ബാറിന്മേല്‍ക്കളി തുടരും

ഇന്ദ്രൻ

വിട്ടാലും വിടില്ല കമ്പിളിക്കെട്ട് എന്നുപറഞ്ഞതുപോലെ മദ്യം      കോണ്‍ഗ്രസ്സിനെ വിടുന്ന ലക്ഷണമില്ല. പരമാവധി ഉപദ്രവം മദ്യംവഴി, അല്ല മദ്യവിരോധംവഴി ഉണ്ടായിക്കഴിഞ്ഞു. ഇനിയും എന്തെല്ലാമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എന്നിട്ടും അതിന്മേലുള്ള പിടിവിടുന്നില്ല.

മദ്യനയത്തിന്റെ ഗുണങ്ങളില്‍ ഒടുവിലത്തേതാണ് കെ.എം. മാണിയുടെ യു.ഡി.എഫ്. വിടലെന്ന് അറിയാത്തവരില്ല. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോറ്റില്ലായിരുന്നെങ്കില്‍ കെ.എം. മാണി യു.ഡി.എഫ്. വിടുമായിരുന്നില്ല എന്നൊരു ക്രൂരവര്‍ത്തമാനം കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പറഞ്ഞല്ലോ. അതിനേക്കാള്‍ വലിയ സത്യം, യു.ഡി.എഫ്.സര്‍ക്കാര്‍ ബാറുകള്‍ അടപ്പിച്ചില്ലായിരുന്നെങ്കില്‍ മാണിക്ക് യു.ഡി.എഫ്. വിടേണ്ടിവരില്ലായിരുന്നു എന്നല്ലേ? സോളാറിന്റെ ഉപദ്രവമല്ലാതെ വേറെ അല്ലലൊന്നും ഇല്ലാതിരിക്കുമ്പോഴാണല്ലോ  ഞങ്ങളുടെ വക ഇതുകൂടെയിരിക്കട്ടെ എന്ന സദുദ്ദേശ്യത്തോടെ ത്രിമൂര്‍ത്തികള്‍ മദ്യക്കുപ്പി തുറന്നത്. അതിനുശേഷം യു.ഡി.എഫ്. നേതാക്കള്‍ ആര്, ആര്‍ക്കാണ് പാരവെക്കുന്നതെന്ന് നോക്കിയിരിപ്പായിരുന്നു. സമയംപോയതറിഞ്ഞില്ല, ഭരണംമാത്രം നടന്നില്ല. സോളാറും ബാറും ഒപ്പത്തിനൊപ്പം മുന്നേറിയാണല്ലോ മുന്നണി ഈ പരുവത്തിലായത്.

കെ.എം. മാണി അകാരണമായി യു.ഡി.എഫ്. വിട്ടതിന്റെ കലിപ്പില്‍ ഇരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. അങ്ങനെയിരിക്കെയാണ് അഭിമുഖക്കാരന്‍ മദ്യവിഷയം കുത്തിപ്പൊക്കിയത്. ചോദ്യോത്തരത്തില്‍ ഉരുത്തിരിഞ്ഞ എസെന്‍സ് ഇത്രയേ ഉള്ളൂ മദ്യനയം വേണ്ടത്ര ഏറ്റില്ല. എന്താണ് മദ്യനയമെന്നോ അത് എത്ര ഏല്‍ക്കുമെന്നാണോ വിചാരിച്ചിരുന്നത് എന്നോ നമുക്കറിയില്ല. 720 ബാറുകളുള്ളതില്‍ 418 ബാറിനും സ്റ്റാന്‍ഡേര്‍ഡ് പോരെന്നതുകൊണ്ട് അത് നന്നാക്കലായിരുന്നു മദ്യനയത്തിന്റെ ആദ്യസ്വരൂപം. പൈട്ടന്നാണ് 720 ബാറും ഉടന്‍ പൂട്ടലാണ് നിര്‍വാണമാര്‍ഗം എന്ന മദ്യനയം രൂപാന്തരപ്പെട്ടത്. അതും മാറി 720 ബാറും ബീറായി. അങ്ങനെ വളരെ കണിശവും സുനിശ്ചിതവുമായ മദ്യനയത്തിന്റെ ഫലമായി അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്ത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്കെല്ലാം സമാധാനവും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അത്യുന്നതങ്ങളിലെ കാര്യം അറിയില്ല, ഭൂമിയില്‍ യു.ഡി.എഫിന്റെ മനസ്സമാധാനം എന്നന്നേക്കും നഷ്ടപ്പെട്ടു എന്നുമാത്രമറിയാം.

