അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ശമ്പളം നല്‍കണം – കോടതി

എൻ.പി.രാജേന്ദ്രൻ

കൊച്ചി: അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് നിഷേധിക്കപ്പെട്ട ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 1998 സപ്തംബര്‍ 9 മുതല്‍ 2005 ഡിസംബര്‍ 20 രെയുള്ള ശമ്പളവും ആനുകൂല്യവും നല്‍കാനുള്ള ലേബര്‍ കോടതിയുടെ ഉത്തരവിനെതിരെ ദേശാഭിമാനി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഈ ഉത്തരവ്. ദേശാഭിമാനി പത്രത്തില്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്.

ലേബര്‍ കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് കോടതി വിലയിരുത്തി. ലഭ്യമായ രേഖകള്‍ പരിശോധിച്ചാല്‍ നിഷേധിക്കപ്പെട്ട ശമ്പളം നല്‍കണമെന്ന തീര്‍പ്പ് മാത്രമേ സാധ്യമാകൂ എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ജോലി നിഷേധിച്ചതിന് ന്യായീകരണമില്ലെന്നും അതിനാല്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്നുമായിരുന്നു ലേബര്‍ കോടതിയുടെ ഉത്തരവ്. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട കാലാവധി ലീവായി പരിഗണിച്ച് ശമ്പളവും ആനുകൂല്യവും നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ആവശ്യമായ രേഖ ഹാജരാക്കാതെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ജോലിയില്‍ നിന്ന് അനധികൃതമായി വിട്ടുനിന്നുവെന്നാണ് ലേബര്‍ കോടതിയുടെ ഉത്തരവിനെതിരെ ദേശാഭിമാനി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജോലിയില്‍ ചേരുകയോ രാജിവെക്കുകയോ ചെയ്യാന്‍ 2000 മെയ് മാസത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിച്ചിരുന്നെങ്കില്‍ ആനുകൂല്യനിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Go Top