ഭക്ഷണത്തിന്റെ രാഷ്‌‌ട്രീയവും ധനശാസ്‌ത്രവും

എൻ.പി.രാജേന്ദ്രൻ

ഇന്ത്യന്‍ ഗോഡൗണുകളിലെ ഭക്ഷ്യധാന്യശേഖരം പരിധിയില്‍ കൂടുതലായതുകൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്‌ വളരെക്കാലം മുമ്പൊന്നും ആയിരുന്നില്ല. ഗോഡൗണുകളില്‍ ധാന്യം കെട്ടിക്കിടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ പട്ടിണിമരണം ഉണ്ടാകുന്നതിനെക്കുറിച്ച്‌ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതും അടുത്ത കാലത്തുതന്നെയായിരുന്നു. ഏറെക്കഴിയും മുമ്പാണ്‌, ധാന്യവിലക്കയറ്റം നേരിടാന്‍ ഇന്ത്യ ഗോതമ്പ്‌ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായി വാര്‍ത്ത കേട്ടത്‌. ഇപ്പോഴിതാ രാജ്യം ഭക്ഷ്യക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും മുന്നിലാണെന്ന്‌ മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ?

കേരളത്തിലാവട്ടെ, വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പരസ്‌പരം കെട്ടിവെക്കാനും മുതലെടുപ്പുനടത്താനുമുള്ള മത്സരത്തിലാണ്‌ ഭരണപ്രതിപക്ഷകക്ഷികള്‍. സമരവും ഹര്‍ത്താലുമെല്ലാം ഇതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നു. വിലക്കയറ്റം കേരളത്തില്‍ മാത്രമുള്ള പ്രതിഭാസമാണോ, എന്തുകൊണ്ടാണ്‌ വിലക്കയറ്റവും ക്ഷാമവും പെട്ടന്നുണ്ടായത്‌, പണ്ട്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറഞ്ഞിരുന്നതുപോലെ വിലക്കയറ്റം ആഗോളപ്രതിഭാസമാണോ- ചോദ്യങ്ങള്‍ ആരുടെ നാവിന്‍തുമ്പിലും അനേകമുണ്ട്‌.

ഇതെല്ലാം, അറുപതുകളില്‍ ജീവിച്ചിരുന്നവര്‍ക്ക്‌ കറുത്ത ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാണ്‌. രാജ്യം അന്ന്‌ കടുത്ത ഭക്ഷ്യക്ഷാമത്തെയാണ്‌ നേരിട്ടത്‌. വന്‍തോതിലായിരുന്നു വിലക്കയറ്റം. റേഷന്‍ കടകളില്‍ നിന്ന്‌ ഔണ്‍സ്‌ കണക്കിന്‌ ആളെണ്ണി നല്‍കിപ്പോന്നിരുന്ന അരിയെ ആശ്രയിച്ചാണ്‌ പാവപ്പെട്ടവരും മധ്യവര്‍ഗക്കാരുമായ ബഹുഭുരിപക്ഷം ജനങ്ങള്‍ ജീവന്‍ കഴിഞ്ഞുകൂടിയത്‌. ഭക്ഷ്യപ്രക്ഷോഭം എങ്ങും ആളിക്കത്തി. വിദേശത്ത്‌ നിന്ന്‌ ഇറക്കുമതി ചെയ്യാനുള്ള ശേഷി പോലും സര്‍ക്കാറിനുണ്ടായിരുന്നില്ല. ഭക്ഷ്യക്ഷാമവും ദാരിദ്ര്യവും പട്ടിണിയും ചേര്‍ന്നാല്‍ ഇന്ത്യയില്‍ വല്ല കമ്യുണിസ്റ്റ്‌ വിപ്‌ളവവും നടന്നേക്കുമെന്ന്‌ ഭയന്നാവണം അമേരിക്ക സൗജന്യമായി ഗോതമ്പും അരിയും നല്‍കിപ്പോന്നു. പി.എല്‍ 480 എന്നൊരു പദ്ധതിപ്രകാരമാണ്‌ ഇങ്ങനെ ഭക്ഷണം നല്‍കിയിരുന്നത്‌. ഇടതുപാര്‍ട്ടികളുടെ പ്രസംഗങ്ങളില്‍ ഇതിനെക്കുറിച്ച്‌ സദാ പരാമര്‍ശിക്കാറുണ്ടായിരുന്നു. സ്‌കൂളുകളിലെ അമേരിക്കന്‍ ഉപ്പുമാവായിരുന്നു പട്ടിണിക്കാരുടെ കുട്ടികളെ ആകര്‍ഷിച്ചിരുന്നത്‌. റേഷന്‍ കടകളില്‍ അരിയെത്തിയിട്ടുണ്ട്‌ എന്ന വാര്‍ത്ത കാട്ടുതീ പോലെ നാട്ടില്‍ അര്‍ദ്ധരാത്രിപോലും പടര്‍ന്നുപിടിച്ചിരുന്നത്‌ ആളുകള്‍ ബന്ധുവീടുകളില്‍ ഉറങ്ങുന്നവരെ മുട്ടിവിളിച്ച്‌ വാര്‍ത്തയറിയിച്ചുകൊണ്ടായിരുന്നു. റേഷന്‍ കടകളിലെ വന്‍ക്യുവില്‍ സ്ഥാനം നേടാന്‍ പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഉറക്കമുണര്‍ന്ന്‌ ചൂട്ട കത്തിച്ച്‌ പോയിരുന്നത്‌ എങ്ങനെ മറക്കാനാണ്‌. കപ്പയും ഗോതമ്പും കേരളീയന്റെ ഭക്ഷ്യവസ്‌തുക്കളായത്‌ അക്കാലത്താണ്‌.

