മാധ്യമവിശ്വാസ്യത എന്നാല്‍…

എൻ.പി.രാജേന്ദ്രൻ

സമീപകാലത്ത് ചില പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയുടെ പ്രാധാന്യം പ്രത്യക്ഷത്തില്‍ തിരിച്ചറിയപ്പെട്ടില്ല. തലസ്ഥാനത്ത് സര്‍ക്കാര്‍ രൂപം നല്‍കിയ ഒരു ഭവനപദ്ധതിയില്‍ വീട് അനുവദിക്കപ്പെട്ട 54 പത്രപ്രവര്‍ത്തകര്‍ വീട്ടില്‍ താമസമാക്കുകയോ വീട് വാടകക്ക് കൊടുക്കുകയോ ചെയ്തിട്ട് വര്‍ഷങ്ങളായിട്ടും ഒരു പൈസയും തിരിച്ചടച്ചില്ല എന്നായിരുന്നു വാര്‍ത്ത. നല്‍കേണ്ട തുക 19.37 കോടിവരുമത്രെ. ആദ്യം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് വാര്‍ത്ത വന്നത്. പിറ്റേ ദിവസം വിശദവിവരം ദേശാഭിമാനി പ്രസിദ്ധപ്പെടുത്തി. അതിന്റെ പിറ്റേന്ന് മറ്റു പത്രങ്ങളും ചെറുതായും വലുതായും ആ വാര്‍ത്ത കൊടുത്തു. പിന്നെ അത് സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. വാര്‍ത്തയൊന്നും പിന്നെ കണ്ടില്ല.

രാഷ്ട്രീയമായ നിലപാടുകളെ  ചൊല്ലി മാധ്യമങ്ങള്‍ പരസ്പരം വിമര്‍ശിക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകരും വിമര്‍ശിക്കപ്പെടാറുണ്ട്. അതിലൊന്നും പുതുമയില്ല. എന്നാല്‍ ഒരു പക്ഷേ ആദ്യമായാവും വലിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്ന തങ്ങളുടെ പ്രത്യേക നില ഉപയോഗപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന്  മാധ്യമപ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നതും വാര്‍ത്തയാക്കുന്നതും. ധാര്‍മിക നിലപാടുകളുടെ അടിസ്ഥാനത്തില്‍, തൊഴില്‍പരമായ ശരിതെറ്റുകളെ ആധാരമാക്കി മാധ്യമപ്രവര്‍ത്തകര്‍ രണ്ടുതട്ടുകളില്‍ നില്‍ക്കുന്നത് പൊതുവെ കാണാറില്ല. സംഘം എന്ന നിലയിലും സംഘടന എന്ന നിലയിലും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ പലപ്പോഴും ധാര്‍മികതയെ കുറിച്ച് സംശയമുണര്‍ത്തുന്ന പല നടപടികളിലും ഏര്‍പ്പെടാറുണ്ട്.  അതൊന്നും വാര്‍ത്തയാകാറില്ല. അത്തരം നടപടികളില്‍ എല്ലാവരും തുല്യനിലയില്‍ പങ്കുചേരാറുണ്ട് എന്നല്ല പറഞ്ഞുവരുന്നത്. പലരും അതില്‍ നിന്ന് മാറിനില്‍ക്കാറുണ്ട്. എന്നാല്‍ ആ മാറിനില്‍ക്കല്‍ വ്യക്തി എന്ന നിലയിലുള്ള തത്ത്വദീക്ഷയുടെ ഭാഗമായാണ് സംഭവിക്കാറുള്ളത്.

54 പത്രക്കാര്‍ മാസംതോറുമുള്ള തിരിച്ചടവ് മുടക്കിയതിന്റെ ന്യായാന്യായതകളിലേക്ക് ഇവിടെ കടക്കുന്നില്ല. ഒരു പക്ഷേ ഹൗസിങ്ങ് ബോര്‍ഡിന്റെ ഭാഗത്തുണ്ടായ കടുത്ത അനീതി ചെറുക്കാനായിരിക്കാം അവര്‍ അങ്ങനെ ചെയ്തത്. രാഷ്ട്രീയമോ മറ്റോ ആയ എന്തോ പകപോക്കലാവാം വാര്‍ത്താനിര്‍മിതിയുടെ ലക്ഷ്യം. ഇവിടെ അതല്ല ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ വിഷയം വേറെയാണ്. ഫോര്‍ത്ത് എസ്റ്റേറ്റ് മറ്റുള്ള എല്ലാറ്റിന്റെയും വിമര്‍ശകരാകുന്നു. ആകണം. പക്ഷേ ഫോര്‍ത്ത് എസ്റ്റേറ്റിനെ ഫോര്‍ത്ത് എസ്റ്റേറ്റ് നിരീക്ഷിക്കുകയോ തുറന്നുകാട്ടുകയോ ചെയ്യുന്നില്ല.  പത്രക്കാര്‍ എന്തുചെയ്താലും പത്രങ്ങളില്‍ വാര്‍ത്ത വരാറില്ല. രാഷ്ട്രീയഭേദവും മത്സരവും മാറ്റിവെച്ചാണ് പത്രപ്രവര്‍ത്തകര്‍ സംഘടിതമായി മൗനം പാലിക്കാറുള്ളത് എന്ന ആരോപണം പലര്‍ക്കുമുണ്ട്. ഇതും പത്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല.

