സുദര്‍ശന ജനസംഖ്യാ സിദ്ധാന്തം

ഇന്ദ്രൻ

ആര്‍.എസ്‌.എസ്‌. തലൈവന്‍ സുദര്‍ശന്‍ ഹിന്ദുജനതയ്ക്ക്‌ ഉപദേശിച്ചുതന്ന മന്ത്രം ചില്ലറ കോളിളക്കമുണ്ടാക്കി എന്നാണ്‌ റിപ്പോര്‍ട്ട്‌. കുടുംബാസൂത്രണ സംബന്ധിയാണ്‌ ഉപദേശം. തെറ്റിദ്ധരിക്കരുത്‌. സൂത്രണം വേണ്ട; ജനസംഖ്യ കൂട്ടണം എന്നാണ്‌ ഉപദേശം. വ്യാജമതേതരന്‍മാര്‍, ന്യൂനപക്ഷകിങ്കരന്‍മാര്‍, ബിന്‍ലാദന്‍, ജോര്‍ജ്ബുഷ്‌ തുടങ്ങിയവരെല്ലാം ഞെട്ടിയിരിക്കണം ഉപദേശം കേട്ട്‌.
മക്കള്‍ ഒന്നോ രണ്ടോ എന്ന കുടുംബാസൂത്രണമന്ത്രം മാറ്റാന്‍ സമയമായി. മൂന്നെങ്കിലും വേണം. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനിടയില്‍ ജനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ നാം എണ്ണായിരം കോടി രൂപയെങ്കിലും തുലച്ചിരിക്കണം. അപ്പോഴാണ്‌ എണ്ണം കൂട്ടണമെന്ന ഉപദേശവുമായി സുദര്‍ശന്‍ വരുന്നത്‌. ചൈനയെ പിന്നിലാക്കി ലോകത്തില്‍ ഒന്നാം റാങ്ക്‌ ആവുമോ ലക്ഷ്യം? ഉറപ്പില്ല. ഏതെങ്കിലുമൊരു കാര്യത്തിലെങ്കിലും ഈ മഹത്തായ രാജ്യത്തിന്‌ ഒന്നാം സ്ഥാനം വേണ്ടേ? അഴിമതിയിലെങ്കിലും ഒന്നാംറാങ്ക്‌ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഈയിടെ കേട്ടു ആ മോഹവും അസ്ഥാനത്തായെന്ന്‌. ഇനി പ്രതീക്ഷ ജനസംഖ്യ മാത്രം.

എന്തുകൊണ്ട്‌ മൂന്ന്‌? നാലായിക്കൂടേ? ആവാം. എത്ര കൂടുന്നുവോ അത്രയും സന്തോഷം. മൂന്നിന്‌ ഇക്കാര്യത്തില്‍ പ്രത്യേക പവിത്രതയൊന്നുമില്ല. കുടുംബാസൂത്രണ ചിഹ്നമായ ത്രികോണത്തില്‍ മുതല്‍ പരിവാര്‍ ചിഹ്നമായ ത്രിശൂലത്തില്‍ വരെ മൂന്നിന്റെ കളിയാണ്‌. അതു വേറെ കാര്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷജനസംഖ്യയെ ബാലന്‍സ്‌ ചെയ്യുകയാണ്‌ ഹിന്ദുജനസംഖ്യ കൂട്ടുന്നതിന്റെ പ്രധാന ഉദ്ദേശ്യമെന്ന്‌ പറയേണ്ടതില്ലല്ലോ. അതുമാത്രമല്ല കാര്യം. അല്‍പം കട്ടിയായ ഒരു ജനസംഖ്യാസിദ്ധാന്തവും ഇതുമായി ബന്ധപ്പെട്ട്‌ സുദര്‍ശന്‍ വെളിവാക്കുകയുണ്ടായി. ഒരു കുട്ടി മാത്രമുള്ളവര്‍ക്ക്‌ 120 വര്‍ഷം കഴിയുമ്പോള്‍ അനന്തരാവകാശികളുണ്ടാവില്ലത്രെ. 11 മക്കളുണ്ടെങ്കില്‍ 120 വര്‍ഷം കഴിയുമ്പോള്‍ 1100 അനന്തരാവകാശികളുണ്ടാവും പോലും. 12 ആണെങ്കില്‍ 1200 അനന്തരാവകാശികള്‍. ഒന്ന്‌ അനുപാതം 100 എന്നാണ്‌ റേഷ്യോ. എങ്കില്‍ ഒരു കുട്ടിയുള്ളവര്‍ക്ക്‌ നൂറ്‌ അനന്തരാവകാശി ഉണ്ടാകേണ്ടേ? അറിയില്ല. കടുകട്ടി സിദ്ധാന്തമാണ്‌.

