വാമൊഴിവഴക്കത്തിന്റെ കാലം

ഇന്ദ്രൻ

കേരളത്തില്‍ കുറച്ചുകാലമായി ഭാഷയാണ്‌ വലിയ ചര്‍ച്ചാവിഷയം. ജനങ്ങളെല്ലാം സാക്ഷരരും നേതാക്കളെല്ലാം ഭാഷാപണ്ഡിതരുമാണല്ലോ. പതിഞ്ഞ ശബ്ദത്തില്‍, നല്ല ഭാഷയില്‍ കാര്യം പറഞ്ഞാല്‍ ആരും തിരിഞ്ഞുനോക്കില്ല. അത്യുച്ചത്തില്‍ ചീത്തപറഞ്ഞാല്‍ പത്രത്തില്‍ മുഴുത്ത ഹെഡ്ഡിങ്ങ്‌്‌ വരും, ചാനലില്‍ നൂറ്റൊന്ന്‌ ആവര്‍ത്തിച്ച്‌ കാട്ടുകയും ചെയ്യും. നിയമസഭയിലായാലും പുറത്തായാലും സ്ഥിതിയിതുതന്നെ. പിന്നെയെന്തിന്‌ നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം ? ജീവിതം മുഴുവന്‍ നല്ല മലയാളം മാത്രം പറഞ്ഞ എം.എന്‍.വിജയനും മരണത്തിന്‌ മുമ്പ്‌ പറഞ്ഞത്‌ മറ്റേ ഭാഷ പറഞ്ഞാലേ ഇവിടെ ആളുകള്‍ ശ്രദ്ധിക്കു എന്നായിരുന്നു.

മീന്‍ വില്‍ക്കുന്ന പെണ്ണുങ്ങളുടെ ഭാഷയില്‍ സംസാരിക്കരുതെന്ന്‌ നായര്‍നേതാക്കളെ വെള്ളാപ്പള്ളി നടേശന്‍ ഉപദേശിച്ചു. മീന്‍ പലപ്പോഴും ചീഞ്ഞുകാണാറുണ്ട്‌. പെണ്ണുങ്ങളുടെ ഭാഷ ചീയുന്നത്‌ ചില പ്രത്യേകതരം സന്ദര്‍ശകര്‍ വരുമ്പോഴാണ്‌. നാരായണപ്പണിക്കര്‍ക്ക്‌ അതറിയാനിടയില്ല, വെള്ളാപ്പള്ളിക്ക്‌ പണ്ടേ അറിയാം. ഇവിടെയും ഉണ്ട്‌ ചില്ലറ സ്‌ത്രീവിരുദ്ധത. മീന്‍ വില്‍ക്കുന്ന ആണുങ്ങളല്ല, പെണ്ണുങ്ങളേ മോശം ഭാഷ പറയാറുള്ളു എന്നുണ്ടോ എന്തോ. പെണ്ണുങ്ങള്‍ ക്ഷമിക്കട്ടെ. വെള്ളാപ്പള്ളിക്ക്‌ പരിചയമുള്ളത്‌ വെള്ളാപ്പള്ളി പറഞ്ഞെന്നുമാത്രം.

