കെ.ആര്‍.നാരായണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ദറ്റപ്പാലത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിന് പാലക്കാട്ട് വന്നിറങ്ങിയ സായാഹ്നം. സുല്‍ത്താന്‍പേട്ട ജംഗ്‌ഷനിലെ കടകള്‍ക്ക് മുകളിലെ മാതൃഭൂമി ബ്യൂറോവില്‍ കയറിവന്ന് വിവരം പറഞ്ഞത് പി.ആര്‍.ഉണ്ണി. അന്നും ഉണ്ണിയേട്ടന്‍ മാതൃഭൂമി ലേഖകനാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, ഇന്നും അതുതന്നെ. വാ, നമുക്ക് നാരായണനെ കാണേണ്ടേ ?
പില്‍ക്കാലത്ത് മന്തിയും ഗവര്‍ണറുമായ കെ.ശങ്കരനാരായണന്റെ വീട്ടില്‍ നാരായണന്‍ ഇരിപ്പുണ്ട്. അവിടെ വേറെ പത്രക്കാര്‍ ആരുമില്ല. ചാനലുകള്‍ ജനിച്ചിട്ടുമില്ല. എങ്ങനെയാണ് സ്ഥാനാര്‍ഥിയായതെന്ന് ചോദിച്ചപ്പോള്‍ മടിയൊന്നും കൂടാതെ നാരായണന്‍ കാര്യം പറഞ്ഞു. എം.പി.യാകാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ദിരാഗാന്ധിയോട് ഞാന്‍ പറഞ്ഞിരുന്നു. പിന്നീട് ഇതേകാര്യം രാജീവ് ഗാന്ധിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി വിളിച്ച് നോമിനേഷന്‍ കൊടുക്കാന്‍ പറഞ്ഞു. ഞാനിതാ അതിനായി എത്തിയിരിക്കുന്നു. എത്ര നിസ്സാരം!
നയതന്ത്രരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം ഉന്നതങ്ങളിലെത്തിയിരുന്ന നാരായണനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഒട്ടും അനൗചിത്യം തോന്നിയിരുന്നില്ല. പക്ഷേ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് മത്സരിക്കാന്‍ എന്തുകൊണ്ട് ഒരു ജനറല്‍ മണ്ഡലം നല്‍കിയില്ല ? നാരായണന്‍ പക്ഷേ അതിനെക്കുറിച്ചൊന്നും വേവലാതിപ്പെട്ടതായി തോന്നിയില്ല. കാശൊക്കെ ഒരു പാട് വേണ്ടിവരില്ലേ എന്ന് ചോദിച്ചപ്പോള്‍ കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ എന്നോട് ചോദിച്ചു, ‘മൂവായിരം രൂപ കൈയിലുണ്ട്, അത് മതിയാകില്ലേ’ . രാഷ്‌ട്രീയത്തെക്കുറിച്ച് ഈ മഹാന് ഒന്നും അറിഞ്ഞുകൂടല്ലോ എന്ന് അത്ഭുതപ്പെട്ടു.
തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയില്‍ പലവട്ടം ഷൊര്‍ണ്ണൂരിലെ ഗസ്റ്റ്‌ഹൗസില്‍ കണ്ടു. പാര്‍ട്ടിക്കാരുടെ നിയന്ത്രണത്തില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാ വഹിച്ച് അങ്ങനെ നടന്നുവോട്ടുപിടിക്കുകയാണ്. നാരായണന്‍ വലിയ ആളൊക്കെയായിരിക്കാം, പക്ഷേ ആള്‍ക്ക് മലയാളം അറിഞ്ഞുകൂടാ എന്നതായിരുന്നു വലിയ എതിര്‍പ്രചാരണം. ശശിതരൂരിനെ പോലെ മലയാളത്തിന് കുറച്ച് ഇടിവും ചതവും ഉണ്ടാക്കുന്നു എന്നത് ശരി. അല്ലെങ്കിലും അദ്ദേഹമിവിടെ മലയാളം വാദ്ധ്യാരുടെ ജോലിക്കല്ലല്ലോ വന്നിട്ടുള്ളത്.
