മാഡം തിരഞ്ഞെടുക്കട്ടെ

ഇന്ദ്രൻ

കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ്‌ ആരായിരിക്കണമെന്ന്‌ തീരുമാനിക്കാനുള്ള അര്‍ഹതയും യോഗ്യതയും കേരളത്തിലെ പി.സി.സി. അംഗങ്ങള്‍ക്ക്‌ ഇല്ല. തങ്ങളെക്കൊണ്ട്‌ ഈ പണി പറ്റില്ല എന്നവര്‍ യോഗംചേര്‍ന്ന്‌ ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ട്‌. “ഈ മുള്‍ക്കിരീടം ഞങ്ങളില്‍നിന്നെടുത്തുമാറ്റി ഞങ്ങളെ രക്ഷിച്ചാലും” എന്ന്‌ കേണപേക്ഷിക്കുന്ന പ്രമേയം അവര്‍ ഗദ്ഗദത്തോടെ പാസ്സാക്കിയതായും തുടര്‍ന്ന്‌ കണ്ണീരോടെ പിരിഞ്ഞുപോയതായും റിപ്പോര്‍ട്ടുണ്ട്‌. അനിഷ്ടസംഭവം വേറെ യാതൊന്നുമുണ്ടായില്ല. ആരോ ആരെയോ അടിച്ച്‌ ചെളിക്കുഴിയില്‍ വീഴ്ത്തിയതായി കേട്ടു. ഗൗരവത്തിലെടുക്കേണ്ട. ആറു മാസം മുമ്പായിരുന്നുഈ തിരഞ്ഞെടുപ്പ്‌ എങ്കില്‍ ഹാളിന്‌ വെളിയില്‍ എത്ര കമ്പനി പോലീസ്‌, എത്ര ആംബുലന്‍സ്‌, എത്ര ഡോക്ടര്‍മാര്‍ ആവശ്യമാകുമായിരുന്നു എന്ന്‌ ഓര്‍ത്താല്‍ മാത്രം മതി. സമാധാനമായി ഇരിക്കിന്‍.

പി.സി.സി. യോഗം കഴിഞ്ഞ്‌ പിരിഞ്ഞുപോയവരാരും ഇനി, പി.സി.സി. യോഗത്തിനു പോകുന്നു എന്നു ഭാര്യയോട്‌ പറഞ്ഞ്‌ വീട്ടില്‍നിന്നിറങ്ങുകയില്ല. അവര്‍ക്കതിന്‌ യോഗമുണ്ടാവുമെന്നു തോന്നുന്നില്ല. കെ.പി.സി.സി. യോഗം ചേരുക ഒരു വ്യാഴവട്ടത്തിലൊരിക്കലോ മറ്റോ ആണ്‌. ഒടുവില്‍ 1991ലാണ്‌ കെ.പി.സി.സി. യോഗവും പി.സി.സി. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും നടന്നതെന്ന്‌ തോന്നുന്നു. കൃത്യം തിയ്യതിയും വര്‍ഷവും അറിയണമെങ്കില്‍ അന്നു മത്സരിച്ച ആന്റണിയോടോ വയലാര്‍ രവിയോടോ ചോദിക്കണം. അതിനുമുമ്പോ ശേഷമോ പി.സി.സി. തിരഞ്ഞെടുപ്പ്‌ നടന്നതായി ഒരു അമ്പത്‌ വയസ്സെങ്കിലും ഉള്ളവര്‍ക്കൊന്നും ഓര്‍മയുണ്ടാവില്ല. അവിഭക്ത കോണ്‍ഗ്രസ്സിന്റെ കാലത്ത്‌ 1968 ലോ മറ്റോ ടി.ഒ.ബാവയും എം.എ.ജോണും തമ്മില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരം നടന്നതായി രേഖയുണ്ട്‌. അതില്‍ പിന്നീട്‌ ജോണിനു കെ.പി.സി.സി.യുടെ നാലയലത്ത്‌ പോകേണ്ടിവന്നിട്ടില്ല. അത്ര ഉഷാറാണു പാര്‍ട്ടിയിലെ ജനാധിപത്യം.