മീന്‍ വില്‍ക്കുന്ന പെണ്ണുങ്ങള്‍ യോഗം ചേര്‍ന്ന്‌ വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധപ്രമേയം പാസ്സാക്കിയതായി റിപ്പോര്‍ട്ടുണ്ട്‌. അവരുടെ പരാതി ന്യായംതന്നെ. വെള്ളാപ്പള്ളിയുടെ ഭാഷാനിലവാരത്തിനൊപ്പം എത്തണമെങ്കില്‍ പെണ്ണുങ്ങള്‍ മീന്‍ വില്‍പ്പന നിറുത്തിവെച്ച്‌ ജി.സുധാകരന്റെ അടുത്തോ കെ.ഇ.എന്‍.കുഞ്ഞമ്മദിന്റെ അടുത്തോ ട്യൂഷന്‌്‌ പോകേണ്ടിവരും. സുധാകരന്‍ സാറിന്‌ ഭാഷയുടെ നവീനപ്രയോഗത്തിലാണ്‌ മിടുക്ക്‌‌‌. പട്ടി, കുരങ്ങന്‍, മരമാക്രി, കുണ്ടാമണ്ടികള്‍, കൊഞ്ഞാണന്മാര്‍…….. തുടങ്ങിയ കിടിലന്‍ പ്രയോഗങ്ങള്‍ ആരോടെല്ലാം എപ്പോളെല്ലാം നടത്താം എന്ന്‌ പറഞ്ഞുതരും. കവിതയെഴുത്തും പഠിപ്പിച്ചുതരും. മറ്റേ സാര്‍ വാമൊഴിവഴക്കത്തിന്റെ തിയറിയില്‍ ആണ്‌ സ്‌പെഷലൈസ്‌ ചെയ്യുന്നത്‌. പ്രാക്‌റ്റീസ്‌ ഇല്ല, കവിതയുമില്ല. എന്നാലും, എങ്ങോ ഇരുന്ന്‌ മീന്‍വില്‍ക്കുന്ന പെണ്ണുങ്ങളെ വെള്ളാപ്പള്ളി എന്തിനാണ്‌ കേരളരാഷ്‌ട്രീയത്തിന്റെ ഈ ചീഞ്ഞ അങ്ങാടിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ എന്ന്‌ ആര്‍ക്കും മനസ്സിലായിട്ടില്ല. അത്രയും വലിയ ശിക്ഷ അവര്‍ അര്‍ഹിക്കുന്നേയില്ല.

വെള്ളാപ്പള്ളിയുടെ സമീപനാളിലെ വാമൊഴിവഴക്കപ്രയോഗങ്ങളില്‍ നാരായണപ്പണിക്കര്‍ പ്രതിഷേധിച്ചതായി റിപ്പോര്‍ട്ടില്ല. മീന്‍ചന്തയിലായാലും കള്ളുഷാപ്പിന്‌ മുന്നിലായാലും പ്രയോഗം വാമൊഴിവഴക്കത്തിലേക്ക്‌ മാറിത്തുടങ്ങിയാല്‍, ഞാനൊന്നും കേട്ടിട്ടില്ലേ എന്ന ഭാവത്തില്‍ മാന്യന്മാര്‍ മെല്ലെ സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌. ഓരോരുത്തരും അവര്‍ക്ക്‌ പറ്റിയ എതിരാളികളോട്‌ വേണമല്ലോ ഏറ്റുമുട്ടാന്‍. വേദം വെട്ടുപോത്ത്‌ ന്യായം തന്നെ ഇവിടെയും ബാധകം.

നാരായണപ്പണിക്കര്‍ കവലച്ചട്ടമ്പികളുടെ ഭാഷ പറയരുതെന്ന എം.ഇ.എസ്‌ നേതാവിന്റെ നിര്‍ദ്ദേശത്തില്‍ കവലച്ചട്ടമ്പികളൊന്നും യോഗം ചേര്‍ന്നതായോ പ്രതിഷേധിച്ചതായോ റിപ്പോര്‍ട്ടില്ല. വിശേഷണം സ്വീകരിച്ചുവെന്ന്‌ തോന്നാതിരിക്കാനാവണം എന്‍.എസ്‌.എസ്സുകാര്‍ പ്രതിഷേധിച്ചെന്ന്‌ വരുത്തി. എം.ഇ.എസ്സുമായി തര്‍ക്കമില്ലെന്ന്‌ പിന്നീട്‌ പറയുകയും ചെയ്‌തു. രാഷ്ട്രീയത്തിന്റെ നാല്‍ക്കവലയില്‍ നിലയുറപ്പിച്ച്‌ വോട്ട്‌ ബാങ്കിന്റെ മസിലുകള്‍ ഉരുട്ടിക്കാട്ടിയും സമുദായബലത്തിന്റെ കത്തികാട്ടിയും മതേതരകക്ഷികളെ ഭീഷണിപ്പെടുത്തി കിട്ടാവുന്നതൊക്കെ തട്ടിയെടുക്കുന്ന ഇവരോട ്‌ കവലച്ചട്ടമ്പിമാര്‍ക്ക്‌ വലിയ ബഹുമാനവും അസൂയയുമാണ്‌. അവര്‍ എത്ര പാവങ്ങള്‍.