ഇന്ത്യയിലും ആഗോളതലത്തിലും തുടര്‍ന്നുണ്ടായ ഹരിതവിപ്‌ളവംതന്നെയാണ്‌ കൂട്ടപ്പട്ടിണിമരണങ്ങളില്‍ നിന്ന്‌ രാജ്യത്തെയും ലോകത്തെയും രക്ഷിച്ചതെന്ന്‌ ഇന്ന്‌ ഉന്നത പരിസ്ഥിതി ആദര്‍ശങ്ങളില്‍ ആകൃഷ്ടരായ ബുദ്ധിജീവികള്‍ ഒരു പക്ഷെ അറിയുന്നുണ്ടാവില്ല. പിന്നിട്ട കാലത്തിന്റെ രൗദ്രമുഖങ്ങള്‍ പലതും അവര്‍ കണ്ടിട്ടേ ഉണ്ടാവില്ല. ബ്രിട്ടീഷ്‌ ഭരണത്തിന്റെ അവസാനകാലത്ത്‌ ബംഗാളില്‍ പട്ടിണി കൊണ്ട്‌ മരിച്ചത്‌ അഞ്ചുംപത്തും മനുഷ്യരൊന്നുമല്ല, നാല്‌പത്‌ ലക്ഷമാളുകളാണ്‌. നാല്‌പതുലക്ഷം! ധാന്യം തീരെ ഇല്ലാഞ്ഞിട്ടല്ല ഇത്രയും ആളുകള്‍ മരിച്ചത്‌. ഉള്ള ധാന്യം ഗ്രാമങ്ങളിലെത്തിച്ച്‌ മനുഷ്യരുടെ ജീവന്‍ രക്ഷിക്കേണ്ടതുണ്ട്‌ എന്ന തോന്നല്‍ സര്‍ക്കാറിനുണ്ടാവാതിരുന്നതിനാലാണ്‌. ബ്രിട്ടീഷ്‌ ഭരണമായിരുന്നു ഭേദം എന്ന്‌ പറയാന്‍ ഇന്നും ആളുകളുണ്ട്‌ എന്നതാണ്‌ നമ്മുടെ മറ്റൊരു നിര്‍ഭാഗ്യം. ഗ്രാമങ്ങള്‍ കൂട്ടമായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ വിളിച്ചുപറയാന്‍ ഒരു മാധ്യമം പോലുമില്ലാതിരുന്നതുകൊണ്ടുകൂടിയാണ്‌ അക്കാലത്ത്‌ കൂട്ടമരണങ്ങള്‍ തടയപ്പെടാതിരുന്നത്‌. പില്‍ക്കാലത്ത, മാധ്യമസാന്നിദ്ധ്യമാണ്‌ പട്ടിണിമരണങ്ങളില്ലാതാക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചതെന്ന്‌ പ്രശസ്‌തധനശാസ്‌ത്രജ്ഞനായ അമര്‍ത്യാസെന്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

