ആയിരുന്നു ഈ വകുപ്പിന്റെ കര്‍മപരിപാടി. ബുദ്ധിമാന്മാര്‍ക്കറിയാം ഏത് വകുപ്പിലാണ് കാര്യമിരിക്കുന്നത് എന്ന്. യു.ഡി.എഫില്‍ കേരളകോണ്‍ഗ്രസ്സും ഇടതുമുന്നണിയില്‍ സി.പി.ഐ.യും ആണ് ബുദ്ധിജീവികളുടെ പാര്‍ട്ടികള്‍ എന്നുപറഞ്ഞാല്‍ ആരും തര്‍ക്കിക്കാന്‍ വരാനിടയില്ല.
സി.പി.ഐ.ക്ക് ഈ വകുപ്പിന്മേല്‍ ആദ്യമായൊരു പിടി കിട്ടുന്നത് അറുപത്തേഴിലെ സപ്‌തകക്ഷിമന്ത്രിസഭയെ പിളര്‍ത്തിയുണ്ടാക്കിയ അച്യുതമേനോന്‍ മന്ത്രിസഭയിലാണ്. യു.ഡി.എഫിന്റെ ആദിരൂപമായിരുന്നു അത്. കോണ്‍ഗ്രസ്സിന്റെ നില്‍പ്പ് വാതില്‍പ്പടിക്ക് പുറത്തായിരുന്നു. കൈ മാത്രമേ ഇടക്കിടെ അകത്തേക്ക് നീട്ടുമായിരുന്നുള്ളൂ. ഭാഗ്യവശാല്‍ കേരളകോണ്‍ഗ്രസ്സും പുറത്തായിരുന്നു. റവന്യുവകുപ്പിന് വേണ്ടി അതുകൊണ്ട് കാര്യമായ തര്‍ക്കമുണ്ടായില്ല. സി.പി.ഐ.വകുപ്പേറ്റു. അക്കാലത്ത് പട്ടയം എന്നത് ഒരു അശ്ലീലപദമായിരുന്നില്ല. ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ട കുടിയാന്‍മാര്‍ക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട് പാഞ്ഞുനടന്ന് പട്ടയവിതരണം ചെയ്യുകയായിരുന്നു അന്നത്തെ റവന്യൂമന്ത്രി കെ.ടി.ജേക്കബ്. നാടുമുഴുവന്‍ പട്ടയമേളയായിരുന്നു. പട്ടയവീരന്‍ എന്ന് അദ്ദേഹത്തിന് പേരും കിട്ടി. ജനങ്ങള്‍ വളരെ നന്ദിയുള്ളവരായിരുന്നതുകൊണ്ട് ഒരു കാര്യം ചെയ്‌തു-ഉടനെ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ഉടുമ്പഞ്ചോലയില്‍ നീറ്റായി തോല്‍പ്പിച്ചു.
എല്‍.ഡി.എഫില്‍ റവന്യൂവകുപ്പുമോഹികള്‍ കുറവായിരുന്നു. റവന്യൂവിന്റെ ഗുണം തിരിച്ചറിഞ്ഞവര്‍ അധികമില്ലാതിരുന്നതുകൊണ്ട് സി.പി.ഐ.യുടെ ചാക്കിലാണ് അത് മിക്കപ്പോഴും വന്നുപെടാറുള്ളത.് ഇടതുമുന്നണിയില്‍ ചേര്‍ന്നതിന് ശേഷം ഉണ്ടായ മന്ത്രിസഭകളിലെല്ലാം സി.പി.ഐ.യുടെ കൈയില്‍ ആയിരുന്നു ആ വകുപ്പ്. 1980നു ശേഷമുണ്ടായ എട്ട് മന്ത്രിസഭകളിലും ഒന്നുകില്‍ സി.പി.ഐക്ക് അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ്സിന് ആയിരുന്നു റവന്യൂവകുപ്പില്‍ സ്ഥിരം പട്ടയാവകാശം. മറ്റൊരാളെയും അങ്ങോട്ട് അടുപ്പിച്ചിരുന്നില്ല.