ജി.സുധാകരനെപ്പോലുള്ളവര്‍ സദാസമയവും പിണറായി വിജയനെപ്പോലുള്ളവര്‍ വല്ലപ്പോഴും മാത്രം ഇറങ്ങിയിരുന്ന ഗോദയില്‍ ഇപ്പോള്‍ ഭയങ്കര ആള്‍ത്തിരക്കാണ്‌. ദിവസവും പുതുമുഖങ്ങള്‍ ഇരച്ചുകയറുന്നു. മുന്നോക്കജാതിക്കാര്‍ക്ക്‌ വിട്ടുകൊടുക്കരുതെന്ന വാശിയില്‍ പിന്നാക്കക്കാര്‍. രാഷ്‌ട്രീയക്കാര്‍ക്ക്‌ വിട്ടുകൊടുക്കരുതെന്ന വാശിയില്‍ സാമൂദായികനേതാക്കള്‍. തൊഴിലാളികള്‍ക്ക്‌ മാത്രം വിട്ടുകൊടുക്കരുതെന്ന വാശിയില്‍ വ്യാപാരി വ്യവസായികള്‍, കവലച്ചട്ടമ്പികളെ മലര്‍ത്തിയടിക്കുമെന്ന്‌ വെല്ലുവിളിച്ച്‌ സാംസ്‌കാരികനായകര്‍, ആണുങ്ങളെ വെറുതെ വിടില്ലെന്ന്‌ പറഞ്ഞ്‌ പെണ്ണുങ്ങള്‍….ആകപ്പാടെ ജനത്തിന്‌ നല്ല രസം…വെറുതെയല്ല, സിനിമയുടെയും പിന്നെ സീരിയലിന്റെ തന്നെയും നടുവൊടിഞ്ഞത്‌. ഇതുതന്നെ സാര്‍ കേരളമോഡല്‍ സാംസ്‌കാരികവിപ്‌ളവം.

********
.
ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും കേമന്‍ ബജറ്റാണ്‌ ഇത്തവണത്തേത്‌ എന്ന്‌ വയലാര്‍ രവിജി പറഞ്ഞിരിക്കുന്നു. പണ്ട്‌ മന്‍മോഹന്‍ജി അവതരിപ്പിച്ചതിലും കേമം എന്നാവും ഉദ്ദേശിച്ചത്‌. പുള്ളിക്കാരന്‍ കേള്‍ക്കേണ്ട. അറുപതിനായിരം കോടി രൂപ കാര്‍ഷികകടം എഴുതിത്തള്ളിയ ബജറ്റാണിത്‌. കര്‍ഷകര്‍ എന്നൊരു കൂട്ടര്‌ നാട്ടിലുള്ള കാര്യം അഞ്ചുകൊല്ലത്തെ ഭരണത്തിരക്കിനിടയില്‍ അറിഞ്ഞിരുന്നില്ല. ഇപ്പോഴേ അവരെക്കണ്ടുള്ളൂ. ഉടനെ കടം എഴുതിത്തള്ളി . എഴുതിത്തള്ളാന്‍ ബജറ്റില്‍ തുകയൊന്നും വകയിരുത്തിയിട്ടില്ലല്ലോ എന്നേതോ നിഷ്‌കളങ്കന്‍ ചോദിക്കുന്നതുകേട്ടു. അതിന്റെ ആവശ്യമില്ല. സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന്‌ ഇതിന്‌ കാല്‍ക്കാശിന്റെ ചെലവില്ല. തുക മുഴുവന്‍ ബാങ്കുകള്‍ വഹിച്ചുകൊള്ളും. എന്നുപറഞ്ഞാല്‍ ബാക്കി ജനത്തില്‍നിന്ന്‌ പലിശയായും പിഴയായും ഈടാക്കിക്കൊള്ളും എന്നര്‍ഥം. ഇത്രയും കടം എഴുതിത്തള്ളിയ ഒരു ബജറ്റ്‌ ലോകചരിത്രത്തിലില്ല. മിക്കവാറും ഗിന്നസ്‌ ബുക്കില്‍ വെണ്ടക്കയില്‍ കൊടുക്കാനിടയുണ്ട്‌.

തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ്‌ ബജറ്റില്‍ ഇതെല്ലാം കാട്ടിക്കൂട്ടിയതെന്ന്‌ സകലരും പറയുന്നുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഒറ്റനോട്ടത്തില്‍ അതും സത്യമെന്ന്‌ തോന്നും. രണ്ടാമത്‌ നോക്കുമ്പോഴാണ്‌ രാജാവിന്റെ തുണിയഴിഞ്ഞുവീഴുന്നത്‌ കാണുക. അഞ്ചുവര്‍ഷം ഭരിച്ചിട്ടുണ്ടായ ഫലം ഇതാണല്ലോ. രാഷ്‌ട്രത്തിന്റെ നെട്ടെല്ലായ കൃഷി നാശത്തിലേക്ക്‌, കര്‍ഷകര്‍ കടക്കെണിയില്‍, ജപ്‌തിയും പട്ടിണിയും അവരെ തുറിച്ചുനോക്കുന്നു, അവര്‍ക്ക്‌ നല്‍കിയ അറുപതിനായിരം കോടി കടം കടലില്‍ കായം കലക്കിയ പോലെ അപ്രത്യക്ഷമായിരിക്കുന്നു. ഇതെല്ലാം ധാരാളം വോട്ട്‌ കിട്ടുന്ന വമ്പിച്ച നേട്ടം തന്നെ. എതിരാളികളുടെ കെട്ടിവെച്ച തുകപോകും. ഈ നിലയ്‌ക്ക്‌ പോയാല്‍, പട്ടിണി കിടന്നുമരിച്ചവരുടെ കുടുംബത്തിന്‌ സൗജന്യറേഷന്‍ കൊടുത്തതും വോട്ട്‌ കിട്ടുന്ന വന്‍നേട്ടമായി മാറിയെന്നിരിക്കും.

വടക്കന്‍ കേരളത്തില്‍ തിറയ്‌ക്ക്‌ മുമ്പ്‌ വെള്ളാട്ടമെന്നൊരു ആട്ടമുണ്ട്‌. തിറയുടെ ഒരു പൈലറ്റ്‌ ആട്ടം. കേന്ദ്രബജറ്റിന്‌ മുമ്പുള്ള വെള്ളാട്ടമാണ്‌ ഇക്കണോമിക്‌ സര്‍വെ റിപ്പോര്‍ട്ട്‌. അതിലെന്തെല്ലാമാണോ പറഞ്ഞിരിക്കുന്നത്‌ അതിനെല്ലാം എതിരായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ അവതരിപ്പിക്കുക എന്നതാണ്‌ കേന്ദ്രധനകാര്യമന്ത്രിയുടെ പണി. ഒറിജിനല്‍ ആശയങ്ങളേ ചിദംബരത്തിന്റെ തലയില്‍ ഉദിക്കാറുള്ളൂ. ഇത്തവണ ഇക്കണോമിക്‌ സര്‍വെയിലൂടെ അത്തരത്തിലൊരു കിണ്ണന്‍ ആശയം പുറത്തുവിട്ടിട്ടുണ്ട്‌. തൊഴിലാളികള്‍ എട്ടുമണിക്കൂറേ പണിയെടുക്കാവൂ എന്നത്‌ പഴഞ്ചന്‍ ആശയമാണ്‌. ചുരുങ്ങിയത്‌ പത്തുമണിക്കൂര്‍ പണിയെടുക്കണം. സത്യം തന്നെ. രാത്രി ഉറങ്ങുക, മൂന്നുനേരം ഭക്ഷണം കഴിക്കുക വിശ്രമിക്കുക, എടുത്ത പണിക്ക്‌ കൂലി ചോദിക്കുക തുടങ്ങിയ വേറെ ചില ദേശീയ വിരുദ്ധ ആശയങ്ങളും നാട്ടിലുണ്ട്‌്‌. ക്രമേണ എല്ലാം മാറ്റിയെടുക്കണം, അല്ലെങ്കില്‍ തച്ചുതകര്‍ക്കണം. തൊഴിലാളിവര്‍ഗത്തിനെ കാലില്‍ ചങ്ങലയിട്ട്‌ ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടി പുല്ലും പിണ്ണാക്കും വൈക്കോലും തീറ്റിച്ച്‌ പണിയെടുപ്പിക്കുക എന്നതാണ്‌ ഏറ്റവും ഉല്‌പ്പാദനക്ഷമമായ രീതി. പണ്ട്‌ കറുത്തവര്‍ഗക്കാരെ ഇങ്ങനെ പണിയെടുപ്പിച്ചല്ലേ അമേരിക്ക ഈ നിലയിലെത്തിയത്‌, എന്തുകൊണ്ട്‌ നമുക്കും ശ്രമിച്ചുകൂടാ ?