മലയാളമറിയില്ലെന്ന പ്രചാരണം നാരായണന് നന്നെ പൊള്ളിയതായി തോന്നി. ഒരു ദിവസം രാവിലെ ഗസ്റ്റ് ഹൗസ് മുറ്റത്ത് കണ്ടപ്പോള്‍ അദ്ദേഹമതിനെക്കുറിച്ച് പരിഭവം പ്രകടിപ്പിച്ചു. നാരായണന്റെ എതിര്‍ സ്ഥാനാര്‍ഥി ഇപ്പോഴത്തെ നമ്മുടെ വൈദ്യുതിവകുപ്പ് മന്ത്രി എ.കെ.ബാലനായിരുന്നു. ബാലനും ഞാനും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഏതാണ്ട് ഒരേ കാലത്ത് പഠിച്ചതാണ്. ഞാന്‍ രണ്ടുവര്‍ഷം ജൂനിയര്‍ ആണെന്നുമാത്രം. ഷൊര്‍ണൂര്‍ ഗസ്റ്റ്‌ഹൗസില്‍ മിക്കപ്പോഴും ബാലനെയും കാണും. നീ എന്നെ എടങ്ങാറാക്കാന്‍ വന്നതല്ലേ പഹയാ എന്ന് നാദാപുരം ശൈലിയില്‍ ബാലന്‍ ചോദിക്കാറുമുണ്ട്. കെ.ആര്‍.നാരായണന്‍ വരാന്തയില്‍ നില്‍ക്കുമ്പോഴുണ്ട് ഒരു ദിവസം എതിര്‍സ്ഥാനാര്‍ഥി മുറിയില്‍ നിന്ന് പുറത്തിറങ്ങിവരുന്നു. എതിരാളികള്‍ മുഖാമുഖം. ഹലോ ഹൗ ആര്‍ യു സാര്‍- ബാലന്‍ നാരായണന്റെ കൈപിടിച്ചുകുലുക്കിച്ചോദിച്ചു. ആ നിമിഷം നാരായണനിലെ രാഷ്‌ട്രീയക്കാരന്‍ ഉണര്‍ന്നു. ഹോ ഹോ അപ്പോള്‍ ബാലനും മലയാളം ശരിക്ക് അറിയത്തില്ല അല്ല്യോ ? നാരായണന്‍ കുസൃതിച്ചോദ്യം എറിഞ്ഞു. ബാലന്‍ ചിരിച്ചുകൊണ്ടുതന്നെ എന്തോ ചില ന്യായങ്ങളും പറഞ്ഞു. പിന്നെ സൗഹൃദപൂര്‍വം പിരിയുകയും ചെയ്‌തു. വാര്‍ത്തകള്‍ക്കായി നടക്കുന്ന റിപ്പോര്‍ട്ടര്‍ക്ക് അവഗണിക്കാവുന്നതല്ലല്ലോ സംഭവം. പിറ്റേന്ന് മാതൃഭൂമിയുടെ ഒന്നാം പേജില്‍ ബോക്‌സ് വാര്‍ത്ത. തലവാചകം – ബാലനും മലയാളം അറിയത്തില്ലേ ?
ബാലന്‍ ഒറ്റപ്പാലത്തെ സിറ്റിങ് എം.പി.യായിരുന്നു. ഇന്ദിരയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം കോണ്‍ഗ്രസ്സിനനുകൂലമായ സഹതാപതരംഗം ആഞ്ഞടിക്കുന്നുണ്ടായിരുന്നു. രാജീവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടുമെന്ന് ആര്‍ക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ കേരളത്തിലെ സ്ഥിതിയെന്താവുമെന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. എങ്കിലും ഒറ്റപ്പാലത്ത് നാരായണന്‍ ജയിക്കണമെന്നാണ് എനിക്ക് തോന്നിയത്. വെറും തോന്നല്‍ മാത്രം. നല്ലൊരു രാഷ്‌ട്രീയപ്രവര്‍ത്തകന്‍ മാത്രമായ ബാലനില്‍ നിന്ന് കെ.ആര്‍. നാരായണന്‍ ആയിരം കാതം അകലെയാണെന്നും അത് വോട്ടര്‍മാര്‍ക്കും മനസ്സിലാക്കാനാകുമെന്നും തോന്നിയിരുന്നു. അതിലപ്പുറമുള്ള സെഫോളജിയൊന്നും ഫലപ്രവചനത്തിലുണ്ടായിരുന്നുമില്ല. നാരായണനാണ് ജയിച്ചത്. വോട്ടര്‍മാരുടെ തീരുമാനം തെറ്റിയെന്ന് ബാലന് പോലും തോന്നാത്ത വിധത്തിലാണ് പില്‍ക്കാലത്ത് നാരായണന്‍ ഉയര്‍ന്നുയര്‍ന്നുപോയത്.
അഭിപ്രായ സര്‍വെകളോ എക്‌സിറ്റ് പോളുകളോ കാല്‍നൂറ്റാണ്ട് മുമ്പില്ല. പ്രവചിക്കാറുള്ളത് പത്രപ്രവര്‍ത്തകര്‍ മാത്രം. അവരാകട്ടെ ആശ്രയിക്കുന്നത് സ്വന്തം ആറാമിദ്രിയത്തെയും . മിക്കപ്പോഴും വോട്ടെടുപ്പിനെ സ്വാധീനിക്കണം എന്ന ദുരുദ്ദേശ്യത്തോടെയാണ് ഇത്തരം ഫലപ്രവചനങ്ങള്‍ നടക്കാറുള്ളതും. സ്വതന്ത്രപത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയിലും അതുമുടങ്ങാറില്ല. പ്രവചനത്തിന്റെ റിസ്‌ക് എന്തിനെടുക്കണം എന്ന് സ്വയം ചോദിക്കുന്ന ലേഖകര്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എന്നെഴുതി രക്ഷപ്പെടാറാണ് പതിവ്-ആ പ്രവചനം മാത്രം ഒരിക്കല്‍പോലും ശരിയായിട്ടില്ലെന്നത് വേറെ കാര്യം.