ഇത്തവണയും റവന്യൂവകുപ്പിന്റെ അധികാരം സി.പി.ഐ.ക്ക്‌്‌് തന്നെയാണ്. എങ്കിലും അധികാരിയ്‌ക്ക് താന്‍ അധികാരിതന്നെയോ അന്നൊരാശങ്ക. പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ചരിത്രത്തില്‍ വെള്ളിലിപികളില്‍ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് മൂന്നാറില്‍ പാര്‍ട്ടിയുടെ കൈവശമുള്ള റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പഴയ റഷ്യയിലെ ഒക്‌റ്റോബര്‍ വിപ്ലവം എന്നതുപോലെ മൂന്നാര്‍ ജെ.സി.ബി വിപ്ലവം എന്നോ ഒക്കെ വിളിക്കേണ്ട സംഭവം. കെ.പി. രാജേന്ദ്രന്റെ ഒരുവര്‍ണചിത്രം പോസ്റ്ററില്‍ സ്ഥിരമായിവെക്കേണ്ട സംഭവം. ഇതെല്ലാമായിട്ടും ജനത്തിന് സി.പി.ഐ.ക്കാരെ കാണുമ്പോള്‍ ലവലേശം ബഹുമാനമില്ല. ചില്ലറ പരിഹാസം ആളുകളുടെ മുഖത്തുണ്ടോ എന്നൊരു സംശയം കുറച്ചുണ്ടുതാനും. മുഖ്യമന്ത്രി അധികാരിയാവുകയും സി.പി.ഐ കോല്‍ക്കാരനുമാവുകയാണോ ? രേഖയും പട്ടയവുമൊക്കെയായി വി.എസ്. അച്യുതാനന്ദന്‍ മുന്നില്‍, അളക്കാനുള്ള കോലുമാത്രമായി അരയില്‍ മുണ്ട് കെട്ടി റവന്യൂമന്ത്രി ആജ്ഞാനുവര്‍ത്തിയായി സദാപിന്നില്‍. എത്രകാലമാണ് ഇങ്ങനെ നടക്കുക ?
മൂന്നാറില്‍ റവന്യൂഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ മാറ്റേണ്ടത് സി.പി.ഐ ക്കാരനായ റവന്യൂമന്ത്രിയാണ്. വനംഭൂമിയിലാണ് കയ്യേറ്റമെങ്കില്‍ നീക്കേണ്ടത് വനംമന്ത്രിയാണ്. അതും സി.പി.ഐ വക പണ്ടാരം തന്നെ. മുഖ്യമന്ത്രിക്കെന്ത് ഇതില്‍ കാര്യം ? ഇ.എം.എസ്സിന്റെയും നായനാരുടെയും കരുണാകരന്റേയും ആന്റണിയുടെയും മന്ത്രിസഭകളില്‍ മന്ത്രിമാരായിരുന്നിട്ടുള്ള പാര്‍ട്ടിയാണ് സി.പി.ഐ. കോണ്‍ഗ്രസ്സോ സി.പി.എമ്മോ അല്ലാത്ത ഒരുപാര്‍ട്ടി കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റിട്ടുണ്ടെങ്കില്‍ അത് സി.പി.ഐയാണെന്നതും മറക്കരുതാരും. (ലീഗിന്റെ ചെറിയ ഇടവേള കാര്യമായെടുക്കേണ്ട) അങ്ങനെയുള്ള സി.പി.ഐ.യെ ഒരു സൈഡില്‍ ആക്കിയിട്ടാണ് വി.എസ്. താനാണ് റവന്യൂമന്ത്രിയെന്ന മട്ടില്‍ ജെ.സി.ബി പ്രയോഗിക്കുന്നത്. സി.പി.ഐ ഓഫീസിന് നേരെയും തൃക്കൈ പൊക്കാന്‍ ജെ.സി.ബി.ക്ക്‌് ധൈര്യം ഉണ്ടായിരിക്കുന്നു.