നാല്‍പ്പത്തേഴിന്‌ ശേഷവും ഭക്ഷ്യപ്രശ്‌നം നമ്മെ വേട്ടയാടി. കൃഷിയിടങ്ങളുടെ വിസ്‌തൃതി കൂട്ടിയും ഭക്ഷ്യോപയോഗം നിയന്ത്രിച്ചും ജനസംഖ്യാവര്‍ധന നിയന്ത്രിച്ചും പ്രശ്‌നത്തിന്റെ കാഠിന്യം കുറയ്‌ക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. കാടുകള്‍ വെട്ടിത്തെളിച്ച്‌ കൃഷിയിറക്കാന്‍ പോലും സര്‍ക്കാര്‍ പ്രോത്സാഹനം നല്‌കി. ’67 ആയപ്പോഴേക്ക്‌ ഇതെല്ലാം പരാജയമാണെന്ന്‌ തിരിച്ചറിഞ്ഞു. വന്‍ക്ഷാമമാണ്‌ അക്കാലത്തുണ്ടായത്‌. ഹരിതവിപ്‌ളവത്തോടെയേ ഇതിന്‌്‌ അറുതിവന്നുള്ളൂ. കുറഞ്ഞ കാലംകൊണ്ട്‌ കൂടുതല്‍ വിളവ്‌ കിട്ടുന്ന മുന്തിയ വിത്തിനങ്ങളുടെ കണ്ടെത്തല്‍, രാസവളങ്ങളുടെ വര്‍ദ്ധിതമായ ഉപയോഗം, ഒരുപ്പൂ കൃഷിയിടങ്ങളില്‍ ഇരുപ്പൂക്കളാക്കി മാറ്റല്‍, വന്‍ജലസേചനപദ്ധതികളുടെ പൂര്‍ത്തീകരണം ഇവയെല്ലാം ചേര്‍ന്നാണ്‌ ഹരിതവിപ്‌ളവം സാധിതമാക്കിയത്‌. ഇത്‌ ഇന്ത്യയില്‍ മാത്രം ഒതുങ്ങിയില്ല എന്നും എടുത്തുപറയേണ്ടതുണ്ട്‌. ഇതിന്റെയെല്ലാം ബലമായാണ്‌ ഭക്ഷ്യോത്‌പ്പാദനം 78-79 കാലത്തോടെ 130 ദശലക്ഷംടണ്ണായി ഉയര്‍ന്നത്‌. കാര്‍ഷികമേഖലയിലെ തൊഴില്‍വര്‍ദ്ധിച്ചതും ആളുകളുടെ വാങ്ങല്‍ശേഷിയുയര്‍ന്നതും നല്ല വ്യവസായികവളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചു. അണക്കെട്ടുകളിലെ വെള്ളം വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ പ്രയോജനപ്പെട്ടു. അത്‌ വ്യവസായവളര്‍ച്ചക്ക്‌ പ്രയോജനപ്പെട്ടു. വിപ്‌ളവം എന്ന വാക്ക്‌ ‘ ഹരിത ‘ത്തിനൊപ്പം ഉപയോഗിച്ചത്‌ വെറുമൊരു അതിശയോക്തിപ്രയോഗമായിരുന്നില്ല എന്ന്‌ ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാനാകും. ഹരിതവിപ്‌ളവം ഒരു ദോഷവുമില്ലാത്ത സംഗതിയായിരുന്നു എന്ന്‌ വാദിച്ചുസ്ഥാപിക്കാനല്ല ശ്രമിക്കുന്നത്‌. എന്നാല്‍ അതിന്റെ ദോഷങ്ങളെല്ലാം കൂട്ടപ്പട്ടിണിമരണത്തേക്കാള്‍ സ്വീകാര്യമായ ദോഷങ്ങളായിരുന്നു എന്നു പറയാന്‍ മടിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ഇന്ത്യയോളം നേട്ടമുണ്ടാക്കിയ മറ്റൊരു രാജ്യവും ഇല്ല എന്നും സാമ്പത്തികവിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌്‌. പഞ്ചാബില്‍ നിന്ന്‌ കര്‍ഷകരെ കൂട്ടിക്കൊണ്ടുപോയി കൃഷി ചെയ്യിക്കാന്‍ കാനഡ സര്‍ക്കാര്‍ തയ്യാറായി എന്ന്‌ പറയുമ്പോള്‍ അറിയാം ഈ അവകാശവാദം സത്യംതന്നെയാണ്‌ എന്ന്‌.