*******
വൈദ്യുതി പാഴാക്കരുതെന്ന്‌ പ്രിയ ചലചിത്രനടന്‍ പറഞ്ഞാലാണോ അതല്ല വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ പറഞ്ഞാലാണോ കേരളീയര്‍ക്ക്‌ കൂടുതല്‍ ബോധ്യപ്പെടുക ?

ജനത്തിന്റെ മറുപടി എന്തായിരുന്നാലും ശരി, മന്ത്രിയേക്കാള്‍ ജനത്തിന്‌ വിശ്വാസം നടനെത്തന്നെ എന്നാണ്‌ മന്ത്രി ഭരിക്കുന്ന കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഉറച്ച മറുപടി. ടെലിവിഷന്‍ ചാനലുകളില്‍ കെ.എസ്‌.ഇ.ബി കൊടുത്തുവരുന്ന പരസ്യങ്ങളില്‍ വൈദ്യുതി മന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നുമല്ല ഒന്നുരണ്ടു ജനപ്രിയ നടന്മാരാണ്‌ വൈദ്യുതി പാഴാക്കരുതെന്ന്‌‌ ജനത്തെ ഉപദേശിക്കുന്നത്‌. കുളിസോപ്പിന്റെ വില്‌പന കൂട്ടാന്‍ നടിയ്‌ക്ക്‌ പറ്റുമെങ്കില്‍ കറന്റിന്റെ വില്‌പ്പന കുറയ്‌ക്കാന്‍ നടന്‌ പറ്റേണ്ടതാണ്‌.

അതിലൊന്നും ആര്‍ക്കും വിരോധമില്ല. ആരാണ്‌ നമ്മുടെ നാട്ടില്‍ വൈദ്യുതി പാഴാക്കുന്നതെന്നാണ്‌ നിങ്ങള്‍ ധരിച്ചിരിക്കുന്നത്‌ ? കടകളിലും തെരുവുകളിലും വലിയ സമ്മേളനസ്ഥലങ്ങളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലുമൊന്നുമല്ല വൈദ്യുതി പാഴാകുന്നത്‌. വീടുകളില്‍ അവിടെയും ഇവിടെയും തെളിയുന്ന ഓരോ ബള്‍ബുകളിലാണ്‌. ഇതിന്റെ ഉത്തരവാദികള്‍ ആരാണ്‌ ? മുഴുവനും പെണ്ണുങ്ങള്‍തന്നെ. ഭാര്യമാര്‍ വെറുതെ ലൈറ്റകളിട്ടുവെക്കുന്നു, സന്ധ്യനേരത്ത്‌ വസ്‌ത്രം ഇസ്‌തിരിയിടുന്നു.രാജ്യസ്‌നേഹിയായ പുരുഷപ്രജ ചെന്ന്‌ അവളുടെ ചെവിക്ക്‌ പിടിക്കുന്നു, ലൈറ്റ്‌ അണക്കുന്നു. സംഗതി മനസ്സിലായില്ലേ ? നാട്ടിലെ ഒരു പാട്‌ പ്രശ്‌നങ്ങള്‍ പെണ്ണുങ്ങള്‍ സൃഷ്ടിക്കുന്നതാണ്‌ എന്നറിയാമായിരുന്നു. വൈദ്യുതിപ്രശ്‌നവും അവരുടെ സൃഷ്ടിയാണെന്ന്‌ ഇപ്പോഴേ മനസ്സിലായുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Go Top