ഇതിനു മുന്‍പ്‌ ഇത്തരമൊരു സിദ്ധാന്തം കൊണ്ടുവന്നത്‌ മാള്‍ത്തൂസ്‌ എന്നൊരു കക്ഷിയാണ്‌. ഉത്‌പാദനം ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്ന ക്രമത്തില്‍ മെല്ലെയും ജനസംഖ്യ രണ്ട്‌, നാല്‌, എട്ട്‌, പതിനാറ്‌ ക്രമത്തില്‍ മിന്നല്‍ വേഗത്തിലും പുരോഗമിച്ച്‌ ഒടുവില്‍ തിന്നാന്‍ കിട്ടാതെ കുറെയെണ്ണം ചത്ത്‌ സംഗതി ബാലന്‍സാവും എന്നതാണ്‌ മാള്‍ത്തൂസിയന്‍ തിയറി ഓഫ്‌ പോപ്പുലേഷന്‍. ഇത്ര എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നല്ല ‘സുദര്‍ശന്‍സ്‌ തിയറി ഓഫ്‌ പോപ്പുലേഷന്‍’. ഗണിതശാസ്ത്രജ്ഞര്‍ പോലും കുറുക്കന്‍ കാരാമയെ എന്നപോലെ ഈ ഗണിതംവെച്ച്‌ കടിപിടിക്കുകയാണ്‌.

പത്തു മക്കളുള്ളവരുടെ ഇഹജീവിതം നരകമായിരിക്കുമെന്ന്‌ സമ്മതിക്കാം. എങ്കിലെന്ത്‌? ജീവന്‍ വെടിഞ്ഞാല്‍ സ്വര്‍ഗത്തില്‍ പോകാം. തന്റെ പിന്‍മുറക്കാരായി 1200 പേര്‍ നാട്‌ കുട്ടിച്ചോറാക്കുന്നുണ്ട്‌ എന്ന ചിന്ത സ്വര്‍ഗത്തിലിരിക്കുമ്പോള്‍ നമുക്ക്‌ രോമാഞ്ചമുണ്ടാക്കും. എന്തുചെയ്യാം, സുദര്‍ശന്‌ ഇക്കാര്യത്തില്‍ സദ്ബുദ്ധി വേണ്ടസമയത്ത്‌ തോന്നിയില്ല. ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടിയിരുന്ന സമയത്ത്‌ സ്വയംസേവകനാകാനാണ്‌ തോന്നിയത്‌. ഭാര്യയുമില്ല, മക്കളുമില്ല. മിക്ക ഫുള്‍ടൈം സേവകരുടെയും സ്ഥിതി ഇതുതന്നെ. ആകെ ഉണ്ടായ ഏക പരിവാര്‍ പ്രധാനമന്ത്രിയും ഈ വഴിയിലാണ്‌ വന്നത്‌. സംഘനേതൃത്വം ഇനിയെങ്കിലും ഇക്കാര്യത്തിലൊരു നയപരമായ തീരുമാനമെടുക്കേണ്ടതുണ്ട്‌. ദേശീയ നേതാക്കളുടെ കൂട്ടത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരേയൊരാള്‍ ലാലുപ്രസാദ്‌ യാദവാണ്‌ എന്ന്‌ സമ്മതിച്ചേ തീരൂ. കുറ്റവും കുറവും നൂറുകാണും. എങ്കിലെന്ത്‌? മക്കള്‍ പതിമ്മൂന്നോ മറ്റോ ഉണ്ട്‌. ഹിന്ദുജനസംഖ്യ ഉയര്‍ത്തിയിട്ടുണ്ട്‌ അദ്ദേഹം. തീവ്രമതേതരനാണെന്നത്‌ കാര്യമാക്കേണ്ട. മതേതരന്‍മാര്‍ക്കും കാണുമല്ലോ ചില ഗുണങ്ങള്‍.