മഴയുടെ ഏറ്റക്കുറച്ചിലുകള്‍, പണ്ടേ പറയാറുള്ളതുപോലെ കൃഷിയെ ” എ ഗാംബ്‌ള്‍ വിത്‌ റെയിന്‍സ്‌ ” ആക്കി ഇപ്പോഴും നിലനിറുത്തുന്നുണ്ടെങ്കിലും ധാന്യോത്‌പ്പാദനം വര്‍ദ്ധിക്കുക തന്നെയാണ്‌. 2007-08 ലെ 219 ദശലക്ഷം ഉത്‌പാദനം സര്‍വകാല റെക്കോഡ്‌ ആണ്‌. എന്നിട്ടും വിലവര്‍ദ്ധനയും ദൗര്‍ലഭ്യവും അനുഭവപ്പെടുന്നത്‌ എന്തുകൊണ്ട്‌ എന്നത്‌ വിദഗ്‌ദ്ധന്മാരെപ്പോലും അമ്പരപ്പിക്കുന്നുണ്ട്‌.

ഭക്ഷ്യവിലക്കയറ്റം ഇന്ത്യന്‍ കുഷിയുടെയും സമ്പദ്വ്യവസ്ഥയുടെയും വന്‍പരാജയമാണ്‌ എന്ന്‌ കുറ്റപ്പെടുത്തുന്നവര്‍ ഒരു പക്ഷേ, ഈ പ്രശ്‌നത്തെക്കുറിച്ച്‌ അന്താരാഷ്‌ട്രവിദഗ്‌ദ്ധന്മാര്‍ നടത്തുന്ന വിലയിരുത്തലുകള്‍ ശ്രദ്ധിച്ചിരിക്കില്ലെന്നു തോന്നുന്നു. ഭക്ഷ്യപ്രശ്‌നം ഈ ആഗോളവല്‍കൃതകാലത്തെ മറ്റെല്ലാ പ്രശ്‌നങ്ങളെയും പോലെ ഒരു ആഗോളപ്രതിഭാസം ആണ്‌. ഇനിയങ്ങോട്ടുള്ള കാലത്ത്‌ എല്ലാ സാമ്പത്തികപ്രശ്‌നങ്ങളും ആഗോളപ്രശ്‌നങ്ങളേ ആകുകയുള്ളൂ. ലോകഭക്ഷ്യപ്രശ്‌നത്തിന്‌ ഒരു കാരണം ഇന്ത്യയിലേയും ചൈനയിലെയും സാമ്പത്തികവളര്‍ച്ച മൂലമുണ്ടായ വര്‍ദ്ധിച്ച ഡിമാന്‍ഡ്‌ ആണ്‌ എന്ന നിരീക്ഷണം ശ്രദ്ധിക്കേണ്ടതുണ്ട്‌.