വയലാര്‍ രവിയും ആന്റണിയും തമ്മില്‍ നടന്ന മത്സരമായിരുന്നു മത്സരം. ഇനി അങ്ങനെയൊന്നു നമ്മുടെ ജീവിതകാലത്തൊന്നും കാണാന്‍ കഴിയുകയില്ല തീര്‍ച്ച. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, സോണിയാഗാന്ധി ഇനി രാഹുല്‍ഗാന്ധി എന്നിങ്ങനെ തുടരുന്ന ജനാധിപത്യത്തിന്റെ അപോസ്‌തല-പ്രവാചകപരമ്പരയില്‍ ഇടയ്ക്കൊരു ഗ്യാപ്പുണ്ടായി. ഒരു നിസ്സാരന്‍ നരസിംഹറാവു നേതൃത്വത്തില്‍ വന്നുപെട്ടുപോയി. അദ്ദേഹത്തിന്റെ പിടിപ്പുകേടുകൊണ്ട്‌ സംഘടനാ തിരഞ്ഞെടുപ്പും പി.സി.സി. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരവും ഒക്കെയുണ്ടായി. ഇന്ദിരാജി വളര്‍ത്തിക്കൊണ്ടുവന്ന മഹത്‌പാരമ്പര്യത്തിനു വിരുദ്ധമായിരുന്നു അത്‌.

മുമ്പെല്ലാം രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ കടുത്ത വൈരവും മത്സരവും ഉണ്ടാകുമ്പോഴാണു ഹൈക്കമാന്‍ഡ്‌ ജഗദീശ്വരന്‍ ഇടപെട്ട്‌ പി.സി.സി.കള്‍ക്ക്‌ അധ്യക്ഷന്മാരെ സൃഷ്ടിച്ചുകൊടുത്തിരുന്നത്‌. പിന്നീട്‌ ഹൈക്കമാന്‍ഡിനു ഇടപെടാനുള്ള പഴുതുണ്ടാക്കുന്നതിനുവേണ്ടി മത്സരിക്കുമെന്നും മറ്റും ചിലരെക്കൊണ്ടു പറയിപ്പിക്കുന്ന സമ്പ്രദായം വന്നു. ഇപ്പോഴതൊന്നും വേണ്ട. മത്സരിക്കാന്‍ ആരും ഇല്ലെങ്കിലും ശരി പ്രസിഡന്റിനെ മാഡം തിരഞ്ഞെടുക്കും.

“പ്രസിഡന്റിനെ മാഡം തീരുമാനിക്കും” എന്നൊരു ഒറ്റ വരി പ്രമേയം പാസ്സാക്കാന്‍ 250 പി.സി.സി. അംഗങ്ങള്‍ വണ്ടിക്കൂലി കൊടുത്ത്‌ തിരുവനന്തപുരം വരെ പോകേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. ഈ പ്രമേയം പാസ്സാക്കിയിരുന്നില്ലെങ്കില്‍ മാഡത്തിനു ഈ അധികാരം ഇല്ലാതായിപ്പോകുമോ? ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാഡമാണു തീരുമാനിച്ചത്‌. അതിലപ്പുറം വരുമോ പി.സി.സി. പ്രസിഡന്റ്‌? വെറുതെ ഓരോ അനാചാരങ്ങള്‍. കേരളത്തിലെ പി.സി.സി. നേതാക്കളില്‍ ആരാണ്‌ കൂടുതല്‍ യോഗ്യന്‍. ആര്‌ അയോഗ്യന്‍ എന്നു കേരളീയര്‍ക്കറിയുന്നതിനേക്കാള്‍ നന്നായി മാഡത്തിനറിയാം. കാരണം ഈ നേതാക്കള്‍ അധികം സമയം ചെലവഴിക്കുന്നത്‌ കേരളത്തിലല്ല. ഇന്ദ്രപ്രസ്ഥത്തിലെ ചക്രവര്‍ത്തിനിയുടെ കൊട്ടാരത്തിന്റെ കോലായയിലാണ്‌. അതുകൊണ്ട്‌ മാഡംതന്നെ തിരഞ്ഞെടുക്കാന്‍ യോഗ്യ. കോണ്‍ഗ്രസ്സില്‍’ഉള്‍പ്പാര്‍ട്ടിമാഡാധിപത്യം’ എക്കാലവും പുലരട്ടെ.