***************

റാഗിങ്ങിന്റെ മറവില്‍ സ്ത്രീപീഡനം നടന്നെന്ന്‌ കരുതി, റാഗിങ്ങ്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്‌ എന്തിന്‌? ഉത്തമ പൌരന്‍മാരാകാനുള്ള പരിശീലനമാണ്‌ റാഗിങ്ങ്‌. ഈ വര്‍ഷം റാഗിങ്ങിനു വിധേയരാവുക, അടുത്തവര്‍ഷം മുതല്‍ മറ്റുള്ളവരെ റാഗ്‌ ചെയ്യുക. എല്ലാവര്‍ക്കും തുല്യാവസരം.

അപരിചിത ലോകത്തേക്ക്‌ ഉള്‍ഭയത്തോടെ കടന്നുവരുന്ന സഹോദരനെയും സഹോദരിയെയും സ്നേഹപൂര്‍വം കൈപിടിച്ച്‌ സ്വീകരിച്ചാനയിക്കുകയല്ല വേണ്ടത്‌. മാനസികമായും ശാരീരികമായും പീഡിപ്പിച്ച്‌
ആത്മഹത്യയിലേക്കും മരിക്കും വരെ മറക്കാത്ത ഹൃദയവേദനയിലേക്കും നയിക്കുകയാണ്‌ വേണ്ടത്‌. നിസ്സഹായനും ഏകനുമായ ഒരു ഇളംപ്രായക്കാരനെ സംഘംചേര്‍ന്ന്‌ പീഡിപ്പിക്കുന്നതു ഭാവിയിലേക്ക്‌ നല്ലൊരു പരിശീലനമാവും. ഏതു ജോലിയില്‍ ചേര്‍ന്നാലും നിരപരാധികളെ സംഘമായിച്ചെന്ന്‌ പീഡിപ്പിക്കാന്‍ അവസരം കിട്ടും. അതിനു പോലീസാവണമെന്നൊന്നുമില്ല.

വീട്ടില്‍ ഭാര്യാമക്കളോടൊപ്പം കിടന്നുറങ്ങുന്ന എതിര്‍കക്ഷിക്കാരനെ വാതില്‍ പൊളിച്ചകത്ത്‌ കയറി ആര്‍ത്തു നിലവിളിക്കുന്ന മക്കള്‍ക്കിടയിലിട്ട്‌ വെട്ടിക്കൊല്ലാറുള്ളതു പോലീസുകാരല്ലല്ലോ. ഉരുട്ടിക്കൊലയ്ക്കെതിരെ പന്തംകൊളുത്തി പ്രകടനം നടത്തുന്നവര്‍ തന്നെയാണ്‌ ഇങ്ങനെ ചെയ്യാറുള്ളത്‌. കൈയറപ്പില്ലാതെ ഏതു ക്രിമിനല്‍ നടപടിക്കുമുള്ള പരിശീലനമാണ്‌ റാഗിങ്ങ്‌. സ്ത്രീപീഡനമേ സിലബസ്സില്‍ ഇല്ലാതിരുന്നിട്ടുള്ളൂ. ഇപ്പോള്‍ അതുമായി. ഇനി പേടിക്കാനില്ല.

റാഗിങ്ങില്ലാതാക്കുക എളുപ്പമാണ്‌. ഈ വര്‍ഷം റാഗിങ്ങിനിരയായവര്‍ ഒത്തുചേര്‍ന്ന്‌, തങ്ങള്‍ അനുഭവിച്ച പീഡനം അടുത്തവര്‍ഷം ആരും അനുഭവിക്കുകയില്ല എന്നു പ്രതിജ്ഞയെടുക്കുകയും അതു പാലിക്കുകയും ചെയ്താല്‍ മതി. ഒരൊറ്റ വര്‍ഷംകൊണ്ട്‌ റാഗിങ്ങ്‌ എന്ന മനോരോഗം ഇല്ലാതാകും. ഇല്ല, അത്‌ സംഭവിക്കില്ല. കാരണം ഇന്നത്തെ ഇര, നാളത്തെ വേട്ടക്കാരനാണ്‌. വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കും.