മാധ്യമവിശ്വാസ്യത തകര്‍ക്കുന്ന അനേകം സംഭവങ്ങള്‍ സമീപകാലത്തുണ്ടായി. പത്രത്തില്‍ വരുന്ന ഏതെങ്കിലും വാര്‍ത്തയിലെ വസ്തുതാപരമോ ഭാഷാപരമോ ആയ ചെറിയ പിശകുകള്‍ക്ക് വലിയ  പ്രാധാന്യം നല്‍കപ്പെടാറുണ്ട്. മാധ്യമസ്ഥാപനങ്ങള്‍ക്കകത്തും വായനക്കാരിലും അതാണ് വിശ്വാസ്യതയുടെ മാനദണ്ഡം എന്ന മട്ടിലുള്ള ചര്‍ച്ചകളും കേള്‍ക്കാറുണ്ട്. അവയെല്ലാം പ്രാധാന്യം കുറഞ്ഞ കാര്യങ്ങളാണ് എന്ന് തോന്നുന്നു. മാധ്യമപ്രവര്‍ത്തനം, മറ്റെല്ലാ പ്രവര്‍ത്തനങ്ങളും പോലെ നിയമത്തിന്റെയും ധാര്‍മികതയുടെയും പരിധിയില്‍ നില്‍ക്കുന്നില്ല എന്നതാണ് വിശ്വാസ്യതയെ തകര്‍ക്കുന്ന പ്രധാന കാര്യം എന്ന് തിരിച്ചറിയപ്പെടുന്നില്ല. സര്‍ക്കാര്‍ പോലുള്ള പൊതു സ്ഥാപനങ്ങളില്‍ നിന്ന് അനധികൃതമായി ആനുകൂല്യങ്ങള്‍ നേടുന്നത് പത്രപ്രവര്‍ത്തകസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ബാധിക്കുന്നു. എന്തെല്ലാം സൗജന്യങ്ങള്‍ സ്വീകാര്യമാണ് എന്നത് സംബന്ധിച്ച് ഒരു അളവുകോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും നിയമത്തിന്റെയോ പെരുമാറ്റച്ചട്ടത്തിന്റെയോ ഭാഗമായി ഇല്ല. ഭരണത്തിലിരിക്കുന്ന ജനപ്രതിനിധികള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനുള്ള പല പ്രവര്‍ത്തനങ്ങളില്‍ ഒന്നായി  മാത്രമേ് മാധ്യമപ്രീണനത്തെയും കാണുന്നുള്ളൂ. സൗജന്യറേഷനും മറ്റനേകം സൗജന്യങ്ങളും നല്‍കി വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതുപോലെ സൗജന്യഭൂമിയും സൗജന്യയാത്രയും മറ്റനേകം സൗജന്യങ്ങളും നല്‍കി പത്രപ്രവര്‍ത്തകരെ സ്വാധീനിക്കാനുളള ശ്രമവുംനടക്കുന്നു. എവിടെയാണ് ന്യായമായ മാധ്യമസംരക്ഷണവും ക്ഷേമപ്രവര്‍ത്തനവും അവസാനിക്കുന്നത്, എവിടെയാണ് പ്രീണനം ആരംഭിക്കുന്നത് എന്ന നിയമങ്ങള്‍ കൊണ്ട് വേര്‍തിരിക്കുക പ്രയാസമാണ്. സഹായത്തിന്റെയും പ്രീണനത്തിന്റെയും നിര്‍വചനം എളുപ്പമല്ല. ആദിവാസി വീടുകള്‍ക്ക് സൗജന്യവൈദ്യുതി നല്‍കുന്നത് ശരിയും വോട്ടര്‍മാര്‍ക്കെല്ലാം സൗജന്യമായി ടെലിവിഷന്‍സെറ്റ് നല്‍കുന്നത് കടുത്ത അധികാരദുര്‍വിനിയോഗവും ആകുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സഹായങ്ങളിലും സൗജന്യങ്ങളിലും ഉണ്ട് ശരിതെറ്റുകള്‍. അധികാരത്തിലിരിക്കുന്നവരേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് മാധ്യമപ്രവര്‍ത്തകരാണ്. കേരളം ഇക്കാര്യത്തില്‍ മാതൃകാസംസ്ഥാനമാണ് എന്നുപോലും തോന്നിപ്പോകാറുണ്ട്- മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. പക്ഷേ, ഇതൊരു തരത്തിലും മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്ക് ക്യൂ നില്‍ക്കുന്നവരാക്കി മാറ്റരുത്.