കുറെക്കാലമായി ആഗോളതലത്തില്‍ ഭക്ഷ്യവില കുറയുകയായിരുന്നു. 1974 ലും 2005 നും ഇടയില്‍ ഭക്ഷ്യവില മൂന്നിലൊന്നുകുറഞ്ഞിട്ടുണ്ട്‌. ഭക്ഷ്യവിലക്കുറവില്‍ നിന്ന്‌ കര്‍ഷകനെ രക്ഷിക്കാനാണ്‌ പശ്ചാത്യരാജ്യങ്ങള്‍ വന്‍തോതില്‍ കാര്‍ഷിക സബ്‌സിഡി നല്‍കേണ്ടിവന്നത്‌. ആ കാലം പൊടുന്നനെയാണ്‌ അവസാനിച്ചത്‌.1845 ന്‌ ശേഷം ആദ്യമായാണ്‌ ‘ ഇക്കണോമിസ്റ്റ്‌ ‘ മാഗസീനിന്റെ വില സൂചിക ഇത്രയും ഉയര്‍ന്നതെന്ന്‌ മാഗസിന്‍ തന്നെ പറയുന്നു.(2007 ഡിസംബര്‍ 6) 2005 ന്‌ ശേഷം മാത്രം 75 ശതമാനം വിലവര്‍ദ്ധനയുണ്ടായിട്ടുണ്ട.്‌ ഭക്ഷണവില ഈ തോതില്‍ ഉയരാന്‍ മൂന്നു പ്രധാന കാരണങ്ങളാണ്‌ ഇക്കണോമിസ്റ്റ്‌ മാഗസീന്‍ ചൂണ്ടിക്കാട്ടുന്നത്‌. ഒന്ന്‌ നേരത്തെ പറഞ്ഞ ഇന്ത്യയിലെയും ചൈനയിലെയും സാമ്പത്തികവളര്‍ച്ച തന്നെ. ദാരിദ്ര്യം കുറയുമ്പോള്‍ മനുഷ്യന്‍ ആദ്യം ചെയ്യുക കൂടുതല്‍ ഭക്ഷണം കഴിക്കുക തന്നെയാണ്‌. ഇന്ത്യയിലും ചൈനയിലും ഇത്‌ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യം കുറയുമ്പോള്‍ മറ്റൊന്നുകൂടി സംഭവിക്കുന്നു. ഭക്ഷണത്തിലെ മാംസത്തിന്റെ അനുപാതവും ഇതിനൊപ്പം ഉയരുന്നു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്ന ഒരു കാര്യം കൂടിയുണ്ട്‌. മാംസഭക്ഷണം കൂടുന്തോറും ധാന്യത്തിന്റെ ഡിമാന്‍ഡ്‌ ആണ്‌ ഉയരുക.ഒരു കിലോഗ്രാം ബീഫ്‌ ഉണ്ടാക്കാന്‍, പശുവിന്റെയും എരുമയുടെയും തീറ്റക്കായി എട്ട്‌ കിലോഗ്രാം ധാന്യം വേണം എന്നാണ്‌ കണക്ക്‌. 1985 ല്‍ ശരാശരി ഇരുപതു കിലോഗ്രാം മാംസം കഴിച്ചിരുന്ന ചൈനക്കാരന്‍ ഇപ്പോള്‍ കഴിക്കുന്നത്‌ വര്‍ഷം അമ്പതുകിലോ മാംസമാണ്‌. ധാന്യാവശ്യം അപ്പോള്‍ എത്ര ഉയര്‍ന്നിരിക്കണം.

ഇന്ത്യയെയും ചൈനയെയും മാത്രം കുറ്റം പറയേണ്ട. അമേരിക്ക ലോകത്തിന്‌ മുഴുവന്‍ വന്‍ ദ്രോഹം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. പെട്രോളിന്‍മേലുള്ള ആശ്രിതത്വം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ധാന്യം ഉപയോഗിച്ചുള്ള ജൈവ ഇന്ധനങ്ങള്‍ ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ചോളമാണ്‌ ഇതിനേറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അസംസ്‌കൃതവസ്‌തു. അമേരിക്കയില്‍ ഈ വര്‍ഷം കൊയ്‌ത ചോളത്തിന്റെ മൂന്നിലൊന്ന്‌ ജൈവഇന്ധനമായ എത്‌നോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ മാറ്റിവെച്ചെന്ന്‌്‌ റിപ്പോര്‍ട്ടുണ്ട്‌. ഒരു വാഹനത്തിന്റെ ടാങ്ക്‌ നിറയ്‌ക്കാനാവശ്യമായത്ര ജൈവ ഇന്ധനം ഉത്‌പ്പാദിപ്പിക്കാന്‍ ഒരാളെ ഒരു വര്‍ഷം തീറ്റാന്‍ ആവശ്യമായത്ര ചോളം വേണം എന്നാണ്‌ ലോകബാങ്കിന്റെ കണക്ക്‌. മുപ്പുതു ദശലക്ഷം ടണ്‍ ചോളം ഇന്ധനത്തിന്‌ മാറ്റിവെക്കുന്നതോടെ അത്രയും മറ്റുധാന്യങ്ങളുടെ ഡിമാന്‍ഡാണ്‌ കുതിച്ചുയരുക. ഭക്ഷണശീലത്തിലെ മാറ്റം ക്രമാനുഗതമായി സംഭവിക്കുന്നതാണ്‌. അത്‌ വിലയിന്മേല്‍ പൊടുന്നനെ സ്വാധീനം ചെലുത്തില്ല. എന്നാല്‍ ജൈവ ഇന്ധന ഉത്‌പാദനം ഒരൊറ്റ വര്‍ഷം കൊണ്ടാണ്‌ ഭക്ഷ്യവിലയില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയത്‌.

ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം ലോകത്തെമ്പാടുമുള്ള പാവപ്പെട്ടവന്റെ പള്ളയ്‌ക്കടിക്കും എന്ന്‌ പ്രത്യേകം പറയേണ്ടതില്ല. റേഷന്‍ കൊടുക്കുന്നതുപോലും മോശമാണെന്നതാണ്‌ പുതിയ ആഗോളവല്‍കൃതകാലത്തെ ചിന്താഗതി. ഇത്‌ നാല്‌പ്പതുകളിലെ, അല്ലെങ്കില്‍ അറുപതുകളിലെയെങ്കിലും അവസ്ഥയിലേക്ക്‌ നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പാവങ്ങളെ കൊണ്ടുചെന്നെത്തിക്കും. പഴയ സോഷ്യലിസ്റ്റ്‌ അനുഭാവ സാമ്പത്തികനയങ്ങള്‍ ഭക്ഷണകാര്യത്തിലെങ്കിലും സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാണ്‌ സംഭവിക്കാന്‍ പോകുന്നത്‌.എന്നാല്‍ ഭക്ഷ്യവിലയിലെ വര്‍ദ്ധന മറ്റൊരുതരത്തില്‍ പാവങ്ങള്‍ ഗുണം ചെയ്യാനിടയുണ്ട്‌. കൃഷി ലാഭകരമാണെന്നുവന്നാല്‍ കൂടുതല്‍ ഭുമി കൃഷിയിടങ്ങളായി മാറും. ഗ്രാമീണതൊഴില്‍ ലഭ്യത വര്‍ദ്ധിക്കും. കൃഷിയെ ആശ്രയിക്കുന്ന ദരിദ്രരാജ്യങ്ങളുടെ കയറ്റുമതി വരുമാനം കൂടും. അവര്‍ കൂടുതല്‍ സ്ഥലത്ത്‌ കൃഷിയിറക്കാന്‍ കൂടുതല്‍ തുക മൂലധനമിറക്കേണ്ടിവരും. ഭക്ഷ്യവില നിയന്ത്രിക്കാനുള്ള പല രാജ്യങ്ങളുടെയും ശ്രമങ്ങള്‍ കര്‍ഷകരെയാണ്‌ ദ്രോഹിക്കുന്നതെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. വില ഉയരുകതന്നെ ചെയ്യും, പക്ഷേ അതിന്റെ ഗുണം കൃഷിക്കാരന്‌ കിട്ടാതാകും.

ഈ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കപ്പെടുകയില്ല എന്ന ആശങ്കയൊന്നും വിദഗ്‌ദ്ധര്‍ക്കില്ല. ഭക്ഷ്യവസ്‌തുവിന്റെ ഡിമാന്‍ഡ്‌ വര്‍ദ്ധിക്കുന്നതിനൊപ്പം ഉത്‌പാദനവും ക്രമേണയെങ്കിലും ഉയരും. ലോകത്ത്‌ ഇപ്പോഴും കുഷി ചെയ്യാവുന്ന ഭൂഭാഗങ്ങള്‍ കുറെയേറെ തരിശായിക്കിടക്കുന്നുണ്ട്‌. ഒരു ദശകമെങ്കിലും അതിന്‌ വേണ്ടിവന്നേക്കുമെന്നാണ്‌ ധനതത്വശാസ്‌ത്രജ്ഞന്മാര്‍ കരുതുന്നു. വിദൂരപ്രദേശങ്ങളിലെ തരിശുഭുമിയിലേക്ക്‌ കൃഷി വ്യാപിപ്പിക്കാന്‍ ജലസേചനത്തിനും റോഡ്‌ നിര്‍മിതിക്കുമെല്ലാം വന്‍തുക മുതല്‍മുടക്കേണ്ടിവരും. അത്രയും കാലം വില ഉയര്‍ന്നുകൊണ്ടിരിക്കാം. മൂന്നാംലോക സര്‍ക്കാറുകള്‍ ആഗോളവല്‍ക്കരണതത്ത്വശാസ്‌ത്രക്കാരുടെ അര്‍ഥശൂന്യപിടിവാശികള്‍ മാറ്റിവെക്കേണ്ടിവരും. ഭക്ഷ്യവസ്‌തുവിനെ വിപണിക്ക്‌ മാത്രം വിട്ടുകൊടുക്കുന്ന ആത്മഹത്യാപരമായ നയം ഉപേക്ഷിക്കേണ്ടതുണ്ട്‌. കേരളമുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ സര്‍ക്കാറുകള്‍ പൊതുവിതരണത്തിന്‌ വലിയ തോതില്‍ ഊന്നല്‍ നല്‍കേണ്ടതുമുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

Go Top