***************

സ്വേച്ഛാധിപതികള്‍ അവര്‍ക്ക്‌ അനിഷ്ടകരമായ അഭിപ്രായം പറഞ്ഞവരെ ജയിലിലിടുകയും കൊല്ലുകയുമെല്ലാം ചെയ്യാറുണ്ട്‌. പക്ഷേ, മിക്ക സ്വേച്ഛാധിപതികള്‍ക്കും ഒരു ഗുണമുണ്ട്‌; തങ്ങളെ എതിര്‍ത്ത്‌ പറയുന്നവരെയേ പീഡിപ്പിക്കാറുള്ളൂ. ഏകാധിപതികള്‍ക്കു മാത്രമല്ല സമൂഹത്തിനും ‘ഫാസിസ്റ്റാ’കാം. ജനങ്ങള്‍ ഫാസിസ്റ്റായാല്‍ ഏകാധിപതികള്‍ നാണിച്ചുപോകും. ഇഷ്ടമില്ലാത്തത്‌ പറയുന്നവരെയെല്ലാം പീഡിപ്പിക്കും.

എല്ലാവരും പോയി വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നൊന്നും സിനിമാ നടി ഖുശ്ബു ആവശ്യപ്പെട്ടിട്ടില്ല. അതിനാരെയും നിര്‍ബന്ധിച്ചിട്ടുമില്ല. സംഗതി അത്രയും സാധാരമായിട്ടുണ്ടെന്നും കന്യകയായ വധുവിനെ പ്രതീക്ഷിക്കുന്ന നവവരന്‍ വിഡ്ഢിക്കൂഷ്‌മാണ്ഡമാവാനേ തരമുള്ളൂ എന്നുമാണ്‌ അവര്‍ പറഞ്ഞത്‌. ഇതിന്റെ യാഥാര്‍ഥ്യമൊന്നും നമുക്കറിയില്ല, ഖുശ്ബുവിന്‌ അറിയുമായിരിക്കും. എന്തായാലും ചാരിത്ര്യവതികളും സദാചാര കമ്മിറ്റിക്കാരും ഒന്നിച്ചിളകിയാര്‍ക്കുകയാണ്‌. ജനങ്ങള്‍ക്കു വിട്ടുകൊടുത്താല്‍ ഖുശ്ബുവിനെ പിച്ചിച്ചീന്തും. 28 അപകീര്‍ത്തിക്കേസ്‌, സമന്‍സ്‌, ചീമുട്ടയേറ്‌, അധിക്ഷേപം, പ്രകടനം. മുന്‍ ചലച്ചിത്ര താരമായ മാഡം ഭരിക്കുന്ന നാട്ടില്‍ത്തന്നെയാണ്‌ ചലച്ചിത്ര നടിമാര്‍ അഭിപ്രായം പറയുക മാത്രം ചെയ്തതിന്‌ ഈവിധം കുരിശിലേറ്റപ്പെടുന്നത്‌.

വിവാഹപൂര്‍വ ബന്ധം ഐ.പി.സി.പ്രകാരം കുറ്റകൃത്യമല്ല. സദാചാരത്തിന്റെ നിയമമല്ല കോടതിയിലെ നിയമം. സദാചാര നിയമം ലംഘിച്ചെന്നുപോലും ഖുശ്ബുവിന്റെയും സുഹാസിനിയുടെയും പേരില്‍ ആരോപിക്കാനാവില്ല. എന്നിട്ടുമവരെ ജയിലിലടയ്ക്കാനാണ്‌ ആളുകള്‍ നടക്കുന്നത്‌. കേരളത്തെ കണ്ടു പഠിക്കട്ടെ. വ്യഭിചാരം…. ക്ഷമിക്കണം ലൈംഗികത്തൊഴില്‍ ഐ.പി.സി.യും സി.ആര്‍.പി.സി.യുമെല്ലാം പ്രകാരം കുറ്റകരമാണ്‌. എങ്കിലെന്ത്‌? ആ തൊഴിലിനെ മഹത്ത്വവല്‍ക്കരിക്കാനും അധ്യാപികവൃത്തിപോലൊരു തൊഴിലാണെന്ന്‌ സ്ഥാപിക്കാനും നമുക്കു മടിയില്ല. അങ്ങനെ ചെയ്യുന്നവരെ നാം നെഞ്ചിലേറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top