യു.ഡി.എഫിന്റെ മദ്യനയത്തില്‍ താന്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചെന്ന വ്യാഖ്യാനം ചെന്നിത്തല നിഷേധിക്കുന്നു. പറഞ്ഞതൊന്നും ചെന്നിത്തല നിഷേധിക്കുന്നില്ല. പത്രക്കാരന്‍ വളച്ചെന്നോ പൊട്ടിച്ചെന്നോ പരാതിയില്ല. താന്‍ പറഞ്ഞതിന്റെ അര്‍ഥം വല്ലവരും വ്യാഖ്യാനിക്കേണ്ട, അതും താന്‍തന്നെ നിര്‍വഹിക്കും എന്നേ അദ്ദേഹം പറയുന്നുള്ളൂ.

ബാര്‍ പൂട്ടിയത് ഓര്‍ത്തില്ല, ബാര്‍കോഴമാത്രം ഓര്‍ത്തു എന്നതാണ് ജനത്തിന്റെ കുഴപ്പം. കേരളത്തിലെ വോട്ടര്‍മാരില്‍ നാലിലൊന്നെങ്കിലും മദ്യമിത്രങ്ങളാണെന്ന സ്ഥിതിവിവരക്കണക്കുമുണ്ട്. അഭിപ്രായസര്‍വെ നടത്തിയല്ല മദ്യനയം നിശ്ചയിച്ചത്. മന്ത്രിസഭായോഗം നടത്താന്‍പോലും സമയംകിട്ടിയില്ല, പിന്നെയാണ് അഭിപ്രായസര്‍വെ. പോകാന്‍ പറ.

പശു ചത്തിട്ടും മോരിന്റെ പുളിപ്പുമാറുന്നില്ലെന്ന് പറഞ്ഞതുപോലെ, പ്രതിപക്ഷത്തെത്തിയിട്ടും കോണ്‍ഗ്രസ്സുകാര്‍ ബാറിന്മേല്‍ക്കളി നിര്‍ത്തുന്നില്ല. ശിഷ്ടകാലവും അതുതുടരട്ടെ, ഇഷ്ടംപോലെ സമയമുണ്ടല്ലോ.

****

മദ്യത്തിനുവേണ്ടിയായാലും മനുഷ്യരെ പെരുവെയിലിലും പെരുമഴയിലുമെല്ലാം പെരുവഴിയില്‍ ക്യൂനിര്‍ത്തേണ്ടിവരുന്നതില്‍ മദ്യവകുപ്പ് മന്ത്രി രാമകൃഷ്ണന് സങ്കടമുണ്ട്. മറ്റുനാടുകളില്‍നിന്ന് വരുന്നവരൊക്കെ ഇതുകണ്ടാല്‍ കേരളത്തെക്കുറിച്ച് അവര്‍ക്കെന്താണ് തോന്നുക! അതുകൊണ്ട് അത് അവസാനിപ്പിക്കുന്നതെങ്ങനെയെന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍.

മദ്യോപയോഗം കുറയ്ക്കാന്‍ പറഞ്ഞാല്‍ ജനം കുറക്കില്ല. സി.പി.എം. പറഞ്ഞിട്ടും കുറയ്ക്കുന്നില്ല, പള്ളീല്‍ പറഞ്ഞിട്ടും കുറയ്ക്കുന്നില്ല. മദ്യലഭ്യത അതിദുര്‍ഘടമാക്കണം. വയ്യ, പടച്ചോനെ ക്യൂനില്‍ക്കാന്‍, ഭരണക്കാരെല്ലാം മുടിഞ്ഞുപോകട്ടെയെന്ന് ശപിച്ച് മനുഷ്യര് മദ്യം വാങ്ങാതെ വീട്ടില്‍ പോകണം. അതാണ് മദ്യനയം. അതിനാണ് 25 ലക്ഷംപേര്‍ക്ക് ഒരു ബിവറേജസ് കട എന്ന അനുപാതത്തില്‍ തുറന്നിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും മദ്യപരെ നന്നാക്കാന്‍ ഈ വിദ്യ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ടില്ല. ഇപ്പോഴത്തെ പരീക്ഷണം പരാജയപ്പെട്ടാല്‍, ഒറ്റക്കാലില്‍ ക്യൂനില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുപോലുള്ള കര്‍ക്കശമായ വൈതരണികള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. മദ്യമന്ത്രി സങ്കടപ്പെട്ടിട്ടൊന്നും കാര്യമില്ല.