സൗജന്യങ്ങള്‍ പറ്റുന്നതിലെ അധാര്‍മികതയുടെ പതിന്മടങ്ങ് ഗൗരവമുള്ള പല പുത്തന്‍ പ്രവണതകളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. പലരുടെയും സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയാധികാരത്തെ സ്വാധീനിക്കുന്നതിനുവേണ്ടി മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതിന്റെ  കഥകള്‍ മാധ്യമങ്ങളില്‍തന്നെ വരുന്നു. ചാനലില്‍ എക്‌സ്‌ക്ലൂസീവിനുവേണ്ടി റോഡില്‍ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നതില്‍ അക്രമികള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകനും പങ്കാളിയായെന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഗുവാഹതിയില്‍ നിന്നാണ് വന്നത്. മംഗലാപുരത്തുനിന്നും വന്നു സമാനസ്വഭാവമുള്ള മറ്റൊരുവാര്‍ത്ത. മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ എല്ലാ മാധ്യമധര്‍മങ്ങളും മര്യാദകളും കൊലചെയ്യപ്പെടുന്നത് ജനങ്ങള്‍ എക്കാലവും നോക്കിനില്‍ക്കില്ല എന്നതിന് വ്യക്തമായ സൂചനകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇതോടൊപ്പം തന്നെ വരുന്നുണ്ട്. ബ്രിട്ടനില്‍ റുപര്‍ട് മര്‍ഡോക് എന്ന സൂര്യനസ്തമിക്കാത്ത മാധ്യമസാമ്രാജ്യത്തിന്റെ ഉടമ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി നമ്മുടെ  കണ്ണുതുറപ്പിച്ചേ തീരൂ.

മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണം എന്ന് പൊതുസമൂഹത്തില്‍ നിന്ന് പലപ്പോഴായി ആവശ്യം ഉയരാറുണ്ട്. ഒരു വര്‍ഷം മുമ്പാണ് പുതിയ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ്  കട്ജു ഇക്കാര്യം പൊതുശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ പറഞ്ഞത്. മാധ്യമമേഖല ന്യായമായും ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. നിബന്ധനകളും ചട്ടങ്ങളും ധാര്‍മികവ്യവസ്ഥകളും അടിച്ചേല്‍പ്പിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന നിലപാട് ന്യായം തന്നെയാണ്. അതിന് പരിഹാരമായി എപ്പോഴും പറയാറുള്ളത് മാധ്യമങ്ങള്‍ പെരുമാറ്റച്ചട്ടം സ്വയം ഉണ്ടാക്കണം എന്നാണ്. അത് സൗകര്യപ്രദമായ ഒരു തൊടുന്യായമായാണ് മാധ്യമമേഖലയിലുള്ളവര്‍ സ്വീകരിക്കുന്നത്. ഞങ്ങളുടെ ചട്ടം ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളാം നിങ്ങള്‍ ഇടപെടേണ്ട എന്ന് പറയുകയും ഒരു ചട്ടവും വ്യവസ്ഥയും ഉണ്ടാക്കാതെ തോന്നിയ പോലെ മുന്നോട്ടുപോകുകയുമാണ് ഇപ്പോള്‍ മാധ്യമമേഖലയിലുള്ളവര്‍ ചെയ്യുന്നത് എന്ന് പറയാതെ വയ്യ.

മാധ്യമപ്രവര്‍ത്തകരേക്കാള്‍ മാധ്യമനടത്തിപ്പുകാരാണ് ഇക്കാര്യത്തില്‍ കുറ്റകരമായ  അനാസ്ഥ കാണിക്കുന്നത്. വാര്‍ത്തക്ക് വേണ്ടി അധാര്‍മികതകള്‍ ജേണലിസ്റ്റുകളെക്കൊണ്ട് ചെയ്യിക്കുന്നത് മിക്കപ്പോഴും മാധ്യമ ഉടമസ്ഥരാണ്. സര്‍ക്കുലേഷന്‍, അല്ലെങ്കില്‍ ടാം റെയ്റ്റിങ്ങ്, പരസ്യം ഇവ കിട്ടാന്‍ എന്തും ചെയ്യാം എന്ന നിലയാണ് ഉള്ളത്. ഇവയ്ക്ക് വേണ്ടിയുള്ള മത്സരം ശരിക്കും കഴുത്തറപ്പനായിരിക്കുന്നു. ലാഭം കൂട്ടാനുള്ള വിദ്യകള്‍ ചര്‍ച്ച ചെയ്യാനാണ് പത്ര ഉടമസ്ഥരുടെ സംഘടനകള്‍ യോഗം ചേരാറുള്ളത്. ആനുകൂല്യങ്ങള്‍ നേടലാണ് പത്രപ്രവര്‍ത്തകസംഘടനായോഗങ്ങളിലെ മുഖ്യഅജന്‍ഡ. മാധ്യമവിശ്വാസ്യത ഇരുകൂട്ടരുടെയും അജന്‍ഡയില്‍ വരുന്നേ ഇല്ല. മാധ്യമവിശ്വസ്യതയെ ആണ് ഇരുകൂട്ടരും താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി തകര്‍ക്കുന്നത്.

ഇത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്. ഇനി മുറിക്കാന്‍ അധികമൊന്നും ബാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top