** ** ** ** **

ഹിന്ദുക്കളുടെയും മുസ്‌ലീങ്ങളുടെയും വോട്ട്‌ ചോര്‍ന്നതാണ്‌ അഴീക്കോട്ടെയും കൂത്തുപറമ്പിലെയും പരാജയത്തിന്‌ കാരണമെന്ന കോണ്‍ഗ്രസ്‌ പരാജയ കാരണമന്വേഷണ ഉന്നതാധികാര കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശം രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്‌. അഴീക്കോട്ടും കൂത്തുപറമ്പിലും മേല്‍പറഞ്ഞ രണ്ട്‌ മതക്കാരെ ഉള്ളൂ. അപ്പോള്‍ ഹിന്ദുവോട്ട്‌, മുസ്‌ലീംവോട്ട്‌ എന്ന്‌ വേര്‍ തിരിക്കേണ്ട കാര്യമില്ല. വോട്ട്‌ കുറഞ്ഞതാണ്‌ തോല്‍വിക്ക്‌ കാരണമെന്നര്‍ഥം. ചെറിയ കണ്ടുപിടിത്തമൊന്നുമല്ല ഇത്‌. എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടുകൂടിയതാണ്‌ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണമെന്ന്‌ മുമ്പൊരു നേതാവ്‌ പറഞ്ഞതിന്‌ ശേഷം ഇത്ര യുക്തിഭദ്രമായ ഒരു പരാജയകാരണ നിഗമനം കേരള രാഷ്ട്രീയത്തിലുണ്ടായിട്ടില്ല.

പ്രതീക്ഷിച്ചതുപോലെ ഒരു കാര്യം നടന്നാല്‍ അതെന്തുകൊണ്ട്‌ അങ്ങനെ ഉണ്ടായി എന്നാരും കഷ്ടപ്പെട്ട്‌ അന്വേഷിക്കാറില്ല. അഴീക്കോട്ടെയും കൂത്തുപറമ്പിലെയും തിരഞ്ഞെടുപ്പുകളില്‍ കെ.പി.സി.സി. പ്രതീക്ഷിച്ചിരുന്നത്‌ വിജയമാണോ എന്നൊരു സംശയമുണ്ട്‌. ഏതാനും മാസം മുമ്പ്‌ 38,000 ത്തില്‍ ചില്വാനം വോട്ടിന്‌ തോറ്റയിടത്ത്‌ അതിനുശേഷം പാര്‍ട്ടി നെടുകെ പിളരുകയും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണം ‘വമ്പന്‍ ജനപ്രീതി’ നേടുകയും ചെയ്ത ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ലീഡ്‌ അരലക്ഷമായാല്‍ പോലും ആരും അത്ഭുതപ്പെടുമായിരുന്നില്ല. എങ്കിലും, 45,000 വോട്ടിന്‌ തോറ്റപ്പോള്‍ കെ.പി.സി.സി. നേതൃത്വം അത്ഭുതപ്പെട്ടു. ഉടനെ അന്വേഷണത്തിന്‌ മൂന്ന്‌ ഡിറ്റക്റ്റീവുകളെ കണ്ണൂരേക്ക്‌ വിടുകയും ചെയ്തു.

കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഇങ്ങനെ ചില തകരാറുകളുണ്ട്‌. നാട്ടിലെ ഏതു കോണ്‍ഗ്രസ്സുകാരനും അറിയുന്ന കാര്യങ്ങള്‍ നേതൃത്വം ചിലപ്പോള്‍ അറിയാതെ പോകും. അഴീക്കോട്ടും കൂത്തുപറമ്പിലും തോറ്റപ്പോള്‍ കേരളത്തിലെവിടെയെങ്കിലുമുള്ള ഏതെങ്കിലും ഒരു കോണ്‍ഗ്രസ്സുകാരന്‍ “അയ്യോ, തോറ്റുപോയോ? അതെങ്ങനെ സംഭവിച്ചു?” എന്നു ചോദിച്ചിരിക്കാനിടയില്ല. ‘കെട്ടിവെച്ചതുപോയോ?’ എന്നേ അവര്‍ ചോദിച്ചിരിക്കാനിടയുള്ളൂ. മുഖ്യ എതിര്‍സ്ഥാനാര്‍ഥിയുടെ കെട്ടിവെച്ചകാശ്‌ പോയ സംഭവം ഇതുവരെ കേട്ടിട്ടില്ല. നടന്നാല്‍ അതൊരു റെക്കോഡായിരിക്കും. ഒരു പാട്‌ റെക്കോഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ കെ.പി.സി.സി.ക്ക്‌ തന്നെ ആ വഴിക്കും ഒരു ശ്രമം നടത്താവുന്നതേ ഉള്ളൂ. കനത്ത തോല്‍വി കോണ്‍ഗ്രസ്സുകാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഓര്‍ക്കാപ്പുറത്ത്‌ അടിയേറ്റതുപോലെയാണ്‌ കെ.പി.സി.സി. എടുത്തുചാടി പരാജയാന്വേഷണ കമ്മീഷനുമായി ഇറങ്ങിത്തിരിച്ചത്‌. എന്നാലോ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതില്‍ പത്തൊമ്പത്‌ സീറ്റിലും യു.ഡി.എഫ്‌. തോല്‍ക്കുമെന്ന്‌ ആജന്മ ശത്രുക്കള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. വോട്ടെണ്ണിയപ്പോള്‍ എതിരാളികള്‍ പോലും ഞെട്ടി. കോണ്‍ഗ്രസ്‌ നേതൃത്വം ഞെട്ടിയോ? ഇല്ല. ഞെട്ടിയിരുന്നെങ്കില്‍ ഒരു കമ്മീഷനെ അന്വേഷണത്തിന്‌ നിയോഗിക്കുമായിരുന്നല്ലോ. കടുംഞ്ഞെട്ടല്‍ ഞെട്ടേണ്ടിയിരുന്ന മുകുന്ദപുരത്ത്‌ പോലും കമ്മീഷനൊന്നും പോയില്ല. എന്തായാലും, ഈ തോല്‍വിയെല്ലാം എന്തുകൊണ്ടുണ്ടായി എന്ന്‌ അറിയാത്ത ഒരു സ്കൂള്‍കുട്ടി പോലും കേരളത്തിലില്ല. അറിയാത്തത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ മാത്രം.

** ** ** ** **

ചില പത്രവാര്‍ത്തകള്‍ വായിച്ചാല്‍ ചിരിച്ചുപോകും എന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിച്ചത്‌. അടുത്ത കാലത്തൊന്നും ഇത്ര സത്യസന്ധമായ ഒരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയിട്ടില്ല. ഓരോ ദിവസവും നര്‍മരസം തുളുമ്പുന്ന എത്രയെത്ര വാര്‍ത്തകളാണ്‌ പത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്‌.

ഒരൊറ്റ ദിവസത്തെ പത്രമെടുക്കുക. ഹെഡ്ഢിങ്ങുകള്‍ മാത്രം വായിച്ചുനോക്കിയാല്‍ മതി: 1. വ്യവസായ വകുപ്പ്‌ ഈ വര്‍ഷം 25,000 ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കും! 2. കൊച്ചിയില്‍ മാത്രം 1000 കോടി രൂപയുടെ വികസന പദ്ധതി വരുന്നു!! 3 പ്രതിപക്ഷവുമായി യോജിപ്പുണ്ടാക്കി എക്സ്പ്രസ്‌വെ സ്ഥാപിക്കും!!! ഇതെല്ലാം ശനിയാഴ്ചത്തെ പത്രത്തിലുള്ള കാര്യങ്ങള്‍. ഞായറാഴ്ചയിലെ പത്രത്തിലെ ഒരൊറ്റ വാര്‍ത്ത മതി ഒരാഴ്ച നോണ്‍സ്റ്റോപ്പ്‌ ചിരി ചിരിക്കാന്‍. കെ.പി.സി.സി. പ്രസിഡന്റിനെ സോണിയ നിശ്ചയിക്കും! ഭരിക്കുന്നവര്‍ക്ക്‌ മാത്രമേ ഇക്കാര്യത്തില്‍ അവകാശവാദങ്ങളുള്ളൂ എന്നാരും തെറ്റിദ്ധരിക്കരുത്‌. നര്‍മ്മബോധം ഇല്ലായിരുന്നെങ്കില്‍ താനെന്നേ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന്‌ ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിരുന്നുവത്രെ. വി.എസ്‌. അച്യുതാനന്ദന്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളീയരുടെ സ്ഥിതിയും അതുതന്നെ ആയേനെ. ഇതാ വി.എസ്‌. വക ലേറ്റസ്റ്റ്‌ “ആഭ്യന്തര വകുപ്പ്‌ തന്നാല്‍ വി.ഐ.പി. ആരെന്ന്‌ ആറുമാസത്തിനകം തെളിയിക്കാം”.

Leave a Reply

Your email address will not be published. Required fields are marked *

Go Top