മൂന്നാറിലെ കൈയേറ്റത്തേക്കാള്‍ ഗുരുതരമാണ് മുഖ്യമന്ത്രിയുടെ വകുപ്പുകൈയേറ്റം എന്ന് സി.പി.ഐ.ക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. ആദ്യം മുഖ്യമന്ത്രിയെ വേണം റവന്യൂ വനംവകുപ്പുകളില്‍ നിന്ന് ഒഴിപ്പിക്കാന്‍. ഇല്ലെങ്കില്‍ കേരളത്തില്‍ വേറെ മന്ത്രിമാരൊന്നും വേണ്ട, എല്ലാവകുപ്പിനും കൂടിയൊരു മുഖ്യമന്ത്രി മതിയെന്ന നിലവരും. ജനവും അങ്ങനെ പറയാന്‍ തുടങ്ങും.തൊഴില്‍രഹിതരാകുന്ന മന്ത്രിമാരെ പുനരധിവസിപ്പിക്കാന്‍ വേറെ കോര്‍പ്പറേഷന്‍ ആവശ്യമായിവരും. ഉടനെ പരിഹാരക്രിയകള്‍ ചെയ്‌തില്ലെങ്കില്‍ മുന്നണിയിലെ രണ്ടാംകക്ഷിയുടെ നില മൂന്നാറിലെ കയ്യേറ്റക്കാരുടെ നിലയേക്കാള്‍ പരുങ്ങലിലാകും.
****************
അച്യൂതാന്ദന്‍ പ്രതിപക്ഷനേതാവായി കാടിളക്കുന്ന കാലത്തും ഒരുകണ്ണ് മൂന്നാറിലായിരുന്നു. അഞ്ചുകൊല്ലം മുമ്പൊരിക്കല്‍ ദേവീകുളത്ത് അദ്ദേഹം പ്രസംഗിച്ചത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. ടാറ്റ എന്ന കുത്തകമുതലാളി മുന്നാറില്‍ എഴുപത്തായിരം ഏക്കര്‍ ഭൂമിയാണ്‌്‌്‌് കയ്യേറി കയ്യില്‍ വെച്ചിരിക്കുന്നത എന്ന് പറഞ്ഞത് വി.എസ് . അത് തിരിച്ചുപിടിക്കാന്‍ ആന്റണി സര്‍ക്കാറിന് അദ്ദേഹം അന്ത്യശാസനവും നല്‍കി. മൂന്നുമാസം കൊണ്ട് അത് ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്‌തില്ലെങ്കില്‍ ഭൂരഹിതതോട്ടം തൊഴിലാളികളത് കൈയേറി അവകാശം സ്ഥാപിക്കും. പ്രസംഗത്തിനിടെ അദ്ദേഹം പതിവുതമാശയും തട്ടി- ടാറ്റയെകാണുമ്പോള്‍ മുഖ്യമന്ത്രി ആന്റണി മൂത്രമൊഴിച്ചുപോകും.
മൂത്രാശയപ്രശ്‌നം കൊണ്ടാണോ എന്നറിഞ്ഞില്ല മൂന്നു മാസമല്ല, നാലുകൊല്ലം കഴിഞ്ഞിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ ടാറ്റയുടെ ഭൂമി ഏറ്റെടുത്തില്ല. വി.എസ് പറഞ്ഞ തോട്ടംതൊഴിലാളികളും ഭൂരഹിതരുമൊന്നും കൈയേറാന്‍ മൂന്നാറിലേക്കൊന്നും പോയതുമില്ല. അവരുടെ രോഗം എന്തായിരുന്നു എന്നുവ്യക്തമല്ല.
എഴുപത്തായിരം ഹെക്‌റ്റര്‍ എന്നത് അന്ന് അച്യുതാനന്ദന്‍ ഇടുക്കി ജില്ലയില്‍ സ്വയം നടത്തിയ സര്‍വെയില്‍ കണ്ടെത്തിയ അളവാണ്. രണ്ടുതവണ നിയമസഭയുടെ സമിതികള്‍ കുറ്റിയും കോലുമായി മൂന്നാറില്‍ പോയിട്ടുണ്ട്. നാലകത്ത് സൂപ്പിയുടെയും ഇസ്‌ഹാക്ക് കുരിക്കളുടെയും നേതൃത്വത്തിലുള്ള രണ്ട് കമ്മിറ്റികള്‍ അമ്പതിനായിരം ഹെക്‌റ്റര്‍ ടാറ്റ കൈയേറി എന്നാണ് പറഞ്ഞത്. ഇരുപത്തയ്യായിരം ഹെക്‌റ്റര്‍ എങ്ങോട്ട് പോയോ എന്തോ …..
അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായി ആദ്യനിയമസഭാസമ്മേളനത്തില്‍ ടാറ്റയുടെ ഭൂമികയ്യേറ്റത്തെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ റവന്യൂമന്ത്രിയുടെ മറുപടിയില്‍ സംശയമൊന്നുമുണ്ടായിരുന്നില്ല-നൂറേക്രയില്‍ താഴെ മാത്രമാണ് ടാറ്റയുടെ കയ്യേറ്റം. എഴുപത്തയ്യായിരവുമില്ല, അമ്പതിനായിരവുമില്ല, വെറും നൂറേക്രമാത്രം. ഭാഗ്യവശാല്‍ പിന്നീട് ടാറ്റ തന്നെ പറഞ്ഞു 3113 ഏക്കര്‍ തങ്ങളുടെ കൈവശമുണ്ടെന്ന്‌് . അതുകേട്ട് സന്തോഷം സഹിക്കാനാകാതെ അതേറ്റെടുക്കാന്‍ റവന്യൂ വകുപ്പ് ഉടന്‍ നോട്ടീസയച്ചിട്ടുണ്ട്. മുഖ്യമന്ത്രി എന്തെങ്കിലും അതിക്രമം ചെയ്‌തുകളയും മുമ്പാണ് റവന്യൂവകുപ്പ് നോട്ടീസ് അയച്ചത്. എഴുപത്തായിരും ഏറ്റെടുക്കാന്‍ ആന്റണിക്ക് മൂന്നുമാസം അനുവദിച്ച അച്യൂതാനന്ദന് മൂവായിരം ഏക്കര്‍ ഏറ്റെടുക്കാന്‍ കണ്ണടച്ചുതുറക്കുന്ന സമയമേ വേണ്ടൂ. പക്ഷേ എന്തുചെയ്യും മുഖ്യമന്ത്രിയായതില്‍പിന്നെ ഒന്നുകണ്ണടക്കാന്‍പോലും സമയം കിട്ടുന്നില്ല.
******************************
മൂന്നാറിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിനോദസഞ്ചാരവികസനത്തിന് ചെയ്‌തുവരുന്ന സേവനം ത്രീമെന്‍ ഡിമോളിഷന്‍ സ്‌ക്വാഡ് കണക്കാക്കില്ലെന്ന് പൊതുവെ പരാതിയുണ്ട്. പത്തുസെന്റ് സ്ഥലം സര്‍ക്കാരില്‍ നിന്ന് കാല്‍ക്കാശ് ചെലവാക്കാതെ പതിച്ചുവാങ്ങി സ്ഥലത്ത്‌് മുഴുവന്‍ വലിയ കെട്ടിടം പണിത് അതുമുഴുവന്‍ ഓഫീസും യോഗഹാളും വായനശാലയുമൊക്കെയാക്കുകയാണ് എല്ലായിടത്തും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്. മൂന്നാറിലെ രീതി അതല്ല.
വിനോദസഞ്ചാരം വികസിപ്പിക്കുക ദേശീയനയമാണ്. നാടോടുമ്പോള്‍ നടുവെ ഓടുകയും വേണം. മൂന്നാറിലേക്ക് ലോകത്തെമ്പാട് നിന്നും വിനോദസഞ്ചാരികള്‍ പാഞ്ഞുവരുമ്പോള്‍ അവര്‍ക്ക് ഉണ്ടുറങ്ങാന്‍ സൗകര്യം ചെയ്യേണ്ടേ ? ഇടത്തും വലത്തുമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ വലിയ കെട്ടിടങ്ങളില്‍ ഒരു കൊച്ചുമുറിമാത്രം സ്വന്തം ആവശ്യത്തിനെടുത്ത് ബാക്കി മുഴുവന്‍ മുന്തിയ ലോഡ്‌ജാക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തകന്മാര്‍ക്ക് കിടന്നുറങ്ങാന്‍ ഒരു കുടുസ്സുമുറിയോ വരാന്തയോ മതി. ത്യാഗമാണ് നമ്മുടെ രീതി. മീശയുള്ളയാളും ഇല്ലാത്തയാളും കോട്ടിട്ടയാളുമൊന്നും ഇത് മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് സി.പി.ഐ പറയുന്നത് കുടിയൊഴിപ്പിക്കല്‍ പാര്‍ട്ടി തന്നെ ഏറ്റെടുക്കേണ്ടതുണ്ടെന്ന്. മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നുണ്ടോ എന്തോ.