3മദ്യം കിട്ടാത്തതുകൊണ്ട് വിദേശടൂറിസ്റ്റുകള്‍ ഇങ്ങോട്ടുവരുന്നില്ല എന്നൊരു കഥ മദ്യാരാധകരും ടൂറിസംവകുപ്പുകാരും പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ മദ്യമുണ്ട്, ഇഷ്ടംപോലെയുണ്ട്. ഫൈവ്സ്റ്റാറില്‍ പോയാല്‍ ബാറിലിരുന്നുതന്നെ കുടിക്കാം. അതില്ലാത്തവര്‍ക്ക് ക്യൂനിന്ന് വാങ്ങാം. ഇക്കാര്യത്തില്‍ വിദേശികള്‍ക്കിടയില്‍ ബോധവത്കരണമാണ് ആവശ്യം. ബിവറേജസിനുമുന്നില്‍ ജനം ക്യൂനില്‍ക്കുന്ന കളര്‍പടങ്ങള്‍, വീഡിയോകള്‍ എന്നിവ വിദേശത്ത് പ്രചരിപ്പിക്കണം. ക്യൂനിന്ന് മദ്യംവാങ്ങുന്ന പത്ത് വിദേശികളിലൊരാള്‍ക്ക് മദ്യം ഫ്രീ എന്നുതുടങ്ങിയ പ്രോത്സാഹനസമ്മാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സിനിമാടിക്കറ്റിന് ക്യൂ നില്‍ക്കുന്നതിനേക്കാള്‍ ക്ഷമയോടെ മദ്യത്തിന് ക്യൂനില്‍ക്കുന്ന കേരളീയരെ നമ്മുടെ ഉത്തമസംസ്‌കാരത്തിന്റെ പ്രതീകമായി ലോകത്തിനുമുന്നില്‍ വെക്കാവുന്നതേയുള്ളൂ.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നയാള്‍ക്ക് ക്യൂ നില്‍ക്കാതെ പ്രത്യേക കൗണ്ടറില്‍ സാധനം കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ പണമടയ്ക്കുന്നവര്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കാനാണ് പ്ലാനിടുന്നതെന്നുധരിച്ച് പലരും കൊതിപൂണ്ടിരിപ്പുണ്ട്. അതുനടപ്പില്ല. ഇക്കാലത്ത് ആര്‍ക്കാണ് ഓണ്‍ലൈനില്‍ പണമടയ്ക്കാന്‍ കഴിയാത്തത്. എല്ലാവരും ഓണ്‍ലൈന്‍ ക്യൂവിലുണ്ടാകും. മറ്റേക്യൂവാണ് ഭേദം എന്നനിലയും വരാം.

****

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായി ചുമതലയേറ്റ മഹതി തുറന്നുപറഞ്ഞത്, പാര്‍ട്ടി പറഞ്ഞതിനപ്പുറം ഒന്നും ചെയ്യില്ല എന്നാണ്. തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ. പരിചയക്കുറവുമാത്രമാണ് പ്രശ്‌നം. ചുമതലയേല്‍പ്പിക്കുംമുമ്പ് ഇതെല്ലാം പാര്‍ട്ടിക്കാര്‍ പറഞ്ഞുകൊടുക്കണമായിരുന്നു. സംഗീതനാടക ഇടപാടുകളില്‍ പാര്‍ട്ടിക്ക് ലൈന്‍വല്ലതും ഉള്ളതായി അറിവില്ല. ഈ സംഭവം നടത്തിക്കൊണ്ടുപോകാന്‍ എന്തുചെയ്യണം, എന്തുചെയ്യേണ്ട എന്ന് പാര്‍ട്ടി ഓരോന്നായി നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. പാര്‍ട്ടിക്കുവേറെ എന്തെല്ലാം പണികിടക്കുന്നു.

പാര്‍ട്ടിപറയുന്നതേ അനുസരിക്കൂ എന്ന് ആരെങ്കിലും പറയുന്നത് പാര്‍ട്ടി പണ്ട് ഇഷ്ടപ്പെട്ടിരുന്നു; കെ.പി.എ.സി.യൊക്കെ രൂപവത്കരിച്ചിരുന്ന അന്തകാലത്ത്. കാലം മാറിയില്ലേ?  പാര്‍ട്ടി പറയും, ഞാന്‍ അനുസരിക്കും എന്നല്ല, ‘പാര്‍ട്ടി എനിക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നാടകവും സംഗീതവും പരിപോഷിപ്പിക്കാന്‍ രാഷ്ട്രീയത്തിനതീതമായി ഞാന്‍ എല്ലാവിഭാഗത്തില്‍പ്പെട്ട നല്ലവരുടെയും സഹായവും സഹകരണവും തേടും…’ എന്നൊക്കെ പറയുന്നതല്ലേ പാര്‍ട്ടിക്കും കേള്‍ക്കാനൊരു സുഖം? പിന്നെ വല്ലപ്പോഴുമേ പാര്‍ട്ടി വല്ലതും ചെയ്യാന്‍ പറയൂ. നാട്ടിലെ പാര്‍ട്ടി ചുമരെഴുത്ത് ഏറ്റെടുത്ത ക്ലബ്ബിന് മികച്ച ചവിട്ടുനാടകത്തിനുള്ള അവാര്‍ഡ് കൊടുക്കണമെന്നോ മറ്റോ… അതങ്ങ് കൊടുത്തേക്കണം. അല്ലാതെന്ത്!

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top