എങ്ങനെയാണ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രവചിക്കുക ? റിപ്പോര്‍ട്ടറായി ജോലി തുടങ്ങിയ ആദ്യകാലത്ത് എന്നെ ഏറെ അലട്ടിയ പ്രശ്‌നമാണത്. പത്രപ്രവര്‍ത്തനത്തിന്റെ ട്രെയ്‌നിങ് കാലത്തൊന്നും ആരും ഇത് പഠിപ്പിച്ചിട്ടില്ല. ജനാഭിപ്രായം അളക്കാനുള്ള യന്ത്രങ്ങളൊന്നും കമ്പനി തന്നിട്ടുമില്ല. പക്ഷേ ചില സീനിയര്‍ പത്രപ്രവര്‍ത്തകന്മാര്‍ക്ക് ഇക്കാര്യത്തില്‍ വലിയ വിദഗ്‌ധന്മാരാണെന്ന ഖ്യാതി ധാരാളമുണ്ടായിരുന്നു. അവരെങ്ങനെയാണ് അത് സാധിച്ചെടുക്കുന്നത് എന്നറിയാന്‍ ഒരു വഴിയുമില്ല. ഞാനാണെങ്കില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുമുള്ളൂ.
ആ പൊതുതിരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയ നാളില്‍ പാലക്കാട്ടെ മാതൃഭൂമി ഓഫീസില്‍ കിസ പറയാന്‍ വൈകുന്നേരങ്ങളില്‍ വരാറുള്ള ഒരു രാഷ്‌ട്രീയപ്രവര്‍ത്തകന്‍ അസാമാന്യ പ്രവചനശേഷിയുള്ള ഒരു റിപ്പോര്‍ട്ടറെകുറിച്ച് എനിക്ക് മുന്നറിയിപ്പ് നല്‍കി. അതിനുമുമ്പുനടന്ന നിയമസഭാതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന അദ്ദേഹം മുഴുവന്‍ മണ്ഡലങ്ങളിലെയും ഫലം കൃത്യമായി പ്രവചിച്ചിരുന്നുവത്രെ. ഡല്‍ഹിയിലും വിദേശങ്ങളിലും റിപ്പോര്‍ട്ടിങ് നടത്തിയ ശേഷം റിട്ടയര്‍ ചെയ്‌ത ആളാണ്. തെറ്റാന്‍ വഴിയില്ല. അദ്ദേഹരുനാള്‍ പാലക്കാട്ട് ബസ്സിറങ്ങി നേരെ എന്റെയടുത്തെത്തി. പിന്നെ ഞങ്ങള്‍ന്നിച്ചാണ് പാലക്കാട്, ദറ്റപ്പാലം മണ്ഡലങ്ങളില്‍ കറങ്ങിയത്. കുറെ ദിവസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ മടിച്ചുമടിച്ച് ഞാന്‍ ആ ചോദ്യം ചോദിച്ചു. സാറെങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത്. അതിന്റെ രഹസ്യം പറഞ്ഞുതരാമോ ?
അദ്ദേഹം ചോദ്യംകേട്ട് ആര്‍ത്തുചിരിച്ചു.
അങ്ങനെ രഹസ്യവിദ്യയൊന്നുമില്ലെടോ, മണ്ഡലത്തിലൂടെ കുറെ നടക്കുക, പലരോടും സംസാരിക്കുക, പഴയ കണക്കുകള്‍ പഠിക്കുക അവസാനം ഒരു തോന്നലുണ്ടാകും. വെറും തോന്നല്‍. അതിനുള്ള ന്യായങ്ങള്‍ നിരത്തുക. അല്ലാതെ വേറെ വിദ്യയൊന്നും എന്റെ കൈവശമില്ല കുട്ടീ.
വോട്ടെണ്ണിയപ്പോള്‍ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെട്ടു. കെ.ആര്‍.നാരായണന്‍ തോല്‌ക്കുമെന്നാണ്‌് അദ്ദേഹം തന്റെ പത്രത്തില്‍ പ്രവചിച്ചിരുന്നത്. നാരായണന്‍ ജയിച്ചു. ധൈര്യം കുറവായിരുന്നതുകൊണ്ട് ഞാന്‍ ഒന്നും പത്രത്തില്‍ പ്രവചിച്ചിരുന്നില്ല.
ശാസ്‌ത്രീയമായ എക്‌സിറ്റ് പോളുകളും ഗാലപ്പ് പോളുകളും പൊളിയുമ്പോള്‍ റിപ്പോര്‍ട്ടറുടെ ആറാമിന്ദ്രിയപ്രവചനം പിഴക്കുന്നതില്‍ എന്ത് അത്ഭുതം ?<
(ഈ കുറിപ്പിന്റെ സംക്ഷിപ്‌തരൂപം മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ജൂണ്‍ 14 ലക്കത്തില്‍ നീലപെന്‍സില്‍ കോളത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്)